എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

രൂപ്കുണ്ട് - ദി മിസ്ട്രി ഓഫ് സ്കെലിറ്റന്‍ ലേക്ക്‌ - ഒരു അന്വേഷണം.














രൂപ്കുണ്ട് - ദി മിസ്ട്രി ഓഫ് സ്കെലിറ്റന്‍ ലേക്ക്‌ - ഒരു അന്വേഷണം


രൂപ്കുണ്ട് തടാകം

റീജിയണ്‍: ഗഡ്വാള്‍ & കുമയോണ്‍ ഹിമാലായാസ്
ആള്‍റ്റിറ്റ്യൂദ്: 4650 മി. മാക്സിമം


രൂപ്കുണ്ടിന്‍റെ മാപ്

ടീം: ചിത്രാംഗ് ശ്രീ വാസ്തവ (ടീം ലീഡര്‍), ഞാന്‍, വരുണ്‍, രൂപേഷ്, സൌരഭ് ഷാണ്ടില്യ, ക്ഷിതിഷ്


പുറകില്‍ ഇടത്തെയറ്റം ക്ഷിതിഷ്, ടീം ലീഡര്‍ ചിത്രംഗ് ശ്രീവാസ്തവ, തരുണ്‍ ഗോയല്‍, മുന്നിലെ നിരയില്‍ ഞാന്‍, ശാണ്ടില്യ, ഗൈഡ് ഗണേഷ് ബിസ്റ്റ്.

ടീമിനെ പരിചയപ്പെടാം - ചിത്രാംഗ് ശ്രീ വാസ്തവ
ഹിമാലയം തുടങ്ങി ഉത്തരാഞ്ചല്‍ ഭാഗത്തുള്ള ഒട്ടുമിക്ക ട്രെക്ക് പാതകളും സഞ്ചരിച്ചു കഴിഞ്ഞു. ഏകദേശം 18 ഓളം ട്രെക്കിംഗ് നടത്തിയതിന്‍റെ കരുത്തുമായാണ് ചിത്രാംഗ് ടീം ലീഡര്‍ സ്ഥാനം ഏറ്റെടുത്തത്.

അശോക്‌ സദന്‍: ദുര്‍:ഘടമായ ഹിമാലയന്‍ റേഞ്ചില്‍ എത്ര ബുദ്ധിമുട്ടേറിയ പാതകളിലും വണ്ടിയോടിക്കുവാന്‍ എനിക്ക് കഴിയും. മഞ്ഞിലോ പാറയിലോ അപകടരഹിതമായി വണ്ടിയോടിക്കുന്നതിന്‍റെ ട്രാക്ക് റെക്കോട്‌. ഒപ്പം കേരളത്തിലെയും നോര്‍ത്തിലെയും ട്രെക്ക് പാതകളില്‍ സഞ്ചരിച്ച പരിചയം. വന്യമായ കാടിന്‍റെ എളുപ്പം പിടിതരാത്ത നിഘൂഡ സ്വഭാവം എളുപ്പത്തില്‍ വായിച്ചെടുക്കുവാന്‍ കഴിയുമെന്ന മികവ്. രാജസ്ഥാനിലെ ഒരു മാതിരിപ്പെട്ട എല്ലാ മരുഭൂമികളും താണ്ടിയിട്ടുണ്ട്.


ഹിമാലയന്‍ റേഞ്ചുകളില്‍ സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിച്ചിരുന്ന എന്‍റെ പ്രിയ വാഹനം.

വരുണ്‍: കാഴ്ചക്ക് തടിയനെങ്കിലും ചിത്രംഗിനെ പോലെ ഹിമാലയ സാനുക്കളിലെ മഞ്ഞ് വഴികള്‍ നല്ല പോലെ തിട്ടമാണ്. ഏകദേശം 18 ഓളം ട്രെക്കിംഗ് വരുണും നടത്തിയിട്ടുണ്ട്.

രൂപേഷ് കീപ്പട്ടു: സംഘത്തിലെ രണ്ടാമത്തെ മലയാളി. ഹിമാലയന്‍ എക്സ്പ്രെസ്സ് എന്ന വിളിപ്പേര്. ഏതു വലിയ കയറ്റവും വഴിയുണ്ടെങ്കിലും ഇല്ലെങ്കിലം അനായാസം കയറി പോകുവാനുള്ള മിടുക്ക്. ക്ഷീണം കൂടാതെ കിലോമീറ്ററുകള്‍ നടക്കുവാന്‍ കഴിയ്മെന്നത് പ്ലെസ് പോയിന്‍റ്.

സൌരഭ് ഷാണ്ടില്യ: ഏറ്റവും കൂടുതല്‍ ദൂരം താണ്ടി ബാങ്ങ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ ഞങ്ങളുടെ സംഘത്തില്‍ ചേര്‍ന്ന വ്യക്തി. നല്ല ഒരു ഫോടോഗ്രഫെര്‍ കൂടിയാണ് സൌരഭ്. ട്രെക്കിംഗ് ഒരു ലഹരിയായി കൊണ്ട് നടക്കുന്നയാള്‍.

ക്ഷിതിഷ്: സംഘത്തിലെ മൂന്നാമത്തെ മലയാളി. വിടുവായന്‍. ചെയ്യ്തതിനെക്കാള്‍ ചെയ്യാത്ത കാര്യങ്ങളെപറ്റി പറഞ്ഞു ഫലിപ്പിക്കുന്നത് കൊണ്ട്. അദ്ദേഹത്തെക്കുറിച്ച് ആധികാരികമായി എഴുതുന്നില്ല.

രൂപ്കുണ്ടിന്‍റെ ചരിത്രം: രൂപ്കുണ്ട് നിഘൂടതകളുടെ തടാകം. ലോകത്തിലെ ദുര്‍ഘടമായ ട്രെക്ക് പാത്തുകളില്‍ ഒന്ന്. സമുദ്ര നിരപ്പില്‍ നിന്നും 5029 മീറ്റര്‍ ഉയരത്തില്‍ മഞ്ഞ് മൂടിയ കൊടിമുടികളുടെ മുകളില്‍ ഒട്ടേറെ നിഘൂടതകളും പേറി 600 -ല്‍ അധികം പേരുടെ കൂട്ട മഞ്ഞ് ശ്മാശാനമായ് മാറിയ രൂപ്കുണ്ട് തടാകം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹിമാലയ സാനുക്കളില്‍ അരങ്ങേറിയ ഏതോ ദുരൂഹമായ നാടകത്തിന്‍റെ രംഗവേദി. മനുഷ്യന്‍റെ തലയോട്ടികള്‍ക്കൊപ്പം നൂറ്റാണ്ടുകളായ് യാതൊരു കെടും കൂടാതെ കിടന്ന മനുഷ്യ മാംസവും ഇവിടെയുണ്ട്. ഒപ്പം കുതിരകളുടെ അസ്ഥികൂടവും കണ്ടെടുത്തതായി പറയപ്പെടുന്നു. ശാസ്ത്ര ലോകത്തിനു ഇന്നും ഈ കൂട്ട മരണത്തിനു ഉത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ബണ്‍ ടെസ്റ്റുകള്‍ സൂചിപ്പിക്കുന്നത് തലയില്‍ ശകതിയിലെറ്റ പ്രഹരമാണ് മരണകാരണമെന്ന്.


രൂപ്കുണ്ടില്‍ നിന്നും കണ്ടെടുത്ത 600 വര്‍ഷം പഴക്കമുള്ള തലയോട്ടികള്‍.


എല്ലിന്‍ കഷണങ്ങള്‍


തുടരും....

കൊടും മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ട് മേഘ നെഞ്ചകം കീറി അതിനും മുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന തൃശൂല്‍ എന്ന പര്‍വ്വത പ്രമുഖന്‍റെ ഏറെ അകലെയല്ലാതെയാണ് രൂപ്കുണ്ട് സ്ഥിതി ചെയ്യുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ അസ്ഥി തുളച്ചു കയറുന്ന ഹിമക്കാറ്റാഞ്ഞു വീശുന്ന പ്രവചനാതീതമായ ഒരു പ്രത്യേക കാലാവസ്ഥ വിശേഷമുള്ള സ്ഥലമാണ് രൂപ്കുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 5029 മീറ്റര്‍ മുകളില്‍ 600 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ ഭീകരമായ നരഹത്യ നടന്ന ആ ഹിമ ഭൂമി പൊതുവേ ട്രെക്കെഴ്സ് ഒഴിവാക്കുന്ന പാതയാണ്. കാരണം മറ്റൊന്നല്ല, ജീവന് വല്ലാതെ ഭീഷണിയുയര്‍ത്തുന്ന ചതികളേറെ ഒളിഞ്ഞിരിക്കുന്നു അവിടെ. ഹിമ താപമോ മഞ്ഞു കാറ്റോ അങ്ങനെ എന്തുമാകാം. അല്ലെങ്കില്‍ പൊതുവേ ട്രെക്കെഴ്സിനു തോന്നാറുള്ള 'ഹാലൂസിനേഷന്‍' (ഇല്ലാത്ത ഒന്നിനെ കണ്ടെന്നോ അല്ലെങ്കില്‍ ഏതോ മഹാ വിപത്ത് എവിടെയോ നിന്നോ വരുന്നുവെന്ന വിഭ്രാന്തിയില്‍ നിന്നുളവാകുന്ന ഒരു തരം തോന്നല്‍. കൂടെ ശക്തരായ എത്ര പേരുണ്ടെങ്കിലും ഭയം എന്ന വികാരം നമ്മളെ കീഴ്പെടുത്തുന്ന അവസ്ഥ.) ഇവിടെ ഹാലൂസിനേഷന് കാരണമായി മാറിയത് ചില കേട്ടറിവുകളാണ് 'എതി' എന്ന മഞ്ഞു മനുഷ്യന്‍. മഞ്ഞു മലകളില്‍ പ്രത്യേകിച്ച് ഗദ്വാള്‍-കുമായോണ്‍ മലനിരകളില്‍ പലരും കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന എതി. പിന്നെ ഹിമക്കരടികള്‍. അങ്ങനെ പലതും. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടുള്ള ആ പ്രയാണത്തിന്‍റെ ഭീകരത വാക്കുകളാല്‍ പറഞ്ഞൊപ്പിക്കുക പ്രയാസം. ഹൃദയസ്പന്ദനം നിലച്ചു പോകുന്ന മായകാഴ്ചകള്‍. മഞ്ഞിന്‍റെ കനത്ത പാളികള്‍ കാഴ്ച മറക്കുന്നു എങ്കിലും തെല്ലിട നില്‍ക്കാന്‍ കഴിയില്ലല്ലോ. ഒപ്പം ശക്തിയില്‍ ആഞ്ഞു വീശുന്ന ഹിമ കാറ്റ്. പ്രാണവായു പോലും ദുര്‍ലഭം. കനത്ത മഞ്ഞ് അല്‍പ്പം ശമിക്കുമ്പോള്‍ തൊട്ടുമുന്നില്‍ അതാ ഉയര്‍ന്നു നില്‍ക്കുന്നു മറ്റൊരു കൂറ്റന്‍ ഹിമ ശിഖരം. പിന്നെ തളര്‍ന്ന ശരീരവും മനസ്സും ഉത്തേജിപ്പിച്ച് ഹിമവാന് മുന്നില്‍ അല്‍പനേരം തല കുമ്പിട്ട്‌ വിനയാന്വിതനായ് ഞാന്‍ എനിക്കും പര്‍വ്വത ശ്രേഷ്ടനും മാത്രം മനസ്സിലാകുന്ന ഒരു പ്രത്യേക ആശയകൈമാറ്റത്തിലൂടെ അനുവാദം ചോദിക്കുന്നു. "ഹേ പര്‍വ്വത ശ്രേഷ്ഠ, ഞാന്‍ അറിയുന്നു എത്രയോ ചെറുതായ മനുഷ്യന്‍റെ അഹന്തക്കും മേഘ ഗര്‍ജ്ജനങ്ങളുടെ അഹങ്കാരത്തിനും മേലെ തലയുയര്‍ത്തി നില്‍ക്കുന്ന നിന്നെ വെല്ലുവിളിക്കുക അസാധ്യമെന്ന്. എങ്കിലും ഞാനും ഈ സംഘവും കാട്ടിയ കരുത്തും ധൈര്യവും നീയും ഉയരത്തില്‍ നിന്ന് നോക്കി കണ്ടതല്ലേ? കാതങ്ങളിനിയും താണ്ടേണ്ടതുണ്ട് നിന്‍റെ നെറുകയിലേക്ക് കയറുവാന്‍ അനുവാദം തന്നാലും".


തെല്ലു മൌനത്തിനു ശേഷം കാറ്റൊന്നടങ്ങിയ നേരം മഹാ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നെവിടെനിന്നോ കേള്‍ക്കുമാറായി വന്യമായ ഒരു മുരള്‍ച്ച പോലെ....അത് മാറ്റൊലി കൊണ്ടെന്‍റെ കാതില്‍ തടഞ്ഞു നിന്നു. "സ്വാഗതം...പവിത്രമായ ഈ ഭൂമി മലിനമാക്കാതെ കടന്നു പോവുക...മംഗളങ്ങള്‍ നേരുന്നു..." ഹിമവാന്‍റെ സ്വഗാതം. തൊട്ടടുത്ത നേരം ആഞ്ഞു വീശിയ ഹിമാക്കാറ്റില്‍ മുഖം മറച്ചപ്രത്യക്ഷനാവുകയും ചെയ്യ്തു. പിന്നെ കാണുന്നത് ആ മഹാ മേരുവിന്‍റെ പാദങ്ങള്‍ മാത്രം. ഹിമാവാന്‍റെ കുസൃതി. തന്‍റെ നെറുകയിലേക്ക് കയറുന്നവന്‍റെ ധൈര്യവും, സ്തൈര്യവും, ശാരീരിക ക്ഷമതയും പരീക്ഷിച്ച് തന്‍റെ നെറുകയില്‍ കയറുവാന്‍ അവന്‍ യോഗ്യനാണോ എന്നുറപ്പ് വരുത്തുവാനെന്നവണ്ണം കഠിനമായ പരീക്ഷണങ്ങളാണ് പിന്നെ.

യാത്രാവിവരണം തുടങ്ങുന്നതിനു മുന്‍പ് രൂപ്കുണ്ടിനെ ചുറ്റിപ്പറ്റിയുള്ള ചില കേട്ടറിവുകള്‍...ചരിത്രത്തിലതിന് എത്ര മാത്രം പ്രാധാന്യം ഉണ്ടെന്നറിഞ്ഞു കൂടാ. എങ്കിലും ആ മേഖലകളെ നമുക്ക് രണ്ടായി തരം തിരിക്കാം. ദേവ് പ്രധാന്‍ - ദേവി പ്രധാന്‍. കുമായോണ്‍ പര്‍വ്വത നിരകളെ ഇങ്ങനെ തരം തിരിക്കുവാനാണെളുപ്പം.


കുമായോണ്‍ പര്‍വ്വതനിരകള്‍

(കുമായോണ്‍ ഹിമാലയ പര്‍വ്വത ശിഖരങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. നിബിഡ വനങ്ങളാലും മഞ്ഞുറഞ്ഞ് കിടക്കുന്ന പര്‍വ്വതങ്ങളാലും സമൃദ്ധമായൊരിടം. മനുഷ്യ ഗന്ധമേല്‍ക്കാത്ത കാടുകള്‍ ഘോര മൃഗങ്ങളാല്‍ സമ്പന്നമാണ്. അവിടങ്ങളില്‍ മാത്രം കിട്ടുന്ന ചിലയിനം അപൂര്‍വ്വ മരുന്ന് ചെടികള്‍ മാരകമായ പല അസുഖങ്ങള്‍ക്കും ഫലപ്രദമാണ്. മുപ്പതിലധികം കൊടുമുടികളും, അതില്‍ ചിലത് 5550 മീറ്റര്‍ വരെ ഉയരമുള്ളവ, ഗോരി, ധൌളി, കാളി എന്നിങ്ങനെ ചില നദികളുടെ ഉല്‍ത്ഭവ സ്ഥാനവുമായ കുമായോണ്‍ ഏകദേശം 225 കി. മീ. നീളത്തിലും 65 കി. മീ. വീതിയിലുമാണ് സ്ഥിതി ചെയ്യുന്നത്. കൂര്‍മാജ്ഞല്‍ അഥവാ കൂര്‍മാവതാരത്തിന്‍റെ ദേശം എന്നാണ് പുരാണങ്ങളിലുള്ള പേര്. കൃഷ്ണാവതാരമായ കൂര്‍മവുമായി ബന്ധപ്പെട്ടു കിടക്കുന്നു ഐതീഹ്യം.)

ചരിത്രത്തിലെ ഏതോ മഹാ നിഘൂഡമായ ദൌത്യവുമായി ഏതോ അജ്ഞാതമായ ലക്ഷ്യത്തിലേക്ക് പോയ അഞ്ഞൂറിലധികം വരുന്ന സംഘമാണ് തണുത്തുറഞ്ഞ ആ ഹിമ ഭൂമിയില്‍ കൊല്ലപ്പെട്ടത്. രണ്ടു മീറ്റര്‍ ആഴമുള്ള ഈ രഹസ്യങ്ങളുടെ തടാകത്തിന്‍റെ വശങ്ങള്‍ എപ്പോഴും മഞ്ഞുറഞ്ഞ് കിടക്കും. പില്‍ക്കാലത്ത് നടന്ന പല പരീക്ഷണങ്ങള്‍ക്കും വ്യക്തമായ ഒരുത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ഈ സ്നോ ഗ്രേവ്‌യാടിനെക്കുറിച്ച്. അല്ലെങ്കില്‍ അവിടെ കൊല്ലപ്പെട്ട ആളുകളുടെ യാത്ര ലക്ഷ്യമെതെന്നോ അവര്‍ എവിടെ നിന്നു വന്നുവെന്നോ, എങ്ങനെ കൊല്ലപ്പെട്ടുവെന്നോ ഒന്നും ആര്‍ക്കുമറിയില്ല ചില ഊഹാപോഹങ്ങളാണ് ഉള്ളത്. മറ്റൊരു കേട്ടുകേള്‍വി അവിടെ നിന്നും കണ്ടെടുത്ത മനുഷ്യ അസ്ഥികള്‍ക്ക് പത്തടിയിലധികം ഉയരമുണ്ടെന്നതാണ്. അത് പോലെ കുതിരകളുടെ സ്കെലിട്ടനും സാധാരണ കുതിരകളെക്കാള്‍ വലുപ്പമുള്ളവയെന്നും. ലോകത്തൊരിടത്തും ഇത്ര ഉയരമുള്ള ഒരു ജനവിഭാഖം ഉണ്ടായിരുന്നതായി ചരിത്രത്തില്‍ പറയപ്പെടുന്നില്ല. മറ്റൊന്ന്, ടിബറ്റിലെ യുദ്ധം കഴിഞ്ഞു മടങ്ങി വരികയായിരുന്ന കാശ്മീരിലെ ജെനറല്‍ സോരാവര്‍ സിങ്ങും പടയാളികളും ഹിമാപാതത്തിലകപ്പെട്ടു മരിച്ചതാണെന്നും പറയപ്പെടുന്നു. ഏതായാലും ഒരു പാട് രഹസ്യങ്ങളും പേറി ആ അസ്ഥികൂടങ്ങള്‍ കാലത്തിനോ സയന്‍സിനോ വായിച്ചെടുക്കുവാന്‍ പറ്റാതെ തണുത്തുറഞ്ഞ ആ ഹിമ ഭൂമിയില്‍ അജ്ഞാതമായ ഏതോ ലക്ഷ്യത്തിലേക്ക് പൂര്‍ത്തിയാക്കുവാന്‍ പറ്റാത്ത ഏതോ മിഷന്‍റെ നഷ്ട ദു:ഖവും പേറി ശൂന്യമായ കണ്ണുകളുമായി.....

പ്രേരണ - തയ്യാറെടുപ്പുകള്‍.

എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് ഇന്‍റെര്‍നെറ്റില്‍ കണ്ട, രൂപ്കുണ്ടില്‍ നിന്നും 1924 ല്‍ നന്താ ദേവി ഗെയിം റിസേര്‍വ് - റെയിഞ്ചര്‍ എച്. കെ. മധ്വാള്‍ കണ്ടെടുത്ത തലയോട്ടികളുടെ ചിത്രമാണ്. ശൂന്യമായ ആ തലയോട്ടിയുടെ നേത്രദ്വാരത്തിലേക്ക് നോക്കിയപ്പോള്‍ അജ്ഞാതമായ എന്തോ ഒന്ന് അവക്കെന്നോട് പറയുവാനുള്ളത് പോലെ തോന്നി. എ.ഡി. 850 ല്‍ നടന്നുവെന്ന് അനുമാനിക്കപ്പെടുന്ന ഭീകര നര ഹത്യയുടെ ബാക്കിപത്രമായ ആ അസ്ഥിക്കൂടങ്ങള്‍ എന്നെ എന്തിനോ വേണ്ടി അങ്ങോട്ട്‌ ക്ഷണിക്കുന്ന പോലെ....കടമ്പകളേറെയുണ്ടെന്നറിയാമായിരുന്നിട്ടും അങ്ങോട്ട്‌ പോകുവാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ നടത്തിയ ട്രെക്കുകളില്‍ ഏറ്റവും ദുര്‍ഘടം എന്ന് പറയാവുന്ന ഈ യാത്രക്ക് ആദ്യാനുമതി വേണ്ടത് എന്‍റെ ഭാര്യയുടെതായിരുന്നു. എനിക്കറിയാമായിരുന്നു അവളതിനു സമ്മതം തരുമെന്ന്. ഞങ്ങളൊന്നിച്ചായതിനു ശേഷം നാളിതുവരെ എന്നിലെ കലാകാരനെ, അന്വേഷിയെ, നിരീക്ഷകനെ നിരുല്‍ത്സാഹപ്പെടുത്തുന്ന ഒരു തീരുമാനവും അവളെടുത്തിട്ടില്ല അതിന്‍റെ തിക്തഫലം എത്രയെന്നറിയാമായിരുന്നിട്ടും. അതെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്‍റെ മടക്കവരവിനുള്ള സാധ്യത ചോദ്യരൂപത്തില്‍ രൂപ്കുണ്ടിനോളം വലുപ്പത്തില്‍ ഭീഷണമായി നിന്നപ്പോളും അവളുടെ പെണ്മനസ്സു പതറാതെ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. പിന്നീടങ്ങോട്ട് രൂപ്കുണ്ട് യാത്രക്ക് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുകയെന്നതായിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് തന്നെ വേണ്ടിവന്നു. ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്കില്‍ കാലത്തെ തന്നെ എന്‍റെ പ്രീയപ്പെട്ട സ്കോര്‍പ്പിയോ ഓടിച്ചു പോയി വ്യായാമങ്ങള്‍ ആരംഭിക്കും. ചിലപ്പോള്‍ മയൂര്‍ വിഹാറിലെ ക്ഷിതീഷിന്‍റെ വീടിനു തൊട്ടടുത്തുള്ള പാര്‍ക്കിലും അവനോടൊപ്പം വ്യായാമത്തിലേര്‍പ്പെടും. പിന്നെ രൂപ്കുണ്ട് യാത്രയെപറ്റിയും മറ്റും കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ചു. സാധാരണ ട്രെക്കുകള്‍ക്ക് വേണ്ട സന്നാഹങ്ങള്‍ മതിയാകില്ലായിരുന്നു 5029 മീറ്റര്‍ ഉയരത്തിലുള്ള രൂപ്കുണ്ടെന്ന നിഘൂഡ ഹിമഭൂവിലെത്താന്‍. ഗ്ലൌസ്, ഷൂസ്, മഞ്ഞിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങള്‍, ഗൂഗിള്‍സ്, പാടുകള്‍, മെഡിസിന്‍, ഭക്ഷണം അങ്ങനെ എല്ലാം ഒരുക്കി ഞങ്ങള്‍ ആറു പേര്‍ സന്നദ്ധരായി രൂപ്കുണ്ടിന്‍റെ അതീവ ഗുപ്തമായ മഞ്ഞുറഞ്ഞ രഹസ്യങ്ങളില്‍ എ.ഡി. 850 ല്‍ അരങ്ങേറിയ ദുരന്ത നാടകത്തിന്‍റെ കാരണങ്ങള്‍ മനസ്സുകൊണ്ട് അളക്കുവാന്‍ വേണ്ടി.

തുടരും...

അങ്ങിനെ ആ ദിവസം വന്നെത്തി. 28.Spet.2007. മുന്‍ക്കൂട്ടി നിശ്ചയിച്ച പ്രകാരം എല്ലാവരും നിസാമുദീന്‍ റയില്‍വേ സ്റ്റേഷനില്‍ കൃത്യ സമയത്ത് തന്നെ എത്തിയെങ്കിലും. ഞാനും ക്ഷിതീഷും ഡല്‍ഹിയിലെ റോഡുകളിലെ വൈകുന്നേരത്തെ അഴിയാത്ത കുരുക്കില്‍ പെട്ടു. പോരാത്തതിന് തുള്ളിക്കൊരുകുടം മാതിരി പെയ്യുന്ന മഴയും. പൊതുവേ മഴയെ വല്ലാതെ സ്നേഹിക്കുന്ന ഞാന്‍ മഴയെ കുറച്ചു നേരത്തേക്കെങ്കിലും ദേഷ്യത്തോടെ നോക്കി. സമയവും ഞങ്ങളും തമ്മില്‍ അതി ഭയങ്കര പോരാട്ടം തന്നെ നടന്നു. ഒടുവില്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും നീങ്ങി തുടങ്ങിയ സമയത്ത് ഞങ്ങള്‍ സ്റ്റേഷനില്‍ എത്തുകയും ഒരു വിധത്തത്തില്‍ വണ്ടിയില്‍ കയറി പറ്റുകയും ചെയ്യ്തു. ഡല്‍ഹിയില്‍ നിന്നും ഞങ്ങളുടെ ആദ്യ ലക്‌ഷ്യം കധ്ഗോധാം എന്ന സ്ഥലമായിരുന്നു. റാണികേത് എക്സ്പ്രെസ്സിലായിരുന്നു യാത്ര. ഏകദേശം 350 കി.മി യോളം വരുന്ന യാത്രയായിരുന്നു അത്. പിറ്റേന്ന് വെളുപ്പിന് ആര് മണിക്കാണ് ഞങ്ങള്‍ കധ്ഗോധാം എത്തിയത്. ഇനിയങ്ങോട്ടുള്ള കുറെ നാളുകള്‍ മരണത്തെ മുഖാമുഖം കണ്ടുള്ള യാത്രയാണെന്ന് ഉത്തമ ബോധമുള്ളത് കൊണ്ട് ടീം ലീഡര്‍ ചിത്രാംഗ് രാത്രി യാത്രയിലുടനീളം സ്വീകരിക്കേണ്ട സേഫ്ടി മേശേഴ്സിനെ കുറിച്ച് ഞങ്ങളോട് ഡിസ്ക്കസ് ചെയ്യുകയായിരുന്നു. ടീമിന്‍റെ മൊത്തം യാത്രയുടെ വീഡിയോ കവറേജ് ഞാനാണ് എടുക്കേണ്ടത്. ദുര്‍ഘടമായ വഴികളില്‍ അതെങ്ങനെ ചെയ്യുമെന്ന ആശങ്കയും എനിക്കുണ്ടായിരുന്നു. അത്യാവശ്യം ബാക്കപ്പുള്ള ബാറ്ററി കയ്യില്‍ കരുതിയിരുന്നു പിന്നെ വീഡിയോ ടേപും. അത് കൊണ്ട് വളരെ സൂക്ഷിചായിരുന്നു ക്യാമറയുടെ ഉപയോഗം. സംസാരത്തിനിടയില്‍ ഓരോരുത്തരായി മയങ്ങുവാന്‍ തുടങ്ങി. എല്ലാവരും ഉറങ്ങിയപ്പോഴും എനിക്കുരങ്ങുവാന്‍ കഴിഞ്ഞില്ല. ഇരുട്ടില്‍ തകര്‍ത്തു പെയ്യുന്ന മഴ....പുറം കാഴ്ചകള്‍ ഒന്നും തന്നെയില്ലെങ്കിലും ഞാന്‍ വെറുതെ ജാലക ചില്ലില്‍ വന്നു പതിച്ചു കാറ്റ് പിടിച്ചു വലിഞ്ഞു മാറുന്ന മഴ വെള്ളത്തെ നോക്കി വെറുതെ കിടന്നു.......... ഡല്‍ഹിയിലെ ഫ്ലാറ്റില്‍ മഞ്ജുവിനെ ഒറ്റയ്ക്ക് വിട്ടു വരുവാന്‍ മനസ്സനുവദിച്ചില്ല അത് കൊണ്ട് മഞ്ജുവിന്‍റെ കൂട്ടുകാരി ബംഗാളിയായ ശിബാനിയുടെ വീട്ടിലാക്കിയിട്ടാണ് ഞാന്‍ പോന്നത്. രണ്ടു പേരും യു. കെ യിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയുടെ സൌത്ത് ഏഷ്യ റീജിയണല്‍ ഓഫീസില്‍ മാനേജര്‍മാരാണ്. മാത്രമല്ല ശിബാനിയുടെ വീട് ഒഫീസിന്‍റെ കുറേക്കൂടി അടുത്തുമാണ്. ആദ്യമായാണ്‌ ഞാന്‍ എനിക്കേറെ പ്രീയപെട്ട എന്‍റെ സ്കോര്‍പിയോ ഇല്ലാതെ ഒരു ട്രെക്കിംഗ് നടത്തുന്നത്. അതിനൊരു കാരണവും ഉണ്ടായിരുന്നു. വാണ്‍ എന്ന സ്ഥലത്ത് മൊടോറബിള്‍ റോഡ്‌ അവസാനിക്കും പിന്നെ അവിടുന്നങ്ങോട്ട് നടത്തമാണ്. രൂപ്കുണ്ട് ക്രോസ് ചെയ്യ്ത് അതിനുമപ്പുറം ശില സമുദ്രവും കടന്നു മറ്റൊരു സ്ഥലത്താണ് ഞങ്ങള്‍ എത്തി ചേരുന്നത്. അപ്പോള്‍ എന്‍റെ വണ്ടിയില്‍ വന്നാല്‍ അതിനെ വാണില്‍ നിര്‍ത്തിയിട്ടു പിന്നെ ട്രെക്കിംഗ് കഴിഞ്ഞു വീണ്ടു രണ്ടു ദിവസം വേറെ ജീപ്പില്‍ കയറി വാണില്‍ വരണം അത് കൊണ്ടാണ് ആ പദ്ധതി വേണ്ടെന്നു വെച്ചത്. അങ്ങനെ ഓരോന്നും ആലോചിച്ചു കിടന്നു എപ്പോഴോ ഞാന്‍ നിദ്രയുടെ പീലിതുമ്പില്‍ പറ്റിപിടിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് പുലരുമ്പോള്‍ ഞങ്ങള്‍ ഏകദേശം കധ്ഗോധാം എത്തിയിരുന്നു.

തുടരും.....

സമയം രാവിലെ 6.30. കധ്ഗോധം റെയില്‍വെ സ്റ്റേഷന്‍.

എമര്‍ജെന്‍സി വിന്‍ഡോയുടെ വശത്തായിരുന്നു രൂപേഷ് ഇരുന്നിരുന്നത് അത് കൊണ്ട് വിന്‍ഡോയുടെ കമ്പികള്‍ മുഴുവനും ഉയര്‍ത്തി വെച്ച് ലഗേജ്ജുകള്‍ പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറക്കുവാന്‍ സാധിച്ചു.



മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു ഞാന്‍ മഴ കൊള്ളാതെ എന്‍റെ ബാഗുമെടുത്ത് പുറത്തേക്ക് നടന്നു. ചുവപ്പ് ഷര്‍ട്ടിട്ട ചില കൂലികള്‍ ഞങ്ങളുടെ അടുത്തേക്ക് വന്ന് ടാക്സിയോ മറ്റോ വേണമോയെന്നന്വേ ഷിച്ച് തിരികെ പോയി. ഞങ്ങള്‍ മുന്‍ക്കൂട്ടി ഏര്‍പ്പാടാക്കിയ സുമോ എത്തുവാന്‍ കുറച്ചു നേരമെടുത്തു. ഞാന്‍ വീഡിയോ എടുക്കുവാന്‍ വേണ്ടി ക്യാമറയും എടുത്ത് പ്ലാട്ഫോമിലൂടെ നടന്നു. പഴമ തോന്നുന്ന ഒരു തീവണ്ടി സ്റ്റേഷന്‍.





മുന്നിലെ തൂണിന്‍റെ ചുവട്ടില്‍ നേപാളിയെന്നു തോന്നുന്ന ഒരു കൂലി കയ്യിലിട്ടു എന്തോ തിരുമ്മുന്നു. എന്നെ കണ്ടപ്പോള്‍ പരിചയ ഭാവത്തില്‍ നോക്കി മെല്ലെ ചിരിച്ചു.





തൊട്ടരുകില്‍ നിറയെ രോമമുള്ള ഒരു നായ കിടക്കുന്നു. അതിനുപിന്നില്‍ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ട്രെക്കിങ്ങിനുപയോഗിക്കുന്ന കുറെ വസ്തുക്കളുടെ അരുകില്‍ ഒരു സായ്പ്പ് കിടന്നുറങ്ങുന്നു. കധ്ഗോധാം മുതല്‍ പിന്നീടങ്ങോട്ട് ട്രെക്കുകള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. വിദേശികളും സ്വദേശികളും ഒക്കെ ട്രെക്കിങ്ങിനായി അവിടെ വന്ന് പോകുന്നു. ഒരു ചായ കുടിക്കുവാന്‍ വല്ല വഴിയുമുണ്ടോ എന്ന് നോക്കുമ്പോള്‍ ക്ഷിതീഷും രൂപേഷും ചിത്രാഗും സ്റ്റേഷന് പുറത്തേക്ക് പോകുന്നത് കണ്ടു. നേപ്പാളി കൂലി ഒരു ബീടിയെടുത്ത് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി കയ്യില്‍ വെച്ചു. അയാള്‍ പിന്നെയും ഹൂക്കയെടുത്ത് കയ്യിലിട്ടു തിരുമ്മുന്നതിനിടയില്‍ ചോദിച്ചു..."കാ ജാരെ സാബ്" ഞാന്‍ മറുപടി നല്‍കി.
"അഛാ! വാപേ മോസം ബഹുത് ഖരാബെ സാബ്ജി.....കിന്നി ലോക് ഹേ ആപ് കെ സാത്"

"ഛെ ലോക് ഹേ"... അയാള്‍ തലയാട്ടിയ ശേഷം പറഞ്ഞു..

"രൂപ്കുണ്ട് കെ ബാരെ മേ ഹംനെ ബഹുത് സുന..മഗര്‍ വാപേ കൈസേ ജാ സക്തെ സാബ്......ആപ് ബീഡി പീയോ ജി... സംസാരത്തിനിടയില്‍ അയാള്‍ എന്നെ ഓര്‍മ്മപ്പെടുത്തി വീണ്ടും തുടര്‍ന്ന്. അഭി ഹാം ബൂട ഹോഗയാ... ഞാന്‍ അയാള്‍ തന്ന ബീഡി കത്തിച്ചു പുകച്ചു...ഹോ...കടുകട്ടി...കഞ്ചാവിനു തുല്യമായ എന്തോ ഒന്ന്....അയാള്‍ എന്നെ നോക്കി ചിരിച്ചു.

ദേഖോ...സാബ് യെ ഫിരങ്കി ഭി ട്രെക്ക് കേലിയെ ആയ..വോ അകേല ഹേ മേരെ ക്യാല്‍ സെ...ഫിരങ്കി ലോക് ഐസ ഹേ...പൂര ദുനിയെ വോ അകേലേ ധൂന്ദ് രേതെ"..ഇന്‍ ലോകോം..അവിടെ കിടന്നുറങ്ങുന്ന സായിപ്പിനെ പറ്റിയാണയാള്‍ പറഞ്ഞത്.

അയാളുമായി സംസാരിക്കുന്നതിനിടയില്‍ സ്റ്റേഷന് പുറത്തേക്ക് പോയവര്‍ തിരികെയെത്തി. രൂപേഷ് എന്നെ അങ്ങോട്ട്‌ ചെല്ലുവാന്‍ വിളിച്ചു.

തുടരും...

നേരത്തെ ബുക്ക് ചെയ്യ്തിരുന്ന സുമോ ജീപ്പ് അല്‍പം വൈകിയാണ് സ്റ്റേഷനിലെത്തിയത്. കിട്ടിയ നേരം ഞാന്‍ ക്യാമറയുമെടുത്ത് പരിസരമൊക്കെ ഒന്ന് പകര്‍ത്തുവാന്‍ വേണ്ടി നടന്നു. മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു. കുറെ ബാലന്മാര്‍ ഒരു അലൂമിനിയ പാത്രത്തില്‍ എണ്ണ നിറച്ച് അതില്‍ ഒരു തകിടും മനുഷ്യ രൂപത്തില്‍ വെട്ടിയിട്ട് അതില്‍ നാരങ്ങ പച്ചമുളക് തുടങ്ങിയവ കൊണ്ട് മാലയും ചാര്‍ത്തി "ശനി മഹാരാജ് " എന്നും പറഞ്ഞ് പൈസക്കു വേണ്ടി



നടക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ബന്യ വംശക്കാരനായ മാസം ഒരു ലക്ഷത്തിനു മേല്‍ ശമ്പളം വാങ്ങിക്കുന്ന തരുണ്‍ ഗോയല്‍ ഒരു ബാലനെ പിടിച്ചു നിര്‍ത്തി ചോദിച്ചു .."ഒയെ!! യെ ശനി മഹാരാജ് കോനെ ബായ്...". ശനി മഹാരാജ് എന്ന് പറയുവാനല്ലാതെ അതാരാണെന്നു പറയുവാന്‍ അവനറിയില്ലായിരുന്നു. സംഭവം പന്തിയല്ലെന്ന് കണ്ടു അവന്‍ വേഗം സ്ഥലം വിടാനൊരുങ്ങി. ബന്യകള്‍ പണത്തിന്‍റെ കാര്യത്തില്‍ വളരെ ഉറച്ച നിലപാടുള്ളവരാണ്. തരുണും അങ്ങനെ തന്നെ. പോകാനൊരുങ്ങിയ ബാലനെ പിടിച്ചു നിര്‍ത്തി തൊലി പൊളിച്ചു വിട്ടു. തരുണിനു സന്തോഷം...എന്നിട്ടെന്തോ മഹാ കാര്യം ചെയ്യ്ത പോലെ തെല്ലകലെ നിന്നിരുന്ന എന്നെ നോക്കിയൊരു ചിരി...



തണുപ്പും .... മഴയും.... എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടു കാര്യങ്ങള്‍...അതാസ്വദിച്ച് മെല്ലെ നടന്നു...അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകുവാനുള്ള വണ്ടി സ്റ്റെഷനിലേക്ക് എന്നെ കടന്നു പോയി. ഡല്‍ഹിയില്‍ വെച്ച് എനിക്ക് പരിചയമുള്ള ഡ്രൈവര്‍ ആയിരുന്നു അത്. ക്ഷീതിശായിരുന്നു ട്രാന്‍സ്പോര്‍ട്ടേഷന്‍ ചുമതല. ഇയാളാണ് കത്ഗോധാമില്‍ നിന്നും ഞങ്ങളുടെ ഡ്രൈവര്‍ എന്നൊന്നും അവന്‍ എന്നോട് പറഞ്ഞിരുന്നില്ല...അത് കൊണ്ട് തന്നെ അയാള്‍ വണ്ടിയുമായി പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി...ഇയാളെങ്ങിനെ കത്ഗോധം എത്തിയെന്ന് വിചാരിച്ച്. അയാള്‍ ഡല്‍ഹി വിട്ടിപ്പോള്‍ ഇവിടെയാണ്‌ ഓട്ടം.

കത്ഗോധാമില്‍ നിന്നും ചെറുതായി ഭക്ഷണം കഴിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി...ഞാന്‍ ക്യാമറമാനായത് കാരണം എപ്പോഴും ഒരു കംഫര്‍ടബിള്‍ സീറ്റ് കിട്ടും യാത്രയില്‍. ഗൊവാല്‍ധാമായിരുന്നു അടുത്ത ലക്‌ഷ്യം. വഴിയില്‍ പലയിടത്തും മണ്ണിടിച്ചിലും മഴയും മൂലം യാത്ര പലയിടത്തും തടസ്സപ്പെട്ടു. ഈ യാത്രയുടെ ഒരു രസവും ഇത് പോലുള്ള അണ്ഫോര്‍സീനായ തടസ്സങ്ങള്‍ തന്നെയാണ്. അതിനെ എങ്ങിനെ തരണം ചെയ്യാം എന്ന ചിന്തയാണ് എന്നെ ഇപ്പോഴും ആവേശം കൊള്ളിക്കാറുള്ളത്. ഉദ്ദേശിച്ചതിലും ഒത്തിരി വൈകിയാണ് ഗൊവല്‍ധാമിലെത്തിയത്. കുത്തി നിറച്ച ഇരുട്ടിലൂടെ മലമടക്കുകളിലൂടെ ആടിയും കുലുങ്ങിയും ഏറെ പ്രയാസപ്പെട്ടാണ് ലക്ഷ്യത്തിലെത്തിയത്. മലമുകളില്‍ നിന്നും കനത്ത മഴയത്ത് ഒരു വലിയ പാറ വന്നു വണ്ടിക്കു മുകളില്‍ വീണാല്‍ എല്ലാം തീര്‍ന്നു. ആ ഭയം ഉള്ളിലുണ്ടെങ്കിലും എവിടെ നിന്നോ ഒരു ധൈര്യം...അത് ധൈര്യമാണോ എന്ന് ഇപ്പോഴും തീര്‍ത്ത് പറയുവാന്‍ കഴിയുന്നില്ല....

ഗൊവല്‍ധാമില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു ഹോട്ടലിലായിരുന്നു ഭക്ഷണം.
അവിടെ വൈദ്യുതി ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കുകളായിരുന്നു പിന്നെ അതിന്‍റെ പുകയും.



മദ്യവും വിളമ്പിയിരുന്നു. ചില ഗ്രാമ വാസികള്‍ അടിച്ചു കോണ്‍ തിരിഞ്ഞു നക്ഷത്രമെണ്ണി അവിടവിടെ ബീഡിയും വലിചിരിപ്പുണ്ടായിരുന്നു. ആ ഗ്രാമത്തിലാകെ ആയിരത്തില്‍ താഴെ ആളുകളെ ഉള്ളൂ. ഞാന്‍ അകത്തു കയറി ക്യാമറ ചലിപ്പിച്ചു തുടങ്ങിയതും ഒരുത്തന്‍ കുടിച്ചു ലക്ക് കേട്ട് കസേരയും മറിച്ച് ദേ കിടക്കുന്നു ധരണിയില്‍.... അവിടത്തെ ഭക്ഷണം...ആഹാ...പറയാതെ വയ്യ....അപാരമായ സ്വാദായിരുന്നു....ചപ്പാത്തിയും കോഴിക്കറിയും...

അവിടെ അടുത്ത് തന്നെയായിരുന്നു ഞങ്ങളുടെ താമസ സ്ഥലം. സമയം രാത്രി പന്ത്രണ്ടരയോടടുത്തിരുന്നു. ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി... ഇരുട്ടിനും ചീവീടുകളുടെ സ്വരത്തിനും ഒക്കെ അപ്പുറത്ത് അകലെ നീല വെട്ടത്തിന്‍റെ ഒരു നേര്‍ രേഖയില്‍ പര്‍വതങ്ങള്‍ കാണാം.... ഞാന്‍ മൊബൈലെടുത്ത് മഞ്ജുവിനെ വിളിച്ചു...ഇവിടെ തണുത്തു വിറച്ചു ഇരുട്ടില്‍ മുങ്ങി മൂടി നില്‍ക്കുന്ന മനുഷ്യനും മൃഗങ്ങളും ഒക്കെ ഉറങ്ങിയ ഈ നാട്ടില്‍ നിന്നും ഒക്കെ അകലെ ഡല്‍ഹിയുടെ ചടുലതയില്‍ നിന്ന് ഒട്ടും ഉറക്കച്ചടവില്ലാതെ മഞ്ജു ഫോണെടുത്തു.... ആഹ! മലകയറ്റക്കാരന്‍ ഇതുവരെ ഉറങ്ങിയില്ലേ? എന്നായിരുന്നു ആദ്യ ചോദ്യം..പിന്നെ പതിവ് പോലെ ഓഫീസ് വിശേഷങ്ങള്‍....ശിബാനി അങ്ങനെ പറഞ്ഞു....ഗോവിന്ദ് ഇങ്ങനെ പറഞ്ഞു.....അപ്പൊ സോണിയ ഇങ്ങനെ പറഞ്ഞു...എന്നൊക്കെ... ചുമ്മാ മൂളി കൊടുത്താല്‍ മതി...അവള്‍ക്കു സന്തോഷം... "അച്ചു ഭക്ഷണം കഴിച്ചോ? ഇനി നാളെയെങ്ങോട്ടാ...സൂക്ഷിക്കണേ അച്ചു.." അങ്ങനെ ചില ഉപദേശങ്ങളും.

പിറ്റേന്ന് വീണ്ടും മനോഹരമായ പ്രഭാതം. സാധനങ്ങളെല്ലാം വണ്ടിയില്‍ കയറ്റി കൂടുതല്‍ ഉയരങ്ങളിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. പതിവ് പോലെ ലാന്‍ഡ് സ്ലയിടുകളും മഴയുമൊക്കെയായി ഞങ്ങള്‍......ഒരു സ്ഥലത്ത് മണിക്കൂറുകള്‍ തന്നെ കുടുങ്ങിപ്പോയി.



പക്ഷെ ഘോനി എന്ന സ്ഥലത്ത് ഞങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയി. മൊബയിലുകളൊന്നിലും റെയിഞ്ചില്ല.... ഒരു പടുക്കൂറ്റന്‍ പറയും പിന്നെ കുറെ മണ്ണും ഇടിഞ്ഞു റോഡില്‍ കിടക്കുന്നു..അവിടെ നില്‍ക്കുന്നതും അപകടമാണ്. കാരണം വലതു വശത്ത് അഗാധമായ കൊക്കയും ഇടതു വശത്ത് സ്ലയിടിംഗ് റോക്സ് ഉള്ള മലയും. ഒരു വണ്ടിയുടെ എഞ്ചിന്‍ മുരള്‍ച്ചയോ ഹോണിന്‍റെ പ്രതിദ്വനിയോ ധാരാളം മതി പാറകള്‍ ഇളകാന്‍. ഞങ്ങളവിടെ നില്‍ക്കുമ്പോഴും തലയുടെ അത്ര വലുപ്പമുള്ള പാറകഷണങ്ങള്‍ താഴേക്കു വീഴുന്നുണ്ടായിരുന്നു.



വിവേഴ്സ് എടുക്കുവാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥ. ഒരു വിധം റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഒരു വലിയ പാറയുടെ അടിയില്‍ വണ്ടി പാര്‍ക്ക് ചെയ്യ്തു. അതും സുരക്ഷിതമല്ല എന്ന് കണ്ടപ്പോള്‍ കുറെയധികം പുറകോട്ടു വന്നു കൊക്കയോട് ചേര്‍ത്ത് വണ്ടി പാര്‍ക്ക് ചെയ്യ്തു.



ഇനി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഏതെങ്കിലും ഗ്രാമത്തില്‍ നിന്നും അപ്പുറത്തെ വശത്ത് വല്ല വണ്ടിയും വരുന്നതുവരെ കാത്തിരിക്കണം. മൂന്ന് നാല് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ജീപ്പ് നിറയെ ആള്‍ക്കാരും സാധനങ്ങളുമായി അപ്പുറത്ത് വന്നു നിന്നു. രണ്ടു വണ്ടികളിലുള്ളവര്‍ക്കും ഒറ്റ വഴിയെയുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വണ്ടി മറ്റേ വാഹനത്തിലെ യാത്രക്കാരുമായി തിരിച്ചു ഗൊവാല്‍ധാമിലേക്ക് പോവുക പകരം ഞങ്ങള്‍ അപ്പുറത്ത് നിന്നും വന്ന ജീപ്പില്‍ കയറി മുന്നോട്ടു പോവുക....പക്ഷെ അതൊരു സുമോ പോലെ അടച്ചുപ്പൂട്ടുള്ള വാഹനമായിരുന്നില്ല. മഹീന്ദ്രയുടെ ഒരു ജീപായിരുന്നു....



തുടരും...

അത്യധികം സാഹസികമായ ഓഫ് റോഡ്‌ യാത്രയായിരുന്നു അത്.  ഗോവാല്‍ധാമില്‍ നിന്ന് ഞങ്ങളുടെ കൂടെ കൂടിയ മൂന്ന് ഷെര്‍പ്പകളും കൂടിയായപ്പോള്‍ വണ്ടിക്കകത്ത് ആകെ ഞെരുക്കമായി. ഞാനും ഷെര്‍പ്പകളും വണ്ടിക്ക് മുകളിലായി പിന്നീടുള്ള യാത്ര. ഉച്ചയോടെ ഞങ്ങള്‍ ഒരു വിധത്തില്‍ ലോഹര്‍ഗഞ്ച് എത്തി. അത്യാവശ്യം ചില കടകളും പിന്നെ മനോഹരമായ ചെറിയ ഒരു റിസോര്‍ട്ടും അവിടെ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ഒരു ചെറിയ കുന്നിന്‍റെ മുകളില്‍ ഒരു പെണ്‍കുട്ടിയും യുവാവും കൈകോര്‍ത്ത് നടക്കുനത് എന്‍റെ ദൃഷ്ടിയില്‍ പെട്ടു. ഞാന്‍ അവരുടെ അടുത്തേക്ക്‌ നടന്നു.




സുന്ദരിയായിരുന്നു മനാല്‍ എന്ന് പേരുള്ള ആ ഗദ്വാളി പെണ്‍കുട്ടി. അവളുടെ അമ്മാവനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. പട്ടാളത്തില്‍ സുബെദാറായിരുന്നു ആ യുവാവ്. ലീവിന് വന്നപ്പോള്‍ അനന്തിരവളെയും കൂട്ടി ഊര് ചുറ്റാനിറങ്ങിയാതാണവന്‍. അല്‍പ നേരം അവരോടു സംസാരിച്ചിരുന്നു. പിന്നെ ഞാന്‍ സംഘത്തോടൊപ്പം ചേര്‍ന്നു. അപ്പോഴേക്കും മുട്ട പുഴുങ്ങിയതും കട്ടന്‍ കാപ്പിയും തയ്യാര്‍.
















2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ജ്ഞാനപീഠ ജേതാവ് ശ്രീ. ഓ.എന്‍.വി കുറുപ്പിന് ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ പ്രണാമം.

ആത്മാവില്‍ മുട്ടിവിളിച്ചു സ്നേഹാതുരമായ് തൊട്ടുരിയാടിയ ആ മഹാ കവിക്ക്‌, ആ അക്ഷര പൂജാരിക്ക് ലളിതമായ ഒരു ചടങ്ങില്‍ വെച്ച് (ബോളിയന്‍ സിനിമാസ് ഓഡിറ്റോറിയം) അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം മലയാളികള്‍ പ്രണാമം അര്‍പ്പിച്ചു. താര നിബിഡമായ ഒരു പാട് ചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊക്കെ ഹൃദ്യമായി തോന്നിയത് ലളിത സുന്ദരമായ ഒരു കാവ്യം പോലെ തോന്നിച്ച ഇന്നലത്തെ ഒത്തു ചേരലായിരുന്നു. ഭൂമിയുടെ മൂടിവെച്ച നിഗൂഡ ഭാവങ്ങള്‍ പൂക്കളായും ശലഭങ്ങളായും മലയാളിക്ക് മുന്നില്‍ ആ മഹാകവിയുടെ ഭാവനയിലൂടെ പെയ്യ്തിറങ്ങുവാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. അതിനു യോജിച്ച വണ്ണം തികഞ്ഞ ലാളിത്യത്തോടെ ഈ ചടങ്ങ് സംഘടിപ്പിച്ച റെജി നന്തിക്കാടിനോട് ഞാന്‍ എന്‍റെ അനുമോദനങ്ങള്‍ അറിയിക്കുന്നു.

കവിയോടുള്ള നിസ്വാര്‍ഥമായ സ്നേഹവും ബഹുമാനവും ഓരോ വാക്കുകളിലും പ്രകടമായിരുന്നു. കവി എന്‍റെ സ്വന്തം എന്ന് ഓരോരുത്തരും സ്വകാര്യമായി പറയുന്ന പോലെ, അഹങ്കരിക്കുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു. ആരെയും ഭാവ ഗായകനാക്കുവാന്‍ മാത്രം സൌന്ദര്യമുള്ള കവിയുടെ കവിത്വം അവിടെ സന്നിഹിതരായിരുന്നവരെ അഭൌമമായ ഏതോ തരംഗ വീചികളിലൂടെ പലപ്പോഴും സ്വാധീനിക്കുന്നത് ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ഒപ്പം ആ മഹാ കവിയുടെ വിര്‍ച്യുവല്‍ പ്രസന്‍സ് (virtual presence) എനിക്കവിടെ അനുഭവവേദ്യമായി എന്നു പറഞ്ഞാല്‍ അതിലൊട്ടും തന്നെ അതിശയോക്തിയില്ല.

നിന്‍റെ അരഞ്ഞാണ ചരടിലെ എലസ്സിനുള്ളില്‍ ആരെയും മയക്കുന്ന മന്ത്രമുണ്ടോ എന്ന കവിതാ ശകലം എന്‍റെ കര്‍ണ്ണപുടങ്ങളുടെ ഓരത്ത് അലയടിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാന്‍ കാവ്യ ഭാവനയുടെ ജ്ഞാനഭൂമിയില്‍ സൃഷ്ടി, സ്ഥിതി ലയങ്ങളുടെയും സംഹാരത്തിന്‍റെയും മൂര്‍ത്തികളായ കവി ഹൃദയത്തിന്‍റെ ഭംഗിയും കവി മനസ്സിന്‍റെ പ്രണയോജ്ജ്വലതയും, കവി ഭാവനയുടെ സാന്ദ്രതയും ഒപ്പം ആഴവും ദര്‍ശിച്ചത്. ജ്ഞാനത്തിന്‍റെ പീഠത്തില്‍ അന്നേ പ്രിയ കവിയായ വയലാറിനെയും ഒപ്പം കുയില്‍ പാട്ടിന്‍റെ ശ്രുതി പിന്തുടരുവാന്‍ എന്നെ പഠിപ്പിച്ച എന്‍റെ കവി ശ്രീ ഓ.എന്‍.വിയെയും കയറ്റി പ്രതിഷ്ടിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പത്താമത്തെ ട്രെക്ക് പാതയായ (trek path) ഹിമാലയത്തിലെ രൂപ്‌കുണ്ഡ് (5,029 metres - 16,499 feet സമുദ്ര നിരപ്പിനു മുകളില്‍) (mysterious lake) കീഴടക്കുവാന്‍ ഞാന്‍ പുറപ്പെട്ട് കാല്‍നടയായ്‌ ഉത്തുംഗ ശ്രുംഗങ്ങളായ കയറ്റങ്ങളും കയറി ധവളിമയാര്‍ന്ന, ശുഭ്രസ്ഥാനിയായ കൈലാസ നാഥന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയിലൂടെ ബെദ്നി ഭുഗ്യാലും, അലി ബുഗ്യാലും, പത്തര്‍ നചൌനിയും കടന്നു കാലു വിനായകിലെത്തി തുടര്‍ന്ന് ബാഗ്വബാസയിലെത്തിയപ്പോള്‍ നയന മനോഹരമായ ആ കാഴ്ച ഞാന്‍ കണ്ടു. തൃശൂല്‍ പര്‍വതം. മേഘങ്ങളെ വെല്ലുവിളിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന തൃശൂല്‍. ഹൃദയം മരവിക്കുന്ന ആ തണുപ്പിലും പത്ത് ദിവസത്തെ ക്ലേശകരമായ മഞ്ഞിലൂടെയുള്ള നടത്തത്തിന്‍റെ വല്ലായ്കയിലും പ്രാണവായു പോലും ദുര്‍ലഭമായ ആ ഉയരത്തിലും അതൊക്കെ മറന്ന് ആനന്ദതിരോകത്താല്‍ ഞാന്‍ നൃത്തം ചവുട്ടി പോയി. ത്രുശൂലിന്‍റെ താഴ്വാരത്തില്‍ പണ്ട് പാര്‍വതി ദേവി നീരാടിയെന്നു പറയപ്പെടുന്ന പൊയ്ക....

അല്‍പം വിശ്രമത്തിനായി പൊയ്കയുടെ അരികിലിരുന്നു ഒരു കൈക്കുടന്ന ജലമെടുത്ത് പാനം ചെയ്യ്തപ്പോള്‍ മനസ്സിലെക്കോടിയെത്തിയത് എന്‍റെ പ്രിയ കവിയുടെ മനസ്സിന്‍റെ പ്രേമ ഭാവന കാറ്റില്‍ തൈല ഗന്ധം പുരട്ടി നീറ്റില്‍ പൊന്നു ചന്തം പാകിയ രാജ ശില്‍പിയിലെ ഗാനമാണ്....പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍...പൊന്‍വെയില്‍ നീരാടും നേരം... അത്രയും മനോഹരമായി അതിനു മുന്‍പോ പിന്‍പോ ഞാനാ ഗാനം പാടിയിട്ടില്ല.

എന്‍റെ മകനെ ആദ്യമായി ഞാന്‍ പടിയുറക്കിയ പാട്ടും ഏതോ നിയോഗം പോലെ ഓ.എന്‍.വിയുടെ തന്നെ താരാട്ട് പാട്ടായിരുന്നു.... ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...എന്നോമലുറക്കമായ് ഉണര്‍ത്തരുതെ... എന്‍റെ ജീവന്‍റെ സ്നേഹത്തിനെ പിരിഞ്ഞിരുന്നപ്പോഴൊക്കെയും ഏഴു കടലുകള്‍ക്കിപ്പുറമിരുന്നു ഞാന്‍ ഒരായിരം തവണ അവള്‍ക്കു പാടികൊടുത്തിട്ടുള്ളതും അതെ കവിയുടെ തന്നെ വിരഹ നൊമ്പരത്തിന്‍റെ, പ്രണയ തീക്ഷ്ണതയും പ്രതീക്ഷയുമുണര്‍ത്തുന്ന അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...ഒരു മാത്ര വെറുതെ നിനച്ചുപോയി....എന്ന ഗാനമാണ്.

ഇങ്ങനെ എവിടെയൊക്കെയോ ഞാനറിയാതെ തന്നെ എന്‍റെ ജീവിതത്തിലെ എല്ലാ പ്രിയ മുഹൂര്‍ത്തങ്ങളിലും ഞാനേറെ സ്നേഹിക്കുന്ന കവിയുടെ അദൃശ്യ സാന്നിധ്യം എങ്ങനെയോ വന്നു ഭവിക്കുന്നു. ഞാനും നിങ്ങളും ഒക്കെ ഏറെ ഭാഗ്യം ചെയ്യ്തവരാണ് കാരണം ഓ.എന്‍.വിയും ദാസേട്ടനും ദേവരാജന്‍ മാഷും തുടങ്ങി ഒട്ടേറെ മഹാന്‍മാര്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുവാന്‍ നമ്മള്‍ക്കവസരം കിട്ടിയെന്നത് തന്നെ. വേഷം കെട്ടിയാടുന്ന ഈ ജീവിത നാടകത്തില്‍ നമ്മള്‍ സൌകര്യപൂര്‍വ്വം പലതും കണ്ടെല്ലെന്നു നടിക്കുമ്പോള്‍ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ..... ഇനിയും മരിക്കാത്ത ഭൂമി...നിന്നാസന്ന മൃതിയില്‍...നിനക്കാത്മശാന്തി....ഇത് നിന്‍റെയും എന്‍റെയും ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നെ കുറിച്ച ഗീതം.....

ബോളിയന്‍ സിനിമാസ് ഓഡിറ്റോറി യത്തിലെ ചടങ്ങിന്‍റെ ഐശ്വര്യം എണ്‍പതിന്‍റെ നിറവിലും ശാരീരികാസ്വാസ്ത്യങ്ങള്‍ ഏറെ ഉണ്ടായിട്ടും അവിടെയെത്തുകയും ഞങ്ങളോടൊക്കെ രണ്ടു വാക്ക് സംസാരിക്കുകയും വേര്‍പിരിഞ്ഞു പോയിട്ടും തന്‍റെ പ്രിയതമയോടുള്ള സ്നേഹത്തിന്‍റെ വിശുദ്ധമായ ഓര്‍മകളില്‍ അറിയാതെ വിതുമ്പിപോയ കൃഷ്ണന്‍കുട്ടി അങ്കിളിന്‍റെ സാന്നിധ്യമായിരുന്നു. അദ്ദേഹത്തെ ആദരിക്കുകയും പുരസ്കാരം നല്‍കുകയും ചെയ്യുവാന്‍ തിരഞ്ഞെടുത്ത ദിവസം ഓ. എന്‍. വിയുടെ കവിതകളുടെ അകമ്പടിയോടെയായിരുന്നു എന്നത് മറ്റാര്‍ക്കും കിട്ടാത്ത ഒരു പുണ്യമാണെന്ന് വേണം കരുതുവാന്‍.

ശശി കുളമടയുടെയും, പാര്‍വതീപുരം മീരയുടെയും, മനോജിന്‍റെയും ഓ.എന്‍.വിയെയും കവിതകളെയും കുറിച്ചുള്ള പ്രഭാഷണവും കവിതാപാരായണവും വളരെ ഹൃദ്യമായിരുന്നു. മുരളീ മുകുന്ദന്‍, തമ്പി, പ്രദീപ്‌ തുടങ്ങി ഒട്ടേറെപേര്‍ കവിയോടുള്ള സ്നേഹവായ്പ്പ് പങ്കുവെക്കുവാന്‍ എത്തിയിരുന്നു.

കവിയോടുള്ള സ്നേഹസൂചകമായി ഞാന്‍ ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം എന്ന ഗാനമാലപിച്ചു.

തുടര്‍ന്ന് മുരളീ മുകുന്ദന്‍റെ നന്ദി പ്രസംഗത്തില്‍ അദ്ദേഹം, വീണ്ടും ഇതുപോലെയുള്ള ഒത്തു ചേരലുകള്‍ ഉണ്ടാവട്ടെയെന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യ്തു. അതിനു ശേഷം ആശൈ ദോശയില്‍ എല്ലാവരും ഒത്തു ചേര്‍ന്ന് ബോളിയന്‍ മോഹന്‍ ചേട്ടന്‍ ഒരുക്കിയ സമൃദ്ധമായ ഭക്ഷണം കഴിച്ച് സേന്ഹാശംസകള്‍ നേര്‍ന്നു പിരിഞ്ഞു.

റെജിയുടെ കളങ്കമില്ലാത്തതും ധീരവുമായ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാനും എന്നെ പോലെ ഭാഷയെ സ്നേഹിക്കുന്നവരും എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു. ഒപ്പം സാഹിത്യത്തെ വേശ്യാവൃത്തി പോലെ കൈകാര്യം ചെയ്യുന്ന, വിഴുപ്പലക്കുന്ന പാപബീജ ജന്മങ്ങളെ സാഹിത്യ ചക്രവാളത്തില്‍ നിന്നും അകറ്റി പ്രവാസി സാഹിത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി മലയാള സാഹിത്യ വേദി അതിന്‍റെ ലക്ഷ്യങ്ങളെ പുല്‍കട്ടെയെന്ന് ആശംസിക്കുന്നു.

ഇത് വായിച്ചു കഴിഞ്ഞവര്‍ "പുലയാടി സാഹിത്യവും പൊട്ടക്കിണറ്റിലെ തവളകളും" എന്ന എന്‍റെ അടുത്ത പോസ്റ്റ്‌ വായിക്കുവാന്‍ താല്പര്യപ്പെടുന്നു. സാഹിത്യത്തെ വ്യഭിചരിക്കുന്ന, വഴി വാണിഭം നടത്തുന്ന, രാഷ്ട്രീയത്തിന്‍റെ അഴുക്കു ചാലുകളിലൂടെ നെറികെട്ട നാണക്കേടിന്‍റെ കഥകളും പേറി സ്വയം പ്രഖ്യാപിച്ച അവാര്‍ഡുകളും അത് കൂലിക്കെടുത്ത മാധ്യമത്തിന്‍റെ രണ്ടു വരി കോളത്തില്‍ വാര്‍ത്തയാക്കി അക്ഷരവിശുദ്ധി എന്തെന്നറിയാത്ത രാഷ്ട്രീയക്കാരന്‍റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി ആത്മ നിര്‍വൃതിയടയുന്ന ചില സ്വയം പ്രഖ്യാപിത സാഹിത്യകാരെക്കുറിച്ചാണ്.

ലണ്ടന്‍ മലയാള സാഹിത്യ വേദി

പുലയാടി സാഹിത്യവും പൊട്ടക്കിണറ്റിലെ തവളകളും

സംഭവം പുലയാടി സാഹിത്യമാ....ഭരണി പാട്ട് തോറ്റുപോകുന്ന പുലഭ്യം പറച്ചിലായിരിക്കും മുഴുവനും ...അതവന്‍റെ നിലവാരത്തിനനുസരിച്ചല്ലേ എഴുതുവാന്‍ പറ്റൂ? എന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം. ഈ ബ്ലോഗിന്‍റെ തുടക്കത്തില്‍ എന്നെക്കുറിച്ച് ഞാന്‍ തന്നെ എഴുതിയിട്ടുണ്ട് ഞാന്‍ എന്താണെന്ന്.

'പുല' എന്നു വെച്ചാല്‍ 'വയല്‍' എന്നൊരര്‍ത്ഥമുണ്ടെന്നാണ് ഇയ്യുള്ളവന്‍ ധരിച്ചു വച്ചിരിക്കുന്നത്. 'ആടുക' പണി ചെയ്യുക എന്നൊരു അര്‍ത്ഥവും ഈ വാക്കിനുണ്ടെന്ന് തോന്നുന്നു. (ഭാഷയെയിട്ട് അമ്മാനമാടുന്ന വാക്ക് ഭടന്മാര്‍ വാളെടുക്കുവാന്‍ വരട്ടെ...സമയം തരാം). അപ്പോള്‍, പുലയാടി എന്നാല്‍ വയലില്‍ പണിയെടുക്കുന്നവന്‍ അല്ലെങ്കില്‍ പുലയന്‍ എന്നൊക്കെ അര്‍ഥം വന്നേക്കാം. പുലയാടി മകന്‍ / മകള്‍ എന്നു അധിക്ഷേപ സ്വരത്തില്‍ വിളിക്കുമ്പോള്‍ ആ പദം (terminology) ഉപയോഗിക്കുന്ന ആള്‍ തീര്‍ച്ചയായും സമൂഹത്തിലെ മേല്‍ തട്ട് കീഴ് തട്ട് വ്യവസ്ഥകളില്‍ ഇന്നും വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന, ഇന്ത്യന്‍ ഭരണഘടനക്ക് എതിര് നില്‍ക്കുകയും ചെയ്യുന്ന ഒരു വിശ്വാസ പ്രമാണം ഉള്ള ആളായിരിക്കും. ഇന്ത്യന്‍ ഭരണഘടന എന്നു മാത്രമല്ല ലോകത്തൊരിടത്തും നിലനില്‍ക്കുവാന്‍ പാടില്ലാത്ത ബാര്‍ബേറിയനിസത്തിന്‍റെ ബീജോല്‍പ്പന്നങ്ങളായ ചിലര്‍ മലയാള സാഹിത്യലോകത്തില്‍ ഉണ്ടെന്നത് അല്‍പം ജിജ്ഞാസ ഉളവാക്കുന്നു. ഇത് ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടാക്കുകയും ജീവിതത്തിന്‍റെ മുഖ്യധാരയില്‍ നിന്നും തൊലിയുടെ നിറത്തിന്‍റെ പേരില്‍ സഹജീവിയെ പീഡിപ്പിക്കുകയും അവന്‍റെ ന്യായമായ അവകാശങ്ങളുടെ നിഷേധിക്കലുമാണ്. അധ:കൃത വര്‍ഗമെന്നു മുദ്രകുത്തി അക്ഷര ജ്ഞാനം നിഷേധിച്ച് ചെളിയിലും ചേറിലും മാത്രം ജീവിക്കുവാന്‍ വിട്ട് അവനെ ഒന്നിനും കൊള്ളരുതാത്തവനാക്കി മാറ്റി വെളുത്ത തൊലിയും കറുത്ത മനസ്സുമുള്ളവര്‍ വാണിരുന്ന കാലം മഹത്തായ വിപ്ലവ പ്രസ്ഥാനങ്ങളിലൂടെ വീശിയടിച്ച പൊടിമണല്‍ ഗന്ധമുള്ള കൊടുങ്കാറ്റില്‍ അസ്തമിച്ച കാര്യം ഭാഷയുടെ ഇന്നത്തെ മേലാളന്മാര്‍ എന്നു സ്വയം വിശ്വസിക്കുകയും അത് മറ്റുള്ളവരെ കൊണ്ട് നിര്‍ബന്ധപ്പൂര്‍വ്വം വിശ്വസിപ്പിക്കുവാനും ശ്രമിക്കുന്ന പാവം ചില കപട സാഹിത്യകാരന്മാര്‍ അറിഞ്ഞില്ലെന്നു തോന്നുന്നു. (വാക്കുകളുടെ നിറം കടുപ്പമാണ്, ചില കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞാലേ ചില മേലാളന്മാര്‍ക്ക് മനസിലാകുകയുള്ളൂ)

ഇത്രയും പറഞ്ഞു വന്നത് ഇത്തരക്കാരുടെ സ്വഭാവ മഹിമ നിങ്ങളെ അറിയിക്കുന്നതിനു മുന്നോടിയായി ഒരാമുഖം വേണമെന്ന് തോന്നിയത് കൊണ്ടാണ്. ഈ പോസ്റ്റില്‍ ഞാന്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല എന്നാല്‍ ഇത് വായിക്കുമ്പോള്‍ ഇതില്‍ തന്നെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടോ എന്നാര്‍ക്കെങ്കിലും സ്വയം തോന്നിയാല്‍........(പിന്നീടങ്ങോട്ട് തുടര്‍ന്ന് വായിക്കാതിരിക്കുകയാണ് നല്ലത്) അത് സത്യം തന്നെയാണ്.

പുലയില്‍ പണിയെടുക്കുന്നവനും അക്ഷരം വഴങ്ങും. അക്ഷരം വഴങ്ങിയാല്‍ അവനും സാഹിത്യം എഴുതാം. അപ്പോള്‍ ഒരു ചിന്ത കടന്നു വരുന്നു....ഞങ്ങള്‍ കുറെ പേര്‍ അവാര്‍ഡുകള്‍ വാങ്ങിക്കുവാന്‍ വേണ്ടി എഴുതുന്നു...രാഷ്ട്രീയ ദുര്‍ഗ്ഗങ്ങളില്‍ പള്ളിയരുളുന്ന എമാന്മാര്‍ക്ക് വിരുന്നൊരുക്കിയും കൂട്ടികൊടുത്തും നേടുന്ന പുരസ്ക്കാരങ്ങളെക്കാള്‍ എങ്ങനെ മികച്ചതാകും ചേറിന്‍റെ മണമുള്ളവനെഴുതിയ സാഹിത്യം. അത്തരം സാഹിത്യത്തെ സാഹിത്യം എന്നു വിളിക്കുന്നത്‌ സാംസ്കാരികമായ അധ:പതനമാണത്രെ. ഇതിനെ ഒരു പ്രത്യേക സാഹിത്യ വിഭാഗമാക്കി മാറ്റണം. അതാണ്‌ പുലയാടി സാഹിത്യം അത് വായിക്കുന്നവന്‍ പൊട്ട കിണറ്റിലെ തവളയും. അതിലേറ്റവും മികച്ച തമാശ പൊട്ടക്കിണറ്റിലെ തവളകളെല്ലാം കഷ്ട്ടപെട്ടു സാഹിത്യ രചന നടത്തിയപ്പോള്‍ അതിലെ പുലയാടി സാഹിത്യത്തിനു മാര്‍ക്കിട്ടതും നാരങ്ങാ മുട്ടായി സമ്മാനമായി നല്‍കുവാന്‍ ശുപാര്‍ശ ചെയ്യ്തതും മാര്‍ക്കിടുന്നതില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു മേലാളനാണ്. ഇതും നിനക്കെന്‍റെ ഭിക്ഷ ഞാന്‍ എറിഞ്ഞു തരുന്ന ഭിക്ഷ...എന്ന് വരുത്തി തീര്‍ക്കുവാന്‍ വല്ലാത്ത ത്വരയാണ്. എന്നിട്ടൊരു ആക്ഷേപം...."പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോര്‍ത്തിട്ട് മക്ഷികക്കൂട്ടം മദിക്കും കണക്കിനെ". പക്ഷെ സ്പെഷ്യലൈസ്ഡ് സാഹിത്യകാരാ....ഒന്നോര്‍മ്മിപ്പിക്കട്ടെ..ഭഗവാന്‍റെ തൃപ്പാദങ്ങളിലര്‍പ്പിക്കുന്ന ചെന്താമരകളത്രയും വിരിയുന്നത് ചേറിലാണ്. ചേറില്‍ മാത്രമേ ചെന്താമാരകള്‍ വിരിയൂ. അത് സ്പെഷ്യലായിട്ടുണ്ടാക്കിയ ബോണ്‍സായ് വൃക്ഷമല്ല. ചേറിന്‍റെ മാത്രം ഉല്‍പ്പന്നം. ഇവിടെ സാക്ഷാല്‍ ഭഗവാന്‍ മാനിക്കുന്നത് സുന്ദരിയായ ചെന്താമാരക്ക് ജന്മം നല്‍കിയ ചേറിന്‍റെ മഹത്വത്തിനെയാണ്.

മണം വമിക്കുന്ന ആ ചേറാണ് ബ്ലോഗ്‌. ആ ബ്ലോഗിലെ എഴുത്തുകാരാണ് സാഹിത്യത്തിലെ അധ:കൃത വര്‍ഗ്ഗമെന്നും ഭാഷയറിയാത്ത വരെന്നും ഈ മഹാ പണ്ഡിതര്‍ വിളിക്കുന്ന, പുലയാടി സാഹിത്യമെഴുതുന്ന വിവരം കെട്ടവര്‍. ആ ബ്ലോഗിലാണ് ഇനി ചെന്താമാരകള്‍ വിരിയുന്നത്....നല്ല ചെന്താമാരകള്‍ തേടി ഭഗവാനും...സരസ്വതി ദേവിയും ഓരോ ബ്ലോഗിലും കയറിയിറങ്ങുന്നത് താമസിയാതെ കണ്‍കുളിര്‍ക്കെ കാണുവാന്‍ ആ കണ്ണട ഒന്നമര്‍ത്തി തുടച്ച് വച്ചേക്കുക. ഇത് വായിക്കുമ്പോള്‍ മരം കോച്ചുന്ന തണുപ്പിലും നിങ്ങള്‍ വിയര്‍ക്കുന്നുണ്ടോ?

എനിക്ക് മാത്രം പ്രഥമ സ്ഥാനം കിട്ടണമെന്ന് ശഠിക്കുന്നത് ഭോഷ്ക്കത്തരമാണ്. എനിക്ക് മുന്നില്‍ നില്‍ക്കുവാനും കിടക്കുവാനും ഇരിക്കുവാനും ആര്‍ക്കാണ് യോഗ്യത എന്ന ചിന്ത അഹോ കഷ്ടം. അതിനും വേണ്ടിയൊന്നുമില്ല ഹേ!! സ്പെഷ്യലൈസ്ഡ് സാഹിത്യകാരെ നിങ്ങളുടെ മഹത്വം.

ഇനി മറ്റൊന്ന്... ഓ.എന്‍.വിയെന്ന മഹാ കവിയെ ആദരിക്കുവാന്‍ പൊട്ടക്കിണറ്റിലെ തവളകള്‍ക്ക് എന്ത് കാര്യം?. ഓ.എന്‍. വിയെങ്ങാനും ഇതറിഞ്ഞാല്‍ ഒരാളെങ്കിലും ഇങ്ങനെ പ്രതികരിച്ചല്ലോ എന്നോര്‍ത്ത് കോള്‍മയിര്‍ കൊണ്ടേനെ. ഓ.എന്‍.വി എഴുതിയ വരികള്‍ ഗാന ഗന്ധര്‍വന്‍ ആതുരമായി ഭാവാര്‍ദ്രമായി പാടിയത് കേട്ട് ഈ തവളകള്‍ക്ക് അതേറ്റു പാടേണ്ട വല്ല കാര്യവുമുണ്ടോ എന്നും ഈ വിദ്വാന്‍മാര്‍ ചോദിച്ചാല്‍ തെല്ലും അത്ഭുതപ്പെടേണ്ട.

മലയാള നാട്ടിലെ കൂലി വേലക്കാരും വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവരും ഒരു പോലെ മനസ്സറിഞ്ഞാസ്വദിക്കുകയും അവന്‍റെ വിരഹ വിഷാദ വിഹ്വലതകളില്‍ എന്നും അവന്‍ മൂളിയതും ഓ.എന്‍.വിയും വയാലാറും ഒക്കെ പകര്‍ന്നു തന്ന വരികളാണ്. മലയാളം നെഞ്ചിലേറ്റിയ ഓ.എന്‍. വിയെ ആദരിക്കാന്‍ എന്ത് യോഗ്യതയാണ് വേണ്ടത്? ശരാശരി മലയാളി എന്നുള്ള ഒറ്റ യോഗ്യത തന്നെ ധാരാളം. കാശ് കൊടുത്ത് അവാര്‍ഡ്‌ വാങ്ങി മത്തി പൊതിയാന്‍ കാലിബറില്ലാത്ത പത്രത്തില്‍ വിസ്തരിച്ച് ഉള്ളതും ഇല്ലാത്തതുമായ കഥകളെഴുതി പിടിപ്പിച്ചു സ്വയം ഇരുന്നു വായിച്ചാസ്വദിക്കാം. ഇതിനു യോഗ്യത എന്നല്ല ഷണ്ടത്വം എന്നാണ് പേര്‍.

മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ എന്നെ മാത്രം പ്രോമോട്ട് ചെയ്യുക. "യെന്തരൊക്കെ പറഞ്ഞാലും...ചെല കാര്യങ്ങള് അപ്പീ നമ്മള് മറന്നൂട ട്ടാ... പുലയാടി സായിത്യാരന്മാര് ചെന്ന് ചേറില്‍ത്ത പര്വാടിക്ക് വിളിച്ചപ്പ ഒട്ടി ചെന്ന് നല്ല ഞെരിപ്പായിട്ട്‌ പ്രസവങ്ങളും ....ചേ!! പ്രസംഗങ്ങളും തോനെ ഫോട്ടോ എടുപ്പും ഒക്കെ നടത്തീറ്റാണ് പ്വോയത്...."

പക്ഷെ എനിക്കൊരു സംശയം. ബ്ലോഗില്‍ ചില കഴുതകള്‍ തോന്നിയതൊക്കെ എഴുതിയിട്ടത് കൊണ്ടല്ലേ അവിടെ സാഹിത്യം ഇല്ല എന്ന് ചില മേലാളന്മാര്‍ കരുതുന്നത്. തോന്ന്യാക്ഷരങ്ങളാണ് കവിതകള്‍ എന്ന് പണ്ട് ഓ.എന്‍.വി തന്നെ മാതൃഭൂമി വാരാന്ത്യപതിപ്പില്‍ എഴുതിയത് ഈയ്യുള്ളവന്‍ ആര്‍ത്തിയോടെ വായിച്ചെടുത്തത് ഇന്നും ഓര്‍മ്മയില്‍....

മുതുകില്‍ തൂക്കുന്ന പച്ച നിറമുള്ള തുണി ബാഗില്‍ പാഠപുസ്തകത്തിനിടയില്‍ കുത്തി ഞെരുക്കിയ ഭക്ഷണപാത്രത്തിലെ കറിയുടെ രൂക്ഷ ഗന്ധമേറ്റ് കെമിസ്ട്രിയും, ഫിസിക്സും, ബയോളജിയും ബീജ സങ്കലനം നടത്തി അറിവിന്‍റെ ശ്വേതരക്താണുക്കളെ പ്രസവിച്ചു കൂട്ടുമ്പോഴും..... പിഞ്ചിപ്പോയ ഒരു മലയാള പാഠപുസ്തകത്തിലെ ഭാഷയെന്ന അമ്മ ഒരു ധ്യാനത്തിലെന്നവണ്ണം മെല്ലെ മന്ത്രിച്ചു.... അക്ഷരം അഗ്നിയാണ്....വെളിച്ചമാണ്.... അതിനെ പൂജിക്കുക. അക്ഷരങ്ങളും അക്ഷരങ്ങളും ഇണ ചേര്‍ന്ന് വാക്കുകളുണ്ടായി, വാക്കുകള്‍ ഇണ ചേര്‍ന്ന് വരികളെ സൃഷ്ടിച്ചു. വരികള്‍ വീണ്ടും ഇണ ചേര്‍ന്ന്..... സമ്മോഹനങ്ങളായ പ്രൌഡ ഗംഭീരമായ സാഹിത്യ സൃഷ്ടികള്‍ ജന്മം കൊണ്ടു. കൂട്ടത്തില്‍ പാപ ബീജത്തിലുണ്ടായ ചില ജാര സന്തതികളും വൈകല്യമുള്ള ചില സാഹിത്യ (സൃഷ്ടികളും) കുഞ്ഞുങ്ങളും. ആ വൈകല്യത്തെ പരിഗണിക്കുന്നു.... അക്ഷരം അമ്മയാണ്. അമ്മക്ക് എല്ലാ കുഞ്ഞുങ്ങളും ഒരു പോലെയാണ്. പക്ഷെ ആ അമ്മയെ തെരുവിലിട്ട് ഓട കച്ചവടം നടത്തി, വ്യഭിചാരിണിയാക്കി നിങ്ങളുണ്ടാക്കിയെടുത്ത സ്വര്‍ഗ്ഗത്തിന്‍റെ പേരാണ് 'പൊട്ടക്കിണര്‍' അവിടെ നിങ്ങള്‍ തവളകളുടെ രാജാവോ ചക്രവര്‍ത്തിയോ ഒക്കെ ആയിരിക്കാം. പക്ഷെ അതവിടെ മാത്രം മതി...


മറ്റുള്ളവരെ താഴ്ത്തി കെട്ടിയാല്‍ മാത്രമേ താന്‍ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന് കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്തെങ്കിലും മാടമ്പിക്ക് തോന്നിയാല്‍...നിങ്ങള്‍ സ്വയം തിരുത്തേണ്ട സമയമായി....വരേണ്യ വര്‍ഗ്ഗത്തിന്‍റെയെന്നും അധ:കൃതന്‍റെയെന്നും വേര്‍തിരിച്ചിട്ട ജ്ഞാനഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അസ്ത്രവേഗത്തില്‍ കുതിച്ചു വരുന്ന മാറ്റത്തിന്‍റെ കുതിര കുളമ്പടികള്‍ നിങ്ങള്‍ കേട്ടില്ലയെങ്കില്‍...മറ്റുള്ളവരെ അവഹേളിക്കുന്ന നിങ്ങളുടെ സ്വാര്‍ത്ഥത്തിന്‍റെ ജിഹ്വകള്‍ കാലം പിഴുതെടുക്കും. ഒടുവില്‍ സ്വയം പരിഹാസപാത്രമായ് ഹരിതാഭമായ ഭാഷയുടെ ഈ മഴക്കാടുകള്‍ വിട്ട് ശീതക്കാറ്റാഞ്ഞു വീശുന്ന മണല്‍ക്കാടുകളില്‍ അലയേണ്ട അവസ്ഥ സ്വയം വന്നു ചേരും.

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ഒരു കൊടുങ്കാറ്റിന്‍റെ തീര്‍ഥാടനം



പ്രിയ വായനക്കാരെ....

ഈ നോവല്‍ ഞാനെഴുതിത്തുടങ്ങിയത് ഡിഗ്രി പഠന കാലത്താണ്. ഇന്നും ഞാനിതിന്‍റെ പണിപ്പുരയിലാണ്. ഡിഗ്രീ പഠനം കഴിഞ്ഞിട്ട് ഇപ്പോള്‍ പതിനാലു വര്‍ഷം.

കാലവും ദേശവും സമയസൂചികയും ഒക്കെ എന്നെ എന്തൊക്കെയോ കാട്ടിത്തന്നു, അതിപ്പോഴും എന്തൊക്കെയോ എന്നെ ഓര്‍മ്മിപ്പിക്കുകയും ശക്തമായ സൂചനകള്‍ നല്‍കി കൊണ്ടുമിരിക്കുന്നു. ഘടികാരമണികള്‍ ഓരോ തവണയും എന്നെ ഓര്‍മിപ്പിക്കുന്നു നിന്‍റെ ഹൃദയമിടിപ്പിന്‍റെ എണ്ണം കുറയുന്നുവെന്ന്. കാലവും എന്നെ ഓര്‍മ്മിപ്പിക്കുന്നു ചിലതൊക്കെ...എന്‍റെ കൂടെയുള്ള നിന്‍റെ സഞ്ചാരം അപ്പുറത്തുള്ളോരതിരില്‍ തീരുന്നുവെന്ന്. ദേശങ്ങളും എന്നെ ഓര്‍മ്മിപ്പിക്കുന്നു ഇവിടെ ഈ മണ്ണിലേക്ക് വരൂ....നിനക്കിനിയുറങ്ങാം.....

പക്ഷെ...ആന്‍ഡ്‌ മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്‌ ..... ആന്‍ഡ്‌ മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്‌.... അത് കൊണ്ട് ഞാന്‍ കാലത്തിന്‍റെയും, ദേശത്തിന്‍റെയും,
ഘടികാരമണികളുടെയും ഓര്‍മ്മപ്പെടുത്തലുകളെയും സൂചനകളെയും, സ്നേഹത്തിന്‍റെ വിശുദ്ധിയിലും പ്രണയത്തിന്‍റെ ഊഷ്മളതയിലും കത്തുന്ന കാമത്തിന്‍റെ ചൂടിലും മറക്കുന്നു. അതിനൊക്കെ അപ്പുറത്ത് എന്‍റെ കാലുകളെ പിന്തുടരുന്ന രണ്ടു കുഞ്ഞിക്കാലുകളുടെ താളം എനിക്ക് കേള്‍ക്കാം..... ഘകടികാരമണികളെ....ഞാനീ സ്നേഹത്തിന്‍റെ അമൃത് ആവോളം പാനം ചെയ്യ്ത് മൃത്യുഞ്ജയനായിരിക്കുന്നു....എനിക്ക് മടുക്കുമ്പോള്‍ ...അപ്പോള്‍ മാത്രം...നിനക്ക് വേണ്ടി ഞാന്‍ കാതോര്‍ക്കാം...അപ്പോഴേക്കും ശുഷ്ക്കിച്ച നിന്‍റെ ഹൃദയതാളം നിലക്കാതിരുന്നെങ്കില്‍ ...

ഇത്രയും പറഞ്ഞത്....ഈ കഥയുടെ പണി ഇനിയും നീളുമെന്ന് പറയുവാന്‍ തന്നെയാണ്...

ഇനി കഥയിലേക്ക് കടക്കാം... എഴുതുവാന്‍ വീണ്ടും പ്രേരണയായത് ശ്രീ റെജി നന്തിക്കാടും, ശ്രീ മുരളി മുകുന്ദനുമായുള്ള ചങ്ങാത്തമാണ്‌.

ഒരു കൊടുങ്കാറ്റിന്‍റെ തീര്‍ഥാടനം

ഏതൊക്കെയോ നിഗൂഡതകളും പേറി നിധി കാക്കുന്ന ഭൂതത്തിനെ പോലെ.....
ഇപ്പോഴും അയാള്‍ ജീവിച്ചിരിക്കുന്നുണ്ടാകാം....അയാള്‍....ആ വൃദ്ധന്‍. എന്‍റെ മനസ്സിലുണ്ട് വൃദ്ധനായ ആന്‍റോണിയോസ്....

"ദൈവത്തിന്‍റെ പരിചാകരും
സത്യത്തിന്‍റെ കാവല്‍ക്കാരും ഇതിലെ കടന്നു വരരുത്.
പിശാചിന്‍റെ സന്തതികള്‍ക്കും
അസത്യത്തിന്‍റെ പോരാളികള്‍ക്കും സ്വാഗതം"

ആന്‍റോണിയോസ്.

വിലക്കുകളില്ലാതെ സ്വതന്ത്രമായി നടന്നപ്പോള്‍ ഞാനറിഞ്ഞിരുന്നില്ല പക്ഷെ ഇപ്പോള്‍ ഈ അവസാന യാമത്തില്‍ ഞാനറിയുന്നു അതിന്‍റെ വില. അതിന്‍റെ അര്‍ഥം. യൌവ്വനത്തില്‍ മുഖമുദ്രയായിരുന്ന നിഷേധമായിരുന്നു സ്വതന്ത്ര്യമെന്ന് ഞാന്‍ വിശ്വസിച്ചു. ഞാനറിയാതെ എനിക്ക് നഷ്ട്ടപ്പെട്ട ബാല്യവും കൌമാരവും യൌവനവും. വര്‍ണ്ണങ്ങളില്ലാത്ത ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത്. കൌമാരത്തിന്‍റെ തുടിപ്പുകളില്ലാതിരുന്ന കൌമാരവും ഒടുവില്‍ യൌവനത്തില്‍ എത്തിയപ്പോഴേക്കും ശ്രുതി ഭംഗം നേരിട്ടൊരു ശോകഗാനത്തിന്‍റെ പരിസമാപ്തിയും. ഇപ്പോള്‍ ജീവിതത്തിന്‍റെ സുന്ദരമെന്നു പറയാവുന്ന ഈ സായഹ്നത്തിലും പുതിയതെന്തിനോ വേണ്ടി പരതുന്ന ഈ വൃദ്ധന്‍റെ ഭ്രാന്തത്തരങ്ങളും അലകളില്ലാത്ത ആവേശവും കാണുമ്പോള്‍ നിനക്ക്മടുപ്പ് തോന്നുണ്ടാകുമല്ലേ?

എന്‍റെ മനസ്സിലെ ഉറവ വറ്റാത്ത നീര്‍ച്ചാലുകളും ഹരിതാഭമായ കാടുകളും കിളികളുടെ കൂജനവുമൊക്കെ എന്നില്‍ നിന്നും അകന്നിരുന്നു. മറ്റൊരജ്ഞാത ലോകത്തില്‍ ഞാന്‍ തികച്ചും ഏകനായി. ഇപ്പോള്‍ എന്നില്‍ അവശേഷിക്കുന്ന ജീവന്‍റെ അവസാന തുടിപ്പും നിലക്കുന്നതും കാത്ത് കാലമാം ഘടികാരത്തില്‍ ഉറ്റു നോക്കുന്ന ശവം തീനികളുടെ അസ്വസ്ഥമായ ചിറകടിയൊച്ചയും കുറുനരികളുടെ മുരള്‍ച്ചയും കേള്‍ക്കാതിരിക്കുവാന്‍ കാതുകള്‍ പൊത്തണമെന്നുണ്ടായിരുന്നു പക്ഷെ കൈകള്‍ പൊങ്ങിയില്ല വിരലുകള്‍ ചലിച്ചില്ല.

കാലുകളില്‍ അല്‍പ്പം ബലം ശേഷിച്ചിരുന്നു. അല്‍പം കൂടി മുന്നോട്ടു നടക്കണമായിരുന്നു നാശത്തിന്‍റെ പൂര്‍ണ്ണതയിലെത്താന്‍ അപ്പോഴേക്കും....അവസാനമായി ഒന്ന് കൂടി തിരിഞ്ഞു നോക്കണമെന്ന് തോന്നി തടയാനാകാത്ത ആഗ്രഹം. കടന്നു വന്ന പാതയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണമെന്ന് ആദ്യമായി എനിക്ക് തോന്നി എന്തിനെന്നറിയില്ല. ആ മരുഭൂമിയുടെ അങ്ങേത്തലക്കല്‍ തീഗോളം താഴ്ന്നിരുന്നു ശേഷിച്ച ബലം സംഭരിച്ച് വിറയ്ക്കുന്ന കാലുകളില്‍ നിന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ജഡത്തിന്‍റെ
അവകാശികളായ....അല്ല! ഒരു നേരത്തെ വിശപ്പിന്‍റെ വകയ്ക്കു വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം പക്ഷികള്‍. അവയുടെ കണ്ണുകളില്‍ കത്തിജ്വലിക്കുന്ന
ക്രൂരതയില്ലായിരുന്നു പക്ഷെ എന്‍റെ കണ്ണുകളിലേതിനേക്കാള്‍ ദൈന്യത അവറ്റകളുടെ കണ്ണുകളില്‍. എന്‍റെ മനസ്സ് മന്ത്രിച്ചു...പ്രീയപെട്ട പക്ഷികളെ എന്‍റെ അസ്ഥികൂടം പൊതിഞ്ഞിരിക്കുന്ന ഈ ശുഷ്കിച്ച മാംസം നിങ്ങളുടെ വിശപ്പടക്കില്ല മറിച്ച്‌ കൂട്ടുകയേയുള്ളൂ....

മരുഭൂമി നിതാന്തമായ ഇരുട്ടില്‍ മുങ്ങിയപ്പോള്‍ ഞാന്‍ കേട്ടു ഇരുട്ടിന്‍റെ ക്ഷീണിതമായ പാദപതന ശബ്ദം. ഒടുവില്‍ എന്‍റെ ജീവിതം കാലത്തിന് പണയപ്പെടുത്തി മരണമാം ശകടം വരുന്നതും കാത്ത് ആ മരുഭൂമിയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ താഴ്ന്നു പറക്കുന്ന ശവംതീനികളുടെ ചിറക്കുകള്‍ക്കിടയിലൂടെ കറുത്ത ആകാശത്തിന്‍റെ കിഴക്കേ കോണില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു നക്ഷത്രത്തെ ഞാന്‍ കണ്ടു. എന്‍റെ മെറിന്‍..അവള്‍ എന്നെ മാടി വിളിക്കുന്നു. എനിക്കങ്ങോട്ട് പോകുവാന്‍ പറ്റുമായിരുന്നില്ല. അതിന്‍റെ സൂചനയെന്നോണം ശവംതീനികളുടെ കറുത്ത വിശാലമായ ചിറകുകള്‍ ആ നക്ഷത്രത്തെ നോക്കുന്നതില്‍ നിന്നും എന്നെ വിലക്കിയിരുന്നു.

കാലമാം ഘടികാരത്തിന്‍റെ ഹൃദയം അതിവേഗം മിടിച്ചു. ശവംതീനികളുടെ ഹൃദയത്തില്‍ രുദ്രതാളവും. എന്‍റെയോ?...ശുഷ്കിച്ച നെഞ്ചിന്‍ കൂടിനുള്ളില്‍ മൃതപ്രായനായ എന്‍റെ ഹൃദയത്തിന്‍റെ നിശബ്ദമായ തേങ്ങലുകള്‍. പിന്നെ ഉദ്വേഗപൂര്‍ണ്ണമായ നിമിഷങ്ങള്‍. നിതാന്തമായ നിശബ്ദത. കറുത്ത മേഘങ്ങള്‍ നക്ഷത്രത്തെ എന്നില്‍ നിന്നും പൂര്‍ണ്ണമായും മറച്ചു. ചിറകടിയൊച്ചകള്‍ നിലച്ചു. ഏന്തിയും നിരങ്ങിയും എന്‍റെയടുക്കലേക്ക് വരുന്ന തൂവലുകള്‍ കൊഴിഞ്ഞ ഒറ്റചിറകുള്ള ഒരു വയസ്സന്‍ ശവംതീനിയുടെ അവ്യക്ത രൂപം ഞാന്‍ കണ്ടു. എന്‍റെ കൊടും ക്രൂതകള്‍ ഏറ്റവും കൂടുതലനുഭവിച്ച കാസിയന്‍റെ രൂപം! അതെ കാസിയന്‍! എന്‍റെ ഹൃദയം ശക്തിയായി മിടിച്ചു.

അവസാനമായി ഞാന്‍ മൂര്‍നുവിന്‍റെ താരാട്ടിന് വേണ്ടി കൊതിച്ചു. പക്ഷെ അപ്പോഴേക്കും ഒറ്റചിറകുള്ള കാസിയന്‍റെ ചോരക്കറ പുരണ്ട നീണ്ട കൊക്ക് എന്‍റെ കണ്ണുകള്‍ക്കുള്ളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. എല്ലാം തീര്‍ന്നുവെന്നു കരുതിയെങ്കിലും തെറ്റി. എത്ര വലിയ തണുപ്പിനെയും അകറ്റാന്‍ എനിക്കന്യ മൃഗത്തിന്‍റെ തോല് വേണ്ട....എന്‍റെ ... എന്‍റെ നെഞ്ചിന്‍ക്കൂടിനുള്ളില്‍ അതിനു തക്ക വണ്ണം അണയാത്ത ആഴിയുടെ സങ്കേതമുണ്ട്.....എത്ര വലിയ അഗ്നിയും അണയ്ക്കുവാന്‍ എന്‍റെ മനസ്സില്‍ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന വര്‍ഷങ്ങളോളം ദേശാടനം ഉപേക്ഷിച്ച മഴ മേഘങ്ങളുണ്ട്....പാപത്തിന്‍റെ ഭാണ്ഡം പേറിയ മഴ മേഘങ്ങള്‍....

പ്രീയപ്പെട്ട ചെറുപ്പക്കാരാ, ഒന്ന് ചോദിച്ചോട്ടെ....ജീവിതത്തിന്‍റെ ഈ അശാന്തമായ സായാഹ്നത്തില്‍ ഒരു കൂട്ടം യുദാസുകളുടെയും കുറെ നല്ല സ്വപങ്ങളുടെയും ജീര്‍ണ്ണിച്ച ശവമാടങ്ങള്‍ക്ക് കാവലിരിക്കുന്ന വൃദ്ധനായ ഈ ഭ്രാന്തന്‍ ആന്‍റോണിയോസിന്‍റെ അവസാന സ്പന്ദനങ്ങള്‍ക്ക് വേണ്ടിയാണോ നീ നിന്‍റെ കാതുകള്‍ വട്ടം പിടിക്കുന്നത്‌. എന്നേ നിലച്ചു എന്‍റെ സ്പന്ദനം.

എന്‍റെ കാതുകളില്‍ ഇന്ന് മൂര്‍നുവിന്‍റെ നിലക്കാത്ത സംഗീതമില്ല പക്ഷികളുടെ സംഗീതമില്ല മറിച്ച്‌ മരണ വെപ്രാളത്തോടെ കൈകാലിട്ടടിക്കുന്ന കുറെ മനുഷ്യരുടെ ഹൃദയം തകര്‍ക്കുന്ന ദീനരോദനങ്ങള്‍ മാത്രം. എന്‍റെ കണ്ണുകളില്‍ സ്വപ്നങ്ങളുടെ തിളക്കമോ, വര്‍ണ്ണമോ ഇല്ല...വായുവില്‍ അഹങ്കാരത്തോടെ വീശിയ കൈകളിലും ഭൂമിയില്‍ ഊക്കോടെ പതിച്ച കാലുകളിലും കാലം അടിച്ചേല്‍പ്പിച്ച പരാജയങ്ങളുടെ വിറയല്‍. മനസ്സില്‍ പെയ്യാന്‍ കൊതിക്കുന്ന പാപത്തിന്‍റെ നീരാവിയിലുണ്ടായ മഴ മേഘങ്ങള്‍...അവയ്ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇടിമിന്നലുകള്‍. ആമാശയത്തില്‍ കത്തിക്കാളുന്ന വിശപ്പില്ല...ഇന്ദ്രിയങ്ങള്‍ മരവിച്ചു..തോളിലും മുതുകിലും പാപഭാരത്തിന്‍റെ കനത്ത ഭാണ്ഡങ്ങള്‍...ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് ആന്‍റോണിയോസ്

തുടരും


മെറിന്‍റെ സുന്ദരമായ മുടിയിഴകള്‍ക്കുള്ളിലെ മാസ്മര ഗന്ധം ഇന്നതിനു പകരം പഴകിയ മൃതദേഹങ്ങളുടെയും രക്തത്തിന്‍റെയും ദുര്‍ഘന്ധം.

ചില സമയങ്ങളില്‍ എന്‍റെ മനസ് പ്രകൃതിയുടെ എനിക്കേറ്റവും സുന്ദരമെന്നു തോന്നുന്ന സന്ധ്യയുടെ ഇരുണ്ട കോണുകളിലേക്കും തെളിമയുള്ള സായന്തനങ്ങളിലേക്കും അജ്ഞാതമായ ശാന്തമായ താഴ്വരകളിലേക്കും മല നിരകള്‍ക്കിടയിലേക്കും വന്യമായ കാടിന്‍റെ ഇരുണ്ട ഉള്ളറകളിലെ മരം കോച്ചുന്ന തണുപ്പിലേക്കും അതിനുമപ്പുറം എനിക്ക് പോലുമറിയാത്ത അജ്ഞാതമായ എന്നാല്‍ എന്‍റെ മനസ്സിന് എത്താന്‍ കഴിയുന്നതും എന്നാല്‍ വര്‍ണ്ണിക്കുവാന്‍ കഴിയാത്തതുമായ ഏതൊക്കെയോ ലോകങ്ങളിലേക്ക് എന്നെ കൂട്ടികൊണ്ട് പോകാറുണ്ട്....ഞാനൊരു സ്വപ്ന ജീവിയാണെടോ....

ദൂരെ ആകാശ ചെരുവിലൂടെ പാറി നീങ്ങുന്ന മേഘപാളികളിലെവിടെയോ ആന്‍റോണിയോസിന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു. ആന്‍റോണിയോസ്...ഒരു സൂപര്‍ ഹ്യുമന്‍ ബീയിംഗ്. ആലോചിക്കുന്തോറും ഒന്നും പിടികിട്ടാത്ത ഒരവസ്ഥയിലേക്ക് നീങ്ങുകയാണ്. ഒരു പക്ഷെ ഞാനെന്‍റെ ദൌത്യം തന്നെ മറന്നു പോയ പോലെ.

ആന്‍റോണിയോസ് പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അര്‍ത്ഥമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍. രാവേറെ ചെന്നപ്പോള്‍ ഞാന്‍ ബോധത്തില്‍ നിന്നും അബോധത്തിലേക്ക് വഴുതി മാറിയ ഏതോ നിമിഷത്തില്‍ എന്‍റെ മുന്നില്‍ നിന്നും അയാള്‍ എഴുന്നേറ്റു പോയിരിക്കാം. കണ്ണ് തുറക്കുമ്പോള്‍ മുന്നില്‍ ആന്‍റോണിയോസില്ലായിരുന്നു. നെരിപ്പോടില്‍ തീയുണ്ടായിരുന്നെങ്കിലും തണുപ്പിന്‍റെ കാഠിന്യം കുറക്കുവാനും മാത്രം ഇല്ലായിരുന്നു. രാത്രി കറുപ്പിന്‍റെ മുഖം കാട്ടി മഴയത്ത്.....

ആ വലിയ മുറിയുടെ അങ്ങേയറ്റത്ത് ആടിയുലഞ്ഞൊരു മെഴുകുതിരി..നീണ്ടു ഞാന്നു കിടക്കുന്ന ചുവന്ന ജാലക വിരികള്‍ക്ക് പിന്നില്‍ ആരോ പതിയിരിക്കുന്ന പോലെ...എത്ര ഭയാനകമാണ് ഈ ബംഗ്ലാവ്.

നീണ്ട കറുത്ത കോട്ടിനുള്ളിലെ ചുക്കി ചുളിഞ്ഞ രൂപം. കണ്ടാല്‍ അറപ്പ് തോന്നുന്ന മുഖം. ഇനിയും ചുളിവുകള്‍ വീഴുവാന്‍ ആ മുഖത്ത് ഇടമില്ലായിരുന്നു. കരുത്തിരുണ്ട ശരീരം. ഉയര്‍ന്ന നാസിക, വീതിയേറിയ നെറ്റിത്തടം. കണ്ണുകള്‍ ഉള്ളിലേക്കാഴ്ന്നിറങ്ങി പുരികങ്ങള്‍ ഉയര്‍ന്നു പൊങ്ങി വളഞ്ഞിരിക്കുന്നു.പുരികത്തിലെ രോമങ്ങള്‍ താഴോട്ടു വളര്‍ന്നു തൂങ്ങിയിരുന്നു. രോമാവൃതമായ ശരീരം ചെറുപാമ്പുകളെ ഓര്‍മ്മിപ്പിക്കും വിധമുള്ള വിരലുകള്‍ നഖം വെട്ടിയിട്ട് വര്‍ഷങ്ങള്‍ തന്നെയായി എന്ന് തോന്നുന്നു.

ഏന്തിവലിഞ്ഞതെങ്കിലും ദൃഡമായ നടത്തം. ആ കണ്ണുകളിലേക്കധികം നോക്കാന്‍ പറ്റുമായിരുന്നില്ല അത്ര മാത്രം തീക്ഷണതയുണ്ടായിരുന്നു ആ കണ്ണുകള്‍ക്ക്‌.നിഘൂഡമായ മുഖഭാവമായിരുന്നു അയാളുടേത് മൊത്തത്തില്‍ ഭീതി തോന്നും വിധമുള്ള ഒരു രൂപം. ഭീമാകാരമായ ആ കോവണിപ്പടി കയറി ഞാന്‍ മുറിയിലേക്ക് പോകുമ്പോള്‍ നെരിപ്പോടിലെ ചാരത്തിനടിയിലെ തീക്കനല്‍ ചുവപ്പ് കണ്ണുരുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു.

പുറത്ത് ചാറ്റല്‍ മഴ. വെറുതെ നനയാന്‍ കൊതിപ്പിക്കുന്ന അലസയായ മഴ പെയ്യ്തുകൊണ്ടെയിരുന്നു. തുറന്നു കിടക്കുന്ന ജനാലകളും വാതിലുകളും....തണുപ്പിന്‍റെ കൈകള്‍ക്ക് കരുത്തേറികൊണ്ടിരുന്നു. പുറത്ത് പെയ്യുന്ന മഴയുടെ താളം.... ബംഗ്ലാവിനു മുന്നിലെ അരുവിക്ക്‌ കുറുകെയുള്ള മരപ്പാലത്തിന്‍റെ ഗേറ്റ് തുറന്നു കിടക്കുന്നു. ബംഗ്ലാവിന്‍റെ പ്രധാന വാതിലിനരികില്‍ വള്ളിച്ചെടികള്‍ പടര്‍ന്നു കയറിയ ഒരു കുറ്റിയില്‍ തൂക്കിയിട്ടിരുന്ന പലകയില്‍ എഴുതിയിരുന്ന വിചിത്രമായ വാക്യങ്ങള്‍...കാലത്തിന്‍റെ കൈകള്‍ അതിലെ അക്ഷരങ്ങളെ വികൃതമാക്കിയിരുന്നു എങ്കിലും വായിക്കുവാന്‍ പറ്റുമായിരുന്നു.

"ദൈവത്തിന്‍റെ പരിചാരകരും സത്യത്തിന്‍റെ കാവല്‍ക്കാരും ഇതിലെ കടന്നു വരരുത്.
പിശാചിന്‍റെ സന്തതികള്‍ക്കും അസത്യത്തിന്‍റെ പോരാളികള്‍ക്കും സ്വാഗതം"

എബേല്‍ എന്തൊക്കെയോ ആലോചിച്ചവിടെ നിന്നതിനു ശേഷം മരപ്പാലത്തിലൂടെ വെറുതെ നടന്നു. അതിമനോഹരമായ ഈ കാട്ടുചോലക്കരികില്‍ മരം കൊണ്ട് നിര്‍മ്മിച്ച ഒരു പാഴ്സണ്‍ ഷാതോ പോലെ മനോഹരമായ ഈ ബംഗ്ലാവിനു മുന്നില്‍ ഒരിക്കലും പാടില്ലാത്ത വാക്കുകള്‍. എന്തായിരിക്കും ആന്‍റോണിയോ എന്ന ഈ വിചിത്ര മനുഷ്യന്‍ ഇത് പോലെയൊക്കെ എഴുതി വെക്കുവാന്‍ കാരണം. പാലത്തിന് താഴെ അരയന്നങ്ങള്‍ പോലെ നീണ്ട കഴുത്തുള്ള പക്ഷികള്‍ നീന്തിത്തുടിക്കുന്നു. അരുവിയെന്നു പറയാമെങ്കിലും നല്ല വീതിയുള്ള ഒരു പുഴ തന്നെയാണ്. ഉദിച്ചുയരുന്ന സൂര്യ കിരണങ്ങള്‍ തട്ടി ജലം വെള്ളി പോലെ തിളങ്ങി...ചിറകടിച്ചുയരുന്ന പക്ഷികളുടെ ചിറകില്‍ നിന്നും തെറിക്കുന്ന വെള്ളത്തുള്ളികള്‍ പൂത്തിരികത്തിയ പോലെ തോന്നിപ്പിച്ചു. ഇരു കരകളിലും നില്‍ക്കുന്ന ഇരുണ്ട കാടിന്‍റെ അരുവിയോടോരം ചേര്‍ന്ന് നില്‍ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ പുഴയില്‍ മുത്തമിട്ടു നിന്ന്. തണുപ്പും, ചാറ്റല്‍ മഴയും പിന്നെ പിശറന്‍ കാറ്റും...നല്ല തണുപ്പ് തോന്നിയപ്പോള്‍ എബേല്‍ തിരികെ ബംഗ്ലാവിലേക്ക് നടന്നു.

പേരറിയാത്ത ഏതൊക്കെയോ പക്ഷികളുടെ സ്വരം. വെയിലും മഴയും തണുത്ത കാറ്റും.............
അന്നും പകല്‍ എങ്ങിനെയോ കടന്നു പോയി. എബേല്‍ എന്തൊക്കെയോ എഴുതിയും വെട്ടിക്കളഞ്ഞും ഒക്കെ കഴിച്ചുക്കൂട്ടി. പതിവ് പോലെ സന്ധ്യ വന്നു. മഴ അപ്പോഴും നിര്‍ത്താതെ പെയ്യ്തു കൊണ്ടിരുന്നു. ആന്‍റോണിയോസ് ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യന്‍. ഒരു തത്വജ്ഞാനിയെപോലെ അല്ലെങ്കില്‍ ഒരു ഭ്രാന്തനെ പോലെ...എന്തൊക്കെയോ പറയുന്നു. മുഖത്ത് കാര്യമായ ഭാവമാറ്റങ്ങളൊന്നും കൂടാതെ ഇരുന്ന ഇരുപ്പില്‍ മണിക്കൂറുകളോളം സംസാരിക്കും. ഇടയ്ക്കു നിര്‍ത്തും. പിന്നെ ഇരുട്ടിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇമ വെട്ടാതെ നോക്കിയിരിക്കും. നീണ്ട നിശബ്ദത.....പിന്നെ അങ്ങ് ഗുഹക്കുള്ളിലെവിടെയോ നിന്നോ അല്ലെങ്കില്‍ യുഗാന്തരങ്ങല്‍ക്കപ്പുറത്ത് നിന്നോ മറ്റോ ഒഴുകി വരുന്ന ശബ്ദം പോലെ ഒരു ചിലമ്പിച്ച സ്വരം.

പുറത്തെ ഇരുട്ടിനു ഖനം കൂടിയിരുന്നു. എന്തോ ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. ആന്‍റോണിയോസ്സെന്ന മനുഷ്യന്‍റെ ജീവിതത്തിലേക്ക് അനാവശ്യമായി ഞാന്‍ കടന്നു വന്നത് പോലെ തോന്നുന്നു. മനസ്സിന്‍റെ അജ്ഞാതമായ ആഴങ്ങളിലെവിടെയോ വേദനയുടെ ഒരു തണുത്ത ചീള്. ഇത് വരെ നനയാത്ത കണ്ണുകളില്‍ വെറുതെ രണ്ടു കണ്ണുനീര്‍ തുള്ളികള്‍. വിശാലമായ് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പെഷ്രൂ മരത്തിന്‍റെ തൂവല്‍ പോലുള്ള ഇലകളില്‍ നിന്നുമടരുന്ന മഞ്ഞു തുള്ളികള്‍ ചെറിയ പുല്‍നാമ്പുകള്‍ ഏറ്റുവാങ്ങുന്നു. ആ ദുഃഖം ഭൂമിയുടെ നെഞ്ചിലേക്കും അത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്. വലിയവനായ ആന്‍റോണിയോയുടെ ദുഃഖം പുല്‍ക്കൊടിയോളം ചെറുതായ
ഞാന്‍ ഏറ്റു വാങ്ങുന്നു എന്‍റെ ദുഃഖം ഏറ്റുവാങ്ങുവാന്‍ കാല്‍ക്കീഴില്‍ ഭൂമിയുണ്ടായിരുന്നു?

പകലുകളെ എന്തു കൊണ്ടോ എനിക്ക് വെറുപ്പായി തുടങ്ങിയിരിക്കുന്നു. അനര്‍ത്ഥങ്ങള്‍ ഏറെയും നടക്കുക ഇരുട്ടിലാണല്ലോ? ആന്‍റോണിയോയുടെ കഥാബീജം എന്‍റെ മനസ്സില്‍ സംഘര്‍ഷമുണ്ടാക്കിയിരിക്കുന്നു. ആന്‍റോണിയോയുടെ പടുക്കൂറ്റന്‍ ബംഗ്ലാവിന്‍റെ മുകളിലത്തെ മുറിയില്‍ ഞാന്‍ ഒതുങ്ങിക്കൂടി പേനയും പേപ്പറുമായി യുദ്ധം ചെയ്യ്തു, വെട്ടിയും തിരുത്തിയും പിന്നെയും വെട്ടിയും തിരുത്തിയും. കാലത്തിന്‍റെ നിയോഗം പോലെ എങ്ങിനെയോ ഇവിടെ എത്തിച്ചേര്‍ന്നു. ഒരു പാട് ആലോചിക്കണ്ട
കാരണം കുറെയധികം ആലോചിച്ചാല്‍ കുറെയേറെ മനസ്സിലാകും, കുറെയധികം മനസ്സിലാക്കിയാല്‍ ഒന്നും മനസ്സിലാവില്ല ആ ഒരവസ്ഥയില്‍ ഒന്നിനും
ജീവനില്ലാതെയിരിക്കുകയാണ് വേണ്ടത്. അത് കൊണ്ട് ഞാനീ കഥാപാത്രത്തോട് നീതിപുലര്‍ത്തേണ്ടിയിരിക്കുന്നു. ഒരു സാധാരണക്കാരന്‍റെ മനസ്സോടെ ആന്‍റോണിയോസിന് ഞാന്‍ പുതിയൊരു മുഖച്ഛായ നല്‍കും.

പകലുകളില്‍ ആന്‍റോണിയോസ് എന്തു ചെയ്യുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. എന്തിനധികം ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും എനിക്കിപ്പോഴും ആ ബംഗ്ലാവും
പൈശാചിക പരിവേഷമുള്ള ആ വൃദ്ധനും എല്ലാം ഒരു സ്വപ്നദൃശ്യം പോലെ തന്നെ. ആളും അനക്കവും ഒന്നുമില്ലാത്തോരിടം. സമയാസമയങ്ങളില്‍ ഭക്ഷണ പാത്രങ്ങള്‍ എന്‍റെ മുന്നില്‍ നിരന്നിരുന്നു. ഒരു തരം നിഗൂഡ ഭാവക്കാരനായിരുന്നു കുശിനിക്കാരന്‍. കണ്ടാല്‍ നമുക്കയാളോട് സംസാരിക്കുവാന്‍ തോന്നുമായിരുന്നില്ല. എങ്കിലും ഒരിക്കല്‍ ഞാന്‍ അയാളോട് ചോദിച്ചു.

"എന്താ പേര്"

ഒന്നുമുരിയാടാതെ കേട്ടഭാവം പോലും നടിക്കാതെ അയാള്‍ ഭക്ഷണ പാത്രങ്ങള്‍ നിരത്തുന്നതില്‍ മുഴുകി കൊണ്ടിരുന്നു. ധൃതി പിടിക്കാതെ ചിട്ടയോടെ അയാള്‍ ഓരോന്നും ചെയ്യ്തു കഴിഞ്ഞപ്പോള്‍ കുറച്ചു നിമിഷങ്ങളെടുത്തു. അതിനു ശേഷം മുഖത്ത് നോക്കാതെ അയാള്‍ സാവധാനം പറഞ്ഞു

"സ്കാറ്റ്മാന്‍" വല്ലാതെ പതിഞ്ഞ ഒരു സ്വരമായിരുന്നു അയാളുടേത്.

ഉച്ച നേരമായിട്ടും മുറിയില്‍ കാര്യമായ വെളിച്ചമില്ലായിരുന്നു. പുറത്തും അങ്ങിനെ തന്നെയായിരുന്നു. നിറയെ ജനലുകളുണ്ടായിരുന്നെങ്കിലും പുറത്ത് നില്‍ക്കുന്ന വന്‍ വൃക്ഷം ഉള്ളിലേക്ക് സൂര്യപ്രകാശം കടത്തി വിടുമായിരുന്നില്ല. പഴകിയ നിറം മങ്ങിയ ജാലക വിരികള്‍ക്കിടയിലൂടെ വെളിച്ചം അരിച്ചു വീഴുന്നുണ്ടായിരുന്നു. ആ ഇത്തിരി വെട്ടത്തില്‍ ആ മനുഷ്യന്‍റെ മുഖം ചെറുതായിട്ട് കാണാം. ഉയരം കുറഞ്ഞ് കുറിയനായ ഒരു മനുഷ്യന്‍.നല്ല വണ്ണമുണ്ട്. ഏകദേശം അറുപത്തിയഞ്ചിനോടടുത്ത പ്രായം. തലയില്‍ നീളന്‍ തൊപ്പി. ആന്‍റോണിയോസിനെ പോലെതന്നെ ഒരു നീളന്‍ ഗൌണായിരുന്നു അയാളുടെയും വേഷം. കാലുകളില്‍ പഴകിയതെങ്കിലും തണുപ്പിനെ വെല്ലാന്‍ തക്ക
ശേഷിയുള്ള ഉറപ്പുള്ള ഷൂസുകള്‍ ധരിച്ചിരിന്നു. മുഖത്തൊരു തരം നിര്‍ജ്ജീവഭാവം. അയാള്‍ വിളമ്പിയ ഭക്ഷണങ്ങളുടെ മനം നാസാരന്ധ്രങ്ങളിലേക്ക് തുളഞ്ഞു കയറി. പാത്രങ്ങളില്‍ നിന്നും ആവി പൊങ്ങുന്നുണ്ടായിരുന്നു.
ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്കാറ്റ്മാന്‍ എന്‍റെ പിന്നില്ലൂടെ സാവധാനം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. മരം കൊണ്ടുണ്ടാക്കിയ തറയില്‍ അയാളുടെ ഷൂസുകള്‍ പതിക്കുന്ന ശബ്ദം ഞാനളന്നു. ഭക്ഷണത്തിനിടയില്‍ ഞാനത് എണ്ണുന്നുണ്ടായിരുന്നു.. ഒരു തവണ ആ മുറിയുടെ ഇങ്ങേത്തലക്കല്‍ നിന്നും മറ്റേ അറ്റം വരെ നടക്കുവാന്‍ അയാള്‍ക്ക്‌ നാല്‍പ്പത്തിരണ്ടു പാദങ്ങള്‍ വേണ്ടിയിരുന്നു. സ്കാറ്റ്മാന്‍റെ ഷൂസിന്‍റെ ശബ്ദവും എന്‍റെ കത്തിയുടെയും ഫോര്‍ക്കിന്‍റെ ശബ്ദവും ഒരു പ്രത്യേക താളത്തില്‍ ആ മുറിയില്‍ കേള്‍ക്കാമായിരുന്നു.

"എന്‍റെ പേര് എബേല്‍" ഞാന്‍ സാവധാനം പറഞ്ഞു. അയാള്‍ യാതൊന്നും പ്രതികരിക്കാതെ നടത്തം തുടര്‍ന്നു. ഇടയ്ക്ക് അയാള്‍ വന്നു കുറച്ചു വറുത്ത ഇറച്ചി കഷണങ്ങള്‍ എന്‍റെ പ്ലേറ്റിലേക്ക് നീക്കിയിട്ട്‌ തന്നു. വീണ്ടും നടത്തം തുടര്‍ന്നു.

"ഒരു എഴുത്തുകാരനാണ്..........കുറച്ചു നാള്‍ ഇവിടുണ്ടാകും" അപ്പോള്‍ ഷൂസിന്‍റെ ശബ്ദം കേള്‍ക്കാതെയായി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ നടത്തം നിര്‍ത്തി ജാലകവിരികള്‍ക്കിടയിലൂടെ ഉച്ചയുറക്കത്തിന്‍റെ ആലസ്യത്തില്‍ നില്‍ക്കുന്ന താഴ്വാരത്തെക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു. ഞാന്‍ വീണ്ടും ഭക്ഷണത്തിലേക്കു തിരിഞ്ഞു. പിന്നെ കുറെ നേരത്തേക്ക് ഫോര്‍ക്കും കത്തിയും പിഞ്ഞാന്‍ പാത്രവും തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദം മാത്രം. ഞാന്‍ കൈ വൃത്തിയാക്കുവാന്‍ നീങ്ങുമ്പോള്‍ അയാള്‍ തിടുക്കത്തില്‍ പാത്രങ്ങളെടുക്കുകയായിരുന്നു. പിന്നെ ഇടനാഴിയുടെ അറ്റത്തുള്ള ഗോവണിപ്പടികളില്‍ അയാളുടെ ഷൂസിന്‍റെ ശബ്ദം ഇല്ലാതെയായി. ടേബിളിന്‍റെ അറ്റത്തു ടവ്വല്‍ ഇട്ടിട്ടുണ്ടായിരുന്നു അതിനു നല്ല സുഘന്ധമുണ്ടായിരുന്നു.

പുറത്തുള്ള വടവൃക്ഷത്തിന്‍റെ ചില്ലകള്‍ ചെറുകാറ്റത്ത് മെല്ലെ ഇളകുന്നു. കൊത്തുപനികളോട് കൂടിയ കട്ടിലില്‍ മലര്‍ന്നു കിടന്നു ഞാന മുറിയാകെ ഒന്ന് നിരീക്ഷിച്ചു. മച്ചില്‍ നിറയെ ചിത്രപ്പണികളായിരുന്നു. കാലപ്പഴക്കത്തില്‍ പലതിന്‍റെയും ശോഭ മങ്ങിയെങ്കിലും അതിന്‍റെയൊക്കെ ഗാംഭീര്യം ത്രസിച്ചു നിന്ന്. മുറിയുടെ നാല് മൂലകളിലും ഒരാള്‍പ്പൊക്കത്തിലുള്ള പൂര്‍ണ്ണ നഗ്നരായ സ്ത്രീകളുടെ അംഗലാവണ്യം ത്രസിച്ചു നില്‍ക്കുന്ന ദാരുശില്‍പ്പങ്ങള്‍. ദന്തത്തില്‍ തീര്‍ത്ത മറ്റനേകം കരകൌശല വസ്തുക്കള്‍ ചുവരിനോട് ചേര്‍ന്നുള്ള അലമാരിയില്‍ പൊടി പിടിച്ചു കിടക്കുന്നു. കിഴക്ക് വശത്തെ ചുവരില്‍ നിറം മങ്ങിയതെങ്കിലും മനോഹരമായ ചിത്രകല. അതിനൊക്കെ വിപരീതമായി കയറിവരുന്ന വാതിലിനു മുകളില്‍ ഒരു കാട്ടുപ്പോത്തിന്‍റെ തല സ്റ്റാഫ്‌ ചെയ്യ്തു വച്ചിരിക്കുന്നു. മനസ്സിലേക്ക് വീണ്ടു സ്കാറ്റ്മാന്‍ കടന്നു വന്നു. ഒരു പക്ഷെ
ആന്‍റോണിയോസ് ഇയാളെ ഇത്തരത്തിലാക്കിയതാകുമോ? ആന്‍റോണിയോസിനെ പോലെ മറ്റൊരു കടങ്കഥ. ഒരു വേള ആന്‍റോണിയോസിന്‍റെ ജീവിത കഥ മുഴുവന്‍
ഇയാള്‍ക്കറിയുമായിരിക്കും. ഒരുന്നും ആലോചിച്ചു കിടക്കവേ എബേല്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. വൈകുന്നേരമുണരുമ്പോള്‍ മേശപ്പുറത്തു ആവിപറക്കുന്ന ചായയും അതിനടുത്ത് ഒരു കുറിപ്പും ഉണ്ടായിരുന്നു.ഞാന്‍ കപ്പിലേക്ക് ചായ പകര്‍ത്തുന്നതിനിടയില്‍ ആ കുറിപ്പ് വായിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു. "അത്താഴത്തിനു ശേഷം ഹാളില്‍ തമ്മില്‍ കാണാം" അക്ഷരങ്ങള്‍ക്ക് തീര്‍ത്തും വടിവില്ലായിരിന്നു. വിറയാര്‍ന്ന വിരലുകള്‍ കൊണ്ടെഴുതിയ പോലെ. നല്ല രുചിയുള്ള ചായ ഞാന്‍ സാവധാനം മൊത്തി കുടിച്ചു. അതിനുശേഷം മെല്ലെ പടികളിറങ്ങി താഴെ വന്നു. പാലത്തിനപ്പുറം അരുവിയോടോരം ചേര്‍ന്നുള്ള വലിയ വൃക്ഷത്തിന്‍റെ ചുവട്ടില്‍ എന്‍റെ സ്റ്റേഷന്‍ വാഗണ്‍ കിടപ്പുണ്ടായിരുന്നു.

പൂര്‍ണ്ണം


ഊഴിയിലേക്കൊരു ജന്മം തേടി
എന്നോ ഒരു നാള്‍ ഞാനൊലിച്ചിറങ്ങുമ്പോള്‍
വേദനയുടെ സീമകള്‍ താണ്ടിയോരമ്മതന്‍
ആശ്വാസത്തിന്‍റെ, നിര്‍വൃതിയുടെ തേങ്ങലുകളൊടുങ്ങുന്നത് ഞാന്‍ കേട്ടു.

സ്നേഹത്തിന്‍റെ മഞ്ഞിന്‍ നനവുള്ള ആദ്യാക്ഷരങ്ങള്‍
ചേര്‍ത്തുഞാനമ്മേയെന്നാദ്യം വിളിച്ചപ്പോള്‍
അമ്മതന്‍ മിഴികള്‍ തെല്ലൊന്ന് വിടര്‍ന്ന്
പിന്നെ സന്തോഷത്താല്‍ പ്രശോഭിതമായ് രണ്ടുനീര്‍ തുള്ളികള്‍ മെല്ലെ താഴേക്കു ചാലുകീറുന്നതും

എന്‍റെ മൂര്‍ദ്ധാവിലമ്മ പൊന്മകളെയെന്നമര്‍ത്തി അധരങ്ങള്‍ ചേര്‍ത്ത്
തേങ്ങലില്‍ വാക്കുകള്‍ നഷ്ട്ടപ്പെടുമ്പോള്‍
പകരം കണ്ണിലെ കൌതുകം തെല്ലും കുറയാതെ
പാല്‍ മണമുള്ളോരു പൂംപുഞ്ചിരി ഞാനമ്മക്കര്‍പ്പിച്ചതും

പിന്നെയാ പാദങ്ങള്‍ നമിച്ചാവിരല്‍ തുമ്പില്‍ തൂങ്ങി
കൌതുകങ്ങളൊക്കെയും കണ്ണില്‍ നിറച്ച്
നാള്‍ വഴികളൊക്കെയും താണ്ടിയതും
ഓര്‍മ്മയില്‍ നനവ്‌ പടര്‍ത്തുന്നു

അമ്മതന്‍ താരാട്ടില്‍ മെല്ലെ കൂമ്പിയടയുന്ന മിഴികള്‍ക്ക് പിന്നില്‍
തുറക്കുന്ന അകക്കണ്ണിലെന്നും താരകളും മാലാഖമാരും വിരുന്നിന്നെത്തിയിരുന്നതന്ന്
എന്നോ പെയ്യ്തൊരു രാത്രിമഴയില്‍ വര്‍ണ്ണങ്ങളൊക്കെയും ഒലിച്ചുപ്പോയെന്നാലും
നക്ഷത്രകണ്ണുള്ള രാജകുമാരന്‍റെ ചിത്രം ഓര്‍മ്മയിലെന്നും....

അവന്‍റെ മുരളിയൊഴുക്കിയ മൃദുഗാനത്തിലെന്നും
മഞ്ഞിന്‍ നനവുള്ള പ്രേമാര്‍ദ്രതയുണ്ടായിരുന്നു
അവന്‍റെ സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ അനശ്വര മന്ത്രങ്ങള്‍
എന്‍റെ ഏകാന്ത രാവുകളില്‍ അമ്മയുടെ താരാട്ട് പോലെയെന്നെ തഴുകിയുറക്കി

അമ്മേയിപൊന്മകളെന്നുമൊരു തളിരിളം പൂവായ്
അമ്മതന്‍ മിഴിയില്‍ വിടര്‍ന്നൊരു പൂവായ്...
ഊഴിയെലെക്കൊരു ജന്മം തേടി എന്‍റെ യാത്ര തുടരട്ടെ
എന്‍റെ പൂര്‍ണ്ണതയിലേക്കുള്ള തീര്‍ഥയാത്ര....

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ലണ്ടന്‍ മലയാള സാഹിത്യ വേദിയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം

വേദിയില്‍ സന്നിഹിതരായിട്ടുള്ള (പേരുകള്‍) ഇവിടെ കൂടിയിരിക്കുന്ന സാഹിത്യ പ്രേമികളെ.

ആത്മാവില്‍ മുട്ടിവിളിച്ച്‌ സ്നേഹാതുരമായ് തൊട്ടുരിയാടിയ ജ്ഞാനപീഠ ജേതാവായ ശ്രീ. ഓ.എന്‍.വി ക്ക് ഞാന്‍ ആശംസകളര്‍പ്പിക്കുന്നു.

ലണ്ടന്‍ മലയാള സാഹിത്യ വേദിയൊരുക്കിയ ഈ സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ എന്നെ സ്നേഹത്തോടെ ക്ഷണിച്ച സാഹിത്യ വേദിയുടെ ഊര്‍ജ്ജമായ റെജി നന്തിക്കാടിനോടും മറ്റു പ്രവര്‍ത്തകരോടും ഞാനെന്‍റെ നന്ദി അറിയിക്കുന്നു.

ശ്രീ സുകുമാര്‍ അഴീക്കോടിനെ പോലെ പ്രസംഗ കലയിലോ പ്രസംഗിച്ചു കയ്യടി വാങ്ങുന്ന കലയിലോ യാതൊരു പ്രവീണ്യവുമില്ലാത്ത ഒരാളാണ് ഞാന്‍. എങ്കിലും കലയുമായി ബന്ധപ്പെട്ട എന്തിനോടും ഏതിനോടും ഉള്ള പ്രണയമാണ് ഇവിടെ വന്നു നില്‍ക്കുവാന്‍എന്നെ പ്രേരിപ്പിച്ചത്.

മലയാള ഭാഷ മരിക്കുന്നു എന്ന് പല കോണുകളില്‍ നിന്ന് വിലാപങ്ങള്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് വളരെക്കാലായ്. ഇപ്പോള്‍ പ്രവാസിയായി ബ്രിട്ടീഷുകാരന്‍റെ ഈ മണ്ണില്‍ മലയാളം സംസാരിക്കുവാന്‍ വിമുഖത കാണിക്കുന്ന മലയാളികളുള്ള ഈ മണ്ണില്‍ അല്ലെങ്കില്‍ മക്കളെ സായിപ്പന്മാരാക്കി വളര്‍ത്തുവാന്‍ വെമ്പല്‍ കൊള്ളുന്ന, ഗൃഹാതുരത്വം വെറുതെ അഭിനയിക്കുന്ന മലയാളികളുള്ള ഈ മണ്ണില്‍ മലയാള സാഹിത്യ വേദിയെന്ന അക്ഷരങ്ങളെ സ്നേഹിക്കുന്ന ഈ കൂട്ടായ്മക്ക് പ്രസക്തിയേറുന്നു. അതിന്‍റെ ഭാഗമായി മാറുവാനും അതിന്‍റെ പ്രഥമ സാഹിത്യ മത്സരത്തില്‍ മികച്ച രണ്ടാമത്തെ കഥക്കുള്ള അവാര്‍ഡ്‌ "ഒരു കലാകാരന്‍റെ പട്ടട" എന്ന എന്‍റെ കഥക്ക് ലഭിച്ചതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്.

മലയാള സാഹിത്യ വേദിയെന്ന ഈ സംഘടന എഴുത്തിന്‍റെ വഴിയെ നടക്കുന്ന പുതു തലമുറയിലെ എഴുത്തുക്കാര്‍ക്ക് ഒരു മികച്ച തട്ടകമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം അക്ഷരങ്ങളുടെ ലോകത്തെ മാടമ്പിമാരായ ചില പ്രമുഖര്‍ പുതു നാമ്പുകള്‍ വളര്‍ന്നു വരുമ്പോള്‍, അസഹിഷ്ണുതയോടെ അവരെ വീക്ഷിക്കുന്നത് കാണുമ്പോള്‍ അവരെ സംരക്ഷിക്കുവാനും അവര്‍ക്ക് വേണ്ട സാഹചര്യമൊരുക്കുവാനും റെജി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്ത് കൊണ്ടും പ്രശംസ അര്‍ഹിക്കുന്നു.

ഐ.ടി അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ക്യാരക്ടര്‍ അനിമേഷന്‍ അല്ലെങ്കില്‍ ടു ഡി അനിമേഷന്‍ സാങ്കേതിക വിദ്യ, സംഗീതം, ശില്പ നിര്‍മ്മാണം, സിനിമ സംവിധാനം തുടങ്ങി പല മേഖലകളില്‍ ഒരേ സമയം ജോലി ചെയ്യ്തിട്ടുള്ള ആളാണ്‌ ഞാന്‍. ഞാന്‍ സംവിധാനം ചെയ്യ്ത ചില സിനമകള്‍ക്ക് അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. അത് പോലെ ശില്പ്പങ്ങള്‍ക്കും. സാഹിത്യ മേഖലയില്‍ ഇതാദ്യത്തെ അവാര്‍ഡാണ്. ഈ പറഞ്ഞതൊക്കെയും എനിക്ക് കിട്ടിയ അവാര്‍ഡുകളെ പറ്റി നിങ്ങളെ അറിയിക്കുവാന്‍ വേണ്ടിയിട്ടല്ല മറിച്ച് മറ്റൊരു കാര്യം ചര്‍ച്ച ചെയ്യുവാന്‍ വേണ്ടിയാണ്. എല്ലാ മേഖലകളിലും അര്‍ഹതയില്ലാത്ത പലരും വാചകമടി കൊണ്ടും രാഷ്ട്രീയ പിന്‍ബലം കൊണ്ടും ആളുകളാകുന്നുണ്ട് പ്രത്യേകിച്ച് സാഹിത്യത്തില്‍ അത് കലാദേവിയെ വൃതശുദ്ധിയോടെ ഉപാസിക്കുന്ന, ഒരു ജന്മം മുഴുവനും അക്ഷരങ്ങളെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുകയും ലോകത്തെ ബുദ്ധിപൂര്‍വ്വം ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും, വികാരപരവശരാക്കുകയും ചെയ്യ്ത അനേകമനേകം സാഹിത്യകാരന്മാരോടുള്ള അവഹേളനമാണ്. ഇത്തരക്കര്‍ക്കുള്ള കണിശമായ മറുപടിയായി മാറണം മലയാള സാഹിത്യ വേദിയും അതിന്‍റെ പ്രവര്‍ത്തനങ്ങളും. എന്‍റെ വ്യക്തിപരമായ കഴിവുകള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച മാടമ്പി വര്‍ഗ്ഗം വല്ലാതെ അവഗണിച്ചിട്ടുണ്ട് അപ്പോഴൊക്കെ ഞാന്‍ വേദനിച്ചിട്ടുണ്ട് എങ്കിലും എന്‍റെ ശ്രമങ്ങള്‍ ഞാന്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. എന്നെപ്പോലെയുള്ളവര്‍ക്ക് എന്തെങ്കിലും പുരസ്ക്കാരമോ അംഗീകാരമോ ലഭിച്ചാല്‍ അത് തങ്ങളുടെ ബെനവലന്‍സ് - ഭിക്ഷയാണെന്ന് വരുത്തി തീര്‍ക്കുവാന്‍ പ്രമുഖരെന്നു പറഞ്ഞു നടക്കുന്ന ചിലരെങ്കിലും ശ്രമിക്കുന്നത് ഖേദകരമാണ്. ലണ്ടന്‍ മലയാള സാഹിത്യ വേദി പോലെയുള്ള മാടമ്പി പാരമ്പര്യമില്ലാത്ത സംഘടനകള്‍ ഉണ്ടാവേണ്ടത്, പ്രത്യേകിച്ചു പ്രവാസി ലോകത്ത് എന്നെ പോലെയുള്ളവര്‍ക്ക് ചെറുതല്ലാത്ത പ്രോത്സാഹനവും പ്രതീക്ഷയുമാണ് നല്‍കുന്നത്.

ഇന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നമ്മള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന അവസരങ്ങളും സാഹചര്യങ്ങളും അനന്തമാണ്. അതില്‍ പ്രധാനമായും ബ്ലോഗ്‌ എന്ന പുതിയ കാലത്തിന്‍റെ മാധ്യമം മാറ്റത്തിന്‍റെ കൊടുങ്കാറ്റായ് മാറുകയാണ്. അക്ഷരമറിയാവുന്ന ആര്‍ക്കും തങ്ങളുടെ സൃഷ്ട്ടികള്‍ പുറം ലോകത്തെ അറിയിക്കുവാന്‍ ഏറ്റവും എളുപ്പമുള്ള ഉപാധിയാണ്. പ്രവാസി ലോകത്താദ്യമായി അടുത്തയിടെ ലണ്ടനിലെ ബ്ലോഗ്ഗര്‍മാര്‍ രണ്ടു തവണ ഒത്തുകൂടുകയുണ്ടായി. യു. കെ യുടെ പല ഭാഗത്ത് നിന്നായി ബ്ലോഗ്ഗര്‍മാര്‍ കോവന്ട്രിയില്‍ ശ്രീ ഓ.എന്‍.വി കുറുപ്പിനെ അനുമോദിക്കുവാന്‍ ശ്രീ മുരളി മുകുന്ദന്‍റെ നേതൃത്വത്തില്‍ കൂടിയിരുന്നു. അന്ന് ബ്ലോഗിന്‍റെ സാധ്യതകളെക്കുറിച്ചും അതിലൂടെ എങ്ങനെ കലയും സാഹിത്യവും കൂടുതല്‍ ജനകീയമാക്കാമെന്നും ചര്‍ച്ച ചെയ്യപ്പെട്ടു. ശ്രീ മുരളി മുകുന്ദനെയും, റെജി നന്തിക്കാട്ടിനെയും പ്പോലെയുള്ളവര്‍ വിരസമായതും തിരക്കേറിയതുമായ പ്രവാസ ലോകത്തെ ജീവിതത്തിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്നത് അവഗണിക്കാവുന്നതല്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ മാനിക്കപ്പെടുന്നത് നമ്മള്‍ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുമ്പോഴാണ്. അതിനിനിയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌.

ജാതിയും മതവും നോക്കി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് അത് എന്തിന്‍റെ പേരിലായാലും അംഗീകരിക്കുവാനാകാത്ത ഒന്നാണ്. അടുത്തയിടെ ഉണ്ടായ ചില അനുഭവങ്ങളാണ് എന്നെ ഇങ്ങനെ പറയുവാന്‍ പ്രേരിപ്പിച്ചത്. കലയും സാഹിത്യവും ജാതി മത വര്‍ഗ്ഗഭേധങ്ങള്‍ക്കകലെയാണ് അവിടെ എങ്കിലും ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതിരിക്കുന്നത് സമ്മോഹനങ്ങളായ പുതിയ സൃഷ്ട്ടികളുണ്ടാകുവാന്‍ വലിയ തോതില്‍ സഹായകരമാകും.

ലണ്ടന്‍ മലയാള സാഹിത്യ വേദിയും അതിന്‍റെ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ക്കിടനല്‍കാതെ നല്ല സാഹിത്യത്തെയും നല്ല കഥാകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം ഞാന്‍ നേരത്തെ സൂചിപ്പിച്ച മാടമ്പി സ്വഭാവമുള്ള എഴുത്തുകാരെ കണ്ടെത്തി അവരെ സാഹിത്യാസ്വാദകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടുകയും വേണം.

ഇത്രയും നേരം എന്നെ കേട്ടതിനും എന്നോട് സഹകരിച്ചതിനും ഞാന്‍ നന്ദി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു