എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ലണ്ടന്‍ മലയാള സാഹിത്യ വേദിയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം

വേദിയില്‍ സന്നിഹിതരായിട്ടുള്ള (പേരുകള്‍) ഇവിടെ കൂടിയിരിക്കുന്ന സാഹിത്യ പ്രേമികളെ.

ആത്മാവില്‍ മുട്ടിവിളിച്ച്‌ സ്നേഹാതുരമായ് തൊട്ടുരിയാടിയ ജ്ഞാനപീഠ ജേതാവായ ശ്രീ. ഓ.എന്‍.വി ക്ക് ഞാന്‍ ആശംസകളര്‍പ്പിക്കുന്നു.

ലണ്ടന്‍ മലയാള സാഹിത്യ വേദിയൊരുക്കിയ ഈ സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ എന്നെ സ്നേഹത്തോടെ ക്ഷണിച്ച സാഹിത്യ വേദിയുടെ ഊര്‍ജ്ജമായ റെജി നന്തിക്കാടിനോടും മറ്റു പ്രവര്‍ത്തകരോടും ഞാനെന്‍റെ നന്ദി അറിയിക്കുന്നു.

ശ്രീ സുകുമാര്‍ അഴീക്കോടിനെ പോലെ പ്രസംഗ കലയിലോ പ്രസംഗിച്ചു കയ്യടി വാങ്ങുന്ന കലയിലോ യാതൊരു പ്രവീണ്യവുമില്ലാത്ത ഒരാളാണ് ഞാന്‍. എങ്കിലും കലയുമായി ബന്ധപ്പെട്ട എന്തിനോടും ഏതിനോടും ഉള്ള പ്രണയമാണ് ഇവിടെ വന്നു നില്‍ക്കുവാന്‍എന്നെ പ്രേരിപ്പിച്ചത്.

മലയാള ഭാഷ മരിക്കുന്നു എന്ന് പല കോണുകളില്‍ നിന്ന് വിലാപങ്ങള്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് വളരെക്കാലായ്. ഇപ്പോള്‍ പ്രവാസിയായി ബ്രിട്ടീഷുകാരന്‍റെ ഈ മണ്ണില്‍ മലയാളം സംസാരിക്കുവാന്‍ വിമുഖത കാണിക്കുന്ന മലയാളികളുള്ള ഈ മണ്ണില്‍ അല്ലെങ്കില്‍ മക്കളെ സായിപ്പന്മാരാക്കി വളര്‍ത്തുവാന്‍ വെമ്പല്‍ കൊള്ളുന്ന, ഗൃഹാതുരത്വം വെറുതെ അഭിനയിക്കുന്ന മലയാളികളുള്ള ഈ മണ്ണില്‍ മലയാള സാഹിത്യ വേദിയെന്ന അക്ഷരങ്ങളെ സ്നേഹിക്കുന്ന ഈ കൂട്ടായ്മക്ക് പ്രസക്തിയേറുന്നു. അതിന്‍റെ ഭാഗമായി മാറുവാനും അതിന്‍റെ പ്രഥമ സാഹിത്യ മത്സരത്തില്‍ മികച്ച രണ്ടാമത്തെ കഥക്കുള്ള അവാര്‍ഡ്‌ "ഒരു കലാകാരന്‍റെ പട്ടട" എന്ന എന്‍റെ കഥക്ക് ലഭിച്ചതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്.

മലയാള സാഹിത്യ വേദിയെന്ന ഈ സംഘടന എഴുത്തിന്‍റെ വഴിയെ നടക്കുന്ന പുതു തലമുറയിലെ എഴുത്തുക്കാര്‍ക്ക് ഒരു മികച്ച തട്ടകമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം അക്ഷരങ്ങളുടെ ലോകത്തെ മാടമ്പിമാരായ ചില പ്രമുഖര്‍ പുതു നാമ്പുകള്‍ വളര്‍ന്നു വരുമ്പോള്‍, അസഹിഷ്ണുതയോടെ അവരെ വീക്ഷിക്കുന്നത് കാണുമ്പോള്‍ അവരെ സംരക്ഷിക്കുവാനും അവര്‍ക്ക് വേണ്ട സാഹചര്യമൊരുക്കുവാനും റെജി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്ത് കൊണ്ടും പ്രശംസ അര്‍ഹിക്കുന്നു.

ഐ.ടി അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ക്യാരക്ടര്‍ അനിമേഷന്‍ അല്ലെങ്കില്‍ ടു ഡി അനിമേഷന്‍ സാങ്കേതിക വിദ്യ, സംഗീതം, ശില്പ നിര്‍മ്മാണം, സിനിമ സംവിധാനം തുടങ്ങി പല മേഖലകളില്‍ ഒരേ സമയം ജോലി ചെയ്യ്തിട്ടുള്ള ആളാണ്‌ ഞാന്‍. ഞാന്‍ സംവിധാനം ചെയ്യ്ത ചില സിനമകള്‍ക്ക് അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. അത് പോലെ ശില്പ്പങ്ങള്‍ക്കും. സാഹിത്യ മേഖലയില്‍ ഇതാദ്യത്തെ അവാര്‍ഡാണ്. ഈ പറഞ്ഞതൊക്കെയും എനിക്ക് കിട്ടിയ അവാര്‍ഡുകളെ പറ്റി നിങ്ങളെ അറിയിക്കുവാന്‍ വേണ്ടിയിട്ടല്ല മറിച്ച് മറ്റൊരു കാര്യം ചര്‍ച്ച ചെയ്യുവാന്‍ വേണ്ടിയാണ്. എല്ലാ മേഖലകളിലും അര്‍ഹതയില്ലാത്ത പലരും വാചകമടി കൊണ്ടും രാഷ്ട്രീയ പിന്‍ബലം കൊണ്ടും ആളുകളാകുന്നുണ്ട് പ്രത്യേകിച്ച് സാഹിത്യത്തില്‍ അത് കലാദേവിയെ വൃതശുദ്ധിയോടെ ഉപാസിക്കുന്ന, ഒരു ജന്മം മുഴുവനും അക്ഷരങ്ങളെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുകയും ലോകത്തെ ബുദ്ധിപൂര്‍വ്വം ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും, വികാരപരവശരാക്കുകയും ചെയ്യ്ത അനേകമനേകം സാഹിത്യകാരന്മാരോടുള്ള അവഹേളനമാണ്. ഇത്തരക്കര്‍ക്കുള്ള കണിശമായ മറുപടിയായി മാറണം മലയാള സാഹിത്യ വേദിയും അതിന്‍റെ പ്രവര്‍ത്തനങ്ങളും. എന്‍റെ വ്യക്തിപരമായ കഴിവുകള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച മാടമ്പി വര്‍ഗ്ഗം വല്ലാതെ അവഗണിച്ചിട്ടുണ്ട് അപ്പോഴൊക്കെ ഞാന്‍ വേദനിച്ചിട്ടുണ്ട് എങ്കിലും എന്‍റെ ശ്രമങ്ങള്‍ ഞാന്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. എന്നെപ്പോലെയുള്ളവര്‍ക്ക് എന്തെങ്കിലും പുരസ്ക്കാരമോ അംഗീകാരമോ ലഭിച്ചാല്‍ അത് തങ്ങളുടെ ബെനവലന്‍സ് - ഭിക്ഷയാണെന്ന് വരുത്തി തീര്‍ക്കുവാന്‍ പ്രമുഖരെന്നു പറഞ്ഞു നടക്കുന്ന ചിലരെങ്കിലും ശ്രമിക്കുന്നത് ഖേദകരമാണ്. ലണ്ടന്‍ മലയാള സാഹിത്യ വേദി പോലെയുള്ള മാടമ്പി പാരമ്പര്യമില്ലാത്ത സംഘടനകള്‍ ഉണ്ടാവേണ്ടത്, പ്രത്യേകിച്ചു പ്രവാസി ലോകത്ത് എന്നെ പോലെയുള്ളവര്‍ക്ക് ചെറുതല്ലാത്ത പ്രോത്സാഹനവും പ്രതീക്ഷയുമാണ് നല്‍കുന്നത്.

ഇന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നമ്മള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന അവസരങ്ങളും സാഹചര്യങ്ങളും അനന്തമാണ്. അതില്‍ പ്രധാനമായും ബ്ലോഗ്‌ എന്ന പുതിയ കാലത്തിന്‍റെ മാധ്യമം മാറ്റത്തിന്‍റെ കൊടുങ്കാറ്റായ് മാറുകയാണ്. അക്ഷരമറിയാവുന്ന ആര്‍ക്കും തങ്ങളുടെ സൃഷ്ട്ടികള്‍ പുറം ലോകത്തെ അറിയിക്കുവാന്‍ ഏറ്റവും എളുപ്പമുള്ള ഉപാധിയാണ്. പ്രവാസി ലോകത്താദ്യമായി അടുത്തയിടെ ലണ്ടനിലെ ബ്ലോഗ്ഗര്‍മാര്‍ രണ്ടു തവണ ഒത്തുകൂടുകയുണ്ടായി. യു. കെ യുടെ പല ഭാഗത്ത് നിന്നായി ബ്ലോഗ്ഗര്‍മാര്‍ കോവന്ട്രിയില്‍ ശ്രീ ഓ.എന്‍.വി കുറുപ്പിനെ അനുമോദിക്കുവാന്‍ ശ്രീ മുരളി മുകുന്ദന്‍റെ നേതൃത്വത്തില്‍ കൂടിയിരുന്നു. അന്ന് ബ്ലോഗിന്‍റെ സാധ്യതകളെക്കുറിച്ചും അതിലൂടെ എങ്ങനെ കലയും സാഹിത്യവും കൂടുതല്‍ ജനകീയമാക്കാമെന്നും ചര്‍ച്ച ചെയ്യപ്പെട്ടു. ശ്രീ മുരളി മുകുന്ദനെയും, റെജി നന്തിക്കാട്ടിനെയും പ്പോലെയുള്ളവര്‍ വിരസമായതും തിരക്കേറിയതുമായ പ്രവാസ ലോകത്തെ ജീവിതത്തിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്നത് അവഗണിക്കാവുന്നതല്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ മാനിക്കപ്പെടുന്നത് നമ്മള്‍ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുമ്പോഴാണ്. അതിനിനിയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌.

ജാതിയും മതവും നോക്കി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് അത് എന്തിന്‍റെ പേരിലായാലും അംഗീകരിക്കുവാനാകാത്ത ഒന്നാണ്. അടുത്തയിടെ ഉണ്ടായ ചില അനുഭവങ്ങളാണ് എന്നെ ഇങ്ങനെ പറയുവാന്‍ പ്രേരിപ്പിച്ചത്. കലയും സാഹിത്യവും ജാതി മത വര്‍ഗ്ഗഭേധങ്ങള്‍ക്കകലെയാണ് അവിടെ എങ്കിലും ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതിരിക്കുന്നത് സമ്മോഹനങ്ങളായ പുതിയ സൃഷ്ട്ടികളുണ്ടാകുവാന്‍ വലിയ തോതില്‍ സഹായകരമാകും.

ലണ്ടന്‍ മലയാള സാഹിത്യ വേദിയും അതിന്‍റെ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ക്കിടനല്‍കാതെ നല്ല സാഹിത്യത്തെയും നല്ല കഥാകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം ഞാന്‍ നേരത്തെ സൂചിപ്പിച്ച മാടമ്പി സ്വഭാവമുള്ള എഴുത്തുകാരെ കണ്ടെത്തി അവരെ സാഹിത്യാസ്വാദകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടുകയും വേണം.

ഇത്രയും നേരം എന്നെ കേട്ടതിനും എന്നോട് സഹകരിച്ചതിനും ഞാന്‍ നന്ദി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു

3 അഭിപ്രായങ്ങൾ:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

“ഇന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നമ്മള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന അവസരങ്ങളും സാഹചര്യങ്ങളും അനന്തമാണ്. അതില്‍ പ്രധാനമായും ബ്ലോഗ്‌ എന്ന പുതിയ കാലത്തിന്‍റെ മാധ്യമം മാറ്റത്തിന്‍റെ കൊടുങ്കാറ്റായ് മാറുകയാണ്. അക്ഷരമറിയാവുന്ന ആര്‍ക്കും തങ്ങളുടെ സൃഷ്ട്ടികള്‍ പുറം ലോകത്തെ അറിയിക്കുവാന്‍ ഏറ്റവും എളുപ്പമുള്ള ഉപാധിയാണ്“

ഞാൻ കേട്ടിരുന്നു ...
നല്ലൊരു പ്രഭാഷണമായിന്നു അത്...കേട്ടൊ അശോക്

SAMAD IRUMBUZHI പറഞ്ഞു...

All the best

shinod പറഞ്ഞു...

ഏട്ടാ
എഴുത്തിലും പ്രസംഗത്തിലും "ഞാന്‍"
കുറഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു.
കണ്‍റ്റിട്ടേ ഇല്ലാത്ത് ഒരു നാട്ടില്‍ ജീവിക്കുന്ന ഭാഷാസ്നേഹിക്ക്
ഭാവുകള്‍