എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

അവാര്‍ഡ്‌, പുരസ്ക്കാരം.....സമ്മാനം....

അവാര്‍ഡ്‌, പുരസ്ക്കാരം.....സമ്മാനം....എയ്യ്!! അത് വേണ്ട...കൂട്ടത്തില്‍ അല്പം ഗൌരവ സ്വഭാവമുള്ളതു അവാര്‍ഡ്‌ എന്ന പ്രയോഗം തന്നെ.... ഇതിനു മുന്‍പ് കിട്ടിയ അവാര്‍ഡുകള്‍ ഞാന്‍ ചെയ്യ്ത സിനിമക്കും പിന്നെ ശില്‍പ്പത്തിനുമായിരുന്നു. കണ്ടോ ...എത്ര എളുപ്പത്തില്‍ ഞാന്‍ എനിക്ക് കിട്ടിയ അവാര്‍ഡുകളെ പറ്റി പറഞ്ഞൊപ്പിച്ചു?...ഈ വിദ്യ ഞാന്‍ പഠിച്ചത് ഓരോ മേഖലയില്‍ പ്രമുഖന്മാരായ ചില വ്യക്തികളില്‍ നിന്നാണ്. അവരിങ്ങനയെ കാര്യങ്ങള്‍ അവതരിപ്പിക്കു.

അങ്ങനെ ഇത്തവണ എന്‍റെ കഥക്കും അവാര്‍ഡ്‌ ലഭിച്ചു. ശില്‍പ്പകല, സംഗീതം (അതിനു പലതവണ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്), സോഫ്റ്റ്‌വെയര്‍, ടു. ഡി ആനിമേഷന്‍, വെബ് സൈറ്റ് നിര്‍മ്മാണം, സിനിമ അങ്ങനെ ഞാന്‍ പലതിലും പയറ്റുന്നുണ്ട്. ദാ ഇങ്ങനെ ചിലപ്പോഴൊക്കെ ചില സമ്മാനങ്ങളും കിട്ടാറുണ്ട്...പക്ഷെ അപ്പോഴൊക്കെ എന്നിലെ ഞാന്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു...ഞാനൊരു നല്ല മകനായിരുന്നില്ല, സഹോദരനായിരുന്നില്ല...അതോ എന്‍റെ അമ്മയും സഹോദരങ്ങളും അടങ്ങുന്ന അവാര്‍ഡ്‌ കമ്മിറ്റി എന്‍റെ പ്രകടനങ്ങള്‍ വിലയിരുത്തിയതിലെ അപാകതയാണോ?... അറിയില്ല.. എങ്കിലും എന്നിലെ ഞാന്‍ പറയുന്നു...ഞാന്‍ നല്ല മകനും സഹോദരനും ആയിരുന്നില്ല. ഇപ്പോള്‍ ഭാര്യ പറയുന്നു ഞാന്‍ തരക്കേടില്ലാത്ത ഭര്‍ത്താവാണെന്ന്...പക്ഷെ എനിക്ക് നിസ്സംശയം പറയുവാന്‍ കഴിയും ഞാന്‍ ഒരു നല്ല അച്ഛനാണെന്ന്...(എന്‍റെ മകന്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടില്ല...ഹ ഹ. ആഹ ...).

ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ കഥാ മല്‍സരത്തിന് ഞാനും ഒരു കഥ അയച്ചു "ഒരു കലാകാരന്‍റെ പട്ടട". ആ കഥയാണ് ഇപ്പോള്‍ സമ്മാനാര്‍ഹമായാത്. സമ്മാനത്തിന്‍റെ വലുപ്പമോ അവാര്‍ഡ്‌ തരുന്ന സംഘടനയുടെ പ്രതപത്തിലോ അല്ല കാര്യം...എന്നെ ഏറെ സന്തോഷിപ്പിക്കുന്നത് അവാര്‍ഡ്‌ നിര്‍ണ്ണയ കമ്മിറ്റിയിലെ ശ്രീ. കാക്കാനാടന്‍റെ സാന്നിധ്യമാണ്. ഞാന്‍ എഴുതിയ പൊട്ട വരികളിലൂടെ ആ മഹാനായ കഥാകാരന്‍റെ കണ്ണുകള്‍ അലസമായെങ്കിലും കടന്നു പോയി എന്നത് എനിക്കൊരു പുണ്യം തന്നെയാണ്...വരികളിലൂടെ ഞാന്‍ വരച്ച ചിത്രങ്ങള്‍ എത്ര മിഴിവുറ്റതായിരുന്നു എന്ന് അദ്ദേഹത്തിനെ അറിയൂ. അതോ പുതിയ എഴുത്തിന്‍റെ ശൈലിയില്‍ വേദനിച്ച് പരിതപ്പിച്ച്, എന്തെങ്കിലുമാകട്ടെ എന്ന് കരുതി തന്ന ദാനമാണോ എന്നും അറിയില്ല...അങ്ങനെയാകാതെയിരിക്കട്ടെ എന്ന് ഞാന്‍ കൊതിക്കുന്നു...റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഒരു പക്ഷെ കിതച്ചു കരി തുപ്പി നീങ്ങുന്ന മലയാള ഭാഷയുടെ അവസ്ഥ കണ്ട് മനസ്സില്ലാമനസ്സോടെ പച്ച കൊടി വീശിയതാകാനും മതി...

പക്ഷെ ഇപ്പോള്‍ എനിക്ക് ചെറുതല്ലാത്ത ഒരുന്മേഷം തോന്നുന്നു...കൂടുതല്‍ എഴുതുവാന്‍ പ്രചോദനം എവിടുന്നോ ലഭിക്കുന്നത് പോലെ...അക്ഷരങ്ങളോട് പണ്ടേ വല്ലാത്ത ഒരു പ്രണയമുണ്ടായിരുന്നു. ഇപ്പോള്‍ കഥക്ക് സമ്മാനം കിട്ടിയ കാര്യം കൊച്ചിയിലെ വീട്ടിലെ അമ്മയോട് പറഞ്ഞപ്പോള്‍ എട്ടാം വയസ്സില്‍ ആദ്യ കഥ എഴുതിയ കാര്യം അമ്മ ഓര്‍മ്മിപ്പിച്ചു..അറുപത്തിയാറ് വയസ്സിലും അമ്മയോര്‍ക്കുന്നു കുട്ടിയായിരുന്ന ഞാന്‍ എഴുതിയ കഥയുടെ പേരും അതിലെ കഥാപാത്രങ്ങളുടെ പേരും....പിടിതരാതെ വഴുതി മാറിയ അക്ഷരങ്ങള്‍ക്കൂട്ടി ഞാന്‍ കുഞ്ഞു പ്രായത്തിലെഴുതിയ കഥയുടെ പേര്....ഇങ്ങനെയായിരുന്നു...കൊരങ്ങനും കൊരങ്ങത്തിയും...(അമ്മ പറഞ്ഞത്) കഥയിലെ കഥാപാത്രങ്ങളായ കുരങ്ങന്മാര്‍ക്ക്‌ പേരിനോടൊപ്പം ഇനീഷ്യലുമുണ്ടായിരുന്നു .....കെ കേപാലനും കെ കേമതിയും ..(അമ്മ പറഞ്ഞത്) അന്നും അവാര്‍ഡ്‌ കിട്ടിക്കാണും... അമ്മയുടെ വക സ്നേഹത്തോടെ ഒരു മുത്തം. വെറുതെ കണ്ണ് നനഞ്ഞു. വളര്‍ന്നു വലുതായി ഞാന്‍ സ്വയം ഒരു കഥാപാത്രമായപ്പോള്‍ ഞാന്‍ കെട്ടിയ വേഷങ്ങള്‍ അല്‍പ്പം അതിര് കടന്നതായിപ്പോയി എന്നിപ്പോള്‍ മനസ്സിലാകുന്നു....

ഇനിയും എഴുതി മുഴുമിപ്പിചിട്ടില്ലാത്ത എന്‍റെ കഥ ബാക്കിയാകുന്നു....ആടി തീരാത്ത വേഷവും...പിന്നെ മുഖത്തെ മറയ്ക്കുന്ന ഈ ചായം, വേഷവും കഥയും തീര്‍ന്നാലും ബാക്കി നില്‍ക്കും...എന്‍റെ മുഖം എന്നേ എനിക്കന്യമായി..

2 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അഭിനന്ദനങ്ങൾ അശോക്...
ഈ പുരസ്ക്കാരം ഇനിയുള്ള നല്ല എഴുത്തുകൾക്കെല്ലാം ഒരു വളമായി തീരട്ടേ....

Asok Sadan പറഞ്ഞു...

നന്ദി....മുരളിയെപ്പോലുള്ളവരുടെ പ്രോത്സാഹനം... അതുണ്ടെങ്കില്‍ ഇനിയും ഉത്തരവാദിത്തത്തോടെ എഴുതുവാന്‍ കഴിയും...