ഊഴിയിലേക്കൊരു ജന്മം തേടി
എന്നോ ഒരു നാള് ഞാനൊലിച്ചിറങ്ങുമ്പോള്
വേദനയുടെ സീമകള് താണ്ടിയോരമ്മതന്
ആശ്വാസത്തിന്റെ, നിര്വൃതിയുടെ തേങ്ങലുകളൊടുങ്ങുന്നത് ഞാന് കേട്ടു.
സ്നേഹത്തിന്റെ മഞ്ഞിന് നനവുള്ള ആദ്യാക്ഷരങ്ങള്
ചേര്ത്തുഞാനമ്മേയെന്നാദ്യം വിളിച്ചപ്പോള്
അമ്മതന് മിഴികള് തെല്ലൊന്ന് വിടര്ന്ന്
പിന്നെ സന്തോഷത്താല് പ്രശോഭിതമായ് രണ്ടുനീര് തുള്ളികള് മെല്ലെ താഴേക്കു ചാലുകീറുന്നതും
എന്റെ മൂര്ദ്ധാവിലമ്മ പൊന്മകളെയെന്നമര്ത്തി അധരങ്ങള് ചേര്ത്ത്
തേങ്ങലില് വാക്കുകള് നഷ്ട്ടപ്പെടുമ്പോള്
പകരം കണ്ണിലെ കൌതുകം തെല്ലും കുറയാതെ
പാല് മണമുള്ളോരു പൂംപുഞ്ചിരി ഞാനമ്മക്കര്പ്പിച്ചതും
പിന്നെയാ പാദങ്ങള് നമിച്ചാവിരല് തുമ്പില് തൂങ്ങി
കൌതുകങ്ങളൊക്കെയും കണ്ണില് നിറച്ച്
നാള് വഴികളൊക്കെയും താണ്ടിയതും
ഓര്മ്മയില് നനവ് പടര്ത്തുന്നു
അമ്മതന് താരാട്ടില് മെല്ലെ കൂമ്പിയടയുന്ന മിഴികള്ക്ക് പിന്നില്
തുറക്കുന്ന അകക്കണ്ണിലെന്നും താരകളും മാലാഖമാരും വിരുന്നിന്നെത്തിയിരുന്നതന്ന്
എന്നോ പെയ്യ്തൊരു രാത്രിമഴയില് വര്ണ്ണങ്ങളൊക്കെയും ഒലിച്ചുപ്പോയെന്നാലും
നക്ഷത്രകണ്ണുള്ള രാജകുമാരന്റെ ചിത്രം ഓര്മ്മയിലെന്നും....
അവന്റെ മുരളിയൊഴുക്കിയ മൃദുഗാനത്തിലെന്നും
മഞ്ഞിന് നനവുള്ള പ്രേമാര്ദ്രതയുണ്ടായിരുന്നു
അവന്റെ സ്നേഹത്തിന്റെ പ്രണയത്തിന്റെ അനശ്വര മന്ത്രങ്ങള്
എന്റെ ഏകാന്ത രാവുകളില് അമ്മയുടെ താരാട്ട് പോലെയെന്നെ തഴുകിയുറക്കി
അമ്മേയിപൊന്മകളെന്നുമൊരു തളിരിളം പൂവായ്
അമ്മതന് മിഴിയില് വിടര്ന്നൊരു പൂവായ്...
ഊഴിയെലെക്കൊരു ജന്മം തേടി എന്റെ യാത്ര തുടരട്ടെ
എന്റെ പൂര്ണ്ണതയിലേക്കുള്ള തീര്ഥയാത്ര....