എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

ക്രിസ്ത്യന്‍ ബ്രദേഴ്സ് ലണ്ടന്‍ ഷൂട്ട്‌.



ക്രിസ്ത്യന്‍ ബ്രദേഴ്സ് ലണ്ടന്‍ ഷൂട്ട്‌.

ലൂവിഷാമിലെ ഹോട്ടല്‍ പ്രീമിയര്‍ 125 നമ്പര്‍ മുറിയിലിരുന്നു ഇന്ന് ബ്ലോഗില്‍ എന്തെഴുതും എന്ന് ലാപ്ടോപിനോട് രാത്രിയില്‍ ഒരു കറുത്ത കണ്ണടയും ഫിറ്റ്‌ ചെയ്യ്തു ഞാന്‍ ചോദിച്ചു. സോണി വയോ ഒന്ന് കണ്ണിറുക്കി പാസ്‌ വേര്‍ഡ് ചോതിച്ചു. എന്നിട്ട് പതിയെ പറഞ്ഞ് ആ കറുത്ത കണ്ണട ഊരിമാറ്റി കണ്ണുതുറന്നു നോക്ക് എന്നിട്ട് ഷൂട്ടിംഗ് വിശേഷങ്ങള്‍ എഴുതൂ. പതിവ് പോലെ ആള്‍ക്കാരെ കരിവാരി തേച്ചു എഴുതിക്കോ. വയോ തെല്ല് ദേഷ്യത്തോടെ പറഞ്ഞ്. ആഹ! ലാപ്പിനും മടുത്തോ എന്നെ? ശരിയാ രാത്രിയില്‍ ഞാനെന്തിനാ ഈ കണ്ണട വെച്ചിരിക്കുന്നത് ഊരിയേക്കാം. നോക്കുമ്പോള്‍ ഡസ്ക്ടോപ്പിലിരുന്നു കാവ്യയും ഞാനും എന്നെ നോക്കുന്നു. കൊള്ളാം എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ....


രണ്ടു ദിവസമായി തൊണ്ട പണിമുടക്കിയത് മൂലം എന്‍റെ ഖനഘാംഭീര്യ സ്വരം അടഞ്ഞു പോയി. എന്നാലും എഴുതുന്നതിനു തൊണ്ട വേണ്ടല്ലോ.




ഒന്നാം ദിവസം.

സന്ധ്യ മോഹന്‍ വിളിച്ചത് പ്രകാരം ലണ്ടനിലെ ഷൂട്ടിങ്ങില്‍ പങ്കെടുക്കുവാന്‍ ഞാന്‍ തലേന്ന് രാത്രിയില്‍ തന്നെ നാഷണല്‍ എക്സ്പ്രസ്സ്‌ കോച്ചില്‍ ടികെറ്റ് ബുക്ക്‌ ചെയ്യുവാന്‍ ശ്രമിച്ചുവെങ്കിലും സൈറ്റില്‍ എന്തോ ചില തകരാറുകള്‍. കാലത്ത് തന്നെ ഷൂടിങ്ങിന് വേണ്ട തയ്യല്‍ക്കാരിയെ ഏര്‍പ്പാടാക്കി സന്ധ്യ മോഹനെ ഫോണില്‍ വിളിച്ചു നാളെ വന്നാല്‍ മതിയോ എന്ന് തിരക്കി. ഉടന്‍ എത്തണമെന്ന് കണിശം പറഞ്ഞതിനാല്‍ മെഗാ ബസ്സില്‍ സീറ്റ്‌ ബുക്ക്‌ ചെയ്യ്തു നേരെ വിട്ടു ലണ്ടനിലേക്ക്. വിക്ടോറിയ കോച്ച് സ്റ്റേഷനില്‍ എത്തുമ്പോള്‍ സമയം 3 അവിടുന്ന് ഹില്ലിംഗ്ഡാനിലേക്ക് ട്രെയിനില്‍ 1 മണിക്കൂര്‍ യാത്ര. ലൊക്കേഷനായ പാര്‍ക്ക്‌ വെ 10 - ല്‍ എത്തുമ്പോള്‍ 4 .15 . പിന്നെ ആര്‍ട്ട്‌ ടയറക്ടരുമായി ഹൃസ്വ സംഭാഷണം. വീടിനകത്ത് ദിലീപും കാവ്യയും ഇരുന്നു സംസാരിക്കുന്നു. ദിലീപിന് കൈ കൊടുത്തു കാവ്യയെ നോക്കി പുഞ്ചിരിച്ചു അകത്തെ മുറിയില്‍ സന്ധ്യ മോഹന്‍റെ അടുത്തേക്ക്.

പിന്നെ നാളേക്ക് വേണ്ട തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്നു വീണ്ടു ഡിസ്ക്കഷന്‍. പ്രൊഡ്യുസര്‍ സുബൈര്‍ ഇക്കയെയും പോക്കിരിരാജ ടയറക്ടരും തിരക്കഥകൃത്ത് ഉണ്ണിയെയും പിന്നെ മാഫിയ ശശിയെയും പരിചയപ്പെട്ടു നേരെ മാസ്റ്റര്‍ ടയറക്ടര്‍ ജോഷിയുടെ അടുത്തേക്ക്. അപ്പോഴേക്കും ഷൂട്ടിംഗ് പാക്‌ അപ്പ്‌ ആയി. ദിലീപും കാവ്യയും പുറത്തേക്ക് വന്നു. ഞാനും ദേവും ജോശുവയും കൂടി നേരെ ഹോടലിലേക്ക്

ബാക്കി നാളെ


ദിലീപിന് വേണ്ടി ബുക്ക്‌ ചെയ്യ്തിരുന്ന മുറിയിലായിരിന്നു ഞാനും ബിനോയിയും പിന്നെ സൌണ്ട് റെക്കോടിസ്റ്റ് ശശിയും കിടന്നത്. ഞങ്ങള്‍ ആ മുറി ഒക്കുപൈ ചെയ്യ്തത് കൊണ്ട് ദിലീപ് സിംഗിള്‍ റൂമിലേക്ക്‌ മാറി. അതിന്‍റെ പേരില്‍ ദിലീപ് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കിയില്ല. (പിറ്റേന്ന് ഞങ്ങള്‍ ദിലീപ് കിടന്ന മുറിയിലേക്ക് താമസം മാറ്റി). ഞാന്‍ നന്ദു പൊതുവാളിനോട് പ്രത്യേകം തിരക്കി ദിലീപിന് ബുദ്ധിമുട്ടായോ എന്ന്. ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.


ദിലീപിനെ സിനിമയില്‍ വരുന്നതിനു മുന്‍പേ എനിക്കറിയാം കാരണം ഞങ്ങള്‍ക്ക് സക്കീര്‍, മമ്മാലി എന്നിങ്ങനെ ചില പൊതു സുഹൃത്തുക്കളുണ്ടായിരുന്നു. അന്ന് ദിലീപ് മിമിക്രിയും ഒക്കെ ആയി നടന്നിരുന്ന കാലം. എന്നെ അദ്ദേഹം ഓര്‍ത്തിരിക്കുവാന്‍ വഴിയില്ല. സക്കീര്‍ ഇപ്പോള്‍ ലണ്ടനില്‍ സ്ഥിര താമസം. പഴയ പരിചയം, സുഹൃത്തുക്കള്‍ എന്നൊക്കെ പറഞ്ഞു ദിലീപിനെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മാത്രമല്ല ഗൌരവമുള്ള ഒരകലം ഞാന്‍ സൂക്ഷിക്കുകയും ചെയ്യ്തു. ഡോക്യുമെന്‍ററികളും, ഷോട്ട് ഫിലിമും ഒക്കെയായി നടക്കുന്ന എനിക്ക് ഇതൊരു പുതിയ അനുഭവം. ലോക്കെഷനിലുള്ള എല്ലാവരെയും ഞാന്‍ എന്നെ കൊണ്ടാകുന്നത് പോലെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യ്തു. അത് ക്യാമറ എക്യുപ്മെന്‍റ് എടുക്കുന്നത് മുതല്‍ കാറ്റേറിംഗ് വരെ ചെയ്യ്തു. ഒരു ദിവസം ദിലീപിന് ഭക്ഷണം റൂമില്‍ കൊണ്ട് കൊടുത്തു. ലോക്കെഷനിലുള്ള മലയാളികളില്‍ എന്നെ ശരിക്കറിയാവുന്നവര്‍ അമ്പരപ്പോടെ നോക്കി. സ്വന്തം ഭക്ഷണം പോലും എടുത്തു കഴിക്കാത്ത ഞാന്‍ അത് ചെയ്യുന്നത് കണ്ടിട്ട്. കാരണം ലണ്ടനില്‍ നമ്മുടെ പ്രിയ താരങ്ങളും ടയരക്ടര്‍മാരും എത്തുമ്പോള്‍ അവരെ നല്ല പോലെ സ്വീകരിക്കേണ്ടത് കലയെ സ്നേഹിക്കുന്ന ഒരുവന്‍ എന്ന നിലയില്‍ എന്‍റെ കടമയായി തോന്നി. അവിടെ ഈഗോയില്ല...

ഷൂട്ടിംഗ് തുടങ്ങുന്നതിന്‍റെ തലേ ദിവസം ലൂടനില്‍ വെച്ച് രാത്രി കാറിടിക്കുകയും പിന്നെ പോലീസ് സ്റ്റേഷനില്‍ പോയി പരാതികൊടുത്തു വീണ്ടും ബാര്‍മിംഗ്ഹാം വരെ യാത്ര ചെയ്യ്തതിന്‍റെയും ഒക്കെ ക്ഷീണം എന്നെ വല്ലാതെ അലട്ടിയിരുന്നു. എങ്കിലും ഞാന്‍ എന്‍ജോയ് ചെയ്യ്തു ഓരോ ദിവസവും.

ജോഷി സര്‍ 7.30 ക്ക് തന്നെ റെടിയായി റിസേപ്ഷനില്‍ ഇരിപ്പുണ്ടായിരുന്നു. എല്ലാവരും ബസ്സില്‍ കയറിയതിനു ശേഷമാണ് ദിലീപും കാവ്യയും എത്തിയത്. (ഒരല്‍പം താര ജാടയുടെ ഭാഗമായാണോ ഈ വൈകല്‍ എന്ന് ഞാന്‍ സംശയിച്ചു). ഇതിനു മുന്‍പ് ഒരു ഹിന്ദി സിനിമയില്‍ വര്‍ക്ക്‌ ചെയ്യുവാന്‍ അവസരം കിട്ടിയപ്പോള്‍ ഷാരുഖ് ഖാന്‍റെയും മറ്റും കൃത്യനിഷ്ഠയും ഞാന്‍ കണ്ടിരുന്നു. ('സാലറി ഡേറ്റ്' എന്ന സിനിമ ചെയ്യ്തതിന്‍റെ പേരില്‍ ഞാന്‍ മാനേജരായി ജോലി ചെയ്യ്ത മള്‍ടി നാഷണല്‍ കമ്പനിയുമായി തെറ്റി പിരിയേണ്ടി വന്നു. കാരണം ആ സിനിമക്ക് നോക്കിയ - വിസ്ലിംഗ് വൂട്സ് അവാര്‍ഡ്‌ കിട്ടിയപ്പോള്‍ സിനിമയുടെ കോപ്പിറൈറ്റ് കമ്പനിക്ക് വേണമെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഒടുവില്‍ ഞാന്‍ മുക്കാല്‍ ലക്ഷം മാസ ശമ്പളമുള്ള ആ ജോലി വലിച്ചെറിഞ്ഞു. മൂന്ന് ദിവസം മുംബൈയില്‍ അവാര്‍ഡ്‌ ഫങ്ക്ഷന്‍. അന്നാണ് ഫാറ ഖാന്‍, ഷാരൂഖ്‌ തുടങ്ങി കുറെ പേരെ പരിചയപ്പെട്ടത്‌. അന്ന് താമസം സൌണ്ട് റെക്കോടിസ്റ്റ് നകുല്‍ കംതെയുടെ കൂടെയായിരുന്നു.)

വൈകാതെ ബസ്സ്‌ ലോക്കെഷനിലേക്ക് പുറപ്പെട്ടു. ലണ്ടന്‍ ഐയും പരിസരവുമായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗ് നടക്കുമ്പോള്‍ കാവ്യയുടെ അച്ചനും അമ്മയും തൊട്ടടുത്തുള്ള ബസ്സ്‌ സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു. ഇടക്കവര്‍ക്ക് എന്തെങ്കിലും വേണോ എന്ന് ഞാന്‍ ചോതിച്ചു. ഞാന്‍ സ്ഥിരമായി റെഡ് ബുള്‍ കുടിക്കുന്നത് കണ്ടിട്ട് ചിലര്‍ എന്നെ റെഡ് ബുള്‍ അശോക്‌ എന്ന് വിളിച്ചു. കാവ്യയും ദിലീപും ചേര്‍ന്നുള്ള "ഇല്ല വിടില്ല പെണ്ണെ ...." എന്ന് തുടങ്ങുന്ന ഗാന രംഗ ചിത്രീകരണമായിരുന്നു നടന്നത്. കാവ്യ ഇടയ്ക്കു സമയം കിട്ടിയപ്പോള്‍ എന്‍റെ ഒപ്പം ഒരു ഫോട്ടോക്ക് പോസ് ചെയ്യ്തു. സുന്ദരിയായിരുന്നു കാവ്യ എങ്കിലും ശരീരം ഇനിയും സൂക്ഷിക്കുവാനുണ്ട് എന്ന് തോന്നുന്നു. ഒരു ശില്പി ആയതിന്‍റെ പേരില്‍ എനിക്കിങ്ങനെ ചില ദോഷങ്ങളുണ്ട്, ഞാനാ പെഴ്സ്പെക്ടീവിലെ കാര്യങ്ങള്‍ കാണൂ. ദിലീപ് നാട്ടിന്‍പുറത്തുള്ള ഒരു സാധാരണ ചെറുപ്പക്കാരനെ അനുസ്മരിപ്പിച്ചു. നൃത്തത്തെക്കുറിച്ചും പാട്ടിനെക്കുറിച്ചും ഞാന്‍ ഇവിടെ ഒന്നും എഴുതുന്നില്ല അത് സിനിമ കണ്ടു നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ഇടയ്ക്കു മാഫിയ ശശി വന്നു സംഘട്ടന രംഗ ചിത്രീകരണത്തിനാവശ്യമായ ചില സാധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ഇടയ്ക്കു രണ്ടു പോലീസ്സുകാര്‍ വന്നു ലണ്ടനില്‍ സിനിമയുടെ കാര്യങ്ങള്‍ നോക്കുന്ന ജോഷ്വയോട് ഷൂട്ടിംഗ് സാന്ക്ഷന്‍ ലെറ്റര്‍ വാങ്ങി നോക്കി പോയി. അവര്‍ക്കറിയില്ലല്ലോ ഇത് ജോഷിയുടെയും, ദിലീപിന്‍റെയും ലാലേട്ടന്‍റെയും പടമാണെന്ന്. പലപ്പോഴും മഴ പെയ്യുമെന്ന് തോന്നിച്ചു.

ലണ്ടന്‍ മലയാള സാഹിത്യ വേദി റെജിയുടെ കോള്‍ വന്നു. സിനിമ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം കൊടുക്കുവാന്‍ സഹായിക്കണമെന്ന് പറഞ്ഞ് ഒപ്പം യു.കെ മലയാളി.കോം ബാലഗോപാലും വിളിച്ചു വാര്‍ത്ത വേണമെന്നും പറഞ്ഞ്. (ലണ്ടനില്‍ എത്തിയപ്പോള്‍ ആദ്യമായി ഒരു ഫിലിം വര്‍ക്ക്ഷോപ് ചെയ്യുവാന്‍ അവസരം തന്നത് ബാലഗോപാലാണ്. കെന്‍റില്‍ ന്യൂ ബ്രോംപ്ട്ടന്‍ കോളേജിലായിരുന്നു ഒരു മാസത്തില്‍ കൂടുതല്‍ നീണ്ടു നിന്ന ആ വര്‍ക്ക്ഷോപ്).

വൈകുന്നേരം വീണ്ടും റൂമിലേക്ക്‌.

ദിനം മൂന്ന്

തലേന്ന് രാത്രി ഒരു പാട് വൈകിയാണ് ഉറങ്ങിയത്. ഇന്നലെത്തെ ബ്ലോഗ്‌ എഴുത്ത് കഴിഞ്ഞ് മറ്റു ചില കമ്പ്യുടര്‍ റിലേറ്റട് കാര്യങ്ങള്‍ കഴിഞ്ഞ് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ സഹമുറിയന്‍ മറ്റൊരു സുഹൃത്തുമായ് വന്നു വെള്ളമടി തുടങ്ങി. പിന്നെ പതിവ് അഴ കൊഴ സംസാരങ്ങള്‍. എങ്കിലും രസമായിരിന്നു. വെളുപ്പിന് ഉണരുമ്പോള്‍ സഹമുറിയന്‍ ദിലീപിന്‍റെ കൊസ്ട്യുംസ് തേച് വടിയാക്കുന്നു.

പതിവ് പോലെ ബസ്സില്‍ കലാ സംവിധായകന്‍റെ ഭാണ്ഡം കയറ്റി വച്ച് (ഒപ്പം ഒരു വലിയ കുരിശും) ഞാന്‍ ബസ്സില്‍ കയറിയിരുന്നു. എന്‍റെ ജാകറ്റ് എടുത്തു കയ്യില്‍ പിടിക്കുവാന്‍ മടിയായത് കൊണ്ട് ഞാന്‍ പെട്ടി അങ്ങനെ തന്നെ എടുത്തു വണ്ടിയുടെ ലഗേജ് റൂമില്‍ നിക്ഷേപിച്ചു. ദിലീപും കാവ്യയും ജോഷി സാറും എല്ലാവരും കയറിയതിനു ശേഷം വണ്ടി നേരെ ബ്ലാക്ക് ഹീത്ത് ലക്ഷ്യമാക്കി നീങ്ങി. അവിടെ ആള്‍ സെയിന്‍സ് ചര്‍ച്ചിലായിരുന്നു ഷൂട്ടിംഗ്. ഞാനും ആര്‍ട്ട്‌ ഡയരക്ടര്‍ സുജിത്തും കൂടി കുരിശു പള്ളിക്ക് മുന്‍പില്‍ പിടിപ്പിക്കുവാന്‍ വേണ്ടി ശ്രമം തുടങ്ങി. അപ്പോഴാണ്‌ ജോഷി സാര്‍ കുരിശിന്‍റെ മൂട്ടില്‍ കുറച്ചു ചെടിയോ ഇലയോ എന്തെങ്കിലും വേണമെന്ന് പറഞ്ഞത്. പിന്നെ അതിനായി ഓട്ടം. ഇലകള്‍ സംഘടിപ്പിച്ചു ഫിക്സ് ചെയ്യ്തു കഴിഞ്ഞപ്പോള്‍ മെഴുകു തിരികള്‍ വേണമെന്ന് പറഞ്ഞു ....ഒടുവില്‍ അതും സംഘടിപ്പിച്ചു കരി പിടിപ്പിച്ചു കുരിശിനിരുവശവും സ്ഥാപിച്ചു. അപ്പോഴേക്കും ക്രൈന്‍ ഷോട്ടിനാവശ്യമായ സാമ്രഗ്രിക ളുമായി ആളെത്തി. സുന്ദരിയായ ഒരു ഇംഗ്ലിഷുകാരിയായിരുന്നു അത്. ഒപ്പം ഒരു വെളുമ്പനും. ദിലീപ്‌ കുരിശിനു മുന്നില്‍ നില്ല്ക്കുന്ന ഏതാനും ഷോട്ടുകള്‍ എടുത്തതിനു ശേഷം അടുത്തത് ക്രയിന്‍ ഷോട്ടാണ് ഞാന്‍ ജോ എന്ന വെള്ളക്കാരിക്ക് ക്രയിന്‍ ഫിക്സ് ചെയ്യുവാന്‍ വേണ്ട നിര്‍ദേശം നല്‍കി. അവരുടെ ഊര്‍ജ്ജസ്വലമായ പെരുമാറ്റം കാണേണ്ടത് തന്നെയായിരുന്നു. വളരെ വേഗത്തിലായിരുന്നു അവര്‍ ജോലികള്‍ ചെയ്യ്തുകൊണ്ടിരുന്നത്. സെറ്റില്‍ സഹായിയായിയുണ്ടായിരുന്ന അപ്പോഴാണ്‌ ഫോണുമായി വന്നു ഡയരക്ടര്‍ സന്ധ്യ മോഹന്‍ ലൈനില്‍ ഉണ്ടെന്നു പറഞ്ഞത്. എന്നെ ഫോണില്‍ കിട്ടാത്തത് കാരണം എന്‍റെ ഭാര്യ മോഹന്‍ സാറിന്‍റെ ഫോണില്‍ വിളിക്കുകയായിരുന്നു. അദ്ദേഹം എത്രയും പെട്ടന്ന് മഞ്ജുവിനെ വിളിക്കുവാന്‍ പറഞ്ഞു എന്തോ വീട്ടിലെ ജോലിക്കാരിയുടെ കാര്യം പറയുവാന്‍ വേണ്ടിയാണെന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വെച്ച്. ഞാന്‍ ഉടനെ തന്നെ മഞ്ജുവിനെ വിളിച്ചു. വീട്ടിലെ ജോലിക്കാരി വീണു കൈ ഓടിഞ്ഞതായിരുന്നു കാരണം. മഞ്ജുവിനെ കാര്യങ്ങള്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യുവാന്‍ ബുധ്ധിമുട്ടായത് കാരണം ഞാന്‍ സെറ്റ് വിട്ടു തിരികെ വീട്ടിലേക്കു പോന്നു. അതിനു മുന്‍പ് ജോഷി സാറിനോടും ദിലീപിനോടും കാവ്യയോടും ബാക്കി എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ വേഗം ബ്ലാക്ക് ഹീത്ത് റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു.

അടുത്ത് സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന "മാസ്റ്റര്‍ " എന്ന ദിലീപ്‌ സിനിമയില്‍ വീണ്ടും കാണാമെന്നു അദ്ദേഹം പറഞ്ഞു. ഞാന്‍ അദേഹത്തിനു കൈ കൊടുത്തു പോക്കറ്റിലുണ്ടായിരുന്ന അടുത്ത റെഡ് ബുള്‍ പൊട്ടിച്ചു വായിലേക്കൊഴിച്ചു നേരെ നടന്നു ബ്ലാക്ക് ഹീത്ത് സ്റ്റേഷനിലേക്ക്.

2 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഷൂടിങ്ങിനെ കുറിച്ച് ഇനി മുഴുവനായും എഴുതണം..കേട്ടൊ.
അശൊകിനെ ബിലാത്തി ബൂലോഗരിൽ ചേർത്ത് ലിങ്കിട്ടൂട്ടാ...

Kamal Prem പറഞ്ഞു...

Nice.... i saw what you said.....
nangunni,, try to post more with images if available...