എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

ശില്‍പകല

ലിക്യുട് ഫ്രീഡം ഇന്‍ ദ ഇന്‍റെര്‍പ്രറ്റെഷന്‍ ഓഫ് ക്രിയേറ്റിവ് തോട്ട്സ്

സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നവനാണ് കലാകാരന്‍.... ഞാന്‍ സ്വപ്നങ്ങളില്‍ ജീവിക്കുന്നു... 

വിശ്വാസമാണ് എന്‍റെ മതം. സ്നേഹമാണ് എന്‍റെ മന്ത്രം. മനുഷ്യത്വ സംഹിതിയാണ്  എന്‍റെ വിശുദ്ധ ഗ്രന്ഥം. ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും തുളുമ്പി നില്‍ക്കുന്നത് ആ മഹാ ശില്‍പിയുടെ കൈയടയാളമാണ്. വൃത്തിയുള്ളതു കേടാകുമ്പോഴാണ് വൃത്തികേടാകുന്നത് അങ്ങിനെ നോക്കുമ്പോള്‍ എല്ലാത്തിലും ഒരു വൃത്തിയുണ്ട്. വിരൂപം എന്ന് പറയുമ്പോള്‍ രൂപം വികലമായതാണ്. എങ്കിലും അതിലുമുണ്ട് ഒരു രൂപം. 

എന്‍റെ കുട്ടിക്കാലത്തെ ചുറ്റുപാടുകള്‍, അച്ഛനോടൊപ്പമുള്ള യാത്രകള്‍, ആ യാത്രകളിലെ കാഴ്ചകള്‍ അനുഭവങ്ങളായി മാറി. മിക്കവാറും യാത്രകള്‍ മനോഹരങ്ങളായ ഭൂപ്ര ദേശങ്ങളിലൂടെയായിരുന്നു. അതിലൊന്നാണ് മൂങ്കലാര്‍. തേക്കടിയോടു ചേര്‍ന്ന് കിടക്കുന്ന ഒരു മലമ്പ്രദേശം എന്‍റെ ക്രിയേറ്റീവ് ചിന്തകളുടെ ഉറവിടം എന്ന് വേണമെങ്കില്‍ പറയാവുന്ന സ്ഥലം. 

എന്നിലെ കല  - അതിനു പല തലങ്ങളുണ്ട്, ഓരോന്നിനോടും ഞാനെന്ന കലാകാരന്‍ സംവദിക്കുന്നത് ഓരോ വ്യതസ്തമായ വിനിമയ മാര്‍ഗങ്ങളിലൂടെയാണ്. ശൂന്യതയില്‍ നിന്നാണ് ഓരോ സൃഷ്ടിയും ഉടലെടുക്കുന്നത്. ഒരു ചിന്താശകലം, അതിനെ കലാകാരന്‍ സ്വന്തം മനസാകുന്ന തീചൂളയിലിട്ട് ഉരുക്കി കാച്ചി അഴുക്കുകളെല്ലാം മാറ്റി അതിനു സ്വന്തം മനസ്സില്‍ തന്നെ രൂപവും ഭാവവും നിറവും കൊടുക്കുന്നു. മാത്രമല്ല അതോടൊപ്പം തന്നെ അതിനു കൃത്യമായ അളവ് കണക്കുകളും നിശ്ചയിക്കുന്നു. പിന്നീടതിന് വിഷ്വല്‍ ഇന്‍റെര്‍പ്രറ്റെഷന്‍ നല്‍കുവാന്‍ അതിനു യോജിക്കുന്ന അല്ലെങ്കില്‍ ആ ഭിംഭങ്ങളോട് നീതിപുലര്‍ത്തുവാന്‍ കഴിയുന്ന ഒരു മാര്‍ഗം കണ്ടെത്തുന്നു. പിന്നീടത്‌ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായോ, ആര്‍ദ്ര സംഗീതമായോ, സിനിമയായോ, ശില്‍പമായോ അത് ആസ്വാദകരോട് സംവദിക്കുന്നു. ചിലത് അതിന്‍റെ പ്രമേയം കൊണ്ട് മറ്റുള്ളവരെ ചിന്തിപ്പിക്കുന്നു. മറ്റു ചിലത് നമ്മള്‍ക്ക് പരിചിതമായ പ്രമേയമാണെങ്കിലും അവതരണ - അല്ലെങ്കില്‍ നേരത്തെ പറഞ്ഞ ഇന്‍റെര്‍പ്രട്ടേഷന്‍ ഡെപ്ത് കൊണ്ട് മനസിനെ പുതിയ  ആഴത്തില്‍ സ്പര്‍ശിക്കുന്നു. ആ ഭിംഭങ്ങള്‍ അതാവശ്യപെടുന്ന രീതിയില്‍ നമ്മില്‍ സ്വാധീനം ചൊലുത്തിയാല്‍ ആ സൃഷ്ടിയുടെ ധര്‍മ്മം നിറവേറ്റപ്പെട്ടു എന്ന് പറയാം. എന്നിലെ കലാകാരനെ ഞാന്‍ മനസ്സിലാക്കുന്നത് ഇപ്രകാരമാണ് - ഒരു ത്രെഡ് മനസ്സില്‍ ഉരുത്തിരിഞ്ഞാല്‍ പിന്നെ ഞാന്‍ അസ്വസ്ഥനാണ്. അത് എന്താണെന്ന് എനിക്ക് ഉറപ്പു വരുന്നത് വരെ. അത് എന്താണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ അടുത്ത ഘട്ടം അതിന് രൂപം നിശ്ചയിക്കുക എന്നതാണ്. അത് കഴിഞ്ഞാല്‍ പിന്നെ ഇന്‍റെര്‍പ്രറ്റെഷനാണ്. ഓരോ ത്രെഡുകളും വികസിച്ചു വരുമ്പോള്‍, അല്ലെങ്കില്‍ പൂര്‍ണ്ണ രൂപം കൈവരിക്കുവാനെടുക്കുന്ന കാലഘട്ടം, അത് നിമിഷങ്ങളോ, മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ ആയേക്കാം. കലാകാരന് പോലും ഒരിക്കലും തിരിച്ചറിയുവാന്‍ കഴിയാത്ത ചില മനോവ്യാപാര മേഖലകളിലൂടെ തങ്ങള്‍ കടന്നു പോകാറുണ്ട്. പ്രത്യേകിച്ച് എന്‍റെ കാര്യത്തില്‍ ഇത് നൂറു ശതമാനം ശരിയുമാണ്. ഈ നാളുകളില്‍ ഞാന്‍ വളരെപ്പെട്ടെന്ന് കോപിഷ്ടനാകാറുണ്ട്, പ്രകോപിതനാകാറുണ്ട്. ആ കാലഘട്ടം കഴിഞ്ഞാല്‍ പിന്നെ ഇന്‍റെര്‍പ്രറ്റെഷനാണ്.   ഇവിടെ എനിക്ക് അല്‍പ്പം കൂടി സ്വാതന്ത്ര്യം കിട്ടുന്നു. കാരണം മനസ്സിലുള്ളത് പറയുവാന്‍ എനിക്ക് പല പ്ലാറ്റ്ഫോമുകളുടെ സഹായം തേടാമെന്നുള്ള ലിഖ്യുഡിറ്റി ഓഫ് ഫ്രീഡം ലഭിക്കുന്നു. അക്ഷരങ്ങളിലൂടെയോ, സിനിമയിലൂടെയോ, ശില്പങ്ങളിലൂടെയോ, ആനിമേഷനിലൂടെയോ അങ്ങനെ ഏതു വിനിമയ മാര്‍ഗത്തിലൂടെയോ മനസിലെ ചിന്തകള്‍ക്ക് ബാഹ്യ ലോകവുമായി ബന്ധം സ്ഥാപിക്കുവാന്‍ ഈ ലിക്യുട് ഫ്രീഡം ഇന്‍ ദ ഇന്‍റെര്‍പ്രറ്റെഷന്‍ ഓഫ് ക്രിയേറ്റിവ് തോട്ട്സ് എന്നെ സഹായിക്കുന്നു. 

അത്തരത്തിലുള്ള എന്‍റെ ക്രിയേറ്റീവ് എലമെന്‍റ്സുകളെ ഞാനിവിടെ നിങ്ങളുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ താള് ശില്‍പകലയെക്കുറിച്ചാണ്. എന്‍റെ ഗുരുനാഥന്‍ എന്‍റെ പിതാവായ ശ്രീ. എന്‍. സദാശിവനാണ് എന്നെ ചിന്തകളെ ഭിംഭംങ്ങളാക്കുവാന്‍ പഠിപ്പിച്ചത്. ഓരോ കല്ലിലും ഓരോ ദാരുവിലും ഒളിഞ്ഞിരിക്കുന്ന ചേതോഹരങ്ങളായ ശില്‍പ സൌന്ദര്യത്തെ ദര്‍ശിക്കുവാനും അതിനെ ഇന്‍റെര്‍പ്രറ്റ് ചെയ്യുവാനും പഠിപ്പിച്ചത്. സ്വര്‍ഗത്തിലെവിടെയോ ഇരുന്നു ആ മഹാ സൃഷ്ടാവിനൊപ്പം  സൃഷ്ടി കര്‍മ്മം നടത്തുകയാവും.....സ്വര്‍ഗ കവാടം മനോഹരമാണ്...എന്‍റെ ഗുരുവിന്‍റെ കൈയടയാളം അതിനെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ടാവും..... അതെനിക്ക് കാണുവാന്‍ കഴിയുമോ?....ഭൂമിയിലെ എന്‍റെ പാപങ്ങള്‍ എന്നെ നരകത്തിലേക്കയക്കാതിരുന്നെങ്കില്‍.....


ഹരിയാനയിലെ ചാന്ത്പൂരിലുള്ള എന്‍റെ "ക്യാമ്പ്" എന്ന സ്റ്റുഡിയോ. ഫസ്റ്റ് സ്റ്റുഡിയോ എന്‍റെര്‍ടെയിനര്‍ എന്ന പാരെന്‍റ്റ് കമ്പനിയുടെ കീഴിലായിരുന്നു ക്യാമ്പ്.


സ്ഫിങ്ക്സ് എന്ന ശില്‍പം ഇവിടെ വെച്ചാണ് ഞാന്‍ ഡിസൈന്‍ ചെയ്യ്തത്.നാലരയടി ഉയരമുള്ള ഈ ശില്‍പം എട്ടു മാസത്തോളം പ്രയത്നിച്ചാണ് പണി തീര്‍ത്തത്. ഈജിപ്ഷ്യന്‍ - ഗ്രീക്ക് ആര്‍ട്ടാണ് സ്ഫിങ്ക്സ്. ഗ്രീക്ക് പുരാണങ്ങളില്‍ സ്ഫിങ്ക്സിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. മനുഷ്യ സ്ത്രീയുടെ ശിരസ്സും, സിംഹത്തിന്‍റെ ഉടലും, പരുന്തിന്‍റെ ചിറകുമുള്ള ഒരു വിചിത്ര ജീവിയാണ് സ്ഫിങ്ക്സ്. ഗ്രീക്കിലെ ഏതോ കടലിടുക്കില്‍ വസിച്ചിരുന്ന ഒരു ദുര്‍ദേവതയാണത്രെ സ്ഫിങ്ക്സ്. അത് വഴി കടന്നു പോകുന്ന ഓരോ യാത്രികരോടും സ്ഫിങ്ക്സ് ഒരു ചോദ്യം ഉന്നയിക്കും. അതിന് ശരിയായ ഉത്തരം പറയുന്നയാള്‍ക്ക് അത് വഴി കടന്നു പോകുവാന്‍ അനുവാദം ലഭിക്കും. അല്ലാത്തവരെ സ്ഫിങ്ക്സ് അതിന്‍റെ ശക്തമായ ചിറക് കൊണ്ട് കപ്പലോടെ അടിച്ചു തകര്‍ത്തു കടലില്‍ മുക്കും. ഗ്രീക്ക് പുരാണത്തിലെ എകിട്നയുടെയും തൈഫോനിന്‍റെയും മകളാണ് സ്ഫിങ്ക്സ് എന്ന് പറയപ്പെടുന്നു. ഒടുവില്‍ ഈഡിപസ്സാണ് സ്ഫിങ്ക്സിന്‍റെ ചോദ്യത്തിന് ശരിയുത്തരം കൊടുത്തത്. ചോദ്യം ഇപ്രകാരമായിരുന്നു - പുലര്‍ച്ചെ ഇഴഞ്ഞും മധ്യാഹ്നത്തില്‍ രണ്ടു കാലില്‍ നടന്നും സായാഹ്ന്നത്തില്‍ മൂന്ന് കാലില്‍ നടക്കുകയും ചെയ്യുന്ന ജീവി ഏത്?. ഈഡിപ്പസ് അതിന് മനുഷ്യന്‍ 
എന്നുത്തരം നല്‍കി. ഇതാണ് പുരാണ കഥ.സ്ഫിങ്ക്സിന്‍റെ മാതൃകയിലുള്ള കലാരൂപങ്ങള്‍ പണ്ട് തൊട്ടേ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും പ്രചാരത്തിലുണ്ടായിരുന്നു. സ്ഫിങ്ക്സ് വെസ്സല്‍സ് റോയല്‍ ഒക്കേഷനുകളില്‍ മദ്യം വിളമ്പുവാനും മറ്റും ഉപയോഗിച്ചിരുന്നു. അതിന്‍റെ മറ്റൊരു പതിപ്പാണ്‌ ഈ ശില്‍പം. ഇതിന്  അശോക സ്തംഭത്തിലുള്ള നാല് മുഖങ്ങള്‍ക്കു പകരം മൂന്ന് മുഖങ്ങളാണ് ഉള്ളത്. പുറകു വശം മദ്യക്കുപ്പിയും ഗ്ലാസ്സുകളും വെക്കുവാനുള്ള അറകളായി മാറ്റിയിട്ടുണ്ട്. പിച്ചള പിടി കൊണ്ടുള്ള വാതിലുകള്‍ തുറക്കുമ്പോള്‍ അറകള്‍ക്കുള്ളില്‍ വെളിച്ചം തെളിയും.


സ്ഫിങ്ക്സിന്‍റെ കിരീടത്തിനു മുകളിലുറപ്പിച്ചിരിക്കുന്ന ഗ്ലാസ്‌ പാളി ടെബിളിനു പകരം ഉപയോഗിക്കാം. ടേബിളിനു മുകളില്‍ ഉള്ള ഡൂം ലയിറ്റ് ആവശ്യമുള്ളപ്പോള്‍ തെളിയിക്കാം.


ചില്ല് ടേബിളിനു അടിയില്‍ക്കൂടി വെളിച്ചം പുറത്തേക്ക് വരുവാനുള്ള സംവിധാനവും ശില്‍പത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും താഴെ ബേസില്‍ സൌത്ത് ഇന്ത്യന്‍ ടെംബിള്‍ ആര്‍ട്ടായ വ്യാളിയാണ്. ശീശം എന്ന മരത്തില്‍ തീര്‍ത്ത ഈ ശില്‍പത്തിന് 45  കിലോയോളം ഭാരമുണ്ട്. എളുപ്പത്തില്‍ നീക്കുവാന്‍ ബേസിനടിയില്‍ ചക്രങ്ങള്‍ ഫിക്സ് ചെയ്യ്തിട്ടുണ്ട്. 


അടുത്തതില്‍ ഡല്‍ഹി അളകനന്ദയിലുള്ള ഡോണ്‍ ബോസ്കോ സ്കൂളില്‍ ഞാന്‍ നിര്‍മ്മിച്ച ഡോണ്‍ ബോസ്കൊയുടെ ശില്‍പത്തെക്കുറിച്ച്.

അഭിപ്രായങ്ങളൊന്നുമില്ല: