എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ജൂൺ 22, ചൊവ്വാഴ്ച

ഒരു കലാകാരന്‍റെ പട്ടട - അശോക്‌ സദന്‍റെ ചെറു കഥ


കറുത്ത രാത്രി ഏതോ ഭീകരമായ ഒരു നാടകത്തിന്‍റെ അരങ്ങു പോലെ.....മഴ...മഴക്കും എന്തോ ഒരു രഹസ്യ ഭാവം. രാത്രിയുടെ കറുപ്പിലേക്ക്‌ ആഴ്ന്നിറങ്ങുന്ന ശബ്ദം. മരചില്ലയിലിരുന്നുറങ്ങുന്ന നാട്ടുകോഴിയുടെ മുറുമുറുപ്പ് ഏറ്റുവാങ്ങിയെന്നോണം പേരറിയാത്ത ഏതോ പക്ഷിയുടെ വിലാപം. ഉറങ്ങുന്ന വൃക്ഷ തലപ്പുകളെ മെല്ലെയൊന്നുലച്ചു കാറ്റ് തിടുക്കത്തില്‍ എങ്ങോട്ടോ പലായനം ചെയ്യ്‌തു. എല്ലാ ശബ്ദത്തിനും മുകളില്‍ മറ്റെന്തോ ഒരു ശബ്ദം.... ദാരുവിന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഉളിയുടെ തലയില്‍ കൊട്ടുവടിയേല്‍പ്പിക്കുന്ന പ്രഹരത്തിന്‍റെ തീര്‍ത്തും മയമില്ലാത്ത ശബ്ദം. ഉളി ദാരുവിന്‍റെ ഹൃദയത്തിലേക്ക് ഹൃദയത്തിന്‍റെ ആഴങ്ങളിക്ക് ദയയില്ലാതെ തുളച്ചിറങ്ങുകയാണ്. ഇത്ര കഠിനമാണോ ഉളിയുടെ ഹൃദയം? സ്വന്തം വേദന കടിച്ചമര്‍ ത്തി മറ്റൊരു ശരീരത്തെ കൊത്തിനുറുക്കുന്ന ഹൃദയ ശൂന്യത...എത്ര ക്രൂരനാണ് ഉളി. എന്നിട്ടും ദാരുവിന്‍റെ മുഖത്തെന്താണ് ഇത്ര പ്രസരിപ്പ്?. തന്‍റെ ശരീരം നുറുങ്ങുമ്പോഴും നാല് പാടും ചിതറി തെറിക്കുമ്പോഴും ദാരുവിന്‍റെ ചൈതന്യം കൂടി കൂടി വരുന്നു. ഉളിയുടെയും ദാരുവിന്‍റെയും ഹൃദയങ്ങള്‍. അപ്പോള്‍ കൊട്ടുവടിയുടെയോ? എല്ലാ ഹൃദയങ്ങളുടെയും താളം ഒന്ന് തന്നെയോ?. മറ്റൊരു ഹൃദയം കൂടി ഒപ്പം മിടിക്കുന്നുണ്ടായിരുന്നു അവയ്ക്കൊപ്പം. എല്ലാത്തിനും പിന്നില്‍ നിറഞ്ഞ ഗൌരവത്തോടെ ഒരു മുഖം. കലാകാരന്‍. കലാകാരനും പിന്നില്‍ ഇരുട്ടില്‍ പതിയെ പെയ്യുന്ന മഴ. കലാകാരന്‍ തേടുന്നത് ദാരുവില്‍ ഒളിഞ്ഞിരിക്കുന്ന ആത്മാവിനെയാണ്. വിശ്രമമില്ലാതെ മൂന്ന് ഹൃദയങ്ങള്‍ തേടുന്നത് ഒരാത്മാവിനെയാണ്. ഒരറ്റത്ത് നിന്നും ദാരുവിന്‍റെ ശരീരത്തെ കൊത്തിനുറുക്കുകയാണ് കണ്ണീര്‍ പൊഴിക്കാതെ എല്ലാം സഹിക്കുകയാണ് ദാരു.
കലാകാരന്‍റെ ഹൃദയം ദരുവിന്‍റെ ആത്മാവിനെ തൊട്ടറിയുന്ന നിമിഷങ്ങള്‍. വേറിട്ടൊരു ഹൃദയവും ആത്മാവും അജ്ഞാതമായ ഏതോ ലയനത്തിലേക്ക്. ശില്പിയുടെ മുഖഭാവം ഒരു കാര്‍ക്കശ്യക്കാരന്‍റെതാകുന്നു ഇടയ്ക്കിടെ. ഉളിയും കൊട്ടുവടിയും ഉയര്‍ന്നു താഴ്ന്നു പിന്നെയും പലവട്ടം. ദാരുവിന്‍റെ ശരീരം പിന്നെയും ഭിന്നമായ് തെറിക്കുകയാണ്...അയാള്‍ തന്‍റെ കര്‍മ്മത്തിലേക്കു കൂടുതല്‍ കൂടുതല്‍ വ്യപ്രുതനായി. തന്‍റെ ഹൃദയം ദാരുവിന്‍റെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുകയാണോ?.

നരച്ച നീണ്ടത്താടി ഇടക്കൊന്നു ചൊറിഞ്ഞു മെല്ലെ കറുത്ത കണ്ണട ഫ്രെയിമിനു മുകളിലൂടെ അപൂര്‍ണ്ണമായ ശില്‍പ്പത്തെ ഒന്ന് നോക്കും..കണ്ണുകള്‍ കൊണ്ട് എന്തൊക്കെയോ ഗണനങ്ങള്‍ നടത്തി വീണ്ടും കര്‍മ്മത്തിലേക്കു..തീക്ഷ്ണമായ കണ്ണുകള്‍..ഉയര്‍ന്ന നെറ്റിത്തടം...വൃദ്ധനെങ്കിലും തെറ്റില്ലാത്ത ആരോഗ്യമുള്ള ആള്‍. പഞ്ഞിപ്പോലെ നരച്ച തലമുടിയും താടിയും അലസമായി പാറികിടക്കുന്നു. പണി ശാലയുടെ അറ്റത്ത്‌ വെറുതെയൊരു പണിയുമില്ലാതെയിരുന്ന അപ്പൂപ്പന്‍ ക്ലോക്ക് എന്തിനോ വേണ്ടി ഒരപസ്വരമുണ്ടാക്കി. തന്‍റെ കര്‍മ്മത്തിനു ഭംഗം വരുത്തി എന്ന പോലെ തികഞ്ഞ അവജ്ഞയോടെ അതിലേറെ പുച്ഛത്തോടെ സമയ സൂചികയെ ഒന്ന് നോക്കി തന്‍റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികളെ കുടഞ്ഞെറിഞ്ഞു ശില്‍പ്പി തന്‍റെ കര്‍മ്മത്തിലേക്കു....

അല്ലെങ്കിലും സമയത്തെ പണ്ടേ പേടിയില്ല. സമയത്തിനൊപ്പിച്ചു ഒന്നും ചെയ്യാറുമില്ല. ഇപ്പോള്‍ ഹൃദയം നിലച്ചാല്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കാനും തെല്ലും കൂസ്സാത്ത ചങ്കുറപ്പ്. അങ്ങനെ വന്നാല്‍ ഈ ശില്‍പ്പമോ? അപ്പൂര്‍ണ്ണമായി തീര്‍ത്തവനാദി ശില്പി. അത്രേയുള്ളൂ....

പ്രഭാതത്തിലെ കിളികളുടെ സ്വരമോ മന്ദമാരുതന്‍റെ തലോടലോ അയാള്‍ അറിഞ്ഞില്ല. ഉച്ച സൂര്യന്‍റെ അഹങ്കാരത്തെ തെല്ലും വകവെക്കാതെ അയാള്‍ കൂടുതല്‍ കര്‍മ്മനിരതനായി. പിന്നെയും രാത്രി. ഭീതിതമായ രാത്രി... മഴ..നാട്ടു വഴികളില്‍ മിന്നല്‍ പിളരുകള്‍ ചീരിപ്പുളഞ്ഞു. മഴ ആര്‍ത്തലച്ചു പെയ്യുകയാണ്..കോരിച്ചൊരിയുന്ന മഴയുടെ ശബ്ദത്തിനും മുകളില്‍ ആധിപത്യമുറപ്പിക്കാന്‍ മല്‍ത്സരിക്കുന്ന ഉളിയും കൊട്ടുവടിയും. പുറത്തെ കോലാഹലങ്ങളൊന്നും അയാള്‍ അറിഞ്ഞില്ല. ശാന്ത ഗംഭീരമാണയാളുടെ മുഖം. കറുത്ത കുതിരകളെ പൂട്ടിയ രഥത്തിലിരുന്നു മിന്നല്‍ പിണരുകള്‍ പലവട്ടം ചീറിപ്പുളഞ്ഞു ഗ്രാമപാതയിലൂടെ. മനുഷ്യന്‍ വേര്‍തിരിച്ചിട്ട ഭൂമി മുഴുവന്‍ ഇളകി മറിയുകയാണ്. സകല അതിരുകളും ഭേദിച്ചു മഴവെള്ളം കുത്തിയൊലിച്ചു. മണമ്മേലമ്മയുടെ കാവിനു മുന്നിലെ കുങ്കുമ കുടത്തിന്‍റെ ഹൃദയം പിളര്‍ന്നു ചുടു രക്തം പുറത്തെക്കൊഴുകി. ചുവന്ന രക്തം. അത് ഗ്രാമത്തെ മുക്കിയ മഴവെള്ളത്തെ മുഴുവനും നിണമണിയിച്ചു. മരക്കൊമ്പുകള്‍ തകര്‍ന്നു വീഴുന്ന ഘോരമായ ശബ്ദം...ഉളിയുടെ മുകളില്‍ പതിയുന്ന കൊട്ടുവടിയുടെ സ്വരം അതിനെക്കാളൊക്കെ ഉച്ചത്തില്‍..

ദിവസങ്ങളോളം മഴ നിര്‍ത്താതെ പെയ്യതു. അതിപ്പോഴും തുടരുന്നു. എങ്കിലും മഴ ഇപ്പോള്‍ സൌമ്യയാണ്. ഒരു സാന്ത്വന ഭാവത്തില്‍ അല്ലെങ്കില്‍ അലസയായ ഒരു കാമുകിയെ പോലെ വെറുതെ നിന്ന് പെയ്യുന്നു. അയാളുടെ കണ്ണുകള്‍ സാകൂതം നോക്കുകയാണ് തന്‍റെ മുന്നില്‍ നില്‍ക്കുന്ന സൌന്ദര്യത്തെ. അയാളുടെ കണ്ണുകളിലെന്താണ്? രതി ഭാവമോ? പുറത്തെ മഴ അടക്കിപ്പിടിച്ചു ചിരിച്ചുവോ? ശരിയാണ് ശില്‍പ്പ സുന്ദരിയുടെ ജീവന്‍ തുടിക്കുന്ന മേനിയിലയാള്‍ കാമാലോലുപനെ പോലെ വിറയാര്‍ന്ന കൈകള്‍ കൊണ്ട് തൊട്ടു. ഒരു പാട് വേദനിപ്പിച്ചതല്ലേ എന്നൊരു സാന്ത്വനം പോലെ അയാള്‍ ആ സുന്ദരിയെ താഴുകുകയാണ്. അയാളുടെ കണ്ണുകളില്‍ നിര്‍വചിക്കുവനാകാത്ത എന്തോ ഒന്ന്. ശില്‍പ്പിയുടെ കരസ്പര്‍ശനമേറ്റ് ആകെ പൂത്തുലഞ്ഞു നില്‍ക്കുന്ന യൌവനം പോലെ പാതി കൂമ്പിയടഞ്ഞ കണ്ണുകള്‍ കൊണ്ടവള്‍ അയാളെ നോക്കി..മനം മയക്കുന്ന ഒരു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു അവളങ്ങനെ ആ തലോടലില്‍ മനം മയങ്ങി നിന്നു. ആ ധന്യ മുഹൂര്‍ത്തത്തിനു പാശ്ചാത്തലമെന്നപോല്‍ ഇല ചാര്‍ത്തുകളില്‍ നിന്നടര്‍ന്നു വീഴുന്ന ജലകണങ്ങളുടെ നേര്‍ത്ത സ്വരം. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ് . ഒരു പാട് വേദനിപ്പിചില്ലേ എന്ന കുറ്റബോധം. പിന്നെ അയാള്‍ അവളുടെ മാറിലേക്ക്‌ മെല്ലെ മുഖമമര്‍ത്തി നിശബ്ദം തേങ്ങി. പിന്നെ സാവധാനം താഴേക്കു..

ഉളിയും കൊട്ടുവടിയും നിശബ്ദം...നര ബാധിച്ച ക്ലോക്കിന്‍റെ സ്വരം അയാളെ അലോസരപ്പെടുത്തിയതേയില്ല . സുന്ദരിയുടെ കാല്‍ക്കല്‍ വീണു കിടക്കുകയാണ്..കണ്ണുകള്‍ പാതിയടച്ചു.. മാപ്പപേക്ഷിക്കും പോലെ...തെല്ലകലെ ചില്ലുപൊട്ടി കിടക്കുന്ന കറുത്ത ഫ്രെയിമുള്ള കണ്ണട...ഖിന്നയായ മഴ തണുത്ത കരങ്ങള്‍ നീട്ടുന്നു..ഒന്ന് തൊടാന്‍...ഇനിയുറങ്ങൂ എന്ന് പറയുമ്പോലെ. അയാളുടെ ആത്മാവിനെ മുഴുവന്‍ കവര്‍ന്നെടുത്തു ഇനിയാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഭാവത്തോടെ നിഗൂഡമായ പുഞ്ചിരിയുമായി അവള്‍ മഴ നോക്കി നിന്നു.

മഴയുടെ മട്ടും ഭാവവും മാറിയ പോലെ...സങ്കടം സഹിക്കുവനാകാതെ മഴ പിന്നെയും പെയ്തു കൊണ്ടിരുന്നു.

അഗ്നിനാളങ്ങള്‍ അയാളെ വാരിപ്പുണരുകയാണ്. വിങ്ങി മൂടിയ വാനം. പട്ടടയില്‍ നിന്നുയരുന്ന ചന്ദന ഗന്ധമുള്ള പുകച്ചുരുളുകള്‍ പോലും ഏതോ മനോഹര ശില്‍പം പോലെ തോന്നിപ്പിച്ചു അന്തരീക്ഷത്തിലേക്ക്.....ഏതൊക്കെയോ ഹൃദയങ്ങളില്‍ അടക്കിയ ദുഃഖം വീണ്ടും മഴയായ്....

ഉളിയും കൊട്ടുവടിയും കറുത്ത ഫ്രെയിമുള്ള ആ പൊട്ടിയ കണ്ണടയും അനാഥമായി...

നിഗൂഡമായ പുഞ്ചിരിയുമായി ശില്‍പ്പസുന്ദരി അന്തരീക്ഷത്തില്‍ ലയിച്ചുചേരുന്ന പുക ചുരുളുകളെ കണ്ണിമക്കാതെ നോക്കി നിന്നു....ഖിനയായ മഴയുടെ നേര്‍ത്ത സ്വരം....പിന്നെ അതും ഇല്ലാതെയായി...