എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ജ്ഞാനപീഠ ജേതാവ് ശ്രീ. ഓ.എന്‍.വി കുറുപ്പിന് ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ പ്രണാമം.

ആത്മാവില്‍ മുട്ടിവിളിച്ചു സ്നേഹാതുരമായ് തൊട്ടുരിയാടിയ ആ മഹാ കവിക്ക്‌, ആ അക്ഷര പൂജാരിക്ക് ലളിതമായ ഒരു ചടങ്ങില്‍ വെച്ച് (ബോളിയന്‍ സിനിമാസ് ഓഡിറ്റോറിയം) അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം മലയാളികള്‍ പ്രണാമം അര്‍പ്പിച്ചു. താര നിബിഡമായ ഒരു പാട് ചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊക്കെ ഹൃദ്യമായി തോന്നിയത് ലളിത സുന്ദരമായ ഒരു കാവ്യം പോലെ തോന്നിച്ച ഇന്നലത്തെ ഒത്തു ചേരലായിരുന്നു. ഭൂമിയുടെ മൂടിവെച്ച നിഗൂഡ ഭാവങ്ങള്‍ പൂക്കളായും ശലഭങ്ങളായും മലയാളിക്ക് മുന്നില്‍ ആ മഹാകവിയുടെ ഭാവനയിലൂടെ പെയ്യ്തിറങ്ങുവാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. അതിനു യോജിച്ച വണ്ണം തികഞ്ഞ ലാളിത്യത്തോടെ ഈ ചടങ്ങ് സംഘടിപ്പിച്ച റെജി നന്തിക്കാടിനോട് ഞാന്‍ എന്‍റെ അനുമോദനങ്ങള്‍ അറിയിക്കുന്നു.

കവിയോടുള്ള നിസ്വാര്‍ഥമായ സ്നേഹവും ബഹുമാനവും ഓരോ വാക്കുകളിലും പ്രകടമായിരുന്നു. കവി എന്‍റെ സ്വന്തം എന്ന് ഓരോരുത്തരും സ്വകാര്യമായി പറയുന്ന പോലെ, അഹങ്കരിക്കുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു. ആരെയും ഭാവ ഗായകനാക്കുവാന്‍ മാത്രം സൌന്ദര്യമുള്ള കവിയുടെ കവിത്വം അവിടെ സന്നിഹിതരായിരുന്നവരെ അഭൌമമായ ഏതോ തരംഗ വീചികളിലൂടെ പലപ്പോഴും സ്വാധീനിക്കുന്നത് ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ഒപ്പം ആ മഹാ കവിയുടെ വിര്‍ച്യുവല്‍ പ്രസന്‍സ് (virtual presence) എനിക്കവിടെ അനുഭവവേദ്യമായി എന്നു പറഞ്ഞാല്‍ അതിലൊട്ടും തന്നെ അതിശയോക്തിയില്ല.

നിന്‍റെ അരഞ്ഞാണ ചരടിലെ എലസ്സിനുള്ളില്‍ ആരെയും മയക്കുന്ന മന്ത്രമുണ്ടോ എന്ന കവിതാ ശകലം എന്‍റെ കര്‍ണ്ണപുടങ്ങളുടെ ഓരത്ത് അലയടിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാന്‍ കാവ്യ ഭാവനയുടെ ജ്ഞാനഭൂമിയില്‍ സൃഷ്ടി, സ്ഥിതി ലയങ്ങളുടെയും സംഹാരത്തിന്‍റെയും മൂര്‍ത്തികളായ കവി ഹൃദയത്തിന്‍റെ ഭംഗിയും കവി മനസ്സിന്‍റെ പ്രണയോജ്ജ്വലതയും, കവി ഭാവനയുടെ സാന്ദ്രതയും ഒപ്പം ആഴവും ദര്‍ശിച്ചത്. ജ്ഞാനത്തിന്‍റെ പീഠത്തില്‍ അന്നേ പ്രിയ കവിയായ വയലാറിനെയും ഒപ്പം കുയില്‍ പാട്ടിന്‍റെ ശ്രുതി പിന്തുടരുവാന്‍ എന്നെ പഠിപ്പിച്ച എന്‍റെ കവി ശ്രീ ഓ.എന്‍.വിയെയും കയറ്റി പ്രതിഷ്ടിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പത്താമത്തെ ട്രെക്ക് പാതയായ (trek path) ഹിമാലയത്തിലെ രൂപ്‌കുണ്ഡ് (5,029 metres - 16,499 feet സമുദ്ര നിരപ്പിനു മുകളില്‍) (mysterious lake) കീഴടക്കുവാന്‍ ഞാന്‍ പുറപ്പെട്ട് കാല്‍നടയായ്‌ ഉത്തുംഗ ശ്രുംഗങ്ങളായ കയറ്റങ്ങളും കയറി ധവളിമയാര്‍ന്ന, ശുഭ്രസ്ഥാനിയായ കൈലാസ നാഥന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയിലൂടെ ബെദ്നി ഭുഗ്യാലും, അലി ബുഗ്യാലും, പത്തര്‍ നചൌനിയും കടന്നു കാലു വിനായകിലെത്തി തുടര്‍ന്ന് ബാഗ്വബാസയിലെത്തിയപ്പോള്‍ നയന മനോഹരമായ ആ കാഴ്ച ഞാന്‍ കണ്ടു. തൃശൂല്‍ പര്‍വതം. മേഘങ്ങളെ വെല്ലുവിളിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന തൃശൂല്‍. ഹൃദയം മരവിക്കുന്ന ആ തണുപ്പിലും പത്ത് ദിവസത്തെ ക്ലേശകരമായ മഞ്ഞിലൂടെയുള്ള നടത്തത്തിന്‍റെ വല്ലായ്കയിലും പ്രാണവായു പോലും ദുര്‍ലഭമായ ആ ഉയരത്തിലും അതൊക്കെ മറന്ന് ആനന്ദതിരോകത്താല്‍ ഞാന്‍ നൃത്തം ചവുട്ടി പോയി. ത്രുശൂലിന്‍റെ താഴ്വാരത്തില്‍ പണ്ട് പാര്‍വതി ദേവി നീരാടിയെന്നു പറയപ്പെടുന്ന പൊയ്ക....

അല്‍പം വിശ്രമത്തിനായി പൊയ്കയുടെ അരികിലിരുന്നു ഒരു കൈക്കുടന്ന ജലമെടുത്ത് പാനം ചെയ്യ്തപ്പോള്‍ മനസ്സിലെക്കോടിയെത്തിയത് എന്‍റെ പ്രിയ കവിയുടെ മനസ്സിന്‍റെ പ്രേമ ഭാവന കാറ്റില്‍ തൈല ഗന്ധം പുരട്ടി നീറ്റില്‍ പൊന്നു ചന്തം പാകിയ രാജ ശില്‍പിയിലെ ഗാനമാണ്....പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍...പൊന്‍വെയില്‍ നീരാടും നേരം... അത്രയും മനോഹരമായി അതിനു മുന്‍പോ പിന്‍പോ ഞാനാ ഗാനം പാടിയിട്ടില്ല.

എന്‍റെ മകനെ ആദ്യമായി ഞാന്‍ പടിയുറക്കിയ പാട്ടും ഏതോ നിയോഗം പോലെ ഓ.എന്‍.വിയുടെ തന്നെ താരാട്ട് പാട്ടായിരുന്നു.... ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...എന്നോമലുറക്കമായ് ഉണര്‍ത്തരുതെ... എന്‍റെ ജീവന്‍റെ സ്നേഹത്തിനെ പിരിഞ്ഞിരുന്നപ്പോഴൊക്കെയും ഏഴു കടലുകള്‍ക്കിപ്പുറമിരുന്നു ഞാന്‍ ഒരായിരം തവണ അവള്‍ക്കു പാടികൊടുത്തിട്ടുള്ളതും അതെ കവിയുടെ തന്നെ വിരഹ നൊമ്പരത്തിന്‍റെ, പ്രണയ തീക്ഷ്ണതയും പ്രതീക്ഷയുമുണര്‍ത്തുന്ന അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...ഒരു മാത്ര വെറുതെ നിനച്ചുപോയി....എന്ന ഗാനമാണ്.

ഇങ്ങനെ എവിടെയൊക്കെയോ ഞാനറിയാതെ തന്നെ എന്‍റെ ജീവിതത്തിലെ എല്ലാ പ്രിയ മുഹൂര്‍ത്തങ്ങളിലും ഞാനേറെ സ്നേഹിക്കുന്ന കവിയുടെ അദൃശ്യ സാന്നിധ്യം എങ്ങനെയോ വന്നു ഭവിക്കുന്നു. ഞാനും നിങ്ങളും ഒക്കെ ഏറെ ഭാഗ്യം ചെയ്യ്തവരാണ് കാരണം ഓ.എന്‍.വിയും ദാസേട്ടനും ദേവരാജന്‍ മാഷും തുടങ്ങി ഒട്ടേറെ മഹാന്‍മാര്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുവാന്‍ നമ്മള്‍ക്കവസരം കിട്ടിയെന്നത് തന്നെ. വേഷം കെട്ടിയാടുന്ന ഈ ജീവിത നാടകത്തില്‍ നമ്മള്‍ സൌകര്യപൂര്‍വ്വം പലതും കണ്ടെല്ലെന്നു നടിക്കുമ്പോള്‍ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ..... ഇനിയും മരിക്കാത്ത ഭൂമി...നിന്നാസന്ന മൃതിയില്‍...നിനക്കാത്മശാന്തി....ഇത് നിന്‍റെയും എന്‍റെയും ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നെ കുറിച്ച ഗീതം.....

ബോളിയന്‍ സിനിമാസ് ഓഡിറ്റോറി യത്തിലെ ചടങ്ങിന്‍റെ ഐശ്വര്യം എണ്‍പതിന്‍റെ നിറവിലും ശാരീരികാസ്വാസ്ത്യങ്ങള്‍ ഏറെ ഉണ്ടായിട്ടും അവിടെയെത്തുകയും ഞങ്ങളോടൊക്കെ രണ്ടു വാക്ക് സംസാരിക്കുകയും വേര്‍പിരിഞ്ഞു പോയിട്ടും തന്‍റെ പ്രിയതമയോടുള്ള സ്നേഹത്തിന്‍റെ വിശുദ്ധമായ ഓര്‍മകളില്‍ അറിയാതെ വിതുമ്പിപോയ കൃഷ്ണന്‍കുട്ടി അങ്കിളിന്‍റെ സാന്നിധ്യമായിരുന്നു. അദ്ദേഹത്തെ ആദരിക്കുകയും പുരസ്കാരം നല്‍കുകയും ചെയ്യുവാന്‍ തിരഞ്ഞെടുത്ത ദിവസം ഓ. എന്‍. വിയുടെ കവിതകളുടെ അകമ്പടിയോടെയായിരുന്നു എന്നത് മറ്റാര്‍ക്കും കിട്ടാത്ത ഒരു പുണ്യമാണെന്ന് വേണം കരുതുവാന്‍.

ശശി കുളമടയുടെയും, പാര്‍വതീപുരം മീരയുടെയും, മനോജിന്‍റെയും ഓ.എന്‍.വിയെയും കവിതകളെയും കുറിച്ചുള്ള പ്രഭാഷണവും കവിതാപാരായണവും വളരെ ഹൃദ്യമായിരുന്നു. മുരളീ മുകുന്ദന്‍, തമ്പി, പ്രദീപ്‌ തുടങ്ങി ഒട്ടേറെപേര്‍ കവിയോടുള്ള സ്നേഹവായ്പ്പ് പങ്കുവെക്കുവാന്‍ എത്തിയിരുന്നു.

കവിയോടുള്ള സ്നേഹസൂചകമായി ഞാന്‍ ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം എന്ന ഗാനമാലപിച്ചു.

തുടര്‍ന്ന് മുരളീ മുകുന്ദന്‍റെ നന്ദി പ്രസംഗത്തില്‍ അദ്ദേഹം, വീണ്ടും ഇതുപോലെയുള്ള ഒത്തു ചേരലുകള്‍ ഉണ്ടാവട്ടെയെന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യ്തു. അതിനു ശേഷം ആശൈ ദോശയില്‍ എല്ലാവരും ഒത്തു ചേര്‍ന്ന് ബോളിയന്‍ മോഹന്‍ ചേട്ടന്‍ ഒരുക്കിയ സമൃദ്ധമായ ഭക്ഷണം കഴിച്ച് സേന്ഹാശംസകള്‍ നേര്‍ന്നു പിരിഞ്ഞു.

റെജിയുടെ കളങ്കമില്ലാത്തതും ധീരവുമായ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാനും എന്നെ പോലെ ഭാഷയെ സ്നേഹിക്കുന്നവരും എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു. ഒപ്പം സാഹിത്യത്തെ വേശ്യാവൃത്തി പോലെ കൈകാര്യം ചെയ്യുന്ന, വിഴുപ്പലക്കുന്ന പാപബീജ ജന്മങ്ങളെ സാഹിത്യ ചക്രവാളത്തില്‍ നിന്നും അകറ്റി പ്രവാസി സാഹിത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി മലയാള സാഹിത്യ വേദി അതിന്‍റെ ലക്ഷ്യങ്ങളെ പുല്‍കട്ടെയെന്ന് ആശംസിക്കുന്നു.

ഇത് വായിച്ചു കഴിഞ്ഞവര്‍ "പുലയാടി സാഹിത്യവും പൊട്ടക്കിണറ്റിലെ തവളകളും" എന്ന എന്‍റെ അടുത്ത പോസ്റ്റ്‌ വായിക്കുവാന്‍ താല്പര്യപ്പെടുന്നു. സാഹിത്യത്തെ വ്യഭിചരിക്കുന്ന, വഴി വാണിഭം നടത്തുന്ന, രാഷ്ട്രീയത്തിന്‍റെ അഴുക്കു ചാലുകളിലൂടെ നെറികെട്ട നാണക്കേടിന്‍റെ കഥകളും പേറി സ്വയം പ്രഖ്യാപിച്ച അവാര്‍ഡുകളും അത് കൂലിക്കെടുത്ത മാധ്യമത്തിന്‍റെ രണ്ടു വരി കോളത്തില്‍ വാര്‍ത്തയാക്കി അക്ഷരവിശുദ്ധി എന്തെന്നറിയാത്ത രാഷ്ട്രീയക്കാരന്‍റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി ആത്മ നിര്‍വൃതിയടയുന്ന ചില സ്വയം പ്രഖ്യാപിത സാഹിത്യകാരെക്കുറിച്ചാണ്.

ലണ്ടന്‍ മലയാള സാഹിത്യ വേദി

5 അഭിപ്രായങ്ങൾ:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

നല്ലൊരു ശൈല്ലീവല്ലഭനായി ഒന്നും തന്നെ ചോർന്നുപോകാതെ തന്നെ ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആ ചടങ്ങിനെ കുറിച്ച് അതിമനോഹരമായി വർണ്ണിച്ചതിന് ,എല്ലാവിധ അഭിനന്ദനങ്ങളും കേട്ടൊ അശോക്.

kallyanapennu പറഞ്ഞു...

വളരെ നല്ല ഭാഷ....

പട്ടേപ്പാടം റാംജി പറഞ്ഞു...

അവതരണത്തിലെ സാഹിത്യ ഭംഗി നന്നായിരിക്കുന്നു.വിവരണം ഇഷ്ടപ്പെട്ടു.

Sukanya പറഞ്ഞു...

onv കവിതകളിലൂടെ പാട്ടുകളിലൂടെ സ്വന്തം ജീവിതം കോര്‍ത്തിണക്കിയുള്ള കവിയോടുള്ള ആദരവ് നിറഞ്ഞ വിവരണം അസ്സലായിട്ടുണ്ട്. "പുലയാടി സാഹിത്യവും പൊട്ടക്കിണറ്റിലെ തവളകളും" വായിച്ചു. നിശിത വിമര്‍ശനം അര്‍ഹിക്കുന്നവര്‍ തന്നെയാണ് മേലാളന്മാര്‍ എന്ന് നടിക്കുന്നവര്‍.

ente lokam പറഞ്ഞു...

njaan kandirunnu aa video...all
the best..onv was in Dubai the
very first day of his receipt of
the award news.pls have a look
on my blog.."paathummayude aadu"...