എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

പുലയാടി സാഹിത്യവും പൊട്ടക്കിണറ്റിലെ തവളകളും

സംഭവം പുലയാടി സാഹിത്യമാ....ഭരണി പാട്ട് തോറ്റുപോകുന്ന പുലഭ്യം പറച്ചിലായിരിക്കും മുഴുവനും ...അതവന്‍റെ നിലവാരത്തിനനുസരിച്ചല്ലേ എഴുതുവാന്‍ പറ്റൂ? എന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം. ഈ ബ്ലോഗിന്‍റെ തുടക്കത്തില്‍ എന്നെക്കുറിച്ച് ഞാന്‍ തന്നെ എഴുതിയിട്ടുണ്ട് ഞാന്‍ എന്താണെന്ന്.

'പുല' എന്നു വെച്ചാല്‍ 'വയല്‍' എന്നൊരര്‍ത്ഥമുണ്ടെന്നാണ് ഇയ്യുള്ളവന്‍ ധരിച്ചു വച്ചിരിക്കുന്നത്. 'ആടുക' പണി ചെയ്യുക എന്നൊരു അര്‍ത്ഥവും ഈ വാക്കിനുണ്ടെന്ന് തോന്നുന്നു. (ഭാഷയെയിട്ട് അമ്മാനമാടുന്ന വാക്ക് ഭടന്മാര്‍ വാളെടുക്കുവാന്‍ വരട്ടെ...സമയം തരാം). അപ്പോള്‍, പുലയാടി എന്നാല്‍ വയലില്‍ പണിയെടുക്കുന്നവന്‍ അല്ലെങ്കില്‍ പുലയന്‍ എന്നൊക്കെ അര്‍ഥം വന്നേക്കാം. പുലയാടി മകന്‍ / മകള്‍ എന്നു അധിക്ഷേപ സ്വരത്തില്‍ വിളിക്കുമ്പോള്‍ ആ പദം (terminology) ഉപയോഗിക്കുന്ന ആള്‍ തീര്‍ച്ചയായും സമൂഹത്തിലെ മേല്‍ തട്ട് കീഴ് തട്ട് വ്യവസ്ഥകളില്‍ ഇന്നും വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന, ഇന്ത്യന്‍ ഭരണഘടനക്ക് എതിര് നില്‍ക്കുകയും ചെയ്യുന്ന ഒരു വിശ്വാസ പ്രമാണം ഉള്ള ആളായിരിക്കും. ഇന്ത്യന്‍ ഭരണഘടന എന്നു മാത്രമല്ല ലോകത്തൊരിടത്തും നിലനില്‍ക്കുവാന്‍ പാടില്ലാത്ത ബാര്‍ബേറിയനിസത്തിന്‍റെ ബീജോല്‍പ്പന്നങ്ങളായ ചിലര്‍ മലയാള സാഹിത്യലോകത്തില്‍ ഉണ്ടെന്നത് അല്‍പം ജിജ്ഞാസ ഉളവാക്കുന്നു. ഇത് ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടാക്കുകയും ജീവിതത്തിന്‍റെ മുഖ്യധാരയില്‍ നിന്നും തൊലിയുടെ നിറത്തിന്‍റെ പേരില്‍ സഹജീവിയെ പീഡിപ്പിക്കുകയും അവന്‍റെ ന്യായമായ അവകാശങ്ങളുടെ നിഷേധിക്കലുമാണ്. അധ:കൃത വര്‍ഗമെന്നു മുദ്രകുത്തി അക്ഷര ജ്ഞാനം നിഷേധിച്ച് ചെളിയിലും ചേറിലും മാത്രം ജീവിക്കുവാന്‍ വിട്ട് അവനെ ഒന്നിനും കൊള്ളരുതാത്തവനാക്കി മാറ്റി വെളുത്ത തൊലിയും കറുത്ത മനസ്സുമുള്ളവര്‍ വാണിരുന്ന കാലം മഹത്തായ വിപ്ലവ പ്രസ്ഥാനങ്ങളിലൂടെ വീശിയടിച്ച പൊടിമണല്‍ ഗന്ധമുള്ള കൊടുങ്കാറ്റില്‍ അസ്തമിച്ച കാര്യം ഭാഷയുടെ ഇന്നത്തെ മേലാളന്മാര്‍ എന്നു സ്വയം വിശ്വസിക്കുകയും അത് മറ്റുള്ളവരെ കൊണ്ട് നിര്‍ബന്ധപ്പൂര്‍വ്വം വിശ്വസിപ്പിക്കുവാനും ശ്രമിക്കുന്ന പാവം ചില കപട സാഹിത്യകാരന്മാര്‍ അറിഞ്ഞില്ലെന്നു തോന്നുന്നു. (വാക്കുകളുടെ നിറം കടുപ്പമാണ്, ചില കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞാലേ ചില മേലാളന്മാര്‍ക്ക് മനസിലാകുകയുള്ളൂ)

ഇത്രയും പറഞ്ഞു വന്നത് ഇത്തരക്കാരുടെ സ്വഭാവ മഹിമ നിങ്ങളെ അറിയിക്കുന്നതിനു മുന്നോടിയായി ഒരാമുഖം വേണമെന്ന് തോന്നിയത് കൊണ്ടാണ്. ഈ പോസ്റ്റില്‍ ഞാന്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല എന്നാല്‍ ഇത് വായിക്കുമ്പോള്‍ ഇതില്‍ തന്നെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടോ എന്നാര്‍ക്കെങ്കിലും സ്വയം തോന്നിയാല്‍........(പിന്നീടങ്ങോട്ട് തുടര്‍ന്ന് വായിക്കാതിരിക്കുകയാണ് നല്ലത്) അത് സത്യം തന്നെയാണ്.

പുലയില്‍ പണിയെടുക്കുന്നവനും അക്ഷരം വഴങ്ങും. അക്ഷരം വഴങ്ങിയാല്‍ അവനും സാഹിത്യം എഴുതാം. അപ്പോള്‍ ഒരു ചിന്ത കടന്നു വരുന്നു....ഞങ്ങള്‍ കുറെ പേര്‍ അവാര്‍ഡുകള്‍ വാങ്ങിക്കുവാന്‍ വേണ്ടി എഴുതുന്നു...രാഷ്ട്രീയ ദുര്‍ഗ്ഗങ്ങളില്‍ പള്ളിയരുളുന്ന എമാന്മാര്‍ക്ക് വിരുന്നൊരുക്കിയും കൂട്ടികൊടുത്തും നേടുന്ന പുരസ്ക്കാരങ്ങളെക്കാള്‍ എങ്ങനെ മികച്ചതാകും ചേറിന്‍റെ മണമുള്ളവനെഴുതിയ സാഹിത്യം. അത്തരം സാഹിത്യത്തെ സാഹിത്യം എന്നു വിളിക്കുന്നത്‌ സാംസ്കാരികമായ അധ:പതനമാണത്രെ. ഇതിനെ ഒരു പ്രത്യേക സാഹിത്യ വിഭാഗമാക്കി മാറ്റണം. അതാണ്‌ പുലയാടി സാഹിത്യം അത് വായിക്കുന്നവന്‍ പൊട്ട കിണറ്റിലെ തവളയും. അതിലേറ്റവും മികച്ച തമാശ പൊട്ടക്കിണറ്റിലെ തവളകളെല്ലാം കഷ്ട്ടപെട്ടു സാഹിത്യ രചന നടത്തിയപ്പോള്‍ അതിലെ പുലയാടി സാഹിത്യത്തിനു മാര്‍ക്കിട്ടതും നാരങ്ങാ മുട്ടായി സമ്മാനമായി നല്‍കുവാന്‍ ശുപാര്‍ശ ചെയ്യ്തതും മാര്‍ക്കിടുന്നതില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു മേലാളനാണ്. ഇതും നിനക്കെന്‍റെ ഭിക്ഷ ഞാന്‍ എറിഞ്ഞു തരുന്ന ഭിക്ഷ...എന്ന് വരുത്തി തീര്‍ക്കുവാന്‍ വല്ലാത്ത ത്വരയാണ്. എന്നിട്ടൊരു ആക്ഷേപം...."പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോര്‍ത്തിട്ട് മക്ഷികക്കൂട്ടം മദിക്കും കണക്കിനെ". പക്ഷെ സ്പെഷ്യലൈസ്ഡ് സാഹിത്യകാരാ....ഒന്നോര്‍മ്മിപ്പിക്കട്ടെ..ഭഗവാന്‍റെ തൃപ്പാദങ്ങളിലര്‍പ്പിക്കുന്ന ചെന്താമരകളത്രയും വിരിയുന്നത് ചേറിലാണ്. ചേറില്‍ മാത്രമേ ചെന്താമാരകള്‍ വിരിയൂ. അത് സ്പെഷ്യലായിട്ടുണ്ടാക്കിയ ബോണ്‍സായ് വൃക്ഷമല്ല. ചേറിന്‍റെ മാത്രം ഉല്‍പ്പന്നം. ഇവിടെ സാക്ഷാല്‍ ഭഗവാന്‍ മാനിക്കുന്നത് സുന്ദരിയായ ചെന്താമാരക്ക് ജന്മം നല്‍കിയ ചേറിന്‍റെ മഹത്വത്തിനെയാണ്.

മണം വമിക്കുന്ന ആ ചേറാണ് ബ്ലോഗ്‌. ആ ബ്ലോഗിലെ എഴുത്തുകാരാണ് സാഹിത്യത്തിലെ അധ:കൃത വര്‍ഗ്ഗമെന്നും ഭാഷയറിയാത്ത വരെന്നും ഈ മഹാ പണ്ഡിതര്‍ വിളിക്കുന്ന, പുലയാടി സാഹിത്യമെഴുതുന്ന വിവരം കെട്ടവര്‍. ആ ബ്ലോഗിലാണ് ഇനി ചെന്താമാരകള്‍ വിരിയുന്നത്....നല്ല ചെന്താമാരകള്‍ തേടി ഭഗവാനും...സരസ്വതി ദേവിയും ഓരോ ബ്ലോഗിലും കയറിയിറങ്ങുന്നത് താമസിയാതെ കണ്‍കുളിര്‍ക്കെ കാണുവാന്‍ ആ കണ്ണട ഒന്നമര്‍ത്തി തുടച്ച് വച്ചേക്കുക. ഇത് വായിക്കുമ്പോള്‍ മരം കോച്ചുന്ന തണുപ്പിലും നിങ്ങള്‍ വിയര്‍ക്കുന്നുണ്ടോ?

എനിക്ക് മാത്രം പ്രഥമ സ്ഥാനം കിട്ടണമെന്ന് ശഠിക്കുന്നത് ഭോഷ്ക്കത്തരമാണ്. എനിക്ക് മുന്നില്‍ നില്‍ക്കുവാനും കിടക്കുവാനും ഇരിക്കുവാനും ആര്‍ക്കാണ് യോഗ്യത എന്ന ചിന്ത അഹോ കഷ്ടം. അതിനും വേണ്ടിയൊന്നുമില്ല ഹേ!! സ്പെഷ്യലൈസ്ഡ് സാഹിത്യകാരെ നിങ്ങളുടെ മഹത്വം.

ഇനി മറ്റൊന്ന്... ഓ.എന്‍.വിയെന്ന മഹാ കവിയെ ആദരിക്കുവാന്‍ പൊട്ടക്കിണറ്റിലെ തവളകള്‍ക്ക് എന്ത് കാര്യം?. ഓ.എന്‍. വിയെങ്ങാനും ഇതറിഞ്ഞാല്‍ ഒരാളെങ്കിലും ഇങ്ങനെ പ്രതികരിച്ചല്ലോ എന്നോര്‍ത്ത് കോള്‍മയിര്‍ കൊണ്ടേനെ. ഓ.എന്‍.വി എഴുതിയ വരികള്‍ ഗാന ഗന്ധര്‍വന്‍ ആതുരമായി ഭാവാര്‍ദ്രമായി പാടിയത് കേട്ട് ഈ തവളകള്‍ക്ക് അതേറ്റു പാടേണ്ട വല്ല കാര്യവുമുണ്ടോ എന്നും ഈ വിദ്വാന്‍മാര്‍ ചോദിച്ചാല്‍ തെല്ലും അത്ഭുതപ്പെടേണ്ട.

മലയാള നാട്ടിലെ കൂലി വേലക്കാരും വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവരും ഒരു പോലെ മനസ്സറിഞ്ഞാസ്വദിക്കുകയും അവന്‍റെ വിരഹ വിഷാദ വിഹ്വലതകളില്‍ എന്നും അവന്‍ മൂളിയതും ഓ.എന്‍.വിയും വയാലാറും ഒക്കെ പകര്‍ന്നു തന്ന വരികളാണ്. മലയാളം നെഞ്ചിലേറ്റിയ ഓ.എന്‍. വിയെ ആദരിക്കാന്‍ എന്ത് യോഗ്യതയാണ് വേണ്ടത്? ശരാശരി മലയാളി എന്നുള്ള ഒറ്റ യോഗ്യത തന്നെ ധാരാളം. കാശ് കൊടുത്ത് അവാര്‍ഡ്‌ വാങ്ങി മത്തി പൊതിയാന്‍ കാലിബറില്ലാത്ത പത്രത്തില്‍ വിസ്തരിച്ച് ഉള്ളതും ഇല്ലാത്തതുമായ കഥകളെഴുതി പിടിപ്പിച്ചു സ്വയം ഇരുന്നു വായിച്ചാസ്വദിക്കാം. ഇതിനു യോഗ്യത എന്നല്ല ഷണ്ടത്വം എന്നാണ് പേര്‍.

മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ എന്നെ മാത്രം പ്രോമോട്ട് ചെയ്യുക. "യെന്തരൊക്കെ പറഞ്ഞാലും...ചെല കാര്യങ്ങള് അപ്പീ നമ്മള് മറന്നൂട ട്ടാ... പുലയാടി സായിത്യാരന്മാര് ചെന്ന് ചേറില്‍ത്ത പര്വാടിക്ക് വിളിച്ചപ്പ ഒട്ടി ചെന്ന് നല്ല ഞെരിപ്പായിട്ട്‌ പ്രസവങ്ങളും ....ചേ!! പ്രസംഗങ്ങളും തോനെ ഫോട്ടോ എടുപ്പും ഒക്കെ നടത്തീറ്റാണ് പ്വോയത്...."

പക്ഷെ എനിക്കൊരു സംശയം. ബ്ലോഗില്‍ ചില കഴുതകള്‍ തോന്നിയതൊക്കെ എഴുതിയിട്ടത് കൊണ്ടല്ലേ അവിടെ സാഹിത്യം ഇല്ല എന്ന് ചില മേലാളന്മാര്‍ കരുതുന്നത്. തോന്ന്യാക്ഷരങ്ങളാണ് കവിതകള്‍ എന്ന് പണ്ട് ഓ.എന്‍.വി തന്നെ മാതൃഭൂമി വാരാന്ത്യപതിപ്പില്‍ എഴുതിയത് ഈയ്യുള്ളവന്‍ ആര്‍ത്തിയോടെ വായിച്ചെടുത്തത് ഇന്നും ഓര്‍മ്മയില്‍....

മുതുകില്‍ തൂക്കുന്ന പച്ച നിറമുള്ള തുണി ബാഗില്‍ പാഠപുസ്തകത്തിനിടയില്‍ കുത്തി ഞെരുക്കിയ ഭക്ഷണപാത്രത്തിലെ കറിയുടെ രൂക്ഷ ഗന്ധമേറ്റ് കെമിസ്ട്രിയും, ഫിസിക്സും, ബയോളജിയും ബീജ സങ്കലനം നടത്തി അറിവിന്‍റെ ശ്വേതരക്താണുക്കളെ പ്രസവിച്ചു കൂട്ടുമ്പോഴും..... പിഞ്ചിപ്പോയ ഒരു മലയാള പാഠപുസ്തകത്തിലെ ഭാഷയെന്ന അമ്മ ഒരു ധ്യാനത്തിലെന്നവണ്ണം മെല്ലെ മന്ത്രിച്ചു.... അക്ഷരം അഗ്നിയാണ്....വെളിച്ചമാണ്.... അതിനെ പൂജിക്കുക. അക്ഷരങ്ങളും അക്ഷരങ്ങളും ഇണ ചേര്‍ന്ന് വാക്കുകളുണ്ടായി, വാക്കുകള്‍ ഇണ ചേര്‍ന്ന് വരികളെ സൃഷ്ടിച്ചു. വരികള്‍ വീണ്ടും ഇണ ചേര്‍ന്ന്..... സമ്മോഹനങ്ങളായ പ്രൌഡ ഗംഭീരമായ സാഹിത്യ സൃഷ്ടികള്‍ ജന്മം കൊണ്ടു. കൂട്ടത്തില്‍ പാപ ബീജത്തിലുണ്ടായ ചില ജാര സന്തതികളും വൈകല്യമുള്ള ചില സാഹിത്യ (സൃഷ്ടികളും) കുഞ്ഞുങ്ങളും. ആ വൈകല്യത്തെ പരിഗണിക്കുന്നു.... അക്ഷരം അമ്മയാണ്. അമ്മക്ക് എല്ലാ കുഞ്ഞുങ്ങളും ഒരു പോലെയാണ്. പക്ഷെ ആ അമ്മയെ തെരുവിലിട്ട് ഓട കച്ചവടം നടത്തി, വ്യഭിചാരിണിയാക്കി നിങ്ങളുണ്ടാക്കിയെടുത്ത സ്വര്‍ഗ്ഗത്തിന്‍റെ പേരാണ് 'പൊട്ടക്കിണര്‍' അവിടെ നിങ്ങള്‍ തവളകളുടെ രാജാവോ ചക്രവര്‍ത്തിയോ ഒക്കെ ആയിരിക്കാം. പക്ഷെ അതവിടെ മാത്രം മതി...


മറ്റുള്ളവരെ താഴ്ത്തി കെട്ടിയാല്‍ മാത്രമേ താന്‍ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന് കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്തെങ്കിലും മാടമ്പിക്ക് തോന്നിയാല്‍...നിങ്ങള്‍ സ്വയം തിരുത്തേണ്ട സമയമായി....വരേണ്യ വര്‍ഗ്ഗത്തിന്‍റെയെന്നും അധ:കൃതന്‍റെയെന്നും വേര്‍തിരിച്ചിട്ട ജ്ഞാനഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അസ്ത്രവേഗത്തില്‍ കുതിച്ചു വരുന്ന മാറ്റത്തിന്‍റെ കുതിര കുളമ്പടികള്‍ നിങ്ങള്‍ കേട്ടില്ലയെങ്കില്‍...മറ്റുള്ളവരെ അവഹേളിക്കുന്ന നിങ്ങളുടെ സ്വാര്‍ത്ഥത്തിന്‍റെ ജിഹ്വകള്‍ കാലം പിഴുതെടുക്കും. ഒടുവില്‍ സ്വയം പരിഹാസപാത്രമായ് ഹരിതാഭമായ ഭാഷയുടെ ഈ മഴക്കാടുകള്‍ വിട്ട് ശീതക്കാറ്റാഞ്ഞു വീശുന്ന മണല്‍ക്കാടുകളില്‍ അലയേണ്ട അവസ്ഥ സ്വയം വന്നു ചേരും.

5 അഭിപ്രായങ്ങൾ:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ആ ഒരു മാടമ്പി മാത്രമല്ല ,എല്ലാ മാടമ്പിമാർക്കുമുള്ള താക്കീതാണിത്...!

‘മണം വമിക്കുന്ന ആ ചേറാണ് ബ്ലോഗ്‌. ആ ബ്ലോഗിലെ എഴുത്തുകാരാണ് സാഹിത്യത്തിലെ അധ:കൃത വര്‍ഗ്ഗമെന്നും ഭാഷയറിയാത്ത വരെന്നും ഈ മഹാ പണ്ഡിതര്‍ വിളിക്കുന്ന, പുലയാടി സാഹിത്യമെഴുതുന്ന വിവരം കെട്ടവര്‍. ആ ബ്ലോഗിലാണ് ഇനി ചെന്താമാരകള്‍ വിരിയുന്നത്....നല്ല ചെന്താമാരകള്‍ തേടി ഭഗവാനും...സരസ്വതി ദേവിയും ഓരോ ബ്ലോഗിലും കയറിയിറങ്ങുന്നത് താമസിയാതെ കണ്‍കുളിര്‍ക്കെ കാണുവാന്‍ ആ കണ്ണട ഒന്നമര്‍ത്തി തുടച്ച് വച്ചേക്കുക. ഇത് വായിക്കുമ്പോള്‍ മരം കോച്ചുന്ന തണുപ്പിലും നിങ്ങള്‍ വിയര്‍ക്കുന്നുണ്ടോ?“

മുഖം നോക്കാതെ കാര്യം പറയാ‍നുള്ള ഈ ചങ്കൂറ്റത്തിന് എന്റെ വക ഒരു Hats Off..!

ശ്രീനാഥന്‍ പറഞ്ഞു...

ആരോടാണ് ഇ.രോഷം? ചെന്താമര പ്രയോഗം നന്നായി!

Asok Sadan പറഞ്ഞു...

പ്രിയ മുരളി, മുഖം നോക്കാതെ കാര്യം പറയുന്നത് കൊണ്ട് ഒരു പാട് ശിക്ഷ വാങ്ങിയിട്ടുണ്ട്. അര്‍ഹതയുണ്ടായിട്ടും എന്നെ പല കാര്യങ്ങളിലും അവഗണിക്കുന്നു. ഇത് പരാതിയല്ല കേട്ടോ. ആ അവഗണനകളാണ് എനിക്കുള്ള അംഗീകാരങ്ങള്‍. നന്ദി.

Asok Sadan പറഞ്ഞു...

ശ്രീനാഥ്, രോഷം സാഹിത്യത്തിലെ ചില മാടമ്പിമാരോട്. തങ്ങളൊഴികെ മറ്റാര്‍ക്കും ഭാഷ അറിയെല്ലെന്നു പറയുന്ന ചില അവന്മാരോട്...

ente lokam പറഞ്ഞു...

very strong response.congrats.changes
will take some time to get accepted.one day they all
have to compromise to the fact...