എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഡിസംബർ 23, വ്യാഴാഴ്‌ച

ലിക്യുട് ഫ്രീഡം ഇന്‍ ദ ഇന്‍റെര്‍പ്രറ്റെഷന്‍ ഓഫ് ക്രിയേറ്റിവ് തോട്ട്സ്


സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നവനാണ് കലാകാരന്‍.... ഞാന്‍ സ്വപ്നങ്ങളില്‍ ജീവിക്കുന്നു...


വിശ്വാസമാണ് എന്‍റെ മതം. സ്നേഹമാണ് എന്‍റെ മന്ത്രം. മനുഷ്യത്വ സംഹിതിയാണ് എന്‍റെ വിശുദ്ധ ഗ്രന്ഥം. ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും തുളുമ്പി നില്‍ക്കുന്നത് ആ മഹാ ശില്‍പിയുടെ കൈയടയാളമാണ്. വൃത്തിയുള്ളതു കേടാകുമ്പോഴാണ് വൃത്തികേടാകുന്നത് അങ്ങിനെ നോക്കുമ്പോള്‍ എല്ലാത്തിലും ഒരു വൃത്തിയുണ്ട്. വിരൂപം എന്ന് പറയുമ്പോള്‍ രൂപം വികലമായതാണ്. എങ്കിലും അതിലുമുണ്ട് ഒരു രൂപം.


എന്‍റെ കുട്ടിക്കാലത്തെ ചുറ്റുപാടുകള്‍, അച്ഛനോടൊപ്പമുള്ള യാത്രകള്‍, ആ യാത്രകളിലെ കാഴ്ചകള്‍ അനുഭവങ്ങളായി മാറി. മിക്കവാറും യാത്രകള്‍ മനോഹരങ്ങളായ ഭൂപ്ര ദേശങ്ങളിലൂടെയായിരുന്നു. അതിലൊന്നാണ് മൂങ്കലാര്‍. തേക്കടിയോടു ചേര്‍ന്ന് കിടക്കുന്ന ഒരു മലമ്പ്രദേശം എന്‍റെ ക്രിയേറ്റീവ് ചിന്തകളുടെ ഉറവിടം എന്ന് വേണമെങ്കില്‍ പറയാവുന്ന സ്ഥലം.


എന്നിലെ കല - അതിനു പല തലങ്ങളുണ്ട്, ഓരോന്നിനോടും ഞാനെന്ന കലാകാരന്‍ സംവദിക്കുന്നത് ഓരോ വ്യതസ്തമായ വിനിമയ മാര്‍ഗങ്ങളിലൂടെയാണ്. ശൂന്യതയില്‍ നിന്നാണ് ഓരോ സൃഷ്ടിയും ഉടലെടുക്കുന്നത്. ഒരു ചിന്താശകലം, അതിനെ കലാകാരന്‍ സ്വന്തം മനസാകുന്ന തീചൂളയിലിട്ട് ഉരുക്കി കാച്ചി അഴുക്കുകളെല്ലാം മാറ്റി അതിനു സ്വന്തം മനസ്സില്‍ തന്നെ രൂപവും ഭാവവും നിറവും കൊടുക്കുന്നു. മാത്രമല്ല അതോടൊപ്പം തന്നെ അതിനു കൃത്യമായ അളവ് കണക്കുകളും നിശ്ചയിക്കുന്നു. പിന്നീടതിന് വിഷ്വല്‍ ഇന്‍റെര്‍പ്രറ്റെഷന്‍ നല്‍കുവാന്‍ അതിനു യോജിക്കുന്ന അല്ലെങ്കില്‍ ആ ഭിംഭങ്ങളോട് നീതിപുലര്‍ത്തുവാന്‍ കഴിയുന്ന ഒരു മാര്‍ഗം കണ്ടെത്തുന്നു. പിന്നീടത്‌ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായോ, ആര്‍ദ്ര സംഗീതമായോ, സിനിമയായോ, ശില്‍പമായോ അത് ആസ്വാദകരോട് സംവദിക്കുന്നു. ചിലത് അതിന്‍റെ പ്രമേയം കൊണ്ട് മറ്റുള്ളവരെ ചിന്തിപ്പിക്കുന്നു. മറ്റു ചിലത് നമ്മള്‍ക്ക് പരിചിതമായ പ്രമേയമാണെങ്കിലും അവതരണ - അല്ലെങ്കില്‍ നേരത്തെ പറഞ്ഞ ഇന്‍റെര്‍പ്രട്ടേഷന്‍ ഡെപ്ത് കൊണ്ട് മനസിനെ പുതിയ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ആ ഭിംഭങ്ങള്‍ അതാവശ്യപെടുന്ന രീതിയില്‍ നമ്മില്‍ സ്വാധീനം ചൊലുത്തിയാല്‍ ആ സൃഷ്ടിയുടെ ധര്‍മ്മം നിറവേറ്റപ്പെട്ടു എന്ന് പറയാം. എന്നിലെ കലാകാരനെ ഞാന്‍ മനസ്സിലാക്കുന്നത് ഇപ്രകാരമാണ് - ഒരു ത്രെഡ് മനസ്സില്‍ ഉരുത്തിരിഞ്ഞാല്‍ പിന്നെ ഞാന്‍ അസ്വസ്ഥനാണ്. അത് എന്താണെന്ന് എനിക്ക് ഉറപ്പു വരുന്നത് വരെ. അത് എന്താണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ അടുത്ത ഘട്ടം അതിന് രൂപം നിശ്ചയിക്കുക എന്നതാണ്. അത് കഴിഞ്ഞാല്‍ പിന്നെ ഇന്‍റെര്‍പ്രറ്റെഷനാണ്. ഓരോ ത്രെഡുകളും വികസിച്ചു വരുമ്പോള്‍, അല്ലെങ്കില്‍ പൂര്‍ണ്ണ രൂപം കൈവരിക്കുവാനെടുക്കുന്ന കാലഘട്ടം, അത് നിമിഷങ്ങളോ, മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ ആയേക്കാം. കലാകാരന് പോലും ഒരിക്കലും തിരിച്ചറിയുവാന്‍ കഴിയാത്ത ചില മനോവ്യാപാര മേഖലകളിലൂടെ തങ്ങള്‍ കടന്നു പോകാറുണ്ട്. പ്രത്യേകിച്ച് എന്‍റെ കാര്യത്തില്‍ ഇത് നൂറു ശതമാനം ശരിയുമാണ്. ഈ നാളുകളില്‍ ഞാന്‍ വളരെപ്പെട്ടെന്ന് കോപിഷ്ടനാകാറുണ്ട്, പ്രകോപിതനാകാറുണ്ട്. ആ കാലഘട്ടം കഴിഞ്ഞാല്‍ പിന്നെ ഇന്‍റെര്‍പ്രറ്റെഷനാണ്. ഇവിടെ എനിക്ക് അല്‍പ്പം കൂടി സ്വാതന്ത്ര്യം കിട്ടുന്നു. കാരണം മനസ്സിലുള്ളത് പറയുവാന്‍ എനിക്ക് പല പ്ലാറ്റ്ഫോമുകളുടെ സഹായം തേടാമെന്നുള്ള ലിഖ്യുഡിറ്റി ഓഫ് ഫ്രീഡം ലഭിക്കുന്നു. അക്ഷരങ്ങളിലൂടെയോ, സിനിമയിലൂടെയോ, ശില്പങ്ങളിലൂടെയോ, ആനിമേഷനിലൂടെയോ അങ്ങനെ ഏതു വിനിമയ മാര്‍ഗത്തിലൂടെയോ മനസിലെ ചിന്തകള്‍ക്ക് ബാഹ്യ ലോകവുമായി ബന്ധം സ്ഥാപിക്കുവാന്‍ ഈ ലിക്യുട് ഫ്രീഡം ഇന്‍ ദ ഇന്‍റെര്‍പ്രറ്റെഷന്‍ ഓഫ് ക്രിയേറ്റിവ് തോട്ട്സ് എന്നെ സഹായിക്കുന്നു.


അത്തരത്തിലുള്ള എന്‍റെ ക്രിയേറ്റീവ് എലമെന്‍റ്സുകളെ ഞാനിവിടെ നിങ്ങളുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ താള് ശില്‍പകലയെക്കുറിച്ചാണ്. എന്‍റെ ഗുരുനാഥന്‍ എന്‍റെ പിതാവായ ശ്രീ. എന്‍. സദാശിവനാണ് എന്നെ ചിന്തകളെ ഭിംഭംങ്ങളാക്കുവാന്‍ പഠിപ്പിച്ചത്. ഓരോ കല്ലിലും ഓരോ ദാരുവിലും ഒളിഞ്ഞിരിക്കുന്ന ചേതോഹരങ്ങളായ ശില്‍പ സൌന്ദര്യത്തെ ദര്‍ശിക്കുവാനും അതിനെ ഇന്‍റെര്‍പ്രറ്റ് ചെയ്യുവാനും പഠിപ്പിച്ചത്. സ്വര്‍ഗത്തിലെവിടെയോ ഇരുന്നു ആ മഹാ സൃഷ്ടാവിനൊപ്പം സൃഷ്ടി കര്‍മ്മം നടത്തുകയാവും.....സ്വര്‍ഗ കവാടം മനോഹരമാണ്...എന്‍റെ ഗുരുവിന്‍റെ കൈയടയാളം അതിനെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ടാവും..... അതെനിക്ക് കാണുവാന്‍ കഴിയുമോ?....ഭൂമിയിലെ എന്‍റെ പാപങ്ങള്‍ എന്നെ നരകത്തിലേക്കയക്കാതിരുന്നെങ്കില്‍
ഹരിയാനയിലെ ചാന്ത്പൂരിലുള്ള എന്‍റെ "ക്യാമ്പ്" എന്ന സ്റ്റുഡിയോ. ഫസ്റ്റ് സ്റ്റുഡിയോ എന്‍റെര്‍ടെയിനര്‍ എന്ന പാരെന്‍റ്റ് കമ്പനിയുടെ കീഴിലായിരുന്നു ക്യാമ്പ്.


സ്ഫിങ്ക്സ് എന്ന ശില്‍പം ഇവിടെ വെച്ചാണ് ഞാന്‍ ഡിസൈന്‍ ചെയ്യ്തത്.
നാലരയടി ഉയരമുള്ള ഈ ശില്‍പം എട്ടു മാസത്തോളം പ്രയത്നിച്ചാണ് പണി തീര്‍ത്തത്. ഈജിപ്ഷ്യന്‍ - ഗ്രീക്ക് ആര്‍ട്ടാണ് സ്ഫിങ്ക്സ്. ഗ്രീക്ക് പുരാണങ്ങളില്‍ സ്ഫിങ്ക്സിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. മനുഷ്യ സ്ത്രീയുടെ ശിരസ്സും, സിംഹത്തിന്‍റെ ഉടലും, പരുന്തിന്‍റെ ചിറകുമുള്ള ഒരു വിചിത്ര ജീവിയാണ് സ്ഫിങ്ക്സ്. ഗ്രീക്കിലെ ഏതോ കടലിടുക്കില്‍ വസിച്ചിരുന്ന ഒരു ദുര്‍ദേവതയാണത്രെ സ്ഫിങ്ക്സ്. അത് വഴി കടന്നു പോകുന്ന ഓരോ യാത്രികരോടും സ്ഫിങ്ക്സ് ഒരു ചോദ്യം ഉന്നയിക്കും. അതിന് ശരിയായ ഉത്തരം പറയുന്നയാള്‍ക്ക് അത് വഴി കടന്നു പോകുവാന്‍ അനുവാദം ലഭിക്കും. അല്ലാത്തവരെ സ്ഫിങ്ക്സ് അതിന്‍റെ ശക്തമായ ചിറക് കൊണ്ട് കപ്പലോടെ അടിച്ചു തകര്‍ത്തു കടലില്‍ മുക്കും. ഗ്രീക്ക് പുരാണത്തിലെ എകിട്നയുടെയും തൈഫോനിന്‍റെയും മകളാണ് സ്ഫിങ്ക്സ് എന്ന് പറയപ്പെടുന്നു. ഒടുവില്‍ ഈഡിപസ്സാണ് സ്ഫിങ്ക്സിന്‍റെ ചോദ്യത്തിന് ശരിയുത്തരം കൊടുത്തത്. ചോദ്യം ഇപ്രകാരമായിരുന്നു - പുലര്‍ച്ചെ ഇഴഞ്ഞും മധ്യാഹ്നത്തില്‍ രണ്ടു കാലില്‍ നടന്നും സായാഹ്ന്നത്തില്‍ മൂന്ന് കാലില്‍ നടക്കുകയും ചെയ്യുന്ന ജീവി ഏത്?. ഈഡിപ്പസ് അതിന് മനുഷ്യന്‍

എന്നുത്തരം നല്‍കി. ഇതാണ് പുരാണ കഥ.
സ്ഫിങ്ക്സിന്‍റെ മാതൃകയിലുള്ള കലാരൂപങ്ങള്‍ പണ്ട് തൊട്ടേ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും പ്രചാരത്തിലുണ്ടായിരുന്നു. സ്ഫിങ്ക്സ് വെസ്സല്‍സ് റോയല്‍ ഒക്കേഷനുകളില്‍ മദ്യം വിളമ്പുവാനും മറ്റും ഉപയോഗിച്ചിരുന്നു. അതിന്‍റെ മറ്റൊരു പതിപ്പാണ്‌ ഈ ശില്‍പം. ഇതിന് അശോക സ്തംഭത്തിലുള്ള നാല് മുഖങ്ങള്‍ക്കു പകരം മൂന്ന് മുഖങ്ങളാണ് ഉള്ളത്. പുറകു വശം മദ്യക്കുപ്പിയും ഗ്ലാസ്സുകളും വെക്കുവാനുള്ള അറകളായി മാറ്റിയിട്ടുണ്ട്. പിച്ചള പിടി കൊണ്ടുള്ള വാതിലുകള്‍ തുറക്കുമ്പോള്‍ അറകള്‍ക്കുള്ളില്‍ വെളിച്ചം തെളിയും.സ്ഫിങ്ക്സിന്‍റെ കിരീടത്തിനു മുകളിലുറപ്പിച്ചിരിക്കുന്ന ഗ്ലാസ്‌ പാളി ടെബിളിനു പകരം ഉപയോഗിക്കാം. ടേബിളിനു മുകളില്‍ ഉള്ള ഡൂം ലയിറ്റ് ആവശ്യമുള്ളപ്പോള്‍ തെളിയിക്കാം.ചില്ല് ടേബിളിനു അടിയില്‍ക്കൂടി വെളിച്ചം പുറത്തേക്ക് വരുവാനുള്ള സംവിധാനവും ശില്‍പത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും താഴെ ബേസില്‍ സൌത്ത് ഇന്ത്യന്‍ ടെംബിള്‍ ആര്‍ട്ടായ വ്യാളിയാണ്.
ശീശം എന്ന മരത്തില്‍ തീര്‍ത്ത ഈ ശില്‍പത്തിന് 45 കിലോയോളം ഭാരമുണ്ട്. എളുപ്പത്തില്‍ നീക്കുവാന്‍ ബേസിനടിയില്‍ ചക്രങ്ങള്‍ ഫിക്സ് ചെയ്യ്തിട്ടുണ്ട്.അടുത്തതില്‍ ഡല്‍ഹി അളകനന്ദയിലുള്ള ഡോണ്‍ ബോസ്കോ സ്കൂളില്‍ ഞാന്‍ നിര്‍മ്മിച്ച ഡോണ്‍ ബോസ്കൊയുടെ ശില്‍പത്തെക്കുറിച്ച്.


ഈ പോസ്റ്റിനു താഴെയുള്ള "എലോണ്‍" എന്ന ഷോട്ട് ഫിലിം, എന്‍റെ സത്യങ്ങള്‍ എന്ന നീണ്ട കഥ പിന്നെ പുലയാടി സാഹിത്യവും പൊട്ടക്കിണറ്റിലെ തവളകള്‍ (പ്രവാസി എഴുത്തുകാരിലും മലയാളത്തിലെ തന്നെ പ്രമുഖ എഴുത്തുകാരനെന്നു സ്വയം പറഞ്ഞു നടക്കുകയും ഒപ്പം ബ്ലോഗിലെഴുതുന്നവരൊക്കെ മലയാള ഭാഷയുടെ ശാപമെന്നും പൊട്ടക്കിണറ്റിലെ തവളകളെന്നും അധിക്ഷേപിക്കുന്ന ഒരു മനുഷ്യനുള്ള മറുപടി) എന്ന ലേഖനവും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുമെന്നു തോന്നുന്നു. ദയവായി വായിക്കുക അഭിപ്രായം രേഖപ്പെടുത്തുക.

2010, ഡിസംബർ 19, ഞായറാഴ്‌ച

ഷോട്ട് ഫിലിം "എലോണ്‍"


എല്ലാവര്‍ക്കും തിരക്കുകള്‍ ഉണ്ടെന്നറിയാം നിങ്ങളുടെ വിലപ്പെട്ട ഒരരമണിക്കൂര്‍ എനിക്ക് വേണ്ടി മാറ്റിവെക്കണം. ഫുള്‍ സ്ക്രീനില്‍ കണ്ടാല്‍ ചിലപ്പോള്‍ ഉദ്ദേശിച്ച ക്ലാരിട്ടി കിട്ടിയെന്നു വരില്ല അത് കൊണ്ട് പേജ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉള്ള അതെ റെസല്യുഷനില്‍ കണ്ടാല്‍ കുറെ ക്കൂടി ഭംഗിയായിരിക്കും.

എലോണ്‍

നിര്‍മ്മാണം
ഫസ്റ്റ് സ്റ്റുഡിയോ എന്‍റെര്‍ടെയ്നര്‍


അഭിനയിക്കുന്നത്
ഷാജി വിശ്വനാഥന്‍


കോണ്‍സെപറ്റ് - ക്യാമറ - സംവിധാനം
അശോക്‌ സദന്‍


വൈകാരികമായി ഒറ്റപ്പെടുന്ന അവസ്ഥയെ പ്രതിപാദിക്കുന്നതാണ് ഈ ഷോട്ട് ഫിലിമിന്‍റെ പ്രമേയം. ഒരു കുഞ്ഞായ് ഭൂമിയില്‍ പിറന്നു വീണ് സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി പിന്നെ എവിടെയൊക്കെയോ നമ്മുടെ ജീവിതത്തിന്‍റെ വസന്തം അസ്തമിക്കുന്നു. ആരവങ്ങളില്‍ നിന്നും സ്വയമോ അല്ലെങ്കില്‍ നിര്‍ബന്ധമായോ പുറന്തള്ളപ്പെട്ട് നിരാശയുടെയും ഏകാന്തതയുടെയും മാരകമായ മൌനത്തില്‍ ഒന്ന് പൊട്ടിക്കരയുവാന്‍ പോലുമാകാതെ ഇരുട്ടിന്‍റെ വാത്മീകത്തില്‍ മിടിപ്പുകളൊടുക്കുന്നവര്‍. അസഹ്യമായ നിശബ്ദതയില്‍ ഏകാന്ത തടവിലായ ഒരു മനുഷ്യന്‍റെ അവസ്ഥ ഇവിടെ ദര്‍ശിക്കുവാനാകും.

കണ്ണാടിയില്‍ കാണുന്ന സ്വന്തം പ്രതിഭിംഭത്തെപ്പോലും തിരിച്ചറിയുവനാവാതെ ബോധാബോധങ്ങള്‍ക്കിടയില്‍ ഇടറുന്ന മനസ്സിനെ തിരികെ പിടിക്കുവാന്‍ വര്‍ത്തമാനത്തിലെ ശീലങ്ങളോരോന്നും അയാള്‍ ആവര്‍ത്തിക്കുന്നു. അതൊരു സ്വയം പരിശോധനയായിരിക്കാം. വിശപ്പോ ദാഹമോ അടക്കുന്ന പോലെ മനസ്സിന്‍റെ വേദന അടക്കുവാന്‍ ആവില്ലല്ലോ? എന്നിട്ടും ഓര്‍മ്മയുടെ ചരടിലെവിടെയോ കുരുങ്ങിക്കിടക്കുന്ന ഏതോ ബന്ധങ്ങളോ ബന്ധനങ്ങളോ...അറിയില്ല... എതിലോ ഒന്നിലേക്കയാള്‍ തന്‍റെ സങ്കടങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തി ദൂതയക്കുവാന്‍ ശ്രമിക്കുന്നു....

അയാളുടെ വേദനകളെ പകര്‍ത്തുവാന്‍ അക്ഷരങ്ങള്‍ക്കാവുന്നില്ല... മനസ്സും അക്ഷരവും കൈവിട്ടുപോയ അയാളുടെ സ്പന്ദനങ്ങളും എവിടെക്കോ....

ഈ ഫിലിം കഴിഞ്ഞതിനു ശേഷം എന്‍റെ ഒരു മെസ്സേജ് ഉണ്ട് ദയവായി അത് കൂടി കാണുവാന്‍ താല്പര്യപ്പെടുന്നു.thinkvertical@yahoo.com

2010, ഡിസംബർ 14, ചൊവ്വാഴ്ച

എന്‍റെ സത്യങ്ങള്‍

ആമുഖം

അപ്രിയ സത്യങ്ങള്‍ക്കെന്നും പൊലിമ കുറവാണ്..എന്നാല്‍ സത്യങ്ങള്‍ എന്നും സത്യങ്ങള്‍ തന്നെയാണ്. ഇതൊരു അനുഭവക്കുറിപ്പൊന്നുമല്ല തികച്ചും ഭാവനാത്മകമായ ഒരു അനുഭവം എന്ന് പറയാം. പുതിയ അദ്ധ്യായങ്ങള്‍ ഇതില്‍ വന്നു കൊണ്ടേയിരിക്കും. സമയവും സൌകര്യവും പോലെ വായിക്കുകയും അഭിപ്രായം പറയുകയും വേണം..

ഇതെഴുതി തുടങ്ങുന്നത് ലണ്ടന്‍ എന്ന സ്ഥലം മനസ്സില്‍ ഒരാഗ്രഹമായിട്ടു വരുന്നതിനും മുന്‍പാണ്. കുറേക്കൂടി വ്യക്തമാക്കിയാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഇപ്പോഴും ലണ്ടന്‍ എനിക്കൊരു സ്വപ്നമോ ആഗ്രഹമോ ആയിട്ടില്ല. ആവുകയുമില്ല. ചില സത്യങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടം മാത്രമാണ് എന്നെ ലണ്ടനില്‍ എത്തിച്ചത്. എന്‍റെ പ്രണയവും വിരഹവും എന്‍റെ മഴയും വെയിലും ഋതുവും എന്‍റെ മണ്ണിന്‍റെ മണവും മുളങ്കാടിലൂടെ ഒഴുകി നീങ്ങുന്ന തെന്നലിന്‍റെ വേഗവും...പിന്നെ പിന്നെ...എന്‍റെ ഉണ്ണിയും അവന്‍റെ അമ്മയും...എല്ലാം എല്ലാം അങ്ങകലെ ആ മണ്ണിലാണ്.... ഇവിടെ ഞാന്‍ തനിച്ചാകുന്നു.....എന്നാല്‍ കൂട്ടുകൂടുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന പ്രലോഭനങ്ങള്‍...സുന്ദരവും അതിലേറെ ഭീകരവുമായ പ്രലോഭനങ്ങള്‍. ഒരിക്കലും തീരാത്ത എന്‍റെ പ്രണയം....എന്‍റെ ആത്മസഖിയോടുള്ള എന്‍റെ പ്രണയം...സുഖമുള്ള ഒരു തണുപ്പായ്...മഴയായ് എന്നോട് കിന്നാരം പറയുമ്പോള്‍ കാണാന്‍ സുഖമുള്ള ഒരു കാഴ്ച മാത്രമായി അവശേഷിക്കുന്നു എന്‍റെ ചുറ്റിലുമുള്ള മനോഹരമായ പ്രലോഭനങ്ങള്‍. ലണ്ടന്‍ എനിക്ക് വച്ച് നീട്ടുന്നത് രതിയുടെ ആഘോഷത്തിമിര്‍പ്പുകള്‍ ഒരു വശത്ത്, മറുവശത്ത് കലയുടെ അനന്തമായ സാധ്യതകള്‍ ....ഒന്നാമാത്തെതിനോട് എനിക്ക് വ്യക്തിപരമായ വെറുപ്പോ അല്ലെങ്കില്‍ അതിനെ മാറ്റി നിര്‍ത്തേണ്ട ഒന്നായിട്ടോ കാണുന്നില്ല..പക്ഷെ ആ ആഘോഷതിമിര്‍പ്പില്‍ ഭാഗഭാക്കാകാന്‍ ഒട്ടും താല്പര്യമില്ല .... കാരണം..എനിക്ക് ചുറ്റും എന്നെ മോഹിപ്പിക്കുന്ന, വല്ലാതെ മോഹിപ്പിക്കുന്ന പ്രണയമുണ്ട്...അതിന്‍റെ വിരഹമുണ്ട്...എന്‍റെ ആത്മസഖിയുടെ പ്രണയം..എനിക്കവളോടുള്ള പ്രണയം...എന്നെ അച്ഛനും അവളെ അമ്മയുമാക്കി മാറ്റിയ ഉണ്ണിയോടുള്ള സ്നേഹം..ഞാന്‍ എന്നതിനെക്കാളും എന്നിലെ കലയെന്ന സത്യത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്‍റെ പ്രണയവും എന്‍റെ സ്നേഹവും...അത് കൊണ്ട് തന്നെ കല എന്നതിനെ ഞാന്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു....അത് മഴയായ് പൂക്കാലമായ്‌ വേനലായ്‌ മഞ്ഞായ്‌ എനിക്ക് ചുറ്റുമുണ്ട്...

നിങ്ങളോരോരുത്തരും എന്നെ അറിയുന്നവരും അറിയാത്തവരും എന്നെ പറ്റി കേട്ടറിവുള്ളവരും....പ്രണയമെന്ന സത്യത്തെ പ്രണയിച്ചു തന്നെ അറിയണം...ഈ കഥയും പ്രണയത്തെ കുറിച്ചാണ്.... വേദനയോടെ പറയട്ടെ, ചുറ്റിലും കുമിഞ്ഞു കൂടുന്ന പണം..അല്ലെങ്കില്‍ അത് നേടുവാനുള്ള പരക്കം പാച്ചിലില്‍ നമ്മിലെ പ്രണയം മരിക്കുന്നു...നിങ്ങളെ ദൈവത്തിനു വെറുക്കപ്പെട്ടവരാക്കുന്നു. ദൈവത്തിന്‍റെ പ്രജകള്‍ നിങ്ങളില്‍ നിന്ന് അകലും..നിങ്ങള്‍ സ്വയം അവരില്‍ നിന്നകലും..അപ്പോഴും അവര്‍ അകലത്തില്‍ നിന്ന് നിങ്ങളെ നോക്കി പുഞ്ചിരിക്കും...പക്ഷെ നിങ്ങള്‍ ഭയക്കും....സംശയിക്കും..അവരുടെ പുഞ്ചിരിയെ നിങ്ങള്‍ തെറ്റിധരിക്കും...നിങ്ങള്‍ നിങ്ങളുടെ പണത്തെ സുരക്ഷിതമാക്കാന്‍ കൂടുതല്‍ അകലം പാലിക്കും....

ഈ കഥ എന്നെക്കുറിച്ചുള്ളതല്ല. അതിനു സമയമാകുന്നതെയുള്ളൂ. ഇത് നിങ്ങളുടെ കഥയാണ്. ജീവിക്കുവാന്‍ വേണ്ടി ജീവിതത്തെ മറന്നവരുടെ കഥയാണ്. ജീവിതം പ്രണയമാണെന്ന് മനസ്സിലാക്കാന്‍ വൈകിപ്പോയവര്‍ക്ക് വേണ്ടിയാണ്.

മക്കളെ സായിപ്പന്മാരാക്കി വളര്‍ത്തുവാന്‍ വെമ്പുന്ന നിങ്ങളുടെ മനസ്സിന്‍റെ സ്വാര്‍ത്ഥത്തിലേക്ക് ഒരെത്തിനോട്ടം കൂടിയാണ്. "അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം" എന്ന് ഗന്ധര്‍വ ഗായകന്‍ ആതുരമായി പാടുമ്പോള്‍ മാത്രം ഗൃഹാതുരത്വം അഭിനയിക്കുന്ന പ്രവാസി മലയാളി. നിങ്ങളിലേക്ക് തിരിച്ചു വെക്കുന്ന ഒരു കണ്ണാടിയാണ് ഈ കഥ...ഒന്ന് നോക്കൂ...ഡോക്യുമെന്‍ടുകളില്‍ ഒപ്പിട്ടു മാത്രം വിശ്വാസം ഉറപ്പിക്കുന്ന, അല്ലെങ്കില്‍ സ്നേഹത്തെ ഉറപ്പിക്കുന്ന നമ്മള്‍ക്കുവേണ്ടിയാണീ കഥ..

സ്നേഹത്തോടെ നിങ്ങളുടെ അശോക്‌ .....

എന്‍റെ സത്യങ്ങള്‍

ലണ്ടന്‍. ലോകത്തിലെ സ്വപ്ന സുന്ദരമായ നഗരം. എന്നെ പോലെ ഒരാള്‍ക്ക്, എന്നെ പോലെയെന്ന് വെച്ചാല്‍, അത്യാവശ്യം തല്ലിപ്പൊളിത്തരങ്ങള്‍ ഉള്ള ഒരാള്‍ക്ക് സുഖങ്ങളുടെ കൊടുമുടികള്‍ കയറി ഇറങ്ങാനും .. പിന്നെ രതിയുടെ ലോലമായ തന്ത്രികളിലൊരു തൂവല്‍സ്പര്‍ശമായ്
അങ്ങനെ..അങ്ങനെ..

ഒരു രാത്രിയുടെ സുഖദായകമായ ഓര്‍മകളില്‍ എന്നെ തനിച്ചാക്കി തിടുക്കത്തില്‍ സ്ടോക്കിന്‍സും ബാക്ക് ഓപ്പണ്‍ ഗൌണും വലിച്ചുകയറ്റി അവള്‍ പോകാന്‍ തുടങ്ങുകയായി. നേരം പുലര്‍ന്നു വരുന്നുതെയുള്ളു. ഇരുട്ടും വെളിച്ചവും ഒന്ന് പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ആ മുറിയില്‍ അങ്ങിനെ തണുപ്പത്ത് അവളെയും കെട്ടിപിടിച്ചു കിടക്കാന്‍ എന്ത് സുഖമായിരുന്നു. പട്ടു പോലെയുള്ള അവളുടെ മേനിയുടെ ഇളം ചൂടേറ്റു അങ്ങിനെ കിടക്കുമ്പോള്‍ നേരം പുലരരുതെയെന്നു വെറുതെ ആഗ്രഹിച്ചു. പതുപതുത്ത ആ കിടക്കയുടെ ഉള്ളിലേക്ക് വലിഞ്ഞു കയറി മൂടിപുതച്ചു ഞാന്‍ കിടന്നു. അവള്‍ തിടുക്കത്തില്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു എന്തൊക്കെയോ അവള്‍ പറയുന്നുണ്ടായിരുന്നു. അവളെ ശ്രദ്ധിക്കാതെ കിടന്നതിനു ദേഷ്യപ്പെട്ട് എന്‍റെ പുതപ്പു വലിച്ചെടുത്തവള്‍ ദൂരെ എറിഞ്ഞു. ബ്രസീലിയന്‍ കോണ്‍സുലേറ്റില്‍ ഉയര്‍ന്ന ഉദ്യോഗമുള്ള അവളുടെ തന്തപ്പടി അറിയുന്നുണ്ടോ മകള്‍ അവളുടെ ഇന്ത്യക്കാരന്‍ ബോയ്‌ ഫ്രണ്ടിന്‍റെ കൂടെ ആയിരുന്നു എന്ന്.

"ഹേ മാന്‍ വേര്‍ ഈസ്‌ മൈ കീ ?" ഞാന്‍ എഴുന്നേല്‍ക്കാതെ തന്നെ കട്ടിലിന്‍റെ വശത്തുള്ള ചെറിയ വലിപ്പില്‍ നിന്നും താക്കോലെടുത്ത്‌ പുറത്തേക്കിട്ടു. അവള്‍ എന്‍റെ അടുത്ത് വന്നു എന്നെ പിടിച്ചു വലിച്ചു തിരിച്ചു കിടത്തി. എന്നിട്ട്തിരിഞ്ഞു നിന്നതിനു ശേഷം പറഞ്ഞു

" കാന്‍ യു പ്ലീസ് പുട്ട് മൈ സിപ്‌".

സിപ് വലിച്ചു കയറ്റുന്നതിനിടയില്‍ എന്‍റെ വിരലുകള്‍ വീണ്ടും കുസൃതി കാട്ടിയതിനു അവള്‍ എന്നോട് ദേഷ്യപ്പെട്ടു. ഞാന്‍ മെല്ലെ കട്ടിലില്‍ ചാരിയിരുന്നു ഒരു സിഗരിട്ടിനു തീ പിടിപ്പിച്ചു. മുട്ടിനും എത്രയോ മുകളില്‍ നില്‍ക്കുന്ന അവളുടെ ഹാഫ് ഗൌണിനു കീഴില്‍ കടഞ്ഞെടുത്ത പോലുള്ള അവളുടെ കാലുകള്‍. സമ്മതിക്കണം. അവള്‍ ഒരു അപ്സരസ്സ് തന്നെ. ലോകത്തിന്‍റെ പല ഭാഗത്തുമുള്ള സുന്ദരികള്‍ തന്നെ മോഹിപ്പിചിട്ടുണ്ടെങ്കിലും ഇവള്‍, ഇവള്‍ക്കെന്തോ ഒരു പ്രത്യേകത. ഭംഗിയുള്ള വെളുത്ത കാലുകളില്‍ അവളുടെ ചെരുപ്പിന്‍റെ വള്ളികള്‍ വലിച്ചു കെട്ടിയതിനു ശേഷം തല ചരിച്ചെന്നെ നോക്കി മെല്ലെ പറഞ്ഞു.

"ബൈ. മീറ്റ്‌ യു നെക്സ്റ്റ് വീക്ക്‌ ".

കുറച്ചു നേരം നോക്കി നിന്നതിനു ശേഷം വാതില്‍ തുറന്നവള്‍ പുറത്തേക്കു പോയി. ഞാന്‍ മെല്ലെ സിഗരറ്റുമായി ജനാലയുടെ അടുത്തേക്ക് നടന്നു.തണുപ്പിന്‍റെ കമ്പളം പുതച്ചപ്പോഴും നഗരം ഉറങ്ങുകയാണ്‌. മനോഹരിയായ ലണ്ടന്‍ നഗരം. താഴെ പാര്‍ക്ക്‌ ചെയ്യ്തിരുന്ന അവളുടെ വെളുത്ത എസ്. യു. വി. മെല്ലെ പുറകോട്ടെടുത്തതിനു ശേഷം മൂളി പാഞ്ഞു വളവില്‍ മറഞ്ഞു. ഞാന്‍ പിന്നെയും അവിടെ നിന്നു കുറേനേരം കൂടി. മനസ്സിലേക്ക് ഏതൊക്കെയോ ഓര്‍മ്മകള്‍ ഓടിക്കയറി വന്നു.

എന്നാണ് വില കൂടിയ നഗര വധുക്കളുടെ ഈ നഗരത്തില്‍ നിന്നും എനിക്കൊരു മോചനം. വശ്യമായി ചിരിക്കുന്ന ഈ നഗരത്തിന്‍റെ മോഹിപ്പിക്കുന്ന ജീവിതത്തെ പ്രണയിച്ചു തുടങ്ങിയിട്ട് നീണ്ട പത്തു വര്‍ഷം. അങ്ങകലെ മലമടക്കുകളുടെ അപ്പുറത്തെ തന്‍റെ ഗ്രാമം, നന്മകള്‍ മാത്രം വിളയുന്ന തന്‍റെ കൊച്ചു സുന്ദരമായ ഗ്രാമം. ഈ നഗരത്തില്‍ നിന്നും ഞാന്‍ കടം കൊണ്ട എല്ലാ മാലിന്യങ്ങളും ഇവിടെ തന്നെ കഴുകിയിറക്കി പോകണം. നഗ്ന പാഥനായി. ഗൃഹാതുരത്വം എന്ന വാക്കിനെ പടിയടച്ചു പിണ്ഡം വച്ചിട്ട് നാളുകള്‍ കുറെയായി. വീണ്ടും ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ എന്താണ് കാരണം. ഇപ്പോഴെങ്ങനെയായിരിക്കും ഗ്രാമം. ഗ്രാമത്തിന്‍റെ കോണുകളിലേക്ക് പടര്‍ന്നു കയറുന്ന നാട്ടിടവഴി .ഓര്‍മ്മയുടെ അടിത്തട്ടിലെവിടെയോ നിറം മങ്ങി കിടക്കുന്ന ആ പഴയ നാട്ടിടിടവഴിയുടെ ഓരത്തെ വേലിക്കലിരുന്നു കരയുന്ന ബലികാക്കയുടെ സ്വരം വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കെന്നെ കൂട്ടിക്കൊണ്ടുപോയി.

പണ്ടൊക്കെ കാത്തിരിക്കാനും പ്രതീക്ഷിക്കാനും ഒരാളുണ്ടായിരുന്നു. അമ്മ. എന്‍റെ എല്ലാമെല്ലാമായ അമ്മ. മോനെ നിനക്ക് സുഖമല്ലേ എന്ന് വിറയാര്‍ന്ന വിരലുകള്‍ കൊണ്ടെഴുതിയ ഒരു കത്ത് വല്ലപ്പോഴും തന്നെ തേടി വരുമായിരുന്നു.എപ്പോഴോ അത് നിന്നു. ഓര്‍മ്മകള്‍ക്കപ്പുറത്തു എവിടെയോ നിന്ന് അമ്മ പുഞ്ചിരി പൊഴിക്കുന്നു. വാല്‍ത്സല്യത്തോടെ മോനെ എന്ന് പതിയെ വിളിക്കുന്നത്‌ പോലെ. അമ്മയെ പറ്റിയുള്ള ഓരോ ഓര്‍മകളും ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നീറ്റല്‍ ഉണ്ടാക്കിയിരുന്നു. പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആകെ പകപ്പായിരുന്നു. വിശാലമായ ലോകത്തേക്കുള്ള ആദ്യത്തെ യാത്ര. പണ്ടൊക്കെ അമ്മയുടെ വിരല്‍ തുമ്പില്‍ തൂങ്ങി ഗ്രാമ കാഴ്ചകളൊക്കെ കണ്ടു നടക്കുമ്പോള്‍ സുരക്ഷിതത്വം തോന്നിയിരുന്നു. ഇനിയങ്ങോടുള്ള യാത്രയില്‍ കൂട്ടിനമ്മയില്ല എന്ന സത്യം വേദന പടര്‍ത്തി. പടിപ്പുരയില്‍ ഈറനണിഞ്ഞ കണ്ണുകളോടെഎങ്കിലും ചുണ്ടത്ത് തുമ്പ ചിരിയുമായി താന്‍ നടന്നു മറയുന്നതും നോക്കി അമ്മ നിന്നിരുന്നു. എത്ര ദൂരം ഞാന്‍ താണ്ടി.... എത്രയോ മുഖങ്ങളിലൂടെ...... എത്രയോ വര്‍ഷങ്ങളിലൂടെ.... എണ്ണിയാലൊടുങ്ങാത്ത സൌഹൃദങ്ങളിലൂടെ...... ചതിയും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത് പാവം ആ അമ്മയുടെ മകന്‍ എത്ര ദൂരം നടന്നു. ഒന്നും അമ്മ അറിഞ്ഞില്ല... നന്മയെ തിന്മ കീഴ്പെടുത്തിയ ആ മകന്‍റെ മനസ്സിന്‍റെ കാപട്യങ്ങള്‍ അമ്മ അറിഞ്ഞില്ല...ഒന്നും അറിയാതെ അമ്മ യാത്രയായി...പരിഭവങ്ങളില്ലാതെ...

അങ്ങനെ ഗ്രാമത്തെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തിയ ആ സ്നേഹത്തിന്‍റെ നനുത്ത കണ്ണിയും പൊട്ടി. ഗ്രാമം എനിക്കന്യമായി. പഴയ ഞാന്‍ എന്നേ മരിച്ചു. പുതിയ മുഖവുമായി ഞാന്‍ ഭൂമിക്കു മേലെ, ചതിയന്മാരുടെ ഇടയില്‍ കൊടും ചതിയനും വഞ്ചകനുമായി കൂസലെന്യ നടന്നു.

തിരിഞ്ഞു നോക്കുമ്പോള്‍...വേണ്ട തിരിഞ്ഞു നോക്കണ്ട... തിരിഞ്ഞു നോക്കേണ്ട സമയമായില്ലേ? അല്ല തിരിഞ്ഞു നടക്കേണ്ട സമയമായി എന്നതാവും ശരി.


മഴ വെള്ളം ചാല് കീറിയ നാട്ടിടവഴിയോരത്ത് എന്നോ കൈമോശം വന്ന ഓര്‍മകളുടെ കുന്നികുരുമണികള്‍ പെറുക്കിയെടുക്കാന്‍ അയാള്‍ യാത്രയാവുകയാണ്..


എന്‍റെ പ്രീയപെട്ട സത്യങ്ങള്‍. എന്‍റെ ധാര്‍ഷ്ട്യങ്ങള്‍ക്ക് മുകളില്‍ എന്‍റെ ധിക്കാരങ്ങള്‍ക്കും മുകളില്‍ ഞാന്‍ കണ്ടു, വളര്‍ന്നു നില്‍ക്കുന്ന എന്നിലെ ദയയില്ലാത്ത ചിന്തകളുടെ, തിന്മകളുടെ കറുത്ത മേഘങ്ങള്‍. എന്നിലെ എന്‍റെ സത്യങ്ങളെ മറച്ചു നില്‍ക്കുന്ന തിന്മകളുടെ ഭാണ്ഡം പേറിയ കറുത്ത മേഘങ്ങള്‍. എനിക്കും എന്‍റെ നിഴലിനും മുകളില്‍ അവ പിന്തുടര്‍ന്നുകൊണ്ടിരിന്നു. വേണ്ട നിഷ്കളങ്കമായ എന്‍റെ പച്ച നിറഞ്ഞ ഗ്രാമത്തിനു മുകളില്‍ അവ പെയ്യ്തിറങ്ങരുത്. അതിനു മുന്നേ അവ പെയ്യ് തൊഴിയണം. പാവം എന്നിലെ എന്‍റെ പ്രിയ സത്യങ്ങള്‍. ഞാന്‍ അവരെ കണ്ടില്ലെന്നു നടിച്ചു. എന്നിട്ടും പരിഭവം കൂടാതെ അവര്‍ കണ്ണ് നിറച്ച് എന്‍റെ ചാരെ നിന്നു. എന്നെങ്കിലും ഞാന്‍ അവരെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നതും കാത്ത്....

സമയമായി.... മടക്കയാത്രക്കുള്ള സമയമായി....

കയ്യാലയിലിരുന്നു കരയുന്ന കാക്കയുടെ സ്വരം.... എന്നായിരുന്നു ഞാനവളെ ആദ്യം കണ്ടത്? എപ്പ മാമന്‍റെ കൂടെ മഴയത്ത് സ്കൂളില്‍ നിന്നു മടങ്ങി വന്നപ്പോഴല്ലേ? നീണ്ട വരാന്തയുടെ അങ്ങേ അറ്റത്ത്‌ ഒരു കുഞ്ഞു പെറ്റികോട്ടുമിട്ട് നിന്ന ആ കൊച്ചു പെണ്‍കുട്ടിയെ ആദ്യം കണ്ടത്? ഞാന്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെ ബന്ധുക്കളിലാരുടെയും വീടുകളില്‍ കണ്ടിട്ടില്ല.

"ഹ! ഇതെന്താ കുട്ടാ ഇങ്ങട്ട് മാറി നില്‍ക്ക. ഇത്രടം മഴ നനയാതെ വന്നിട്ടിപ്പോ മഴ നനയ്യെ!?

ഞാന്‍ അവളെ നോക്കി നില്‍ക്കുകയായിരുന്നു. അത് കണ്ടിട്ടാവണം അമ്മ ചോദിച്ചു.

"എന്താ കുട്ടാ....ഇവളെ നിക്ക് അറ്യോ?"

ഞാന്‍ അമ്മയെ നോക്കാതെ തന്നെ ഇല്ലെന്നു തലയാട്ടി.
അമ്മ പതിയെ എപ്പ മാമനെ നോക്കി ചിരിച്ചിട്ട് പറഞ്ഞു... "ഇനി മുതല്‍ക്കു ഓള് ഇവടെ ണ്ടാകും... ദ.. ആ നിക്കണ യശോധട മോള ഓള്..."

അവളുടെ ക്ഷീണിച്ച കണ്ണുകള്‍.... പാതി മുഖം മറച്ചു തൂണിന്‍റെ മറവില്‍ നിന്നവള്‍ എന്നെ അങ്കലാപ്പോടെ നോക്കി....

"കുട്ടാ.....ദേ നെനക്ക് ഇഷ്ടോള്ള പലഹാര ഇന്ന് കാപ്പിക്ക്...വന്നു കഴിച്ചോള്".. അകത്തു നിന്നും ഞാലു വിളിച്ചു പറഞ്ഞു...

"കുട്ടിയെ... ദ..ഓള്‍ക്കും കൂടെ കൊടുത്തോള് പല്‍ഹാരോം ചായേം"

ഞാന്‍ അകത്തേക്ക് കയറി പോകുമ്പോള്‍ ഞാലു ചായയും പലഹാരവുമായി ഉമ്മറത്തേക്ക് പോയി. പോകുമ്പോള്‍ എന്‍റെ തലയില്‍ സ്നേഹത്തോടെ തലോടാനും മറന്നില്ല. ഞാലു മൂത്ത ചേച്ചി ആണെങ്കിലും അമ്മയെ പോലെയാണ് എന്‍റെ കാര്യങ്ങളിലുള്ള ശ്രദ്ധ. അടുക്കളയോട് ചേര്‍ന്നുള്ള കൊച്ചു മുറിയിലിരുന്നാല്‍ നിറയെ മരങ്ങളുള്ള പറമ്പ് കാണാം. ഞാന്‍ ചായയും പലഹാരവും എടുത്ത് ആ മുറിയില്‍ പോയിരിന്നു. പറമ്പില്‍ മഴ പെയ്യുന്നത് കാണാന്‍ എന്ത് രസമാണ്. ഇരുണ്ട പറമ്പില്‍ നിറയെ വൃക്ഷങ്ങളാണ്‌. വെയിലുള്ളപോഴും എവിടെയൊക്കെയോ ഇരുട്ട് പമ്മി നില്‍ക്കന്നത് കാണാം. കുറെ നടന്നു കഴിയുമ്പോള്‍ പറമ്പിന്‍റെ കിഴക്കേ അതിര്‍ത്തിയില്‍ പാടം തുടങ്ങുകയായി. പക്ഷെ അവടം വരെ പോകാന്‍ കുട്ടിയായ എനിക്ക് അനുവാദം ഇല്ലായിരുന്നു. ചേച്ചീടെ കൂടെ ചിലപ്പോള്‍ തോട്ടില്‍ കുളിക്കാന്‍ പോകാറുണ്ട്. അപ്പോഴാണ്‌ അവിടമൊക്കെ കാണാന്‍ പറ്റുക. മഴ പിന്നെയും പെയ്യുന്നു. ഒരു പ്രത്യേക താളത്തില്‍. ഞാന്‍ അവിടെ ജനാലയുടെ കമ്പിയില്‍ പിടിച്ചു നിന്ന് പറമ്പിലേക്ക് നോക്കി. ജനാല കമ്പിയില്‍ നല്ല തണുപ്പുണ്ടായിരുന്നു.

" ശാരധെ എന്നാ ഞാന്‍ ഇറങ്ങ്വ .. കടേല് ആള് കേറണ നേരാ.."

എപ്പ മാമന്‍ യാത്ര പറഞ്ഞിറങ്ങി. അമ്മയുടെ മൂത്ത ജ്യേഷ്ടനാണ് എപ്പ മാമന്‍. കവലയിലെ ഏറ്റവും വലിയ കച്ചവടക്കരനാണ് ‍. പലചരക്ക് കടയും ചായക്കടയുമൊക്കെയായിട്ട്‌ ....പടിയിറങ്ങി നടവഴി എത്തിയിട്ട് തിടുക്കത്തില്‍ തിരികെ കയറി വന്ന് അമ്മയോട് സ്വകാര്യം പറയുന്ന പോലെ എന്നാല്‍ എല്ലാവര്‍ക്കും കേള്‍ക്കാന്‍ പറ്റുന്ന പാകത്തില്‍

" ആഹ്! ശാരധെ.. കിഴെക്കൊട്ടൂരുള്ള ആ ആലോചന വലിയ തെറ്റില്ലെന്ന മനസ്സിലായെ.." നെറ്റി ചുളുക്കി അമ്മയെ ഒന്ന് നോക്കിയ ശേഷം "അതങ്ങട് ..... ചോദ്യ ഭാവത്തില്‍ അമ്മയെ നോക്കി.

"ഏട്ടന് ഭോധിച്ചാല്‍ നിക്ക് സമ്മതം...കുട്ട്യോള്‍ടെ അച്ഛന് ഞാന്‍ എഴുതിക്കോളം.. "

"വരട്ടെ... ഞാന്‍ പറയാം" മാമന്‍ പിന്നെ തിടുക്കത്തില്‍ നടവഴി കയറി നടന്നു മറഞ്ഞു..

ഞാന്‍ മെല്ലെ അടുക്കളയിലേക്കു ചെന്നു... അവിടെ ഞാലുവും പുതുതായി വന്ന യശോദയും രാത്രി ഭക്ഷണത്തിനുള്ള ഒരുക്കത്തിലായിരുന്നു. ആ പെണ്‍കുട്ടി ക്ഷീണിച്ച കണ്ണുമായി ഇപ്പൊ കരയും എന്ന മട്ടില്‍ അടുക്കളയുടെ ഒരു മൂലയില്‍ നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അത് പിന്നെയും കുറെ കൂടി പതുങ്ങി നിന്നു.

"കുട്ടന്‍ എത്രേല പഠിക്കുന്നെ..." യശോദ ലോഹ്യം കൂടാന്‍ നോക്കി ..ഞാന്‍ മറുപടി പറഞ്ഞു..

ഞാലു വെറുതെ ചിരിച്ചു കൊണ്ട് നിന്നു....

"മോനിന്നു ഒന്നും പഠിക്കാനില്ലേ..." അവര്‍ പിന്നെയും ചോദിച്ചു. എനിക്ക് അവരോടു വര്‍ത്തമാനം പറയാന്‍ തോന്നിയില്ല....ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി...അമ്മ പൂജ മുറിയില്‍ വിളക്കുകള്‍ തുടക്കുകയായിരുന്നു... എത്ര പെട്ടന്നാണ് സന്ധ്യയായത്. മഴ അപ്പോഴും തൊടിയിലും പാടത്തും ഒക്കെ ചിന് ച്ചിനെ പെയ്യ്തു കൊണ്ടിരുന്നു. ഞാന്‍ ഉമ്മറത്തിട്ടിരുന്ന ആ പഴയ ചാര് ചാരുകസേരയിലിരുന്ന് ഇരുട്ട് കയറിവരുന്നതും നോക്കിയിരുന്നു. നല്ല സുഖമാണ് അങ്ങനെ ഇരിക്കാന്‍. നന്നേ കുട്ടിയായിരുന്നപ്പോള്‍ ഇളയമ്മയുടെ മോന്‍ വിഷ്ണുവേട്ടന്‍ ഇതേ ചാര് കസേരയില്‍ തന്നെയും മടിയിലിരുത്തി ഇരുണ്ട പറമ്പിലേക്ക് നോക്കി എത്ര കഥ പറഞ്ഞു തന്നു.... പിന്നെ ആരോ പറയുന്നത് കേട്ട്....വിഷ്ണുവേട്ടന്‍ നാട് വിട്ടുവെന്ന്.... കഥകള്‍ ഒരുപാട് ബാക്കിയാക്കി എങ്ങോട്ടോ....

പിന്നെ ഈ കസേരയില്‍ ഇരിക്കാറുള്ളത്‌ അച്ഛനാണ്. പക്ഷെ മടിയില്‍ തന്നെ ഇരുത്താറില്ല...... കാര്‍ക്കശ്യക്കരനായിരുന്നു അച്ഛന്‍. സ്നേഹം ചിലപ്പോഴോക്കെയെ പ്രകടിപ്പിക്കുകയുള്ള്. എങ്കിലും അച്ഛനെ എനിക്കിഷ്ടമായിരുന്നു. ബോംബെ എന്ന മഹാനഗരത്തിലായിരുന്നു അച്ഛന്‍റെ ബിസിനസ്‌. പരിഷ്ക്കരിയായിരുന്നെങ്കിലും നാട്ടിലെത്തിയാല്‍ പിന്നെ തനി നാട്ടിന്‍പ്പുറത്തുക്കാരനായിട്ടേ നടക്കു. നാട്ടില്‍ എല്ലാവര്‍ക്കും അച്ഛനെ വലിയ ബഹുമാനവും സ്നേഹവുമാണ്. പഴമയെ ഇഷ്ട്ടപെട്ടിരുന്നത് കൊണ്ട് വീടിനു വലിയ മാറ്റമൊന്നും വരുത്താതെ അച്ഛന്‍ സൂക്ഷിച്ചു. അത്യാവശ്യം വേണ്ടതെല്ലാം വീട്ടില്‍ സജ്ജീകരിച്ചു എന്നല്ലാതെ....അച്ഛന്‍ നാട്ടില്‍ വന്നാല്‍ പിന്നെ പഴയ സുഹൃത്തുകളും എല്ലാവരും കൂടി എപ്പ മാമന്‍റെ ചായക്കടയില്‍ രാത്രി കച്ചവടമൊക്കെ കഴിഞ്ഞു ഒന്ന് കൂടും. പേരിനു ഒരല്‍പം മദ്യം ഉണ്ടാകും. അക്കൂട്ടത്തിലാരും വല്ലാതെ കുടിക്കുന്നവരില്ലായിരുന്നു. പിന്നെ ചര്‍ച്ചകളാണ് കലയും സാഹിത്യവും കഥയും ഒക്കെ കടന്നു വരും.

റോഡില്‍ നിന്നും അല്‍പ്പം താഴെയായിട്ടായിരുന്നു എപ്പ മാമന്‍റെ കട. കടക്കു പിന്നില്‍ കിഴുക്കാം തൂക്കായ ഇറക്കമായിരുന്നു. ഇറക്കം ഇറങ്ങി ചെല്ലുന്നത് വലിയൊരു വെള്ളച്ചാട്ടത്തിലാണ്. കങ്ങാനി വെള്ളച്ചാട്ടം. കഴിഞ്ഞ തവണ അച്ഛന്‍ വന്നപ്പോള്‍ എപ്പ മാമന്‍റെ കടയില്‍ കൂടുമ്പോള്‍ എന്നെയും കൊണ്ടുപോയി. പുക പിടിച്ച ചുവരുകളും അലമാരിയുമായിരുന്നു അവിടെയുള്ളത്. ഇരിക്കുമ്പോള്‍ ചെറുതായി അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന കുറെ ബെഞ്ചും ടെസ്ക്കും. അതിലിരുന്നു അനങ്ങുമ്പോള്‍ കീ കീ എന്ന ശബ്ദം വരും. അപ്പോഴൊക്കെ മാമന്‍റെ വഴക്ക് കേട്ടിട്ടുമുണ്ട്. റോഡിന് അഭിമുഖമായ ഭാഗമൊക്കെ മരത്തിന്‍റെ അഴികളായിരുന്നു. കറുത്ത വല പിടിച്ച അഴികള്‍. ചായക്കടയുടെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ എല്ലാവരും കൂടിയിരുന്നു ചര്‍ച്ച തുടങ്ങി. ഞാന്‍ മെല്ലെ മുന്‍വശത്തെ മേശയുടെ അടുത്തിട്ടിരുന ബെഞ്ചില്‍ കയറി പുറത്തെ ഇരുട്ടും നോക്കിയിരുന്നു. വളവിലെ മാടക്കടയില്‍ അപ്പോഴും വിളക്ക് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. അത് വഴിയെ പോകുന്ന അവസാനത്തെ ബസ്സിലെ യാത്രക്കാരെയും കാത്തിരിക്കുകയാണ്. അകത്തു നിന്നും അച്ഛന്‍റെ ഈണത്തിലുള്ള പാട്ട് കേള്‍ക്കാം; സുലൈമാന്‍ ഇക്കയുടെ വിരലുകള്‍ മേശയുടെ മുകളില്‍ താളമിടുന്നതും കേള്‍ക്കാം. ഞാന്‍ ബെഞ്ചില്‍ നീണ്ടു നിവര്‍ന്നു കിടന്നു. പിന്നെ അച്ഛന്‍റെ നീണ്ട ടോര്‍ച് എടുത്തു മുഖത്തിനു നേര തെളിച്ചു പിടിച്ചു. വിഷ്ണുവേട്ടനെ ഓര്‍മ്മ വന്നു. വിഷ്ണുവേട്ടന്‍ തന്നെ പേടിപ്പിക്കാന്‍ എപ്പോഴും ടോര്‍ച് താടിക്കടിയില്‍ നിന്നും മുകളിലേക്ക് തെളിച്ചു പിടിച്ചു നാക്കൊക്കെ പുറത്തിട്ടു അങ്ങനെ നില്‍ക്കും. ഞാന്‍ ഓടി മൂലയില്‍ തെറുത്ത് വച്ചിരിക്കുന്ന പായയുടെ പിറകില്‍ ഒളിക്കും....അങ്ങനെ എന്തെല്ലാം....

പുറത്ത് അവസാനത്തെ ബസ്‌ വന്നു നില്‍ക്കുന്ന ഒച്ച എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.

നഗരസുചീകരണ ജോലികള്‍ താഴെ തെരുവില്‍ തകൃതിയായി നടക്കുന്നു. ലണ്ടന്‍ നഗരം മെല്ലെ തണുപ്പിന്‍റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു തുടങ്ങി. എത്ര പെട്ടെന്നാണ് അടച്ചിട്ട മനസ്സിന്‍റെ വതാനയനങ്ങള്‍ തുറന്ന് അമ്മയും എപ്പ മാമനും ഞാലുവും ഒക്കെ കടന്നുവന്നത്?. സിഗരറ്റ് ആശ്ട്രയില്‍ തിരുകിയതിനു ശേഷം തലേന്ന് കാതെരിന്‍ വരുന്നതിനു മുന്‍പ് മൂന്ന് പേജ് എഴുതി നിറുത്തിയ "പിഞ്ഞാണ്‍ പാത്രങ്ങള്‍" എന്ന നോവല്‍ കയ്യിലെടുത്തു വീണ്ടും പുതപ്പിനടിയിലേക്ക്‌. എവിടെയാണ് നിറുത്തിയത്.....

"അടര്‍ന്നു വീഴുന്ന ഓരോ വേദന നിറഞ്ഞ പുഞ്ചിരിയും വിസ്മൃതിയിലേക്ക് മറയുന്നതിനു മുന്‍പ് അവശേഷിപ്പിക്കുന്നത് എന്താണ്? ആരുടെയോ കണ്ണില്‍ ന്നിന്നു നിപതിച്ച ചോരകലര്‍ന്ന കണ്ണുനീരോ? ഹൃദയം കേഴുമ്പോള്‍ അതറിയുന്നത്‌ കണ്ണുകള്‍ മാത്രമാണോ? വേദനയുടെ കുഞ്ഞു കണ്ണുനീര്‍ കണങ്ങളെ മഹാ സമുദ്രത്തിന്‍റെ വന്‍ തിരമാലകളില്‍ ആരറിയാന്‍.? എങ്കിലും നീ എനിക്ക് സമ്മാനിച്ച ഓരോ വേദനയും മേഘ പുഷ്പ്പങ്ങളായി സായാഹ്നങ്ങള്‍ ചുവപ്പ് പടര്‍ത്തിയ കണ്‍തടങ്ങളില്‍ ചലനമറ്റു കിടന്നതും പിന്നീടത്‌ ഹൃദയമുറങ്ങിയ കടവില്‍ ആളൊഴിഞ്ഞ നേരത്ത് ചാലുകീറി ഒഴുകിയതും... മഴ പെയ്യ്തു വീണ പടികളില്‍ കരിയിലകളും പച്ച പായലും മെല്ലെ വകഞ്ഞു മാറ്റിയാല്‍ കാണാം നിന്നെ തേടിയലഞ്ഞ എന്‍റെ കാല്‍പ്പാടുകള്‍....നിന്‍റെ ഓരോ ഹൃദയമിടിപ്പും എന്നോട് പറഞ്ഞതൊക്കെയും കുന്നികുരു മണികളില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ചിരുന്നു. പിന്നെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയ കറുത്ത രാത്രിയില്‍ ഇരുട്ടിന്‍റെ മറവില്‍ വെള്ളിടിവെട്ടിയ നേരത്ത് എന്‍റെ ഓര്‍മകളിലെ സ്നേഹ വാക്കുകളൊക്കെയും ഒളിപ്പിച്ച കുന്നി കുരു മണികള്‍ ഹൃദയം പിളര്‍ന്നു മരിച്ചു..... എല്ലാം തകര്‍ത്തു വീശിയ കാറ്റ് കവര്‍ന്നത് നിന്‍റെ ഹൃദയമിടിപ്പുകള്‍ എന്നോട് പറഞ്ഞ സ്നേഹ വാക്കുകളെയാണ്.....

അയാള്‍ പിന്നെയും എന്തൊക്കെയോ എഴുതിക്കൂട്ടി......

ഓര്‍മയുടെ കുന്നി കുരു മണികളില്‍ ഞാനും ഒളിപ്പിചിരുന്നില്ലേ കുറെ മുഖങ്ങള്‍.... എന്നെ തഴുകി തലോടിയ കാറ്റിന്‍റെ കുസൃതിയും....തോട്ടില്‍ വെട്ടി പുളഞ്ഞ പൂഞാട്ടിയും... കണ്ടത്തിന്‍റെ വരമ്പുകള്‍ വെട്ടി തേകി മിനുക്കി തോളത്തു മണ്‍ വെട്ടിയുമായി കടന്നു പോയ ചെറുമാന്‍റെ വിയര്‍പ്പിന്‍റെ ഗന്ധവും... അമ്പല വളവിലെ മതിലില്‍ ആരോ വരച്ചിട്ട അരിവാള്‍ ചുറ്റിക നക്ഷത്രവും.. പിന്നെ രാത്രിയില്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്ന് ചിത്ര പുഴയുടെ നഗ്നതയിലേക്ക്‌ ഊളിയിട്ടിറങ്ങുന്ന കാമാലോലുപനായ ചന്ദ്രനും....

അങ്ങനെ സുഗദായകമായ എത്ര എത്ര ഓര്‍മ്മകള്‍. ഓര്‍മയുടെ വരമ്പുകളിലൂടെയുള്ള ഈ യാത്ര എന്നെ എവിടെയാണ് കൊണ്ട് ചെന്ന് എത്തിക്കുക. ആ നനഞ്ഞ്പായലോടിയ ചെമ്മണ്‍ പാതക്കരികില്‍ കൈമോശം വന്ന കുന്നി കുരു മണികളുടെ അടുത്തെക്കോ?....

എപ്പ മാമന്‍റെ കടയുടെ അപ്പുറത്തെ മാടക്കടയുടെ മുന്നില്‍ നിറുത്തിയ ബസ്സില്‍ നിന്നും ഒന്നോ രണ്ടോ യാത്രക്കാര്‍ ഇറങ്ങി. കടയില്‍ നിന്നും കൊളുത്തിയ ബീഡിയുമായി അവര്‍ ഓരോ വഴിയുടെ പിന്നാലെ പോയി. ഡ്രൈവറും പിന്നെ അയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേരും കടയുടെ മങ്ങിയ വെളിച്ചത്തില്‍ കാണാമായിരുന്നു. വണ്ടിക്കു പിന്നിലെ ചുവന്ന വെളിച്ചം കണ്ണുരുട്ടി എന്നെ നോക്കി അഴികള്‍ക്കിടയിലൂടെ. പിന്നെ എപ്പോഴോ മണിയടി ശബ്ദവും. വണ്ടിയുടെ മുരള്‍ച്ചയും അകന്നകന്നു പോയി. ഞാന്‍ വീണ്ടും പുറത്തെ ഇരുട്ടിലേക്ക് നോക്കി കിടന്നു. അപ്പുറത്ത് അപ്പോഴും അച്ഛനും എപ്പ മാമനും കൂട്ടുകാരും ചര്‍ച്ചകളിലും കവിതകളിലുമായിരുന്നു. മകരമാസ്സത്തിലെ മഞ്ഞു പെയ്യുന്ന രാത്രി. എനിക്ക് തണുപ്പ് തോന്നി. അമ്മയുടെ അടുത്തായിരുന്നെങ്കില്‍ അമ്മയുടെ വയറ്റില്‍ മുഖം പൂഴ്ത്തി കെട്ടിപ്പിടിച്ചു കിടന്നുറങ്ങാമായിരുന്നു. എന്തെ ചീവീടുകള്‍ ഒന്നും ചിലക്കത്തെ. എല്ലാരും ഉറങ്ങുമ്പോഴും നിര്‍ത്താതെ ചിലക്കുന്ന ചീവീടുകള്‍. തണുപ്പായതു കൊണ്ടായിരിക്കും. ഞാന്‍ തല ചരിച്ചു പുറത്തേക്കു നോക്കി. മാടക്കടയുടെ അവിടെ വെട്ടമില്ലായിരുന്നു. അയാളും പോയി. എവിടെയായിരിക്കും അയാളുടെ വീട്? ഈ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ അയാള്‍ക്ക് പേടിയില്ലേ?. വലിയവര്‍ക്കൊന്നും ഒന്നിനേം പേടിയില്ല. ഞാലു പനി പിടിച്ചു കിടന്നപ്പോള്‍ രാത്രി മാമനെ ഫോണ്‍ ചെയ്യ്തു വരാന്‍ പറഞ്ഞപ്പോ ആ രാത്രിയില്‍ മാമന്‍ ഒറ്റയ്ക്ക് വന്നു. പാടവും പാടത്തിനപ്പുറത്തുള്ള വലിയ കയവും ഒക്കെ ഒറ്റയ്ക്ക്.... താനന്ന് എന്ത് മാത്രം പേടിച്ചു. മാമന്‍ ഒറ്റക്കല്ലേ വരുന്നതെന്നോര്‍ത്തിട്ട്. വലുതാകുമ്പോള്‍ തനിക്കും ഒറ്റയ്ക്ക് നടക്കാന്‍ പറ്റും. രാത്രീല് ...ഒറ്റയ്ക്ക്... ദൂരെ എവിടെ നിന്നോ മണിയടി ശബ്ദം കേള്‍ക്കാം....വെള്ളച്ചാട്ടത്തിന്‍റെ ഒച്ച കാരണം ശരിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ വ്യക്തമായി കേള്‍ക്കാം. ഞാന്‍ പുറത്തേക്കു നോക്കി. ദൂരെ മണി കിലുക്കി നടന്നു വരുന്ന കാളകള്‍. അരണ്ട വെളിച്ചത്തില്‍ കാണാം. മണികിലുക്കി മേല്ലെയാടി വരുന്ന കാളവണ്ടികള്‍. വണ്ടിക്കടിയില്‍ മുനിഞ്ഞു കത്തുന്ന റാന്തല്‍ വിളക്ക്. വണ്ടി നീങ്ങുന്നതിനൊപ്പം കുറെ പ്രാണികളും വിളക്കിനു ചുറ്റും. നിറയെ സാധനങ്ങള്‍ കയറ്റിയ ആ വണ്ടികളിലെ വണ്ടിക്കരെല്ലാവരും നല്ല ഉറക്കത്തിലാണ്. എന്നാലും കാളകള്‍ നടന്നു കൊണ്ടേയിരിക്കും അവയ്ക്ക് ലക്‌ഷ്യം തെറ്റാറില്ല. മണികിലുക്കി അകന്നു പോയ ആ വണ്ടികളുടെ അടിയില്‍ മുനിഞ്ഞു കത്തിയ വിളക്കിന്‍റെ ഇത്തിരി വെട്ടം ഇരുട്ടിന്‍റെ കയത്തിലെവിടെയോ അലിഞ്ഞില്ലാതായി.. പിന്നെയും മണിക്കൂറുകള്‍ കടന്നു പോയി. നിദ്രയുടെ, മെല്ലെ ഇളകിയാടുന്ന പീലിതുമ്പില്‍ പറ്റിപ്പിടിച്ചു ഞാനുറങ്ങി.....

അടുക്കളയിലെവിടെയോ ഒരു പാത്രം തട്ടി മറിഞ്ഞ ഒച്ചയില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ നിദ്രയുടെ പീലിത്തുമ്പില്ല. കണ്ണും തിരുമ്മി ഉമ്മറത്തിന്‍റെ അരികു ചേര്‍ന്ന് ചാരി നിന്ന് പുറത്തേക്കു നീട്ടി മൂത്രമൊഴിക്കാറുള്ള പതിവ് തെറ്റിച്ചില്ല. ആവുന്നത്ര ദൂരേക്ക്‌ നീട്ടി മുള്ളും. അവിടെ തുടങ്ങുന്നു എന്‍റെ ഒരു ദിവസത്തെ ചര്യകള്‍. പിന്നെ നേരെ അടുക്കളയിലേക്ക്... ചായയും മോന്തി അടുക്കളപടിയില്‍ തൊടിയില്‍ ചിക്കി പറക്കുന്ന കോഴികളെ നോക്കിയിരിക്കും. അടുക്കളയിലെത്തിയപ്പോള്‍ ഞാലുവും പുതുതായി വന്ന ആ സ്ത്രീയും തകൃതി പണിയിലാണ്


അന്ന് സ്കൂളില്‍ യാതൊരു രസവും തോന്നിയില്ല. മണികണ്ടനും ഗിരിയും തോരാ മഴ കാരണം സ്കൂളില്‍ വന്നതുമില്ല. മുന്നത്തെ ബെഞ്ചില്‍ ഗിരിയുടെ അനിയത്തിയും അഞ്ജുവും ഒക്കെയുണ്ട്. എനിക്കവരോടൊന്നും മിണ്ടാന്‍ തോന്നിയില്ല. എനിക്കെന്താണ് പറ്റിയത്. പനി വരാന്‍ പോവുകയാണോ. പരമേശ്വരന്‍ സാറിന്‍റെ കണക്കു ക്ലാസ്സാണ്. സാറിന്നു വരാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മനസ്സില്‍ വിചാരിച്ചു തീര്‍ന്നില്ല കഞ്ഞി പശ മുക്കി വടിപോലക്കിയ ഷര്‍ട്ടും അടിയിലിട്ട വെള്ള കളസം പുറത്ത് കാണും വിധം വെള്ള മുണ്ടിന്‍റെ അറ്റം കക്ഷത്തില്‍ തിരുകി വരാന്തയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ചവുട്ടാതെ സാര്‍ കയറി വന്നു. തെറ്റും മറ്റും ഇരുന്ന കുട്ടികള്‍ ഓടി അവരവരുടെ സീറ്റുകളില്‍ സ്ഥാനം പിടിച്ചു. എന്നിട്ട് ഒരേ സ്വരത്തില്‍ ഗുഡ് മോണിംഗ് സാര്‍ എന്ന് നീട്ടി പറഞ്ഞു. ചൂരല്‍ വടിയും രജിസ്റ്റര്‍ ബുക്കും മേശപ്പുറത്ത് വെച്ചിട്ട് ഗൌരവത്തില്‍ ഒന്നു നോക്കിയ ശേഷം സാര്‍ പ്രത്യഭിവാധ്യം ചെയ്യ്തു. ക്ളാസ്സിന്‍റെ ഒരു മൂലയില്‍ നിറയെ നിവര്‍ത്തിയ കുടകള്‍, അങ്ങോട്ടൊന്നു കണ്ണോടിച്ച ശേഷം അറ്റന്ടെന്‍സ് എടുക്കുവാന്‍ തുടങ്ങി. 65 പേരില്‍ ആകെയുള്ളത് പതിനെട്ടുപേര്‍. അപൂര്‍വ്വമായിട്ട്‌ മാത്രം സാറിന്‍റെ മുഖത്തു കാണാറുള്ള ആ സ്ടയിലന്‍ പുഞ്ചിരി ഒന്ന് വിടര്‍ന്നണഞ്ഞു.

"മഴയായതു കൊണ്ട് ഇന്നാരും വന്നില്ലേ" കുട്ടികള്‍ വെറുതെ ചിരിച്ചു കാണിച്ചു.

സാര്‍ മെല്ലെ വാതിലിന്‍റെ അവിടെന്നിന്നു പുറത്തേക്ക് നോക്കി. പുറത്ത് ശക്തമായ മഴയും കാറ്റും. ചാതുരാക്രുതിയിലാണ് ക്ലാസ് മുറികള്‍. നടുക്ക് മുറ്റവും. മഴ പെയ്യ്തിറങ്ങുന്ന നടുമുറ്റം. നടുമുറ്റത്തിനും നടുക്ക് ഒരു വലിയ വാക മരം. നിറയെ മഞ്ഞ പൂക്കളുണ്ടാകുന്ന വാക മരം. സാര്‍ തിരികെ വന്ന് ക്ളാസ്സിന്‍റെ പിന്നിലേക്ക്‌ നടന്നു. പൊട്ടിപിളര്‍ന്നു കിടക്കുന്ന തറയില്‍ ഈര്‍പ്പം. കിഴക്കേ വശത്തുള്ള ജനാലയുടെ അരികു ചേര്‍ന്ന് കിടക്കുന്ന ബെഞ്ചും ടസ്കും പിശരനടിച്ചു നനഞ്ഞു കിടക്കുന്നു. ക്ലാസ്സ് മുറിക്കകത്താകെ പഴയ മരത്തിന്‍റെ നനഞ്ഞ മണം.

പരമേശ്വരന്‍ സാറിനെ എല്ലാവര്‍ക്കും വലിയ ബഹുമാനവും സ്നേഹവുമാണ്. വിട്ടുവീഴ്ചകളൊന്നും ചെയ്യാറില്ലെങ്കിലും.സാറിന്‍റെ മുഖത്തു സാധാരണ കാണാറുള്ള ആ പരുക്കന്‍ ഭാവം തുലോം കുറവായിരുന്നു. സാര്‍ ജാലകത്തിലൂടെ കുറെ നേരം പുറത്തേക്ക് നോക്കി നിന്നതിനു ശേഷം ഇരിപ്പിടത്തില്‍ വന്നിരുന്നു. പിന്നെ ഞങ്ങള്‍ കുട്ടികളെ നോക്കി വെറുതെയിരുന്നു. എനിക്ക് വല്ലാതെയായി. എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥ. മറ്റുള്ള കുട്ടികളും അങ്ങിനെ തന്നെയായിരുന്നു. ഞാന്‍ മെല്ലെ ബാഗില്‍ നിന്നും കണക്കു പാഠ പുസ്തകം എടുത്തു. മെല്ലെ മുരടനക്കി സാര്‍ പറഞ്ഞു.

"ഇന്നിനി ക്ലാസ് വേണ്ട. കുട്ടികളാരും ഇല്ലല്ലോ.. ഒരുപാട് ബഹളം ഉണ്ടാക്കാതെ നിങ്ങള്‍ കളിചോള്." ഒന്ന് നിറുത്തിയ ശേഷം "ബഹളം ഉണ്ടാക്കരുത്"...അതിലൊരു താക്കീതുമുണ്ടായിരുന്നു.

അഞ്ജുവും ഗിരിജയും എണീറ്റ്‌ ബാക്ക് ബെഞ്ചില്‍ ഇരുന്നിരുന്ന മറ്റു കുട്ടികളോടൊപ്പം പോയിരുന്നു. പോകുമ്പോള്‍ ഗിരിജ തന്നെയും വിളിച്ചു. ഞാനും അവരുടെ പിന്നാലെ പോയി അവിടിരുന്നു. എന്ത് ചെയ്യും? കളിചോളാന്‍ പറഞ്ഞുവെങ്കിലും സാര്‍ ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും ഒരു മടി. അപ്പോള്‍ ഗിരിജ പറഞ്ഞു നമുക്ക് സാറിനെ കൊണ്ട് ഒരു കഥ പറയിപ്പിക്കാം. കൊള്ളാം. പക്ഷെ സാറിനോട് ആര് പറയും. ഒടുവില്‍ തമ്പി ഏറ്റെടുത്തു ആ മഹാ ദൌത്യം. തമ്പി മെല്ലെ എഴുന്നേറ്റ് സാറിനെ നോക്കി ചിരിച്ചു. അവനെപ്പോഴും അങ്ങിനെയാ കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ നല്ല മിടുക്കാണ്. അതിനാണ് തുടക്കമെന്നോണം ആ ചിരി. സാര്‍ മെല്ലെ പുരികമുയര്‍ത്തി അവനെ നോക്കി. എന്തെന്ന ഭാവത്തില്‍. അല്‍പം ശംഗ അഭിനയിച്ചുകൊണ്ടവന്‍ കാര്യം അവതരിപ്പിച്ചു.

"സാര്‍ ഒരു പാട്ട് പാടുമോ....ശേ! അല്ല കഥ പറയുമോ?"

സാര്‍ പഴുതാര മീശ വച്ച മേല്‍ച്ചുണ്ട് ഒരല്‍പം കോട്ടി ഒന്ന് ചിരിച്ചു.. എന്നിട്ട്.. ചോദിച്ചു...

എന്ത് കഥയാണ് നിങ്ങള്‍ക്ക് വേണ്ടത്? ഒന്ന് നിറുത്തിയ ശേഷം....ശരി ഉണ്ണിയുടെയും ഭൂതത്തിന്‍റെയും കഥ പറഞ്ഞു തരാം.....
ആ കഥ ഒരു വേദനയായി കിടന്നു കുറേക്കാലം.

ഓര്‍മകള്‍ക്ക് എന്ത് സുഖം. ബാല്യകാലത്തിന്‍റെ നിഷ്കളങ്കമായ സ്വപ്‌നങ്ങള്‍. ബസ്സരിന്‍റെ ഒച്ചയാണ്‌ എന്നെ ഉണര്‍ത്തിയത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭവ്യതയോടെ നില്‍ക്കുന്ന ജാനെറ്റ്. അടുക്കള ജോലിക്കാരി അയ്യോ അങ്ങിനെ പറയാന്‍ പാടില്ല... മെയിഡ്. ഫിലിപീനിയാണ്. ചെറുപ്പമാണ്. ഒന്ന് ശ്രമിച്ചാല്‍ വളയുകയും ചെയ്യും. പക്ഷെ ഞാന്‍ അവളെ വെറും വെറുതെ വിട്ടു. ഒരിക്കല്‍ പോലും ഞാന്‍ അവളോട്‌ അത്തരത്തില്‍ പെരുമാറിയിട്ടില്ല.. എനിക്കല്‍ഭുതം തോന്നി. എങ്കിലും എല്ലാവരുടെയും ധാരണ ഞാന്‍ ........... ഹ ഹ ഹ..

"ഗുഡ് മോര്‍ണിംഗ് മിസ്റ്റര്‍ നന്ദു."

"യാ ഗുഡ് മോര്‍ണിംഗ്". ഞാന്‍ പ്രത്യഭിവാധ്യം ചെയ്യ്തു.

"വാട്ട്‌ വുഡ് യു ലൈക്‌ ടു ഹാവ് ഫോര്‍ ബ്രേക്ഫാസ്റ്റ്". അവള്‍ ചോദിച്ചതിനു ശേഷം അടുക്കള ലക്ഷ്യമാക്കി നടന്നു. പിന്നാലെ ഞാനും. നല്ല സ്ടയിലന്‍ നടത്തം. ഒരു ചുമടുണ്ടല്ലോ പുറകുവശം... നല്ല ഷേപ്പ്. എന്തെ ഞാന്‍ ഇവളെ ഇതിനു മുന്‍പ് ശ്രദ്ധിച്ചിട്ടില്ലേ? അവള്‍ തിരിഞ്ഞു നിന്ന് ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ വളരെ മാന്യമായി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"എനിതിംഗ് ജാനെറ്റ്. ഐ ലവ് ദി വെ യു കുക്ക്".

അവള്‍ പുഞ്ചിരിച്ചതിനു ശേഷം അടുക്കളയിലേക്കു കടന്നു. ഞാന്‍ അവിടെ കിടന്ന ചെറിയ സ്ടൂളിലിരുന്നു.

"ജാനെറ്റ് യു ലുക്ക്‌ സെക്സി ആന്‍ഡ്‌ ഹോട്ട് ഇന്‍ ദിസ്‌ ക്യൂട്ട് ടൈനി സ്കര്‍ട്ട്".

"ഓ... താങ്ക്‌ യു സൊ മച് മിസ്റ്റര്‍ നന്ദു. ദിസ്‌ വാസ് എ ഗിഫ്റ്റ് ഫ്രം മൈ ബോയ്‌ ഫ്രണ്ട്." അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടിയോ.

"ഓക്കേ ഓക്കേ ...ഫിനിഷ് യുവര്‍ വര്‍ക്സ്. ഐ വാന്‍ടെഡ് ടു ഗോ സം വേര്‍"
ഞാന്‍ തിരികെ മുറിയിലേക്ക് നടന്നു. ഒന്നും ചെയ്യുവാനില്ലാതെ ഞാന്‍ അങ്ങനെ നിന്ന്. പിന്നെ ഉറക്കെ വിളിച്ചു.... "ജാനെറ്റ്".

ജാനെറ്റ് തിടുക്കത്തില്‍ മുറിയിലേക്ക് വന്നു. എന്നെ തെല്ലു പകപ്പോടെ നോക്കി. ഞാന്‍ വിളിച്ചത് അല്‍പ്പം ഉറക്കെ ആയിപോയി. "ആഹ!!!... വെല്‍ കാന്‍ യു പ്ലീസ് പ്രിപെയര്‍ മൈ റൂം ബിഫോര്‍ യു സ്റ്റാര്‍ട്ട്‌ കുക്കിംഗ്"

"ഓ! ഷുവര്‍ വൈ നോട്ട്?" അങ്ങനെ ഒരു പതിവില്ല. എങ്കിലും ഞാന്‍ വെറുതെ അവളെ കൊണ്ടത്‌ ചെയ്യിച്ചു. അവളുടെ കാലുകള്‍ നല്ല ഭംഗിയുള്ളതായിരിന്നു. സ്ത്രീ ശരീരത്തിലെ എനിക്കേറ്റവും ഇഷ്ട്ടപെട്ട ഭാഗം കാലുകള്‍ തന്നെയാണ്. മെക്സിക്കന്‍ ആയാലും ശ്രിലങ്കന്‍ ആയാലും ആഫ്രിക്കന്‍ ആയാലും എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത് ആ ലോങ്ങ്‌ അത്ലടിക് ലെഗ്സ്‌ തന്നെ. അവള്‍ നിലത്തിരുന്നും കുനിഞ്ഞു നിന്നുമൊക്കെ മുറി അടുക്കി വക്കുകയാണ്. എന്‍റെ വഷളന്‍ ചിന്തകള്‍ വെറുതെ കാട് കയറി കൊണ്ടിരുന്നു. ഒന്ന് മുട്ടിയാലോ.? നന്ദന്‍ മുട്ടിയിട്ടു കിട്ടാത്തത് ആരെയാണ്. ഇവള്‍ ഇട്ടിരിക്കുന്നത് പാന്‍റി ആയിരിക്കുമോ അതോ തോങ്ങ്സ് ആയിരിക്കുമോ. അവള്‍ ഇത്രയും കുനിഞ്ഞിട്ടും ഒന്നും കാണാന്‍ പറ്റുന്നില്ല. ഞാന്‍ സീ പീ യു ഓണ്‍ ചെയ്യുന്നത് പോലെ നിലത്തിരുന്നു. ഹേ നോ രക്ഷ.... ഒന്നും കണ്ടില്ല. അവള്‍ തിരിഞ്ഞു എന്നെ നോക്കി. ആ നോട്ടം അത്ര ശരിയല്ലല്ലോ? കാര്യങ്ങള്‍ ട്രാക്കില്‍ തന്നെ വരുമോ? ഫിലിപീനിയാണ്, ഇത്തരം കാര്യങ്ങളില്‍ ഡോക്റ്റ്റേറ്റ് എടുത്തിട്ടുണ്ടാകും.

"ഓ വോ ദിസ്‌ ഈസ്‌ കൂള്‍ ....." കതെരിന്‍ വച്ച് മറന്നു പോയ ലോമ്പറ്റിന്‍റെ വില കൂടിയ ലിപ്സ്ടിക് അവിടെ കിടന്നിരിന്നു. ഭഗവാനെ നീ വഴി കാട്ടി തന്നു... ഇനി ഡ്രൈവ് ചെയ്യ്താല്‍ മതി....

"യു ലൈക്‌ ഇറ്റ്‌". ഞാന്‍ കൌശലത്തോടെ ചോതിച്ചു.

അതെടുത്തു കയ്യില്‍ വച്ചിട്ടവള്‍ പറഞ്ഞു"....യെയ ബട്ട്‌ ദിസ്‌ ഈസ്‌ എക്സ്പെന്‍സീവ്... ഐ കാണ്ട് അഫോദ് ഇറ്റ്‌ "

ഞാന്‍ അവളെ അര്‍ത്ഥഗര്‍ഭമായിട്ട് നോക്കി. നീ ഒന്ന് മനസ്സ് വെച്ചാല്‍ ഇതിലും നല്ലത് നിന്‍റെ കയ്യില്‍ എത്തും എന്ന് ഞാന്‍ പറയാതെ അവള്‍ മനസ്സിലാക്കിയത് പോലെ. അവളുടെ മുന്നിലെ ടേബിളിലിരുന്ന മൊബൈല്‍ റിംഗ് ചെയ്യ്തു. കയ്യെത്തി അതെടുത്തത്തിനു ശേഷം അതിലേക്കൊന്നു കണ്ണോടിച് എനിക്ക് നേരെ നീട്ടിപിടിച്ചപ്പോള്‍ അവളുടെ മുഖ ഭാവം ഞാന്‍ ശ്രദ്ധിച്ചു. ഇരിനയുടെ കാള്‍ ആയിരുന്നു. ഞാന്‍ ഫോണുമെടുത്ത് ജനാലയുടെ അടുത്തേക്ക് നടന്നു. അവള്‍ കട്ടിലിലിരുന്നു എന്നെ നോക്കി. മൈക്രോ സ്കര്‍ട്ട് കുറെ കൂടി മുകളിലേക്ക് കയറി. ഇപ്പോള്‍ ഭംഗിയേറിയ അവളുടെ കാലുകളുടെ മുഴുവന്‍ എനിക്ക് കാണാം.
ഞാന്‍ ജനാലയില്‍ ചാരി നിന്ന്

"ഹലോ"

അങ്ങേത്തലക്കല്‍ ഇരിനയുടെ സ്വരം.

സംസാരിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ അവള്‍ ചോദിച്ചു..... "ഹു ഈസ്‌ ഇരിന.."

അവളുടെ കണ്ണുകള്‍ വല്ലാതെ ഇടുങ്ങി

"വെല്‍ ഷി ഈസ്‌ മൈ ഫ്രണ്ട്". ഒരു കാല്‍ ഉയര്‍ത്തി മറ്റേ കാലിനു മുകളിലിട്ടു കൊണ്ടവള്‍ ചോദിച്ചു...

"ഫ്രണ്ട്? യുവര്‍ ഗേള്‍ ഫ്രണ്ട്?"

"യാ യു കാന്‍ സെ സൊ..." എന്‍റെ നോട്ടം അവളുടെ തുടയുടെ മുകളില്‍ കയറി നില്‍ക്കുന്ന പാവാടയുടെ വിടവിലെക്കാണെന്ന് മനസ്സിലാക്കിയിട്ടാവണം അവള്‍ കുറെകൂടി വിശാലമായിട്ടിരിന്നു. വീണ്ടും കോളിംഗ് ബെല്‍ കരഞ്ഞു. പഴയ സിനിമയിലെ പോലെ. എന്തെങ്കിലും നടക്കാന്‍ പോകുമ്പോള്‍.... ച്ചെ!!! അവള്‍ പെട്ടെന്ന് ഓടിച്ചെന്നു വാതില്‍ തുറന്നു. ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നതൊരു മാരണം...


"നന്ദു മെയ്‌ ഐ..." അവള്‍ അടുക്കളയിലേക്കു പോകുവാന്‍ അനുവാദം ചോദിച്ചു. ഞാന്‍ മെല്ലെ തലയാട്ടികൊണ്ട് വാതില്‍ക്കലേക്ക്‌ നോക്കി. സ്വത്തസിദ്ധമായ ചിരിയോടെ അവറാന്‍ അകത്തേക്ക് കയറി വന്നു.

"ഹലോ നന്ദു..ഗുഡ് മോര്‍ണിംഗ് ...."

"ഹായ് മിസ്ടര്‍ അവറാന്‍ ഗുഡ് മോര്‍ണിംഗ്.."
"ഇതാരാ ഈ പുതിയ കക്ഷി ...."

അവറാന്‍ തെല്ലു കൌതുകത്തോടെ ചോദിച്ചു

"പുതിയതൊന്നുമല്ല അവരാനെ...നാലഞ്ചു മാസമായി..."

"എന്നിട്ടിപ്പോ അവക്കെത്രമാത്തെ മാസമ? ഹഹഹ്..ഹഹ..."

അയാള്‍ അങ്ങിനെയാ എന്നെ പോലെത്തന്നെ വഷളത്തരങ്ങള്‍ വിളിച്ചു കൂവാന്‍ യാതൊരു മടിയും കാണിക്കാറില്ല . ഞാന്‍ വെറുതെ ചിരിച്ചു ഒരു സിഗരറ്റ് നീട്ടി കൊണ്ട്. സിഗരറ്റ് ചുണ്ടില്‍ തിരുകിയ ശേഷം പാന്‍റ്സിന്‍റെ പോകെറ്റിലൂടെ കയ്യോടിച്ചതിനു ശേഷം ലൈടര്‍ എടുക്കാന്‍ മറന്നു എന്ന ഭാവത്തില്‍ എന്നെ ഒന്ന് നോക്കിയ ശേഷം നേരെ അടുക്കളയിലേക്കു നടന്നു.

"ഹ... അവരാനെ.. എന്തുവാ ഈ കാണിക്കുന്നേ... ദേ പണ്ടത്തെ അമ്മാവന്‍മാരുടെ ആ പഴയ നമ്പര്‍ ഇറക്കരുത്... ഏത്?... ബീഡി കത്തിക്കാന്‍ അടുക്കളയിലേക്കു പോകുന്ന..."

അവറാന്‍ വെറുതെ ചമ്മി നിന്ന് ചിരിച്ചു..ഞാന്‍ അവരാന്‍റെ തോളത്തൂടെ കയ്യ് ചുറ്റിപ്പിടിച്ചു നേരെ ബാല്‍ക്കണിയിലേക്ക് നടന്നു... അവിടെ നിന്നാല്‍ തെഇംസ് നദി ഒക്കെ കാണാം.

"എന്താ അവരാനെ ഈ പ്രായത്തിലും നന്നാകാത്തെ..."

"ഹ.. അതെന്ത്‌വാട നീ അങ്ങനെ ചോദിച്ചേ.." വീണ്ടും എന്തോ പറയാന്‍ തുടങ്ങുമ്പോഴേക്ക് ഞാന്‍ ലൈടെര്‍ കത്തിച്ചു കൊടുത്തു... പറയാന്‍ തുടങ്ങിയത് വിഴുങ്ങിയതിന്‍റെ കൂടെ കുറെ പുകയും വിഴുങ്ങി അവറാന്‍ വെറുതെ എന്നെ നോക്കി ബ്ലുങ്ങസ്യന്നു നിന്ന്.

"അവരാനെ...തനിക്കെന്നെക്കാള്‍ ഒരു പതിനഞ്ചു വയസു മൂപ്പ് കൂടുതലില്ലേ? വയസ്സിന്‍റെ കാര്യം പറഞ്ഞാല്‍ ആള് ചൂടാവും..

മുഖത്തു ദേഷ്യഭാവം വരുത്തികൊണ്ട് നെറ്റി ചുളുക്കി അവറാന്‍ "..... ആഹ... ഒണ്ടേല് ....പതിനഞ്ചു വയസ്സല്ലേ കൂടുതലുല്ല്.. അതിനു നീ എന്തിനാ ഒരാക്കി ചിരി."

"ഹായ്..അതിനിയാള്‍ എന്തിനാ ചൂടാവുന്നെ...ഒരു കാപ്പി എടുക്കട്ടെ.. അവളുടെ കാപ്പി നല്ല അസ്സല് കാപ്പിയാ. ഒരെണ്ണം പിടിപ്പിക്കൂന്നെ..." അവരാന്‍റെ മുഖത്തു ഒരു ചിരി മിന്നിമറഞ്ഞു.. ഞാന്‍ നീട്ടി വിളിച്ചു "....ജാനെറ്റ് ..."

"എടാ നിനക്കെവിടുന്നു കിട്ടുന്നെട ഇതുപോലുള്ള ഐടംസിനെ.." അവറാന്‍ അത്ഭുദം കൂറി. "അതും നല്ല വെടിച്ചില്ല് പോലുള്ള ഫിലിപീനി.."

ജാനെറ്റ് ബാല്‍ക്കണിയിലേക്ക് കടന്നു വന്നു..

"എസ് മിസ്ടര്‍ നന്ദു.."

"കാന്‍ യു ഗെറ്റ് സം കോഫി ഫോര്‍ അസ്‌"

"ഓ ഷുവര്‍..." അവള്‍ അവരാനെ നോക്കി മന്ദഹസിക്കുവാന്‍ മറന്നില്ല. അവറാന്‍ അവളെ നോക്കി തിരിച്ചു ചിരിച്ച ചിരി ഒന്ന് കാണേണ്ടത് തന്നെയായിരുന്നു..ഒരു മാതിരി പൊട്ടന്മാരുടെത് പോലെ.
ഞാന്‍ അറിയാതെ ചിരിച്ചു പോയി..
ജാനെറ്റ് തിരികെ പോയി

"... ഹ..വിടെന്‍റെ അവരാനെ..." ജാനെറ്റിന്‍റെ താളാത്മകമായ നിതംബ ചലനത്തിലേക്ക് കണ്ണും തള്ളി നോക്കി നിന്ന അവരാനോട് ഞാന്‍ പറഞ്ഞു.
"തനിക്കരെടോ ഈ അവറാന്‍ എന്ന് പേരിട്ടത്..."

ഒരു വിഡ്ഢി ചിരി ചിരിച്ചതിനു ശേഷം "എന്‍റെ അപ്പന.."

പുക ഉള്ളിലെക്കൊന്നാഞ്ഞു വലിച്ചതിന് ശേഷം....

"ആ എടാ ഞാന്‍ നമ്മുടെ ജുവല്ലര്‍ തരകനെ കണ്ടിരുന്നു..അയാള്‍ പറഞ്ഞു...."

ഞാന്‍ ഇടയ്ക്കു കേറി തടസ്സപ്പെടുത്തി. "

ഉം കേട്ടത് സത്യമാ". അത് പറയുമ്പോള്‍ അയാളുടെ മുഖം ശാന്തമായിരുന്നു. അവറാന്‍ നെറ്റി ചുളുക്കി വിശ്വാസം വരാത്ത പോലെ അയാളെ നോക്കി നിന്ന്..അല്‍പ്പം മുന്‍പ് കണ്ട ശ്രിംഗാരിയായ അവരാനെ കാണാനേയില്ല...മനുഷ്യന്‍റെ ഓരോ അവസ്ഥയെ..

"നിനക്കിതെന്ദു പറ്റി. ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാന എടുക്കാന്‍ എന്താ കാരണം.. അതും ബിസ്സിനാസ്സൊക്കെ ഇത്ര നല്ല രീതിയില്‍ പോകുമ്പോള്‍.."

ഞാന്‍ ഒന്നും മിണ്ടിയില്ല....ദൂരെ ദൂരേക്ക് കണ്ണയച്ചു ഞാന്‍ മിണ്ടാതെ നിന്ന്..അവറാന്‍ സിഗരറ്റും കൊണ്ട് ബാല്‍ക്കണിയുടെ മറ്റേ തലക്കല്‍ പോയി നിന്നു....രംഗം പതിയെ ഗൌരവമായി... ജാനെറ്റ് കാപ്പിയുമായി വന്നു സെര്‍വ് ചെയ്തു.
"മെക്ക് ഇറ്റ്‌ സ്ട്രോങ്ങ്‌" ....അവറാന്‍ ഗൌരവം വിടാതെ ജനെടിനോട് പറഞ്ഞു...അവള്‍ പുരികമുയര്‍ത്തി നോക്കിയിട്ട് മെല്ലെ തലയാട്ടി..
അവള്‍ പോയ ശേഷം കപ്പുമെടുത്ത് എന്‍റെ അരികില്‍ വന്നു നിന്നതിനു ശേഷം..വീണ്ടും ചോദിച്ചു

"...എന്താടാ. എന്ത് പറ്റി നിനക്ക്...കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എല്ലാത്തിനും നിന്‍റെ കൂടെ ഞാനുണ്ടായിരുന്നില്ലേ ....എന്നിട്ടും നീ എന്നോടൊന്നും പറഞ്ഞില്ല.."

ഞാന്‍ മെല്ലെ കാപ്പി മൊത്തി കുടിച്ചു കൊണ്ട് നിന്നു...

"അത്....ഞാന്‍..." അവറാന്‍ പെട്ടെന്ന് ചോദിച്ചപ്പോള്‍ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍.

"കുറെ നാളായി അവരാനെ..ഇങ്ങനെ ഒരാലോചന..പിന്നെ അന്ന് വൃഗ്ലീസ് ബാറില്‍ വച്ച് അടിച്ചു കോണ്‍ തിരിഞ്ഞപ്പോള്‍ മുന്നിലിരുന്നത് തരകനാണോ അവരാനാണോ എന്ന് അറിയാതെ പരമ രഹസ്യമായി വച്ചിരുന്നത് അങ്ങനെ പരസ്യമായി.... ഞാന്‍ പോകുവാ അവരാനെ....മതിയായി..."

അവറാന്‍ അന്തം വിട്ടു നില്‍ക്കുവാ അപ്പോഴും..

"മതിയായി ഈ പ്രവാസ ജീവിതം... ഞാന്‍ തിരിച്ചു പോകുവാ....നാട്ടിലേക്ക്..."

ഞാന്‍ അവരാനെ നോക്കി.. അയാള്‍ സ്വപ്നം കണ്ട പോലെ...."നീ ഇതെന്തിനുള്ള പുറപ്പാടിലാ പൊന്നുമോനെ...നീ പോകരുത്..."

"തനിക്കെന്താടോ...വട്ടായോ...ഹല്ലാ ഒരുമാതിരി...പോകാതിരുന്നാല്‍ തന്‍റെ മേഴ്സിയെ എനിക്ക് കെട്ടിച്ചു തരുമോ...."ഞാന്‍ ദേഷ്യപ്പെട്ടു...

"എടാ ഞാന്‍ പറയുന്നത് കേള്‍ക്കു...നീ പോകരുത്...നിന്നെ ഞാന്‍ വിടില്ല..മേഴ്സിയെ ഞാന്‍ കെട്ടിപ്പോയില്ലേ....അവളുടെ ഒരു മോളുണ്ട്‌....അതിനെ വേണോങ്കി...."

"ഉം....അപ്പോള്‍ അതാണ്‌ തന്‍റെ ഉള്ളിലിരിപ്പ്..."

"മതിയായി അവരാനെ. പണം മാത്രമല്ലല്ലോ ജീവിതം. മനസ്സമാധാനം കിട്ടുന്നില്ല. ഈ ജീവിത ചൂടിനിയും താങ്ങാനാവില്ല. പൊള്ളയായ വ്യക്തി ബന്ധങ്ങളില്‍ ഇനിയും കപടതയോടെ നില്‍ക്കുവാന്‍ കഴിയില്ല"

"എന്‍റെ നന്ദു...നീ ഇങ്ങനെ ഓരോ മണ്ടത്തരം വിളിച്ചു പറയാതെ...നീ എങ്ങോട്ടും പോകുന്നില്ല... വാ പറയട്ടെ....അല്ലെങ്കില്‍ വേണ്ട നമുക്കൊന്ന് പുറത്തേക്ക് പോകാം...നീ വേഗം പോയി ബ്രേക്ക്‌ഫാസ്റ്റ് കഴിക്കു..."

എന്നിട്ട് ധിറുതിയില്‍ എനിക്ക് തടുക്കാന്‍ കഴിയും മുന്‍പേ അവറാന്‍ അടുക്കളയിലേക്കോടി...

"എടൊ...അവരാനെ...അവരാനെ...തന്‍റെ മോള്‍ടെ പ്രായമേയുള്ളൂ വൃത്തികേടൊന്നും കാണിചേക്കരുത് ....."

പോകുന്നതിനിടയില്‍ അവറാന്‍ വിളിച്ചു പറഞ്ഞു.

"...അ...ഇല്ലെടാ വൃത്തിഉള്ളതെ കാണിക്കു...നീ പോയി പല്ലും തേച്ചു അപ്പിയൊക്കെ ഇട്ടു വേഗം ..... അല്ലെങ്കില്‍ വേണ്ട.. പതുക്കെ വാ. ഞാന്‍ ഇവള്‍ക്ക് മെക്സിക്കന്‍ ലാംബ് സ്റ്റാഫ്‌ ഉണ്ടാകാന്‍ പഠിപ്പിച്ചു കൊടുക്കാം...നീ വെറുതെ ഇരിക്കുമ്പോള്‍. നിനക്കും ഇവള്‍ക്കും കൂടി ഉണ്ടാക്കി തിന്നാലോ".

ഇയാള്‍ ഒരു ഇന്നസെന്‍റെ കഥാപാത്രം തന്നെ....ഞാന്‍ മെല്ലെ വാഷ്റൂമിലേക്ക്‌ പോയി...

മനോഹരമായി ഒരുക്കിയ ഓഫീസ് മുറിക്കുള്ളില്‍ തണുപ്പത്ത് ഒട്ടും മനോഹരമല്ലാത്ത, തീയുടെയും പുകയുടെയും വാട്ടം തട്ടി ചുവന്നുപോയ ഓര്‍മകളുമായി എത്ര നേരം ഇരുന്നു....? ഞാന്‍ പടിയിറക്കിവിട്ട എന്നിലെ എന്‍റെ സത്യങ്ങള്‍. വേദനയിലും അവ എന്നെ നോക്കി പുഞ്ചിരിച്ചു...ഞാന്‍ നെഞ്ചോടു ചേര്‍ത്ത്പിടിക്കുന്നതും കാത്തു കണ്ണ് നനച്ചു അവ കാത്തു നിന്ന്. ഞാന്‍ ഒന്നും അറിഞ്ഞില്ല...അറിയുവാന്‍ ശ്രമിച്ചില്ല...അന്ധകാരത്തെ പ്രകാശം എന്ന് തെറ്റിദ്ധരിച്ചു...വിഷത്തെ അമൃതെന്ന് കരുതിയ നാളുകള്‍. എല്ലാം ഒടുങ്ങുമ്പോള്‍...എന്തോ ഒന്ന് ഞാന്‍ കേട്ട്....ഒരു തേങ്ങല്‍....ഞാന്‍ കേട്ട് മറന്ന ഒരു സ്വരം പോലെ..അതെ .പണ്ടെങ്ങോ ഞാന്‍ പടിയിറക്കിവിട്ട എന്നിലെ എന്‍റെ സത്യങ്ങള്‍.....അവ ഇന്നും.. എന്‍റെ കൂടെ?...കണ്ണ് നിറഞ്ഞു അവരെന്നെ നോക്കി...ഉപേക്ഷിക്കരുതെയെന്ന ഒരു യാചന പോലെ....ഒന്നും പറയുവാന്‍ കഴിയുന്നില്ല....പക്ഷെ ഒന്നേ പറഞ്ഞുള്ളൂ ... എന്‍റെ തെറ്റുകളുടെ കണക്കെടുത്ത് ശിക്ഷ വിധിച്ചു, അത് അനുഭവിച്ചു തീര്‍ത്തു പിന്നെയും ആയുസ്സ് എന്നിലുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ എന്‍റെ ഹൃദയത്തിലേക്ക് വിളിക്കാം...ഈ പടു പാപിയുടെ രഥ ചക്രങ്ങള്‍ മണ്ണിന്‍റെ മാറില്‍ പൂണ്ടു പോകുന്ന നിമിഷം.... സത്യത്തിന്‍റെ അസ്ത്രങ്ങളെന്‍റെ ജീവനെടുക്കും അങ്ങിനെ വന്നാല്‍...നിങ്ങള്‍ക്ക് ഞാന്‍ തന്ന വാക്കുകളെ തിരിച്ചു വിളിക്കുകയെ എനിക്ക് വഴിയുള്ളൂ..

മരണമെന്ന മോഹിപ്പിക്കുന്ന വശ്യതക്ക് നേരെ നിസ്സങ്കമായ ഒരു നോട്ടമെറിഞ്ഞു പുറം തിരിഞ്ഞു നടന്നപ്പോള്‍ കേട്ടത് ആരുടെയോ നാവില്‍ നിന്നും തെറിച്ചു വീണ വാക്കുകളിലെ തണുത്ത നൊമ്പരം....ഘടികാര സൂചിക്ക് മുകളില്‍ കത്തുന്ന സൂര്യന്‍റെ പതറിയ മുഖം...സൂര്യ ഹൃദയവും തേങ്ങിയോ?....ഞാനൊന്നുമറിഞ്ഞില്ല...ഞാനറിയാതെ പോയ നിമിഷങ്ങള്‍...ഞാന്‍ ജീവിച്ചു തീര്‍ത്ത നിമിഷങ്ങള്‍..നിമിഷങ്ങല്‍ക്കിടയിലെ ദൂരം....അതിനിടയില്‍ ഏതോ കാമുകിയുടെ മാറിടത്തില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍..അതിന്‍റെ ഉപ്പു രസം...നിമിഷത്തിനും നിമിഷത്തിനും ഇടയില്‍ രതിയുടെ മദ ജലത്തില്‍ വെട്ടിപ്പുളഞ്ഞ കരിനാഗങ്ങളുടെ സീല്‍ക്കാരങ്ങള്‍...നിമിഷങ്ങള്‍ ഉടഞ്ഞു വീണു തകര്‍ന്ന അവളുടെ നെഞ്ചില്‍ ചെവി ചേര്‍ത്ത് വച്ചപ്പോള്‍...പാവാട കീറലുകളില്‍ വിരലോടിച്ചു തേങ്ങിയ ആ പഴയ പിഞ്ചു പെണ്ണിന്‍റെ അമര്‍ത്തിയ തേങ്ങലുകള്‍ ഞാന്‍ വീണ്ടും കേട്ട് വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നെന്ന പോലെ. രതിമൂര്‍ച്ചയില്‍ കണ്ണുകള്‍ കൂമ്പി അടച്ചു പാതിമയക്കത്തില്‍ അവള്‍ മൃദുവായി മന്ദഹസ്സിച്ചു....അപ്പോഴും അവളുടെ നെഞ്ഞിലുറങ്ങിയ ആ കുട്ടി പാവാടക്കാരി...എന്തിനായിരിക്കും പതിയെ കരഞ്ഞത്...ഞാന്നൊന്നും അറിഞ്ഞില്ല..ഒന്നും...എന്നിലെ എന്‍റെ സത്യങ്ങളെ....എനിക്ക് മാപ്പ് തരു..

എന്തിനാണവള്‍ ആ വളപ്പൊട്ടുകള്‍ ഇന്നും സൂക്ഷിച്ചത്?. പായലോടിയ ആ നടവരമ്പില്‍ നിന്ന് അന്നവള്‍ പറഞ്ഞത്....നിഷ്കളങ്കമായിരുന്നു..പിടഞ്ഞ കണ്ണിണകളില്‍ ഞാന്‍ കണ്ടത് ഭയമായിരുന്നുവോ? കൌതുകമായിരുന്നുവോ? പക്ഷെ അവള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നില്ല എന്തോ പറഞ്ഞു...ഇന്ന് ചലനമറ്റവള്‍ ശാന്തമായ് ഉറങ്ങുമ്പോള്‍ അവള്‍ പറയാതെ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു.....ഹൃദയത്തില്‍ പെയ്യ്തിറങ്ങിയ ഓരോ വാക്കും എന്നെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുകയായിരിന്നു. ഒടുവില്‍...ദീര്‍ഘമായ വഴിത്താരകള്‍ പിന്നിട്ടു അവള്‍ക്കരികില്‍ എത്തിയപ്പോള്‍.....

തുടരും....

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

രൂപ്കുണ്ട് - ദി മിസ്ട്രി ഓഫ് സ്കെലിറ്റന്‍ ലേക്ക്‌ - ഒരു അന്വേഷണം.


രൂപ്കുണ്ട് - ദി മിസ്ട്രി ഓഫ് സ്കെലിറ്റന്‍ ലേക്ക്‌ - ഒരു അന്വേഷണം


രൂപ്കുണ്ട് തടാകം

റീജിയണ്‍: ഗഡ്വാള്‍ & കുമയോണ്‍ ഹിമാലായാസ്
ആള്‍റ്റിറ്റ്യൂദ്: 4650 മി. മാക്സിമം


രൂപ്കുണ്ടിന്‍റെ മാപ്

ടീം: ചിത്രാംഗ് ശ്രീ വാസ്തവ (ടീം ലീഡര്‍), ഞാന്‍, വരുണ്‍, രൂപേഷ്, സൌരഭ് ഷാണ്ടില്യ, ക്ഷിതിഷ്


പുറകില്‍ ഇടത്തെയറ്റം ക്ഷിതിഷ്, ടീം ലീഡര്‍ ചിത്രംഗ് ശ്രീവാസ്തവ, തരുണ്‍ ഗോയല്‍, മുന്നിലെ നിരയില്‍ ഞാന്‍, ശാണ്ടില്യ, ഗൈഡ് ഗണേഷ് ബിസ്റ്റ്.

ടീമിനെ പരിചയപ്പെടാം - ചിത്രാംഗ് ശ്രീ വാസ്തവ
ഹിമാലയം തുടങ്ങി ഉത്തരാഞ്ചല്‍ ഭാഗത്തുള്ള ഒട്ടുമിക്ക ട്രെക്ക് പാതകളും സഞ്ചരിച്ചു കഴിഞ്ഞു. ഏകദേശം 18 ഓളം ട്രെക്കിംഗ് നടത്തിയതിന്‍റെ കരുത്തുമായാണ് ചിത്രാംഗ് ടീം ലീഡര്‍ സ്ഥാനം ഏറ്റെടുത്തത്.

അശോക്‌ സദന്‍: ദുര്‍:ഘടമായ ഹിമാലയന്‍ റേഞ്ചില്‍ എത്ര ബുദ്ധിമുട്ടേറിയ പാതകളിലും വണ്ടിയോടിക്കുവാന്‍ എനിക്ക് കഴിയും. മഞ്ഞിലോ പാറയിലോ അപകടരഹിതമായി വണ്ടിയോടിക്കുന്നതിന്‍റെ ട്രാക്ക് റെക്കോട്‌. ഒപ്പം കേരളത്തിലെയും നോര്‍ത്തിലെയും ട്രെക്ക് പാതകളില്‍ സഞ്ചരിച്ച പരിചയം. വന്യമായ കാടിന്‍റെ എളുപ്പം പിടിതരാത്ത നിഘൂഡ സ്വഭാവം എളുപ്പത്തില്‍ വായിച്ചെടുക്കുവാന്‍ കഴിയുമെന്ന മികവ്. രാജസ്ഥാനിലെ ഒരു മാതിരിപ്പെട്ട എല്ലാ മരുഭൂമികളും താണ്ടിയിട്ടുണ്ട്.


ഹിമാലയന്‍ റേഞ്ചുകളില്‍ സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിച്ചിരുന്ന എന്‍റെ പ്രിയ വാഹനം.

വരുണ്‍: കാഴ്ചക്ക് തടിയനെങ്കിലും ചിത്രംഗിനെ പോലെ ഹിമാലയ സാനുക്കളിലെ മഞ്ഞ് വഴികള്‍ നല്ല പോലെ തിട്ടമാണ്. ഏകദേശം 18 ഓളം ട്രെക്കിംഗ് വരുണും നടത്തിയിട്ടുണ്ട്.

രൂപേഷ് കീപ്പട്ടു: സംഘത്തിലെ രണ്ടാമത്തെ മലയാളി. ഹിമാലയന്‍ എക്സ്പ്രെസ്സ് എന്ന വിളിപ്പേര്. ഏതു വലിയ കയറ്റവും വഴിയുണ്ടെങ്കിലും ഇല്ലെങ്കിലം അനായാസം കയറി പോകുവാനുള്ള മിടുക്ക്. ക്ഷീണം കൂടാതെ കിലോമീറ്ററുകള്‍ നടക്കുവാന്‍ കഴിയ്മെന്നത് പ്ലെസ് പോയിന്‍റ്.

സൌരഭ് ഷാണ്ടില്യ: ഏറ്റവും കൂടുതല്‍ ദൂരം താണ്ടി ബാങ്ങ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ ഞങ്ങളുടെ സംഘത്തില്‍ ചേര്‍ന്ന വ്യക്തി. നല്ല ഒരു ഫോടോഗ്രഫെര്‍ കൂടിയാണ് സൌരഭ്. ട്രെക്കിംഗ് ഒരു ലഹരിയായി കൊണ്ട് നടക്കുന്നയാള്‍.

ക്ഷിതിഷ്: സംഘത്തിലെ മൂന്നാമത്തെ മലയാളി. വിടുവായന്‍. ചെയ്യ്തതിനെക്കാള്‍ ചെയ്യാത്ത കാര്യങ്ങളെപറ്റി പറഞ്ഞു ഫലിപ്പിക്കുന്നത് കൊണ്ട്. അദ്ദേഹത്തെക്കുറിച്ച് ആധികാരികമായി എഴുതുന്നില്ല.

രൂപ്കുണ്ടിന്‍റെ ചരിത്രം: രൂപ്കുണ്ട് നിഘൂടതകളുടെ തടാകം. ലോകത്തിലെ ദുര്‍ഘടമായ ട്രെക്ക് പാത്തുകളില്‍ ഒന്ന്. സമുദ്ര നിരപ്പില്‍ നിന്നും 5029 മീറ്റര്‍ ഉയരത്തില്‍ മഞ്ഞ് മൂടിയ കൊടിമുടികളുടെ മുകളില്‍ ഒട്ടേറെ നിഘൂടതകളും പേറി 600 -ല്‍ അധികം പേരുടെ കൂട്ട മഞ്ഞ് ശ്മാശാനമായ് മാറിയ രൂപ്കുണ്ട് തടാകം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹിമാലയ സാനുക്കളില്‍ അരങ്ങേറിയ ഏതോ ദുരൂഹമായ നാടകത്തിന്‍റെ രംഗവേദി. മനുഷ്യന്‍റെ തലയോട്ടികള്‍ക്കൊപ്പം നൂറ്റാണ്ടുകളായ് യാതൊരു കെടും കൂടാതെ കിടന്ന മനുഷ്യ മാംസവും ഇവിടെയുണ്ട്. ഒപ്പം കുതിരകളുടെ അസ്ഥികൂടവും കണ്ടെടുത്തതായി പറയപ്പെടുന്നു. ശാസ്ത്ര ലോകത്തിനു ഇന്നും ഈ കൂട്ട മരണത്തിനു ഉത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ബണ്‍ ടെസ്റ്റുകള്‍ സൂചിപ്പിക്കുന്നത് തലയില്‍ ശകതിയിലെറ്റ പ്രഹരമാണ് മരണകാരണമെന്ന്.


രൂപ്കുണ്ടില്‍ നിന്നും കണ്ടെടുത്ത 600 വര്‍ഷം പഴക്കമുള്ള തലയോട്ടികള്‍.


എല്ലിന്‍ കഷണങ്ങള്‍


തുടരും....

കൊടും മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ട് മേഘ നെഞ്ചകം കീറി അതിനും മുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന തൃശൂല്‍ എന്ന പര്‍വ്വത പ്രമുഖന്‍റെ ഏറെ അകലെയല്ലാതെയാണ് രൂപ്കുണ്ട് സ്ഥിതി ചെയ്യുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ അസ്ഥി തുളച്ചു കയറുന്ന ഹിമക്കാറ്റാഞ്ഞു വീശുന്ന പ്രവചനാതീതമായ ഒരു പ്രത്യേക കാലാവസ്ഥ വിശേഷമുള്ള സ്ഥലമാണ് രൂപ്കുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 5029 മീറ്റര്‍ മുകളില്‍ 600 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ ഭീകരമായ നരഹത്യ നടന്ന ആ ഹിമ ഭൂമി പൊതുവേ ട്രെക്കെഴ്സ് ഒഴിവാക്കുന്ന പാതയാണ്. കാരണം മറ്റൊന്നല്ല, ജീവന് വല്ലാതെ ഭീഷണിയുയര്‍ത്തുന്ന ചതികളേറെ ഒളിഞ്ഞിരിക്കുന്നു അവിടെ. ഹിമ താപമോ മഞ്ഞു കാറ്റോ അങ്ങനെ എന്തുമാകാം. അല്ലെങ്കില്‍ പൊതുവേ ട്രെക്കെഴ്സിനു തോന്നാറുള്ള 'ഹാലൂസിനേഷന്‍' (ഇല്ലാത്ത ഒന്നിനെ കണ്ടെന്നോ അല്ലെങ്കില്‍ ഏതോ മഹാ വിപത്ത് എവിടെയോ നിന്നോ വരുന്നുവെന്ന വിഭ്രാന്തിയില്‍ നിന്നുളവാകുന്ന ഒരു തരം തോന്നല്‍. കൂടെ ശക്തരായ എത്ര പേരുണ്ടെങ്കിലും ഭയം എന്ന വികാരം നമ്മളെ കീഴ്പെടുത്തുന്ന അവസ്ഥ.) ഇവിടെ ഹാലൂസിനേഷന് കാരണമായി മാറിയത് ചില കേട്ടറിവുകളാണ് 'എതി' എന്ന മഞ്ഞു മനുഷ്യന്‍. മഞ്ഞു മലകളില്‍ പ്രത്യേകിച്ച് ഗദ്വാള്‍-കുമായോണ്‍ മലനിരകളില്‍ പലരും കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന എതി. പിന്നെ ഹിമക്കരടികള്‍. അങ്ങനെ പലതും. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടുള്ള ആ പ്രയാണത്തിന്‍റെ ഭീകരത വാക്കുകളാല്‍ പറഞ്ഞൊപ്പിക്കുക പ്രയാസം. ഹൃദയസ്പന്ദനം നിലച്ചു പോകുന്ന മായകാഴ്ചകള്‍. മഞ്ഞിന്‍റെ കനത്ത പാളികള്‍ കാഴ്ച മറക്കുന്നു എങ്കിലും തെല്ലിട നില്‍ക്കാന്‍ കഴിയില്ലല്ലോ. ഒപ്പം ശക്തിയില്‍ ആഞ്ഞു വീശുന്ന ഹിമ കാറ്റ്. പ്രാണവായു പോലും ദുര്‍ലഭം. കനത്ത മഞ്ഞ് അല്‍പ്പം ശമിക്കുമ്പോള്‍ തൊട്ടുമുന്നില്‍ അതാ ഉയര്‍ന്നു നില്‍ക്കുന്നു മറ്റൊരു കൂറ്റന്‍ ഹിമ ശിഖരം. പിന്നെ തളര്‍ന്ന ശരീരവും മനസ്സും ഉത്തേജിപ്പിച്ച് ഹിമവാന് മുന്നില്‍ അല്‍പനേരം തല കുമ്പിട്ട്‌ വിനയാന്വിതനായ് ഞാന്‍ എനിക്കും പര്‍വ്വത ശ്രേഷ്ടനും മാത്രം മനസ്സിലാകുന്ന ഒരു പ്രത്യേക ആശയകൈമാറ്റത്തിലൂടെ അനുവാദം ചോദിക്കുന്നു. "ഹേ പര്‍വ്വത ശ്രേഷ്ഠ, ഞാന്‍ അറിയുന്നു എത്രയോ ചെറുതായ മനുഷ്യന്‍റെ അഹന്തക്കും മേഘ ഗര്‍ജ്ജനങ്ങളുടെ അഹങ്കാരത്തിനും മേലെ തലയുയര്‍ത്തി നില്‍ക്കുന്ന നിന്നെ വെല്ലുവിളിക്കുക അസാധ്യമെന്ന്. എങ്കിലും ഞാനും ഈ സംഘവും കാട്ടിയ കരുത്തും ധൈര്യവും നീയും ഉയരത്തില്‍ നിന്ന് നോക്കി കണ്ടതല്ലേ? കാതങ്ങളിനിയും താണ്ടേണ്ടതുണ്ട് നിന്‍റെ നെറുകയിലേക്ക് കയറുവാന്‍ അനുവാദം തന്നാലും".


തെല്ലു മൌനത്തിനു ശേഷം കാറ്റൊന്നടങ്ങിയ നേരം മഹാ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നെവിടെനിന്നോ കേള്‍ക്കുമാറായി വന്യമായ ഒരു മുരള്‍ച്ച പോലെ....അത് മാറ്റൊലി കൊണ്ടെന്‍റെ കാതില്‍ തടഞ്ഞു നിന്നു. "സ്വാഗതം...പവിത്രമായ ഈ ഭൂമി മലിനമാക്കാതെ കടന്നു പോവുക...മംഗളങ്ങള്‍ നേരുന്നു..." ഹിമവാന്‍റെ സ്വഗാതം. തൊട്ടടുത്ത നേരം ആഞ്ഞു വീശിയ ഹിമാക്കാറ്റില്‍ മുഖം മറച്ചപ്രത്യക്ഷനാവുകയും ചെയ്യ്തു. പിന്നെ കാണുന്നത് ആ മഹാ മേരുവിന്‍റെ പാദങ്ങള്‍ മാത്രം. ഹിമാവാന്‍റെ കുസൃതി. തന്‍റെ നെറുകയിലേക്ക് കയറുന്നവന്‍റെ ധൈര്യവും, സ്തൈര്യവും, ശാരീരിക ക്ഷമതയും പരീക്ഷിച്ച് തന്‍റെ നെറുകയില്‍ കയറുവാന്‍ അവന്‍ യോഗ്യനാണോ എന്നുറപ്പ് വരുത്തുവാനെന്നവണ്ണം കഠിനമായ പരീക്ഷണങ്ങളാണ് പിന്നെ.

യാത്രാവിവരണം തുടങ്ങുന്നതിനു മുന്‍പ് രൂപ്കുണ്ടിനെ ചുറ്റിപ്പറ്റിയുള്ള ചില കേട്ടറിവുകള്‍...ചരിത്രത്തിലതിന് എത്ര മാത്രം പ്രാധാന്യം ഉണ്ടെന്നറിഞ്ഞു കൂടാ. എങ്കിലും ആ മേഖലകളെ നമുക്ക് രണ്ടായി തരം തിരിക്കാം. ദേവ് പ്രധാന്‍ - ദേവി പ്രധാന്‍. കുമായോണ്‍ പര്‍വ്വത നിരകളെ ഇങ്ങനെ തരം തിരിക്കുവാനാണെളുപ്പം.


കുമായോണ്‍ പര്‍വ്വതനിരകള്‍

(കുമായോണ്‍ ഹിമാലയ പര്‍വ്വത ശിഖരങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. നിബിഡ വനങ്ങളാലും മഞ്ഞുറഞ്ഞ് കിടക്കുന്ന പര്‍വ്വതങ്ങളാലും സമൃദ്ധമായൊരിടം. മനുഷ്യ ഗന്ധമേല്‍ക്കാത്ത കാടുകള്‍ ഘോര മൃഗങ്ങളാല്‍ സമ്പന്നമാണ്. അവിടങ്ങളില്‍ മാത്രം കിട്ടുന്ന ചിലയിനം അപൂര്‍വ്വ മരുന്ന് ചെടികള്‍ മാരകമായ പല അസുഖങ്ങള്‍ക്കും ഫലപ്രദമാണ്. മുപ്പതിലധികം കൊടുമുടികളും, അതില്‍ ചിലത് 5550 മീറ്റര്‍ വരെ ഉയരമുള്ളവ, ഗോരി, ധൌളി, കാളി എന്നിങ്ങനെ ചില നദികളുടെ ഉല്‍ത്ഭവ സ്ഥാനവുമായ കുമായോണ്‍ ഏകദേശം 225 കി. മീ. നീളത്തിലും 65 കി. മീ. വീതിയിലുമാണ് സ്ഥിതി ചെയ്യുന്നത്. കൂര്‍മാജ്ഞല്‍ അഥവാ കൂര്‍മാവതാരത്തിന്‍റെ ദേശം എന്നാണ് പുരാണങ്ങളിലുള്ള പേര്. കൃഷ്ണാവതാരമായ കൂര്‍മവുമായി ബന്ധപ്പെട്ടു കിടക്കുന്നു ഐതീഹ്യം.)

ചരിത്രത്തിലെ ഏതോ മഹാ നിഘൂഡമായ ദൌത്യവുമായി ഏതോ അജ്ഞാതമായ ലക്ഷ്യത്തിലേക്ക് പോയ അഞ്ഞൂറിലധികം വരുന്ന സംഘമാണ് തണുത്തുറഞ്ഞ ആ ഹിമ ഭൂമിയില്‍ കൊല്ലപ്പെട്ടത്. രണ്ടു മീറ്റര്‍ ആഴമുള്ള ഈ രഹസ്യങ്ങളുടെ തടാകത്തിന്‍റെ വശങ്ങള്‍ എപ്പോഴും മഞ്ഞുറഞ്ഞ് കിടക്കും. പില്‍ക്കാലത്ത് നടന്ന പല പരീക്ഷണങ്ങള്‍ക്കും വ്യക്തമായ ഒരുത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ഈ സ്നോ ഗ്രേവ്‌യാടിനെക്കുറിച്ച്. അല്ലെങ്കില്‍ അവിടെ കൊല്ലപ്പെട്ട ആളുകളുടെ യാത്ര ലക്ഷ്യമെതെന്നോ അവര്‍ എവിടെ നിന്നു വന്നുവെന്നോ, എങ്ങനെ കൊല്ലപ്പെട്ടുവെന്നോ ഒന്നും ആര്‍ക്കുമറിയില്ല ചില ഊഹാപോഹങ്ങളാണ് ഉള്ളത്. മറ്റൊരു കേട്ടുകേള്‍വി അവിടെ നിന്നും കണ്ടെടുത്ത മനുഷ്യ അസ്ഥികള്‍ക്ക് പത്തടിയിലധികം ഉയരമുണ്ടെന്നതാണ്. അത് പോലെ കുതിരകളുടെ സ്കെലിട്ടനും സാധാരണ കുതിരകളെക്കാള്‍ വലുപ്പമുള്ളവയെന്നും. ലോകത്തൊരിടത്തും ഇത്ര ഉയരമുള്ള ഒരു ജനവിഭാഖം ഉണ്ടായിരുന്നതായി ചരിത്രത്തില്‍ പറയപ്പെടുന്നില്ല. മറ്റൊന്ന്, ടിബറ്റിലെ യുദ്ധം കഴിഞ്ഞു മടങ്ങി വരികയായിരുന്ന കാശ്മീരിലെ ജെനറല്‍ സോരാവര്‍ സിങ്ങും പടയാളികളും ഹിമാപാതത്തിലകപ്പെട്ടു മരിച്ചതാണെന്നും പറയപ്പെടുന്നു. ഏതായാലും ഒരു പാട് രഹസ്യങ്ങളും പേറി ആ അസ്ഥികൂടങ്ങള്‍ കാലത്തിനോ സയന്‍സിനോ വായിച്ചെടുക്കുവാന്‍ പറ്റാതെ തണുത്തുറഞ്ഞ ആ ഹിമ ഭൂമിയില്‍ അജ്ഞാതമായ ഏതോ ലക്ഷ്യത്തിലേക്ക് പൂര്‍ത്തിയാക്കുവാന്‍ പറ്റാത്ത ഏതോ മിഷന്‍റെ നഷ്ട ദു:ഖവും പേറി ശൂന്യമായ കണ്ണുകളുമായി.....

പ്രേരണ - തയ്യാറെടുപ്പുകള്‍.

എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് ഇന്‍റെര്‍നെറ്റില്‍ കണ്ട, രൂപ്കുണ്ടില്‍ നിന്നും 1924 ല്‍ നന്താ ദേവി ഗെയിം റിസേര്‍വ് - റെയിഞ്ചര്‍ എച്. കെ. മധ്വാള്‍ കണ്ടെടുത്ത തലയോട്ടികളുടെ ചിത്രമാണ്. ശൂന്യമായ ആ തലയോട്ടിയുടെ നേത്രദ്വാരത്തിലേക്ക് നോക്കിയപ്പോള്‍ അജ്ഞാതമായ എന്തോ ഒന്ന് അവക്കെന്നോട് പറയുവാനുള്ളത് പോലെ തോന്നി. എ.ഡി. 850 ല്‍ നടന്നുവെന്ന് അനുമാനിക്കപ്പെടുന്ന ഭീകര നര ഹത്യയുടെ ബാക്കിപത്രമായ ആ അസ്ഥിക്കൂടങ്ങള്‍ എന്നെ എന്തിനോ വേണ്ടി അങ്ങോട്ട്‌ ക്ഷണിക്കുന്ന പോലെ....കടമ്പകളേറെയുണ്ടെന്നറിയാമായിരുന്നിട്ടും അങ്ങോട്ട്‌ പോകുവാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ നടത്തിയ ട്രെക്കുകളില്‍ ഏറ്റവും ദുര്‍ഘടം എന്ന് പറയാവുന്ന ഈ യാത്രക്ക് ആദ്യാനുമതി വേണ്ടത് എന്‍റെ ഭാര്യയുടെതായിരുന്നു. എനിക്കറിയാമായിരുന്നു അവളതിനു സമ്മതം തരുമെന്ന്. ഞങ്ങളൊന്നിച്ചായതിനു ശേഷം നാളിതുവരെ എന്നിലെ കലാകാരനെ, അന്വേഷിയെ, നിരീക്ഷകനെ നിരുല്‍ത്സാഹപ്പെടുത്തുന്ന ഒരു തീരുമാനവും അവളെടുത്തിട്ടില്ല അതിന്‍റെ തിക്തഫലം എത്രയെന്നറിയാമായിരുന്നിട്ടും. അതെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്‍റെ മടക്കവരവിനുള്ള സാധ്യത ചോദ്യരൂപത്തില്‍ രൂപ്കുണ്ടിനോളം വലുപ്പത്തില്‍ ഭീഷണമായി നിന്നപ്പോളും അവളുടെ പെണ്മനസ്സു പതറാതെ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. പിന്നീടങ്ങോട്ട് രൂപ്കുണ്ട് യാത്രക്ക് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുകയെന്നതായിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് തന്നെ വേണ്ടിവന്നു. ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്കില്‍ കാലത്തെ തന്നെ എന്‍റെ പ്രീയപ്പെട്ട സ്കോര്‍പ്പിയോ ഓടിച്ചു പോയി വ്യായാമങ്ങള്‍ ആരംഭിക്കും. ചിലപ്പോള്‍ മയൂര്‍ വിഹാറിലെ ക്ഷിതീഷിന്‍റെ വീടിനു തൊട്ടടുത്തുള്ള പാര്‍ക്കിലും അവനോടൊപ്പം വ്യായാമത്തിലേര്‍പ്പെടും. പിന്നെ രൂപ്കുണ്ട് യാത്രയെപറ്റിയും മറ്റും കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ചു. സാധാരണ ട്രെക്കുകള്‍ക്ക് വേണ്ട സന്നാഹങ്ങള്‍ മതിയാകില്ലായിരുന്നു 5029 മീറ്റര്‍ ഉയരത്തിലുള്ള രൂപ്കുണ്ടെന്ന നിഘൂഡ ഹിമഭൂവിലെത്താന്‍. ഗ്ലൌസ്, ഷൂസ്, മഞ്ഞിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങള്‍, ഗൂഗിള്‍സ്, പാടുകള്‍, മെഡിസിന്‍, ഭക്ഷണം അങ്ങനെ എല്ലാം ഒരുക്കി ഞങ്ങള്‍ ആറു പേര്‍ സന്നദ്ധരായി രൂപ്കുണ്ടിന്‍റെ അതീവ ഗുപ്തമായ മഞ്ഞുറഞ്ഞ രഹസ്യങ്ങളില്‍ എ.ഡി. 850 ല്‍ അരങ്ങേറിയ ദുരന്ത നാടകത്തിന്‍റെ കാരണങ്ങള്‍ മനസ്സുകൊണ്ട് അളക്കുവാന്‍ വേണ്ടി.

തുടരും...

അങ്ങിനെ ആ ദിവസം വന്നെത്തി. 28.Spet.2007. മുന്‍ക്കൂട്ടി നിശ്ചയിച്ച പ്രകാരം എല്ലാവരും നിസാമുദീന്‍ റയില്‍വേ സ്റ്റേഷനില്‍ കൃത്യ സമയത്ത് തന്നെ എത്തിയെങ്കിലും. ഞാനും ക്ഷിതീഷും ഡല്‍ഹിയിലെ റോഡുകളിലെ വൈകുന്നേരത്തെ അഴിയാത്ത കുരുക്കില്‍ പെട്ടു. പോരാത്തതിന് തുള്ളിക്കൊരുകുടം മാതിരി പെയ്യുന്ന മഴയും. പൊതുവേ മഴയെ വല്ലാതെ സ്നേഹിക്കുന്ന ഞാന്‍ മഴയെ കുറച്ചു നേരത്തേക്കെങ്കിലും ദേഷ്യത്തോടെ നോക്കി. സമയവും ഞങ്ങളും തമ്മില്‍ അതി ഭയങ്കര പോരാട്ടം തന്നെ നടന്നു. ഒടുവില്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും നീങ്ങി തുടങ്ങിയ സമയത്ത് ഞങ്ങള്‍ സ്റ്റേഷനില്‍ എത്തുകയും ഒരു വിധത്തത്തില്‍ വണ്ടിയില്‍ കയറി പറ്റുകയും ചെയ്യ്തു. ഡല്‍ഹിയില്‍ നിന്നും ഞങ്ങളുടെ ആദ്യ ലക്‌ഷ്യം കധ്ഗോധാം എന്ന സ്ഥലമായിരുന്നു. റാണികേത് എക്സ്പ്രെസ്സിലായിരുന്നു യാത്ര. ഏകദേശം 350 കി.മി യോളം വരുന്ന യാത്രയായിരുന്നു അത്. പിറ്റേന്ന് വെളുപ്പിന് ആര് മണിക്കാണ് ഞങ്ങള്‍ കധ്ഗോധാം എത്തിയത്. ഇനിയങ്ങോട്ടുള്ള കുറെ നാളുകള്‍ മരണത്തെ മുഖാമുഖം കണ്ടുള്ള യാത്രയാണെന്ന് ഉത്തമ ബോധമുള്ളത് കൊണ്ട് ടീം ലീഡര്‍ ചിത്രാംഗ് രാത്രി യാത്രയിലുടനീളം സ്വീകരിക്കേണ്ട സേഫ്ടി മേശേഴ്സിനെ കുറിച്ച് ഞങ്ങളോട് ഡിസ്ക്കസ് ചെയ്യുകയായിരുന്നു. ടീമിന്‍റെ മൊത്തം യാത്രയുടെ വീഡിയോ കവറേജ് ഞാനാണ് എടുക്കേണ്ടത്. ദുര്‍ഘടമായ വഴികളില്‍ അതെങ്ങനെ ചെയ്യുമെന്ന ആശങ്കയും എനിക്കുണ്ടായിരുന്നു. അത്യാവശ്യം ബാക്കപ്പുള്ള ബാറ്ററി കയ്യില്‍ കരുതിയിരുന്നു പിന്നെ വീഡിയോ ടേപും. അത് കൊണ്ട് വളരെ സൂക്ഷിചായിരുന്നു ക്യാമറയുടെ ഉപയോഗം. സംസാരത്തിനിടയില്‍ ഓരോരുത്തരായി മയങ്ങുവാന്‍ തുടങ്ങി. എല്ലാവരും ഉറങ്ങിയപ്പോഴും എനിക്കുരങ്ങുവാന്‍ കഴിഞ്ഞില്ല. ഇരുട്ടില്‍ തകര്‍ത്തു പെയ്യുന്ന മഴ....പുറം കാഴ്ചകള്‍ ഒന്നും തന്നെയില്ലെങ്കിലും ഞാന്‍ വെറുതെ ജാലക ചില്ലില്‍ വന്നു പതിച്ചു കാറ്റ് പിടിച്ചു വലിഞ്ഞു മാറുന്ന മഴ വെള്ളത്തെ നോക്കി വെറുതെ കിടന്നു.......... ഡല്‍ഹിയിലെ ഫ്ലാറ്റില്‍ മഞ്ജുവിനെ ഒറ്റയ്ക്ക് വിട്ടു വരുവാന്‍ മനസ്സനുവദിച്ചില്ല അത് കൊണ്ട് മഞ്ജുവിന്‍റെ കൂട്ടുകാരി ബംഗാളിയായ ശിബാനിയുടെ വീട്ടിലാക്കിയിട്ടാണ് ഞാന്‍ പോന്നത്. രണ്ടു പേരും യു. കെ യിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയുടെ സൌത്ത് ഏഷ്യ റീജിയണല്‍ ഓഫീസില്‍ മാനേജര്‍മാരാണ്. മാത്രമല്ല ശിബാനിയുടെ വീട് ഒഫീസിന്‍റെ കുറേക്കൂടി അടുത്തുമാണ്. ആദ്യമായാണ്‌ ഞാന്‍ എനിക്കേറെ പ്രീയപെട്ട എന്‍റെ സ്കോര്‍പിയോ ഇല്ലാതെ ഒരു ട്രെക്കിംഗ് നടത്തുന്നത്. അതിനൊരു കാരണവും ഉണ്ടായിരുന്നു. വാണ്‍ എന്ന സ്ഥലത്ത് മൊടോറബിള്‍ റോഡ്‌ അവസാനിക്കും പിന്നെ അവിടുന്നങ്ങോട്ട് നടത്തമാണ്. രൂപ്കുണ്ട് ക്രോസ് ചെയ്യ്ത് അതിനുമപ്പുറം ശില സമുദ്രവും കടന്നു മറ്റൊരു സ്ഥലത്താണ് ഞങ്ങള്‍ എത്തി ചേരുന്നത്. അപ്പോള്‍ എന്‍റെ വണ്ടിയില്‍ വന്നാല്‍ അതിനെ വാണില്‍ നിര്‍ത്തിയിട്ടു പിന്നെ ട്രെക്കിംഗ് കഴിഞ്ഞു വീണ്ടു രണ്ടു ദിവസം വേറെ ജീപ്പില്‍ കയറി വാണില്‍ വരണം അത് കൊണ്ടാണ് ആ പദ്ധതി വേണ്ടെന്നു വെച്ചത്. അങ്ങനെ ഓരോന്നും ആലോചിച്ചു കിടന്നു എപ്പോഴോ ഞാന്‍ നിദ്രയുടെ പീലിതുമ്പില്‍ പറ്റിപിടിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് പുലരുമ്പോള്‍ ഞങ്ങള്‍ ഏകദേശം കധ്ഗോധാം എത്തിയിരുന്നു.

തുടരും.....

സമയം രാവിലെ 6.30. കധ്ഗോധം റെയില്‍വെ സ്റ്റേഷന്‍.

എമര്‍ജെന്‍സി വിന്‍ഡോയുടെ വശത്തായിരുന്നു രൂപേഷ് ഇരുന്നിരുന്നത് അത് കൊണ്ട് വിന്‍ഡോയുടെ കമ്പികള്‍ മുഴുവനും ഉയര്‍ത്തി വെച്ച് ലഗേജ്ജുകള്‍ പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറക്കുവാന്‍ സാധിച്ചു.മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു ഞാന്‍ മഴ കൊള്ളാതെ എന്‍റെ ബാഗുമെടുത്ത് പുറത്തേക്ക് നടന്നു. ചുവപ്പ് ഷര്‍ട്ടിട്ട ചില കൂലികള്‍ ഞങ്ങളുടെ അടുത്തേക്ക് വന്ന് ടാക്സിയോ മറ്റോ വേണമോയെന്നന്വേ ഷിച്ച് തിരികെ പോയി. ഞങ്ങള്‍ മുന്‍ക്കൂട്ടി ഏര്‍പ്പാടാക്കിയ സുമോ എത്തുവാന്‍ കുറച്ചു നേരമെടുത്തു. ഞാന്‍ വീഡിയോ എടുക്കുവാന്‍ വേണ്ടി ക്യാമറയും എടുത്ത് പ്ലാട്ഫോമിലൂടെ നടന്നു. പഴമ തോന്നുന്ന ഒരു തീവണ്ടി സ്റ്റേഷന്‍.

മുന്നിലെ തൂണിന്‍റെ ചുവട്ടില്‍ നേപാളിയെന്നു തോന്നുന്ന ഒരു കൂലി കയ്യിലിട്ടു എന്തോ തിരുമ്മുന്നു. എന്നെ കണ്ടപ്പോള്‍ പരിചയ ഭാവത്തില്‍ നോക്കി മെല്ലെ ചിരിച്ചു.

തൊട്ടരുകില്‍ നിറയെ രോമമുള്ള ഒരു നായ കിടക്കുന്നു. അതിനുപിന്നില്‍ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ട്രെക്കിങ്ങിനുപയോഗിക്കുന്ന കുറെ വസ്തുക്കളുടെ അരുകില്‍ ഒരു സായ്പ്പ് കിടന്നുറങ്ങുന്നു. കധ്ഗോധാം മുതല്‍ പിന്നീടങ്ങോട്ട് ട്രെക്കുകള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. വിദേശികളും സ്വദേശികളും ഒക്കെ ട്രെക്കിങ്ങിനായി അവിടെ വന്ന് പോകുന്നു. ഒരു ചായ കുടിക്കുവാന്‍ വല്ല വഴിയുമുണ്ടോ എന്ന് നോക്കുമ്പോള്‍ ക്ഷിതീഷും രൂപേഷും ചിത്രാഗും സ്റ്റേഷന് പുറത്തേക്ക് പോകുന്നത് കണ്ടു. നേപ്പാളി കൂലി ഒരു ബീടിയെടുത്ത് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി കയ്യില്‍ വെച്ചു. അയാള്‍ പിന്നെയും ഹൂക്കയെടുത്ത് കയ്യിലിട്ടു തിരുമ്മുന്നതിനിടയില്‍ ചോദിച്ചു..."കാ ജാരെ സാബ്" ഞാന്‍ മറുപടി നല്‍കി.
"അഛാ! വാപേ മോസം ബഹുത് ഖരാബെ സാബ്ജി.....കിന്നി ലോക് ഹേ ആപ് കെ സാത്"

"ഛെ ലോക് ഹേ"... അയാള്‍ തലയാട്ടിയ ശേഷം പറഞ്ഞു..

"രൂപ്കുണ്ട് കെ ബാരെ മേ ഹംനെ ബഹുത് സുന..മഗര്‍ വാപേ കൈസേ ജാ സക്തെ സാബ്......ആപ് ബീഡി പീയോ ജി... സംസാരത്തിനിടയില്‍ അയാള്‍ എന്നെ ഓര്‍മ്മപ്പെടുത്തി വീണ്ടും തുടര്‍ന്ന്. അഭി ഹാം ബൂട ഹോഗയാ... ഞാന്‍ അയാള്‍ തന്ന ബീഡി കത്തിച്ചു പുകച്ചു...ഹോ...കടുകട്ടി...കഞ്ചാവിനു തുല്യമായ എന്തോ ഒന്ന്....അയാള്‍ എന്നെ നോക്കി ചിരിച്ചു.

ദേഖോ...സാബ് യെ ഫിരങ്കി ഭി ട്രെക്ക് കേലിയെ ആയ..വോ അകേല ഹേ മേരെ ക്യാല്‍ സെ...ഫിരങ്കി ലോക് ഐസ ഹേ...പൂര ദുനിയെ വോ അകേലേ ധൂന്ദ് രേതെ"..ഇന്‍ ലോകോം..അവിടെ കിടന്നുറങ്ങുന്ന സായിപ്പിനെ പറ്റിയാണയാള്‍ പറഞ്ഞത്.

അയാളുമായി സംസാരിക്കുന്നതിനിടയില്‍ സ്റ്റേഷന് പുറത്തേക്ക് പോയവര്‍ തിരികെയെത്തി. രൂപേഷ് എന്നെ അങ്ങോട്ട്‌ ചെല്ലുവാന്‍ വിളിച്ചു.

തുടരും...

നേരത്തെ ബുക്ക് ചെയ്യ്തിരുന്ന സുമോ ജീപ്പ് അല്‍പം വൈകിയാണ് സ്റ്റേഷനിലെത്തിയത്. കിട്ടിയ നേരം ഞാന്‍ ക്യാമറയുമെടുത്ത് പരിസരമൊക്കെ ഒന്ന് പകര്‍ത്തുവാന്‍ വേണ്ടി നടന്നു. മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു. കുറെ ബാലന്മാര്‍ ഒരു അലൂമിനിയ പാത്രത്തില്‍ എണ്ണ നിറച്ച് അതില്‍ ഒരു തകിടും മനുഷ്യ രൂപത്തില്‍ വെട്ടിയിട്ട് അതില്‍ നാരങ്ങ പച്ചമുളക് തുടങ്ങിയവ കൊണ്ട് മാലയും ചാര്‍ത്തി "ശനി മഹാരാജ് " എന്നും പറഞ്ഞ് പൈസക്കു വേണ്ടിനടക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ബന്യ വംശക്കാരനായ മാസം ഒരു ലക്ഷത്തിനു മേല്‍ ശമ്പളം വാങ്ങിക്കുന്ന തരുണ്‍ ഗോയല്‍ ഒരു ബാലനെ പിടിച്ചു നിര്‍ത്തി ചോദിച്ചു .."ഒയെ!! യെ ശനി മഹാരാജ് കോനെ ബായ്...". ശനി മഹാരാജ് എന്ന് പറയുവാനല്ലാതെ അതാരാണെന്നു പറയുവാന്‍ അവനറിയില്ലായിരുന്നു. സംഭവം പന്തിയല്ലെന്ന് കണ്ടു അവന്‍ വേഗം സ്ഥലം വിടാനൊരുങ്ങി. ബന്യകള്‍ പണത്തിന്‍റെ കാര്യത്തില്‍ വളരെ ഉറച്ച നിലപാടുള്ളവരാണ്. തരുണും അങ്ങനെ തന്നെ. പോകാനൊരുങ്ങിയ ബാലനെ പിടിച്ചു നിര്‍ത്തി തൊലി പൊളിച്ചു വിട്ടു. തരുണിനു സന്തോഷം...എന്നിട്ടെന്തോ മഹാ കാര്യം ചെയ്യ്ത പോലെ തെല്ലകലെ നിന്നിരുന്ന എന്നെ നോക്കിയൊരു ചിരി...തണുപ്പും .... മഴയും.... എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടു കാര്യങ്ങള്‍...അതാസ്വദിച്ച് മെല്ലെ നടന്നു...അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകുവാനുള്ള വണ്ടി സ്റ്റെഷനിലേക്ക് എന്നെ കടന്നു പോയി. ഡല്‍ഹിയില്‍ വെച്ച് എനിക്ക് പരിചയമുള്ള ഡ്രൈവര്‍ ആയിരുന്നു അത്. ക്ഷീതിശായിരുന്നു ട്രാന്‍സ്പോര്‍ട്ടേഷന്‍ ചുമതല. ഇയാളാണ് കത്ഗോധാമില്‍ നിന്നും ഞങ്ങളുടെ ഡ്രൈവര്‍ എന്നൊന്നും അവന്‍ എന്നോട് പറഞ്ഞിരുന്നില്ല...അത് കൊണ്ട് തന്നെ അയാള്‍ വണ്ടിയുമായി പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി...ഇയാളെങ്ങിനെ കത്ഗോധം എത്തിയെന്ന് വിചാരിച്ച്. അയാള്‍ ഡല്‍ഹി വിട്ടിപ്പോള്‍ ഇവിടെയാണ്‌ ഓട്ടം.

കത്ഗോധാമില്‍ നിന്നും ചെറുതായി ഭക്ഷണം കഴിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി...ഞാന്‍ ക്യാമറമാനായത് കാരണം എപ്പോഴും ഒരു കംഫര്‍ടബിള്‍ സീറ്റ് കിട്ടും യാത്രയില്‍. ഗൊവാല്‍ധാമായിരുന്നു അടുത്ത ലക്‌ഷ്യം. വഴിയില്‍ പലയിടത്തും മണ്ണിടിച്ചിലും മഴയും മൂലം യാത്ര പലയിടത്തും തടസ്സപ്പെട്ടു. ഈ യാത്രയുടെ ഒരു രസവും ഇത് പോലുള്ള അണ്ഫോര്‍സീനായ തടസ്സങ്ങള്‍ തന്നെയാണ്. അതിനെ എങ്ങിനെ തരണം ചെയ്യാം എന്ന ചിന്തയാണ് എന്നെ ഇപ്പോഴും ആവേശം കൊള്ളിക്കാറുള്ളത്. ഉദ്ദേശിച്ചതിലും ഒത്തിരി വൈകിയാണ് ഗൊവല്‍ധാമിലെത്തിയത്. കുത്തി നിറച്ച ഇരുട്ടിലൂടെ മലമടക്കുകളിലൂടെ ആടിയും കുലുങ്ങിയും ഏറെ പ്രയാസപ്പെട്ടാണ് ലക്ഷ്യത്തിലെത്തിയത്. മലമുകളില്‍ നിന്നും കനത്ത മഴയത്ത് ഒരു വലിയ പാറ വന്നു വണ്ടിക്കു മുകളില്‍ വീണാല്‍ എല്ലാം തീര്‍ന്നു. ആ ഭയം ഉള്ളിലുണ്ടെങ്കിലും എവിടെ നിന്നോ ഒരു ധൈര്യം...അത് ധൈര്യമാണോ എന്ന് ഇപ്പോഴും തീര്‍ത്ത് പറയുവാന്‍ കഴിയുന്നില്ല....

ഗൊവല്‍ധാമില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു ഹോട്ടലിലായിരുന്നു ഭക്ഷണം.
അവിടെ വൈദ്യുതി ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കുകളായിരുന്നു പിന്നെ അതിന്‍റെ പുകയും.മദ്യവും വിളമ്പിയിരുന്നു. ചില ഗ്രാമ വാസികള്‍ അടിച്ചു കോണ്‍ തിരിഞ്ഞു നക്ഷത്രമെണ്ണി അവിടവിടെ ബീഡിയും വലിചിരിപ്പുണ്ടായിരുന്നു. ആ ഗ്രാമത്തിലാകെ ആയിരത്തില്‍ താഴെ ആളുകളെ ഉള്ളൂ. ഞാന്‍ അകത്തു കയറി ക്യാമറ ചലിപ്പിച്ചു തുടങ്ങിയതും ഒരുത്തന്‍ കുടിച്ചു ലക്ക് കേട്ട് കസേരയും മറിച്ച് ദേ കിടക്കുന്നു ധരണിയില്‍.... അവിടത്തെ ഭക്ഷണം...ആഹാ...പറയാതെ വയ്യ....അപാരമായ സ്വാദായിരുന്നു....ചപ്പാത്തിയും കോഴിക്കറിയും...

അവിടെ അടുത്ത് തന്നെയായിരുന്നു ഞങ്ങളുടെ താമസ സ്ഥലം. സമയം രാത്രി പന്ത്രണ്ടരയോടടുത്തിരുന്നു. ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി... ഇരുട്ടിനും ചീവീടുകളുടെ സ്വരത്തിനും ഒക്കെ അപ്പുറത്ത് അകലെ നീല വെട്ടത്തിന്‍റെ ഒരു നേര്‍ രേഖയില്‍ പര്‍വതങ്ങള്‍ കാണാം.... ഞാന്‍ മൊബൈലെടുത്ത് മഞ്ജുവിനെ വിളിച്ചു...ഇവിടെ തണുത്തു വിറച്ചു ഇരുട്ടില്‍ മുങ്ങി മൂടി നില്‍ക്കുന്ന മനുഷ്യനും മൃഗങ്ങളും ഒക്കെ ഉറങ്ങിയ ഈ നാട്ടില്‍ നിന്നും ഒക്കെ അകലെ ഡല്‍ഹിയുടെ ചടുലതയില്‍ നിന്ന് ഒട്ടും ഉറക്കച്ചടവില്ലാതെ മഞ്ജു ഫോണെടുത്തു.... ആഹ! മലകയറ്റക്കാരന്‍ ഇതുവരെ ഉറങ്ങിയില്ലേ? എന്നായിരുന്നു ആദ്യ ചോദ്യം..പിന്നെ പതിവ് പോലെ ഓഫീസ് വിശേഷങ്ങള്‍....ശിബാനി അങ്ങനെ പറഞ്ഞു....ഗോവിന്ദ് ഇങ്ങനെ പറഞ്ഞു.....അപ്പൊ സോണിയ ഇങ്ങനെ പറഞ്ഞു...എന്നൊക്കെ... ചുമ്മാ മൂളി കൊടുത്താല്‍ മതി...അവള്‍ക്കു സന്തോഷം... "അച്ചു ഭക്ഷണം കഴിച്ചോ? ഇനി നാളെയെങ്ങോട്ടാ...സൂക്ഷിക്കണേ അച്ചു.." അങ്ങനെ ചില ഉപദേശങ്ങളും.

പിറ്റേന്ന് വീണ്ടും മനോഹരമായ പ്രഭാതം. സാധനങ്ങളെല്ലാം വണ്ടിയില്‍ കയറ്റി കൂടുതല്‍ ഉയരങ്ങളിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. പതിവ് പോലെ ലാന്‍ഡ് സ്ലയിടുകളും മഴയുമൊക്കെയായി ഞങ്ങള്‍......ഒരു സ്ഥലത്ത് മണിക്കൂറുകള്‍ തന്നെ കുടുങ്ങിപ്പോയി.പക്ഷെ ഘോനി എന്ന സ്ഥലത്ത് ഞങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയി. മൊബയിലുകളൊന്നിലും റെയിഞ്ചില്ല.... ഒരു പടുക്കൂറ്റന്‍ പറയും പിന്നെ കുറെ മണ്ണും ഇടിഞ്ഞു റോഡില്‍ കിടക്കുന്നു..അവിടെ നില്‍ക്കുന്നതും അപകടമാണ്. കാരണം വലതു വശത്ത് അഗാധമായ കൊക്കയും ഇടതു വശത്ത് സ്ലയിടിംഗ് റോക്സ് ഉള്ള മലയും. ഒരു വണ്ടിയുടെ എഞ്ചിന്‍ മുരള്‍ച്ചയോ ഹോണിന്‍റെ പ്രതിദ്വനിയോ ധാരാളം മതി പാറകള്‍ ഇളകാന്‍. ഞങ്ങളവിടെ നില്‍ക്കുമ്പോഴും തലയുടെ അത്ര വലുപ്പമുള്ള പാറകഷണങ്ങള്‍ താഴേക്കു വീഴുന്നുണ്ടായിരുന്നു.വിവേഴ്സ് എടുക്കുവാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥ. ഒരു വിധം റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഒരു വലിയ പാറയുടെ അടിയില്‍ വണ്ടി പാര്‍ക്ക് ചെയ്യ്തു. അതും സുരക്ഷിതമല്ല എന്ന് കണ്ടപ്പോള്‍ കുറെയധികം പുറകോട്ടു വന്നു കൊക്കയോട് ചേര്‍ത്ത് വണ്ടി പാര്‍ക്ക് ചെയ്യ്തു.ഇനി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഏതെങ്കിലും ഗ്രാമത്തില്‍ നിന്നും അപ്പുറത്തെ വശത്ത് വല്ല വണ്ടിയും വരുന്നതുവരെ കാത്തിരിക്കണം. മൂന്ന് നാല് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ജീപ്പ് നിറയെ ആള്‍ക്കാരും സാധനങ്ങളുമായി അപ്പുറത്ത് വന്നു നിന്നു. രണ്ടു വണ്ടികളിലുള്ളവര്‍ക്കും ഒറ്റ വഴിയെയുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വണ്ടി മറ്റേ വാഹനത്തിലെ യാത്രക്കാരുമായി തിരിച്ചു ഗൊവാല്‍ധാമിലേക്ക് പോവുക പകരം ഞങ്ങള്‍ അപ്പുറത്ത് നിന്നും വന്ന ജീപ്പില്‍ കയറി മുന്നോട്ടു പോവുക....പക്ഷെ അതൊരു സുമോ പോലെ അടച്ചുപ്പൂട്ടുള്ള വാഹനമായിരുന്നില്ല. മഹീന്ദ്രയുടെ ഒരു ജീപായിരുന്നു....തുടരും...

അത്യധികം സാഹസികമായ ഓഫ് റോഡ്‌ യാത്രയായിരുന്നു അത്.  ഗോവാല്‍ധാമില്‍ നിന്ന് ഞങ്ങളുടെ കൂടെ കൂടിയ മൂന്ന് ഷെര്‍പ്പകളും കൂടിയായപ്പോള്‍ വണ്ടിക്കകത്ത് ആകെ ഞെരുക്കമായി. ഞാനും ഷെര്‍പ്പകളും വണ്ടിക്ക് മുകളിലായി പിന്നീടുള്ള യാത്ര. ഉച്ചയോടെ ഞങ്ങള്‍ ഒരു വിധത്തില്‍ ലോഹര്‍ഗഞ്ച് എത്തി. അത്യാവശ്യം ചില കടകളും പിന്നെ മനോഹരമായ ചെറിയ ഒരു റിസോര്‍ട്ടും അവിടെ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ഒരു ചെറിയ കുന്നിന്‍റെ മുകളില്‍ ഒരു പെണ്‍കുട്ടിയും യുവാവും കൈകോര്‍ത്ത് നടക്കുനത് എന്‍റെ ദൃഷ്ടിയില്‍ പെട്ടു. ഞാന്‍ അവരുടെ അടുത്തേക്ക്‌ നടന്നു.
സുന്ദരിയായിരുന്നു മനാല്‍ എന്ന് പേരുള്ള ആ ഗദ്വാളി പെണ്‍കുട്ടി. അവളുടെ അമ്മാവനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. പട്ടാളത്തില്‍ സുബെദാറായിരുന്നു ആ യുവാവ്. ലീവിന് വന്നപ്പോള്‍ അനന്തിരവളെയും കൂട്ടി ഊര് ചുറ്റാനിറങ്ങിയാതാണവന്‍. അല്‍പ നേരം അവരോടു സംസാരിച്ചിരുന്നു. പിന്നെ ഞാന്‍ സംഘത്തോടൊപ്പം ചേര്‍ന്നു. അപ്പോഴേക്കും മുട്ട പുഴുങ്ങിയതും കട്ടന്‍ കാപ്പിയും തയ്യാര്‍.
2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ജ്ഞാനപീഠ ജേതാവ് ശ്രീ. ഓ.എന്‍.വി കുറുപ്പിന് ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ പ്രണാമം.

ആത്മാവില്‍ മുട്ടിവിളിച്ചു സ്നേഹാതുരമായ് തൊട്ടുരിയാടിയ ആ മഹാ കവിക്ക്‌, ആ അക്ഷര പൂജാരിക്ക് ലളിതമായ ഒരു ചടങ്ങില്‍ വെച്ച് (ബോളിയന്‍ സിനിമാസ് ഓഡിറ്റോറിയം) അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം മലയാളികള്‍ പ്രണാമം അര്‍പ്പിച്ചു. താര നിബിഡമായ ഒരു പാട് ചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊക്കെ ഹൃദ്യമായി തോന്നിയത് ലളിത സുന്ദരമായ ഒരു കാവ്യം പോലെ തോന്നിച്ച ഇന്നലത്തെ ഒത്തു ചേരലായിരുന്നു. ഭൂമിയുടെ മൂടിവെച്ച നിഗൂഡ ഭാവങ്ങള്‍ പൂക്കളായും ശലഭങ്ങളായും മലയാളിക്ക് മുന്നില്‍ ആ മഹാകവിയുടെ ഭാവനയിലൂടെ പെയ്യ്തിറങ്ങുവാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. അതിനു യോജിച്ച വണ്ണം തികഞ്ഞ ലാളിത്യത്തോടെ ഈ ചടങ്ങ് സംഘടിപ്പിച്ച റെജി നന്തിക്കാടിനോട് ഞാന്‍ എന്‍റെ അനുമോദനങ്ങള്‍ അറിയിക്കുന്നു.

കവിയോടുള്ള നിസ്വാര്‍ഥമായ സ്നേഹവും ബഹുമാനവും ഓരോ വാക്കുകളിലും പ്രകടമായിരുന്നു. കവി എന്‍റെ സ്വന്തം എന്ന് ഓരോരുത്തരും സ്വകാര്യമായി പറയുന്ന പോലെ, അഹങ്കരിക്കുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു. ആരെയും ഭാവ ഗായകനാക്കുവാന്‍ മാത്രം സൌന്ദര്യമുള്ള കവിയുടെ കവിത്വം അവിടെ സന്നിഹിതരായിരുന്നവരെ അഭൌമമായ ഏതോ തരംഗ വീചികളിലൂടെ പലപ്പോഴും സ്വാധീനിക്കുന്നത് ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ഒപ്പം ആ മഹാ കവിയുടെ വിര്‍ച്യുവല്‍ പ്രസന്‍സ് (virtual presence) എനിക്കവിടെ അനുഭവവേദ്യമായി എന്നു പറഞ്ഞാല്‍ അതിലൊട്ടും തന്നെ അതിശയോക്തിയില്ല.

നിന്‍റെ അരഞ്ഞാണ ചരടിലെ എലസ്സിനുള്ളില്‍ ആരെയും മയക്കുന്ന മന്ത്രമുണ്ടോ എന്ന കവിതാ ശകലം എന്‍റെ കര്‍ണ്ണപുടങ്ങളുടെ ഓരത്ത് അലയടിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാന്‍ കാവ്യ ഭാവനയുടെ ജ്ഞാനഭൂമിയില്‍ സൃഷ്ടി, സ്ഥിതി ലയങ്ങളുടെയും സംഹാരത്തിന്‍റെയും മൂര്‍ത്തികളായ കവി ഹൃദയത്തിന്‍റെ ഭംഗിയും കവി മനസ്സിന്‍റെ പ്രണയോജ്ജ്വലതയും, കവി ഭാവനയുടെ സാന്ദ്രതയും ഒപ്പം ആഴവും ദര്‍ശിച്ചത്. ജ്ഞാനത്തിന്‍റെ പീഠത്തില്‍ അന്നേ പ്രിയ കവിയായ വയലാറിനെയും ഒപ്പം കുയില്‍ പാട്ടിന്‍റെ ശ്രുതി പിന്തുടരുവാന്‍ എന്നെ പഠിപ്പിച്ച എന്‍റെ കവി ശ്രീ ഓ.എന്‍.വിയെയും കയറ്റി പ്രതിഷ്ടിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പത്താമത്തെ ട്രെക്ക് പാതയായ (trek path) ഹിമാലയത്തിലെ രൂപ്‌കുണ്ഡ് (5,029 metres - 16,499 feet സമുദ്ര നിരപ്പിനു മുകളില്‍) (mysterious lake) കീഴടക്കുവാന്‍ ഞാന്‍ പുറപ്പെട്ട് കാല്‍നടയായ്‌ ഉത്തുംഗ ശ്രുംഗങ്ങളായ കയറ്റങ്ങളും കയറി ധവളിമയാര്‍ന്ന, ശുഭ്രസ്ഥാനിയായ കൈലാസ നാഥന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയിലൂടെ ബെദ്നി ഭുഗ്യാലും, അലി ബുഗ്യാലും, പത്തര്‍ നചൌനിയും കടന്നു കാലു വിനായകിലെത്തി തുടര്‍ന്ന് ബാഗ്വബാസയിലെത്തിയപ്പോള്‍ നയന മനോഹരമായ ആ കാഴ്ച ഞാന്‍ കണ്ടു. തൃശൂല്‍ പര്‍വതം. മേഘങ്ങളെ വെല്ലുവിളിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന തൃശൂല്‍. ഹൃദയം മരവിക്കുന്ന ആ തണുപ്പിലും പത്ത് ദിവസത്തെ ക്ലേശകരമായ മഞ്ഞിലൂടെയുള്ള നടത്തത്തിന്‍റെ വല്ലായ്കയിലും പ്രാണവായു പോലും ദുര്‍ലഭമായ ആ ഉയരത്തിലും അതൊക്കെ മറന്ന് ആനന്ദതിരോകത്താല്‍ ഞാന്‍ നൃത്തം ചവുട്ടി പോയി. ത്രുശൂലിന്‍റെ താഴ്വാരത്തില്‍ പണ്ട് പാര്‍വതി ദേവി നീരാടിയെന്നു പറയപ്പെടുന്ന പൊയ്ക....

അല്‍പം വിശ്രമത്തിനായി പൊയ്കയുടെ അരികിലിരുന്നു ഒരു കൈക്കുടന്ന ജലമെടുത്ത് പാനം ചെയ്യ്തപ്പോള്‍ മനസ്സിലെക്കോടിയെത്തിയത് എന്‍റെ പ്രിയ കവിയുടെ മനസ്സിന്‍റെ പ്രേമ ഭാവന കാറ്റില്‍ തൈല ഗന്ധം പുരട്ടി നീറ്റില്‍ പൊന്നു ചന്തം പാകിയ രാജ ശില്‍പിയിലെ ഗാനമാണ്....പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍...പൊന്‍വെയില്‍ നീരാടും നേരം... അത്രയും മനോഹരമായി അതിനു മുന്‍പോ പിന്‍പോ ഞാനാ ഗാനം പാടിയിട്ടില്ല.

എന്‍റെ മകനെ ആദ്യമായി ഞാന്‍ പടിയുറക്കിയ പാട്ടും ഏതോ നിയോഗം പോലെ ഓ.എന്‍.വിയുടെ തന്നെ താരാട്ട് പാട്ടായിരുന്നു.... ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...എന്നോമലുറക്കമായ് ഉണര്‍ത്തരുതെ... എന്‍റെ ജീവന്‍റെ സ്നേഹത്തിനെ പിരിഞ്ഞിരുന്നപ്പോഴൊക്കെയും ഏഴു കടലുകള്‍ക്കിപ്പുറമിരുന്നു ഞാന്‍ ഒരായിരം തവണ അവള്‍ക്കു പാടികൊടുത്തിട്ടുള്ളതും അതെ കവിയുടെ തന്നെ വിരഹ നൊമ്പരത്തിന്‍റെ, പ്രണയ തീക്ഷ്ണതയും പ്രതീക്ഷയുമുണര്‍ത്തുന്ന അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...ഒരു മാത്ര വെറുതെ നിനച്ചുപോയി....എന്ന ഗാനമാണ്.

ഇങ്ങനെ എവിടെയൊക്കെയോ ഞാനറിയാതെ തന്നെ എന്‍റെ ജീവിതത്തിലെ എല്ലാ പ്രിയ മുഹൂര്‍ത്തങ്ങളിലും ഞാനേറെ സ്നേഹിക്കുന്ന കവിയുടെ അദൃശ്യ സാന്നിധ്യം എങ്ങനെയോ വന്നു ഭവിക്കുന്നു. ഞാനും നിങ്ങളും ഒക്കെ ഏറെ ഭാഗ്യം ചെയ്യ്തവരാണ് കാരണം ഓ.എന്‍.വിയും ദാസേട്ടനും ദേവരാജന്‍ മാഷും തുടങ്ങി ഒട്ടേറെ മഹാന്‍മാര്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുവാന്‍ നമ്മള്‍ക്കവസരം കിട്ടിയെന്നത് തന്നെ. വേഷം കെട്ടിയാടുന്ന ഈ ജീവിത നാടകത്തില്‍ നമ്മള്‍ സൌകര്യപൂര്‍വ്വം പലതും കണ്ടെല്ലെന്നു നടിക്കുമ്പോള്‍ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ..... ഇനിയും മരിക്കാത്ത ഭൂമി...നിന്നാസന്ന മൃതിയില്‍...നിനക്കാത്മശാന്തി....ഇത് നിന്‍റെയും എന്‍റെയും ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നെ കുറിച്ച ഗീതം.....

ബോളിയന്‍ സിനിമാസ് ഓഡിറ്റോറി യത്തിലെ ചടങ്ങിന്‍റെ ഐശ്വര്യം എണ്‍പതിന്‍റെ നിറവിലും ശാരീരികാസ്വാസ്ത്യങ്ങള്‍ ഏറെ ഉണ്ടായിട്ടും അവിടെയെത്തുകയും ഞങ്ങളോടൊക്കെ രണ്ടു വാക്ക് സംസാരിക്കുകയും വേര്‍പിരിഞ്ഞു പോയിട്ടും തന്‍റെ പ്രിയതമയോടുള്ള സ്നേഹത്തിന്‍റെ വിശുദ്ധമായ ഓര്‍മകളില്‍ അറിയാതെ വിതുമ്പിപോയ കൃഷ്ണന്‍കുട്ടി അങ്കിളിന്‍റെ സാന്നിധ്യമായിരുന്നു. അദ്ദേഹത്തെ ആദരിക്കുകയും പുരസ്കാരം നല്‍കുകയും ചെയ്യുവാന്‍ തിരഞ്ഞെടുത്ത ദിവസം ഓ. എന്‍. വിയുടെ കവിതകളുടെ അകമ്പടിയോടെയായിരുന്നു എന്നത് മറ്റാര്‍ക്കും കിട്ടാത്ത ഒരു പുണ്യമാണെന്ന് വേണം കരുതുവാന്‍.

ശശി കുളമടയുടെയും, പാര്‍വതീപുരം മീരയുടെയും, മനോജിന്‍റെയും ഓ.എന്‍.വിയെയും കവിതകളെയും കുറിച്ചുള്ള പ്രഭാഷണവും കവിതാപാരായണവും വളരെ ഹൃദ്യമായിരുന്നു. മുരളീ മുകുന്ദന്‍, തമ്പി, പ്രദീപ്‌ തുടങ്ങി ഒട്ടേറെപേര്‍ കവിയോടുള്ള സ്നേഹവായ്പ്പ് പങ്കുവെക്കുവാന്‍ എത്തിയിരുന്നു.

കവിയോടുള്ള സ്നേഹസൂചകമായി ഞാന്‍ ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം എന്ന ഗാനമാലപിച്ചു.

തുടര്‍ന്ന് മുരളീ മുകുന്ദന്‍റെ നന്ദി പ്രസംഗത്തില്‍ അദ്ദേഹം, വീണ്ടും ഇതുപോലെയുള്ള ഒത്തു ചേരലുകള്‍ ഉണ്ടാവട്ടെയെന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യ്തു. അതിനു ശേഷം ആശൈ ദോശയില്‍ എല്ലാവരും ഒത്തു ചേര്‍ന്ന് ബോളിയന്‍ മോഹന്‍ ചേട്ടന്‍ ഒരുക്കിയ സമൃദ്ധമായ ഭക്ഷണം കഴിച്ച് സേന്ഹാശംസകള്‍ നേര്‍ന്നു പിരിഞ്ഞു.

റെജിയുടെ കളങ്കമില്ലാത്തതും ധീരവുമായ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാനും എന്നെ പോലെ ഭാഷയെ സ്നേഹിക്കുന്നവരും എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു. ഒപ്പം സാഹിത്യത്തെ വേശ്യാവൃത്തി പോലെ കൈകാര്യം ചെയ്യുന്ന, വിഴുപ്പലക്കുന്ന പാപബീജ ജന്മങ്ങളെ സാഹിത്യ ചക്രവാളത്തില്‍ നിന്നും അകറ്റി പ്രവാസി സാഹിത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി മലയാള സാഹിത്യ വേദി അതിന്‍റെ ലക്ഷ്യങ്ങളെ പുല്‍കട്ടെയെന്ന് ആശംസിക്കുന്നു.

ഇത് വായിച്ചു കഴിഞ്ഞവര്‍ "പുലയാടി സാഹിത്യവും പൊട്ടക്കിണറ്റിലെ തവളകളും" എന്ന എന്‍റെ അടുത്ത പോസ്റ്റ്‌ വായിക്കുവാന്‍ താല്പര്യപ്പെടുന്നു. സാഹിത്യത്തെ വ്യഭിചരിക്കുന്ന, വഴി വാണിഭം നടത്തുന്ന, രാഷ്ട്രീയത്തിന്‍റെ അഴുക്കു ചാലുകളിലൂടെ നെറികെട്ട നാണക്കേടിന്‍റെ കഥകളും പേറി സ്വയം പ്രഖ്യാപിച്ച അവാര്‍ഡുകളും അത് കൂലിക്കെടുത്ത മാധ്യമത്തിന്‍റെ രണ്ടു വരി കോളത്തില്‍ വാര്‍ത്തയാക്കി അക്ഷരവിശുദ്ധി എന്തെന്നറിയാത്ത രാഷ്ട്രീയക്കാരന്‍റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി ആത്മ നിര്‍വൃതിയടയുന്ന ചില സ്വയം പ്രഖ്യാപിത സാഹിത്യകാരെക്കുറിച്ചാണ്.

ലണ്ടന്‍ മലയാള സാഹിത്യ വേദി