എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ദേവദാരു

പ്രീയപെട്ട ബ്ലോഗര്‍മാരെ,

വളരെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ ബ്ലോഗെഴുത്തിലേക്ക് തിരിച്ചു വരികയാണ്. ലണ്ടനില്‍ നിന്നും മടങ്ങി നാട്ടില്‍ എത്തിയതിനു ശേഷം മറ്റു പല തിരക്കുകള്‍ കാരണം ബ്ലോഗിലേക്ക് തിരിഞ്ഞു നോക്കുവാന്‍ സമയം കിട്ടിയില്ല. മനോഹരമെന്ന് എനിക്ക് തോന്നുകയും മലയാളത്തിന്‍റെ അഭിമാനം വാനോളമുയര്‍ത്തിയ ചില സംവിധായകരോട് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യ്ത എന്‍റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യുന്നു. വായിക്കുകയും അഭിപ്രായങ്ങളറിയിച്ചും വേണ്ട പ്രോത്സാഹനങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കട്ടെ.

സിനോപ്സിസ്

ദേവദാരു

മാണി മേനിയത്ത് എന്ന് പേരുള്ള പ്രതിഭാശാലിയായ ഒരു കലാകാരന്‍ 234 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങി വെച്ച ഒരു മഹാ ദൌത്യം 2011-ല്‍ ലണ്ടനിലെ സെയിന്‍റ് റോയല്‍ ആല്‍ബെര്‍ട്ട് ഹാളില്‍ അദ്ദേഹത്തിന്‍റെ പുതു തലമുറയില്‍പ്പെട്ട പ്രശസ്ത ശില്പിയും, ചിത്രകാരനും, സിനിമ സംവിധായകനുമായ ശ്രീ. നരേന്ദ്രന്‍ മേനിയത്ത് പൂര്‍ത്തീകരിക്കുന്നു. ലോകപ്രശസ്തരായ കലാകാരന്മാരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും നവരസങ്ങളില്‍ അധിഷ്ടിതമായ ഈ ശില്‍പ പ്രദര്‍ശനം കാണുവാന്‍ അവിടെ സന്നിഹിതരായിരുന്നു. ഒപ്പം നരേന്ദ്രന്‍റെ മകന്‍ എട്ടു വയസുകാരനായ ആഗ്നെയും ഭാര്യ ഗായത്രിയും അവിടെ ഉണ്ടായിരുന്നു. ഒരു കാലത്ത് അഭ്രപാളികളില്‍ ഭാവാഭിനയിത്തിന്‍റെ വിസ്മയം തീര്‍ക്കുന്ന തീക്ഷ്ണ സൌന്ദര്യമായിരിക്കുകയും പിന്നീട് കാലമേറെക്കഴിഞ്ഞപ്പോള്‍ അമ്മ നടിയായും മലയാളത്തിന്‍റെ മനം കവര്‍ന്ന പ്രിയ നടി നളിനിയും കാലത്തിന്‍റെ ക്ഷണം പോലെ അവിടെ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരുന്നു. നഷ്ട പ്രണയത്തിന്‍റെ ഓര്‍മ്മകളുമായി ജീവിക്കുന്ന നളിനി തന്‍റെ ഏകാന്ത പ്രണയത്തിലെ നായകനായ കരുണാകരന്‍ മേനിയത്ത് ഒപ്പിയെടുത്ത തന്‍റെ നഗ്നമായ നിറയൌവ്വനം അദ്ദേഹത്തിന്‍റെ പുത്രന്‍ നരേന്ദ്രന്‍ മേനിയത്തെന്ന ജീനിയസിന്‍റെ കൈകളിലൂടെ ശില്‍പ രൂപത്തില്‍, മൂന്നു രസങ്ങളില്‍ കണ്ടു ജീവിതത്തിന്‍റെ സായാഹ്നത്തില്‍ സ്വയം മറന്നു നില്‍ക്കുന്നു.

കേരളത്തിലെ ഐരാണിമുട്ടം എന്ന ഗ്രാമത്തിലെ രവിയുടെ ചായക്കടയില്‍ ദിവാകരന്‍ മാഷിനെ തേടി ഒരാള്‍ എത്തുന്നു. അയാള്‍ മാഷിനു കൊടുക്കുവാന്‍ ഒരു കത്ത് രവിയെ ഏല്‍പ്പിച്ചു മടങ്ങുന്നു. നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ ഗ്രാമം ഉപേക്ഷിച്ചു പോയ തന്‍റെ പഴയ സുഹൃത്ത് കരുണാകരന്‍റെ മകന്‍ നരേദ്രന്‍ എഴുതിയതാണ് ആ കത്തെന്ന് മാഷിനു മനസിലാകുന്നു. കത്ത് വായിച്ചപ്പോള്‍ മുതല്‍ അസ്വസ്ഥനാകുന്ന മാഷ്‌ കരുണാകരനോട് ആ ഗ്രാമം കാട്ടിയ അനീതിയുടെ കഥ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നു.

ഉയര്‍ന്ന ചിന്താഗതികളും ദീര്‍ഘ വീക്ഷണവുമുള്ള ഒരു കലാകാരനായിരുന്നു കരുണാകരന്‍. ആ ഗ്രാമത്തിലെ ഓരോ വ്യക്തികളുടെ ജീവിതത്തിലും കരുണാകരന്‍ വ്യക്തമായ സ്വാധീനം ചൊലുത്തിയിരുന്നു. അയാള്‍ സൃഷ്ടിച്ച കലാരൂപങ്ങള്‍ വിദേശങ്ങളില്‍ വരെ പേരെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ ശില്‍പങ്ങളെ തേടി ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും ആളുകളെത്തിയിരുന്നു. നവരസങ്ങളെ ശില്‍പ രൂപത്തിലാക്കുവാന്‍ ശ്രമിച്ച തന്‍റെ മുന്‍ തലമുറക്കാരനെപറ്റിയും അദ്ദേഹത്തിന്‍റെയും മോഡലിന്‍റെയും ദുരൂഹ മരണത്തെക്കുറിച്ചും തലമുറകളായി മേനിയത്ത് തറവാടിനെ ചുറ്റി പറ്റി നിന്ന കഥകള്‍ കരുണാകരനും കേട്ടിരുന്നു. ആ ദൌത്യം പൂര്‍ത്തീകരിക്കുവാന്‍ അദ്ദേഹം ചില ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യ്തു. ക്രിസ്തീയ സഭാ നിലപാടുകള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച കരുണാകരന്‍ നാട്ടിലെ പ്രമാണിമാരുടെ ശത്രുതക്ക് പാത്രമായി. നാടക നടി നളിനിയായിരുന്നു കരുണാകരന്‍റെ നവരസ സങ്കല്‍പ്പത്തിന് മോഡലായി വന്നത്. കരുണാകരന്‍ മേനിയത്തിന്‍റെ ക്രീയേറ്റീവ് വേവ് ലെങ്ങ്തുകളെ ചോദ്യം ചെയ്യ്ത സൌന്ദര്യമായിരുന്നു നളിനിയെന്ന നാടക നടിയുടെത്. നളിനിക്ക് തന്നെക്കാള്‍ പ്രായത്തിനു മൂപ്പെത്തിയ കരുണാകരനോട് തോന്നുന്ന പ്രണയം ആരോരുമറിയാതെ അവള്‍ തന്നില്‍ തന്നെ ഒതുക്കുന്നു. നളിനിയുമായി കരുണാകരന് അവിഹത ബന്ധമുണ്ടെന്ന് വിശ്വസിക്കത്തക്ക രീതിയില്‍ ചില സംഭവങ്ങള്‍ ഉണ്ടാകുന്നു. ഈ അവസരം സഭ മുതലെടുക്കുകയും കലയെന്ന സത്യത്തില്‍ വര്‍ഗ്ഗീയതയുടെ വിഷം കലര്‍ത്തി അപമാനിതനാക്കി കരുണാകരനെയും കുടുംബത്തെയും നാട് കടത്തുന്നു പുരോഹിത-പ്രമാണി വര്‍ഗ്ഗം. അതിനു ശേഷം ഉറ്റ മിത്രമായ ദിവാകരന്‍ മാഷിനെ കരുണാകരന്‍ ഒരിക്കല്‍ രഹസ്യമായി കാണുകയും തനിക്കു വേണ്ടി ഒരു രഹസ്യം സൂക്ഷിക്കാന്‍ മാഷിനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. പിന്നീട് കരുണാകാരനെക്കുറിച്ചോ അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചോ മാഷിനും യാതൊരു വിധ അറിവും ഉണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ഐരാണിമുട്ടത്തേക്ക് മടങ്ങി വരുന്നു എന്ന വാര്‍ത്തയുമായി കരുണാകരന്‍റെ മകന്‍ നരേന്ദ്രന്‍റെ കത്ത് മാഷിനെ തേടി വരുന്നത്.

ആര്‍ട്ട് ബിസിനസ്സില്‍ ലോകത്തെ ഒന്നാം നിരക്കാരായ മാംഗ്ലൂരിലെ നിയോലിത്തിക് ആര്‍ട്സിന്‍റെ ജീവനായിരുന്ന നരേന്ദ്രന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അവിടെ നിന്ന് തന്‍റെ കോണ്ട്രാക്റ്റ് പിന്‍വലിക്കുന്നു. സുഹൃത്തും പുസ്തക പ്രസാധകയും സാഹിത്യകാരിയുമായ മെനാള്‍ അഹ്യൂജ, നരേന്ദ്രന്‍ തുടങ്ങി വെച്ച് ഇടയ്ക്കു നിര്‍ത്തിയ പുസ്തക രചന തുടരുവാന്‍ ആവശ്യപ്പെടുന്നു. ക്രിയാത്മകമായ ചിന്തകള്‍ക്ക് അര്‍ത്ഥവ്യാപ്തിയും ആഴവും നിശ്ചയിക്കുമ്പോള്‍ ഒരു കലാകാരന്‍ സ്വായത്തമാക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചും, ആ സ്വാതന്ത്ര്യത്തിനുണ്ടായിരിക്കേണ്ട ദ്രവ്യാത്മകതയെയും പറ്റിയുള്ള പഠനങ്ങളാണ് നരേന്ദ്രന്‍റെ പുസ്തക രചനക്കാധാരം.

'ലിഖ്വിട് ഫ്രീഡം ഇന്‍ ദി ഇന്‍റെര്‍പ്രട്ടെഷന്‍ ഓഫ് ക്രീയേറ്റീവ് തോട്ട്സ്' എന്ന പേരില്‍ നരേന്ദ്രന്‍ മേനിയത്ത് രചിക്കുന്ന പുസ്തകത്തിന്‍റെ പൂര്‍ത്തീകരണത്തിന് ആവശ്യമായി വന്ന ഗവേഷണങ്ങള്‍ അദ്ദേഹത്തെ കൊണ്ട് ചെന്നെത്തിക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ലോക പ്രശസ്ത കലാകാരനായ തന്‍റെ മുതു മുത്തച്ചനായ മാണി മേനിയത്തിന്‍റെ ജീവ ചരിത്രത്തിലേക്കും നവരസ സൌന്ദര്യത്തേക്കുറിച്ച് അദ്ദേഹം നടത്തിയ ആഴത്തിലുള്ള പഠനങ്ങളിലേക്കും കണ്ടെത്തലുകളിലേക്കുമാണ്. 'Navarasa' An Emotional Discovery എന്ന് അദ്ദേഹം നാമകരണം ചെയ്യ്ത് പൂര്‍ത്തീകരിക്കുവാന്‍ പദ്ധതിയിട്ടിരുന്ന ആ ബ്രഹത് കലാ രൂപം, അദ്ദേഹത്തിന്‍റെയും മോഡലായ താമരയെന്ന യുവതിയുടെയും ദുരൂഹമായ മരണത്തോടെ കാലത്തിന്‍റെ വിസ്മൃതിയിലേക്ക് ആണ്ടു പോകുന്നു. പുസ്തകരചന മാത്രം ലക്ഷ്യമിട്ട് ഗവേഷണം തുടങ്ങുന്ന നരേന്ദ്രന്‍, മാണി മേനിയത്ത് തുടങ്ങി വെച്ച് അവസാനിപ്പിക്കാതെ പോയ ആ വലിയ ദൌത്യവും കൂടി ഏറ്റെടുക്കുവാന്‍ തീരുമാനിക്കുന്നു.

പക്ഷെ ആ ദൌത്യം ഏറ്റെടുക്കണമെങ്കില്‍ താന്‍ ഇന്നോളം സമാഹരിച്ച അറിവോ പരിജ്ഞാനമോ മതിയാകില്ലെന്ന് നരേന്ദ്രന്‍ മനസിലാക്കുന്നു. അതാണ്‌ മാണി മേനിയത്തിന്‍റെ വ്യക്തിത്വത്തെയും ജീവിത രീതികളെയും പറ്റി പഠിക്കുവാന്‍ നരേന്ദ്രനെ നിര്‍ബന്ധിതനാക്കിയത്.

മാണി മേനിയത്തിനെക്കുറിചുള്ള നരേന്ദ്രന്‍ മേനിയത്തിന്‍റെ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ്. അവിടെ അദ്ദേഹം പണി തീര്‍ത്ത മനോഹരമായ കൊട്ടാരങ്ങളും സൌധങ്ങളുമുണ്ടായിരുന്നു. പുരാവസ്തു സംബന്ധമായ കാര്യങ്ങളില്‍ ഗവേഷണം നടത്തുന്ന വേദ പണ്ഡിതനായ കാക്കൂര്‍ ഭട്ടതിരിപാട് നല്‍കിയ ചില സൂചനകള്‍ നരേന്ദ്രന്‍റെ ശ്രദ്ധയെ അത് വരെ ആരുമറിയാതെ കിടന്നിരുന്ന മാണി മേനിയത്തിന്‍റെ കാമുകി ലോക പ്രശസ്ത ചിത്രകാരി ലോറയിലേക്ക് തിരിക്കുന്നു. ലോറയെന്ന ചിത്രകാരിയെ മാണി മേനിയത്തെന്ന അത്ഭുത പ്രതിഭാസം എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസിലാക്കുവാനായാല്‍ ഒരു പക്ഷെ മാണി മേനിയത്തിന്‍റെ ജീവിതത്തിലേക്കും അന്വേഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും വെളിച്ചം വീശുമെന്ന ഭട്ടതിരിപാടിന്‍റെ ഉപദേശം നരേന്ദ്രനെ ലണ്ടനിലെത്തിക്കുന്നു. ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്സിലുള്ള ഭട്ടതിരിപാടിന്‍റെ സുഹൃത്ത് ഫിയോണ തുടര്‍ന്നുള്ള ഗവേഷണങ്ങളില്‍ നരേന്ദ്രനെ സഹായിക്കുന്നു. ഒടുവില്‍ നരേന്ദ്രന്‍റെ ധിഷണാ ശക്തി അയാളെ ലക്ഷ്യത്തില്‍ കൊണ്ടെത്തിക്കുന്നു.

സ്ത്രീയെന്ന പ്രകൃതിയെ പ്രകൃതിയിലെ സ്ത്രീയെ, അല്ലെങ്കില്‍ സ്ത്രീയെന്ന വിസ്മയത്തെ നവരസങ്ങളിലൂടെ ലോകത്തിന്‍റെ പല കോണുകളിലുള്ള , പദ്മിനി, ചത്രിനി, ശംഘിനി, ഹസ്തിനി എന്നീ നാല് വിഭാഗത്തിലുള്ള,വ്യത്യസ്ത സ്ത്രീകളിലൂടെ കണ്ടെത്തുവാനുള്ള ശ്രമങ്ങളാണ് മാണി മേനിയത്ത് നടത്തുന്നത്. നഗര വാസ്തു, പുരാതന വാസ്തു ശാസ്ത്രമായ കൌടില്യന്‍റെ അര്‍ത്ഥ ശാസ്ത്രം, സമരാങ്കണ സൂത്രധാര, രാജസിംഹ വാസ്തു, മാനസാര, കശ്യപ ശില്‍പ, മായാമത, അപരാജിത പ്രിച്ഛാ തുടങ്ങിയവയും അനഘ രംഗ, കൂപ ശാസ്ത്ര തുടങ്ങിയ ലക്ഷണ ശാസ്ത്രങ്ങളും ഒക്കെ അറിയാവുന്ന വ്യക്തിയാണ് മാണി മേനിയത്ത്.

ആലപ്പുഴ നഗര നിര്‍മ്മാണത്തിന് വേണ്ടി വാസ്തു ശാസ്ത്രം തച്ചു ശാസ്ത്രം ശില്‍പ കല തുടങ്ങിയവയില്‍ പ്രഗല്‍ഭനായ ഒരാള്‍ക്ക്‌ വേണ്ടി കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്‍റെ ദീവാനായിരുന്ന രാജ കേശവദാസിന്‍റെ അന്വേഷണം എത്തി നില്‍ക്കുന്നത് ലണ്ടനില്‍ ഉപരി പഠനം കഴിഞ്ഞെത്തി രാജസ്ഥാനിലെ കോട്ടയില്‍ അവിടത്തെ രാജാവായ രാജ സിംഹന്‍റെ അതിഥിയായി കഴിയുകയായിരുന്ന മാണി മേനിയത്തിലെത്തുന്നത്. തുടര്‍ന്ന് മാണി മേനിയത്ത് വേണാടിന്‍റെ അതിഥിയായി എത്തുകയും. നഗരവാസ്തുവിന്‍റെ ഭാഗമായി നടത്തേണ്ടുന്ന യോനി പൂജക്ക്‌ അനുയോജ്യയായ ലക്ഷണമൊത്ത പദ്മിനി പെണ്ണിന് വേണ്ടിയുള്ള അന്വേഷണം കേരള നാടിനും പാണ്ടി നാടിനും അതിരിടുന്ന അഗസ്ത്യവാരമെന്ന കടലോര പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന അതീവ സുന്ദരിയും മന്ത്ര തന്ത്രാദികളില്‍ ആഗ്രഗണ്യയുമായ ബ്രാഹ്മണ സ്ത്രീയും വേശ്യയുമായ താമരയില്‍ എത്തുന്നു. പിന്നീടു ഇരുവരും ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നു. മാണി മേനിയത്തെന്ന ജീനിയസ്സിന്‍റെ അന്വേഷണങ്ങളും കണ്ടെത്തലുകളും അതോടെ എവിടെയോ മറഞ്ഞു പോകുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറം അദ്ദേഹത്തിന്‍റെ പിന്‍ തലമുറക്കാരനായ നരേന്ദ്രന്‍, മാണി മേനിയത്ത് സഞ്ചരിച്ച അതെ പാതകളിലൂടെ കാലം താനിക്കായ് മാറ്റിവെച്ച നിയോഗത്തിന്‍റെ പൂര്‍ത്തീകരണത്തിന് വേണ്ടി യാത്ര ചെയ്യുകയാണ്.

യോനി പൂജയുടെ ഭാഗമായി മാണി മേനിയത്ത് അഗസ്ത്യവാരത്തുള്ള താമരയുടെ കൊട്ടാരത്തിലേക്കുള്ള ആദ്യ യാത്രയില്‍ മറ്റുള്ളവര്‍ക്ക് പുറമേ സഹായത്തിനു വേണ്ടി അച്യുതനെയും കൂട്ടിയിരുന്നു. അത് വരെ കേട്ടറിവ് മാത്രമുള്ള താമരയെ നേരില്‍ കണ്ടപ്പോള്‍ നാരദന്‍റെയും പഞ്ചചൂടയെന്ന അപ്സരസ്സിന്‍റെയും അപ്സരസ്സ് നാരദ മുനിക്ക്‌ സ്ത്രീയെന്ന സൃഷ്ടിയെക്കുറിച്ച് വര്‍ണ്ണിച്ചു വിവരിച്ച് കൊടുത്തതുമെല്ലാം അച്യുതന് ഓര്‍മ്മ വന്നു. ഈ വിഷയത്തെ ആസ്പദമാക്കി എഴുതി തുടങ്ങിയ കവിത അച്യുതന്‍ അഗസ്ത്യവാരത്തെ താമസത്തിനിടയില്‍ പൂര്‍ത്തിയാക്കുന്നു. മടക്ക യാത്രയില്‍ ഈ കവിത അച്യുതന്‍ മാണി മേനിയത്തിനെ ചൊല്ലി കേള്‍പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ചിന്താഗതികള്‍ മാത്രമുള്ള മേനിയത്ത് ഒരു നിമിഷം സാധാരണക്കാരനെ പോലെ അസൂയ പൂണ്ട കണ്ണുകളോടെ അച്യുതനെ നോക്കുന്നു. പഞ്ചചൂട വിവരിച്ച സ്ത്രീയെന്ന മായിക സങ്കല്‍പ്പത്തെ അച്യുതന്‍ താമരയിലൂടെ ദര്‍ശിക്കുകയായിരുന്നു. അത്രക്കുണ്ടായിരുന്നു ആ കവിതയുടെ കാവ്യ ഭംഗിയും ലക്ഷണവും. ഒരു വേള മേനിയത്ത് പോലും താമരയില്‍ ദര്‍ശിക്കാത്ത സൌന്ദര്യം അച്യുതന്‍ കണ്ടെത്തി എന്നുള്ള തിരിച്ചറിവാണ് മേനിയത്തിനു താമരയെ വീണ്ടും കാണണമെന്ന മോഹമുദിപ്പിച്ചത്.

അവളുടെ സൌന്ദര്യമാകുന്ന വിഷം ആവോളം പാനം ചെയ്യ്ത് താന്‍ മരിക്കുകയാണെന്ന് മനസിലാക്കിയിട്ടും ആ മരണം പോലും ഒരുല്‍ത്സവമായി ഒരാഘോഷമായി കൊണ്ടാടുകയാണ് അവളെ പ്രാപിക്കുന്ന ഓരോരുത്തരും. താമരയുടെ തീക്ഷ്ണമായ ശരീര സൌന്ദര്യത്തിനു മുന്നില്‍ മഹാ വിദ്വാന്മാര്‍ പോലും സ്വയം മറന്നു പോയിട്ടുണ്ട്. സൌന്ദര്യത്തിന്‍റെ ദിവ്യാനുപാതം കൃത്യമായി വിളക്കി ചേര്‍ക്കപ്പെട്ട ശരീരമായിരുന്നു താമരയുടെത്. അനിതരസാധാരണമായ നൃത്ത പാടവം, മന്ത്ര തന്ത്രാദികളിലുള്ള അഗാധമായ അറിവും, ഒപ്പം രാസക്രീഡാകേളികളിലുള്ള മിടുക്കും അവരെ തികച്ചും വ്യത്യസ്ഥയാക്കുന്നു. ഭയാനകം, ഭീബല്‍ത്സം, ക്രോദ്ധം എന്നിങ്ങനെ മൂന്ന് രസങ്ങളിലൂടെയാണ് താമര തന്‍റെ അതിഥികളുമായി സമ്മേളിചിരുന്നത്. അവര്‍ അതിഥികളുമായി സല്ലപിച്ചിരുന്ന മുറികളില്‍ ഈ ഭാവങ്ങള്‍ ഉണര്‍ത്തുന്ന, ഒരു മാന്ത്രിക പുരയെ അനുസ്മരിപ്പിക്കുന്ന കടും വര്‍ണ്ണങ്ങളിലുള്ള കളങ്ങളും താന്ത്രിക്ക് ചിത്രങ്ങളും ഒപ്പം ഭയാനകവും ഭീകരവുമായ സജ്ജീകരണങ്ങളും (ജീവികളുടെ രക്തം ഇറ്റു വീഴുന്ന തലയും മറ്റും തൂക്കിയിട്ടിരിക്കും) ഒരുക്കിയിരുന്നു. എല്ലാത്തിലുമുപരി വിദഗ്ധയായ ഒരു കൊലയാളി കൂടിയായിരുന്നു താമരയെന്ന സൌന്ദര്യം.

താമരയെ കൂടുതല്‍ അറിയുന്നതിന് വേണ്ടിയുള്ള മാണി മേനിയത്തിന്‍റെ രണ്ടാമത്തെ യാത്രയില്‍ അച്യുതനെ മേനിയത്ത് മന:പൂര്‍വ്വം ഒഴിവാക്കുന്നു. എന്നാല്‍ മേനിയത്തിന്‍റെ യാത്രോദ്ദേശ്യം എന്തെന്നറിയുവാനുള്ള അടക്കുവനാകാത്ത ജിജ്ഞാസയും ഒപ്പം താമരയെന്ന സൌന്ദര്യത്തെ ഒരിക്കല്‍ക്കൂടി ദര്‍ശിക്കുവാനുള്ള അടങ്ങാത്ത തൃഷ്ണയും മേനിയത്തിന്‍റെ സാധന സാമാഗ്രികള്‍ കയറ്റിയ മറ്റൊരു കുതിര വണ്ടിയില്‍ മേനിയത്തിന്‍റെ ലക്ഷ്യ സ്ഥാനത്തേക്ക് രഹസ്യമായി യാത്ര ചെയ്യുവാന്‍ അച്യുതനെ പ്രേരിപ്പിക്കുന്നു. ആ യാത്രയിലെ ഒരു രാത്രിയില്‍ അജ്ഞാതരായ കുറെ ആയുധധാരികള്‍ മേനിയത്തിനെ ആക്രമിക്കുന്നു. തികഞ്ഞ അഭ്യാസിയും കൂടിയായിരുന്ന മാണി മേനിയത്ത് ആക്രമികളെ ഒറ്റയ്ക്ക് നേരിട്ട് തുരത്തുന്നു. ആലപ്പുഴ നഗര വികസന വിരോധികളായ ചിലരായിരുന്നു അതിനു പിന്നില്‍. അഗസ്ത്യവാരത്തുള്ള താമരയുടെ കൊട്ടാര സദൃശ്യമായ ഭവനത്തില്‍ ആരോരുമറിയാതെ മേനിയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അയാള്‍ നിരീക്ഷിക്കുന്നു. വ്യത്യസ്തമായ ജീവിത ശൈലിയുള്ള താമരയുമായി അല്ലെങ്കില്‍ താമരയുടെ ചെയ്തികളുമായി അഗാധമായ പ്രണയത്തിലാകുന്നു മാണി മേനിയത്ത്. ഒടുവില്‍ പൌരഷത്തിന്‍റെ എല്ലാ ആഡംഭരങ്ങളോടും കൂടിയ മാണി മേനിയത്തെന്ന മനുഷ്യനില്‍ താമരയിലെ ഒരിക്കലും മെരുങ്ങാത്ത വന്യമായ പ്രകൃതി സ്വയം അലിഞ്ഞു ചേരുകയാണ്...അല്ലെങ്കില്‍ കീഴടങ്ങുകയാണ്...... പക്ഷെ ഒരു പാട് ദുരൂഹതകള്‍ കാലത്തിനു മുന്നില്‍ ബാക്കിയാക്കി താമരയും മാണി മേനിയത്തും കൊല്ലപ്പെടുന്നു. മേനിയത്തിന്‍റെയും താമരയുടെയും ദാരുണമായ അന്ത്യത്തിന് അയാള്‍ മൂകം സാക്ഷിയാകുന്നു. താമരക്കുളത്തില്‍ മരിച്ചു കിടക്കുന്ന താമരയെന്ന വശ്യ മോനോഹര സൌന്ദര്യത്തെ നിര്‍ജ്ജീവാവസ്ഥയിലും മൃഗീയമായി പ്രാപിക്കുന്ന താമരയുടെ സഹായിയായിരുന്ന, വൃദ്ധനും പാതി അന്ധനും വികലാംഗനുമായ പ്രഹ്ലാദന്‍ ഇന്ദ്രീയങ്ങളെ മരവിപ്പിക്കുന്ന കാഴ്ചയായി മാറുന്നു. ഒടുവില്‍ മേനിയത്തിന്‍റെ അവശേഷിപ്പുകള്‍ അദ്ദേഹത്തിന്‍റെ ഘാതകര്‍ അറിയാതെ എടുത്ത് അച്യുതന്‍ അവിടുന്ന് രക്ഷപ്പെടുന്നു.

ഈ സമയം ബിലാത്തിയില്‍ നിന്നും മാണി മേനിയത്തിനെ അന്വേഷിച്ചു വേണാടിലെത്തുന്നു അദ്ദേഹത്തിന്‍റെ കാമുകിയും ബിലാത്തിയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗവേഷകയുമായ ലോറ. മേനിയത്തിനെ അന്വേഷിച്ച് അഗസ്ത്യവാരത്തേക്ക് പോകുവാന്‍ ലോറ അച്യുതന്‍റെ സഹായം തേടുന്നു. അത് വരെ മാണി മേനിയത്തിനുണ്ടായ ദുരന്തത്തെ പറ്റി ആരോടും ഒന്നും പറയാതിരിക്കുകയായിരുന്നു അച്യുതന്‍. താമരയുടെ സൌന്ദര്യത്തില്‍ മയങ്ങിപ്പോയ മേനിയത്തിന്‍റെ ശ്രദ്ധ വേണാടിന്‍റെ സമഗ്ര വികസനത്തിന് വഴിവെച്ചേക്കാവുന്ന ആലപ്പുഴ നഗര നിര്‍മ്മിതിയില്‍ നിന്ന് അല്‍പമെങ്കിലും വഴുതിപോയത് കൊട്ടാരത്തില്‍ അല്പം നീരസം മേനിയത്തിനോട് ജനിപ്പിച്ചിരുന്നു. അഗസ്ത്യവാരത്ത് നടന്ന ക്രൂരമായ ഹത്യ കൊട്ടാരത്തിന്‍റെ അറിവോടെ തന്നെയാണെന്നാണ് അച്യുതന്‍ കരുതിയത്‌. അത് തന്നെയാണ് അവിടെ കണ്ടതൊന്നും ആരോടും പറയാതിരിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചത്. തുടര്‍ന്ന്, നടന്ന കാര്യങ്ങളെല്ലാം അച്യുതന്‍ ലോറയോട് വിവരിക്കുന്നു. ഒപ്പം തന്‍റെ കൈവശമുണ്ടായിരുന്ന മേനിയത്തിന്‍റെ അവശേഷിപ്പുകള്‍ വലിയ ഭാണ്‍ഡത്തിലാക്കി ലോറക്ക്‌ കൊടുക്കുന്നു. അച്യുതന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കിയ ലോറ, കൊലപാതകത്തിന് കൂട്ട് നിന്നത് കൊട്ടാരത്തിലെ ആളുകള്‍ തന്നെയാണെന്ന അച്യുതന്‍റെ മൊഴി കണക്കിലെടുക്കുകയും മേനിയത്തിന്‍റെ മരണത്തിന് ആരോടും പരാതിപ്പെട്ടിട്ടു കാര്യമില്ല എന്ന അച്യുതന്‍റെ ഉപദേശവും സ്വീകരിച്ച് ആരോടും ഒന്നും പറയാതെ ലോറ ഇന്ത്യ വിട്ടു പോകുന്നു. അത് മാത്രവുമല്ല എല്ലാത്തിനും അച്യുതന്‍ ദൃക്ക്സാക്ഷിയാണെന്ന് കൊട്ടാരത്തില്‍ അറിഞ്ഞാല്‍ അത് അച്യുതന്‍റെ ജീവനും ഭീഷണിയാകുമെന്ന് ഭയന്നിട്ടാണ് ലോറ ഇന്ത്യ വിട്ടു പോകുന്നത്.

ലോറ ലണ്ടനില്‍ തിരിച്ചെത്തി എണ്‍പത്തിരണ്ടാം വയസ്സില്‍ അവരുടെ മരണം വരെ കെന്‍റ്റിലുള്ള ഫാം ഹൌസില്‍ ഒറ്റക്കായിരുന്നു താമസം. അവരുടെ മരണശേഷം അവിടെ നിന്ന് ലഭിച്ച എല്ലാ വസ്തുക്കളും ബന്ധുക്കള്‍ ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്സിനു ദാനം നല്‍കി. അക്കൂട്ടത്തില്‍ പണ്ട് അച്യുതന്‍ ലോറക്ക്‌ നല്‍കിയ മാണി മേനിയത്തിന്‍റെ അവശേഷിപ്പുകളും ഉണ്ടായിരുന്നു. അച്യുതന്‍ ലോറയോട് പറഞ്ഞ കാര്യങ്ങളത്രയും അവര്‍ അവരുടെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. താമരെയെപറ്റിയും അവരുമായി മാണി മേനിയത്തിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അവരിലൂടെ താന്‍ കണ്ടെത്തിയ സൌന്ദര്യത്തിന്‍റെ പുതിയ അറിവളവുകളെക്കുറിച്ചും മേനിയത്ത് വിശദമായി തന്നെ രേഖപ്പെടുത്തിയിരുന്നു. ഒപ്പം അപൂര്‍വ്വ സുന്ദരമായ താമരയുടെ വിവിധ ച്ഛായാ ചിത്രങ്ങളും ജല സാന്നിധ്യത്തില്‍ ഭയാനകം ഭീബല്‍സം കാമം തുടങ്ങിയ രസങ്ങള്‍ക്ക് പുതിയ ശരീര ഭാഷ്യം നല്‍കി വരച്ചെടുത്ത അതിശയിപ്പിക്കുന്ന അംഗവടിവുകളുള്ള താമരയുടെ സ്കെച്ചുകളും നരേന്ദ്രന് ലഭിക്കുന്നു. അവിടെ നിന്നാണ് മാണി മേനിയത്തെന്ന മിത്തിന്‍റെ അപൂര്‍വ്വ സുന്ദരമായ കഥ തുടങ്ങുന്നത്.

ജലത്തെ പല അനുപാതത്തില്‍ (നവ രസങ്ങളിലെ ഭാവങ്ങള്‍ക്കനുസരിച്ച്) വിന്യസിച്ച് സ്ത്രീയുടെ നാല് വിഭാഗങ്ങളായ പദ്മിനി, ചത്രിനി, ശംഘിനി, ഹസ്തിനിയില്‍ ഒന്‍പതു രസങ്ങളും ഉണര്‍ത്തി അവയെ ശില്‍പങ്ങളിലേക്ക് ആവാഹിചെടുക്കുകയായിരുന്നു മാണി മേനിയത്ത് വിഭാവനം ചെയ്യ്തത്. സ്ത്രീ ശരീരത്തിന് നവരസങ്ങളിലൂടെ പുതിയ അര്‍ത്ഥവും ആഴവും തേടുകയായിരുന്നു മാണി മേനിയത്ത്. വികാരങ്ങളെ ഉദ്ധീപിപ്പിക്കുവാന്‍ ഗന്ധത്തിനോ, സ്പര്‍ശനത്തിനോ അല്ലെങ്കില്‍ ഒരു കാഴ്ചക്കോ സാധിക്കുമെങ്കിലും, ഇത്തരത്തിലുള്ള ഓരോ ഘടകത്തിനും പരിമിതികളുണ്ടെന്നാണ് മേനിയത്തിന്‍റെ പക്ഷം. മനുഷ്യരിലെ അടിസ്ഥാനപരമായ ഒന്‍പതു ഭാവങ്ങള്‍ അല്ലെങ്കില്‍ രസങ്ങളെയും കൃത്രിമമായ ഭാവാഭിനയത്തിലൂടെയല്ലാതെ സ്വാഭാവികമായി ഉണര്‍ത്തിയെങ്കില്‍ മാത്രമേ യഥാര്‍ത്ഥ സൌന്ദര്യം ദര്‍ശിക്കുവാന്‍ കഴിയുകയുള്ളൂ എന്നാണു മേനിയത്ത് വിശ്വസിച്ചിരുന്നത്. ശരീരത്തിലെ ഓരോ അണുവും തന്മാത്രയും ഉണരുകയും ഒപ്പം വികാരങ്ങളെ ഉദ്ധീപിപ്പിക്കുന്ന അതൊന്നിനെ സ്വീകരിക്കുവാന്‍ സ്വമേധയ ഒരുങ്ങുകയും പിന്നീടത്‌ സ്വശരീരത്തില്‍ ദീപ്തമായും സ്വാഭാവികമായും പ്രതിഫലിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥമല്ലാത്തതും കാണികളെ സുഖിപ്പിക്കുവാന്‍ വേണ്ടി കൃത്രിമമായി വരുത്തിത്തീര്‍ക്കുന്ന രസമല്ലാതെ അതി തീക്ഷ്ണമായ രസാനന്ദ നിര്‍വൃതി ദൃശ്യമാകുന്നതും അനുഭവപ്പെടുന്നതുമെന്നാണ് മേനിയത്ത് കണ്ടെത്തുന്നത്. പ്രകൃതിയുടെ എല്ലാ അംശങ്ങളും ഇഴ ചേര്‍ത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ള സ്ത്രീയില്‍ ഇത്തരത്തില്‍ നവരസ സൌന്ദര്യം അനാവൃതമാക്കുവാനുള്ള ആഴത്തിലുള്ള ഗവേഷണ നിരീക്ഷണങ്ങളാണ് മേനിയത്ത് നടത്തുന്നത്. ഇങ്ങനെ സ്വാഭാവികമായി ഉണരുന്ന രസങ്ങളെ അല്ലെങ്കില്‍ ഭാവങ്ങളെ ഈ ഓരോ ഗണത്തില്‍പ്പെടുന്ന സ്ത്രീകളുടെ ശരീരവും ഒരേ അളവില്‍ ഒരേ വ്യക്തതയോടെ പ്രതിഫലിപ്പിക്കുന്നുണ്ടോ അതോ ഉയര്‍ന്ന ഗണത്തിലും താഴ്ന്ന ഗണത്തിലും പെട്ട സ്ത്രീകളില്‍ അതിനു ഏറ്റകുറച്ചിലുകളുണ്ടോ എന്നുമുള്ള ഒരന്വേഷണം കൂടിയാണ് മേനിയത്ത് നടത്തുന്നത്.

ഒടുവില്‍ മാണി മേനിയത്തിന്‍റെ ഗവേഷണ നിരീക്ഷണങ്ങളും ലോകത്തെ ഒട്ടു മിക്ക ഇടങ്ങളിലും സഞ്ചരിച്ച് വിവിധ ദേശങ്ങളിലുള്ള സ്ത്രീകളില്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത സൌന്ദര്യ ശാസ്ത്രത്തിന്‍റെ അളവ് ഗണനങ്ങള്‍ വെച്ച് നടത്തിയ പഠനവും തന്‍റെ പിതാവും ഗുരുവുമായ കരുണാകരന്‍ മേനിയത്ത് നളിനി എന്ന പഴയ കാല നടിയില്‍ കണ്ടെത്തിയ സൌന്ദര്യ നിരീക്ഷണങ്ങളും ഒപ്പം സ്വന്തം തിയറിയായ 'ലിഖ്വിട് ഫ്രീഡം ഇന്‍ ദി ഇന്‍റെര്‍പ്രട്ടെഷന്‍ ഓഫ് ക്രീയേറ്റീവ് തോട്ട്സും' ചേര്‍ത്ത് കോറല്‍ ഡണ്‍ലപ് എന്ന നരേന്ദ്രന്‍റെ മോഡലിന്‍റെ സഹായത്തോടെ അദ്ദേഹം ആ മഹാ ദൌത്യം പൂര്‍ത്തീകരിക്കുന്നു.

കഥയുടെ അവസാനം. നരേന്ദ്രന്‍റെ അച്ഛന്‍ അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചു പോയ കാടും പടലും പാമ്പും പഴുതാരയും കയറയിയ ആ പണിശാല വെട്ടി വെടിപ്പാക്കി അവിടത്തെ ചെമ്മണ്‍ തറയില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന ഒരാള്‍ പൊക്കത്തിലുള്ള ഒരു വലിയ മര കഷണത്തിലേക്ക് ഒരു കയ്യില്‍ ഉളിയും മറു കയ്യില്‍ കൊട്ടുവടിയുമായി നീണ്ടു ചെല്ലുന്ന രണ്ടു കുഞ്ഞി കൈകള്‍. അത് നരേന്ദ്രന്‍റെ മകന്‍ ആഗ്നെയിന്‍റെതായിരുന്നു. ദാരുവില്‍ വീണ്ടും കവിതകള്‍ വിരിയിക്കുവാനെന്ന പോലെ.

അദ്ധ്യായം 1


ഹീത്രൂ എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍റ് ചെയ്യ്തപ്പോള്‍ മുതല്‍ ഗായത്രിയെ വല്ലാത്തൊരസ്വസ്ഥത പിടികൂടിയതാണ്. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ മാത്രമല്ല സമൂഹത്തിലെ വമ്പന്‍ പ്രമാണിമാരും ബിസിനസ്സുകാരും ഒക്കെ പങ്കെടുക്കുന്ന ചടങ്ങാണ്. അങ്ങോട്ടേക്ക് പോകണോ? വീണ്ടും നരേന്ദ്രനെ എങ്ങനെ അഭിമുഖീകരിക്കും? നരേന്ദ്രനുമായി തെറ്റി പിരിയുമ്പോള്‍ തന്‍റെ വീട്ടുകാരോ സുഹൃത്തുക്കളോ ആരും തന്നെ ന്യായീകരിച്ചില്ല. അവരെല്ലാം നരേന്ദ്രന്‍റെ പക്ഷം തന്നെയായിരുന്നു.അച്ഛനും അമ്മയും എത്രയോ തവണ തന്നെ വിളിച്ച് സംസാരിച്ചു എല്ലാം ഒന്ന് നേരെയാക്കാന്‍. നരേന്ദ്രന്‍ തന്നോട് വാശി കാണിച്ചിരുന്നോ? കാണിച്ചു എന്ന് വേണമെങ്കില്‍ പറയാം പക്ഷെ അത് ഇപ്പോഴും അങ്ങോട്ട്‌ ഉറപ്പിച്ചു പറയുവാന്‍ കഴിയുന്നില്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമാണെങ്കിലും ഇത്ര മനോഹരമായി പ്രണയിക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന ഒരാള്‍... ജീവിതത്തില്‍ എല്ലാവരും നിസ്സാരമെന്നു തള്ളിക്കളയുന്ന പലതും ഹൃദയത്തോട് ചേര്‍ത്ത് വെക്കുവാന്‍ തന്നെ പഠിപ്പിച്ചതും നരനല്ലേ? പിന്നെ എന്തിനാണ് താന്‍ നരനുമായി തെറ്റിയത്? ഒമ്പത് മണിക്കൂര്‍ ആകാശ യാത്ര ആഗ്നേയിനെ നന്നേ തളര്‍ത്തിയിരുന്നു. അവന്‍ ഗായത്രിയുടെ മടിയില്‍ തല വെച്ച് നല്ല ഉറക്കത്തിലാണ്.പാവം അച്ഛന്‍റെയടുത്തെക്ക് പറക്കുന്ന ദിവസത്തിനു വേണ്ടി എണ്ണിയെണ്ണി കഴിയുകയായിരുന്നു ഇത്ര നാള്‍. ഇനി ഏതാനും മണിക്കൂര്‍ മാത്രം. കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പ് വരെ അവന്‍റെ ലോകം അച്ഛനായിരുന്നു. നരേന്ദ്രനോന്നു സൂക്ഷിച്ചു നോക്കിയാല്‍ പോലും അവനു സഹിക്കുവാന്‍ പറ്റുമായിരുന്നില്ല. അത്രക്കടുപ്പമായിരുന്നു അവന് അപ്പയോട്. അവന്‍റെ കുഞ്ഞു ഹൃദയം ഒരുപാട് വേദനിച്ചു അച്ഛനില്‍ നിന്ന് അടര്‍ത്തിയെടുത്ത് കേരളത്തിലേക്ക് കൊണ്ട് പോയപ്പോള്‍. അവനെ കേരളത്തില്‍ വളര്‍ത്തണമെന്ന് തന്നെയായിരുന്നു നരേന്ദ്രന്‍റെയും ആഗ്രഹം. നാളെ കഴിഞ്ഞു മറ്റന്നാള്‍ കേരളത്തിലേക്ക് മടക്കയാത്ര. ആഗ്നേയ് തിരികെ തന്‍റെ കൂടെ വരില്ലെന്ന് വാശി
പിടിച്ചാല്‍ എന്ത് ചെയ്യും? ഈശ്വരാ...അച്ഛന്‍റെയും സുഹൃത്തുക്കളുടെയും സമ്മര്‍ദ്ധത്തിനു വഴങ്ങി അവനെ ഇവിടെ വിട്ടു പോകേണ്ടി വരുമോ? ഹേ നരന്‍ അതിനൊരിക്കലും സമ്മതിക്കില്ല. പെട്ടന്നവള്‍ അങ്ങിനെയാണ് ഓര്‍ത്തു പോയത്. അവളുടെ നെഞ്ചൊന്നു പിടച്ചു...അതെ നരന്‍ അങ്ങനെ മാത്രമേ ചിന്തിക്കുവാന്‍ കഴിയൂ...വേദനകള്‍ അസഹ്യമാകുമ്പോള്‍ മാത്രമേ തന്നോട് പോലും പറയാറുള്ളൂ... വാശിപിടിച്ചു മോനെയും കൂട്ടി കേരളത്തിലേക്ക് പറക്കുവാന്‍ തുടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അച്ഛന്‍ പറഞ്ഞത് ഇപ്പഴും കാതില്‍ മുഴങ്ങുന്നു...നിന്നെ എനിക്കൊരിക്കലും ന്യായീകരിക്കുവാന്‍ കഴിയില്ല....നരന്‍ ഏറെ വ്യത്യസ്തനായ ഒരു മനുഷ്യനാണ്..അത് മറ്റാരെക്കാളും നന്നായിട്ട് നിനക്കറിയാം..എന്നിട്ടും നീയീ കാണിക്കുന്നത് പൊറുക്കുവാന്‍ കഴിയില്ല..നരനോടും നിന്‍റെ മോനോടും....ഇപ്പോഴത്തെ ഈ ദേഷ്യവും വാശിയും
മാറുമ്പോള്‍ നീ തിരികെ വരും...പക്ഷെ വൈകിക്കരുത്..നിങ്ങളുടെ ജീവിതം കണ്ട് ആയുസ്സിന്‍റെ സായാഹ്നത്തില്‍ നില്‍ക്കുന്ന ഞാന്‍ പോലും കൊതിച്ചു പോയിട്ടുണ്ട്. ഞാന്‍ മാത്രമല്ല മറ്റു പലരും. എന്നിട്ടും പിണക്കം നീണ്ടു നിന്നു ഒന്നര വര്‍ഷം. എന്തൊക്കെയോ ഓര്‍മ്മകള്‍ ഗായത്രിയുടെ കണ്ണ് നിറച്ചു. പീരുമേട്ടിലെ കുന്നും ചരിവിലുള്ള ആ പഴയ കോളെജിന്‍റെ നീണ്ട പടികളിലിരുന്നു നരന്‍ തന്‍റെ ഓട്ടോ ഗ്രാഫിലെഴുതിയ വരികള്‍...താന്‍ അന്നും ഇന്നും എന്നും ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍..എത്രയാവര്‍ത്തി വായിച്ചുവെന്ന് തനിക്കു പോലും അറിയില്ല... നീ എനിക്ക് സമ്മാനിച്ച ഓരോ വേദനയും മേഘ പുഷ്പ്പങ്ങളായി സായാഹ്നങ്ങള്‍
ചുവപ്പ് പടര്‍ത്തിയ കണ്‍തടങ്ങളില്‍ ചലനമറ്റു കിടന്നതും പിന്നീടത്‌ ഹൃദയമുറങ്ങിയ കടവില്‍ ആളൊഴിഞ്ഞ നേരത്ത് ചാലുകീറി ഒഴുകിയതും... മഴ പെയ്യ്തു വീണ പടികളില്‍ കരിയിലകളും പച്ച പായലും മെല്ലെ വകഞ്ഞു മാറ്റിയാല്‍ കാണാം നിന്നെ തേടിയലഞ്ഞ എന്‍റെ കാല്‍പ്പാടുകള്‍....നിന്‍റെ ഓരോ ഹൃദയമിടിപ്പും എന്നോട് പറഞ്ഞതൊക്കെയും കുന്നികുരു മണികളില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ചിരുന്നു. പിന്നെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയ കറുത്ത രാത്രിയില്‍ ഇരുട്ടിന്‍റെ മറവില്‍ വെള്ളിടിവെട്ടിയ നേരത്ത് എന്‍റെ ഓര്‍മകളിലെ സ്നേഹ വാക്കുകളൊക്കെയും ഒളിപ്പിച്ച കുന്നി കുരു മണികള്‍ ഹൃദയം പിളര്‍ന്നു മരിച്ചു..... എല്ലാം തകര്‍ത്തു വീശിയ കാറ്റ് കവര്‍ന്നത് നിന്‍റെ ഹൃദയമിടിപ്പുകള്‍ എന്നോട് പറഞ്ഞ സ്നേഹ വാക്കുകളെയാണ്..... ആ വരികളില്‍ നരനും താനും അന്നനുഭവിച്ച സേനഹ നൊമ്പരങ്ങളൊക്കെയും ഒളിപ്പിച്ചുവെച്ചിരുന്നു...

ലോകത്തിന്‍റെ കാപട്യങ്ങളില്‍ എന്നും നരനിലെ കലാകാരന്‍ അസ്വസ്ഥനായിട്ടുണ്ട്...ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് നരന്‍. ഒടുവില്‍ താനും നരനെ ഒറ്റപ്പെടുത്തി. നരന്‍റെ സ്നേഹത്തിനെ മോനില്‍ നിന്നടര്‍ത്തി മാറ്റി. ഗായത്രിയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു... എത്ര വേദനിച്ചിട്ടുണ്ടാകും എന്‍റെ നരന്‍...ഇപ്പോഴും ഗൌരവമാര്‍ന്ന ആ മുഖത്ത് വേദന കണ്ടെത്തുവാന്‍ നന്നേ വിഷമമാണ്. താന്‍ പിണങ്ങി പോയി മാസങ്ങള്‍ക്കഴിഞ്ഞു ഒരു പ്രമുഖ ചാനലില്‍ വന്ന ഇന്‍റെര്‍വ്യൂയില്‍ നരന്‍ പറഞ്ഞത് അവള്‍ക്കോര്‍മ്മ വന്നു.... എന്‍റെ പ്രണയവും വിരഹവും എന്‍റെ മഴയും വെയിലും ഋതുവും എന്‍റെ മണ്ണിന്‍റെ മണവും മുളങ്കാടിലൂടെ ഒഴുകി നീങ്ങുന്ന തെന്നലിന്‍റെ വേഗവും...പിന്നെ പിന്നെ...എന്‍റെ ഉണ്ണിയും അവന്‍റെ അമ്മയും...എല്ലാം എല്ലാം അങ്ങകലെ ആ മണ്ണിലാണ്.... ഇവിടെ ഞാന്‍ തനിച്ചാകുന്നു.....എന്നാല്‍ കൂട്ടുകൂടുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന പ്രലോഭനങ്ങള്‍...സുന്ദരവും അതിലേറെ ഭീകരവുമായ പ്രലോഭനങ്ങള്‍. ഒരിക്കലും തീരാത്ത എന്‍റെ പ്രണയം....എന്‍റെ ആത്മസഖിയോടുള്ള എന്‍റെ പ്രണയം...സുഖമുള്ള ഒരു തണുപ്പായ്...മഴയായ് എന്നോട് കിന്നാരം പറയുമ്പോള്‍ കാണാന്‍ സുഖമുള്ള ഒരു കാഴ്ച മാത്രമായി അവശേഷിക്കുന്നു എന്‍റെ ചുറ്റിലുമുള്ള മനോഹരമായ പ്രലോഭനങ്ങള്‍. പക്ഷെ ആ ആഘോഷതിമിര്‍പ്പില്‍ ഭാഗഭാക്കാകാന്‍ ഒട്ടും താല്പര്യമില്ല .... കാരണം..എനിക്ക് ചുറ്റും എന്നെ മോഹിപ്പിക്കുന്ന, വല്ലാതെ മോഹിപ്പിക്കുന്ന പ്രണയമുണ്ട്...അതിന്‍റെ വിരഹമുണ്ട്...എന്‍റെ ആത്മസഖിയുടെ പ്രണയം..എനിക്കവളോടുള്ള പ്രണയം...എന്നെ അച്ഛനും അവളെ അമ്മയുമാക്കി മാറ്റിയ ഉണ്ണിയോടുള്ള സ്നേഹം..ഞാന്‍ എന്നതിനെക്കാളും എന്നിലെ കലയെന്ന സത്യത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്‍റെ പ്രണയവും എന്‍റെ സ്നേഹവും...അത് കൊണ്ട് തന്നെ കല എന്നതിനെ ഞാന്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു....അത് മഴയായ് പൂക്കാലമായ്‌ വേനലായ്‌ മഞ്ഞായ്‌ എനിക്ക് ചുറ്റുമുണ്ട്...

ബര്‍മിംഗ്ഹാമിലേക്ക് നേരിട്ട് വന്നാല്‍ ഇടയ്ക്കു ദുബായില്‍ ഇറങ്ങേണ്ടിവരും അതൊഴിവാക്കുവാനാണ് ലണ്ടനിലേക്ക് വന്നത്. ഇനി രണ്ടു മണിക്കൂര്‍ കാറില്‍ യാത്ര. ഗായത്രി സാരംഗിനെ നോക്കി. എയര്‍ പോര്‍ട്ടില്‍ വെച്ച് യാത്ര സുഖമായിരുന്നോ എന്നന്വേഷിച്ചതില്‍ പിന്നെ യാത്രയിലുടനീളം യാതൊന്നും സംസാരിച്ചില്ല. അയാള്‍ അല്‍പം ക്ഷീണിച്ചിട്ടുണ്ട് പ്രായം അറുപത്തിയെട്ടായെങ്കിലും അത്രയൊന്നും തോന്നിക്കില്ല. ഇമ്മിഗ്രേഷന്‍ കഴിഞു പുറത്തിറങ്ങുമ്പോഴും ആഗ്നേയ് നല്ല ഉറക്കത്തിലായിരുന്നു. അയാള്‍ അവനെ സ്നേഹത്തോടെ ഒന്ന് തലോടുക മാത്രം ചെയ്യ്തു. അവനെ കണ്ടപ്പോള്‍ അയാളുടെ മുഖത്ത് ദു:ഖം ഖനീഭവിച്ചു. മാര്‍ച്ച് ആദ്യത്തെ ആഴ്ച തന്നെ ലണ്ടന്‍ തണുപ്പില്‍ നിന്ന് വളരെയധികം മുക്തി നേടിയിരുന്നു. അത് കൊണ്ട് തന്നെ ലണ്ടന്‍ നിരത്തില്‍ കണ്ട യുവതികള്‍ വളരെയധികം ഹോട്ട് ആന്‍ഡ്‌ സെക്സിയായി കാണപ്പെട്ടു.

ലണ്ടന്‍ നഗരത്തെ വിട്ട് കാര്‍ മോട്ടോര്‍ വേയിലൂടെ ബര്‍മിംഗ്ഹാം ലക്ഷ്യമാക്കി പായുകയായിരുന്നു. അയാളുടെ മുഴുവന്‍ ശ്രദ്ധയും വാഹനമോടിക്കുന്നതിലായിരുന്നു. ബര്‍മിംഗ്ഹാമിലായിരുന്നു സാരംഗും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ ഇന്‍ഡോനേഷ്യക്കാരി പേളിനൊപ്പം ഒരു ആര്‍ട്ട് മാര്‍ക്കെറ്റിംഗ് കമ്പനി നടത്തുന്നു. ലണ്ടനില്‍ നരേന്ദ്രന്‍റെ ഗവേഷണങ്ങള്‍ക്കൊക്കെ എല്ലാ പിന്തുണയും നല്‍കിയത് സാരംഗായിരുന്നു. ഗവേഷണങ്ങള്‍ക്കൊടുവില്‍ പ്രോജക്റ്റ് പൂര്‍ത്തിയാകുമ്പോള്‍ അതിന്‍റെ എക്സിബിഷനും മാര്‍ക്കെടിങ്ങും നടത്തുവാനുള്ള അവകാശം സാരംഗിനു നല്‍കണമെന്ന ഒറ്റ കണ്ടീഷന്‍ മാത്രം. നീണ്ട നാല് വര്‍ഷങ്ങളിലെ നരന്‍റെ പരിശ്രമങ്ങള്‍ ഒടുവില്‍ നാളെ പുറം ലോകത്തെത്തുകയാണ്. കലകളോട് കലാകാരന്മാരോടും സാധാരണയില്‍ കവിഞ്ഞ യാതൊരു ഇഷ്ടമോ ഒന്നുമില്ലാതിരുന്ന തന്‍റെ ലോകമേ കലയാക്കി മാറ്റിയത് നരനാണ്. എത്ര മനോഹരമാണ് കലയുടെ ലോകമെന്നു തനിക്കു കാട്ടി തന്നതും നരനാണ്. എത്രയോ വര്‍ഷങ്ങള്‍, മോന്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഈ വഴിയിലൂടെ നരേന്ദ്രന്‍റെ കൂടെ കാറില്‍ സഞ്ചരിച്ചിരിക്കുന്നു. യാത്രകള്‍ എന്നും നരനെ വല്ലാതെ ഹരം പിടിപ്പിച്ചിരുന്നു. കാറുമായി പോകുവാന്‍ കഴിയുന്നിടത്തൊക്കെ ഡ്രൈവ് ചെയ്യ്തു തന്നെ പോകും. അത് പോലൊരു യാത്രയിലുണ്ടായ ചെറിയ ഒരു പിണക്കമല്ലേ തങ്ങളെ ഇത്രയും അകറ്റിയത്. ഓര്‍മ്മകള്‍ പിന്നെയും മനസ്സിലെക്കോടിയെത്തുകയാണ്. ഓരോന്നോരോന്നാലോചിച്ചിരുന്നു ഗായത്രി നല്ല ഉറക്കത്തിലേക്ക് വഴുതി വീണു. ബര്‍മിംഗ്ഹാമിലെ മനോഹരമായ ഒരു വില്ലെജിലായിരുന്നു സാരംഗിന്‍റെ വീട്. വീടിന്‍റെ മുന്നില്‍ മനോഹരമായ പൂന്തോട്ടവും പിന്നില്‍ നിറയെ വൃക്ഷങ്ങളും കാടും ഒക്കെയുള്ള ഒരു സ്ഥലം. പട്ടണത്തിലെ പോലെ നിരനിരയായി വീടുകളോ ഒന്നുമില്ല. കാറില്‍ നിന്നിറങ്ങുമ്പോള്‍ പേള്‍ മുന്‍ വാതില്‍ തുറന്നു പുറത്തേക്ക് വന്നു. തങ്ങള്‍ക്കിടയിലുള്ള എല്ലാ കാര്യങ്ങളും നന്നായി അറിയാവുന്ന രണ്ടു വ്യക്തികളായിരുന്നു സാരംഗും പേളും.

ഒരു പാട് നീണ്ട യാത്രയായത് കാരണം ഗായത്രിക്കും നല്ല ക്ഷീണം തോന്നി. കുശലാന്വേഷണവും ഭക്ഷണവും ഒക്കെ വേഗം തീര്‍ത്തു അവള്‍ മുറിയിലേക്ക് വന്നു. ആഗ്നേയ് അപ്പോഴും നല്ല ഉറക്കത്തിലാണ്. അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു. എന്തൊരുറക്കമാണ് ഇത് എന്ന് മനസ്സില്‍ പറയുകയും ചെയ്യ്തു. അവനെ കെട്ടിപ്പിടിച്ചു കിടന്നത് മാത്രം ഓര്‍മ്മയുണ്ട് അപ്പോള്‍ തന്നെ അഗാധമായ ഉറക്കത്തിലേക്കവള്‍ വഴുതി വീണു.

നേരം നന്നേ പുലര്‍ന്നാണ് അവള്‍ ഉണര്‍ന്നത്. താഴെ നിന്നും ആഗ്നെയുടെ ഉറക്കെയുള്ള സംസാരം കേള്‍ക്കാം. പ്രഭാത കര്‍മ്മങ്ങള്‍ പെട്ടെന്ന് തീര്‍ത്തു അവള്‍ ലണ്ടനിലേക്ക് യാത്രക്ക് തയ്യാറായി. താഴെ സാരംഗും പേളും അവളെ കാത്തിരിപ്പുണ്ടായിരുന്നു.
"ഗുഡ് മോണിംഗ് ഗായത്രി...നന്നായി ഉറങ്ങിയെന്നു കരുതുന്നു."
"നല്ല ക്ഷീണമുണ്ടായിരുന്നു. കിടന്നപ്പോള്‍ തന്നെ ഉറങ്ങി പോയി...ഇവന്‍ കാലത്തെ തന്നെ എണീറ്റിങ്ങു പോന്നോ." ആഗ്നെയുടെ തലയില്‍ ഒരു കൊട്ട് കൊടുത്തു കൊണ്ട് ഗായത്രി ചോദിച്ചു.
"അമ്മ ഉറങ്ങുന്നത് കണ്ടപ്പോള്‍ ഉണര്‍ത്താന്‍ തോന്നീല്ല..."
പേള്‍ ഗായത്രിയെ നോക്കി മന്ദഹസിച്ചിട്ട് ബ്രേക്ക്ഫാസ്റ്റിനായി ക്ഷണിച്ചു.
"കം ഗായ ലെറ്റ്സ് ഹാവ് ബ്രേക്ക് ഫാസ്റ്റ്."
ബ്രേക്ക്ഫാസ്റ്റിനിടയില്‍ സാരംഗാണ് കാര്യം എടുത്തിട്ടത്. "ഗായ... വൈകുന്നേരം എട്ട് മണിക്കാണ് പ്രോഗ്രാം..ഞാന്‍ കുറച്ചു നേരത്തെ പോകും..ഗായ പേളിനോടൊപ്പം വന്നാല്‍ മതി..നാളെയാണോ അതോ മറ്റന്നാളാണോ റിട്ടെന്‍ ഫ്ലൈറ്റ്.?"
"മറ്റന്നാള്‍ "
"ഒക്കെ ചെറിയൊരു കണ്‍ഫ്യൂഷന്‍....ഷോപ്പിംഗ്‌ വല്ലതുമുണ്ടെങ്കില്‍ നാളെ ചെയ്യ്താല്‍ പോരെ."
"ഇന്ന് തന്നെ അതൊക്കെ തീര്‍ത്ത്, പ്രോഗ്രാം കഴിഞ്ഞു റാടിസണ്ണില്‍ രാത്രി തങ്ങി നാളെ ലണ്ടനില്‍ കുറച്ചു പേരെ കാണുവാനുണ്ട് അതും കഴിഞ്ഞു വൈകുന്നേരത്തെ ഫ്ലയിറ്റിനു മടങ്ങാം എന്നാണു കരുതിയത്‌."
അയാള്‍ എന്തോ ഒരു നിമിഷം ആലോചിച്ചു..."ഗായയുടെ സൗകര്യം അതാണെങ്കില്‍ അങ്ങനെ..പക്ഷെ ഹോട്ടലില്‍ തങ്ങണ്ട..ഹെയസ്സില്‍ നമുക്ക് വീടുണ്ട് അവിടെ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാം."
"താങ്ക്സ് സാരംഗ്. അതൊന്നും വേണ്ട..താങ്ക്സ്."
"ഒക്കെ..."അയാള്‍ മെല്ലെ തലയാട്ടി..."റൂം ബുക്ക്‌ ചെയ്യണോ?"
"ഹ..യെസ്..."
"ഒക്കെ ഞാന്‍ ശരിയാക്കിക്കോളാം "
ആഗ്നേ ഭക്ഷണം കഴിഞു പുറത്തെക്കിറങ്ങാന്‍ അമ്മയോട് അനുവാദം ചോദിച്ചു. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.
"ഗായ..പിന്നെ..ഈ പിണക്കം അങ്ങ് തീര്‍ത്തൂടെ..അല്ലെങ്കില്‍ തന്നെ ഗായ എന്തിനാ നരനോട് പിങ്ങങ്ങിയത്? ഗായക്കും കൃത്യമായി പറയുവാന്‍ കഴിയുമോ എന്തിനാണ് നരനോട് പിണങ്ങിയതെന്നു? എനിക്കറിയാം ഗായക്കതിനു കഴിയില്ലെന്ന്"
അവള്‍ പ്രതീക്ഷിച്ചിരുന്നു അയാള്‍ ഈ പ്രശ്നം എടുത്തിടുമെന്നു. അവള്‍ക്കൊന്നും പറയുവാനുണ്ടായിരുന്നില്ല.
"ഒന്നൊന്നര വര്‍ഷമായില്ലേ.... മോനെ ഓര്‍ത്തെങ്കിലും നിങ്ങള്‍ക്കൊന്നിച്ചു കൂടെ..."
"നരന്‍ എന്നെ ഒരിക്കല്‍ പോലും വിളിച്ചില്ല...മോനെക്കുറിചന്വേഷിച്ചില്ല..എനിക്ക് സങ്കടമില്ലാതെ വരോ?"
"നരന്‍ എല്ലാം അറിഞ്ഞിരുന്നു...ഗായയെ ജോലിക്ക് വിടരുതെന്നും ആഗ്നെയിനെ മലയാളം മീഡിയത്തില്‍ ചേര്‍ക്കണമെന്ന് അമ്മാവനോട് പറഞ്ഞതും ഒക്കെ നരന്‍ തന്നെയായിരുന്നു."
അവള്‍ അയാളെ ഒന്ന് നോക്കി.
"നരന്‍റെ തീരുമാനങ്ങള്‍ തന്നെയാണ് ഞാന്‍ ആഗ്നെയുടെ കാര്യത്തില്‍ ചെയ്യ്തത്...."
ഒന്ന് നിര്‍ത്തിയ ശേഷം.
"സാരംഗ്...നിങ്ങള്‍ കരുതുന്ന പോലെ എനിക്ക് നരനോട് യാതൊരു ദേഷ്യവുമില്ല...എങ്ങനെയോ പിങ്ങങ്ങിപ്പോയി...ആ പിണക്കം ദിവസങ്ങള്‍ നീണ്ടു പോയപ്പോള്‍ അങ്ങോട്ട്‌ പോയി മിണ്ടുവാനുള്ള ധൈര്യം കിട്ടിയില്ല."
"എനിക്ക് മനസ്സിലാകും..ഗായയെ നരന് നല്ലോണം അറിയാം....ആകെ വിഷമമുള്ളത് മോനെ..." അയാള്‍ മുഴുമിപ്പിച്ചില്ല.
"അതൊക്കെപ്പോട്ടെ..നരനെ കാണണം..സംസാരിക്കണം..സംസാരിച്ചാല്‍ പോര...മറ്റന്നാള്‍ക്കുള്ള ഫ്ലയിറ്റ് ക്യാന്‍സല്‍ ചെയ്യണം...പിറ്റേ ദിവസം നിങ്ങളൊന്നിച്ച് കേരളത്തിലേക്ക്..."
അവളുടെ മുഖത്ത് ആശ്വാസത്തിന്‍റെ ഒരു ചിരി പടര്‍ന്നു. അയാള്‍ കൈ തുടച്ച് എഴുന്നേറ്റു.
"ഗായ അപ്പൊ പറഞ്ഞ പോലെ..പത്ത് മണിയാകുമ്പോള്‍ പേള്‍ ഇറങ്ങും..ലണ്ടനിലെ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞ് എട്ട് മണിയോടെ അവിടെയെത്തിയാല്‍ മതി. തിരക്കാണ് ഗായ...റോയല്‍ വെഡിങ്ങിന്‍റെ മുഴുവന്‍
അലങ്കാര ജോലികളും നമ്മുടെ കമ്പനിയാണ് ചെയ്യുന്നത്. വൈകിട്ടവിടെ കാണാം...അത് കഴിഞ്ഞ് പോകുന്നതിനു മുന്‍പ് തമ്മില്‍ കണ്ടെന്നു വരില്ല.. പിന്നെ രാത്രി മലയാളി അസോസിയേഷനുകളും മറ്റു കേരള കലാ സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ഒരു ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്. നരനെ ഒറ്റയ്ക്കാക്കരുത്. കൂടെ ഗായത്രിയും മോനും കാണണം. കേരളത്തിലേക്ക് അങ്ങ് കൂടിയാലോ എന്നോരാലോച്ചനയും ഇല്ലാതില്ല.." അയാള്‍ യാത്ര പറഞ്ഞിറങ്ങി.

സമയം വൈകുന്നേരം എട്ടു മണി. തണുപ്പില്‍ നിന്നും മുക്തി നേടി വളരെ ഉന്മേഷഭരിതമായി നില്‍ക്കുന്ന ലണ്ടന്‍ നഗരം. ദീപങ്ങളാല്‍ അലംകൃതമായ നഗരം മനോഹരിയായിരിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ

റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍. വിലകൂടിയ കാറുകളുടെ നീണ്ട നിര തന്നെ കാണാം. സമൂഹത്തിലെ നാനാ തുറകളിലെ പ്രശസ്തരും അതിപ്രശസ്തരും അവിടെ സന്നിഹിതരായിട്ടുണ്ട്. അതി മനോഹരമായി അലങ്കരിച്ചിരിക്കുന്നു ഹാളിന്‍റെ പ്രധാന കവാടം. ഇന്ത്യന്‍ ക്ഷേത്ര ശില്‍പ കലയായ വ്യാളി മുഖമാണ് അതിഥികളെ സ്വീകരിക്കുന്ന പ്രധാന കവാടത്തിന്‍റെ മുഖപ്പ് അലങ്കരിക്കുന്നത്. കവാടത്തിന്‍റെ തൊട്ടരികത്ത് തന്നെ ചിത്രപണികളോട് കൂടിയ ഫ്രെയിമിനുള്ളില്‍ ഐവറി കളര്‍ മാറ്റ് ഫിനിഷ് മൌണ്ടില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിയിരിക്കുന്നു "Navarasa A Poem In Wood by Eminent Sculptor Narendran Meniyath, An Exhibition of Nine Sculptures" അതി മനോഹരമായി ഡിസൈന്‍ ചെയ്യ്തിരിക്കുന്ന പോസ്റ്ററില്‍ വലിയൊരു ശില്‍പ്പത്തിനരികില്‍ വിദൂരതയിലേക്ക് കണ്ണ് നട്ട് നില്‍ക്കുന്ന നരേന്ദ്രനെന്ന ജീനിയസ്സിന്‍റെ സുന്ദരമായ ചിത്രം. അതിനും താഴെ ഒന്‍പതു ശില്‍പങ്ങളെ പറ്റിയുള്ള വിവരണം. ലോകത്തിലാദ്യമായാണ് നവരസങ്ങള്‍ ഒരു കലാകാരന്‍ ശില്‍പരൂപത്തില്‍ പ്രതിഫലിപ്പിക്കുന്നത്. ഒരു ജീനിയസ്സിനെ കൊണ്ട് മാത്രം ചെയ്യുവാന്‍ കഴിയുന്ന ഒരു ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍. ഹാളിലേക്ക് കടക്കുന്ന ഇടനാഴിക്കിരുവശവും അജന്ത എല്ലോറ ആര്‍ട്ട്സുകളെ അനുസ്മരിപ്പിക്കും വിധമുള്ള ചുവര്‍ ശില്‍പ്പങ്ങള്‍. തറയില്‍ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. ഹാളിന്‍റെ അകത്തളം മുഴുവനും വെള്ളക്കാരെയും ഇന്ത്യക്കാരെയും കൊണ്ട് നിറഞ്ഞിട്ടുണ്ട്‌. രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗത്തുള്ള പല പ്രമുഖരും ഹാളിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നു. അതിവിശാലമായ ഹാളിന്‍റെ ചുവരുകള്‍ക്ക് തൂവെള്ള നിറമായിരുന്നു. വളരെ വിശാലമായ ആ ഹാളിന്‍റെ അറ്റത്ത്‌ വേദിയുടെ വലതു വശത്തായി ഒരുക്കിയിരിക്കുന്ന പ്രത്യേക റിവോള്‍വിംഗ് സ്റ്റേജിലാണ് ശില്‍പ്പങ്ങള്‍ അനിനിരത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് നാഷ്ണല്‍ ആര്‍കൈവ്സ് പ്രതിനിധി സൂസന്‍ വൈറ്റ് ഹാര്‍ട്ട്, അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് സ്കള്‍പ്റ്റെഴ്സ് പ്രസിടെന്‍റ് നീല്‍ ആന്‍റെഴ്സണ്‍, ബ്രിട്ടീഷ് - ഏഷ്യന്‍ ആര്‍ട്സ് ഫൌണ്ടേഷന്‍ ചെയര്‍ പേഴ്സണ്‍ ദയാനന്ദ്, റോയിട്ടേഴ്സ് ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് കൊഗുബെല, ഇന്‍ഡോ ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടേഷന്‍ പ്രതിനിധികള്‍, ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീമതി സചേത ബാനര്‍ജീ, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി, ബ്രിട്ടനിലെ ഏക ഇന്ത്യന്‍ വംശജനായ മന്ത്രി ഗുരീന്ദര്‍ സിംഹ് തുടങ്ങി നിരവധി പ്രമുഖര്‍ അവിടെ സന്നിഹിതരായിരുന്നു. പ്രൌഡ ഗംഭീരമായ സദസ്സിന് അഭിമുഖമായിട്ടൊരുക്കിയ വേദിയില്‍ ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളെല്ലാം തന്നെ അവരവര്‍ക്കൊരുക്കിയ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു. റോയല്‍ സെയിന്‍റ് ആല്‍ബര്‍ട്ട് ഹാളിനു പുറത്ത് അതി ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ഹെര്‍ ഹൈനസ്സ് എലിസബത്ത് രാജ്ഞിയുടെ പ്രതിനിധിയാണ് നവരസങ്ങളില്‍ അധിഷ്ടിതമായ ശില്‍പങ്ങള്‍ കലാസ്വാദകര്‍ക്ക് സമര്‍പ്പിക്കുന്നത്. അല്‍പസമയത്തിനുള്ളില്‍ തന്നെ തൂവെള്ള പട്ടു സാരിയണിഞ്ഞ അപ്സരസ്സുകളെ പോലെ സുന്ദരികളായ ഒമ്പത് വെള്ളക്കാരികളായ യുവതികള്‍ വേദിയില്‍ അണിനിരന്നു. ഒപ്പം തന്നെ വളരെ മൃദുവായ സംഗീതവും. തുടര്‍ന്ന് എലിസബത്ത്‌ രാജ്ഞിയുടെ പ്രതിനിധിയെ വേദിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള അനൌണ്‍സ്മെന്‍റ് ഉണ്ടായി. സെക്യൂരിറ്റിക്കാരുടെ അകമ്പടിയോടെ അദ്ദേഹം വേദിയിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹം സദസ്സിനെ അഭിവാദ്യം ചെയ്യ്ത് ഒന്‍പതു യുവതികള്‍ക്ക്‌ നടുവിലായി നിന്ന്. സദസ്സ് കരഘോഷത്തോടെ അദ്ദേഹത്തെ സ്വാഗതം ചെയ്യ്തു. ആ സമയം ഒരു കൊച്ചു പെണ്‍കുട്ടി സുവര്‍ണ്ണ താലത്തില്‍ മൈക്കുമായി അദ്ദേഹത്തെ സമീപിച്ചു. ഏവരും കാത്തിരുന്ന ആ മുഹൂര്‍ത്തത്തിനു തുടക്കമെന്നോണം വീണ്ടും അനൌണ്‍സ്മെന്‍റ്. നരേന്ദ്രന്‍ മേനിയത്തിനെ വേദിയിലേക്ക് സ്വാഗതം ചെയ്യുവാനുള്ള നിയോഗം രാജ്ഞിയുടെ പ്രതിനിധിക്കായിരുന്നു. അദ്ദേഹം മൈക്ക് കയ്യിലെടുത്തപ്പോള്‍ സദസ്സ് പെട്ടെന്ന് ശാന്തമായി.

"ലേഡീസ് ആന്‍റ് ജെന്‍റ്ല്‍ മെന്‍ ഐ ആം പോള്‍ ഹ്യൂബാര്‍ട്ട് ദി സ്പെഷ്യല്‍ റെപ്രസെന്‍റ്റ്റെറ്റിവ് ഓഫ് ഹെര്‍ ഹൈനെസ്സ് ക്വീന്‍ എലിസബത്ത് ടെക്കിംഗ് ദിസ്‌ വണ്ടര്‍ഫുള്‍ ഒപര്‍ച്യൂനിറ്റി ടു വെല്‍കം നരേന്ദ്രന്‍ മേനിയത്ത് ദി മാന്‍ വിത്ത്‌ ഗോള്‍ഡന്‍ ഹാന്‍റ്സ്. ഇത് പറയുമ്പോള്‍ സദസ്സില്‍ കാതടപ്പിക്കുന്ന കരഘോഷമാണ് മുഴങ്ങിയത്. വേദിയുടെ ഇടതു വശത്തെ വാതില്‍ തുറന്ന് അതീവ സുന്ദരികളായ ഒരു പറ്റം യുവതികളുടെ അകമ്പടിയോടെ തൂവെള്ള ഷര്‍ട്ടും പാന്‍റ്സുമണിഞ്ഞ് സുസ്മേരവദനനായി സദസിനു നേരെ കൈയുയര്‍ത്തി പിടിച്ച് നരേന്ദ്രന്‍ വേദിയിലേക്ക് കടന്നു വന്നു. വേദിയിലും സദസിലും ഉണ്ടായിരുന്ന വിശിഷ്ട വ്യക്തികള്‍ ആദര സൂചകമായി എഴുനേറ്റു നിന്ന് നരേന്ദ്രനെ കരഘോഷത്തോടെ സ്വാഗതം ചെയ്യ്തു. പോള്‍ ഹ്യൂബാര്‍ട്ടിന് കൈകൊടുത്ത് നരേന്ദ്രന്‍ അദ്ദേഹത്തിന്‍റെ തൊട്ടടുത്ത്‌ തന്നെ നിന്നു. കരഘോഷം ഒന്നടങ്ങിയപ്പോള്‍ പോള്‍ തുടര്‍ന്ന്.

"ലേഡീസ് ആന്‍റ് ജെന്‍റ്റില്‍ മെന്‍ ഐ ഹാവ് ഷൂക്ക്ട് മൈ ഹാന്‍റ്സ് വിത്ത്‌ എ ഹ്യൂമന്‍ വിത്ത്‌ ദി ഹാന്‍റ്സ് ഓഫ് ഗോഡ്" സദസ്സ് വീണ്ടും ഇളകി മറിഞ്ഞു. "ക്യാന്‍ യൂ ഇമാജിന്‍ എ വേള്‍ഡ് വിത്തൌട്ട് ആര്‍ട്ടിസ്റ്റ്സ്?

ദാറ്റ് വേള്‍ഡ് വുഡ് ബി ലൈഫ് ലെസ്സ്. ആര്‍ട്ടിസ്റ്റ്സ് ആര്‍ ദി വണ്‍ ഹു ട്ടോറ്റ് ദിസ്‌ വേള്‍ഡ് ദി ആര്‍ട്ട് ഓഫ് ഡ്രീമിംഗ്. ദേ ആര്‍ ദി വണ്‍ ഹു മെയിട് ദിസ്‌ വേള്‍ഡ് ബ്യൂട്ടിഫുള്‍. ദേ ആര്‍ ദി വണ്‍ ഹു ആര്‍ ബ്ലെസ്സ്ഡ് ബൈ ഗോഡ്. ആസ് വി ഓള്‍ നോ ദാറ്റ് മി. നരേന്ദ്രന്‍ ഈസ്‌ എ മള്‍ട്ടി ടാലെന്‍റെട് ഹ്യൂമന്‍ ബീയിംഗ് ഡിവലപ്ട് ദി തീയറി ലിക്വിഡ് ഫ്രീഡം ഇന്‍ ദി ഇന്‍റെര്‍പ്രട്ടേഷന്‍ ഓഫ് ക്രീയെറ്റിവ് തോട്ട്സ് ഫോര്‍ ദി ഫാസ്റ്റ് ടൈം ഇന്‍ ദി വേള്‍ഡ് അറ്റംപടട് ടു ഗിവ് ന്യൂ മീനിംഗ് ടു ഹ്യൂമന്‍ ബോഡി. ഹി ട്രാന്‍സ്ലേറ്റട് ദി ഗ്രേറ്റ്‌ ഇന്ത്യന്‍ സേജ് ഭരത മുനീസ് എയിറ്റ് ആന്‍ഡ്‌ അഭിനവ ഗുപ്താസ് വണ്‍ രസാസ് ഇന്ടു ഹ്യൂമന്‍ ബോഡി. ഐ വുഡ് ലൈക് ടു
ഇന്‍വയിട്ട്‌ ഓള്‍ ഓഫ് യു ടു ഹാവ് എ വിഷ്വല്‍ ബൊണാന്‍സാ ബൈ ഇനോഗ്രേട്ടിംഗ് ദിസ്‌ എക്സിബിഷന്‍ നവരസ എ പോയം ഇന്‍ വൂഡ് ബൈ എമിനെന്‍റ് സകള്‍പ്റ്റര്‍ നരേന്ദ്രന്‍ മേനിയത്ത്, ആന്‍ എക്സി ബിഷന്‍ ഓഫ് നയന്‍ സകള്‍പ്ച്ചേഴ്സ്. സദസ്സിനെ മൊത്തത്തില്‍ ഒന്ന് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു "വിത്ത് യുവര്‍ പെര്‍മിഷന്‍" അത്രയും പറഞ്ഞദ്ധേഹം റിമോട്ടില്‍ വിരലമര്‍ത്തി. വേദിയുടെ വലതു വശത്തായി ഒരുക്കിയിരുന്ന പ്രത്യേക സ്റ്റേജിന്‍റെ മനോഹരമായ കര്‍ട്ടനുകള്‍ ഇരു വശങ്ങളിലേക്കും മാറിയപ്പോള്‍ അത് വരെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മനോഹരമായ ആ കാഴ്ച കണ്ണുകള്‍ക്ക്‌ മുന്നില്‍ അനാവൃതമായി. തുടര്‍ന്ന് ജല മര്‍മ്മരത്തിന്‍റെ അകമ്പടിയോടെ ആഫ്രിക്കന്‍ മലനിരകള്‍ക്കിടയിലുള്ള ടോങ്കോ വംശജരുടെ വന്യമെങ്കിലും കൊമ്പും കുഴലൂത്തിനും സമാനമായ സംഗീതം. വളരെ വിദഗ്ദമായി വിന്യസിച്ചിരിക്കുന്ന നിഴലും വെളിച്ചവും ഇടകലര്‍ന്ന വെളിച്ച സംവിധാനത്തില്‍ ഒരാള്‍ പൊക്കത്തിലുള്ള കറുത്ത നിറത്തിലുള്ള ഒന്‍പതു ശില്‍പ സുന്ദരികള്‍. ഓരോ ശില്‍പവും പ്രതിനിധീകരിക്കുന്നത് നവരസങ്ങളിലെ ഓരോ രസങ്ങളെയാണ്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ആ എലീറ്റ് സൊസൈറ്റി മുഴുവനും ആ ശില്‍പങ്ങളുടെ അത്ഭുതാവഹമായ അംഗവടിവുകള്‍ കണ്ണിമ വെട്ടാതെ നോക്കി നില്‍ക്കുകയാണ്. ലോക പ്രശസ്ത ശില്‍പികളും, ഗായകരും, ഫിലിം മേക്കെഴ്സും ഒക്കെ ഉണ്ട് ആ ആള്‍ക്കൂട്ടത്തില്‍. മനം മയക്കുന്ന സ്ത്രീ സൌന്ദര്യത്തിനു ഒന്‍പതു രസങ്ങളിലൂടെ പുതിയ ഭാഷ്യവും അര്‍ത്ഥവും നല്‍കിയ ആ ദേവ ശില്‍പി പുഞ്ചിരി തൂകി സദസ്സിനെ നോക്കി. വേദിയുടെ മുന്‍ നിരയില്‍ തന്നെ നരേന്ദ്രന്‍റെ മകന്‍ എട്ടു വയസ്സുകാരന്‍ ആഗ്നേയ് അച്ഛനെ തന്നെ കണ്ണിമ വെട്ടാതെ അത്ഭുതത്തോടെ നോക്കിയിരിപ്പുണ്ടായിരുന്നു. അച്ഛനവിടെ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമാകുന്നത് അവന്‍ ഏറെ അഭിമാനത്തോടെ നോക്കിയിരിന്നു. നരേന്ദ്രന്‍ മകനെ നോക്കി പുഞ്ചിരിച്ചു. പത്ര ഫോട്ടോഗ്രാഫര്‍മാരും വിഡിയോ ഗ്രഫെഴ്സും ഒക്കെ സ്റ്റേജിനു മുന്നില്‍ തിക്കും തിരക്കും കൂട്ടി. ശില്‍പങ്ങളുടെയും ശില്‍പിയുടെയും ചിത്രങ്ങളെടുക്കുവാന്‍ വേണ്ടി. കുറെ നേരത്തെ ബഹളത്തിനു ശേഷം മറുപടി പ്രസംഗത്തിനായി നരേന്ദ്രനെ ക്ഷണിച്ചു കൊണ്ടുള്ള അനൌണ്‍സ്മെന്‍റ്. നാല്‍പതിനോടടുത്ത്‌ പ്രായം വരുന്ന സുന്ദരനും സുമുഖനുമായ ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന വ്യക്തിത്വത്തിനുടമയായിരുന്നു നരേന്ദ്രന്‍. നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള നരേന്ദ്രനെ കണ്ടാല്‍ ആരും അദ്ദേഹം ഒരു ശില്പിയാണെന്നു പറയില്ലായിരുന്നു. സാധാരണ മുടിയും താടിയും നീട്ടി വളര്‍ത്തി അലസമായ മുഖഭാവമാണ് മിക്കവാറും എല്ലാ ശില്‍പ്പികള്‍ക്കുമുള്ളത്. എന്നാല്‍ നരേന്ദ്രന്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു. മുഖത്തെ ഗൌരവ ഭാവത്തിനിണങ്ങുംവിധം നല്ല കട്ടിയുള്ള മീശ. വ്യക്തി ജീവിതത്തിലും പ്രൊഫഷനല്‍ ജീവിതത്തിലും വളരെയധികം കൃത്യത പുലര്‍ത്തുന്ന ആളായിരുന്നു. സ്ഥായിയായ മുഖത്തെ ഗൌരവ ഭാവം തന്നെയായിരുന്നു അയാളുടെ ഏറ്റവും വലിയ ആകര്‍ഷണവും.വേദിയുടെ മുന്നിലേക്കെത്തി സദസ്സിനെ അഭിവാദ്യം ചെയ്യ്ത ശേഷം. വേദിയിലിരുന്ന ഓരോ ഓരോ വിശിഷ്ട വ്യക്തിയെയും പ്രത്യേകം പേരെടുത്തു അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി.

"ഗുഡ് ഈവ്നിംഗ് ലേഡീസ് ആന്‍ഡ്‌ ജെന്‍റ്റില്‍മെന്‍. മേ ഐ ടേക്ക് ദിസ്‌ ഒപ്പര്‍ച്യൂനിറ്റി ടു താങ്ക് ഓള്‍ ദി വണ്ടര്‍ഫുള്‍ പേഴ്സനാലിറ്റീസ് ഹു ബ്ലെസ്സ്ഡ് ദിസ്‌ ഒക്കേഷന്‍ വിത്ത്‌ ദെയര്‍ ചാമിംഗ് പ്രേസന്‍സ്. ഐ വുഡ് ലൈക് ടു റെന്‍ടര്‍ മൈ ഗ്രേറ്റ്ഫുള്‍നെസ് ടു ഹേര്‍ മെജെസ്റ്റി ക്വീന്‍ എലിസബത്ത് ആന്‍ഡ്‌ ദി സ്പെഷ്യല്‍ റെപ്രസന്‍ററ്റീവ് പോള്‍ ഹ്യൂബാര്‍ട്ട് ഫ്രം ബാക്കിംഹാം പാലസ്. ലേഡീസ് ആന്‍ഡ്‌ ജെന്‍റ്റില്‍മെന്‍ ഐ വുഡ് ലൈക് ടു എക്സ്പ്രസ്‌ മൈ ഹാര്‍ട്ട് ഫുള്‍ഗ്രാറ്റിട്യൂട് ടു മി. സാരംഗ് മൈ ഫ്രെണ്ട് ആന്‍ഡ്‌ മെന്‍റര്‍ ഹു ഹാവ് സപ്പോര്‍ടെട് മീ ഇന്‍ ഓള്‍ ദി ചാല്ലെഞ്ചിംഗ് സിറ്റ്വേഷന്‍സ് ദാറ്റ് ഐ ഫേസ്ട് ഇന്‍ ദി ഡ്യൂ കോഴ്സ് ഓഫ് ദി കമ്പ്ലീഷന്‍ ഓഫ് ദിസ്‌ ആര്‍ട്ട് ഇന്‍സ്ടലേഷന്‍. ലേഡീസ് ആന്‍ഡ്‌ ജെന്‍റ്റില്‍മെന്‍, ദി പോയം ഇന്‍ വൂഡ് സ്റ്റാര്‍ട്ടട് ബൈ ദി ഇയര്‍ 1782 ആന്‍ഡ്‌ എന്‍ട്സ് ഇന്‍ ദി ഇയര്‍ 2011‍. അമേസിങ്ലി ഇറ്റ്‌ ടൂക്ക് 229 ഇയേഴ്സ് ഫോര്‍ ദി കമ്പ്ലീഷന്‍ ഓഫ് ദിസ്‌ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ നവരസ എ പോയം ഇന്‍ വൂഡ്. അറ്റ്‌ ദിസ്‌ ഒക്കെഷന്‍ ഐ വുഡ് ലൈക് റ്റു താങ്ക് മൈ ഗ്രേറ്റ്‌ ഫോര്‍ ഫാതെഴ്സ് ഇന്‍ ദി മേനിയത് ഫാമിലി എസ്പെഷ്യലി മി. മാണി മേനിയത്ത്, ഹു വാസ് ബോണ്‍ ഇന്‍ ദി ഇയര്‍ 1710 ആന്‍ഡ്‌ ഡെഡ് ഇന്‍ ദി ഇയര്‍ 1790, ഹു ഹാസ് ടെവലപ്ട് ദി ഒറിജിനല്‍ ഐടിയ ഓഫ് ദിസ്‌ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ആന്‍ഡ്‌ ഹിസ്‌ ബ്യൂട്ടിഫുള്‍ മോഡല്‍ താമര."

നരേന്ദ്രന്‍ സംസാരിക്കുമ്പോള്‍ സദസ്സ് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കുകയായിരുന്നു. അദ്ദേഹം തുടര്‍ന്നു. എഗൈന്‍ ഐ താങ്ക് മൈ ഫാതര്‍ ആന്‍റ് മെന്‍റര്‍ ലേറ്റ് മി. കരുണാകരന്‍ മേനിയത്ത് ഹു കണ്ടിന്യൂട് ദി നവരസ ആന്‍റ് ഹിസ്‌ മോഡല്‍ ദി ഗ്രേറ്റ്‌ ആക്ട്രെസ്സ് മിസ്സ്‌ നളിനി, ആന്‍റ് ലേറ്റര്‍ ദി പോയം വാസ് കമ്പോസ്ട് ബൈ മി. ഐ ഓള്‍സോ താങ്ക് മൈ മോഡല്‍ മിസ്സ്‌. കോറല്‍ ഡണ്‍ലപ് ടൂ. ഇറ്റ്സ് ടെസ്റ്റിനീസ് ഡിസിഷന്‍ ദാറ്റ്‌ വണ്‍ ഷുഡ് സ്റ്റാര്‍ട്ട്‌ ദി വര്‍ക്ക് ടു ഹണ്ട്രട് ആന്‍റ് സിക്സ്റ്റി സിക്സ് ഇയേഴ്സ് എഗോ ഇന്‍ എ സ്മോള്‍ വില്ലേജ് ഇന്‍ ഇന്ത്യ ആന്‍ഡ്‌ അനദര്‍ വണ്‍ ഫിനിഷസ് ഇറ്റ്‌ ആഫ്ടര്‍ ടു ഹണ്ട്രട് ആന്‍റ് സിക്സ്റ്റി സിക്സ് ഇയേഴ്സ് ഇന്‍ ദി ഗ്രേറ്റ്‌ ബ്രിട്ടന്‍. ഐ ആള്‍സോ താങ്ക് ഓള്‍ മൈ ഫ്രെണ്ട്സ് ഹു സപ്പോര്‍ട്ടേഡ് മി ഇന്‍ ദിസ്‌ വെന്‍ച്യൂര്‍ ആന്‍ഡ്‌ ഓള്‍ ഓഫ് യു. താങ്ക്സ് വണ്‍സ് എഗൈന്‍.ആന്‍ഡ്‌ എ വെരി സ്പെഷ്യല്‍ താങ്ക്സ് ടു മൈ സണ്‍ ആഗ്നേയ് ആന്‍ഡ്‌

മൈ വൈഫ് ഫ്ലോണ്‍ ഓള്‍ ദി വെ ഫ്രം ഇന്ത്യ ടു ലണ്ടന്‍ ടു വിറ്റ്നസ്സ് ദിസ്‌ ഇവെന്‍റ്."

അദ്ധ്യായം 2


കേരളത്തിലെ ഐരാണിമുട്ടം എന്ന കുഗ്രാമം.

അപ്പോ നമ്മള്‍ എവ്‌ട്യാ പര്‍ഞ്ഞ് നിര്‍ത്ത്യെ? രവി ചായ ഗ്ലാസ്‌ വൃദ്ധന്‍റെ മുന്നിലെ ഡെസ്ക്കിലേക്ക് വച്ച് കൊണ്ട് ചായ്പ്പിലെ തിണ്ണയില്‍ ഇരുന്നിരുന്ന മോഹനോട് ചോദിച്ചു. മോഹന്‍ പുരികമുയര്‍ത്തി രവിയെ കണ്ണ് ചിമ്മി കൊണ്ട് നോക്കി എന്തോ ആലോചിക്കുന്ന പോലെ. ?

"ആ! കിട്ടി." രവി പറഞ്ഞു. "ന്‍റെ ഒരപ്പാപ്പനൊണ്ടാരുന്നൂ ..പുള്ളിക്കാരന്‍ പണ്ട് കാലത്ത് വിലാത്തീലൊക്കെ പോയിട്ടൊണ്ട്‌....ഹ..നമ്മട ഇപ്പഴത്തെ ലണ്ടനെ. ജോര്‍ജ് ബുഷൊക്കെയൊള്ള...." അത് കേട്ട് തൊട്ടപ്പുറത്ത് ചായ അടിച്ചോണ്ട് നിന്ന പുഷ്പന്‍ പൊട്ടിച്ചിരിച്ചു. എന്തോ മണ്ടത്തരം പറ്റിയെന്നു മനസ്സിലായ രവി ഒരിളിഭ്യ ചിരിയോടെ പുഷ്പനെ നോക്കി... "എന്ത്യേ ചിരിച്ചത്?" ചിരിക്കിടയില്‍ പുഷ്പന്‍ പറഞ്ഞു "ഹല്ലാ രവിയേട്ടാ.... മൂപ്പര് ഇപ്പ ലണ്ടനിലാല്ലേ...ഈ ജോര്‍ജ് ബുഷേ...അമേരിക്കേന്നു താമസം മാറ്റുമ്പോ ഒരു വാക്ക് നമ്മളോടൊക്കെ ഒന്ന് പറാര്‍ന്നു" എന്നിട്ട് തല ചരിച്ചു ചായക്കടയില്‍ ഇരുന്നിരുന്ന എല്ലാരെയും ഒന്ന് നോക്കി വൃത്തിയായിട്ട് ചിരിച്ചു കാണിച്ചു.

"ഹി ഹി....അല്ല..അവിടത്തെ പ്രധാനമന്ത്രി ഇപ്പാരാന്ന് നിക്ക് അറ്യോ... അല്ല അതെന്തേലുമാവട്ടെ ഞാമുഴുവോനും പറയട്ടെ..വിലാത്തീനു മൂപ്പര് വല്യ പഠിപ്പൊക്കെ കയിഞ്ഞിട്ടാ അന്ന് വന്നത്. യെത്ര കൊല്ലമുബത്തെ കത്യാന്നാ കരുതീത്?...ഒരു കൃത്യായിട്ട് പറഞ്ഞാ...ഒരു...ഒരു....ആയിരത്തി എഴുന്നൂറ്റി നാപ്പത്തഞ്ചിലാണെന്നാണ് ന്‍റെ ഒരോര്‍മ്മ." പറഞ്ഞു നിര്‍ത്തി എല്ലാവരെയും ഒന്ന് ഗൌരവത്തില്‍ നോക്കി. പുഷ്പന്‍ ഇതിനിടയില്‍ പുതുതായി വന്നവര്‍ക്ക് ചിരട്ട പുട്ടും വന്‍പയറ്‌ ഒടച്ചതും പപ്പടവും വിളമ്പിക്കൊണ്ട് നില്‍ക്കുകയായിരുന്നു. പത്ര എജെന്‍റ് സതീശന്‍ പപ്പടം നന്നായിട്ട് പൊടിച്ചു പുട്ടില്‍ ചേര്‍ക്കുന്നതിനൊപ്പം ഇടയ്ക്കു രവി പറയുന്നതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സതീശന്‍ തൊട്ടടുത്ത്‌ നിന്നിരുന്ന പുഷ്പനോട് അടക്കത്തില്‍ ചോദിച്ചു..."ഇതേതാ വിലാത്തീ, ലണ്ടനല്ലേ? ആരടെ കാര്യാ കാലത്തെ തന്നെ കത്തി..."
"ഓ! അതോ മൂപര്ടെ ഏതോ അപ്പാപ്പാന്‍റെ അപ്പാപ്പാന്‍റെ കാര്യാ.."
അവിടിരുന്ന ഒഴിഞ്ഞ ചായ ഗ്ലാസ്സുമെടുത്ത് പുഷ്പന്‍ തിടുക്കത്തില്‍ അപ്പുറത്തേക്ക് പോയി. അതുവരെ ഒന്നും മിണ്ടാതെയിരുന്ന റി: സ്കൂള്‍ അദ്ധ്യാപകന്‍ സുഗുണന്‍ മാഷ്‌ രവിയെ വെറുതെ ഇളക്കാന്‍ വേണ്ടി ചോദിച്ചു. "അല്ലെടാ രവിയെ ....ഈ ആയിരത്തി എഴുന്നൂറ്റിനാല്‍പ്പത്തഞ്ചെന്നൊക്കെ പറയുമ്പോ.... നിനക്കിത്രേം പ്രായണ്ട..? കണ്ടാ പറയില്ലട്ടാ.."

രവി മാഷിനെ അടിമുടി ഒന്ന് നോക്കി.... "ഓ! ഒരു തമാശക്കാരന്‍ വന്നേക്കാണ്...ന്നാ തമാശ പറ്യാന്നറിയോ അതൂല്ല...അതെങ്ങനാ... ല്ലേ ആ വായന ശാലേല മീശമൊളക്കാത്ത പുള്ളാരുടെ കൂടയല്ല്യോ ചഹവാസം....." അതോടെ മാഷ്‌ ഒതുങ്ങി.

അകത്തു നിന്ന് പുഷ്പന്‍ വിളിച്ചു പറഞ്ഞു. "ന്‍റെ മാഷേ....നിങ്ങള് ചുമ്മാ കേട്ടോണ്ടിരുന്നോള്ള്" മാഷ്‌ പുട്ടിലേക്കും പപ്പടത്തിലേക്കും ശ്രദ്ധ തിരിച്ചു വിട്ടു. ഭക്ഷണം കഴിച്ച് മുണ്ടിന്‍റെ തുമ്പത്ത് കൈ തുടച്ച് അയ്യപ്പാസ് ഹോട്ടലിന്‍റെ കൌണ്ടറിലേക്ക് വന്ന ഒരാളുടെ കയ്യില്‍ നിന്ന് പൈസ വാങ്ങി പഴയ തകരപ്പാട്ടയിലെക്കിട്ടുക്കൊണ്ട് രവി തുടര്‍ന്നു. "ആ അത്രേം കൊല്ലം പഴക്കണ്ട് ഈ കതക്ക്...അന്ന് കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മയാ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്...മൂപ്പരടെ ദിവാനോ...മ്മ്ട രാജ കേശവദാസും...." ചരിത്ര സത്യം കേട്ടത് കൊണ്ടാവണം മാഷ്‌ മെല്ലെ കണ്ണടക്കിടയിലൂടെ രവിയെ നോക്കി. "ഇതൊക്കെ ന്‍റെപ്പാപ്പന് മൂപ്പരടെ അപ്പന്‍ പറഞ്ഞു കൊടുത്തേക്കണ്... ഈ രാജ കേശവദാസ് കുന്നത്തൂര്ക്കാരനാ...ശെരിക്കൊള്ള പേര്...രാമന്‍ കേശവന്‍ പിള്ളയെന്നാ...ഞങ്ങട അപ്പാപ്പനും പണ്ട് കുന്നത്തൂര് തന്ന്യാര്‍ന്നു. അങ്ങനൊള്ള കൂട്ടാ രണ്ടാളും. ദീവാനൊക്കെ ആവണേന് മുമ്പ് പോക്ക് മൂസാ മരക്കാരെന്ന ഒരാള്‍ടെ കടേല് കണക്കെഴുത്താര്‍ന്നു പുള്ളിക്ക് ജോലി. ഈ മരക്കാരും തമ്പ്രാനും വെല്യ ചങ്ങാതിമാരാര്‍ന്നു..അങ്ങനെ കേശവന്‍ പിള്ള കൊട്ടാരത്തീ ജോലിക്ക് ചേര്‍ന്ന്...പിന്നങ്ങോട്ട് വളര്‍ന്ന്വളര്‍ന്ന് ദീവാനൊക്ക്യായി..പേരും മാറ്റി. രാജ കേശവദാസ്സായി. പക്ഷെ അപ്പളും അയാള് ന്‍റെപ്പാപ്പനൊണ്ടല്ല മൂപ്പരടെ ചങ്ങാതി...മറന്നില്ല..വിളിചോണ്ട് കൊട്ടാരത്തീത്തന്നെ ജോലി ശര്യാക്കി കൊടുത്തു."

മാഷ്‌ അറിയാതെ ചോദിച്ചു പോയി. "എന്തു ജോലി..അല്ല എന്താ നെന്‍റെ അപ്പാപ്പാന്‍റെ പേര്..?".

ഉടനെ രവി. "ഉം...അപ്പ നിങ്ങക്കും കത കേക്കണം..ങ്ങനെ നേരെ വാ...അപ്പാപ്പാന്‍റെ പേര് മേനിയത്തെങ്കോം....അതെ അങ്ങനെയാ അപ്പാപ്പാന്‍റെ പേര്...കൊളംബോയീ പോയി മാജിക്കും പഠിചിട്ടൊണ്ട് ".

മാഷിനു സംശയം."അല്ല..ഇതെന്തോന്ന് പേര്..മേനിയത്തെങ്കോമോ?."

രവി കണിശം പറഞ്ഞു."ങ്ങ! അങ്ങനതന്ന്യാ...ആദ്യം മണി മേനിയത്തെന്നാര്‍ന്നു പിന്ന വിലാത്തീലൊക്കെ പോയിവന്നപ്പോ പേര് മാറ്റി...മേനിയത്തെങ്കോമെന്നാക്കി ഇവര് രണ്ടു പേരും ചേര്‍ന്നാ ഇന്നത്തെ ആലപ്പുഴ പട്ടണം ഒണ്ടാക്കീത് പിന്നെ കച്ചോടത്തിനായിട്ടു തൊറമൊഖോം ഒക്കെ ഒണ്ടാക്കി, ന്‍റെ ആ അപ്പാപ്പനാ ആലപ്പൊഴെടെ നഗരശില്‍പി ".

ഇതിനിടയില്‍ കടയിലുണ്ടായിരുന്ന മിക്കവാറും പേരും പോയിക്കഴിഞ്ഞിരുന്നു. മാഷും പിന്നെ രവിയും പുഷ്പനും മാത്രമായി കടയില്‍. പുറത്തെ ബസ് സ്റ്റോപ്പിനടുത്തുള്ള മരത്തിന്‍റെ ചോട്ടില്‍ നിന്നും ലോട്ടറി കച്ചവടക്കാരന്‍റെ സൈക്കിള്‍റിക്ഷയില്‍ നിന്നും പാട്ട് കേള്‍ക്കാം. പുഷ്പന്‍ ദേഹത്തും മുഖത്തും പൊടിഞ്ഞ വിയര്‍പ്പ് ഒപ്പിക്കൊണ്ട് മാഷിനഭിമുഖമായി വന്നിരുന്നു.

"ന്‍റെ മാഷേ...രവിയേട്ടന്‍ കാലത്തെ തൊടങ്ങീതാ...ലണ്ടനീന്നു ആര്ടെയോ കത്ത് വന്നൂന്നും പറഞ്ഞ്...അതേല് തൊടങ്ങി ആയിരത്തി എഴുന്നൂറ്റി..." പറഞ്ഞ് മുഴുമിക്കും മുമ്പേ രവി ചൂടായി. "ഡാ....പത്തിരുന്നൂറ്റി അറുപതു വര്‍ഷം പഴക്ക്വള്ള കുടുംബത്തീ പെട്ടത് തന്ന്യാ ഞാനും...അല്ലാതെ അന്‍റെ അപ്പന മാതിരി ഇന്നലത്തെ മഴേ കുരുത്തതല്ല". മാഷിടപെട്ടു.

"ഉം...ഉം...മതി മതി...അല്ല...രവി ലണ്ടനീന്നു ആരാ നെനക്ക് കത്തെഴുതീത്"

"എനിക്കാരാ മാഷേ ലണ്ടനീന്നു കത്തെഴുതാന്‍? അത് മാഷ്‌ക്ക് തന്നെ വന്നതാ..ലണ്ടന്‍ എന്ന് കേട്ടപ്പോ ഞാനതങ്ങു പൊട്ടിച്ചു വായിച്ചു....അല്ല അതിപ്പോ മാഷ്‌ക്ക് വരുന്ന കത്തൊക്കെ ഞാന്‍ തന്നല്ലേ പൊട്ടിച്ചു വായിച്ചു മറുപടി എഴുതുന്നത്‌.... ഒരാള് വശം കത്ത് കൊടുത്ത് വിട്ടതാ" പുഷ്പനും മാഷും മുഖത്തോടു മുഖം നോക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചീല്‍ക്ക്‌ താമസം മാറി പോയ പഴയ നമ്മട പഞ്ചായത്ത് പ്രസിഡന്‍റ് സുകുമാരന്‍ സാറിന്‍റെ മരുമകള്‍ ലണ്ടനില് നഴ്സ് ആണ്. അവര് കുടുംബ സമേതം നാട്ടീ വന്നേര്‍ന്നു, അവ്ടത്തെ ഡ്രൈവറു ചെക്കനാ കത്ത് കൊണ്ടത്തന്നെ."

മാഷിന്‍റെ ക്ഷമ കെട്ടു. "ഹ! ഒന്ന് കാര്യം പറഞ്ഞ് തൊലക്കെന്‍റെ ....രവി...ആരടെ കത്ത്...അല്ലാ...അതിനു നെനക്ക് ഇപ്പഴും അവര്വായിട്ടൊക്കെ ബന്ധണ്ടോ?"

"അത് പറഞ്ഞാ മാഷേ ചരിത്രം പറഞ്ഞ് കാട് കേറി പോയത്...ഇവ്ട വന്ന് അന്വേഷിച്ചു കണ്ടെത്തി കൊണ്ടത്തന്നതാ...."

"ഉം...പറഞ്ഞു തൊടങ്ങിയപ്പോ കേട്ടോണ്ടിരുന്നവരല്ല പറഞ്ഞ് തീര്‍ന്നപ്പോ ഇവിടുണ്ടായിരുന്നത് ...ചുരുക്കി പറയാണ്ട് ...വലിച്ചു നീട്ടിയല്ലേ പറയൂ...."

മാഷിന്‍റെ ക്ഷമ വീണ്ടും കെട്ടു....."നീ ഒന്ന് കാര്യം പറ ...എനിക്ക് പോയിട്ട് വേറ പണീണ്ട്." മാഷ്‌ തിടുക്കം കൂട്ടി.

"ന്‍റെ മാഷേ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരാള്‍ടെ കത്താ....അല്ലാതെ വേറൊന്നൂല്ല്യാ"

മാഷ്‌ നെറ്റി ചുളുക്കി പുഷ്പനെ നോക്കി...പുഷ്പന്‍ അന്തം വിട്ടിരുന്നു രവിയെ നോക്കി. ഇത്ര നേരം എന്തോ പുളുവാണെന്നാണ് കരുതിയത്‌. രവി മേശ വലിപ്പ് തുറന്നു പഴയ കണക്കു പുസ്തകത്തിന്‍റെ താളുകള്‍ക്കിടയില്‍ നിന്നും ഒരു കവര്‍ വലിച്ചു പുറത്തേക്കെടുത്ത് മാഷിന്‍റെ നേരെ നീട്ടി.

"അ...കയ്യില് എച്ചിലാ...ഡ..പുഷ്പ നീയങ്ങോട്ടു വാങ്ങി വായിക്ക്"

പുഷ്പന്‍ കത്ത് വാങ്ങി വായിക്കുവാന്‍ തുടങ്ങി..

'പ്രിയപ്പെട്ട മാഷേ,

മാഷിനും കുടുംബത്തിനും സുഖം എന്ന് കരുതട്ടെ. എന്നെ മാഷിന് അറിയുമോയെന്നറിയില്ല. എങ്കിലും പറഞ്ഞ് വരുമ്പോള്‍ മാഷിന് എന്നെ അറിയുവാന്‍ കഴിയും. ഞാന്‍ നരേന്ദ്രന്‍ മേനിയത്ത്. ലണ്ടനില്‍ താമസം. ഈ കത്തുമായി വരുന്ന ആശാ ലതയുടെ ലണ്ടനിലെ ഒരയല്‍ക്കാരന്‍. ഇപ്പോഴത്തെ ചായക്കട പണ്ടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസായിരുന്നു എന്നറിയാമല്ലോ?'

പുഷ്പന്‍ വായന നിര്‍ത്തി രവിയെയും മാഷിനെയും ഒന്ന് നോക്കി വീണ്ടും വായന തുടര്‍ന്നു.

'ഇതിന്‍റെ പുറകുവശത്തെ ആ വലിയ പറമ്പില്‍ അതെ കാലഘട്ടത്തില്‍ തന്നെ ഒരു ശില്‍പിയുടെ പണിശാലയുമുണ്ടായിരുന്നു. ഇപ്പോള്‍ ഏകദേശം എന്നെപറ്റി ഒരു ധാരണ കിട്ടിക്കാണും മാഷിന്‌. ആ പഴയ ശില്‍പിയുടെ മകനാണ് ഞാന്‍. നരേന്ദ്രന്‍. ഏറെക്കാലമായി ഞാന്‍ ലണ്ടനിലാണ് താമസം. ഞാന്‍ മടങ്ങി വരികയാണ്. ആ മണ്ണിലേക്ക്....' കത്ത് തുടര്‍ന്നു

കത്ത് മുഴുവനും വായിച്ച് പുഷ്പന്‍ രവിയെയും മാഷിനെയും മാറി മാറി നോക്കി. മാഷ്‌ എച്ചി കയ്യുമായി അതെ ഇരിപ്പ് തന്നെ. പിന്നെ മെല്ലെ പറഞ്ഞു..."കരുണാകരന്‍റെ മകന്‍...." വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് മാഷിന്‍റെ മനസ്സ് പലായനം ചെയ്യ്ത പോലെ. മാഷ്‌ ഒന്നും മിണ്ടാതെ കയ്യ് കഴുകുവാന്‍ ഗ്ലാസില്‍ വെള്ളവുമെടുത്ത് പിന്നാമ്പുറത്തേക്ക് നടന്നു. പുഷ്പന്‍ മാഷിന്‍റെ പ്ലേറ്റ് എടുത്തു അടുക്കളയിലേക്കു നടന്നു. ചായക്കടക്കു പിന്നിലെ വെളിച്ചം പോലും കടക്കാത്ത കാട് കയറി കിടക്കുന്ന ആ പറമ്പിലേക്ക് നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു. എന്നും ഇവിടെ നിന്നു കയ്യ് കഴുകാറുള്ളതല്ലേ? താന്‍ അപ്പോഴൊന്നും കാട് പിടിച്ചു കിടക്കുന്ന ആ വിശാലമായ പറമ്പിലേക്ക് അറിയാതെ പോലും നോക്കിയിട്ടില്ല എന്ന സത്യം അയാളെ വേദനിപ്പിച്ചു. തോളത്തു കിടന്നിരുന്ന തോര്‍ത്തില്‍ കയ്യ് തുടച്ച് മാഷ്‌ തിരികെ വന്ന് രവിയുടെ അടുത്ത് നിന്നു.

ദീര്‍ഘമായി ഒന്ന് ശ്വസിച്ച ശേഷം ക്ഷീണിതമായ കണ്ണുകളോടെ രവിയെ ഒന്ന് നോക്കി എന്നിട്ട് മടിയില്‍ നിന്നും ചുരുട്ടിയ ഒരു പത്ത് രൂപ നോട്ടെടുത്ത് മേശ പുറത്തേക്ക് വെച്ചിട്ട് കുടയുമെടുത്ത് പുറത്തേക്ക് നടക്കുമ്പോള്‍ പറഞ്ഞു "പിന്നീട് സംസാരിക്കാം." രവി ഒന്നും മിണ്ടാതെ മാഷിനെ നോക്കി നില്‍ക്കുകയാണ്. പുറത്ത് കവലയില്‍ പട്ടണത്തിലേക്ക് പോകുന്ന ബസ് കാത്തു കുറച്ചു പേര്‍ നില്‍പ്പുണ്ടായിരുന്നു. വല്ലാത്ത വെയിലായിരുന്നു പുറത്ത്.

"മാഷേ"... പിന്നില്‍ നിന്നും പുഷ്പന്‍ വിളിച്ചു. "മാഷ്‌ ടൌണിലെക്കാണോ?" അവന്‍ അടുത്ത് വന്ന് ചോദിച്ചു. അയാള്‍ മെല്ലെ തലയാട്ടി.
"എന്ത് പറ്റി മാഷേ വല്ലാതെ."...
"ഹേയ് ഒന്നൂല്ല്യ" അയാള്‍ നെടുവീര്‍പ്പിട്ടു. അയാളെ എന്തോ വല്ലാതെ അലട്ടുന്നത് പോലെ തോന്നിച്ചു.
രവി കത്ത് മടക്കി ആ പുസ്തകത്തിനുള്ളില്‍ തന്നെ വെച്ചു.
"മാഷേ ഞാനും ടൌണിലേക്കാ...ബസിനിനിയും സമയമുണ്ട്...നമുക്കൊന്നിച്ച്‌ പോകാം..പി.എസ്.സി യുടെ ഫോം വാങ്ങിക്കണം, ചേച്ചിക്കാ.. പിന്നെ സ്ടവ്വിന്‍റെ വാഷറും വാങ്ങണം. പിന്നെ ആ തബല നന്നാക്കാന്‍ കൊടുത്തിട്ട് ഇത് വരെ വാങ്ങീല്ല"
മാഷ്‌ ഒഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി... "ടൌണിലേക്ക് പോകുന്ന ആരോടേലും പറഞ്ഞു വിട്ടാ പോരെ...ഉം....പെട്ടെന്ന് വാ..." പുറത്തേക്കുള്ള വാതിലിന്‍റെ അടുത്ത് കിടന്ന ബെഞ്ചില്‍ അയാള്‍ ഇരുന്നു, പിന്നെ മെല്ലെ തല ഭിത്തിയില്‍ ചാരി പുറത്തെ വെയില്‍ നോക്കിയിരുന്നു. രവിയും എന്തൊക്കെയോ ആലോചനയിലായിരുന്നു. പുഷ്പന്‍ രവിയുടെ അടുത്തേക്ക് ചെന്നു.
"എന്നാ ഞാന്‍.." രവി മെല്ലെ തലയാട്ടി. "ടൌണീന്നു വല്ലതും വാങ്ങണോ?" അതിനും അയാള്‍ വേണ്ടെന്നു ആംഗ്യം കാട്ടി. പുഷ്പന്‍ ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടുമെടുത്ത് പുറകിലേക്ക് പോയി.

ഭിത്തിയിലെ കളര്‍ പോസ്ടറില്‍ ടൌണില്‍ ഇപ്പോള്‍ കളിക്കുന്ന പുതിയ സിനിമയുടെ ചിത്രം. ഒരു പഴയ കാല നായിക സിനിമയില്‍ നിന്നൊക്കെ വിട്ടു പോയി ഏറെ നാള്‍ക്കു ശേഷം അമ്മ വേഷത്തില്‍ മടങ്ങി വരുന്ന ചിത്രമാണത്. മാഷ്‌ ആ പോസ്ടര്‍ കണ്ടില്ല കാരണം അതിനു മുകളിലായിരുന്നു പുഷ്പന്‍ ഷര്‍ട്ട് തൂക്കിയിട്ടിരുന്നത്. പുഷ്പന്‍ തിരികെ വന്ന് രവിയോട് യാത്ര പറഞ്ഞു. മാഷ്‌ അപ്പോഴും പുറത്തെ വെയില്‍ നോക്കിയിരിക്കുകയായിരുന്നു. പുഷ്പന് ആകെ വല്ലാതെ തോന്നി. മാഷിനെ കണ്ടപ്പോള്‍.

"മാഷേ പോകാം"
മാഷ്‌ മെല്ലെ കുട കുത്തി എഴുന്നേറ്റു. ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് രവിയെ ഒന്ന് തിരിഞ്ഞു നോക്കി. രവി കറുത്ത കരിപിടിച്ച മച്ചിലേക്ക് നോക്കിയിരിക്കുകയാണ്. പിന്നെ മാഷ്‌ പുറത്തേക്ക് നടന്നു.

ദൂരെ നിന്നും പൊടി പറത്തി ആണ്ടവന്‍ ബസ് വരുന്നുണ്ടായിരുന്നു. കവലയില്‍ ആകെയൊരു ബഹളം. ചട്ടിയും കലവും കൊട്ടയും ഒക്കെയായി ഒരു പാട് നേരമായി ആളുകള്‍ കാത്തു നില്‍പ്പ് തുടങ്ങിയിട്ട്. വെടി പറഞ്ഞിരുന്ന കവലയിലെ കടക്കാരും ഒന്നുഷാറായി. മാഷും പുഷ്പനും ബസ് സ്റ്റോപ്പിന്‍റെ അരികു പറ്റി നിന്നു. പുറകില്‍ നിന്നാരോ വിളിച്ചു.
"മാഷേ" അയാള്‍ തിരിഞ്ഞു നോക്കി. സുധീറാണ്. മാഷ് മെല്ലെ ചിരിച്ചു. സുധീര്‍ പുഷ്പനോട് ചോദിച്ചു "എങ്ങോട്ടാടാ മാഷേയും കൂട്ടി"
"ഹേയ് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ടൌണില്‍ പോകേണ്ട ആവശ്യമുണ്ട്." പുഷ്പന്‍ പറഞ്ഞു.
"എന്താ മാഷേ കാര്യം?" അയാള്‍ മാഷോട് തിരക്കി.
"ഒന്നൂല്ല്യാടോ ... ബാങ്കിലൊന്ന് പോണം.... പിന്നെ ശശീടെ കയ്യില്‍ ഊര്‍മ്മിളേടെ കൊച്ചിന്‍റെ അരഞ്ഞാണം ഒന്ന് വിളക്കാന്‍ കൊടുത്തിരുന്നു. അതുമൊന്നു വാങ്ങണം. ഇവന് എന്തോ പി.എസ്.സീടെ ഫോറം വാങ്ങണംന്ന്"

കവല മൊത്തം പൊടിയില്‍ മുക്കി ബസ് ബ്രേക്കിട്ടു. അത്രയും പറഞ്ഞ് മാഷ്‌ നടന്നു തുടങ്ങി ആളുകളുടെ തിക്കും തിരക്കിനുമിടയിലൂടെ.
"നിക്ക് മാഷേ, ദേ ആ കമ്പിയും സിമന്ടും ചാക്കൊചീടെ വീട്ടിലിറക്കി എനിക്ക് തിരികെ ടൌണിലേക്ക് തന്നെ പോകണം. മാഷൊരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്യ്. ഈ തിക്കിലും തിരക്കിലും...." സുധീര്‍ പകുതി പറഞ്ഞ് നിര്‍ത്തി.
"ആ മാഷേ അതാ നല്ലത്..ഇനിയൊരു ഒരു മണിക്കൂര്‍ ഇതിനകത്ത്...നില്‍ക്ക് മാഷേ നമുക്ക് സൌകര്യമായിട്ടു ഇവന്‍റെ ജീപ്പില്‍ പോകാം."
മാഷ് ശരിയെന്നര്‍ത്ഥത്തില്‍ തലയാട്ടി.

സുധീര്‍ ഓടി പോയി ജീപ്പ് സ്റ്റാര്‍ട്ടാക്കി ബസ്സിനു മുന്നേ കയറി പോയി. ആളുകള്‍ അപ്പോഴും ബസില്‍ കേറുവാനുള്ള തിരക്കിലായിരുന്നു. മുഴുവനാളെയും കയറ്റി ഒരു വശം ചരിഞ്ഞു പാടത്തിനു നടുവിലുള്ള റോഡിലൂടെ ബസ് നിരങ്ങി നീങ്ങി. മാഷ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ കെട്ടിയ ആ ബസ് സ്ടോപ്പിലെ വാര്‍ക്ക ബെഞ്ചിലിരുന്നു.

തിരക്കും പൊടിയുമൊഴിഞ്ഞു കവല വീണ്ടും പഴയപടിയായി. ഐരാണിമുട്ടം ഗ്രാമീണ സഹകരണ ബാങ്ക് എന്ന് കറുത്ത വലിയ അക്ഷരങ്ങളിലെഴുതിയ മഞ്ഞ നിറമുള്ള വലിയ ബോര്‍ഡ് നാലഞ്ചു പേര്‍ ചേര്‍ന്ന് കെട്ടിയുയര്‍ത്തി ബാങ്ക് കെട്ടിടത്തിനു മുകളില്‍ പിടിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മാഷ്‌ വെറുതെ അതും നോക്കിയിരുന്നു. പുഷ്പന് ഈ കരുണാകരനും, കത്ത് കൊടുത്തയച്ച നരേന്ദ്രന്‍ മേനിയത്തും മാഷും ഒക്കെ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കണമെന്നുണ്ട്. കത്ത് വായിച്ച് കഴിഞ്ഞപ്പോഴാണ് മാഷിന് പ്രകടമായ മാറ്റം കണ്ടത്. മാഷ്‌ പെട്ടെന്ന് ചൂടാവുന്ന ആളാണ്‌. വെറുതെ....വേണ്ട. അതുമിതും ചോദിച്ചു മാഷിനെ ബുദ്ധിമുട്ടിക്കണ്ട. പുഷ്പന്‍ മാഷിനെ നോക്കി ആലോചിക്കുകയായിരുന്നു. പണ്ടൊക്കെ തന്‍റെ കുട്ടിക്കാലത്ത് മാഷ്‌ എത്ര ഊര്‍ജ്ജസ്വലനായിരുന്നു റിട്ടയേഡ് ആയതിനു ശേഷം ഇക്കാവൂട്ടി അമ്മാളും മരിച്ചതോടെ മാഷ്‌ ശരിക്കും ഒറ്റക്കായിപ്പോയി. മക്കളും ഇല്ല പറയത്തക്ക ബന്ധുക്കളുമില്ല. ആ വീട്ടില്‍ മാഷ്‌ തനിച്ചായി. കൃഷിയും മറ്റുമൊക്കെ നോക്കി നടത്തിയിരുന്ന കുറുപ്പേട്ടനെ മക്കള്‍ നിര്‍ബന്ധിച്ച്ഭോപാലിലേക്കും കൊണ്ട് പോയതോടെ മാഷ്‌ തീര്‍ത്തും ഒറ്റപ്പെട്ടു. കൃഷിയും ഒക്കെ നനാവിധമായി. പിന്നീടാണ് രവി മാഷിന് താങ്ങായത്. രണ്ടു പേരും ഈ ഭൂമിയില്‍ ഉറ്റവരോ ഉടയവരോ ഇല്ലാത്തവരല്ലേ. മാഷിന്‍റെ പഴയ ഒരു ചങ്ങാതിയുടെ മകന്‍ എന്നതിലപ്പുറമൊന്നും ആര്‍ക്കും രവിയെപറ്റി കൃത്യമായ ധാരണകളൊന്നും ഇല്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി വിയര്‍പ്പും ചോരയും ഒഴുക്കിയ മാഷിന്‍റെ ഒപ്പമുണ്ടായിരുന്ന ഒരു പഴയ സഖാവിന്‍റെ മകനാണ് രവി. കാര്യമായ വിദ്യാഭ്യാസമോ പുറം ലോകത്തെ പറ്റി അറിവോ ഒന്നുമയാള്‍ക്കില്ല. അപ്പൂപ്പന്‍ പകര്‍ന്നു കൊടുത്ത ലോക പരിജ്ഞാനം മാത്രമാണ് രവിയുടെ അറിവളവുകോല്‍. അയാളുടെ എല്ലാ കഥയിലും കേന്ദ്ര കഥാപാത്രങ്ങള്‍ അപ്പൂപ്പനും അപ്പൂപ്പന്‍റെ അപ്പൂപ്പനും ഒക്കെ തന്നെ. ഒരു നിഷ്കളങ്കന്‍. മാഷ്‌ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. റോഡിനപ്പുറത്തെ ബാങ്ക് കെട്ടിടത്തിനു മുകളിലേക്ക് കെട്ടിക്കയറ്റിയ വലിയ ബോര്‍ഡ് കയറു പൊട്ടി താഴെ വീണു. നോക്കിയിരുന്ന മാഷ്‌ ഞെട്ടിപ്പോയി.

"ഭാഗ്യം താഴെ നിന്നിരുന്ന ആര്‍ക്കും പരിക്കൊന്നും പറ്റിയില്ല.." അയാള്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു.
"ദേ മാഷേ...സുധീര്‍ വരുന്നുണ്ട്" ബസ് സ്റ്റോപ്പിനോട് ചേര്‍ത്ത് സുധീര്‍ വണ്ടിയൊതുക്കി സ്നേഹത്തോടെ മാഷേ വിളിച്ചു.
"വാ കേറ് മാഷേ...ബസ് അവിടെയെത്തുന്ന അതെ സമയത്ത് തന്നെ നമ്മളുമെത്തും...വൈകുമെന്ന് പേടിക്കണ്ട...."
"ഉം..ബസ്സിന്‍റെ ഒപ്പമെത്താന്‍ നീയിനി സ്‌പീഡൊന്നും കൂട്ടി ഓടിക്കണ്ട." ജീപിലേക്ക് കയറുമ്പോള്‍ മാഷ്‌ സുധീറിനോട് പറഞ്ഞ്.
"എത്ര പതുക്കെ പോയാലും നമ്മള്‍ ബസ്സിന്‍റെ സമയത്ത് തന്നെ എത്തും...ട പുഷ്പാ നീ പിന്നീ കേറിക്കോ..ആ സീറ്റീന്ന് ആ ചാക്കെടുത്ത്‌ താഴെ വച്ചേക്കു. എന്നിട്ട് സുഖയിട്ടിരുന്നോ...ഒരു മണിക്കൂര്‍ ഒട്ടമുള്ളതല്ലേ.."
പുഷ്പന്‍ മാഷിനെ മുന്നിലിരിക്കുവാന്‍ സഹായിച്ച് കുട കയ്യില്‍ കൊടുത്ത് ജീപിന്‍റെ പിന്‍ സീറ്റില്‍ കയറിയിരുന്നു.
"പോകാം മാഷേ.." സുധീര്‍ വണ്ടിയെടുത്തു. സുധീര്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. മാഷ്‌ വെറുതെ മൂളിക്കൊണ്ടിരുന്നു. പുഷ്പനാണ് മറുപടി പറയുന്നത്. സുധീര്‍ കുറെ നേരമായി മാഷിനെ ശ്രദ്ധിക്കുന്നു.
"മാഷേ...മാഷേ...എന്താ മാഷേ ഒരു വല്ലായ്ക...സുഖമില്ലേ..." മാഷൊന്നും മിണ്ടിയില്ല. എന്തോ ഗഹനമായ ചിന്തകളിലാണ്ടുപോയ പോലെ. സുധീര്‍ വീണ്ടും വിളിച്ചു.
"മാഷേ". മാഷ്‌ ഞെട്ടിയുണര്‍ന്ന പോലെ.."ങേ...ഹെ...എന്താ.."
"എന്താ മാഷേ വല്ലണ്ടിരിക്കണേ.."
"ഹേയ്...ഓരോന്നാലോചിച്ച് ഇരുന്ന് പോയി.."
"മാഷ്ക്ക് ഇപ്പ എന്താ ഇത്ര ആലോചിക്കാന്‍....ഞങ്ങളും കൂടി അറിയട്ടെ.." സുധീര്‍ പറഞ്ഞു
മാഷ്‌ വെറുതെ ഒരു നെടുവീര്‍പ്പിട്ടു.
"മാഷ്ക്ക് എന്തോ പറ്റി സുധീ" മാഷ്‌ തല ചരിച്ചു പിന്നിലിരിക്കുന്ന പുഷ്പനെ ഒന്നു നോക്കി. "കാലത്തെ നല്ല ഫ്രഷ്‌ ആയിട്ട് വന്ന് പുട്ടും പപ്പടോം കഴിചോണ്ടിരുന്നതാ. ആ മാഷ്ക്ക് ലണ്ടനീന്നേതാണ്ട് ഒരു കത്ത് ആരോ നമ്മട പഴയ പ്രസിഡണ്ടിന്‍റെ മരുമകള്‍ വഴി കൊടുത്ത് വിട്ടു. അത് വായിച്ചെപിന്നെയാ ഈ മനം മാറ്റം." പുഷ്പന്‍ പറഞ്ഞു നിര്‍ത്തി. സുധീറിന്‍റെ സ്വഭാവം വെച്ചു ബാക്കി അവന്‍ ചികഞ്ഞെടുത്തോളും എന്ന് പുഷ്പനറിയാം. മാഷ്‌ അവനോടു കടുപ്പിച്ചു സംസാരിക്കില്ല. സുധീര്‍ ചിരിച്ചു കൊണ്ട് മാഷിനോട് ചോദിച്ചു.
"മാഷ്ക്ക് ലണ്ടനീന്നു കത്തോ? അല്ല ഇനിയിപ്പോ കത്ത് വന്നാല്‍ തന്നെ അതിനു മാഷെന്തിനു അപ്സെറ്റാകണം. എന്ത്വ മാഷേ ഇത്." മാഷിന്‍റെ മുഖത്ത് ഇപ്പോഴും കാണാറുള്ള ആ ചിരി ഇല്ലെന്നു കണ്ട സുധീറിന് മനസ്സിലായി മാഷിനെ എന്തോ വേദനിപ്പിക്കുന്നൂവെന്നു. അയാളുടെ ചിരി എങ്ങോ മറഞ്ഞു.
"മാഷേ എന്താ മാഷേ..ഞങ്ങളോട് പറ...എന്തെങ്കിലും പ്രശ്നമുണ്ടോ?...എന്തായാലും മാഷ്‌ പറഞ്ഞോ..നമുക്ക് പരിഹാരമുണ്ടാക്കാം."
മാഷ്‌ മൌനം വെടിഞ്ഞു. "ഹേയ് നിങ്ങള് വിചാരിക്കും പോലെ ഒരു പ്രശ്നമോ ഒന്നുമല്ല...കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കുറെ ഓര്‍മ്മകള്‍....ഞാന്‍ പെട്ടെന്നതൊക്കെ ഓര്‍ത്തു പോയി..."
"ഓ അത് തികച്ചും സ്വാഭാവികം മാത്രം..അത് മനസ്സിലാക്കാം...പക്ഷെ അതും ലണ്ടന്‍ ലെറ്ററും തമ്മില്‍ എന്ത് ബന്ധം."
"അത്..." മാഷ്‌ പരുങ്ങലിലായപോലെ.. "ഹ പറ മാഷേ" പിന്നിലിരുന്ന പുഷ്പന്‍ മാഷേ നിര്‍ബന്ധിച്ചു. മാഷ്‌ കുറച്ചു നേരം ഒന്നും മിണ്ടീല്ല... വയലുകള്‍ക്ക് നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ആ ഗ്രാമീണ പാതയിലൂടെ ജീപ്പ് ഓടിക്കൊണ്ടേയിരുന്നു. കാറ്റടിച്ചു മാഷിന്‍റെ തലമുടി വല്ലാതെ പാറി പറന്നു. പിന്നെ പതുക്കെ പറഞ്ഞു. "ഞങ്ങളുടെയൊക്കെ ചെറുപ്പക്കാലത്ത് നടന്ന ഒരു സംഭവം. ആ സംഭവവുമായി രവിക്ക് വന്ന കത്തിന് ഒരു ബന്ധമുണ്ട്. നമ്മുടെ ഐരാണിമുട്ടത്തിന് ഒരു ബന്ധമുണ്ട്. ഇവിടത്തെ ജനങ്ങള്‍ക്ക്‌ ബന്ധമുണ്ട്. ഒരു പാവം മനുഷ്യന്‍റെ അതിജീവനത്തിന്‍റെ പോരാട്ടങ്ങളുടെ കഥ. ഇന്നാട്ടിലെ ജനങ്ങളുടെ മേല്‍ അശനിപാതം പോലെ പതിച്ച ഒരു മനുഷ്യന്‍റെയും അയാളുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന്‍റെ കഥ. ആ കത്തിന് അതൊക്കെയായി ബന്ധമുണ്ട്" മീനമാസത്തിലെ കത്തുന്ന സൂര്യന്‍റെ ചൂടേറ്റു പൊള്ളിയ കാറ്റ് ഗ്രാമത്തിലൂടെ എങ്ങോട്ടോ പലായനം ചെയ്യുകയാണ്. മാഷിന്‍റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. അയാള്‍ തല പതിയെ പുറത്തിട്ട് ആകാശത്തിലേക്ക് നോക്കി. സുധീര്‍ മെല്ലെ പറഞ്ഞു.
"ഒന്നും.....അങ്ങോട്ട്‌ മനസ്സിലാകുന്നില്ല..." മാഷ്‌ ക്ഷീണിതമായ കണ്ണുകളോടെ സുധീറിനെ നോക്കി.
"ഇന്ന് രണ്ടാള്‍ക്കും അത്താഴം മാഷിന്‍റെ വീട്ടിലായാലോ..." മാഷ്‌ രണ്ടുപേരോടുമായി ചോദിച്ചു. പുഷ്പനാണ് ഉത്തരം പറഞ്ഞത്.
"അതെന്തോ ചോദ്യാ മാഷേ...എപ്പ റെഡി എന്ന് ചോദിച്ചാ മതി...എന്താടാ സുധീറേ."
"ഓ ആയിക്കോട്ടെ...രാത്രി ഉറക്കോം അവിടെ തന്നെ.... ഐരാണിമുട്ടത്തൂന്ന് ഞാനും അമ്മേം താമസം മാറ്റിയെ പിന്നെ രണ്ടു മൂന്ന് വര്‍ഷായി ഇവിടെ ഒന്നു തങ്ങിയിട്ടു....ഇന്നങ്ങനെ തന്നെ ആയിക്കോട്ടെ" മാഷിന്‍റെ മുഖത്ത് അല്പം ആശ്വാസം വന്ന പോലെ.
"എന്നാ പിന്നെ രവിയോട് കട പൂട്ടി പറമ്പിന്ന് കുറെ കപ്പേം കൂട്ടത്തി കൊള്ളാവുന്ന ഒരു കോഴിയേം റെഡിയാക്കി വെക്കാന്‍ പറയാം" പുഷ്പന്‍ പറഞ്ഞു.
"വരട്ടെ...ടൌണിലെത്തിയിട്ടു അന്തോനിച്ചന്‍റെ റേഷന്‍ കടേല്‍ വിളിച്ചു പറയാം...രവിയോട് പറഞ്ഞേക്കാന്‍.... എന്താ മാഷെ" സുധീര്‍ മാഷിനെ നോക്കി ചോദിച്ചു.
"ഉം..." മാഷൊന്നു ഇരുത്തി മൂളി..."രവിയോട് പിന്നെ പറയാം....നീ ആദ്യം അമ്പുജത്തോട് അനുവാദം ചോദിക്ക്... പണ്ടേ അംബുജത്തിന് പരാതിയാ പിള്ളാരുടെ കൂടെ കറങ്ങി നടക്കണ മാഷാന്നു പറഞ്ഞ്..." മാഷ്‌

പുറത്തെ പാടശേഖരത്തേക്ക് നോക്കി പതിയെ ചിരിച്ചു. സമാധാനമായി മാഷിന്‍റെ മുഖത്തെ ചിരി തിരികെ വന്നല്ലോ. പുഷ്പന് സന്തോഷമായി.
"മാഷിന്‍റെ വീട്ടില്‍ നില്ക്കാന്‍ അമ്മേട അനുവാദമോ..? എന്താ മാഷേ .... അമ്മക്ക് ഇതില്‍പ്പരം സന്തോഷം വേറെ എന്ത്വ മാഷേ." മാഷ്‌ പതിയെ ചിരിച്ചു... ജീപ്പ് ടൌണിനെ ലക്ഷ്യമാക്കി കുതിച്ചു.

മാഷിന്‍റെ പുരയിടവും പറമ്പും അതിനോട് ചേര്‍ന്ന് കിടക്കുന്ന കൃഷി സ്ഥലവും എല്ലാം കൂടെ പത്ത് നാല്‍പത്‌ ഏക്കര്‍ വരും. പണ്ട് കാലത്തെ ഓടിട്ട രണ്ടു നില വീടാണത്. കവലയില്‍ നിന്നും ഒരു പത്ത് മിനിറ്റ് നടക്കണം തോടിന്‍റെ ഒരം ചേര്‍ന്നുള്ള നാട്ടുവഴിയിലൂടെ മാഷിന്‍റെ വീട്ടിലെത്താന്‍. മാഷ്‌ ശരിക്കും വണ്ടിപെരിയാറ്റിനടുത്ത് മൂങ്കലാര്‍ എന്ന ഒരു മലയോര ഗ്രാമത്ത് നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐരാണിമുട്ടത്തെത്തിയതാണ്. മാഷിന്‍റെ ഭാര്യയായ ഇക്കാവൂട്ടിയുടെ അച്ഛന്‍ പണി കഴിപ്പിച്ച വീടാണത്. അത് അദ്ദേഹം മകള്‍ക്ക് കൊടുത്തു. പിന്നീട് അതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളൊക്കെ മാഷ്‌ വാങ്ങിച്ച് ചേര്‍ത്തതാണ്. മണ്ണിനോടും വൃക്ഷങ്ങളോടും മാഷിനു വല്ലാത്ത സ്നേഹമാണ്. മാഷ്‌ അദ്ധ്യാപനവും പാര്‍ട്ടി പ്രവര്‍ത്തനവും ഒക്കെയായിട്ട്‌ നടക്കുമ്പോള്‍ പണിക്കാരെ നോക്കലും വീട് ഭരണവും ഒക്കെ മാഷിന്‍റെ ഭാര്യ തന്നെ ഭംഗിയായി നോക്കി നടത്തി. മക്കളില്ലാത്ത വിഷമമൊന്നും മാഷും ഭാര്യയും ഒരിക്കലും കാണിച്ചിരുന്നില്ല. എണ്‍പതിനോടടുത്ത് പ്രായമുണ്ടെങ്കിലും അതിന്‍റെ യാതൊരു അസ്കിതകളും മാഷിനുണ്ടായിരുന്നില്ല. പണ്ടേയുള്ള താടി ഒന്ന് നീട്ടി വളര്‍ത്തി. അത്ര മാത്രം. അന്നാട്ടിലെ കൂലിവേലക്കാരനും കൂലിതല്ലുകാരനും പുത്തന്‍ പണക്കാര്‍ക്കുമൊക്കെ മാഷ്‌ എന്ന് വച്ചാല്‍ ഒരു പ്രത്യേക മമതയാണ്‌. മാഷ്‌ പഴയ കാല കമ്മ്യുണിസ്റ്റാണെങ്കിലും എല്ലാ പാര്‍ട്ടിക്കാരും മാഷിന് ഒരാവശ്യം വന്നാല്‍ പാര്‍ട്ടിയൊന്നും നോക്കാതെ വന്ന് സഹകരിക്കും. ഐരാണിമുട്ടത്തെ ഏറ്റവും സമ്മതനായ വ്യക്തി തന്നെയായിരുന്നു അദ്ദേഹം.

"ഹ...മാഷേ മാഷവിടെ ചുമ്മാ ഇരുന്നോണ്ടാ മതി...കപ്പേം കോഴിയുമൊക്കെ ദേ നല്ല ഡീസന്‍റ് ആയിട്ട് ഞങ്ങള്‍ വെച്ചോളാം" കപ്പയുമെടുത്ത് അടുക്കളത്തിണ്ണയില്‍ തൊലി കളയുവാനിരുന്ന മാഷോട് സുധീര്‍ പറഞ്ഞു. രവിയും പുഷ്പനും കൂടെ കോഴിയെ കഷ്ണിക്കുകയായിരുന്നു.
"രവിയേട്ടാ...അതങ്ങ് വാങ്ങി വെച്ചേ..ഇനി കത്തി കൊണ്ട് വിരലെങ്ങാനും മുറിഞ്ഞാല്‍ മതി നാട്ടുകാര് ഞങ്ങളെ എടുത്തിട്ടു പെരുക്കും..." മാഷ്‌ വെറുതെ ചിരിച്ചു കൊണ്ട് ഉരലിന്‍റെ അടുത്ത് കിടന്ന പഴയ സ്റ്റൂളില്‍ ഇരുന്നു.
"പണ്ടൊക്കെ വൈകുന്നേരം ഒരു കുളി പതിവുണ്ടായിരുന്നു....കുറുപ്പ് പോയെ പിന്നെ അത് നിന്ന്....ഞങ്ങളൊന്നിച്ച് പറമ്പിലെ പണിക്കാരേം പറഞ്ഞ് വിട്ട് നേരെ വടക്കേ തുണ്ടിലെ കുളത്തിലേക്ക് പോകും...ദാ..ചെലപ്പോ രവിയും കൂടും...കാലങ്ങളങ്ങനെ കടന്നു പോയ്ക്കൊണ്ടെയിരിക്കും...ആരെല്ലാം വന്നു ആരെല്ലാം പോയി...ഐരാണിമുട്ടം ഇന്നും പഴയത് തന്നെ..പുതുതായി വന്നത്....ഹംസാജീടെ ആധാരമെഴുത്താഫീസ് മാത്രം. ബാക്കിയെല്ലാം പഴയത് തന്നെ...."
"എന്തെ മാഷേ ഇങ്ങനെ പഴയ ഓര്‍മ്മകളൊക്കെ തികട്ടി വരുന്നത്." സുധീര്‍ ചോദിച്ചു.
മാഷ്‌ എഴുന്നേറ്റു അടുപ്പിലെ തീ ഒന്നിളക്കി. "ചെലപ്പോ അങ്ങിനെയാ..പ്രായായില്ലേ... ഇനി ഓര്‍മ്മകള്‍ മാത്രമാണ് കൂട്ട്.." മാഷ്‌ അഗ്നിയിലേക്ക് നോക്കി നിന്നു. തരികെ സ്റ്റൂളിന്‍റെയടുത്തെക്ക് നടക്കുമ്പോള്‍ മാഷ്‌ പറഞ്ഞു. "വൈകുന്നെരവുമ്പോ ഈ ചൂടിനു നല്ല ശമനംണ്ട്....ല്ലേ?"
"മാഷേ...തുതിയൂരീന്നു കൊറച്ചാള്‍ക്കാര്‍ മാഷേ തെരക്കി വന്നാര്‍ന്നു.... മാഷിന്‍റെ പറമ്പ് പാട്ടത്തിനു കിട്ട്വോന്നറിയാന്‍....മാഷങ്ങ്ട് പോയെന്‍റ തൊട്ടു പെറകെ തന്നാ വന്നത്".
"ഉം....ന്നട്ട് നീ യെന്ത്വ പറഞ്ഞെ..."
"മാഷോട് തന്നെ ചോയിക്കാന്‍ പറഞ്ഞ്....അതിലൊരുത്തന്‍ ഫോണ്‍ നമ്പര് അവടെ എഴുതി വെച്ചോണ്ട് പോയി.."
മാഷ്‌ മുട്ടുക്കാലില്‍ വിരലുകള്‍ ചേര്‍ത്ത് വെച്ച് ഉഴിഞ്ഞു കൊണ്ടിരുന്നു.
"അത് ശരിയാ ..പറമ്പൊക്കെ ഇങ്ങനെ ഇട്ടു നശിപ്പിക്കണോ മാഷേ....ആരേലും എടുത്തു ചെയ്യട്ടെ...കൂട്ടത്തില്‍ നമുക്കും കൂടാം..." പുഷ്പനാണ് അത്തരമൊരഭിപ്രായം പറഞ്ഞത്.
"ഉം...നോക്കാം...ഒന്നിനും മനസ്സ് വരണില്ല...ഇടക്ക് ഈ ദേശം വിട്ട് പോയാലോ എന്ന് തന്നെ തോന്നിയതാ...പിന്നെയും എന്തോ ചില ഓര്‍മ്മകള് ഇവടെ പിടിച്ചു നിര്‍ത്തുന്നു...ആദ്യമായി ഇവിടെ ഇക്കാവൂനേം കൂട്ടി വന്ന ആ ദിവസം മുതലുള്ള ഓര്‍മ്മകള്‍.... അന്നുണ്ടായിരുന്ന പലരും ഇന്നില്ല..പലരുമെന്നല്ല....ആരുമില്ല..ഞാന്‍ മാത്രം ഇന്നും കാലം തികയ്ക്കാതെ....പിന്നെയുള്ള ഒരേ ഒരാള്‍ ഔസേപ്പാ.... ബോധമില്ലാതെ കിടക്കാന്‍ തൊടങ്ങീട്ട് എത്ര വര്‍ഷായി...നന്നായിട്ട് പാടുമായിരുന്നു ഔസേപ്പ്...അതിലും ഗംഭീരമായിട്ട് പാടുമായിരുന്നു...കരുണാകരന്‍..." മാഷ്‌ പെട്ടെന്ന് നിര്‍ത്തി. എല്ലാവരും മാഷിനെ നോക്കി. "എനിക്ക്....എനിക്ക്..വന്ന ആ കത്തെഴുതിയ നരേന്ദ്രന്‍റെ അച്ഛന്‍..." മാഷ്‌ കുറച്ചു നേരം ഒന്നും മിണ്ടീല്ല. ചുവരില്‍ ഇരുന്നിരുന്ന ഒരു പല്ലിയെ നോക്കിക്കൊണ്ട് മാഷ്‌ തുടര്‍ന്ന്... "രവി പറഞ്ഞ ആ പഴയ മേനിയത്തെങ്കോമിന്‍റെ താവഴിയിലുള്ള ആളാണ്‌ ഈ നരേന്ദ്രന്‍...." പതുക്കെ ഒന്ന് ചിരിച്ച ശേഷം. "നീ പറഞ്ഞ പോലെ അയാടെ പേര്..മേനിയത്തെങ്കോമെന്നല്ല....മണി മേനിയത് എം. കോം. എന്നാണ്...അത് പറഞ്ഞ് പറഞ്ഞാണ് മേനിയത്തെങ്കോം ആയത്"....

എല്ലാവരും ഓരോ പണികളില്‍ വ്യാപ്രുതരായിരുന്നെങ്കിലും മാഷ്‌ പറയുന്നത് സശ്രദ്ധം കേള്‍ക്കുന്നുണ്ടായിരുന്നു.

"നെറയെ കലാകാരുള്ള ചരിത്ര പരമായി വേരുകളുള്ള വലിയ തറവാടായിരുന്നു മേനിയത്ത്. അതിലെ ഇള മുറക്കാരനാണ് ഈ കത്തെഴുതിയ നരേന്ദ്രന്‍. അയാള്‍ക്ക്‌ രണ്ടോ...മൂന്നോ വയസ്സുള്ളപ്പോ കരുണാകരന്‍ അവരെയെല്ലാം കൂട്ടി..നാട് വിട്ടതാ...ആ വലിയ കലാകാരന്‍റെ കണ്ണീരു വീണ മണ്ണാണിത്...ഐരാണിമുട്ടത്തെ മണ്ണ്...." ഒന്ന് നിര്‍ത്തിയ ശേഷം മാഷ്‌ വീണ്ടും തുടര്‍ന്ന്...."വര്‍ഷമെത്ര കഴിഞ്ഞു...കരുണാകരന്‍റെ വിരലുകള്‍ ദേവദാരുവില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ക്ക് ജീവനുണ്ടെന്നു തോന്നും...ഒരു കവിത പോലെ സുന്ദരമായ ശില്‍പ്പങ്ങള്‍....ആ ദേവശില്‍പിയുടെ വിരല്‍ സ്പര്‍ശമേല്‍ക്കാന്‍ കഴിയാതെ പോയ ദേവദാരുക്കള്‍ എത്ര കരഞ്ഞുക്കാണും"

"നീ പറഞ്ഞത് ശരിയാ രവി. കാര്യം മണി മേനിയത് ലണ്ടനില്‍ പോയി വലിയ പഠനമൊക്കെ കഴിഞ്ഞുവെങ്കിലും അതിനു മുന്നേ തന്നെ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നും എം.കോം ബിരുദമെടുത്തിരിന്നു. അയാള് ലണ്ടനില്‍ പോയത് ശില്‍പകല പഠിക്കുവാന്‍ വേണ്ടിയാണ്".
"അല്ല...മാഷേ...എനിക്കതൊന്നും അറിയൂല്ല..പക്ഷെ...ലണ്ടനെന്നും ആ സ്ഥലം ഒരുപാട് ദൂരെയാണെന്നും ഒക്കെ കുട്ടിക്കാലത്ത് പര്‍ഞ്ഞു തന്നത് അപ്പൂപ്പനാ.....ഒരിക്ക വലിയ പേമാരി പെയ്യ്തു പുത്തരിക്കണ്ടം മൈതാനത്ത് വെള്ളം കെട്ടിയത് ദിവസങ്ങളോളം കിടന്നു...അന്ന് മൈതാനത്തൂടെയാണത്രെ കച്ചോടത്തിനായിട്ടു കിഴക്കൂന്നും വടക്കൂന്ന്വക്കെ കാളവണ്ടികളില്‍ ആളുകളും സാമാനങ്ങള്വോക്കെ വന്നോണ്ടിരുന്നത്. വെള്ളം കെട്ടിയത് കാരണം ആര്‍ക്കും എങ്ങോട്ടും പോകാന്‍ മേലാത്ത അവസ്ഥ വന്നു... അന്നേരം കൊട്ടാരത്തീന്നു ആളെ വിട്ടു മേനിയത്തെങ്കോമിനെ വിളിപ്പിച്ചു എന്തേലും ചെയ്യാന്‍ പര്‍ഞ്ഞു....അന്നേരം
മേനിയത്തെങ്കോം തുമ്പില വെട്ടി പുത്തരിക്കണ്ടം മൈതാനത്ത് കെട്ടി കിടന്ന വെള്ളത്തിന്‍റെ മുകളിലിട്ടു അതുമ്മേലിരുന്നു മന്ത്രം ജപിച്ച് നാഴിക നേരം കൊണ്ട് വെള്ളം വറ്റിച്ചെന്നാ അപ്പൂപ്പന്‍ പറഞ്ഞെ.... അന്നത്തെ കഥകളിലൊക്കെ ലണ്ടനും മേനിയത്തെങ്കോമുമായിരുന്നു...എപ്പഴും..അതാ കത്ത് കിട്ടിയപ്പ....എനിക്ക് അതൊക്കെ ഓര്‍മ്മ വന്നത്... പക്ഷെ ഈ നരേന്ദ്രനെ എനിക്കറിയൂല്ല...." രവി പറഞ്ഞു നിര്‍ത്തി.

"ഓര്‍മ്മ കാണില്ല...നീ വള്ളിക്കളസ്സവുമിട്ടു എന്‍റെ കയ്യും പിടിച്ച് ഐറാണിമുട്ടത്തു വരുന്നതിനും മുന്‍പ് അവരൊക്കെ ഇവടുന്നു പോയി....മേനിയത്തെങ്കോമും അയാളുടെ പിന്തലമുറക്കാരും മെനഞ്ഞെടുത്ത ശില്‍പങ്ങള്‍ പല പല കൊട്ടാരക്കൊട്ടകങ്ങളിലും ദര്‍ബാറുകളിലും ഇന്നുമുണ്ട്. വിദേശികളടക്കമുള്ളവര്‍ കടല്കടന്നെത്തി മേനിയത്തെങ്കോമിന്‍റെ പിന്‍ തലമുറക്കാര്‍ കൃത്യമായ അംശബന്ധങ്ങളോടെ ഉണ്ടാക്കിയെടുത്ത ശില്‍പങ്ങള്‍ വാങ്ങിക്കൊണ്ടു പോകുവാന്‍...രാജസ്ഥാനിലും മറ്റും ഇന്ന് കാണുന്ന പല കൊട്ടാരങ്ങളുടെയും ശില്‍പി മേനിയത്തെങ്കോമാണ്. അയാള്‍ നഗര ശില്‍പി മാത്രമല്ല കൊട്ടാരങ്ങളുടെയും ശില്‍പിയായിരുന്നു".

"എന്‍റെ മാഷേ....ഈ രാത്രി ഈ പഴമ്പുരാണവും പറഞ്ഞിരിക്കണോ? നമുക്ക് വേറെന്തെങ്കിലും പറഞ്ഞിരിക്കാം മാഷേ...." സുധീര്‍ പറഞ്ഞു. ഏറെക്കുറെ ആ അഭിപ്രായം തെന്നെയായിരുന്നു പുഷ്പനും.

"ഉം.. പഴമ്പുരാണങ്ങളിലാര്‍ക്കാ താല്പര്യം....അല്ലെ...എങ്കില്‍ ഈക്കഥ നിങ്ങള്‍ കേള്‍ക്കണം....അറിയണം...എന്‍റെ മനസ്സിനെ എന്നും വേദനിപ്പിക്കുന്ന ഒരു കഥയാണ്..മേനിയത്തെങ്കോമിന്‍റെ പിന്‍ തലമുറക്കാരനായ കരുണാകരന്‍റെയും മക്കളുടെയും കഥ...നിങ്ങളുടെ കുട്ടിക്കാലത്തും ഇന്നും നല്ലത് മാത്രം ഉപദേശിച്ചു തന്നിട്ടുള്ള ഈ മാഷ്‌ ജീവതത്തില്‍ ചെയ്യ്ത ഒരേ ഒരു തെറ്റിന്‍റെ കഥ. എന്‍റെ ഇക്കാവൂട്ടിയുടെ മരണത്തിനു മുന്‍പും പിമ്പും ഞാന്‍ അവളോട്‌ മറച്ചു വെച്ച ഒരേ ഒരു കാര്യം. ഞാന്‍ ചെയ്യ്ത തെറ്റിന്‍റെ വ്യാപ്തി എത്രയെന്നെനിക്കറിയാം... എനിക്കല്ലാതെ മറ്റാര്‍ക്കുമറിയാത്ത ഒരു സത്യം.." മാഷ്‌ നന്നേ കിതച്ചു തുടങ്ങി...

രവിയും പുഷ്പനും സുധീറും പരസ്പരം നോക്കി...ഇത്ര വലിയ രഹസ്യം അതും മാഷിന്. കോഴിയും കപ്പയും ഒക്കെ അടുപ്പത്ത് വച്ച് എല്ലാവരും മാഷിനും ചുറ്റും കൂടി. മാഷിന്‍റെ മുഖം വല്ലാതെ ചുക്കിച്ചുളിഞ്ഞിരുന്നു. നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞ് മാഷ്‌ വല്ലാത്ത ഒരവസ്ഥയിലായി. വിരലുകള്‍ കൊണ്ട് മാഷപ്പോഴും മുട്ടിലുഴിഞ്ഞു കൊണ്ടിരുന്നു. പിന്നെ സാവധാനം പറഞ്ഞു.

"ഒരു പാട് കുഞ്ഞുങ്ങള്‍ക്ക്‌ ഗുണപാഠം പഠിപ്പിച്ചു കൊടുത്തിട്ടുള്ളവനാ നിങ്ങട മാഷ്‌. പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് പലപ്പോഴും വിരുദ്ധമായിട്ടു ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും മനുഷ്യത്വത്തിന് നിരക്കാത്ത കാര്യങ്ങളായിരുന്നില്ല. പാര്‍ട്ടി കടും പിടുത്തം പിടിച്ചപ്പോഴൊക്കെ തെറ്റായിട്ടുള്ള കാര്യങ്ങള്‍ തെറ്റാണ് എന്ന് തന്നെ ഉറക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാന്‍ ഒരു മഹാ അപരാധിയായിപ്പോയി ഒരു പ്രത്യേക സാഹചര്യത്തില്‍. എന്‍റെ പ്രിയ സ്നേഹിതനായ കരുണാകരനോടും മക്കളോടും ഞാന്‍ മാപ്പര്‍ഹിക്കാത്ത തെറ്റ് ചെയ്യ്തു. അതിനെനിക്കു കാലം തക്ക ശിക്ഷ തന്നു. ആറ്റുനോറ്റിരുന്നു കിട്ടിയ ആദ്യത്തെ കണ്മണിയെ ദൈവം കൊണ്ട് പോയി. പിന്നെ എന്‍റെ ഇക്കാവൂനേം".

ആര്‍ക്കും ഒന്നും മനസ്സിലായില്ല. എല്ലാവരും മാഷിനെ സംശയ ദൃഷ്ട്ടിയോടെ നോക്കിനില്‍ക്കുകയായിരുന്നു. ഇന്നുവരെ ഇങ്ങനെ ഒരവസ്ഥയില്‍ മാഷിനെ അവരാരും കണ്ടിട്ടില്ല. പുഷ്പന്‍ മെല്ലെ അടുത്ത് ചെന്ന് മാഷിന്‍റെ ചുമലില്‍ കൈവച്ചു. മാഷ്‌ പുഷ്പനെ ദയനീയമായി നോക്കി.

"എന്താ മാഷേ ഇങ്ങനൊക്കെ..മാഷെന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ...."

മാഷ്‌ നെറ്റിയിലെ വിയര്‍പ്പു മെല്ലെ തുടച്ചു അടുക്കള വാതിലിന്‍റെ പടിയില്‍ നിന്നും പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്ന് മെല്ലെ പറഞ്ഞു.
"എന്‍റെ ഓരോ വിദ്യാര്‍ഥികളും എനിക്കെന്‍റെ മക്കളെ പോലെയാണ്. നിങ്ങളും. ആദ്യാക്ഷരം പറഞ്ഞു തന്നു ഞാന്‍ വളര്‍ത്തിയെടുത്ത എന്‍റെ മക്കള്‍. എന്‍റെ കരുണാകരന്‍റെ മക്കളും എനിക്ക് അത് പോലെ തന്നെയായിരുന്നു. അവനൊരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. നിങ്ങളുടെ മാതപിതാക്കളൊക്കെ ഇന്നാട്ടില്‍ എത്തുന്നതിനുമൊക്കെ മുന്‍പ് നടന്ന ഒരു സംഭവമാ. പ്രശസ്തമായ മേനിയത്ത് തറവാട്ടിലെ വേറിട്ട പാതയിലൂടെ സഞ്ചരിച്ച ഒരാളായിരുന്നു കരുണാകരന്‍. മേനിയത്തെങ്കോമിനെയും അദ്ദേഹത്തിന്‍റെ പിന്മുറക്കാരെയും പോലെ.

എനിക്കിന്നും ഓര്‍മ്മയുണ്ട്...കരുണാകരന്‍റെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകള്‍. ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപം എന്നൊക്കെ പറയാവുന്ന ഒരാള്‍. രവിയുടെ പീടികയുടെ പിന്നിലുള്ള ആ വിശാലമായ പറമ്പ്..അവിടെയിരുന്നാണ് കരുണാകരന്‍ മനോഹരമായ ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിരുന്നത്. അയാളെ തേടി കടല്‍ കടന്നും ആളുകള്‍ എത്തി. അത്രയ്ക്ക് മനോഹരമായിരുന്നു അയാള്‍ സൃഷ്ട്ടിചെടുക്കുന്ന ശില്‍പ്പങ്ങള്‍. പ്രത്യേകിച്ച് സ്ത്രീ ശില്‍പ്പങ്ങള്‍. അയാളുടെ ഏറ്റവും വലിയ കരുത്തും ഏറ്റവും വലിയ ബലഹീനതയും അയാളുടെ നെറിയുള്ള ചിന്തകളും ആരെയും കൂസാത്ത ചങ്കൂറ്റവുമായിരുന്നു. ഞാനാദ്യമായി അയാളെ കാണുന്നത്....മാഷ്‌ ഓര്‍മ്മയിലെവിടെയോ പരതി.....

അദ്ധ്യായം 3


"എന്താ സുധാകരാ തനിക്കിതെന്തു പറ്റി...അതങ്ങിനെയല്ല പറയേണ്ടത്...ദാ ശ്രദ്ധിച്ചു കേള്‍ക്കൂ...വളരെ ശക്തനായ ഒരാളാണ് സുധാകരന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. പക്ഷെ അതിപ്പോഴല്ല...പണ്ട്..ഇന്നയാള്‍ അഹങ്കാരത്തിന്‍റെ ഗിരി ശൃംഖങ്ങളില്‍ നിന്ന് സ്വയം ഇറങ്ങി വന്ന് പരിക്ഷീണിതനായി നില്‍ക്കുകയാണ്. ഭൂമിയില്‍ ഊക്കോടെ പതിച്ച കാലുകളിലും വായുവില്‍ ശക്തിയോടെ വീശിയ കൈകളിലും കാലം അടിച്ചേല്‍പ്പിച്ച പരാജയങ്ങളുടെ വിറയല്‍...കണ്ണുകളില്‍ അഗ്നിയില്ല പകരം വര്‍ഷങ്ങളോളമായി ദേശാടനം ഉപേക്ഷിച്ച, പെയ്യുവാന്‍ വിതുമ്പി നില്‍ക്കുന്ന പാപ ഭാരത്തിന്‍റെ മഴ മേഘങ്ങള്‍. ഇതാണയാളുടെ ഇന്നത്തെ
അവസ്ഥ. പുഷ്പാങ്കദാ....ടയലോഗ് വായിക്കു.."

ആശാന്‍ നല്ല മൂടിലാണ്. പുഷ്പാങ്കദന്‍ കയ്യിലിരുന്ന പേപ്പര്‍ നോക്കി വായിച്ചു തുടങ്ങി. " സത്യത്തിന്‍റെ കാവല്‍ക്കാരും ദൈവത്തിന്‍റെ പരിചാരകരും ഇതിലെ കടന്നു വരരുത്....പിശാചിന്‍റെ സന്തതികള്‍ക്കും അസത്യത്തിന്‍റെ പോരാളികള്‍ക്കും സ്വാഗതം"

"ങാ...അതാണ്‌...അത് കേള്‍ക്കുന്നവന്‍റെ നെഞ്ചകം തുളച്ചു കയറണം..ക്ഷീണിതനെങ്കിലും തീക്ഷ്ണത ഒട്ടും കുറയരുത്‌....ആ വലിയ പാഴ്സണ്‍ ഷാതോയുടെ മുന്നിലെ വിശാലമായ പടികളില്‍ നിന്ന് ആകാശത്തേക്ക് കൈകളുയര്‍ത്തി നില്‍ക്കുന്ന ആ വൃദ്ധന്‍റെ നെഞ്ഞിടിപ്പുകള്‍ അതെ പടി പകര്‍ത്തണം...ഉം..നോക്ക്." അത്രയും പറഞ്ഞു മാഷ്‌ തട്ടില്‍ നിന്നിറങ്ങി താഴെ നിന്നു. സുധാകരന്‍ തട്ടിലേക്ക് കയറി നിന്ന് ടയലോഗ് പറഞ്ഞു തുടങ്ങി.

മികച്ച നടനുള്ള അവാര്‍ഡ്‌ പലവട്ടം വാങ്ങിയിട്ടുള്ള ആളാണ്‌ സുധാകാരന്‍. എങ്കിലും ആശാന്‍റെ മുന്നില്‍ അതിന്‍റെ യാതൊരു തലക്കനവും കാണിക്കുകയില്ല. പദ്മാവതി ഡസ്കിന്‍റെ സൈഡില്‍ ചാരി നിന്ന് സുധാകരനെ നോക്കുകയായിരുന്നു. കുറച്ചു നേരമായി പദ്മാവതി നളിനിയെ ശ്രദ്ധിക്കുന്നു, ജനാലയുടെ അടുത്ത് നില്‍ക്കുന്ന നളിനി കുറെ നേരമായി ആകെ ഞെരിപിരി കൊള്ളുന്നത്‌ പോലെ തോന്നിച്ചു പദ്മാവതിക്ക്. ആശാന്‍റെ നാടകത്തിലെ രണ്ടേ രണ്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ പദ്മാവതിയും നളിനിയുമാണ്. പദ്മാവതി നേരെ നളിനിയുടെ അടുക്കല്‍ ചെന്ന് നിന്നു. ആശാന്‍റെ ആക്രോശം കേട്ട് നളിനി ഞെട്ടിപ്പോയി. സുധാകരന്‍ വീണ്ടും വീണ്ടും ചെയ്യ്തിട്ടും മാഷ്‌ ഉദ്ധ്യേശിച്ചത് പോലെയാകുന്നില്ല. മാഷും മറ്റുള്ളവരും ചേര്‍ന്ന് വീണ്ടും രംഗത്തെക്കുറിച്ച് സുധാകരന് വിശദീകരിച്ചു കൊടുക്കുന്ന തക്കത്തിനു പദ്മാവതി നളിനിയോട്‌ ചോദിച്ചു.

"ഏയ്..എന്താ വല്ലാതെ നില്‍ക്കുന്നെ..ആകെ ഒരു ഞെളിപിരി സഞ്ചാരം..മറ്റത് വല്ലതും ആയോ?"
"ഓ...ഒന്ന് പോ ചേച്ചി..അതൊന്നുമല്ല..." നളിനി ചുണ്ട് കടിച്ചു പിടിച്ചു നിന്നു...
"പിന്നെ എന്താന്ന്...."
"ചേച്ചി കുറെ നേരായി....വല്ലാതെ മൂത്രമൊഴിക്കാന്‍....... എന്തേലും വഴിയുണ്ടോ" നളിനി വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതായി പദ്മാവതിക്ക് തോന്നി.
"ഹയ്യോ...ഇവിടെയോ..എന്‍റെ നളിനി വെളിക്കിരിക്കാനും മൂത്രമൊഴിക്കാനും ഒന്നും ഇവിടെ യാതൊരു സൌകര്യവുമില്ല....നമ്മള്‍ സ്ത്രീകളുടെ കാര്യം ഇവിടെ വല്യ കഷ്ട...ഞാന്‍ ആശാനോടോന്നു ചോദിക്കട്ടെ.."
"ഛെ! വേണ്ട.." നളിനി വിലക്കി....."നാണക്കേടാ..ചേച്ചി..."
" ഓ പിന്നെ...ഇതൊക്കെ എല്ലാവര്‍ക്കും ഒള്ളതല്ലേ..നീ ഒന്ന് ചുമ്മാതിരുന്നെ..." പറഞ്ഞു കഴിഞ്ഞതും പദ്മാവതി ആശാന്‍റെ അടുത്തേക്ക് നടന്നു കഴിഞ്ഞു. നാല്‍പ്പത്തിരണ്ടു വയസോളമായി പദ്മാവതിക്ക്. കോഴിക്കോട് തെറ്റില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള ഒരു കുടുംബത്തിലെ അംഗമാണ്. ഭര്‍ത്താവിന്‍റെ പീഡനം സഹിക്കവയ്യാതെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് വീടുവിട്ടിറങ്ങി അകന്ന ബന്ധുവായ ആശാന്‍റെ വീട്ടില്‍ അഭയം തേടി. അങ്ങിനെയാണ് ഒരു ജോലി എന്ന നിലയില്‍ നാടകാഭിനയം തുടങ്ങിയത്. ആശാനും ഭാര്യയും പദ്മാവതിയെയും കൂട്ടി പലവട്ടം അവരുടെ കോഴിക്കോട്ടുള്ള ബന്ധു വീട്ടില്‍ ചെന്നെങ്കിലും അവരാരും പദ്മാവതിയെ തിരികെ അവിടെ കയറ്റുവാന്‍ താല്പര്യം കാട്ടിയില്ല. ഒടുവില്‍ അലിവു തോന്നിയ ആശാനും ഭാര്യയും പദ്മതിയെയും കുട്ടികളെയും അവരുടെ കൂടെ കൂട്ടി. പദ്മാവതിയെയും ആശാനെയും ചേര്‍ത്ത് ആളുകള്‍ കഥകള്‍ പലതും പറഞ്ഞെങ്കിലും അടുത്തറിയുന്നവര്‍ക്കറിയാം ആശാന്‍ എങ്ങനെയുള്ള ആളാണെന്ന്. നാടകക്കാര്‍ക്ക് പൊതുവേയുള്ള യാതൊരു ദൂഷ്യവും ഇല്ലാത്ത ഒരാളാണ് അദ്ദേഹം. കണ്ടാല്‍ ലഹരിയില്‍ മുങ്ങി നടക്കുന്ന ഒരാളാണെന്ന് തോന്നുമെങ്കിലും മദ്യമോ മറ്റു ലഹരി പദാര്‍ഥങ്ങളോ അദ്ദേഹം ഉപയോഗിക്കില്ല ആകെ പറയുവാനുള്ളത് ചില ദിവസങ്ങളില്‍ വലിക്കുന്ന ചുരുട്ട് ബീഡിയാണ്.

നളിനിക്കാകെ ചമ്മലായി....ഇടയ്ക്കു ബ്രേക്ക്‌ പറഞ്ഞു ആശാന്‍ അപ്പുറത്തെ ജനാലയിലൂടെ റോഡിലേക്ക് നോക്കി ബീഡിയും വലിച്ചു നില്‍ക്കുകയാണ്. പദ്മാവതി മാഷോട് പോയി കാര്യം പറഞ്ഞു. മാഷ്‌ പതിയെ ആളുകള്‍ക്കിടയിലൂടെ നളിനിയെ ഒന്ന് നോക്കി. പിന്നെ പദ്മാവതിയോടു എന്തോ പറഞ്ഞു. അവര്‍ തിരികെ നളിനിയുടെ അടുത്ത് വന്ന് താഴേക്കു പോകാമെന്ന് പറഞ്ഞു. നളിനി ആശാനെ ഒന്ന് നോക്കി പദ്മാവതിയുടെ പുറകെ നടന്നു.

"ചേച്ചി എങ്ങടെക്കാ...അടുത്ത് വല്ല സൌകര്യവുമുണ്ടോ? നളിനി ഉദ്വേഗത്തോടെ ചോദിച്ചു.
"ഉം...വെളിമ്പറമ്പ് തന്നെ ശരണം...വാടി..വാ..."
"അയ്യേ ഞാനില്ല...ആരെങ്കിലും കാണും ചേച്ചി"
"ഡീ പെണ്ണെ ആരും കാണൂല്ല...ദേ ഈ തട്ടിന്‍റെ പിന്‍ഭാഗത്ത് ഒറ്റ ജനാല പോലുമില്ല. നിന്നു കിണ്‌ങ്ങാതെ വേഗം വാ...അടുത്തത് നിന്‍റെ സീനാ.."
"ഉം.. എന്‍റെ സീന്‍ തന്നാ..ആരും കാണാതിരുന്നാ മതി...."
"എന്നാ പിന്നെ തട്ടേ കേറണ്ട...ഒളിച്ചിരുന്നഭിനയിച്ചാ മതി.."
"ഓ...ഈ ചേച്ചീടെ ഒരു കാര്യം....ഞാന്‍ പറഞ്ഞത് മൂത്രമൊഴിക്കുന്ന സീനിന്‍റെ കാര്യാ.." നളിനി അടക്കം പറഞ്ഞു. പിന്‍വശത്തേക്കുള്ള മരപ്പലകയുടെ ഏണിപ്പടികളില്‍ മൊത്തം മദ്യക്കുപ്പികളും ബീഡിത്തുണ്ടുകളും മാത്രമേയുള്ളായിരുന്നു. ആ പഴയ കെട്ടിടത്തിന്‍റെ തട്ടിന്‍ മുകളില്‍ നിന്നും പുറകു
വശത്തേക്കിറങ്ങാന്‍ ആ പൊടിയും മാറാലയും നിറഞ്ഞു കിടക്കുന്ന ഏണിപ്പടി മാത്രമേയുണ്ടായിരുന്നുള്ളൂ. കെട്ടിടത്തിന്‍റെ പുറകുവശം ആരും ഒന്നിനും ഉപയോഗിക്കാത്തത് കാരണം നിറയെ കാടും പടലും പിന്നെ മദ്യക്കുപ്പികളും ചവറും നിറഞ്ഞു കിടക്കുകയായിരുന്നു. പടിയിറങ്ങുമ്പോള്‍ നളിനിക്ക് ശക്തിയായി തുമ്മുവാന്‍ തോന്നി. പദ്മാവതി ഓരോ പടി താഴേക്കിറങ്ങുമ്പോഴും ഓരോ മദ്യക്കുപ്പിയും തട്ടിമാറ്റിക്കൊണ്ടിരുന്നു. വല്ലാത്ത ഒരു ഗന്ധമായിരുന്നു അവിടം മുഴുവനും.
"ഹോ എന്തൊരു നാറ്റാ ഇവടൊക്കെ" നളിനി പറഞ്ഞു
പുറകിലെ വാതിലിന്‍റെ ഓടാമ്പലിളക്കാന്‍ പദ്മാവതി വളരെ പണിപ്പെട്ടു. അത് നിറയെ പൊടിയും മാറാലയുമായിരുന്നു. വാതില്‍ വലിച്ചു തുറന്നപ്പോള്‍ കുറെ പഴകിയ പൊടിയും മറ്റും പദ്മാവതിയുടെ തലയിലേക്ക് വീണു.
"നാശം...ഛെ!...അതെങ്ങനാ നളിനി...ഇവിടുള്ളോരു മുഴുവോനും ദാ അവിടെ നിന്ന് നേരെ താഴെ ഈ വാതിലിലേക്കാ മുള്ളുന്നെ...പിന്നെ നാറാണ്ടിരിക്കോ... " മുകളില്ലേക്ക് ചൂണ്ടി പദ്മാവതി പറഞ്ഞു.
"ങ്ങ...ചെല്ല്..ഏതായാലും ആരും കാണുമെന്നു പേടിവേണ്ട..മൊത്തം കുറ്റിക്കാടാ ...അല്ലെ തന്നെ ഇവിടാരു വരാനാ..മുകളില്‍ ഞാന്‍ നിന്നോളാം. വല്ല ഇഴ ജന്തൂനേം പേടിച്ചാ മതി..ഉം ചെല്ല്.."
പുറത്തെക്കിറങ്ങിയ നളിനിക്കും തോന്നി പദ്മാവതി പറഞ്ഞതില്‍ കാര്യമുണ്ടെന്ന്. ആളുകളെ പേടിക്കണ്ട..പിന്നെയുള്ളത് വല്ല പാമ്പോ പഴുതാരയോ ഒക്കെ തന്നെ.
"ചേച്ചി മുകളില്‍ തന്നെ നിന്നേക്കണേ....പിന്നെ ആശാന്‍ വിളിച്ചു അങ്ങോട്ട്‌ പോയി എന്നൊന്നും പറഞ്ഞേക്കരുത്."
"ഒന്നും വേഗം പോയിട്ട് വാ" അത്രയും പറഞ്ഞു പദ്മാവതി പടികയറി.
നളിനി ഒരു നിമിഷം ചുറ്റും കണ്ണോടിച്ചിട്ട്‌ സൌകര്യമായിട്ടിരിക്കുവാന്‍ പറ്റിയ സ്ഥലം നോക്കി മെല്ലെ പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി നടന്നു. തൊട്ടപ്പുറത്ത് എന്തോ ഒരു പണിശാല പോലെ തോന്നിക്കുന്ന ഉയര്‍ന്ന ഷെഡ്‌ ആയിരുന്നു. ഭാഗ്യം അതിന്‍റെ പിന്‍ഭാഗത്തും വാതിലുകളോ ജനാലകളോ ഇല്ലായിരുന്നു. നാടക ക്യാമ്പിന്‍റെ കെട്ടിടത്തിനും പണിശാലക്കുമിടയില്‍ വേലിയോ മതിലോ ഒന്നുമില്ല. പകരം അതിര് തിരിക്കുവാന്‍ വേണ്ടി ചെത്തുകല്ല് നിലത്തു ഒരു വരിയായി നിരത്തിയിട്ടിരുന്നു. അതിനു മുകളില്‍ പടര്‍പ്പും പൊന്തയും കയറിക്കിടക്കുന്നു. പൊന്തകള്‍ക്കരികെ കുറ്റി ചെടികളില്ലാത്ത വെളിപ്രദേശം നോക്കിയിരിന്നു. ഇവിടെയാകുമ്പോ ആളുകളെയും ഇഴജന്തുക്കളെയും പേടിക്കണ്ട. നളിനി മനസ്സിലോര്‍ത്തു. അത്രയും നേരം കെട്ടിനിന്നതത്രയും പോയിത്തുടങ്ങിയപ്പോ അടിവയറ്റില്‍ നിന്നും എന്തോ ഒരു ഭാരം ഇറങ്ങി പോകുന്ന പോലെ അവള്‍ക്കനുഭവപ്പെട്ടു. അവള്‍ കണ്ണടച്ച് നെടുവീര്‍പ്പിട്ടു. പുറകിലെന്തോ ആ പണിശാലയുടെ വശത്തായി അനങ്ങുതായി അവള്‍ക്കു തോന്നി. അവള്‍ ശ്വാസം അടക്കിപ്പിടിച്ച് പതുങ്ങിയിരുന്നു തിരിഞ്ഞു നോക്കി.

പൊന്തക്കിടയിലൂടെ കുറെ അപ്പുറത്ത് ആരോ ഒരാള്‍ ബീഡിയും പുകച്ചു തന്നെ നോക്കി നില്‍ക്കുന്നു. അവള്‍ ചാടി എഴുന്നേറ്റു. ഏതായാലും അയാള്‍ അധികനേരമായിട്ടില്ല വന്നിട്ട്. നളിനി രൂക്ഷമായിട്ടയാളെ നോക്കി. ദൃഡഗാത്രനായ മുടിയും താടിയും ഒക്കെ നീട്ടി വളര്‍ത്തിയ സുമുഖനായ ചെറുപ്പക്കാരനായ ഒരാളായിരുന്നു അത്. തീക്ഷ്ണമായ അയാളുടെ കണ്ണുകളിലേക്ക് അവള്‍ക്കധികം നോക്കുവാന്‍ കഴിഞ്ഞില്ല. മുഖം വെട്ടിതിരിച്ചു അവള്‍ അയാളോട് ദേഷ്യപ്പെട്ടു.
"പെണ്ണുങ്ങളുടെ സ്വകാര്യം ഒളിച്ചു നിന്ന് നോക്കാന്‍ നാണമില്ലേ" മറുപടി കിട്ടാതെ തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ബീഡിക്കുറ്റി അലക്ഷ്യമായി എറിഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങുകയായിരുന്നു. നളിനി വിട്ടു കൊടുത്തില്ല. അവള്‍ വീണ്ടും ചോദിച്ചു. "ഞാന്‍ നിങ്ങളോടാണ്‌ ചോദിച്ചത്."
അയാള്‍ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി പറഞ്ഞു. ദൃഡമായിരുന്നു അയാളുടെ സ്വരം. "ഞാന്‍ ആരെയും ഒളിഞ്ഞു നോക്കാന്‍ വന്നതല്ല." ഉറപ്പുള്ളതെങ്കിലും അതില്‍ മൃദുത്വമുള്ളതായി അവള്‍ക്കു തോന്നി.
"പിന്നെ?"
"നിങ്ങളിവിടെ ഇരിപ്പുണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു"
"നിങ്ങളെവിടുന്നാ വന്നെ"
അയാള്‍ പണിശാലയുടെ നേരെ കൈ ചൂണ്ടി. പിന്നെ സാവധാനം മുന്നോട്ടു നടന്നു.
"നളിനീ" പദ്മാവതിയുടെ നീട്ടിയുള്ള വിളി...അവള്‍ അയാള്‍ നടന്നു പോകുന്നത് നോക്കി നിന്നതിനു ശേഷം മെല്ലെ തിരിഞ്ഞു നടന്നു.
ഒരു നിമിഷം അവള്‍ നിന്നു. പിന്നെ വീണ്ടും തിരിഞ്ഞ് അയാളെ വിളിച്ചു...
"എയ്യ്..നില്‍ക്ക്.." അയാള്‍ തിരിഞ്ഞ് നിന്നു.... അവള്‍ മുഖം കുനിച്ച് ശബ്ദം താഴ്ത്തി ചോദിച്ചു..."നിങ്ങള്‍ എന്തെങ്കിലും കണ്ടോ?" അയാള്‍ ഒന്നും മിണ്ടാതെ അവളെ നോക്കി...പിന്നെ പണിശാലയുടെ നേരെ തിരിഞ്ഞ് നടക്കുന്നതിനിടയില്‍ "ഉം..." എന്ന് മൂളി നടന്നു മറഞ്ഞു.. നളിനി അക്ഷരാര്‍ത്ഥത്തില്‍ നാണിച്ച് പോയി..
"നളിനീ കഴിഞ്ഞോ?..."
അവള്‍ തിടുക്കത്തില്‍ നടന്നു.

മുകളിലെത്തിയപ്പോള്‍ എല്ലാവരും അവളെ ശ്രദ്ധിച്ചു. ഛെ! താനെന്തിനാണ് പോയതെന്ന്എല്ലാവരും അറിഞ്ഞു കാണും. വേണ്ടായിരുന്നു. അതിനെക്കാളൊക്കെ അവളെ ലജ്ജിപ്പിച്ചത് കണ്ടു എന്നര്‍ത്ഥത്തിലുള്ള മുടി നീട്ടിവളര്‍ത്തിയ ആ ചെറുപ്പക്കാരന്‍റെ അമര്‍ത്തിയുള്ള മൂളലാണ്. ആശാന്‍ അവളെ അടിമുടി ഒന്ന് നോക്കിയശേഷം അടുത്തേക്ക് ചെല്ലുവാന്‍ ആംഗ്യം കാണിച്ചു. അവള്‍ ആശാന്‍റെ അടുത്ത് ചെന്ന് ഭവ്യതയോടെ നിന്നു. ആശാന്‍ അവളെ വാത്സല്യത്തോടെ നോക്കി.

"ഇത് നിന്‍റെ എത്രാമത്തെ നാടകാണെന്ന് വല്ല നിശ്ചയോം ഒണ്ടോ?" അവള്‍ വെറുതെ നിലത്തു നോക്കി നിന്നു..."മൂന്ന് വര്‍ഷങ്ങള്‍ ഒമ്പത് നാടകങ്ങള്‍. ഈ മൂന്നു വര്‍ഷങ്ങളിലെ ഒമ്പത് നാടകങ്ങളിലൂടെ നവരസങ്ങള്‍ക്കും നീ ഭാവം പകര്‍ന്നു കഴിഞ്ഞു. ഈ നാടകത്തോടെ നീ ഈ രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന കലാകാരിയായി മാറും...എനിക്കുറപ്പുണ്ട്" ആശാന്‍ കയ്യിലിരുന്ന ബീടിക്കു തീപിടിപ്പിച്ച്‌ തട്ടിന്‍റെ നടുവിലേക്ക് നീങ്ങി നിന്നു. എല്ലാവരുടെയും ശ്രദ്ധ ആശാനിലേക്ക് തിരിഞ്ഞു. ആശാന്‍ ഒന്നും മിണ്ടാതെ പുകയൂതി വിട്ടുകൊണ്ട് അതെ നില്‍പ്പ് തുടര്‍ന്ന്. അല്പസമയത്തിനു ശേഷം പറഞ്ഞു.

"ഇത്തവണത്തെ സാഹിത്യ നാടക അക്കാദമിയുടെ മികച്ച നാടകത്തിനുള്ള പുരസ്ക്കാരം നമ്മുടെയീ നാടകത്തിനു തന്നെ ലഭിക്കും. ഇന്ത്യയിലെ മികച്ച കലാകാരിയായി നളിനി അറിയപ്പെടും. എനിക്കുറപ്പുണ്ട്." അത് പറയുമ്പോള്‍ ആശാന്‍റെ മുഖത്ത് തെളിഞ്ഞു വന്നത് ഒരു ദീര്‍ഘദൃഷ്ടാവിന്‍റെ അപാരമായ ആത്മവിശ്വാസത്തിന്‍റെ തീക്ഷണത സ്ഫുരിക്കുന്ന ഭാവമായിരുന്നു. ആശാന്‍ തുടര്‍ന്നു "ഈ നാടകത്തോടെ ഇത് വരെ നില നിന്നിരുന്ന, നാടകത്തിനു ഒഴിവാക്കുവനാകാത്ത ചില നിയമ ദൃഷ്ടാന്തങ്ങള്‍ മാറ്റിമറിക്കപ്പെടും. പഠിക്കുവാന്‍ വേണ്ടി നമ്മള്‍ പഠിച്ച എല്ലാ നിയമങ്ങളും പൊളിച്ചെഴുതപ്പെടും, അഭിനയ കലക്ക് പുതിയ മാനം കൈവരും. കൊടുങ്കാറ്റിന്‍റെ തീര്‍ഥാടനമെന്ന ഈ നാടകം വിശ്വ നാടക വേദിയില്‍ എക്കാലവും കെടാവിളക്കായ് നിലനില്‍ക്കും".

പിന്നീടാശാന്‍ ഒന്നും മിണ്ടാതെ പടിയിറങ്ങി നേരെ താഴേക്കു പോയി. മമ്മദിന്‍റെ വായനശാലയിലേക്കായിരിക്കും. അതാണ്‌ പതിവ്. ആശാന്‍ പോയതിനു പുറകെ എല്ലാവരും നാടക ചര്‍ച്ചകളും നാട്ടു വിശേഷങ്ങളുമായി കൂടി. നളിനിയുടെ മനസ് മുഴുവനും കുറച്ചു മുന്‍പ് നടന്ന കാര്യങ്ങളായിരുന്നു. അവളോര്‍ക്കുകയായിരുന്നു ഛെ! എന്നാലും എന്ത് കഷ്ടായിപോയി തന്‍റെ പിന്‍ഭാഗം മുഴുവനും യാതൊരു മറയുമില്ലാതെ അയാള്‍ കണ്ടുകാണില്ലേ? അയാളെ കണ്ടിട്ട് അങ്ങനെ ഒരു ദുഷ്ടലാക്കുള്ള ആളായിട്ട് തോന്നുന്നുമില്ല. ആരായിരിക്കും അയാള്‍. ചേച്ചിയോട് ചോദിച്ചാലോ? ഓ. വേണ്ട പിന്നെ കുത്തി കുത്തി നൂറു ചോദ്യം ചോദിക്കും അതോടെ എല്ലാം പൊളിയും. പക്ഷെ അറിയുവാന്‍ മറ്റെന്താണ് വഴി, ട്രൂപ്പിലെ വേറെ ആരോടും അങ്ങനെ ഒരു സൌഹൃദമില്ലാത്തത് കൊണ്ട് ഇത്തരമൊരു കാര്യം ചോദിച്ചാല്‍ പിന്നെ അവര്‍ക്ക് സംസാരിക്കുവാന്‍ വിഷയമാവുകയും ചെയ്യും. എന്തെങ്കിലുമാകട്ടെ ചേച്ചിയോട് തന്നെ ചോദിക്കാം. പദ്മാവതി ഇഞ്ചക്കാടന്‍ ജോയിയുമായി വളരെ ഗൌരവമായി എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നില്‍ക്കുകയാണ്. അയാളാണ് നാടകം നിര്‍മ്മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഏക്കര്‍ കണക്കിന് കൃഷി ഭൂമിയും മറ്റു അനുബന്ധ കച്ചവടങ്ങളും ഒക്കെ ഉള്ള ആളാണ്‌. അയാള്‍ വഴിയാണ് ചേച്ചിയുടെ ഭര്‍ത്താവിന്‍റെ വിശേഷങ്ങള്‍ ചേച്ചി അറിഞ്ഞിരുന്നത്. കച്ചവടവുമായി ബന്ധപ്പെട്ടു ഇടയ്ക്കു അയാള്‍ ചേച്ചിയുടെ ഭര്‍ത്താവിനെ കാണുമായിരുന്നു.

പനങ്കാട്‌ രാമകൃഷ്ണന്‍ എന്നൊരു പഴയ കാഥികനുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ മകളാണ് നളിനി. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ക്യാന്‍സര്‍ പിടിപ്പെട്ടു രാമകൃഷ്ണന്‍ അരങ്ങൊഴിഞ്ഞത്. അതിനു ശേഷമാണ് നളിനി അഭിനയരംഗത്തേക്ക് വരുന്നത്. വളരെയധികം മുഖശ്രീയുള്ള അസാമാന്യമായ അംഗവടിവുകള്‍ ഉള്ള ഒരു ഇരുപത്തിരണ്ടുകാരിയായിരുന്നു നളിനി. സൌന്ദര്യത്തോടൊപ്പം തന്നെ നല്ല തന്‍റെടവും അവള്‍ക്കുണ്ടായിരുന്നു. കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ പിന്നെ കുറച്ചു മുന്‍പ് കണ്ട നളിനിയാണോ എന്ന് സംശയിച്ചു പോകും. അനായാസമായ അഭിനയശൈലി കൊണ്ടും അന്ന് വരെ നാടക രംഗത്ത് കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ശരീരചലനങ്ങളാലും കാണികള്‍ക്ക് നാടകാനുഭാവും തികച്ചും വേറിട്ട ഒരു അനുഭൂതിയാണ് നളിനി പകര്‍ന്നു കൊടുത്തത്. ആശാന്‍റെ തൂലികയിലൂടെ പിറന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി അവള്‍ മാറിയപ്പോഴൊക്കെ അവ കാണികളുടെ മനസ്സിനെ വല്ലാതെ ആഴത്തില്‍ സ്പര്‍ശിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യ്തിട്ടുണ്ട്. ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന സൗന്ദര്യവും അവള്‍ക്കുണ്ടായിരുന്നു. ആശാന്‍ എപ്പോഴും പറയും നിന്നെ സിനിമാക്കാര് കണ്ടാല്‍ പിന്നെ അവര് കൊത്തിക്കൊണ്ടു പോകുമെന്ന്. നളിനി ഓരോന്നും ആലോചിച്ചു ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്. നാടകം പ്രാക്ടീസ് ചെയ്യുന്ന കെട്ടിടത്തിനു മുന്നിലൂടെ റോഡ്‌ വളഞ്ഞു പിന്നെ പാടങ്ങള്‍ക്കു നടുവിലൂടെ ദൂരേക്ക്‌ മറയുന്നു. വെയിലാറി കിടക്കുന്ന പാടശേഖരങ്ങളിലൂടെ കാറ്റ് വീശുന്നത് കാണുവാന്‍ അവള്‍ക്കിഷ്ട്മാണ്. വിളഞ്ഞു കിടക്കുന്ന നെല്‍ക്കതിരുകള്‍ കായലിലെ ഓളങ്ങള്‍ കണക്കെ ഉയര്‍ന്നു താഴുന്നതും. പിന്നെ മാനത്ത് വട്ടമിട്ടു പറക്കുന്ന കൃഷ്ണപരുന്തും ഒക്കെ. കവലയുടെ ഏറ്റവും അറ്റത്തെ കെട്ടിടത്തില്‍ രണ്ടു കടമുറികള്‍ ചേരുന്നതാണ് മമ്മദിന്‍റെ വായനശാല. ആശാനും മറ്റു ചിലരും വായശാലയില്‍ നിന്നും പുറത്തേക്കിറങ്ങി എന്തൊക്കെയോ സംസാരിച്ചു നില്‍ക്കുന്നു. നല്ല ഉയരമുള്ള ആളാണ്‌ ആശാന്‍. മുഖത്തെ കുറ്റിരോമങ്ങളെപറ്റി റസിയാത്ത എപ്പോഴും പറയും. കിടക്കുമ്പോള്‍ റസിയാത്തയെക്കൊണ്ട് ആശാന്‍ മുഖത്തെ രോമാങ്ങളിലൂടെ കൈവിരലുകളോടിപ്പിക്കും എന്നിട്ട് മിണ്ടാതെ കണ്ണടച്ച് കിടക്കും. അപ്പോഴാണ്‌ ആശാന്‍റെ മനസ്സില്‍ കഥയും കഥാപാത്രങ്ങളും ഉണ്ടാവുന്നത്. നളിനിക്ക് ചിരി വന്നു. ഭാര്യയുടെ അടുത്ത് കുസൃതിക്കാട്ടുകയും പിണക്കം നടിക്കുകയും ചെയ്യുന്ന ആശാന്‍ തങ്ങളുടെ മുന്നില്‍ എത്ര ഗൌരവക്കാരനാണ്‌. അങ്ങനെ ലോലമായ വികാരങ്ങളുള്ള ഒരാളാണെന്ന് പറയുകയേ ഇല്ല. വലിയ വിപ്ലവങ്ങള്‍ക്കൊടുവിലാണ് ആശാന്‍ മുസ്ലിമായ റസിയാത്തയെ വിവാഹം കഴിച്ചത്. എപ്പോഴും വെളുത്ത നീളന്‍ ജൂബ്ബയും കാവി നിറമുള്ള മുണ്ടിലും മാത്രമേ ആശാനെ കാണുവാന്‍ കഴിയൂ. റസിയാത്തക്ക് നളിനിയോട്‌ പ്രത്യേക സ്നേഹമാണ്. ഒരു മകളോടുള്ള വാല്‍ത്സല്യമാണ് അവര്‍ക്ക്. നളിനിയുടെ പനങ്കുലപോലുള്ള മുടിയിലിടുവാന്‍ പ്രത്യേകം തയ്യാറാക്കിയ എണ്ണയും പിന്നെ ചെറിയ വിളക്കില്‍ എണ്ണയൊഴിച്ച് കട്ടിലിനടിയില്‍ കാറ്റ് കൊള്ളാതെ കത്തിച്ചു വെച്ച് അതിനു മുകളില്‍ താമ്പാളം കമഴ്ത്തി കരി പിടിപിച്ച് ആ കരി ചുരണ്ടി കിണ്ണത്തിലിട്ട് അതില്‍ വളരെ ചെറിയ തോതില്‍ കര്‍പ്പൂരം പൊടിച്ചു ചേര്‍ത്ത് എണ്ണയില്‍ ചാലിച്ച് കണ്ണെഴുതുവാന്‍ തയ്യാറാക്കി നളിനിക്ക് നല്‍കും. റസിയാത്ത തന്നെ ചിലപ്പോള്‍ അവള്‍ക്കു മുടിയില്‍ എണ്ണ തേച്ചു കൊടുക്കുകയും ചെയ്യും. വലിയ കരുതലാണ് നളിനിയുടെ കാര്യത്തില്‍. വളരെ വൈകിയും പ്രാക്ടീസുള്ള ദിവസങ്ങളില്‍ പദ്മാവതിയും നളിനിയും ചിലപ്പോള്‍ ആശാന്‍റെ വീട്ടിലാവും രാത്രി തങ്ങുക. അന്നൊക്കെ റസിയാത്തക്ക് ഉല്‍ത്സവം പോലെയാണ്. വിഭവ സമൃദ്ധമായ ഭക്ഷണവും ഒക്കെയായി ആകെ ബഹളമായിരിക്കും. പിന്നീട് ഓരോരുത്തരെയും നിര്‍ബന്ധിച്ചു തീറ്റിക്കുകയും ചെയ്യും. അത്തരമവസരങ്ങളില്‍ റസിയാത്ത പദ്മാവതിയോടും നളിനിയോടും കൂടെ മചിന്മുകളിലെ വിശാലമായ
മുറിയിലാണ് കിടക്കുക. പക്ഷെ അന്നുറക്കമുണ്ടാവില്ല രാവെളുക്കുവോളം കഥകളും വിശേഷങ്ങളുമായി മൂന്ന് പേരും കൂടും. റസിയാത്ത നന്നായി പാടുമായിരുന്നു. മുറ്റത്തെ പറങ്കിമാവിന്‍റെ ചില്ലകള്‍ക്കിടയിലൂടെ ദൂരെ ശാന്തമായ് കിടക്കുന്ന കല്ലേറ്റു പുഴ കാണാം. നിലാവുള്ള രാത്രികളില്‍ പുഴയെ നോക്കി റസിയാത്ത പാടും "ഖല്‍ബിലെക്കൊഴുകുന്ന പുഴയൊരു മണവാട്ടി...പൂമാരനെ കൊതിപ്പിക്കും ചിരിച്ചന്തമുള്ള മൊഞ്ചത്തി മണവാട്ടി..."

നേരം പുലരും മുമ്പേ റസിയാത്ത ഉണര്‍ന്ന് സകല പണികളും തീര്‍ത്തു വെക്കും. പ്രാതലിനു ആവിപറക്കുന്ന, തേങ്ങ ധാരാളമായി ഇട്ട പുട്ടും കടലക്കറിയും നല്ല നാടന്‍ പഴവുമുണ്ടാകും. എല്ലാവരും ഒന്നിച്ചിരിന്നായിരിക്കും പ്രാതല്‍ കഴിക്കുക. ആശാന്‍ വായനയും മറ്റുമായി വിശാലമായ പറമ്പിന്‍റെ കിഴക്കതിരിലുള്ള വള്ളിക്കുടിലേക്ക് പോകും. റസിയാത്ത നളിനിയെയും പദ്മാവതിയെയും കൂട്ടി പുഴക്കരയിലേക്ക് പോകും കുളിയും അലക്കുമായി കുറെ നേരം അവിടെ. പാറകള്‍ നിറഞ്ഞ ഒരിടത്താണ് കുളിയും അലക്കുമൊക്കെ. വസ്ത്രങ്ങളഴിച്ചു മുലക്കച്ച കെട്ടി നില്‍ക്കുന്ന നളിനിയെക്കാണുമ്പോഴൊക്കെ
റസിയാത്ത അത്ഭുതം കൂറും "പടച്ചോനെ....കുട്ടീ നീ ഹൂറി തന്നെ....ഇല്ലേ പദ്മേച്ചി..." അത്രക്കഴകാണ് നളിനിയെക്കാണാന്‍. പിന്നെ നളിനിയെ പിടിച്ച് പാറയിലിരുത്തി തളിര് പോലുള്ള കയ്യും കാലും ദേഹത്തുമൊക്കെ നല്ല നാടന്‍ മഞ്ഞള്‍ തേച്ചു പിടിപ്പിക്കും. റസിയാത്തയുടെ വിരലുകള്‍ അവളുടെ ദേഹത്തൂടൊഴുകുമ്പോള്‍ അവള്‍ ഇളകി ചിരിച്ചു പറയും...ചേച്ചി ഇക്കിളിയാകുന്നു..ഒന്ന് പതുക്കെ... പദ്മാവതി ഒരു കാഴ്ച്ചക്കാരിയെ പോലെ ഒക്കെ കണ്ടുനില്‍ക്കും. സമൃദ്ധമായ തലമുടിയില്‍ എണ്ണയും തേച്ച് അവിടെ ഇരുത്തും ഒരരമണിക്കൂര്‍. വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ചേതോഹരമായ ശില്‍പ്പം പോലെ നളിനി ഇളം വെയിലേറ്റു പദ്മാവതിയും റസിയാത്തയും പറയുന്ന കഥകള്‍ കേട്ടിരിക്കും. ഒരു കാല്‍ മടക്കി മറു കാല്‍ നീട്ടി കൈകള്‍ പിന്നില്‍ കുത്തി വെയിലേറ്റ് ചാഞ്ഞിരിക്കുന്ന നളിനിയെ കണ്ടാല്‍ ഗന്ധര്‍വന്‍മാര്‍ കൊതിക്കുമത്രേ എന്നിട്ട് റസിയാത്ത തന്നെ പറയും കൊതിക്കട്ടെ കൊതിച്ച് കൊതിച്ച് അവര്‍ ഭൂമിയിലേക്കിറങ്ങി വരട്ടെ. അപ്പോള്‍ ഞാനവരോട് പറയും ഈ ഭൂമിയുലുള്ള മുഴുവന്‍ സ്വര്‍ണ്ണവും പവിഴവും മുത്തുകളും തന്നാലും എന്‍റെ നളിനിയെ തരില്ലെന്ന്. കാരണം നിങ്ങള്‍ അവളെ കൊണ്ടുപോയാല്‍ ഈ ഭൂമിയില്‍ വര്‍ഷവും വസന്തവും പിന്നീടുണ്ടാവില്ല. ഈ പുഴ എത്രയോ വര്‍ഷങ്ങളായി കാത്തിരുന്നു നളിനിക്കായി...ഇവള്‍ പോയാല്‍ പുഴ ഈ നാട്ടില്‍ നിന്ന് വഴിമാറിയൊഴുകും..... ഇങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ടിരിക്കും. അതെല്ലാം കേട്ട് നളിനി പൊട്ടിച്ചിരിക്കും പുഴ പോലെ. അലക്ക് കഴിഞ്ഞാല്‍ പിന്നെ
കുളിയാണ്. പാറപ്പുറത്ത് നിന്ന് ജലത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന നളിനിക്ക് ഒരു വേഴാമ്പലിന്‍റെ അഴകാണ്. പുഴയില്‍ മുങ്ങി നിവരുമ്പോള്‍ അവളുടെ വെളുത്ത മേനിയിലൂടെ പളുങ്ക് മണികള്‍ സൂര്യ പ്രകാശത്താല്‍ പ്രശോഭിതമായി താഴേക്കു......നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന മാറിടവും ഒതുങ്ങിയ അരക്കെട്ടും ഒട്ടിയ വയറുമൊക്കെ നനഞ്ഞു നേരിയ അര മുണ്ടിനടിയിലൂടെ വ്യക്തമായി കാണാം. "പെണ്ണെ മുട്ടോളം വെള്ളത്തില്‍ നില്‍ക്കണ്ട നന്നായിട്ട് കഴുത്തറ്റം മുങ്ങി നിന്നോ...ചിലപ്പോ ഞങ്ങള് തന്നെ കണ്ണുവെക്കും" പദ്മാവതിയുടെ കമന്‍റ്. അരമുണ്ടുയര്‍ത്തി വെള്ളത്തില്‍ നിന്ന് പാറയിലേക്ക്‌ കാല്‍ നീട്ടി താളി തേക്കുമ്പോള്‍ അനാവൃതമാകുന്ന നഗ്നമായ തുടയും കാലുകളും ആരെയും മോഹിപ്പിക്കുവാന്‍ പോന്നതായിരുന്നു. വിസ്തരിച്ചു കുളിയും കഴിഞ്ഞു ഈറനുടുത്തു തിരികെ മടങ്ങുമ്പോള്‍ ആടിയുലയുന്ന നിറഞ്ഞ നിതംബത്തിലേക്ക് റസിയാത്ത സാകൂതം നോക്കും. ഈശ്വരാ...എന്തിനിത്രയധികം സൌന്ദര്യം ഇവള്‍ക്ക് കൊടുത്തു എന്ന് അല്പം ഭയത്തോടെ റസിയാത്ത ആലോചിക്കതെയുമിരുന്നില്ല. തന്‍റെ മകളായിരുന്നെങ്കില്‍ ഒരിക്കലും ഇവളെ നാടകത്തിനു പറഞ്ഞയക്കില്ലായിരുന്നു താന്‍. ഇവളുടെ അമ്മക്ക് എങ്ങനെ മനസമാധാനമായിട്ട് ഇരിക്കുവാന്‍ കഴിയും. ഇത്തരം ആധികളും റസിയാത്തക്കില്ലതെയില്ല.

ഇങ്ങനെ ഓരോന്നും ആലോചിച്ചവള്‍ നിന്നുപോയി. ഏണി കയറി ആരോ ഒരാള്‍ മുകളിലേക്ക് വരുന്ന ശബ്ദം. കറുത്തിരുണ്ട് കുറിയനായ ഒരു മനുഷ്യന്‍. എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കായി. അയാള്‍ പറഞ്ഞു.
"ആശാന്‍ പറഞ്ഞു വിട്ടതാ..പാറതണ്ണി, ഇഞ്ചമുക്ക്, നാലാം വളവ് ഒക്കെ പോകാനുള്ളവര്‍ക്ക് ജീപുണ്ട്.." അത്രയും പറഞ്ഞയാള്‍ തിരിഞ്ഞു നടന്നു...പിന്നെ തിരിഞ്ഞു നിന്ന് പറഞ്ഞു..."സ്ത്രീകള്‍ വേലപ്പന്‍റെ കാളവണ്ടീല് പിരിയമ്പുഴക്ക് പൊയ്ക്കോളാനാ പറഞ്ഞെ..." പിന്നെ അയാള്‍ താഴേക്കു പോയി.

"എന്ന പിന്നെ പദ്മേചീം നളിനീം ഇറങ്ങിക്കോ...ഞങ്ങള്‍ ജീപ്പിലല്ലേ..." സുധാകരന്‍ പറഞ്ഞു. അയാളും മറ്റുള്ളവരും വീണ്ടും സംസാരം തുടര്‍ന്നു..

പദ്മാവതി ഇഞ്ചക്കാടന്‍ ജോയിയുടെ അടുത്ത് നിന്നും നളിനി നിന്നിടത്തേക്ക് നടന്നു.

"എന്താ...വല്ലാത്ത ഒരാലോചന.." നളിനിയുടെ പിന്‍ഭാഗത്ത് ഒരു തട്ട് കൊടുത്തു കൊണ്ട് പദ്മാവതി ചോദിച്ചു.
"ഹോ...പേടിച്ചു പോയല്ലോ...ചേച്ചി..ഒന്ന് പതുക്കെ തട്ടി കൂടെ...നൊന്തു..." നളിനി പരിഭവിച്ചു.
"ഇത് കണ്ടാല്‍ ആരും ഒന്ന് തട്ടി പോകും..."
"എന്‍റെ ചേച്ചീ...ഈ വൃത്തികേടുകളല്ലാതെ വേറൊന്നും വായില്‍ വരൂല്ലേ?
"ഉം....കേള്‍ക്കാന്‍ നിനക്കും ഇത്തിരി ഇഷ്ടമുണ്ടെന്ന് എനിക്കറിയാടി പെണ്ണെ... വാ..വാ.വേലപ്പനും കാളകളും കാത്തു നില്‍പ്പോണ്ടാവും.."
നളിനി ഊറി ചിരിച്ചു കൊണ്ട്...അലമാരിയില്‍ വച്ചിരുന്ന ബാഗുമെടുത്ത് നടന്നു...
"സുധാരേട്ടാ...., രാജന്‍ ചേട്ടാ..., എല്ലാരോടും കൂടി...പോകാണേ..മറ്റന്നാള്‍ കാണാം...." വട്ടം കൂടിയിരുന്ന അവരെല്ലാം അവള്‍ക്കു നേരെ കൈ വീശി കാണിച്ചു...
"നളിനീ........ഇന്ന് റസിയാത്തക്ക് രാത്രി ഒറക്കണ്ടാവോ ആവോ..ഖല്‍ബിലെക്കൊഴുകുന്ന പുഴയൊരു മണവാട്ടി...പൂമാരനെ കൊതിപ്പിക്കും ചിരിച്ചന്തമുള്ള മൊഞ്ചത്തി മണവാട്ടി...ല്ലേ...അങ്ങനല്ലേ ആ പാട്ട്..." രാജന്‍ തമാശയായി പറഞ്ഞു. നളിനി വെറുതെ ചിരിച്ചു കാട്ടി ഏണിയിറങ്ങി. പെട്ടന്നവള്‍ ഞെട്ടി പോയി. ഏണിച്ചുവട്ടില്‍ മുകളിലേക്ക് മിഴിയുയര്‍ത്തി നില്‍ക്കുന്ന മുടി നീട്ടി വളര്‍ത്തിയ ആ ചെറുപ്പക്കാരന്‍. അയഞ്ഞ ജൂബായും മുണ്ടുമാണ് വേഷം. തീക്ഷ്ണമായ ആ കണ്ണുകള്‍ അവളുടെ മുഖം കുനിപ്പിച്ചു. എത്ര ശ്രമിച്ചിട്ടും അവള്‍ക്കു നേരെ നോക്കുവാന്‍ ധൈര്യം കിട്ടിയില്ല. അയാള്‍ അവളെ നോക്കിക്കൊണ്ട്‌ തന്നെ വഴിയൊരുക്കി അല്‍പം മാറി നിന്നു. അവള്‍ സാവധാനം താഴേക്കിറങ്ങി. അവള്‍ താഴെ എത്താറായപ്പോള്‍ അയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ചോദിച്ചു.
"ആശാന്‍...." അവള്‍ മുഖമുയര്‍ത്തി അയാളെ ദേഷ്യഭാവത്തില്‍ ഒന്ന് നോക്കി.
മുകളില്‍ നിന്നു താഴേക്കു വരികയായിരുന്ന പദ്മാവതി അയാളെ കണ്ടു അത്ഭുതം കൂറി...
"അയ്യോ...മേനിയത്ത് മാഷോ?" അയാള്‍ മുകളിലേക്ക് നോക്കി ഗൌരവം വിടാതെ പുഞ്ചിരിച്ചു..."ആശാനില്ലേ?"
പദ്മാവതി ദൃതിയില്‍ ഏണിയിറങ്ങി താഴെ വന്നു. നളിനി അപ്പോഴേക്കും വഴിയരികില്‍ കിടന്ന കാളവണ്ടിയുടെ അരുകിലത്തി നിന്നു.
"ആശാന്‍....വായനശാലേല്‍ കാണും....കുറച്ചു നേരായി പോയിട്ട്..." അയാള്‍ എന്തോ ആലോചിച്ചു നിന്ന ശേഷം പദ്മാവതിയെ നോക്കി പതിയെ പുഞ്ചിരിച്ചു റോഡിലേക്കിറങ്ങി.
"പിന്നെ...മാഷന്നുണ്ടാക്കിയ ആ മാതാവിന്‍റെ രൂപം നല്ല ചേലാര്‍ന്നു... അതാ സായിപ്പമ്മാര് വന്നു കൊണ്ട് പോയീല്ലേ?.... എങ്ങട്ടാ മാഷേ അത് കൊണ്ട് പോയീത്.."
"അത്... സി.എം.ഐ. കോണ്ഗ്രഗേഷന്‍ നമ്മുടെ നാട്ടില്‍ സ്ഥാപിക്കാന്‍ വന്ന വിദേശ പാതിരിമാരാണ്...അവരുടെ ഒരു കേന്ദ്രം കൊച്ചീലുണ്ട്. അവിടെ സ്ഥാപിക്കാന്‍ കൊണ്ട് പോയതാ.."
"അപ്പൊ മാഷ്‌ കൊച്ചീല് പോയോ?...അവടെ വല്യ കപ്പലും വിമാനോമോക്കെ ഒണ്ടെന്നു കേട്ടിട്ടൊണ്ട്..മാഷ്‌ കണ്ടെക്കണോ?...ഒന്നും മിണ്ടാതെ അയാള്‍ പദ്മാവതിയെ ഒന്ന് നോക്കി പിന്നെ മുണ്ടിന്‍റെ അറ്റം കയ്യിലെക്കെടുത്ത് കൊണ്ട് തൊട്ടപ്പുറത്ത് നിന്ന നളിനിയെ ഒന്ന് സൂക്ഷിച്ചു നോക്കി വായനശാലയുടെ നേര്‍ക്ക്‌ നടന്നു.

വേലപ്പന്‍ ബീഡിയും പുകച്ചു അപ്പുറത്തെ റേഷന്‍ കടയുടെ തിണ്ണയില്‍ മുറുക്കാനിടിച്ചു കൊണ്ടിരുന്ന നാണുവാശാരിയുടെ അടുത്തിരിപ്പുണ്ടായിരുന്നു. പദ്മാവതി നളിനിയുടെ അടുത്തേക്ക് ചെന്നു. അവളുടെ

ബാഗും സ്വന്തം ബാഗുമെടുത്ത് വണ്ടിയുടെ പിന്നില്‍ വെച്ച്.
"ആശാനിനി എപ്പഴാ വരുന്നേ...അടുത്തായതു കൊണ്ട് മിക്കവാറും പതുക്കെ വരുകയെയുള്ളൂ...എന്നാലും കാളകള്‍ നടന്നങ്ങെത്തുമ്പോഴേക്കും ഒരു മുക്കാമണിക്കൂറെങ്കിലും പിടിക്കും."
നളിനി ഒന്നും മിണ്ടാതെ വായനശാലയുടെ നേര്‍ക്ക്‌ നടന്നു പോകുന്ന മേനിയത്തിനെ നോക്കി നില്‍ക്കുകയായിരുന്നു. അത് കണ്ടിട്ടാവണം പദ്മാവതി പറഞ്ഞു.
"ആള് ഭയങ്കര ദേഷ്യക്കാരനാ...അങ്ങനിങ്ങനൊന്നും മിണ്ടത്തില്ല...വളരെ കുറച്ച്...എപ്പഴ സ്വഭാവം മാറുകേന്നു പറയാന്‍ പറ്റൂല്ലാ...ന്നാലും എന്നോടിതുവരെ ദേഷ്യമൊന്നും കാട്ടീട്ടില്ല... ആശാന്‍റെ വെല്യ കൂട്ടാ..."
"ഓ...അയാളുടെ മുഖത്ത് നോക്കിയാലറിയാം....ഭയങ്കര ജാടക്കാരനാന്നു..ആരാ അയാള്‍." ശരിക്കും ഉള്ളിലയാളോട് ദേഷ്യമുണ്ടോയെന്ന് നളിനിക്ക് മനസ്സിലാവുന്നില്ല എങ്കിലും പദ്മാവതിയുടെ മുന്നില്‍ അവള്‍ ദേഷ്യം അഭിനയിച്ചു.
"ഏയ്‌..ജാഡയൊന്നുമല്ല..ഒരു പ്രത്യേക മനുഷ്യനാ..ഗൌരവക്കാരനാ..സാധാരണ ആണുങ്ങള്‍ പെണ്ണുങ്ങളെ കാണുമ്പോഴേ വള വളാന്ന് വാചകമടിച്ചോണ്ട് വരും....അങ്ങനെയൊന്നും യാതൊരു ദൂഷ്യവുമില്ല... വെല്യ ശില്‍പിയാ... മൂപ്പരുടെ ശില്‍പ്പങ്ങള്‍ക്ക് ജീവനുണ്ടെന്നു തോന്നും...അത്രക്കഴകാ.."
"ശില്‍പിയോ ഇയാളോ?" നളിനി വീണു കിട്ടിയ അവസരം അയാളെ പറ്റി കൂടുതല്‍ അറിയുവാന്‍ ശ്രമിച്ചു.
"അതേന്നെ..ദേ ഇതിന്‍റെ പിന്നിലുള്ള ആ വലിയ ഷെഡില്ലേ അതാ മൂപ്പരുടെ പണിശാല....നെറയെ ശില്‍പ്പങ്ങളാ...ഇന്നാള്... അന്നശ്ശേരിപള്ളി വലിയ പെരുന്നാളിന് പരിപാടിയും കഴിഞ്ഞു പെരുമഴയത്ത് രാത്രി വന്നപ്പോ ബാലചന്ദ്രന്‍ തട്ടിന്‍റെ താക്കോല് എവിടെയോ വച്ച് മറന്നു. മോളിലോട്ട് കേറാന്‍ ഒരു വഴീം ഇല്ല. എന്‍റെടീ മഴെന്നു പറഞ്ഞാ ഇത് പോലോണ്ടോ ഒരു മഴേം ഇടിവെട്ടും.. രാത്രി പന്ത്രണ്ടു മണിയോളമായി അപ്പഴാ...പെറക്കെ പണിശാലേന്നു മഴേടെ ശബ്ദത്തിനിടയിലൂടെ വേറൊരൊച്ച കേള്‍ക്കുന്നേ. കുറച്ച് പേര് വന്ന മിനി ബസ്സില്‍ തന്നെ കിടന്നു നേരം വെളുപ്പിക്കുവാന്‍ തീരുമാനിച്ചു. ആശാനാകെ വെഷമമായി...കാരണം അന്ന് ആശാന്‍ പൊഴക്കകരെയാ താമസം. ആ സമയത്ത് വള്ളക്കാരനെ കിട്ടോ? എവിടെ...തന്നേം അല്ല ഒടുക്കത്തെ മഴയല്ലായോ.. എന്നേം തിരുവട്ടൂരുള്ള രെമയെയും കൂട്ടി ആശാന്‍ ദേ...മാഷിന്‍റെ പണിശാലെലോട്ടു ചെന്നു. അന്നേരം മൂപ്പര് ഒന്നുമറിയാതെ പൂര്‍ണ്ണ ശ്രദ്ധയോടെ ഒരാള്‍പ്പൊക്കത്തിലുള്ള ഒരു തുണിപോലും ഉടുക്കാത്ത ഒരു പെണ്ണിന്‍റെ ശില്‍പം ഒണ്ടാക്കികൊണ്ടിരിക്കുവാ...ഹോ..എന്‍റെ പെണ്ണെ..എന്താ ഒരു ചേല്...ദേ....ഇങ്ങോട്ട് നോക്കിയേ... മൊലയൊക്കെ നല്ല മുഴുത്തു കൂമ്പി..ആലില വയറും..കടഞ്ഞെടുത്ത പോലുള്ള കയ്യും കാലും.. ചുണ്ടൊക്കെ വരച്ചെടുത്ത മാതിരി...കണ്ണുകള്‍ പാതിയടച്ചുള്ള ആ നില്‍പ്പ്...അപാരമായ അംഗവടിവോട് കൂടിയ ഒരു പെണ്ണ്...ഗ്രീക്ക് പുരാണ കഥയിലെ ഏതോ ദേവതയാത്രേ... ന്നാലും നിന്‍റെ അത്ര വരില്ലാട്ടോ...ആ പ്രതിമക്ക് ചന്തം...."
നളിനി പുരികം ചുളുക്കി പദ്മാവതിയെ ഒന്ന് നോക്കി..
"മൂപ്പരുടെ ഭാര്യയെയോ മറ്റോ മനസ്സില്‍ സങ്കല്‍പ്പിച്ചു ഒണ്ടാക്കിയതാവണം... അന്ന് രാത്രി ഞാനും രേമയും അവിടെ കിടന്നുറങ്ങി...മൂപ്പരിരുന്നതിന്‍റെ കുറെ പെറക്കെ ഭിത്തിയോട് ചേര്‍ന്ന് വലിയ ഒരു മരപ്പെട്ടിയുണ്ടായിരുന്നു അതിനു മുകളില്‍ കയറി ഞാന്‍ കിടന്നു. തൊട്ടു താഴെയായി ഒരു വലിയ പ്ലൈവൂഡ് പലകയില്‍ രെമയും കിടന്നു. അവിടെ കിടന്നാല്‍ ആ ശില്‍പ്പത്തെയും മൂപ്പരേയും ശരിക്കും കാണുവാന്‍ പറ്റും...രെമ കിടന്നപ്പഴെ ഉറങ്ങി....എനിക്കുറക്കം വന്നതേയില്ല....പക്ഷെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു. ആശാനും മൂപ്പരും കുറെ നേരം സംസാരിച്ചിരുന്നു...
"മേനിയത്തിനു ബുദ്ധിമുട്ടായി അല്ലെ... ആശാന്‍ ചോദിച്ചു...
"ആയോ എന്ന് ചോദിച്ചാല്‍ ആയി...പക്ഷെ നമുക്ക് വേറെ വഴിയില്ലല്ലോ. പകുതി മാത്രം പണി തീര്‍ന്ന ശില്‍പം ആരെയും കാണിക്കാറില്ല...പിന്നെ നമ്മളെല്ലാം കലാകാരല്ലേ...അത് കൊണ്ട് കുഴപ്പമില്ല....എനിക്കാണ് ഇത് പറ്റിയതെങ്കില്‍ ആശാന്‍ അപ്പോള്‍ താട്ടും പുറത്ത് ഉണ്ടായിരുന്നെങ്കില്‍ ഞാനും ഇത് തന്നെ ചെയ്യ്‌തേനെ" അയാള്‍ ആശാനെ നോക്കി ഹൃദ്യമായി ചിരിച്ചു. അയാളുടെ തുറന്നുള്ള സംസാരം ആശാന് പിടിച്ചു. അദ്ദേഹവും ചിരിച്ചു.
"രാത്രീലും പണിയുമോ?"
"സൃഷ്ടി പരമായ ഒരു തരം ഉണര്‍വ്വ് എനിക്കേറ്റവും കൂടുതലനുഭവപ്പെടുന്നത് രാത്രിയിലാണ്. പിന്നെ പോരാത്തതിന് മഴയും..തണുപ്പും..അതൊക്കെ പോരാഞ്ഞ്..ദാ..മുന്നിലങ്ങനെ നില്‍ക്കുകയല്ലേ പുരുഷനെ എന്നും മോഹിപ്പിക്കുന്ന ഈ സൌന്ദര്യം...ഉറക്കം ഏഴയലത്തുകൂടി വരില്ല..ഗ്രീക്ക് പുരാണ കഥയിലെ ലൈംഗീകതയുടെയും പ്രണയത്തിന്‍റെയും ദേവതയാണിവള്‍. സ്വന്തം രക്തത്തില്‍ പിറന്ന മകന്‍ പോലും മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നു കാമത്തോടെ നോക്കിയിരുന്നു, താമരകള്‍ വിടര്‍ന്നിരുന്ന ഏതോ സരസ്സിലെ പൂര്‍ണ്ണ നഗ്നയായ അമ്മയുടെ നീരാട്ട്...അത്രക്കഴകായിരുന്നു.. അത്ര മോഹിപ്പിക്കുന്ന വശ്യതയായിരുന്നു അവരുടെ ശരീര സൌന്ദര്യത്തിന്‍റെ ദിവ്യാനുപാതത്തിന് .."
കണ്ണടച്ച് കിടന്ന പദ്മാവതിക്ക് ശരീരത്തില്‍ കുളിര് കോരി...
"മേനിയത്ത്...ദൈവത്തിനു പ്രീയപ്പെട്ടവരാണ് ശില്‍പികള്‍..."
അയാള്‍ തിരുത്തി........"കലാകാരന്മാര്‍...".. അത് ശരിവെച്ചതിനു ശേഷം ആശാന്‍ തുടര്‍ന്നു. " ഈ കൈകളിലൂടെ മിത്തിക്കലായ ഈ കഥാപാത്രം പുനര്‍ജജനിക്കുമ്പോ ..എനിക്കുറപ്പുണ്ട്..ഈ ദേവിയുടെ മകന്‍ മാത്രമല്ല...ലോകം മുഴുവനും നിങ്ങളുടെ മുന്നില്‍ മുട്ട് കുത്തി നില്‍ക്കും. കാണാന്‍ കഴിയുന്നുണ്ട് ..പകുതി മാത്രം തീര്‍ന്നിരിക്കുന്ന ഈ ശില്‍പത്തിന്‍റെ ആരും കൊതിക്കുന്ന അംഗലാവണ്യം ഇത്

പൂര്‍ത്തിയായിക്കഴിയുമ്പോള്‍ എത്രത്തോളമുണ്ടാകുമെന്ന്...."
അയാള്‍ ആശാനെ നോക്കി ചെറുതായി പുഞ്ചിരിച്ചു...
"സൃഷ്ടി കര്‍മ്മം നടക്കട്ടെ..നല്ല ക്ഷീണം..ഞാനും എവിടെയെങ്കിലുമൊന്നു ചായട്ടെ..." പിന്നെ സൌകര്യമുള്ള സ്ഥലം നോക്കി ആശാനും കിടന്നു..അയാള്‍ കുറെ നേരം ഇരുട്ടിലേക്ക് നോക്കി നിന്നു..പിന്നെ വന്നു വീണ്ടും പണി തുടങ്ങി..ആ സുന്ദരിയുടെ അടിവയറ്റിനും താഴെ മാര്‍ദ്ധവമേറിയ ഭാഗത്ത് അയാള്‍ മെല്ലെ വിരലുകളോടിച്ചു....പിന്നെ ഉളിയെടുത്ത് വളരെ ശ്രദ്ധയോടെ ശില്‍പസുന്ദരിക്ക് ഒട്ടും വേദനിക്കാതെ അവിടം കൂടുതല്‍ മുഴുപ്പുള്ളതാക്കി മാറ്റി..പദ്മാവതിയുടെ അടിവയറ്റിന്‍റെ എവിടെയോ ഒരു കൊള്ളിയാന്‍ മിന്നിയത് പോലെ... പിന്നീടവളെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പദ്മാവതി ഇതൊക്കെ പറയുമ്പോള്‍ നളിനി അതെല്ലാം കണ്മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

"ആ.........പൂയ്യ് പോകാം....ആശാന്‍ വരണൊണ്ടേയ്യ്" വണ്ടിക്കാരന്‍ വേലപ്പന്‍ വിളിച്ചു പറഞ്ഞു കൊണ്ട് വന്നു..."ദേ കൂട ആ ദേഷ്യക്കാരന്‍ പ്രതിമ ഒണ്ടാക്കണ ആളുമുണ്ട്‌.." കാളകളുടെ മുന്നിലിട്ടിരുന്ന വൈക്കോല്‍ വാരിക്കൂട്ടുന്നതിനിടയില്‍ വേലപ്പന്‍ പറഞ്ഞു.."ന്നാള് വേറ വണ്ടിയൊന്നും കിട്ടാത്തോണ്ട് ഈ വണ്ടീല് ഈ മനുഷ്യന്‍ ഒരു പെണ്ണിന്‍റെ പ്രതിമെനേം കേറ്റിടൌണിലേക്ക് വന്നതാ...കാളക്കറിയോ ...വണ്ടീല് പ്രതിമയാണെന്ന്... പാവം കാള ഒന്നുമറിയാതെ റോഡിലെ ഒരു കുഴിയില്‍ ചാടി...പ്രതിമ ഒന്ന് ചെരിഞ്ഞു...ഹോ...എന്‍റെയമ്മോ...അന്ന് കേട്ട തെറി...ഹോ കാളേട ചെവിക്കല്ല് പൊട്ടിപ്പോയി..."
"ആഹ...കാളയെയാണോ മൂപ്പര് തെറി പറഞ്ഞെ..." പദ്മാവതി ചോദിച്ചു.... എയ്യ് എന്ന തന്നെയാ...പക്ഷെ എനിക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ..കാളകള്‍ക്കറിയാം അത് കൊണ്ട് ഞാ രേക്ഷപ്പെട്ടു....

അദ്ധ്യായം 4

സ്ഥലത്തെ കര പ്രമാണിമാരും പിന്നെ മറ്റു ചില ആളുകളും തോണിയിറങ്ങി വളരെ തിടുക്കത്തില്‍ തെങ്ങിന്‍ത്തോപ്പ് മുറിച്ചു കടന്നു പള്ളിമേട ലക്ഷ്യമാക്കി നടന്നു.
"ഏത് മറ്റവനായാലും കൊള്ളാം. പണി ചെയ്യ്തു കഴിഞ്ഞാല്‍ ബാക്കിയൊള്ള കാശും വാങ്ങി പൊക്കോണം...അല്ലാതെ അവകാശോം പറഞ്ഞോണ്ട് വന്ന ചുമ്മാ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ പറ്റോ?"
"ങ്ങ് ഹ..അതാ ശരി...ജോസേ അയാള് ചോദിച്ച മുഴുവന്‍ പണോം..പിന്നെ ഏതാണ്ട് മുണ്ടോ...ഷര്‍ട്ടോ അങ്ങനെ എന്തൊക്കെയോ സമ്മാനമായിട്ട്‌ കൊടുക്കേം ചെയ്യ്തു..എല്ലാം കഴിഞ്ഞു ഞങ്ങള്‍ അഞ്ചാറുപേര്‍ പണിയൊക്കെ കണ്ടു തിരികെ പോരുമ്പോളാ...പൊക്കംന്താഴത്തെ സേവ്യര്‍ കണ്ടത്...കൊത്തി വച്ചിരിക്കുവാ അവന്‍റെ പേര് തൊട്ടു താഴെ..അതങ്ങനങ്ങ് വിട്ടു കൊടുക്കാന്‍ പറ്റോ? ഒരു ക്രിസ്ത്യാനീടെ പേരാരുന്നേലും വേണ്ടീല്ലാ..ഇതങ്ങനാണോ...വാസുദേവന്‍ ആശാരീന്ന്..."
കൂട്ടത്തിലുള്ള മറ്റൊരാള്‍. "അവനോടു അപ്പ തന്നെ അവടെ വെച്ച് തന്നെ പറഞ്ഞു പേരെടുത്തു മാറ്റണമെന്ന്..പറ്റില്ല അത് കലാകാരന്‍റെ അവകാശമാണെന്ന് അവന്‍. അവകാശോം കുവകാശോം ഒന്ന് പറഞ്ഞു വന്നേക്കരുത്...ചോയിച്ച കായ് കിറു കൃത്യമായിട്ട്‌ തന്നെ പള്ളിക്കമ്മറ്റി തന്നല്ലാ ..എന്നാ പേരും മായിച്ച് അടുത്ത ബോട്ടെക്കേറി സ്ഥലം വിട്ടോളാന്‍ ഞങ്ങ....ദേ അപ്പ അവന് ഭയങ്കര മുഷ്ക്ക്...മായിക്കൂല്ലാന്ന്‍..പിന്ന ഒന്നും രണ്ടും പറഞ്ഞു കശപിശയായി...സേവ്യാറിനെ പാപ്പച്ചന് അറിയാല്ലാ...ദേഷ്യം മൂക്കിന്‍റെ തുമ്പത്താണ് അവട കെടന്ന ഒരു മാട്ടമെടുത്ത് തലക്കിട്ടു ഒരൊറ്റ കീറ്..ആശാരി മറിഞ്ഞു പെയിന്‍റ്റും പാടട്ട മോളില്..."
രണ്ടാമന്‍: "പിന്നെ ഒന്നും പറയണ്ട എല്ലാരും കൂടെ അവനെ തല്ലി ശെരിപ്പെടുത്തി.... അള്‍ത്താരേലിട്ടു തന്നെ...അച്ചന്‍ പിടിച്ചു മാറ്റിയതോണ്ട...അല്ലെ അവന്‍റെ കൈ ഞാന്‍ വെട്ടി മാറ്റിയേനെ..."
വേറൊരാള്‍: "പക്ഷെ...അള്‍ത്താരേലിട്ടു തല്ലിയത് ശരിയായില്ല...ഒന്നുമല്ലേലും അയാളൊണ്ടാക്കിയ അവസാനത്തെ അത്താഴം നല്ല കലക്കനായിട്ടൊണ്ട്...അയാളൊരു കലാകാരനല്ലേ...പേര് വെച്ചാ എന്താ കൊഴപ്പം.."
ജോസ്: "ദേ കണ്ടില്ലേ...കൂട്ടത്തീ തന്നെയൊണ്ട് ഇത് പോലുള്ള ഓരോന്ന്...അയാട പണി കൊള്ളൂല്ലെന്നു ഇവട ആരെങ്കിലും പറഞ്ഞ...അത് കൊണ്ട് ചോയിച്ച പണോം..കൊടുത്തില്ലേ...ഒരു ഹിന്തൂന്‍റെ പേര് അതുംമേല് കൊത്തി വെക്കാന്‍ പറ്റില്ലെന്നെ പറഞോള്ള്...അപ്പ പിന്ന തേങ്ങാ മാങ്ങ..ന്ന് പറയാതെ അത് മാറ്റണം. യെവന്മാരുടെ അമ്പലത്തേല്‍ ഏതേലും നസ്രാണി ഒന്ന് കേറിയാ ഒടനെ പുണ്യാഹം തളിക്കലും പൂജേം മന്ത്രോം ....നുമ്മ അങ്ങനേന്നും ചെയ്യ്തില്ലല്ല...ഹിന്തുവാണെന്നറിഞ്ഞിട്ടും വിളിച്ച് പണിയിപ്പിച്ചില്ലേ..പിന്നെന്താണ്...?
എതിരെ നിന്നും വലക്കാരന്‍ കോരു വരുന്നുണ്ടായിരുന്നു. സംസാരിച്ചു കൊണ്ട് വന്നവരുടെ കൂട്ടത്തിലൊരാള്‍ കോരുവിന്‍റെ അടുത്ത് ചെന്ന് സൊകാര്യമായി.
"ഡാ...കോരു...കരിമീന്‍ കിട്ടാണേല്‍...ചുറ്റുമൊന്നു നോക്കീട്ട്..ഒന്ന് കൂടെ ശബ്ദം താഴ്ത്തി..."എല്‍സീടെ വീട്ടില്‍ നല്ല മുഴുത്തതു നോക്കി കൊടുത്തേക്ക്"
"തര്യനിന്നവിടാണോ..."
"ദേ...ഒരു പാട് ഭാരിച്ച കാര്യമൊന്നും അന്വേഷിക്കണ്ട..അങ്ങ് ചെയ്യ്താ മതി...കാശ് നാളെ കടെലോട്ടു വാ അപ്പ തരാം.."
"ഇതെന്താ...എല്ലാരും കൂടെ..എങ്ങോട്ടാ.."
"പള്ളീലോട്ട്...ലെ..മറ്റേ കാര്യം അച്ചനെക്കണ്ട് ഒന്ന് സ്ട്രോങ്ങ്‌ ആക്കാനാണ്...."
"ങ്ങ...ങ്ങ...അയാള് എലഞ്ഞിക്കല് പോയി ഡോക്റ്ററെ കണ്ടു മരുന്നും വാങ്ങി കരുണന്‍ മാഷേ കാണാന്‍ പോയിട്ടൊണ്ട്‌...എന്തടിയാ അടിച്ചെ...മൂക്കീന്നും വായീന്നും ചെവീന്നൊക്കെ ചോര വന്നില്ലേ..സംഗതി പുലിവാലാകുന്ന മട്ടാ..."
"ങ്ങും..എന്നാലതൊന്നു കാണണം...ഇത് പള്ളിക്കമ്മറ്റീടെ അഭിമാനത്തിന്‍റെ പ്രശ്നമാ.." അത്രയും പറഞ്ഞയാള്‍ കൂടെയുള്ളവരുടെ ഒപ്പമെത്താന്‍ ദൃതിയില്‍ നടന്നു.
കോരു പിന്നീന്ന് വിളിച്ച് ചോദിച്ചു..."അപ്പ നിങ്ങട വീട്ടീ കരിമീന്‍ കൊടുക്കണ്ടേ...എല്‍സീട അവട മാത്രം കൊടുത്ത മതിയാ...." എല്ലാവരും കേള്‍ക്കെ എല്‍സീട പേര് വിളിച്ച് പറഞ്ഞത് തര്യന് നാണക്കേടായി. അയാള്‍ തിരിഞ്ഞു കണ്ണുരുട്ടി കൊരുവിനെ ദഹിപ്പിക്കുന്ന വിധം ഒന്ന് നോക്കി..എന്നിട്ട് ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോള്‍ എല്ലാവര്ക്കും കേള്‍ക്കുവാന്‍ പാകത്തില്‍ പറഞ്ഞു...
"ങ്ങ...അത് പിന്നെ..എത്സീടെ കെട്ട്യോന്‍ വര്‍ഗീസ് കോരൂനെ കണ്ടാ ഒന്ന് പറഞ്ഞേക്കാന്‍ പറഞ്ഞു....ങ്ങ...വീട്ടിലും കൊടുത്തേക്ക് നല്ല മുഴുത്തതു ഒരഞ്ചാറെണ്ണം"
കോരു തോളത്തു ഞാത്തിയിട്ടിരുന്ന വല ഒന്നുകൂടെ വലിച്ചു മുതുകത്തേക്ക്‌ ഇട്ടു കൊണ്ട് ഊറി ചിരിച്ചു...തര്യന്‍റെ ചുറ്റിക്കളി നാട്ടില്‍ പാട്ടാണ്. എല്‍സീട കെട്ട്യോന്‍ കിഴക്കന്‍ മലയില്‍ ഏതോ എസ്റ്റേറ്റ് വാച്ചറാണ്

പള്ളിക്കമ്മറ്റീലെ മുഴുവന്‍ ആള്‍ക്കാരും പള്ളിമേടയിലുണ്ടായിരുന്നു. അച്ചന്‍റെ മുറിക്കു പുറത്തും മുറ്റത്തെ മാവിന്‍ ചുവട്ടിലുമൊക്കെയായി അച്ചനെക്കാത്ത് ആള്‍ക്കാര്‍ നിന്നു. കപ്യാര്‍ വറീത് തോട്ടത്തിലെ പണിക്കാരുമായി എന്തൊക്കെയോ പറഞ്ഞു താഴത്തെ തൊടിയില്‍ നില്‍പ്പുണ്ട്. മേടയിലേക്ക് കയറി വന്ന പാപ്പച്ചനും സംഘവും വറീതിനോട് വിളിച്ച് ചോദിച്ചു.
"വറീതെ അച്ചനെണീറ്റില്ലേ" ഉച്ചയുറക്കം പതിവുള്ളതാ അച്ചന്. അയാള്‍ താഴെ നിന്ന് കൈ കൊണ്ട് ഇല്ലായെന്ന് ആംഗ്യം കാട്ടി. പണിക്കാരെ പറഞ്ഞു വിട്ടു അയാള്‍ മുകളിലേക്ക് കയറി വന്നു.
"ജോസേ..പാപ്പച്ചോ...സംഗതി പ്രശ്നമാകുവേ...കരുണാകരന്‍ മാഷ്‌ ഇടപ്പെട്ടിട്ടുണ്ടെന്നാ ശ്രുതി..." കരുണാകരന്‍ മാഷ്‌ എന്ന് കേട്ടപ്പഴേ പാപ്പച്ചന്‍റെയും കൂട്ടരുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു.
"ഏതവന്‍ ഇടപെട്ടാലും കൊള്ളാം ഇതേ പള്ളിക്കാര്യാ അയാള് പോയി അമ്പലത്തിലെ കാര്യം നോക്കട്ടെ..." പള്ളി മുറ്റത്ത് അവിടേം ഇവിടേം നിന്ന ആളുകളൊക്കെ ശ്രദ്ധിച്ചു തുടങ്ങി. പാപ്പച്ചന്‍ അവിടെ കൂടിയിരുന്നവരെ നോക്കി പറഞ്ഞു. " ആങ്ഹാ..എന്നാ കൊള്ളാലോ...കണ്ണീകണ്ട ഹിന്തുക്കള് പള്ളിക്കാര്യം തീരുമാനിക്കണേ..മറന്നിട്ടില്ല...മണമ്മേലമ്മേട അമ്പലത്തിന്‍റെ മതിലിന്‍റെ കിഴക്കേ അറ്റത്ത്‌ ഒന്ന് മൂത്രമൊഴിച്ചതിനു അവന്മാരെല്ലാം ചേര്‍ന്ന് സിറിളിനെ തല്ലി കയ്യൊടിച്ചത്?...അന്നെവിടാരുന്നു ഈ കരുണാകരന്‍ മാഷ്‌.." അയാള്‍ ചുറ്റും നോക്കി.."ഇങ്ങോട്ട് വരട്ടെ...ചോയിക്കാന്‍...കന്നാടിക്കാട്‌ പാപ്പച്ചനാരാന്നു അയാക്ക് ഞാന്‍ കാണിച്ചുക്കൊടുക്കാം"
ഇത് കേട്ടുക്കൊണ്ടാണ് അച്ചന്‍ മുറിതുറന്ന് പുറത്തേക്ക് വന്നത്...
"എന്താ...പാപ്പച്ച ബഹളം...ഒറങ്ങാനും സമ്മതിക്കെലെ?..ഉം...എന്ത..എല്ലാരും കൂടെ.." വരാന്തയിലും മുറ്റത്തുമൊക്കെ നിന്നവര്‍ അച്ചനെ കണ്ടു ബഹുമാനത്തോടെ നിന്നു. പാപ്പച്ചന്‍ മടക്കിക്കുത്തഴിച്ചു അച്ചന്‍റെ അടുത്തേക്ക് ചെന്നു.
"അല്ല അച്ചോ..നമ്മടെ അള്‍ത്താരെലെ....."
"ങ്ങ..മതി...മതി...അതയാളെ കൊണ്ട് തന്നെ മാറ്റിക്കണം...അത്രയല്ലേ ഉള്ളൂ..അതങ്ങനെ തന്നെ വേണം." അച്ചന്‍ അവരെ പിന്താങ്ങിയത് കണ്ടപ്പോള്‍ പാപ്പച്ചന്‍റെയും മറ്റുള്ളവരുടെയും മുഖത്ത് സന്തോഷം. "പക്ഷെ അത്ര പരസ്യമായിട്ടു അതും അള്‍ത്താരയിലിട്ടു തല്ലിയത്...." അച്ചന്‍ കൈവിരലുകളിട്ടു തിരിച്ചും മറിച്ചും എന്തോ ഗണിച്ചിട്ടു പറഞ്ഞു "പ്രശ്നമായേക്കാം...തല്ലിയത് തന്നെ പ്രശ്നമ..അത് പള്ളിക്കകത്ത്‌ ഒരന്യ മതക്കാരനെ..അതും ഒരു കലാകാരനെ...ഇവടത്തെ ഹിന്ദു വാദികളറിഞാല്‍ ഒരു കലാപം വരെ ഉണ്ടായേക്കാം. അത് കൊണ്ട് സൂത്രത്തില്‍ വേണം കാര്യങ്ങള്‍ നീക്കാന്‍." പട്ടെരിക്കാട് അച്ചന്‍ സഭക്ക് ചേരാത്ത പല പ്രവൃത്തികളും ചെയ്യ്തു കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ്‌. അയാളില്‍ നിന്ന് നല്ലത് പ്രതീക്ഷിക്കാനേ പറ്റില്ല. മാത്രവുമല്ല, കരുണാകരന്‍ മാഷും അച്ചനുമായി നേരത്തെ ഒരുടക്ക് ഉണ്ടായിട്ടുമുണ്ട്‌. വേദോപദേശം പഠിക്കുവാന്‍ വന്ന ചെറിയ പെണ്‍കുട്ടികളോട് അച്ചന്‍ മോശമായി പെരുമാറി. കരുണാകരന്‍ മാഷിന്‍റെ പണിശാലെലെ ക്ലീറ്റസിന്‍റെ പന്ത്രണ്ടു വയസ്സുള്ള മകളാണ് ആദ്യം അച്ഛനെതിരെ പരാതി പറഞ്ഞത്. ലൈംഗീക ചുവയുള്ള ചിത്രങ്ങള്‍ അവളെ കാണിക്കുകയും ശരീരത്ത് വേണ്ടാത്തിടത്തൊക്കെ അച്ചന്‍ തൊടുന്നതിനെ പറ്റിയും കുട്ടി അമ്മയോട് പരാതിപ്പെട്ടിരുന്നു. ക്ലീറ്റസ് അത് കരുണാകരനോട് പറഞ്ഞിരുന്നു. കരുണാകരന്‍ അത് അച്ഛനോട് ചോദിക്കുകയും താക്കീത് കൊടുക്കുകയും ചെയ്യ്തിരുന്നു. അന്ന് തൊട്ടേ അച്ചന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു.

അദ്ധ്യായം 5

മര ഡിപ്പോ.

കരുണാകരന്‍ മാഷും സഹായി ക്ലീറ്റസും മര മില്ലിനോട് ചേര്‍ന്നുള്ള കടവില്‍ തോണിയിറങ്ങി പടവുകള്‍ കയറി മില്ലിലേക്കു നടന്നു. നല്ല കറുകറെ കറുത്ത മണ്ണും വര്‍ഷങ്ങളായി വീഴുന്ന മരപ്പൊടിയും കൂടിച്ചേര്‍ന്ന് നനഞ്ഞു ഉറപ്പില്ലാത്ത ഒരവസ്ഥയില്‍ കിടക്കുന്നു കടവ് മുതല്‍ അങ്ങറ്റം വരെ. കൂറ്റന്‍ മരങ്ങള്‍ കൊണ്ടടുക്കിയിരിക്കുന്നു വിശാലമായ പറമ്പ് മുഴുവന്‍. റോഡുണ്ടെങ്കിലും ഐരാണിമുട്ടത്ത് നിന്ന് ഇവടം വരെ വരുവാന്‍ കുറെ സമയമെടുക്കും. മാഷ്‌ സ്ഥിരമായി മരമെടുക്കാന്‍ വരുന്നത് ചിത്രപ്പുഴ കുറുകെ കടന്നാണ്. അതാകുമ്പോ അരമണിക്കൂര്‍ കൊണ്ടിങ്ങെത്തും. പറ്റിയ മരം കിട്ടിയാല്‍ പാകത്തിന് മുറിച്ച് വലിയ വള്ളം നോക്കി കയറ്റി ഇപ്പുറത്ത് കടവത്തടുപ്പിക്കും. അവിടെ മറ്റു പണിക്കര്‍ കാത്തു നില്‍ക്കും. പണിക്കാരെല്ലാവരും കൂടെ അത് ചുമന്നു കാള വണ്ടിയില്‍ കയറ്റും. പിന്നെ മാഷിന്‍റെ പണിശാല വരെ കാളവണ്ടീല്. വളരെ വലിയ മരങ്ങളാണെങ്കില്‍ ആനയെ കൊണ്ട് പിടിപ്പിച്ചാണ് പണിശാലയില്‍ എത്തിക്കുന്നത്. അന്ന് നാട്ടിലെ കുട്ടികള്‍ മുഴുവന്‍ മാഷ്‌ മരവുമായി വരുന്നതും കാത്ത് കടവത്തുണ്ടാകും. കടവത്ത് പാപ്പാനും ആനയും കാത്ത് നില്‍ക്കും. കടവത്ത് നില്‍ക്കുന്ന വലിയ ചിലാന്തി മരത്തിന്‍റെ പുഴയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ശിഖരത്തില്‍ വലിയ വടം കെട്ടി തടിയുടെ ഒരു വശം ഉയര്‍ത്തി നിര്‍ത്തും. വള്ളം മറിയാതെ നില്‍ക്കാന്‍ വള്ളത്തിന്‍റെ രണ്ടു വശത്തും കഴുക്കോല്‍ നാട്ടി ഉറപ്പിചിട്ടുണ്ടാകും. തടിയുടെ മറുഭാഗത്തുള്ള തുളയില്‍ ചങ്ങല കെട്ടി ആനയെ കൊണ്ട് ഉയര്‍ത്തും. ഈ സമയം വള്ളക്കാരന്‍ തോണി തള്ളി മാറ്റി കടവത്തെ മരക്കുറ്റിയില്‍ കെട്ടും. പിന്നെ സാവധാനം ആന ചങ്ങല വലിച്ചു മരം കരയില്‍ കയറ്റും അപ്പോള്‍ ചിലാന്തിയില്‍ കെട്ടിയിട്ടുള്ള വടം പതുക്കെ പതുക്കെ പണിക്കാര്‍ വിട്ടു കൊടുക്കും. അങ്ങനെ മരം സുരക്ഷിതമായി വെള്ളവും ചളിയും നനയാതെയും പുരളാതെയും കരപറ്റും. ചിലപ്പോഴൊക്കെ ആനയുടെ തടി പിടിത്തം കാണുവാനുള്ള തത്രപ്പാടില്‍ കരയില്‍ നില്‍ക്കുന്ന ചെറു ബാല്യക്കാര്‍ തിക്കും തിരക്കും കൂട്ടി പുഴയില്‍ വീഴാറുമുണ്ട്. ഒരിക്കലും അപകടം ഉണ്ടാകാത്ത ശാന്ത സ്വഭാവമാണ് ചിത്രപുഴയുടേത്. പിന്നെ കുട്ടികളുടെ ആര്‍പ്പുവിളികളോടെ പാപ്പാന്മാരുടെ അകമ്പടിയോടെ ആന തടിയും വലിച്ച് ചന്തത്തിലാടിയാടി മാഷിന്‍റെ പണിശാലയിലേക്ക്.

പടവുകള്‍ കയറി മില്ലിലേക്കു വരുന്ന മാഷിനെ നോക്കി നില്‍ക്കുകയായിരുന്നു സുഗുണന്‍ മാഷ്‌.
"എന്താ കരുണന്‍ മാഷേ...പുതിയ ഉരുപ്പടി തേടിയിറങ്ങിയതാണോ?" സുഗുണന്‍ ചോദിച്ചു. കരുണാകരന്‍ അപ്പോഴാണ്‌ സുഗുണനെ ശ്രദ്ധിച്ചത്.
"ഹല്ലാ..ആരിത്..സുഗുണനോ? താനെന്താ എവിടെ?"
"ഒന്നും പറയണ്ട മാഷേ...ഇക്കാവൂന്‍റെ അച്ഛന്‍ അത്ര വലിയ വീട് ഞങ്ങള്‍ക്ക് എഴുതി തരുമ്പോള്‍ ഇത് പോലൊക്കെ വരുമെന്ന് ആരാ കണ്ടേ.."
"ആഹാ..ഇപ്പൊ അങ്ങേര്‍ക്കായോ പഴി..."
"ഹേ....അതല്ല മാഷേ...പണ്ട് തേക്കിഷ്ടം പോലുള്ളത് കൊണ്ട് വീടിന്‍റെ കഴുക്കോല്‍ തൊട്ട് ചായ്പ്പിന്‍റെ അഴികള്‍ വരെ തേക്കാണ്...പിന്നാമ്പുറത്തെ ഒരു മൊട്ട തെങ്ങ് ദാ ഇന്നലെ ഉച്ച കഴിഞ്ഞപ്പോള്‍ നേരെ മറിഞ്ഞു പെരപ്പുറത്തേക്ക്. ഒരമ്പത് ഓടും അതിനുള്ള കഴുക്കോലും...അതിനുള്ള പണിയുണ്ട്...പിന്നെ കുറച്ചു മേക്കാട്ട്‌ പണീം ഉണ്ടാകും.."
"ഇതൊക്കെ നേരത്തും കാലത്തും ഒക്കെ വെട്ടി താഴത്തിടണ്ടെ സുഗുണാ...ആര്‍ക്കും ഒന്നും പറ്റീല്ലല്ലോ?"
"കൊള്ളാം എന്നാ പിന്നെ ഞാനിങ്ങനെ ഇവട വന്നു നിക്കോ? ഭാഗ്യം പണിക്കാര്‍ അവിടെ തേങ്ങ കൂട്ടിയിട്ടു എണ്ണിക്കൊണ്ട് നില്‍ക്കുവാരുന്നു പൊട്ടിയ ഒടെല്ലാം കൂടി ചടപട ചടപടാന്ന് താഴെ വീണെങ്കിലും ആര്‍ക്കും ഒരു പോറല്‍ പോലും പറ്റിയില്ല.."
"ഉം...നന്നായി...എന്നിട്ട് തനിക്കു മരം കിട്ടിയോ?"
"ദ നമ്മുടെ നാണു പണിക്കന്‍ കൂടെയൊണ്ട്‌..ഞാന്‍ ചുമ്മാ കൂടെ വന്നെന്നേയുള്ളൂ..." കരുണാകരന്‍റെ കൂടെ നില്‍ക്കുന്ന ക്ലീറ്റസ്സിനോട് സുഗുണന്‍ മാഷ്‌ ചോദിച്ചു....."എന്താ..ക്ലീറ്റസെ ആനിയെ കുറച്ചു ദിവസമായി ക്ലാസ്സില്‍ കാണുന്നില്ലല്ലോ? എന്ത്യേ സുഖമില്ലേ..." ക്ലീറ്റസ്സ് നിന്ന് പരുങ്ങി..."അത്....മാഷേ.." അയാള്‍ കരുണാകരനെ നോക്കി എന്ത് പറയണമെന്നറിയാതെ.
സുഗുണന്‍ മാഷ്‌ കരുണാകരനെയും ക്ലീറ്റസിനെയും മാറി മാറി നോക്കി.
"ഹ..എന്താടോ പറ്റിയത്..."
"സുഗുണന്‍ വന്നെ...പറയാം...ക്ലീറ്റസെ നീ പോയി കുമ്പിള്‍ വരിയോടാത്തത് നോക്കി വളവില്ലാത്തത് പന്ത്രണ്ടടി നീളമുള്ള ഒരു മുപ്പത്താറിഞ്ച് വട്ടം തീര്‍ത്ത് കിട്ടുന്ന നാല് തടി നോക്കി വെക്ക്...ഞാന്‍ ദാ...വരുന്നു... ങ്ങ..നാടന്‍ വേണ്ട...." അത്രയും പറഞ്ഞു മാഷ്‌ സുഗുണനെയും വിളിച്ച്.. പടവിറങ്ങി തോണി കെട്ടിയിരിക്കുന്നിടത്തേക്ക് നടന്നു.
"അതെ..സുഗുണാ..ചില പ്രശ്നങ്ങളുണ്ട്..കേള്‍ക്കാന്‍ അത്ര സുഖള്ള കാര്യല്ല...അതോണ്ടാ ക്ലീറ്റസ് താന്‍ ചോദിച്ചപ്പോ നിന്ന് പരുങ്ങിയത്..." സുഗുണന്‍ നെറ്റി ചുളുക്കി മാഷേ നോക്കി.
"ആനി മോള്‍ ഞായറാഴ്ച്ചകളിലും മറ്റും വേദേശം പഠിക്കാന്‍ മറ്റു കുട്ടികളോടൊപ്പം നമ്മുടെ പട്ടേരി ക്കാടചന്‍റെ അടുക്കല്‍ പോകാറുണ്ട്..കുറച്ചു ദിവസായി കുട്ടിക്ക് ആരോടും മിണ്ടാട്ടമില്ല..പുറത്തേക്കിറങ്ങാനും കൂട്ടാക്കണില്ല..ചോദിചിട്ടൊട്ട് മിണ്ടുന്നുമില്ല..കുട്ടീടെ അമ്മ അനുനയത്തില്‍ വിളിച്ച് ചോദിച്ചപ്പഴാ കുട്ടി കരഞ്ഞോണ്ട് കാര്യം പറേണെ...പട്ടേരിക്കാട്ടച്ചന്‍ കുട്ട്യോളെ പള്ളി മേടെല് വിളിച്ച് അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ദേഹത്ത് അവിടേം ഇവിടേം ഒക്കെ തൊടേം ഒക്കെ ചെയ്യണെന്നാ കുട്ടി പറയുന്നത്. രഹസ്യായിട്ട് മറ്റു കുട്ടികളോട് അന്വേഷിച്ചപ്പോള്‍ സംഗതി ശരിയാ..."
"എന്താ...മാഷേ ഈ കേള്‍ക്കണേ ... ഒരു വൈദികന്‍ ഇങ്ങനെയൊക്കെയോ...? സുഗുണന്‍ മാഷ്‌ അന്തം വിട്ടു..
"ചെറു പ്രായല്ലേ മാഷേ...കുട്ടീടെ..അത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടാക്കീല്ലാ..ക്ലീറ്റസ് ഭാര്യേം കൂട്ടി വന്നു കാര്യം പറഞ്ഞപ്പോള്‍ അവരേം കൂട്ടി നേരെ മറ്റു കുട്ടികളുടെ വീട്ടില്‍ ചെന്ന് കാര്യം തിരക്കി. ആദ്യം മടിച്ചെങ്കിലും പിന്നീട് കുട്ടികള്‍ ഉള്ള കാര്യം പറഞ്ഞു. പക്ഷെ മാതാപിതാക്കള്‍ ഇതൊരു പ്രശ്നമാക്കരുതെന്ന് നിബന്ധം പിടിച്ചു. പക്ഷെ എന്നാലും അങ്ങനെ വിട്ടു കളയാന്‍ പറ്റില്ലല്ലോ...ക്ലീറ്റസിനെയും കൂട്ടി അപ്പോള്‍ തന്നെ നേരെ പള്ളിമേടയില്‍ ചെന്ന് പട്ടേരിക്കാടിനോട് കാര്യം ചോദിച്ചു..താക്കീതും കൊടുത്തു."
"ഒന്നങ്ങു പൊട്ടിക്കാരുന്നില്ലേ മാഷേ.."
"ചെയ്യേണ്ടതായിരുന്നു....പിന്നെ പീഡനകഥ മാറി ന്യൂനപക്ഷ വൈദീക പീഡനമായി മാറിയേനെ കേസ്..അതും ഒരു ഹിന്ദു സമുദായത്തില്‍ ജനിച്ചവന്‍ തല്ലിയാല്‍ കാര്യം വഷളാകും...ഏതായാലും പട്ടേരിക്കാടിന് കാര്യം മനസ്സിലായിട്ടുണ്ട്..കുട്ടിയാകെ പേടിചിരിക്കുവാ..ങ്ങ..താനിത് മനസ്സില്‍ വച്ചാല്‍ മതി...വാ..നടക്ക്"

കരുണാകരനും സുഗുണനും പടവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ തോണിക്കാരന്‍ ഐപ്പ് കടവത്ത് നിന്ന് നീട്ടി വിളിച്ചു.
"മാഷേ" രണ്ടു പേരും തിരിഞ്ഞു നോക്കി. വള്ളത്തില്‍ കയ്യില്‍ പ്ലാസ്റ്ററും മുഖത്തും ചെവിയിലുമൊക്കെ വെച്ച് കെട്ടുമായി ഒരാളും വേറെ മൂന്നു പേരും. കരുണാകരന്‍ ഐപ്പിനോട് ചോദിച്ചു.
"തനിക്കെത് മാഷിനെയാ വേണ്ടത്...എന്നെയോ അതോ സുഗുണന്‍ മാഷെയോ..."
"മാഷിനെ തന്നെയാ മാഷേ..ചൌക്ക കടവില്‍ മാഷ്ടെ പണിക്കാരെ കണ്ടപ്പഴേ ഞാനൂഹിച്ചു മാഷ്‌ ഇവട തന്ന കാണൂന്നു..." ഐപ്പ് തുഴ കുത്തിപിടിച്ച്‌ തോണിയിലുണ്ടായിരുന്നവരെ കടവത്തിറക്കുന്നതിനിടയില്‍ പറഞ്ഞു.
"ഉം..കടത്തുക്കൂലി കൂട്ടിക്കിട്ടണ കാര്യാണോ? ...ഗ്രാമ പഞ്ചായത്തും ഉള്‍ നാടന്‍ ജല ഗതാഗത കമ്മിറ്റിക്കാരും കൂടി തീരുമാനിച്ചുറപ്പിച്ച കടത്ത് കൂലി മാത്രമേ ഇപ്പ പഞ്ചായത്തിനു തരുവാന്‍ കഴിയൂ..അത് അന്നും ഞാന്‍ പറഞ്ഞതല്ലേ... ഇനി മന്ത്രിയെ കൊണ്ട് വീണ്ടും ഇതിലിടപ്പെടുത്തുവാന്‍ എനിക്ക് കഴിയില്ല എന്‍റെ പൊന്നൈപ്പെ"
"ഓ എന്‍റെ മാഷേ..." അയാള്‍ തോണി കടവത്തെ കുറ്റിയില്‍ കെട്ടി പടവ് കയറുന്നതിനിടയില്‍ പറഞ്ഞു..."കാര്യം അതൊന്നുമല്ല മാഷേ...ഇവര്‍ക്ക് മാഷേ ഒന്ന് കാണണം.." കടവില്‍ തന്നെ നില്‍ക്കുകയായിരുന്ന മറ്റും നാല് പേരെയും നോക്കി ഐപ്പ് പറഞ്ഞു. കരുണാകരന്‍ മാഷ്‌ അവരെ ഒന്ന് നോക്കി മുകളിലേക്ക് കയറി വരുവാന്‍ ആംഗ്യം കാട്ടി.
ഇതിനിടയില്‍ മില്ലിനകത്ത് നിന്നും നാണ് പണിക്കന്‍ സുഗുണന്‍ മാഷേ വിളിച്ചു. സുഗുണന്‍ കരുണാകരനോട് യാത്ര പറഞ്ഞ് മില്ലിനകത്തേക്ക് പോയി ..
പത്ത് മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന കയ്യില്‍ പ്ലാസ്റ്ററിട്ട ആളുടെ മുഖം അടി കൊണ്ട് വീങ്ങിയിരിപ്പുണ്ടായിരുന്നു..കണ്ണുകളും ചുവന്നു കലങ്ങിയിരുന്നു. മാഷ്‌ അയാളെ സൂക്ഷിച്ചു നോക്കിയ ശേഷം ചോദിച്ചു.
"ഇതെന്താ പറ്റിയെ"
അയാള്‍ സംസാരം തുടങ്ങിക്കിട്ടുവാന്‍ നന്നേ പ്രയാസപെട്ടു.."എന്‍റെ പേര് വാസുദേവന്‍ ഇവടത്തെ പള്ളീടെ അള്‍ത്താരയില്‍ അവസാനത്തെ അത്താഴം കൊത്തിയുണ്ടാക്കിയത് ഞാനാ..."
"അതിന് പട്ടേരിക്കടച്ചന്‍റെ സമ്മാനമാണോ കയ്യിലും മുഖത്തുമൊക്കെ" മാഷ്‌ ചോദിച്ചു. അയാള്‍ ഒന്നും മിണ്ടാതെ തല താഴ്ത്തി.
"എന്താ പേര്.."
"വാസുദേവന്‍...വാസുദേവന്‍ ആശാരി.."
"വാസുദേവന്‍ എന്തിനാ ഇങ്ങനെ തല കുമ്പിട്ടു നില്‍ക്കുന്നെ..." അയാള്‍ തലയുയര്‍ത്തി മാഷേ നോക്കി.."ഈ കൂടെയുള്ളവരൊക്കെ ആരാ...?"
"ഇതമ്മാവനാ...ബാക്കി രണ്ടു പേരും എന്‍റെ കൂടെ പണീല് സഹായിക്കുന്നോരാ..."
"എവട നാട്..."
"ഇറവങ്കരയാ.."
"പോലീസ്സില്‍ പരാതിപ്പെട്ടില്ലേ.."
"ഇല്ല..."
"ഞാനിപ്പോ എന്താ വേണ്ടേ..."
"ഇവടെ ചെല ആള്‍ക്കാര്‍ പറഞ്ഞു..മാഷേ വന്നു കണ്ടിട്ട് എന്തേലും തീരുമാനിച്ചാ മതിയെന്ന്.."
"ഉം...."മാഷ്‌ മെല്ലെ തലയാട്ടി..."ഇവടെ നിക്ക്..ഞാനിപ്പ വരാം." അത്രയും പറഞ്ഞു മാഷ്‌ ദൂരെ ടേപ്പും പിടിച്ചു നില്‍ക്കുന്ന ക്ലീറ്റസിന്‍റെ അടുത്തേക്ക് നടന്നു. മാഷ്‌ ഒരല്‍പം അകലെ എത്തിയപ്പോള്‍ ഐപ്പ് വാസുദേവനോടും കൂടെയുള്ളവരോടും പറഞ്ഞു.
"ഇവടത്തെ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ മാഷേ പോലെ ഇത്ര സജീവമായിട്ട് ഇടപെടുന്ന വേറാരും ഈ സമീപ പ്രദേശങ്ങളില്‍ ഇല്ല. കാര്യം പറയുമ്പോ ഞാനും ഒരു ക്രിസ്ത്യാനിയ...എന്നാലും പള്ളിക്കമ്മിറ്റിക്കാര് ചെയ്യ്തത് തനി പോക്രിത്തരമല്ലേ...നിങ്ങള് ധൈര്യമായിട്ടിരിക്ക് മാഷ്‌ നോക്കിക്കോളും ബാക്കി കാര്യം.."

അദ്ധ്യായം 6

ചൌക്കകടവില്‍ ആനയും ആനക്കാരനും പിന്നെ മാഷിന്‍റെ പണിക്കാരും പതിവ് പോലെ കുട്ടികളും നില്‍പ്പുണ്ടായിരുന്നു. ഇക്കരെ നിന്ന് തന്നെ കാണാമായിരുന്നു. കുട്ടികളുടെ കോലാഹലം. മാഷ്‌ വാസുദേവനും കൂട്ടരും വന്ന വള്ളത്തില്‍ കയറി മുന്നിലും പിന്നില്‍ മണലെടുക്കുന്ന വലിയ വള്ളത്തില്‍ ക്ലീറ്റസും മരത്തടികളും. മാഷ്‌ വള്ളത്തിലിരുന്നു ക്ലീറ്റസിനോട് വിളിച്ചു പറഞ്ഞു.
"ക്ലീറ്റസെ രേണുവിനോട് പറഞ്ഞേക്ക് ഞാന്‍ പട്ടേരിയെ കണ്ടിട്ടേ വരുള്ളൂ എന്ന്.."
ക്ലീറ്റസ് മെല്ലെ തലയാട്ടി.
ചിത്രപ്പുഴയിലൂടെ തെക്കന്‍ കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നു. കൊതുമ്പു വള്ളങ്ങളില്‍ കരയോട് ചേര്‍ന്ന് ആളുകള്‍ വല വീശുന്നുണ്ടായിരുന്നു. ഇടയ്ക്കു പൂഹോയ് വിളികളും കേള്‍ക്കാമായിരുന്നു. പള്ളിമണിയുടെ കനത്ത ശബ്ദം അഞ്ചു തവണ മുഴങ്ങി.

"വാസുദേവ...കാര്യങ്ങള്‍ സത്യം സത്യമായിട്ടു തന്നെ പറയണം. സത്യം പറയുന്നതിന് ഭയക്കേണ്ട കാര്യമില്ല. അതെവിടെയും നിവര്‍ന്നു നിന്ന് പറയണം അതാണ്‌ ആണത്തം."
"മാഷേ. ഒരു കാര്യവുമില്ല...ദാ..ഈ കൈ കണ്ടോ...പള്ളിക്കമ്മിറ്റിക്കാര് അള്‍ത്താരേല് ഞാന്‍ കൊത്തിയുണ്ടാക്കിയ അവസാനത്തെ അത്താഴത്തിന്‍റെ മുന്നിലിട്ട് തല്ലിയൊടിച്ചതാ.. ഒന്ന് തടയാന്‍ പോലും വരാതെ പട്ടെരിക്കാട്ടച്ചന്‍ കല്ല്‌ പോലെ നോക്കി നിന്ന്."
"ഉം...കയ്യൊടിഞെന്നും അത് പള്ളിക്കമ്മിറ്റിക്കാര് തല്ലിയൊടിച്ചതാണെന്നും മനസ്സിലായി...ഇപ്പഴും വാസുദേവന്‍ കാര്യം പറഞ്ഞില്ല."
"മാഷേ..ഒന്നര മാസത്തെ സമയം പറഞ്ഞു പണി തൊടങ്ങീതാ..നമുക്ക് സാധാരണ കിട്ടുന്ന വിലയേക്കാള്‍ കൂടുതല്‍ വില നല്‍കിയാണ്‌ കമ്മിറ്റിയിലെ ഫിലിപ് എന്ന് പേരുള്ള ആള്‍ തേക്കിന്‍ തടി പള്ളിക്ക് കൊടുത്തത്. അത് വളരെ കൂടുതലാണെന്ന് ഞാന്‍ അച്ഛനോട് സൂചിപ്പിച്ചിരുന്നു. അന്നേ അയാക്ക് എന്നോട് നീരസമുണ്ടായിരുന്നു. പറഞ്ഞ സമയത്തിനു മുന്‍പേ ഞാന്‍ പണി തീര്‍ത്തു കമ്മിറ്റിക്കാര്‍ പറഞ്ഞുറപ്പിച്ച പണവും തന്നു പിന്നെ രണ്ടു ഷര്‍ട്ടും ഒരു മുണ്ടും സമ്മാനവും തന്നു. അപ്പഴാണവര്‍ അവസാനത്തെ അത്താഴത്തിന്‍റെ താഴത്തെ ഫ്രെയിമില്‍ എന്‍റെ പേര് കൊത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്. ഉടനെ അത് മാറ്റണമെന്ന് പറഞ്ഞു സേവ്യാര്‍ എന്ന് പേരുള്ള ഒരാള്‍ ബഹളമുണ്ടാക്കി. അത് കലാകാരന്‍റെ അവകാശമാണെന്ന് ഞാന്‍ പറഞ്ഞു നോക്കിയെങ്കിലും വിലപോയില്ല. ഒന്നും രണ്ടും പറഞ്ഞു തര്‍ക്കമായി."
"പട്ടേരിക്കാട് ഒന്നും പറഞ്ഞില്ലേ.."
"തര്‍ക്കം മൂത്തപ്പോള്‍ അച്ചന്‍ എന്‍റെ കയ്യീന്ന് സമ്മാനം എന്നും പറഞ്ഞു തന്ന മുണ്ടും ഷര്‍ട്ടും പണവും തിരികെ വാങ്ങി വെച്ചു. അവനെ കൊണ്ടത്‌ മാറ്റിച്ചിട്ടു വിട്ടാ മതിയെന്നും പറഞ്ഞു പുറത്തേക്ക് പോയി..."
"പിന്നെ ബാക്കി എല്ലാവരും ചേര്‍ന്ന് ഈ പരുവത്തിലാക്കി..അല്ലെ.."
"കൊയിക്കാട്ടെ ഭഗവതീടെ അമ്പലത്തിന്‍റെ മുഖപ്പിന്‍റെ പണി പ്രശ്ന വിധിയാല്‍ വാസുവാണ് നാളെ പുലര്‍ച്ചെ തുടങ്ങേണ്ടിയിരുന്നത്...ആകെ പ്രശ്നമായി..." വാസുദേവന്‍റെ അമ്മാവന്‍ പരിതപിച്ചു. "ഭഗവതി..ഇനി എന്നാണാവോ ഇവന്‍റെ കയ്യൊക്കെ നേരായി പണി തൊടങ്ങാന്‍ പറ്റണെ...അല്ല...ഇനീപ്പോ..അടുത്തെങ്ങാനും അതിനു രാശിയുണ്ടോന്നൊക്കെ നോക്കീട്ടു വേണ്ടേ..."
കരുണാകരന്‍ വാസുദേവന്‍റെ കയ്യിലേക്ക് നോക്കി.
"ഓടിഞ്ഞിട്ടില്ല...പൊട്ടലെയുള്ളൂ...ന്നാലും നല്ല വേദനയൊണ്ട്,.." വാസുദേവന്‍ മാഷേ നോക്കി പറഞ്ഞു.
"മാഷേ ഞങ്ങളെന്നാ തിരിയുവാണെ...."അപ്പുറത്തെ വള്ളത്തീന്നു ക്ലീറ്റസ് മാഷോട് വിളിച്ചു പറഞ്ഞു.
"ങ്ങ...ആയിക്കോട്ടെ ക്ലീറ്റസെ...തടി വെള്ളം തൊടീക്കാതെ കരേ കെറ്റണെ" മാഷ്‌ പറഞ്ഞു.
"ഹ...അത് പിന്നെ പ്രത്യേകം പറയണോ..മാഷേ...അതൊക്കെ പദ്മനാഭനും അവന്‍റെ പാപ്പാനും കൂടി ബന്ഗിയായി നോക്കിക്കോളും..മാഷ്‌ പോയിട്ട് വാ..."
"ങ്ങ..പിന്നെ...ആ പൈതങ്ങളോട് ആനേട തടി പിടിത്തം കാണാന്‍ തിക്കും തിരക്കും കൂട്ടി വെള്ളത്തി വീഴണ്ടാന്നു പറഞ്ഞേക്കണം..."
ക്ലീറ്റസ് മെല്ലെ തലയാട്ടി... അയാളും തടിയുമായി വള്ളം ചൌക്കകടവിലേക്ക് തിരിഞ്ഞു..


പള്ളി മേടയില്‍ ആരെയും പുറത്ത് കാണുവാനില്ലായിരുന്നു . അവിടെയെത്തിയപ്പോള്‍ വാസുദേവന്‍ ഒന്ന് മടിച്ചു കൂടെയുള്ളവരും.മാഷ്‌ മുന്നേ നടന്നു അവരെയും കൂടെ വരുവാന്‍ ക്ഷണിച്ചു. മേടയുടെ പടികള്‍ കയറി മാഷ്‌ വാതിലില്‍ മുട്ടി. ബാക്കി നാല് പേരും മുറ്റത്ത് തന്നെ നിന്നതേയുള്ളൂ. അല്‍പം കഴിഞ്ഞ് കപ്യാര്‍ വറീത് വന്നു വാതില്‍ തുറന്നു. മാഷേ കണ്ടയാളുടെ മുഖം പെട്ടെന്ന് വാടി.
"ങാ മാഷോ...എന്താ മാഷേ.."
"പട്ടേരിക്കാടില്ലേ ഇവിടെ"
"അച്ചനുറക്കമാ വൈകും"
"ങാ...അത് സാരമില്ല വാറീതെ അച്ചനുണരുമല്ലോ ...കാക്കാം...ഉണരുന്നത് വരെ...കുടിക്കാന്‍ സംഭാരമോ വെള്ളമോ എന്തുമാകാം" മാഷ്‌ വളരെ സമാധാനത്തില്‍ പറഞ്ഞു.
"ഓ..അതിനെന്താ മാഷേ...ഇപ്പ കൊണ്ടുവരാം.." വറീത് തിടുക്കത്തില്‍ അകത്തേക്ക് പോയി..
"ഇങ്ങു കേറി വാ ചങ്ങാതി...ഒന്നുമല്ലേലും ഇന്നലെ വരെ ഈ മുറ്റത്ത് നിങ്ങളുണ്ടായിരുന്നതല്ലേ...

വറീത് പുറത്ത് നില്‍ക്കുന്നവരെ തലയെത്തിച്ചൊന്നു നോക്കിയിട്ട് അകത്തേക്ക് കയറി പോയി. വാസുദേവനും അമ്മാവനും കൂടെയുള്ളവരും പടികള്‍ കയറി ഉമ്മറത്തെ തൂണും ചാരി നിന്നു. അവിടെ ടേബിളില്‍ കിടന്ന ഒന്ന് രണ്ട് വചനപ്രഘോഷണ മാഗസീനുകളില്‍ ഒന്നെടുത്ത് കരുണാകരന്‍ വായിച്ചു. അല്പം സമയം കഴിഞ്ഞപ്പോള്‍ വറീത് സംഭാരവുമായി തിരികെയെത്തി.
"ങ്ഹാ.. നന്നായി..ഇത്ര നേരം അറക്ക മില്ലിലായിരുന്നു അപ്പഴ ഇവര് വന്നത്...അപ്പഴേ നല്ല ദാഹമുണ്ടായിരുന്നു...." തിരിഞ്ഞു വാസുദേവനെയും അമ്മാവനെയും കൂടെയുള്ള രണ്ട് പേരെയും വിളിച്ച് അവരോടും സംഭാരം കുടിക്കുവാന്‍ മാഷ്‌ പറഞ്ഞു.
മടിച്ചു മടിച്ച് അവരതെടുത്ത് കുടിച്ചു. മാഷ്‌ സംഭാരം കുടിച്ചതിനു ശേഷം ട്രേയും കയ്യില്‍ പിടിച്ചു നിന്ന വറീതിന്‍റെ അടുത്ത് ചെന്ന് ചോദിച്ചു.

"ആരാ വറീതെ ഈ പോക്ക്രിത്തരം കാണിച്ചത്....""വാസുദേവനെ ചൂണ്ടിക്കാണിച്ചു കൊണ്ട് മാഷ്‌ ചോദിച്ചു.
അയാള്‍ നിന്നു പരുങ്ങി. "അത് പിന്നെ മാഷേ...അറിയാല്ലോ...ഞാന്‍ വെറുമൊരു കപ്യാര് മാത്രമാ....ഓരോന്ന് ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കരുത്.." അയാള്‍ നിസ്സാഹയതയോടെ പറഞ്ഞു.
"ഉം...മാഷൊന്നു നീട്ടി മൂളി"

വറീത് കപ്പുകളുമെടുത്ത് അകത്തേക്ക് പോയി. മാഷ്‌ പുസ്തകവും വായിച്ച് അവടെ കിടന്ന ഒരു കസേരയിലിരുന്നു. ഏകദേശം ഒരരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സേവ്യറും പാപ്പച്ചനും ഫിലിപ്പും കൂടി വളരെ തിടുക്കത്തില്‍ മേടയിലേക്ക് വന്നു കയറി. അപ്രതീക്ഷിതമായി വാസുദേവനെയും കൂടെയുള്ളവരെയും കണ്ടപ്പോള്‍ വന്നവര്‍ ഒന്ന് ഞെട്ടി. പാപ്പച്ചനെയും കൂട്ടരെയും കണ്ടപ്പോള്‍ വാസുദേവന്‍ വല്ലാതെയായി. അകത്തിരിക്കുകയായിരുന്ന കരുണാകരന്‍ മാഷിനെ അവരാരും പെട്ടെന്ന് ശ്രദ്ധിച്ചില്ല. ദേഷ്യം വന്ന പാപ്പച്ചന്‍ മുണ്ടും മടക്കി നേരെ വാസുദേവന്‍റെയടുത്തേക്ക് ചെന്ന്.

"ഫ...പന്ന നായെ... നീ പിന്നേം വന്നോ.."പാപ്പച്ച ആക്രോശിച്ചു.
"ങ്ഹാ..വന്നു..." കരുണാകരന്‍ ചാടിയെഴുന്നേറ്റു കൊണ്ട് പറഞ്ഞു.
തിരിഞ്ഞു നോക്കിയ പാപ്പച്ചന്‍ കണ്ടത് കരുനാകരനെയാണ്. പാപ്പച്ചന്‍ ഒന്ന് വല്ലാതായെങ്കിലും അയാള്‍ മാഷിനു നേരെ തിരിഞ്ഞു.
"ഓ..ഇതാരാ...കളിച്ചു കളിച്ചു ഇപ്പ പള്ളീലോട്ടായോ...കളി...ഇപ്പ ഇറങ്ങിക്കോണം എല്ലാവനും..."
"ഇല്ലേ നീ ഞൊട്ടും വന്നത് പട്ടേരിയെക്കണ്ട് ചിലത് ചോദിക്കാന്‍ തന്നെയാ...ചോദിച്ചിട്ട് തന്നെ പോകും...തടുക്കാന്‍ നീയല്ല...കൂടെയുള്ള കര പ്രമാണിമാര്‍ ആരൊക്കെ വിചാരിച്ചാലും നടക്കില്ല...

ഒച്ചയും ബഹളവും കേട്ട് കൊണ്ടാണ് പട്ടേരിക്കാട്ടച്ചന്‍ അങ്ങോട്ട്‌ ഇറങ്ങി വന്നത്. കരുണാകരനെ കണ്ടപാടെ അച്ചന്‍റെ നല്ല ജീവന്‍ പോയി.
"എന്താ എന്താ ഇവിടെ പ്രശ്നം...."
"ദാ.. ആ നില്‍ക്കുന്ന വാസുദേവന്‍ അവനാണ് പ്രശ്നം...ഏല്‍പ്പിച്ച ജോലി പറഞ്ഞ സമയത്തിനു മുന്‍പേ തീര്‍ത്തതിനു ഉറപ്പിച്ച തുകയും കൊടുക്കാതെ തല്ലി കയ്യോടിച്ചത് ഏന്തിന്‍റെ പേരിലാണെന്ന് നിങ്ങള്‍ പറയണം...."
"ഇവനോടൊക്കെ അച്ചന്‍ മിണ്ടണ്ട....ഇത് ഞങ്ങള് തീര്‍ത്തോളാം.....സേവ്യര്‍ പറഞ്ഞു...എന്നിട്ട് കരുണാകരന് നേരെ തിരിഞ്ഞു.....
"അച്ചന് പറയാന്‍ മനസില്ലെങ്കിലോ...." അയാള്‍ ഉടക്കാന്‍ തന്നെയാണ്.
"അച്ചന്‍ പറയുമെടോ ഇവിടെ ഈ നാട്ടുക്കാരുടെ മുന്നില്‍ മുട്ടില്‍ നിര്‍ത്തി പറയിക്കും..."
"താനാരെടോ...ജില്ല കലക്ട്ടരോ...." പാപ്പച്ചന്‍ മുന്നോട്ടാഞ്ഞു..പെട്ടെന്ന് പട്ടേരി ഇടയില്‍ കയറി തടഞ്ഞു.
"ഇത് പള്ളി മേടയാണ്...അതോര്‍ത്തുകൊണ്ടു വേണം സംസാരിക്കാന്‍...വെറുതെ പ്രശ്നമുണ്ടാക്കരുത്"

"ഓരോ മനുഷ്യന്‍റെയും മനസ്സിലെ പല വിധ തീരുമാനങ്ങളില്‍ ഏറ്റവും മഹത്തരമാണ് ക്ഷമിക്കുക എന്ന തീരുമാനം. ദൈവത്തിനു വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്ക് ദൈവം കൊടുക്കുന്ന ശക്തമായ ഉത്തരവാണ് അന്യരോട് ക്ഷമിക്കുക എന്നത്..അത് ലംഘിക്കുന്നവന്‍ പ്രത്യേകിച്ച് ... ദൈവത്തിന്‍റെ പ്രതിപുരുഷന്മാരെന്ന് എല്ലാവരും കരുതുന്ന തിരുവസ്ത്രമണിഞ്ഞ വൈദികര്‍. ഈ ഇടവകയുടെ ആത്മീയ നേതാവാണ്‌ നിങ്ങള്‍ എന്നിട്ടും ദാ...ഈ പാവം മനുഷ്യനെ ഇടവകയിലെ കുഞ്ഞാടുകളെല്ലാം ചേര്‍ന്ന് തല്ലി ഈ പരുവമാക്കിയപ്പോള്‍ ളോഹയുമിട്ട് ഒരു റെഫറിയെ പോലെ തല്ലിന് കളമൊരുക്കി നോക്കി നിന്നു നിങ്ങള്‍ ...".
"കരുനാകാരോ...ഇത് പള്ളിയാ...ഇത് തീര്‍ത്തും പള്ളീടെ മാത്രം കാര്യമാ.....എല്ലായിടത്തും കേറി വെലസുന്ന പോലെ ഇവടെ കേറി വാചകമടിച്ചാലേ കാര്യം അങ്ങ് മാറും...."
"ങ്ഹാ..അത് കൊള്ളാല്ലോ?...ഒരു കലാകാരനെ തല്ലി ചതച്ചതാണോ...പള്ളീടെ കാര്യം...വേദേശം പഠിക്കുവാന്‍ വരുന്ന ഇത്തിരി പോന്ന പിള്ളാരെ..കേറി..." രോഷം കൊണ്ടടിമുടി വിറക്കുകയായിരുന്നു മാഷ്‌.."എന്നെ കൊണ്ട് കൂടിതല്‍ പറയിക്കല്ലേ പട്ടേരി..."
പട്ടേരിക്കാട്ടച്ചന്‍റെ മുഖം പെട്ടെന്ന് മാറി. അയാള്‍ പാപ്പച്ചനെയും സേവ്യറിനെയും കൂടെ വന്നവരേയും ഒളി കണ്ണിട്ടു നോക്കി.
"ദേ പള്ളിമേടയില്‍ കയറി വാന്നനാവശ്യം പറയുന്നോ..." പട്ടേരി അക്ഷരാര്‍ത്ഥത്തില്‍ വിക്കിപ്പോയി.
"അതേയ് ഇവടെ നിയമങ്ങളും കോടതിയുമൊക്കെയുണ്ട്...അയാള്‍ക്ക്‌ വല്ല പ്രശ്നോം ഉണ്ടെല് കൊണ്ടുപോയി കേസ് കൊടുക്കട്ടെ...അല്ലാതെ വെറുതെ ഇല്ലാകഥകളുമായി വന്നാലുണ്ടല്ലോ...വിശ്വാസികള്‍ കുടുംബത്തോട്ടു കേറി നെരങ്ങും..."

"നിര്‍ത്തെടോ....വിശ്വാസികള്‍ക്ക് കണ്ടവന്‍റെ കുടുംബം കേറി നെരങ്ങലല്ലേ പരിപാടി. ഈ വിശ്വാസികള്‍ തന്നെയാ അന്നെന്നോട് പറഞ്ഞത്....ഇതൊരു പ്രശ്നമാക്കരുതെന്ന്...ദാ പാപ്പച്ചനും സെവ്യറിനും കൂടെ വന്നവര്‍ക്കും കണ്ണിനു കുഴപ്പമൊന്നുമില്ലല്ലോ....കണ്‍കുളിര്‍ക്കെ കണ്ടല്ലോ...വിയര്‍ത്തു വിഷണ്ണനായി നില്‍ക്കുന്ന നിങ്ങട ..ഇടവക വികാരിയെ..."

"ടോ...ഇനിയിവിടെ നിന്ന് കൂടുതല്‍ പ്രസംഗിച്ചാല്‍ ദാ നില്‍ക്കണ അവന കണ്ട...അത് പോലെ തന്നേം പ്ലാസ്ട്ടരിട്ടു നടത്തും"....പപ്പാച്ചന്‍ അലറി.

"പ്ഫ....ചെറ്റേ..നീ കൊറെ ഒണ്ടാക്കും....വീട്ടി പോയി നിന്‍റെ കൊച്ചിനോട് ചോദിക്ക്...അവള് പറഞ്ഞു തരും നിന്‍റെയൊക്കെ ആത്മീയ നേതാവിന്‍റെ കൊണവധികാരം...അല്ലേല്‍ ദേ നിന്‍റെയൊക്കെ മുന്നീ തന്ന നില്‍പ്പുണ്ടല്ലോ....പിടിച്ചു വച്ച് ചോദിക്ക്...കരുണാകരന്‍ പറഞ്ഞത് നിഷേധിക്കാമോ എന്ന് ആത്മീയ നേതാവിനോട്...കരുണാകരന്‍ ഒരിക്കലിവിടെ വന്നതാണ്......ഒരു താക്കീതുമായിട്ടു....അന്ന് കരഞ്ഞു കാലു പിടിച്ചത് കൊണ്ടും...മുല കുടി മറാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ ഈ പ്രായത്തിലെ പേരുദോഷം ഉണ്ടാകരുത് എന്ന് കരുതിയിട്ടും കൂടിയാണ്..അന്ന് ഞാന്‍ മടങ്ങി പോയത്..."

കരുണാകരന്‍ ഇത്ര ശക്തമായി പറയണമെങ്കില്‍ എന്തേലും കാര്യം കാണുമെന്ന് പാപ്പച്ചന് തോന്നി. കാര്യം അയാള്‍ക്ക്‌ കരുണാകരനോട് വിരോധമുണ്ടെങ്കിലും അങ്ങനെ ഇല്ല വചനം പറയുന്ന ആളല്ലെന്ന് പാപ്പച്ചനും അറിയാം. അയാള്‍ സേവ്യറിനെ നോക്കി.

"പട്ടേരീ ...ഇതിനു മാത്രമല്ല... ദൈവത്തിന്‍റെ കല്‍പ്പനകളും ആ മഹാ ക്ഷമാശീലന്‍റെ വിധി വാക്യങ്ങളും പഠിക്കുവാന്‍ തിരു സവിധത്തിലെത്തിയ കുഞ്ഞുങ്ങളെ ദാ..ഈ വെള്ളക്കുപ്പായത്തിനുള്ളില്‍ എത്ര മെരുക്കിയിട്ടും മെരുങ്ങാത്ത വികാരിയുടെ വികാരങ്ങള്‍ ശമിപ്പിക്കാന്‍ കുഞ്ഞുങ്ങളുടെ മേല്‍ കാട്ടിക്കൂട്ടിയ പേക്കൂത്തിനുമടക്കം സകലതിനും നിങ്ങളെ കൊണ്ട് ഉത്തരം പറയിപ്പിക്കും...കുമ്പസാരക്കൂടിന്‍റെ മുന്നിലല്ല...ജനമദ്ധ്യത്തില്‍...കോടതിയില്‍..അഴിച്ചു വെപ്പിക്കും പട്ടേരി തന്‍റെയീ വെള്ളക്കുപ്പായം. എന്നിട്ട് നമ്മളൊന്ന് കാണും...ഇപ്പൊ തന്‍റെ കരണത്ത് എന്‍റെ ഈ കൈ പതിച്ചാല്‍...അത് ന്യൂനപക്ഷ പീഡനമാകും...കാത്തിരുന്നോ...."


തുടരും......

(അടുത്ത അദ്ധ്യായങ്ങളും സൗകര്യം പോലെ വന്നു വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമല്ലോ?. നിങ്ങളുടെ സുഹൃത്തുക്കളോടും മറ്റു ബ്ലോഗ്ഗര്‍മാരോടും എന്‍റെ ബ്ലോഗ്‌ വിസിറ്റ് ചെയ്യുവാന്‍ പറയണം. നന്ദി)