എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഡിസംബർ 14, ചൊവ്വാഴ്ച

എന്‍റെ സത്യങ്ങള്‍

ആമുഖം

അപ്രിയ സത്യങ്ങള്‍ക്കെന്നും പൊലിമ കുറവാണ്..എന്നാല്‍ സത്യങ്ങള്‍ എന്നും സത്യങ്ങള്‍ തന്നെയാണ്. ഇതൊരു അനുഭവക്കുറിപ്പൊന്നുമല്ല തികച്ചും ഭാവനാത്മകമായ ഒരു അനുഭവം എന്ന് പറയാം. പുതിയ അദ്ധ്യായങ്ങള്‍ ഇതില്‍ വന്നു കൊണ്ടേയിരിക്കും. സമയവും സൌകര്യവും പോലെ വായിക്കുകയും അഭിപ്രായം പറയുകയും വേണം..

ഇതെഴുതി തുടങ്ങുന്നത് ലണ്ടന്‍ എന്ന സ്ഥലം മനസ്സില്‍ ഒരാഗ്രഹമായിട്ടു വരുന്നതിനും മുന്‍പാണ്. കുറേക്കൂടി വ്യക്തമാക്കിയാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഇപ്പോഴും ലണ്ടന്‍ എനിക്കൊരു സ്വപ്നമോ ആഗ്രഹമോ ആയിട്ടില്ല. ആവുകയുമില്ല. ചില സത്യങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടം മാത്രമാണ് എന്നെ ലണ്ടനില്‍ എത്തിച്ചത്. എന്‍റെ പ്രണയവും വിരഹവും എന്‍റെ മഴയും വെയിലും ഋതുവും എന്‍റെ മണ്ണിന്‍റെ മണവും മുളങ്കാടിലൂടെ ഒഴുകി നീങ്ങുന്ന തെന്നലിന്‍റെ വേഗവും...പിന്നെ പിന്നെ...എന്‍റെ ഉണ്ണിയും അവന്‍റെ അമ്മയും...എല്ലാം എല്ലാം അങ്ങകലെ ആ മണ്ണിലാണ്.... ഇവിടെ ഞാന്‍ തനിച്ചാകുന്നു.....എന്നാല്‍ കൂട്ടുകൂടുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന പ്രലോഭനങ്ങള്‍...സുന്ദരവും അതിലേറെ ഭീകരവുമായ പ്രലോഭനങ്ങള്‍. ഒരിക്കലും തീരാത്ത എന്‍റെ പ്രണയം....എന്‍റെ ആത്മസഖിയോടുള്ള എന്‍റെ പ്രണയം...സുഖമുള്ള ഒരു തണുപ്പായ്...മഴയായ് എന്നോട് കിന്നാരം പറയുമ്പോള്‍ കാണാന്‍ സുഖമുള്ള ഒരു കാഴ്ച മാത്രമായി അവശേഷിക്കുന്നു എന്‍റെ ചുറ്റിലുമുള്ള മനോഹരമായ പ്രലോഭനങ്ങള്‍. ലണ്ടന്‍ എനിക്ക് വച്ച് നീട്ടുന്നത് രതിയുടെ ആഘോഷത്തിമിര്‍പ്പുകള്‍ ഒരു വശത്ത്, മറുവശത്ത് കലയുടെ അനന്തമായ സാധ്യതകള്‍ ....ഒന്നാമാത്തെതിനോട് എനിക്ക് വ്യക്തിപരമായ വെറുപ്പോ അല്ലെങ്കില്‍ അതിനെ മാറ്റി നിര്‍ത്തേണ്ട ഒന്നായിട്ടോ കാണുന്നില്ല..പക്ഷെ ആ ആഘോഷതിമിര്‍പ്പില്‍ ഭാഗഭാക്കാകാന്‍ ഒട്ടും താല്പര്യമില്ല .... കാരണം..എനിക്ക് ചുറ്റും എന്നെ മോഹിപ്പിക്കുന്ന, വല്ലാതെ മോഹിപ്പിക്കുന്ന പ്രണയമുണ്ട്...അതിന്‍റെ വിരഹമുണ്ട്...എന്‍റെ ആത്മസഖിയുടെ പ്രണയം..എനിക്കവളോടുള്ള പ്രണയം...എന്നെ അച്ഛനും അവളെ അമ്മയുമാക്കി മാറ്റിയ ഉണ്ണിയോടുള്ള സ്നേഹം..ഞാന്‍ എന്നതിനെക്കാളും എന്നിലെ കലയെന്ന സത്യത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്‍റെ പ്രണയവും എന്‍റെ സ്നേഹവും...അത് കൊണ്ട് തന്നെ കല എന്നതിനെ ഞാന്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു....അത് മഴയായ് പൂക്കാലമായ്‌ വേനലായ്‌ മഞ്ഞായ്‌ എനിക്ക് ചുറ്റുമുണ്ട്...

നിങ്ങളോരോരുത്തരും എന്നെ അറിയുന്നവരും അറിയാത്തവരും എന്നെ പറ്റി കേട്ടറിവുള്ളവരും....പ്രണയമെന്ന സത്യത്തെ പ്രണയിച്ചു തന്നെ അറിയണം...ഈ കഥയും പ്രണയത്തെ കുറിച്ചാണ്.... വേദനയോടെ പറയട്ടെ, ചുറ്റിലും കുമിഞ്ഞു കൂടുന്ന പണം..അല്ലെങ്കില്‍ അത് നേടുവാനുള്ള പരക്കം പാച്ചിലില്‍ നമ്മിലെ പ്രണയം മരിക്കുന്നു...നിങ്ങളെ ദൈവത്തിനു വെറുക്കപ്പെട്ടവരാക്കുന്നു. ദൈവത്തിന്‍റെ പ്രജകള്‍ നിങ്ങളില്‍ നിന്ന് അകലും..നിങ്ങള്‍ സ്വയം അവരില്‍ നിന്നകലും..അപ്പോഴും അവര്‍ അകലത്തില്‍ നിന്ന് നിങ്ങളെ നോക്കി പുഞ്ചിരിക്കും...പക്ഷെ നിങ്ങള്‍ ഭയക്കും....സംശയിക്കും..അവരുടെ പുഞ്ചിരിയെ നിങ്ങള്‍ തെറ്റിധരിക്കും...നിങ്ങള്‍ നിങ്ങളുടെ പണത്തെ സുരക്ഷിതമാക്കാന്‍ കൂടുതല്‍ അകലം പാലിക്കും....

ഈ കഥ എന്നെക്കുറിച്ചുള്ളതല്ല. അതിനു സമയമാകുന്നതെയുള്ളൂ. ഇത് നിങ്ങളുടെ കഥയാണ്. ജീവിക്കുവാന്‍ വേണ്ടി ജീവിതത്തെ മറന്നവരുടെ കഥയാണ്. ജീവിതം പ്രണയമാണെന്ന് മനസ്സിലാക്കാന്‍ വൈകിപ്പോയവര്‍ക്ക് വേണ്ടിയാണ്.

മക്കളെ സായിപ്പന്മാരാക്കി വളര്‍ത്തുവാന്‍ വെമ്പുന്ന നിങ്ങളുടെ മനസ്സിന്‍റെ സ്വാര്‍ത്ഥത്തിലേക്ക് ഒരെത്തിനോട്ടം കൂടിയാണ്. "അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം" എന്ന് ഗന്ധര്‍വ ഗായകന്‍ ആതുരമായി പാടുമ്പോള്‍ മാത്രം ഗൃഹാതുരത്വം അഭിനയിക്കുന്ന പ്രവാസി മലയാളി. നിങ്ങളിലേക്ക് തിരിച്ചു വെക്കുന്ന ഒരു കണ്ണാടിയാണ് ഈ കഥ...ഒന്ന് നോക്കൂ...ഡോക്യുമെന്‍ടുകളില്‍ ഒപ്പിട്ടു മാത്രം വിശ്വാസം ഉറപ്പിക്കുന്ന, അല്ലെങ്കില്‍ സ്നേഹത്തെ ഉറപ്പിക്കുന്ന നമ്മള്‍ക്കുവേണ്ടിയാണീ കഥ..

സ്നേഹത്തോടെ നിങ്ങളുടെ അശോക്‌ .....

എന്‍റെ സത്യങ്ങള്‍

ലണ്ടന്‍. ലോകത്തിലെ സ്വപ്ന സുന്ദരമായ നഗരം. എന്നെ പോലെ ഒരാള്‍ക്ക്, എന്നെ പോലെയെന്ന് വെച്ചാല്‍, അത്യാവശ്യം തല്ലിപ്പൊളിത്തരങ്ങള്‍ ഉള്ള ഒരാള്‍ക്ക് സുഖങ്ങളുടെ കൊടുമുടികള്‍ കയറി ഇറങ്ങാനും .. പിന്നെ രതിയുടെ ലോലമായ തന്ത്രികളിലൊരു തൂവല്‍സ്പര്‍ശമായ്
അങ്ങനെ..അങ്ങനെ..

ഒരു രാത്രിയുടെ സുഖദായകമായ ഓര്‍മകളില്‍ എന്നെ തനിച്ചാക്കി തിടുക്കത്തില്‍ സ്ടോക്കിന്‍സും ബാക്ക് ഓപ്പണ്‍ ഗൌണും വലിച്ചുകയറ്റി അവള്‍ പോകാന്‍ തുടങ്ങുകയായി. നേരം പുലര്‍ന്നു വരുന്നുതെയുള്ളു. ഇരുട്ടും വെളിച്ചവും ഒന്ന് പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ആ മുറിയില്‍ അങ്ങിനെ തണുപ്പത്ത് അവളെയും കെട്ടിപിടിച്ചു കിടക്കാന്‍ എന്ത് സുഖമായിരുന്നു. പട്ടു പോലെയുള്ള അവളുടെ മേനിയുടെ ഇളം ചൂടേറ്റു അങ്ങിനെ കിടക്കുമ്പോള്‍ നേരം പുലരരുതെയെന്നു വെറുതെ ആഗ്രഹിച്ചു. പതുപതുത്ത ആ കിടക്കയുടെ ഉള്ളിലേക്ക് വലിഞ്ഞു കയറി മൂടിപുതച്ചു ഞാന്‍ കിടന്നു. അവള്‍ തിടുക്കത്തില്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു എന്തൊക്കെയോ അവള്‍ പറയുന്നുണ്ടായിരുന്നു. അവളെ ശ്രദ്ധിക്കാതെ കിടന്നതിനു ദേഷ്യപ്പെട്ട് എന്‍റെ പുതപ്പു വലിച്ചെടുത്തവള്‍ ദൂരെ എറിഞ്ഞു. ബ്രസീലിയന്‍ കോണ്‍സുലേറ്റില്‍ ഉയര്‍ന്ന ഉദ്യോഗമുള്ള അവളുടെ തന്തപ്പടി അറിയുന്നുണ്ടോ മകള്‍ അവളുടെ ഇന്ത്യക്കാരന്‍ ബോയ്‌ ഫ്രണ്ടിന്‍റെ കൂടെ ആയിരുന്നു എന്ന്.

"ഹേ മാന്‍ വേര്‍ ഈസ്‌ മൈ കീ ?" ഞാന്‍ എഴുന്നേല്‍ക്കാതെ തന്നെ കട്ടിലിന്‍റെ വശത്തുള്ള ചെറിയ വലിപ്പില്‍ നിന്നും താക്കോലെടുത്ത്‌ പുറത്തേക്കിട്ടു. അവള്‍ എന്‍റെ അടുത്ത് വന്നു എന്നെ പിടിച്ചു വലിച്ചു തിരിച്ചു കിടത്തി. എന്നിട്ട്തിരിഞ്ഞു നിന്നതിനു ശേഷം പറഞ്ഞു

" കാന്‍ യു പ്ലീസ് പുട്ട് മൈ സിപ്‌".

സിപ് വലിച്ചു കയറ്റുന്നതിനിടയില്‍ എന്‍റെ വിരലുകള്‍ വീണ്ടും കുസൃതി കാട്ടിയതിനു അവള്‍ എന്നോട് ദേഷ്യപ്പെട്ടു. ഞാന്‍ മെല്ലെ കട്ടിലില്‍ ചാരിയിരുന്നു ഒരു സിഗരിട്ടിനു തീ പിടിപ്പിച്ചു. മുട്ടിനും എത്രയോ മുകളില്‍ നില്‍ക്കുന്ന അവളുടെ ഹാഫ് ഗൌണിനു കീഴില്‍ കടഞ്ഞെടുത്ത പോലുള്ള അവളുടെ കാലുകള്‍. സമ്മതിക്കണം. അവള്‍ ഒരു അപ്സരസ്സ് തന്നെ. ലോകത്തിന്‍റെ പല ഭാഗത്തുമുള്ള സുന്ദരികള്‍ തന്നെ മോഹിപ്പിചിട്ടുണ്ടെങ്കിലും ഇവള്‍, ഇവള്‍ക്കെന്തോ ഒരു പ്രത്യേകത. ഭംഗിയുള്ള വെളുത്ത കാലുകളില്‍ അവളുടെ ചെരുപ്പിന്‍റെ വള്ളികള്‍ വലിച്ചു കെട്ടിയതിനു ശേഷം തല ചരിച്ചെന്നെ നോക്കി മെല്ലെ പറഞ്ഞു.

"ബൈ. മീറ്റ്‌ യു നെക്സ്റ്റ് വീക്ക്‌ ".

കുറച്ചു നേരം നോക്കി നിന്നതിനു ശേഷം വാതില്‍ തുറന്നവള്‍ പുറത്തേക്കു പോയി. ഞാന്‍ മെല്ലെ സിഗരറ്റുമായി ജനാലയുടെ അടുത്തേക്ക് നടന്നു.തണുപ്പിന്‍റെ കമ്പളം പുതച്ചപ്പോഴും നഗരം ഉറങ്ങുകയാണ്‌. മനോഹരിയായ ലണ്ടന്‍ നഗരം. താഴെ പാര്‍ക്ക്‌ ചെയ്യ്തിരുന്ന അവളുടെ വെളുത്ത എസ്. യു. വി. മെല്ലെ പുറകോട്ടെടുത്തതിനു ശേഷം മൂളി പാഞ്ഞു വളവില്‍ മറഞ്ഞു. ഞാന്‍ പിന്നെയും അവിടെ നിന്നു കുറേനേരം കൂടി. മനസ്സിലേക്ക് ഏതൊക്കെയോ ഓര്‍മ്മകള്‍ ഓടിക്കയറി വന്നു.

എന്നാണ് വില കൂടിയ നഗര വധുക്കളുടെ ഈ നഗരത്തില്‍ നിന്നും എനിക്കൊരു മോചനം. വശ്യമായി ചിരിക്കുന്ന ഈ നഗരത്തിന്‍റെ മോഹിപ്പിക്കുന്ന ജീവിതത്തെ പ്രണയിച്ചു തുടങ്ങിയിട്ട് നീണ്ട പത്തു വര്‍ഷം. അങ്ങകലെ മലമടക്കുകളുടെ അപ്പുറത്തെ തന്‍റെ ഗ്രാമം, നന്മകള്‍ മാത്രം വിളയുന്ന തന്‍റെ കൊച്ചു സുന്ദരമായ ഗ്രാമം. ഈ നഗരത്തില്‍ നിന്നും ഞാന്‍ കടം കൊണ്ട എല്ലാ മാലിന്യങ്ങളും ഇവിടെ തന്നെ കഴുകിയിറക്കി പോകണം. നഗ്ന പാഥനായി. ഗൃഹാതുരത്വം എന്ന വാക്കിനെ പടിയടച്ചു പിണ്ഡം വച്ചിട്ട് നാളുകള്‍ കുറെയായി. വീണ്ടും ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ എന്താണ് കാരണം. ഇപ്പോഴെങ്ങനെയായിരിക്കും ഗ്രാമം. ഗ്രാമത്തിന്‍റെ കോണുകളിലേക്ക് പടര്‍ന്നു കയറുന്ന നാട്ടിടവഴി .ഓര്‍മ്മയുടെ അടിത്തട്ടിലെവിടെയോ നിറം മങ്ങി കിടക്കുന്ന ആ പഴയ നാട്ടിടിടവഴിയുടെ ഓരത്തെ വേലിക്കലിരുന്നു കരയുന്ന ബലികാക്കയുടെ സ്വരം വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കെന്നെ കൂട്ടിക്കൊണ്ടുപോയി.

പണ്ടൊക്കെ കാത്തിരിക്കാനും പ്രതീക്ഷിക്കാനും ഒരാളുണ്ടായിരുന്നു. അമ്മ. എന്‍റെ എല്ലാമെല്ലാമായ അമ്മ. മോനെ നിനക്ക് സുഖമല്ലേ എന്ന് വിറയാര്‍ന്ന വിരലുകള്‍ കൊണ്ടെഴുതിയ ഒരു കത്ത് വല്ലപ്പോഴും തന്നെ തേടി വരുമായിരുന്നു.എപ്പോഴോ അത് നിന്നു. ഓര്‍മ്മകള്‍ക്കപ്പുറത്തു എവിടെയോ നിന്ന് അമ്മ പുഞ്ചിരി പൊഴിക്കുന്നു. വാല്‍ത്സല്യത്തോടെ മോനെ എന്ന് പതിയെ വിളിക്കുന്നത്‌ പോലെ. അമ്മയെ പറ്റിയുള്ള ഓരോ ഓര്‍മകളും ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നീറ്റല്‍ ഉണ്ടാക്കിയിരുന്നു. പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആകെ പകപ്പായിരുന്നു. വിശാലമായ ലോകത്തേക്കുള്ള ആദ്യത്തെ യാത്ര. പണ്ടൊക്കെ അമ്മയുടെ വിരല്‍ തുമ്പില്‍ തൂങ്ങി ഗ്രാമ കാഴ്ചകളൊക്കെ കണ്ടു നടക്കുമ്പോള്‍ സുരക്ഷിതത്വം തോന്നിയിരുന്നു. ഇനിയങ്ങോടുള്ള യാത്രയില്‍ കൂട്ടിനമ്മയില്ല എന്ന സത്യം വേദന പടര്‍ത്തി. പടിപ്പുരയില്‍ ഈറനണിഞ്ഞ കണ്ണുകളോടെഎങ്കിലും ചുണ്ടത്ത് തുമ്പ ചിരിയുമായി താന്‍ നടന്നു മറയുന്നതും നോക്കി അമ്മ നിന്നിരുന്നു. എത്ര ദൂരം ഞാന്‍ താണ്ടി.... എത്രയോ മുഖങ്ങളിലൂടെ...... എത്രയോ വര്‍ഷങ്ങളിലൂടെ.... എണ്ണിയാലൊടുങ്ങാത്ത സൌഹൃദങ്ങളിലൂടെ...... ചതിയും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത് പാവം ആ അമ്മയുടെ മകന്‍ എത്ര ദൂരം നടന്നു. ഒന്നും അമ്മ അറിഞ്ഞില്ല... നന്മയെ തിന്മ കീഴ്പെടുത്തിയ ആ മകന്‍റെ മനസ്സിന്‍റെ കാപട്യങ്ങള്‍ അമ്മ അറിഞ്ഞില്ല...ഒന്നും അറിയാതെ അമ്മ യാത്രയായി...പരിഭവങ്ങളില്ലാതെ...

അങ്ങനെ ഗ്രാമത്തെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തിയ ആ സ്നേഹത്തിന്‍റെ നനുത്ത കണ്ണിയും പൊട്ടി. ഗ്രാമം എനിക്കന്യമായി. പഴയ ഞാന്‍ എന്നേ മരിച്ചു. പുതിയ മുഖവുമായി ഞാന്‍ ഭൂമിക്കു മേലെ, ചതിയന്മാരുടെ ഇടയില്‍ കൊടും ചതിയനും വഞ്ചകനുമായി കൂസലെന്യ നടന്നു.

തിരിഞ്ഞു നോക്കുമ്പോള്‍...വേണ്ട തിരിഞ്ഞു നോക്കണ്ട... തിരിഞ്ഞു നോക്കേണ്ട സമയമായില്ലേ? അല്ല തിരിഞ്ഞു നടക്കേണ്ട സമയമായി എന്നതാവും ശരി.


മഴ വെള്ളം ചാല് കീറിയ നാട്ടിടവഴിയോരത്ത് എന്നോ കൈമോശം വന്ന ഓര്‍മകളുടെ കുന്നികുരുമണികള്‍ പെറുക്കിയെടുക്കാന്‍ അയാള്‍ യാത്രയാവുകയാണ്..


എന്‍റെ പ്രീയപെട്ട സത്യങ്ങള്‍. എന്‍റെ ധാര്‍ഷ്ട്യങ്ങള്‍ക്ക് മുകളില്‍ എന്‍റെ ധിക്കാരങ്ങള്‍ക്കും മുകളില്‍ ഞാന്‍ കണ്ടു, വളര്‍ന്നു നില്‍ക്കുന്ന എന്നിലെ ദയയില്ലാത്ത ചിന്തകളുടെ, തിന്മകളുടെ കറുത്ത മേഘങ്ങള്‍. എന്നിലെ എന്‍റെ സത്യങ്ങളെ മറച്ചു നില്‍ക്കുന്ന തിന്മകളുടെ ഭാണ്ഡം പേറിയ കറുത്ത മേഘങ്ങള്‍. എനിക്കും എന്‍റെ നിഴലിനും മുകളില്‍ അവ പിന്തുടര്‍ന്നുകൊണ്ടിരിന്നു. വേണ്ട നിഷ്കളങ്കമായ എന്‍റെ പച്ച നിറഞ്ഞ ഗ്രാമത്തിനു മുകളില്‍ അവ പെയ്യ്തിറങ്ങരുത്. അതിനു മുന്നേ അവ പെയ്യ് തൊഴിയണം. പാവം എന്നിലെ എന്‍റെ പ്രിയ സത്യങ്ങള്‍. ഞാന്‍ അവരെ കണ്ടില്ലെന്നു നടിച്ചു. എന്നിട്ടും പരിഭവം കൂടാതെ അവര്‍ കണ്ണ് നിറച്ച് എന്‍റെ ചാരെ നിന്നു. എന്നെങ്കിലും ഞാന്‍ അവരെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നതും കാത്ത്....

സമയമായി.... മടക്കയാത്രക്കുള്ള സമയമായി....

കയ്യാലയിലിരുന്നു കരയുന്ന കാക്കയുടെ സ്വരം.... എന്നായിരുന്നു ഞാനവളെ ആദ്യം കണ്ടത്? എപ്പ മാമന്‍റെ കൂടെ മഴയത്ത് സ്കൂളില്‍ നിന്നു മടങ്ങി വന്നപ്പോഴല്ലേ? നീണ്ട വരാന്തയുടെ അങ്ങേ അറ്റത്ത്‌ ഒരു കുഞ്ഞു പെറ്റികോട്ടുമിട്ട് നിന്ന ആ കൊച്ചു പെണ്‍കുട്ടിയെ ആദ്യം കണ്ടത്? ഞാന്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെ ബന്ധുക്കളിലാരുടെയും വീടുകളില്‍ കണ്ടിട്ടില്ല.

"ഹ! ഇതെന്താ കുട്ടാ ഇങ്ങട്ട് മാറി നില്‍ക്ക. ഇത്രടം മഴ നനയാതെ വന്നിട്ടിപ്പോ മഴ നനയ്യെ!?

ഞാന്‍ അവളെ നോക്കി നില്‍ക്കുകയായിരുന്നു. അത് കണ്ടിട്ടാവണം അമ്മ ചോദിച്ചു.

"എന്താ കുട്ടാ....ഇവളെ നിക്ക് അറ്യോ?"

ഞാന്‍ അമ്മയെ നോക്കാതെ തന്നെ ഇല്ലെന്നു തലയാട്ടി.
അമ്മ പതിയെ എപ്പ മാമനെ നോക്കി ചിരിച്ചിട്ട് പറഞ്ഞു... "ഇനി മുതല്‍ക്കു ഓള് ഇവടെ ണ്ടാകും... ദ.. ആ നിക്കണ യശോധട മോള ഓള്..."

അവളുടെ ക്ഷീണിച്ച കണ്ണുകള്‍.... പാതി മുഖം മറച്ചു തൂണിന്‍റെ മറവില്‍ നിന്നവള്‍ എന്നെ അങ്കലാപ്പോടെ നോക്കി....

"കുട്ടാ.....ദേ നെനക്ക് ഇഷ്ടോള്ള പലഹാര ഇന്ന് കാപ്പിക്ക്...വന്നു കഴിച്ചോള്".. അകത്തു നിന്നും ഞാലു വിളിച്ചു പറഞ്ഞു...

"കുട്ടിയെ... ദ..ഓള്‍ക്കും കൂടെ കൊടുത്തോള് പല്‍ഹാരോം ചായേം"

ഞാന്‍ അകത്തേക്ക് കയറി പോകുമ്പോള്‍ ഞാലു ചായയും പലഹാരവുമായി ഉമ്മറത്തേക്ക് പോയി. പോകുമ്പോള്‍ എന്‍റെ തലയില്‍ സ്നേഹത്തോടെ തലോടാനും മറന്നില്ല. ഞാലു മൂത്ത ചേച്ചി ആണെങ്കിലും അമ്മയെ പോലെയാണ് എന്‍റെ കാര്യങ്ങളിലുള്ള ശ്രദ്ധ. അടുക്കളയോട് ചേര്‍ന്നുള്ള കൊച്ചു മുറിയിലിരുന്നാല്‍ നിറയെ മരങ്ങളുള്ള പറമ്പ് കാണാം. ഞാന്‍ ചായയും പലഹാരവും എടുത്ത് ആ മുറിയില്‍ പോയിരിന്നു. പറമ്പില്‍ മഴ പെയ്യുന്നത് കാണാന്‍ എന്ത് രസമാണ്. ഇരുണ്ട പറമ്പില്‍ നിറയെ വൃക്ഷങ്ങളാണ്‌. വെയിലുള്ളപോഴും എവിടെയൊക്കെയോ ഇരുട്ട് പമ്മി നില്‍ക്കന്നത് കാണാം. കുറെ നടന്നു കഴിയുമ്പോള്‍ പറമ്പിന്‍റെ കിഴക്കേ അതിര്‍ത്തിയില്‍ പാടം തുടങ്ങുകയായി. പക്ഷെ അവടം വരെ പോകാന്‍ കുട്ടിയായ എനിക്ക് അനുവാദം ഇല്ലായിരുന്നു. ചേച്ചീടെ കൂടെ ചിലപ്പോള്‍ തോട്ടില്‍ കുളിക്കാന്‍ പോകാറുണ്ട്. അപ്പോഴാണ്‌ അവിടമൊക്കെ കാണാന്‍ പറ്റുക. മഴ പിന്നെയും പെയ്യുന്നു. ഒരു പ്രത്യേക താളത്തില്‍. ഞാന്‍ അവിടെ ജനാലയുടെ കമ്പിയില്‍ പിടിച്ചു നിന്ന് പറമ്പിലേക്ക് നോക്കി. ജനാല കമ്പിയില്‍ നല്ല തണുപ്പുണ്ടായിരുന്നു.

" ശാരധെ എന്നാ ഞാന്‍ ഇറങ്ങ്വ .. കടേല് ആള് കേറണ നേരാ.."

എപ്പ മാമന്‍ യാത്ര പറഞ്ഞിറങ്ങി. അമ്മയുടെ മൂത്ത ജ്യേഷ്ടനാണ് എപ്പ മാമന്‍. കവലയിലെ ഏറ്റവും വലിയ കച്ചവടക്കരനാണ് ‍. പലചരക്ക് കടയും ചായക്കടയുമൊക്കെയായിട്ട്‌ ....പടിയിറങ്ങി നടവഴി എത്തിയിട്ട് തിടുക്കത്തില്‍ തിരികെ കയറി വന്ന് അമ്മയോട് സ്വകാര്യം പറയുന്ന പോലെ എന്നാല്‍ എല്ലാവര്‍ക്കും കേള്‍ക്കാന്‍ പറ്റുന്ന പാകത്തില്‍

" ആഹ്! ശാരധെ.. കിഴെക്കൊട്ടൂരുള്ള ആ ആലോചന വലിയ തെറ്റില്ലെന്ന മനസ്സിലായെ.." നെറ്റി ചുളുക്കി അമ്മയെ ഒന്ന് നോക്കിയ ശേഷം "അതങ്ങട് ..... ചോദ്യ ഭാവത്തില്‍ അമ്മയെ നോക്കി.

"ഏട്ടന് ഭോധിച്ചാല്‍ നിക്ക് സമ്മതം...കുട്ട്യോള്‍ടെ അച്ഛന് ഞാന്‍ എഴുതിക്കോളം.. "

"വരട്ടെ... ഞാന്‍ പറയാം" മാമന്‍ പിന്നെ തിടുക്കത്തില്‍ നടവഴി കയറി നടന്നു മറഞ്ഞു..

ഞാന്‍ മെല്ലെ അടുക്കളയിലേക്കു ചെന്നു... അവിടെ ഞാലുവും പുതുതായി വന്ന യശോദയും രാത്രി ഭക്ഷണത്തിനുള്ള ഒരുക്കത്തിലായിരുന്നു. ആ പെണ്‍കുട്ടി ക്ഷീണിച്ച കണ്ണുമായി ഇപ്പൊ കരയും എന്ന മട്ടില്‍ അടുക്കളയുടെ ഒരു മൂലയില്‍ നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അത് പിന്നെയും കുറെ കൂടി പതുങ്ങി നിന്നു.

"കുട്ടന്‍ എത്രേല പഠിക്കുന്നെ..." യശോദ ലോഹ്യം കൂടാന്‍ നോക്കി ..ഞാന്‍ മറുപടി പറഞ്ഞു..

ഞാലു വെറുതെ ചിരിച്ചു കൊണ്ട് നിന്നു....

"മോനിന്നു ഒന്നും പഠിക്കാനില്ലേ..." അവര്‍ പിന്നെയും ചോദിച്ചു. എനിക്ക് അവരോടു വര്‍ത്തമാനം പറയാന്‍ തോന്നിയില്ല....ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി...അമ്മ പൂജ മുറിയില്‍ വിളക്കുകള്‍ തുടക്കുകയായിരുന്നു... എത്ര പെട്ടന്നാണ് സന്ധ്യയായത്. മഴ അപ്പോഴും തൊടിയിലും പാടത്തും ഒക്കെ ചിന് ച്ചിനെ പെയ്യ്തു കൊണ്ടിരുന്നു. ഞാന്‍ ഉമ്മറത്തിട്ടിരുന്ന ആ പഴയ ചാര് ചാരുകസേരയിലിരുന്ന് ഇരുട്ട് കയറിവരുന്നതും നോക്കിയിരുന്നു. നല്ല സുഖമാണ് അങ്ങനെ ഇരിക്കാന്‍. നന്നേ കുട്ടിയായിരുന്നപ്പോള്‍ ഇളയമ്മയുടെ മോന്‍ വിഷ്ണുവേട്ടന്‍ ഇതേ ചാര് കസേരയില്‍ തന്നെയും മടിയിലിരുത്തി ഇരുണ്ട പറമ്പിലേക്ക് നോക്കി എത്ര കഥ പറഞ്ഞു തന്നു.... പിന്നെ ആരോ പറയുന്നത് കേട്ട്....വിഷ്ണുവേട്ടന്‍ നാട് വിട്ടുവെന്ന്.... കഥകള്‍ ഒരുപാട് ബാക്കിയാക്കി എങ്ങോട്ടോ....

പിന്നെ ഈ കസേരയില്‍ ഇരിക്കാറുള്ളത്‌ അച്ഛനാണ്. പക്ഷെ മടിയില്‍ തന്നെ ഇരുത്താറില്ല...... കാര്‍ക്കശ്യക്കരനായിരുന്നു അച്ഛന്‍. സ്നേഹം ചിലപ്പോഴോക്കെയെ പ്രകടിപ്പിക്കുകയുള്ള്. എങ്കിലും അച്ഛനെ എനിക്കിഷ്ടമായിരുന്നു. ബോംബെ എന്ന മഹാനഗരത്തിലായിരുന്നു അച്ഛന്‍റെ ബിസിനസ്‌. പരിഷ്ക്കരിയായിരുന്നെങ്കിലും നാട്ടിലെത്തിയാല്‍ പിന്നെ തനി നാട്ടിന്‍പ്പുറത്തുക്കാരനായിട്ടേ നടക്കു. നാട്ടില്‍ എല്ലാവര്‍ക്കും അച്ഛനെ വലിയ ബഹുമാനവും സ്നേഹവുമാണ്. പഴമയെ ഇഷ്ട്ടപെട്ടിരുന്നത് കൊണ്ട് വീടിനു വലിയ മാറ്റമൊന്നും വരുത്താതെ അച്ഛന്‍ സൂക്ഷിച്ചു. അത്യാവശ്യം വേണ്ടതെല്ലാം വീട്ടില്‍ സജ്ജീകരിച്ചു എന്നല്ലാതെ....അച്ഛന്‍ നാട്ടില്‍ വന്നാല്‍ പിന്നെ പഴയ സുഹൃത്തുകളും എല്ലാവരും കൂടി എപ്പ മാമന്‍റെ ചായക്കടയില്‍ രാത്രി കച്ചവടമൊക്കെ കഴിഞ്ഞു ഒന്ന് കൂടും. പേരിനു ഒരല്‍പം മദ്യം ഉണ്ടാകും. അക്കൂട്ടത്തിലാരും വല്ലാതെ കുടിക്കുന്നവരില്ലായിരുന്നു. പിന്നെ ചര്‍ച്ചകളാണ് കലയും സാഹിത്യവും കഥയും ഒക്കെ കടന്നു വരും.

റോഡില്‍ നിന്നും അല്‍പ്പം താഴെയായിട്ടായിരുന്നു എപ്പ മാമന്‍റെ കട. കടക്കു പിന്നില്‍ കിഴുക്കാം തൂക്കായ ഇറക്കമായിരുന്നു. ഇറക്കം ഇറങ്ങി ചെല്ലുന്നത് വലിയൊരു വെള്ളച്ചാട്ടത്തിലാണ്. കങ്ങാനി വെള്ളച്ചാട്ടം. കഴിഞ്ഞ തവണ അച്ഛന്‍ വന്നപ്പോള്‍ എപ്പ മാമന്‍റെ കടയില്‍ കൂടുമ്പോള്‍ എന്നെയും കൊണ്ടുപോയി. പുക പിടിച്ച ചുവരുകളും അലമാരിയുമായിരുന്നു അവിടെയുള്ളത്. ഇരിക്കുമ്പോള്‍ ചെറുതായി അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന കുറെ ബെഞ്ചും ടെസ്ക്കും. അതിലിരുന്നു അനങ്ങുമ്പോള്‍ കീ കീ എന്ന ശബ്ദം വരും. അപ്പോഴൊക്കെ മാമന്‍റെ വഴക്ക് കേട്ടിട്ടുമുണ്ട്. റോഡിന് അഭിമുഖമായ ഭാഗമൊക്കെ മരത്തിന്‍റെ അഴികളായിരുന്നു. കറുത്ത വല പിടിച്ച അഴികള്‍. ചായക്കടയുടെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ എല്ലാവരും കൂടിയിരുന്നു ചര്‍ച്ച തുടങ്ങി. ഞാന്‍ മെല്ലെ മുന്‍വശത്തെ മേശയുടെ അടുത്തിട്ടിരുന ബെഞ്ചില്‍ കയറി പുറത്തെ ഇരുട്ടും നോക്കിയിരുന്നു. വളവിലെ മാടക്കടയില്‍ അപ്പോഴും വിളക്ക് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. അത് വഴിയെ പോകുന്ന അവസാനത്തെ ബസ്സിലെ യാത്രക്കാരെയും കാത്തിരിക്കുകയാണ്. അകത്തു നിന്നും അച്ഛന്‍റെ ഈണത്തിലുള്ള പാട്ട് കേള്‍ക്കാം; സുലൈമാന്‍ ഇക്കയുടെ വിരലുകള്‍ മേശയുടെ മുകളില്‍ താളമിടുന്നതും കേള്‍ക്കാം. ഞാന്‍ ബെഞ്ചില്‍ നീണ്ടു നിവര്‍ന്നു കിടന്നു. പിന്നെ അച്ഛന്‍റെ നീണ്ട ടോര്‍ച് എടുത്തു മുഖത്തിനു നേര തെളിച്ചു പിടിച്ചു. വിഷ്ണുവേട്ടനെ ഓര്‍മ്മ വന്നു. വിഷ്ണുവേട്ടന്‍ തന്നെ പേടിപ്പിക്കാന്‍ എപ്പോഴും ടോര്‍ച് താടിക്കടിയില്‍ നിന്നും മുകളിലേക്ക് തെളിച്ചു പിടിച്ചു നാക്കൊക്കെ പുറത്തിട്ടു അങ്ങനെ നില്‍ക്കും. ഞാന്‍ ഓടി മൂലയില്‍ തെറുത്ത് വച്ചിരിക്കുന്ന പായയുടെ പിറകില്‍ ഒളിക്കും....അങ്ങനെ എന്തെല്ലാം....

പുറത്ത് അവസാനത്തെ ബസ്‌ വന്നു നില്‍ക്കുന്ന ഒച്ച എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.

നഗരസുചീകരണ ജോലികള്‍ താഴെ തെരുവില്‍ തകൃതിയായി നടക്കുന്നു. ലണ്ടന്‍ നഗരം മെല്ലെ തണുപ്പിന്‍റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു തുടങ്ങി. എത്ര പെട്ടെന്നാണ് അടച്ചിട്ട മനസ്സിന്‍റെ വതാനയനങ്ങള്‍ തുറന്ന് അമ്മയും എപ്പ മാമനും ഞാലുവും ഒക്കെ കടന്നുവന്നത്?. സിഗരറ്റ് ആശ്ട്രയില്‍ തിരുകിയതിനു ശേഷം തലേന്ന് കാതെരിന്‍ വരുന്നതിനു മുന്‍പ് മൂന്ന് പേജ് എഴുതി നിറുത്തിയ "പിഞ്ഞാണ്‍ പാത്രങ്ങള്‍" എന്ന നോവല്‍ കയ്യിലെടുത്തു വീണ്ടും പുതപ്പിനടിയിലേക്ക്‌. എവിടെയാണ് നിറുത്തിയത്.....

"അടര്‍ന്നു വീഴുന്ന ഓരോ വേദന നിറഞ്ഞ പുഞ്ചിരിയും വിസ്മൃതിയിലേക്ക് മറയുന്നതിനു മുന്‍പ് അവശേഷിപ്പിക്കുന്നത് എന്താണ്? ആരുടെയോ കണ്ണില്‍ ന്നിന്നു നിപതിച്ച ചോരകലര്‍ന്ന കണ്ണുനീരോ? ഹൃദയം കേഴുമ്പോള്‍ അതറിയുന്നത്‌ കണ്ണുകള്‍ മാത്രമാണോ? വേദനയുടെ കുഞ്ഞു കണ്ണുനീര്‍ കണങ്ങളെ മഹാ സമുദ്രത്തിന്‍റെ വന്‍ തിരമാലകളില്‍ ആരറിയാന്‍.? എങ്കിലും നീ എനിക്ക് സമ്മാനിച്ച ഓരോ വേദനയും മേഘ പുഷ്പ്പങ്ങളായി സായാഹ്നങ്ങള്‍ ചുവപ്പ് പടര്‍ത്തിയ കണ്‍തടങ്ങളില്‍ ചലനമറ്റു കിടന്നതും പിന്നീടത്‌ ഹൃദയമുറങ്ങിയ കടവില്‍ ആളൊഴിഞ്ഞ നേരത്ത് ചാലുകീറി ഒഴുകിയതും... മഴ പെയ്യ്തു വീണ പടികളില്‍ കരിയിലകളും പച്ച പായലും മെല്ലെ വകഞ്ഞു മാറ്റിയാല്‍ കാണാം നിന്നെ തേടിയലഞ്ഞ എന്‍റെ കാല്‍പ്പാടുകള്‍....നിന്‍റെ ഓരോ ഹൃദയമിടിപ്പും എന്നോട് പറഞ്ഞതൊക്കെയും കുന്നികുരു മണികളില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ചിരുന്നു. പിന്നെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയ കറുത്ത രാത്രിയില്‍ ഇരുട്ടിന്‍റെ മറവില്‍ വെള്ളിടിവെട്ടിയ നേരത്ത് എന്‍റെ ഓര്‍മകളിലെ സ്നേഹ വാക്കുകളൊക്കെയും ഒളിപ്പിച്ച കുന്നി കുരു മണികള്‍ ഹൃദയം പിളര്‍ന്നു മരിച്ചു..... എല്ലാം തകര്‍ത്തു വീശിയ കാറ്റ് കവര്‍ന്നത് നിന്‍റെ ഹൃദയമിടിപ്പുകള്‍ എന്നോട് പറഞ്ഞ സ്നേഹ വാക്കുകളെയാണ്.....

അയാള്‍ പിന്നെയും എന്തൊക്കെയോ എഴുതിക്കൂട്ടി......

ഓര്‍മയുടെ കുന്നി കുരു മണികളില്‍ ഞാനും ഒളിപ്പിചിരുന്നില്ലേ കുറെ മുഖങ്ങള്‍.... എന്നെ തഴുകി തലോടിയ കാറ്റിന്‍റെ കുസൃതിയും....തോട്ടില്‍ വെട്ടി പുളഞ്ഞ പൂഞാട്ടിയും... കണ്ടത്തിന്‍റെ വരമ്പുകള്‍ വെട്ടി തേകി മിനുക്കി തോളത്തു മണ്‍ വെട്ടിയുമായി കടന്നു പോയ ചെറുമാന്‍റെ വിയര്‍പ്പിന്‍റെ ഗന്ധവും... അമ്പല വളവിലെ മതിലില്‍ ആരോ വരച്ചിട്ട അരിവാള്‍ ചുറ്റിക നക്ഷത്രവും.. പിന്നെ രാത്രിയില്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്ന് ചിത്ര പുഴയുടെ നഗ്നതയിലേക്ക്‌ ഊളിയിട്ടിറങ്ങുന്ന കാമാലോലുപനായ ചന്ദ്രനും....

അങ്ങനെ സുഗദായകമായ എത്ര എത്ര ഓര്‍മ്മകള്‍. ഓര്‍മയുടെ വരമ്പുകളിലൂടെയുള്ള ഈ യാത്ര എന്നെ എവിടെയാണ് കൊണ്ട് ചെന്ന് എത്തിക്കുക. ആ നനഞ്ഞ്പായലോടിയ ചെമ്മണ്‍ പാതക്കരികില്‍ കൈമോശം വന്ന കുന്നി കുരു മണികളുടെ അടുത്തെക്കോ?....

എപ്പ മാമന്‍റെ കടയുടെ അപ്പുറത്തെ മാടക്കടയുടെ മുന്നില്‍ നിറുത്തിയ ബസ്സില്‍ നിന്നും ഒന്നോ രണ്ടോ യാത്രക്കാര്‍ ഇറങ്ങി. കടയില്‍ നിന്നും കൊളുത്തിയ ബീഡിയുമായി അവര്‍ ഓരോ വഴിയുടെ പിന്നാലെ പോയി. ഡ്രൈവറും പിന്നെ അയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേരും കടയുടെ മങ്ങിയ വെളിച്ചത്തില്‍ കാണാമായിരുന്നു. വണ്ടിക്കു പിന്നിലെ ചുവന്ന വെളിച്ചം കണ്ണുരുട്ടി എന്നെ നോക്കി അഴികള്‍ക്കിടയിലൂടെ. പിന്നെ എപ്പോഴോ മണിയടി ശബ്ദവും. വണ്ടിയുടെ മുരള്‍ച്ചയും അകന്നകന്നു പോയി. ഞാന്‍ വീണ്ടും പുറത്തെ ഇരുട്ടിലേക്ക് നോക്കി കിടന്നു. അപ്പുറത്ത് അപ്പോഴും അച്ഛനും എപ്പ മാമനും കൂട്ടുകാരും ചര്‍ച്ചകളിലും കവിതകളിലുമായിരുന്നു. മകരമാസ്സത്തിലെ മഞ്ഞു പെയ്യുന്ന രാത്രി. എനിക്ക് തണുപ്പ് തോന്നി. അമ്മയുടെ അടുത്തായിരുന്നെങ്കില്‍ അമ്മയുടെ വയറ്റില്‍ മുഖം പൂഴ്ത്തി കെട്ടിപ്പിടിച്ചു കിടന്നുറങ്ങാമായിരുന്നു. എന്തെ ചീവീടുകള്‍ ഒന്നും ചിലക്കത്തെ. എല്ലാരും ഉറങ്ങുമ്പോഴും നിര്‍ത്താതെ ചിലക്കുന്ന ചീവീടുകള്‍. തണുപ്പായതു കൊണ്ടായിരിക്കും. ഞാന്‍ തല ചരിച്ചു പുറത്തേക്കു നോക്കി. മാടക്കടയുടെ അവിടെ വെട്ടമില്ലായിരുന്നു. അയാളും പോയി. എവിടെയായിരിക്കും അയാളുടെ വീട്? ഈ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ അയാള്‍ക്ക് പേടിയില്ലേ?. വലിയവര്‍ക്കൊന്നും ഒന്നിനേം പേടിയില്ല. ഞാലു പനി പിടിച്ചു കിടന്നപ്പോള്‍ രാത്രി മാമനെ ഫോണ്‍ ചെയ്യ്തു വരാന്‍ പറഞ്ഞപ്പോ ആ രാത്രിയില്‍ മാമന്‍ ഒറ്റയ്ക്ക് വന്നു. പാടവും പാടത്തിനപ്പുറത്തുള്ള വലിയ കയവും ഒക്കെ ഒറ്റയ്ക്ക്.... താനന്ന് എന്ത് മാത്രം പേടിച്ചു. മാമന്‍ ഒറ്റക്കല്ലേ വരുന്നതെന്നോര്‍ത്തിട്ട്. വലുതാകുമ്പോള്‍ തനിക്കും ഒറ്റയ്ക്ക് നടക്കാന്‍ പറ്റും. രാത്രീല് ...ഒറ്റയ്ക്ക്... ദൂരെ എവിടെ നിന്നോ മണിയടി ശബ്ദം കേള്‍ക്കാം....വെള്ളച്ചാട്ടത്തിന്‍റെ ഒച്ച കാരണം ശരിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ വ്യക്തമായി കേള്‍ക്കാം. ഞാന്‍ പുറത്തേക്കു നോക്കി. ദൂരെ മണി കിലുക്കി നടന്നു വരുന്ന കാളകള്‍. അരണ്ട വെളിച്ചത്തില്‍ കാണാം. മണികിലുക്കി മേല്ലെയാടി വരുന്ന കാളവണ്ടികള്‍. വണ്ടിക്കടിയില്‍ മുനിഞ്ഞു കത്തുന്ന റാന്തല്‍ വിളക്ക്. വണ്ടി നീങ്ങുന്നതിനൊപ്പം കുറെ പ്രാണികളും വിളക്കിനു ചുറ്റും. നിറയെ സാധനങ്ങള്‍ കയറ്റിയ ആ വണ്ടികളിലെ വണ്ടിക്കരെല്ലാവരും നല്ല ഉറക്കത്തിലാണ്. എന്നാലും കാളകള്‍ നടന്നു കൊണ്ടേയിരിക്കും അവയ്ക്ക് ലക്‌ഷ്യം തെറ്റാറില്ല. മണികിലുക്കി അകന്നു പോയ ആ വണ്ടികളുടെ അടിയില്‍ മുനിഞ്ഞു കത്തിയ വിളക്കിന്‍റെ ഇത്തിരി വെട്ടം ഇരുട്ടിന്‍റെ കയത്തിലെവിടെയോ അലിഞ്ഞില്ലാതായി.. പിന്നെയും മണിക്കൂറുകള്‍ കടന്നു പോയി. നിദ്രയുടെ, മെല്ലെ ഇളകിയാടുന്ന പീലിതുമ്പില്‍ പറ്റിപ്പിടിച്ചു ഞാനുറങ്ങി.....

അടുക്കളയിലെവിടെയോ ഒരു പാത്രം തട്ടി മറിഞ്ഞ ഒച്ചയില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ നിദ്രയുടെ പീലിത്തുമ്പില്ല. കണ്ണും തിരുമ്മി ഉമ്മറത്തിന്‍റെ അരികു ചേര്‍ന്ന് ചാരി നിന്ന് പുറത്തേക്കു നീട്ടി മൂത്രമൊഴിക്കാറുള്ള പതിവ് തെറ്റിച്ചില്ല. ആവുന്നത്ര ദൂരേക്ക്‌ നീട്ടി മുള്ളും. അവിടെ തുടങ്ങുന്നു എന്‍റെ ഒരു ദിവസത്തെ ചര്യകള്‍. പിന്നെ നേരെ അടുക്കളയിലേക്ക്... ചായയും മോന്തി അടുക്കളപടിയില്‍ തൊടിയില്‍ ചിക്കി പറക്കുന്ന കോഴികളെ നോക്കിയിരിക്കും. അടുക്കളയിലെത്തിയപ്പോള്‍ ഞാലുവും പുതുതായി വന്ന ആ സ്ത്രീയും തകൃതി പണിയിലാണ്


അന്ന് സ്കൂളില്‍ യാതൊരു രസവും തോന്നിയില്ല. മണികണ്ടനും ഗിരിയും തോരാ മഴ കാരണം സ്കൂളില്‍ വന്നതുമില്ല. മുന്നത്തെ ബെഞ്ചില്‍ ഗിരിയുടെ അനിയത്തിയും അഞ്ജുവും ഒക്കെയുണ്ട്. എനിക്കവരോടൊന്നും മിണ്ടാന്‍ തോന്നിയില്ല. എനിക്കെന്താണ് പറ്റിയത്. പനി വരാന്‍ പോവുകയാണോ. പരമേശ്വരന്‍ സാറിന്‍റെ കണക്കു ക്ലാസ്സാണ്. സാറിന്നു വരാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മനസ്സില്‍ വിചാരിച്ചു തീര്‍ന്നില്ല കഞ്ഞി പശ മുക്കി വടിപോലക്കിയ ഷര്‍ട്ടും അടിയിലിട്ട വെള്ള കളസം പുറത്ത് കാണും വിധം വെള്ള മുണ്ടിന്‍റെ അറ്റം കക്ഷത്തില്‍ തിരുകി വരാന്തയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ചവുട്ടാതെ സാര്‍ കയറി വന്നു. തെറ്റും മറ്റും ഇരുന്ന കുട്ടികള്‍ ഓടി അവരവരുടെ സീറ്റുകളില്‍ സ്ഥാനം പിടിച്ചു. എന്നിട്ട് ഒരേ സ്വരത്തില്‍ ഗുഡ് മോണിംഗ് സാര്‍ എന്ന് നീട്ടി പറഞ്ഞു. ചൂരല്‍ വടിയും രജിസ്റ്റര്‍ ബുക്കും മേശപ്പുറത്ത് വെച്ചിട്ട് ഗൌരവത്തില്‍ ഒന്നു നോക്കിയ ശേഷം സാര്‍ പ്രത്യഭിവാധ്യം ചെയ്യ്തു. ക്ളാസ്സിന്‍റെ ഒരു മൂലയില്‍ നിറയെ നിവര്‍ത്തിയ കുടകള്‍, അങ്ങോട്ടൊന്നു കണ്ണോടിച്ച ശേഷം അറ്റന്ടെന്‍സ് എടുക്കുവാന്‍ തുടങ്ങി. 65 പേരില്‍ ആകെയുള്ളത് പതിനെട്ടുപേര്‍. അപൂര്‍വ്വമായിട്ട്‌ മാത്രം സാറിന്‍റെ മുഖത്തു കാണാറുള്ള ആ സ്ടയിലന്‍ പുഞ്ചിരി ഒന്ന് വിടര്‍ന്നണഞ്ഞു.

"മഴയായതു കൊണ്ട് ഇന്നാരും വന്നില്ലേ" കുട്ടികള്‍ വെറുതെ ചിരിച്ചു കാണിച്ചു.

സാര്‍ മെല്ലെ വാതിലിന്‍റെ അവിടെന്നിന്നു പുറത്തേക്ക് നോക്കി. പുറത്ത് ശക്തമായ മഴയും കാറ്റും. ചാതുരാക്രുതിയിലാണ് ക്ലാസ് മുറികള്‍. നടുക്ക് മുറ്റവും. മഴ പെയ്യ്തിറങ്ങുന്ന നടുമുറ്റം. നടുമുറ്റത്തിനും നടുക്ക് ഒരു വലിയ വാക മരം. നിറയെ മഞ്ഞ പൂക്കളുണ്ടാകുന്ന വാക മരം. സാര്‍ തിരികെ വന്ന് ക്ളാസ്സിന്‍റെ പിന്നിലേക്ക്‌ നടന്നു. പൊട്ടിപിളര്‍ന്നു കിടക്കുന്ന തറയില്‍ ഈര്‍പ്പം. കിഴക്കേ വശത്തുള്ള ജനാലയുടെ അരികു ചേര്‍ന്ന് കിടക്കുന്ന ബെഞ്ചും ടസ്കും പിശരനടിച്ചു നനഞ്ഞു കിടക്കുന്നു. ക്ലാസ്സ് മുറിക്കകത്താകെ പഴയ മരത്തിന്‍റെ നനഞ്ഞ മണം.

പരമേശ്വരന്‍ സാറിനെ എല്ലാവര്‍ക്കും വലിയ ബഹുമാനവും സ്നേഹവുമാണ്. വിട്ടുവീഴ്ചകളൊന്നും ചെയ്യാറില്ലെങ്കിലും.സാറിന്‍റെ മുഖത്തു സാധാരണ കാണാറുള്ള ആ പരുക്കന്‍ ഭാവം തുലോം കുറവായിരുന്നു. സാര്‍ ജാലകത്തിലൂടെ കുറെ നേരം പുറത്തേക്ക് നോക്കി നിന്നതിനു ശേഷം ഇരിപ്പിടത്തില്‍ വന്നിരുന്നു. പിന്നെ ഞങ്ങള്‍ കുട്ടികളെ നോക്കി വെറുതെയിരുന്നു. എനിക്ക് വല്ലാതെയായി. എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥ. മറ്റുള്ള കുട്ടികളും അങ്ങിനെ തന്നെയായിരുന്നു. ഞാന്‍ മെല്ലെ ബാഗില്‍ നിന്നും കണക്കു പാഠ പുസ്തകം എടുത്തു. മെല്ലെ മുരടനക്കി സാര്‍ പറഞ്ഞു.

"ഇന്നിനി ക്ലാസ് വേണ്ട. കുട്ടികളാരും ഇല്ലല്ലോ.. ഒരുപാട് ബഹളം ഉണ്ടാക്കാതെ നിങ്ങള്‍ കളിചോള്." ഒന്ന് നിറുത്തിയ ശേഷം "ബഹളം ഉണ്ടാക്കരുത്"...അതിലൊരു താക്കീതുമുണ്ടായിരുന്നു.

അഞ്ജുവും ഗിരിജയും എണീറ്റ്‌ ബാക്ക് ബെഞ്ചില്‍ ഇരുന്നിരുന്ന മറ്റു കുട്ടികളോടൊപ്പം പോയിരുന്നു. പോകുമ്പോള്‍ ഗിരിജ തന്നെയും വിളിച്ചു. ഞാനും അവരുടെ പിന്നാലെ പോയി അവിടിരുന്നു. എന്ത് ചെയ്യും? കളിചോളാന്‍ പറഞ്ഞുവെങ്കിലും സാര്‍ ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും ഒരു മടി. അപ്പോള്‍ ഗിരിജ പറഞ്ഞു നമുക്ക് സാറിനെ കൊണ്ട് ഒരു കഥ പറയിപ്പിക്കാം. കൊള്ളാം. പക്ഷെ സാറിനോട് ആര് പറയും. ഒടുവില്‍ തമ്പി ഏറ്റെടുത്തു ആ മഹാ ദൌത്യം. തമ്പി മെല്ലെ എഴുന്നേറ്റ് സാറിനെ നോക്കി ചിരിച്ചു. അവനെപ്പോഴും അങ്ങിനെയാ കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ നല്ല മിടുക്കാണ്. അതിനാണ് തുടക്കമെന്നോണം ആ ചിരി. സാര്‍ മെല്ലെ പുരികമുയര്‍ത്തി അവനെ നോക്കി. എന്തെന്ന ഭാവത്തില്‍. അല്‍പം ശംഗ അഭിനയിച്ചുകൊണ്ടവന്‍ കാര്യം അവതരിപ്പിച്ചു.

"സാര്‍ ഒരു പാട്ട് പാടുമോ....ശേ! അല്ല കഥ പറയുമോ?"

സാര്‍ പഴുതാര മീശ വച്ച മേല്‍ച്ചുണ്ട് ഒരല്‍പം കോട്ടി ഒന്ന് ചിരിച്ചു.. എന്നിട്ട്.. ചോദിച്ചു...

എന്ത് കഥയാണ് നിങ്ങള്‍ക്ക് വേണ്ടത്? ഒന്ന് നിറുത്തിയ ശേഷം....ശരി ഉണ്ണിയുടെയും ഭൂതത്തിന്‍റെയും കഥ പറഞ്ഞു തരാം.....
ആ കഥ ഒരു വേദനയായി കിടന്നു കുറേക്കാലം.

ഓര്‍മകള്‍ക്ക് എന്ത് സുഖം. ബാല്യകാലത്തിന്‍റെ നിഷ്കളങ്കമായ സ്വപ്‌നങ്ങള്‍. ബസ്സരിന്‍റെ ഒച്ചയാണ്‌ എന്നെ ഉണര്‍ത്തിയത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭവ്യതയോടെ നില്‍ക്കുന്ന ജാനെറ്റ്. അടുക്കള ജോലിക്കാരി അയ്യോ അങ്ങിനെ പറയാന്‍ പാടില്ല... മെയിഡ്. ഫിലിപീനിയാണ്. ചെറുപ്പമാണ്. ഒന്ന് ശ്രമിച്ചാല്‍ വളയുകയും ചെയ്യും. പക്ഷെ ഞാന്‍ അവളെ വെറും വെറുതെ വിട്ടു. ഒരിക്കല്‍ പോലും ഞാന്‍ അവളോട്‌ അത്തരത്തില്‍ പെരുമാറിയിട്ടില്ല.. എനിക്കല്‍ഭുതം തോന്നി. എങ്കിലും എല്ലാവരുടെയും ധാരണ ഞാന്‍ ........... ഹ ഹ ഹ..

"ഗുഡ് മോര്‍ണിംഗ് മിസ്റ്റര്‍ നന്ദു."

"യാ ഗുഡ് മോര്‍ണിംഗ്". ഞാന്‍ പ്രത്യഭിവാധ്യം ചെയ്യ്തു.

"വാട്ട്‌ വുഡ് യു ലൈക്‌ ടു ഹാവ് ഫോര്‍ ബ്രേക്ഫാസ്റ്റ്". അവള്‍ ചോദിച്ചതിനു ശേഷം അടുക്കള ലക്ഷ്യമാക്കി നടന്നു. പിന്നാലെ ഞാനും. നല്ല സ്ടയിലന്‍ നടത്തം. ഒരു ചുമടുണ്ടല്ലോ പുറകുവശം... നല്ല ഷേപ്പ്. എന്തെ ഞാന്‍ ഇവളെ ഇതിനു മുന്‍പ് ശ്രദ്ധിച്ചിട്ടില്ലേ? അവള്‍ തിരിഞ്ഞു നിന്ന് ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ വളരെ മാന്യമായി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"എനിതിംഗ് ജാനെറ്റ്. ഐ ലവ് ദി വെ യു കുക്ക്".

അവള്‍ പുഞ്ചിരിച്ചതിനു ശേഷം അടുക്കളയിലേക്കു കടന്നു. ഞാന്‍ അവിടെ കിടന്ന ചെറിയ സ്ടൂളിലിരുന്നു.

"ജാനെറ്റ് യു ലുക്ക്‌ സെക്സി ആന്‍ഡ്‌ ഹോട്ട് ഇന്‍ ദിസ്‌ ക്യൂട്ട് ടൈനി സ്കര്‍ട്ട്".

"ഓ... താങ്ക്‌ യു സൊ മച് മിസ്റ്റര്‍ നന്ദു. ദിസ്‌ വാസ് എ ഗിഫ്റ്റ് ഫ്രം മൈ ബോയ്‌ ഫ്രണ്ട്." അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടിയോ.

"ഓക്കേ ഓക്കേ ...ഫിനിഷ് യുവര്‍ വര്‍ക്സ്. ഐ വാന്‍ടെഡ് ടു ഗോ സം വേര്‍"
ഞാന്‍ തിരികെ മുറിയിലേക്ക് നടന്നു. ഒന്നും ചെയ്യുവാനില്ലാതെ ഞാന്‍ അങ്ങനെ നിന്ന്. പിന്നെ ഉറക്കെ വിളിച്ചു.... "ജാനെറ്റ്".

ജാനെറ്റ് തിടുക്കത്തില്‍ മുറിയിലേക്ക് വന്നു. എന്നെ തെല്ലു പകപ്പോടെ നോക്കി. ഞാന്‍ വിളിച്ചത് അല്‍പ്പം ഉറക്കെ ആയിപോയി. "ആഹ!!!... വെല്‍ കാന്‍ യു പ്ലീസ് പ്രിപെയര്‍ മൈ റൂം ബിഫോര്‍ യു സ്റ്റാര്‍ട്ട്‌ കുക്കിംഗ്"

"ഓ! ഷുവര്‍ വൈ നോട്ട്?" അങ്ങനെ ഒരു പതിവില്ല. എങ്കിലും ഞാന്‍ വെറുതെ അവളെ കൊണ്ടത്‌ ചെയ്യിച്ചു. അവളുടെ കാലുകള്‍ നല്ല ഭംഗിയുള്ളതായിരിന്നു. സ്ത്രീ ശരീരത്തിലെ എനിക്കേറ്റവും ഇഷ്ട്ടപെട്ട ഭാഗം കാലുകള്‍ തന്നെയാണ്. മെക്സിക്കന്‍ ആയാലും ശ്രിലങ്കന്‍ ആയാലും ആഫ്രിക്കന്‍ ആയാലും എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത് ആ ലോങ്ങ്‌ അത്ലടിക് ലെഗ്സ്‌ തന്നെ. അവള്‍ നിലത്തിരുന്നും കുനിഞ്ഞു നിന്നുമൊക്കെ മുറി അടുക്കി വക്കുകയാണ്. എന്‍റെ വഷളന്‍ ചിന്തകള്‍ വെറുതെ കാട് കയറി കൊണ്ടിരുന്നു. ഒന്ന് മുട്ടിയാലോ.? നന്ദന്‍ മുട്ടിയിട്ടു കിട്ടാത്തത് ആരെയാണ്. ഇവള്‍ ഇട്ടിരിക്കുന്നത് പാന്‍റി ആയിരിക്കുമോ അതോ തോങ്ങ്സ് ആയിരിക്കുമോ. അവള്‍ ഇത്രയും കുനിഞ്ഞിട്ടും ഒന്നും കാണാന്‍ പറ്റുന്നില്ല. ഞാന്‍ സീ പീ യു ഓണ്‍ ചെയ്യുന്നത് പോലെ നിലത്തിരുന്നു. ഹേ നോ രക്ഷ.... ഒന്നും കണ്ടില്ല. അവള്‍ തിരിഞ്ഞു എന്നെ നോക്കി. ആ നോട്ടം അത്ര ശരിയല്ലല്ലോ? കാര്യങ്ങള്‍ ട്രാക്കില്‍ തന്നെ വരുമോ? ഫിലിപീനിയാണ്, ഇത്തരം കാര്യങ്ങളില്‍ ഡോക്റ്റ്റേറ്റ് എടുത്തിട്ടുണ്ടാകും.

"ഓ വോ ദിസ്‌ ഈസ്‌ കൂള്‍ ....." കതെരിന്‍ വച്ച് മറന്നു പോയ ലോമ്പറ്റിന്‍റെ വില കൂടിയ ലിപ്സ്ടിക് അവിടെ കിടന്നിരിന്നു. ഭഗവാനെ നീ വഴി കാട്ടി തന്നു... ഇനി ഡ്രൈവ് ചെയ്യ്താല്‍ മതി....

"യു ലൈക്‌ ഇറ്റ്‌". ഞാന്‍ കൌശലത്തോടെ ചോതിച്ചു.

അതെടുത്തു കയ്യില്‍ വച്ചിട്ടവള്‍ പറഞ്ഞു"....യെയ ബട്ട്‌ ദിസ്‌ ഈസ്‌ എക്സ്പെന്‍സീവ്... ഐ കാണ്ട് അഫോദ് ഇറ്റ്‌ "

ഞാന്‍ അവളെ അര്‍ത്ഥഗര്‍ഭമായിട്ട് നോക്കി. നീ ഒന്ന് മനസ്സ് വെച്ചാല്‍ ഇതിലും നല്ലത് നിന്‍റെ കയ്യില്‍ എത്തും എന്ന് ഞാന്‍ പറയാതെ അവള്‍ മനസ്സിലാക്കിയത് പോലെ. അവളുടെ മുന്നിലെ ടേബിളിലിരുന്ന മൊബൈല്‍ റിംഗ് ചെയ്യ്തു. കയ്യെത്തി അതെടുത്തത്തിനു ശേഷം അതിലേക്കൊന്നു കണ്ണോടിച് എനിക്ക് നേരെ നീട്ടിപിടിച്ചപ്പോള്‍ അവളുടെ മുഖ ഭാവം ഞാന്‍ ശ്രദ്ധിച്ചു. ഇരിനയുടെ കാള്‍ ആയിരുന്നു. ഞാന്‍ ഫോണുമെടുത്ത് ജനാലയുടെ അടുത്തേക്ക് നടന്നു. അവള്‍ കട്ടിലിലിരുന്നു എന്നെ നോക്കി. മൈക്രോ സ്കര്‍ട്ട് കുറെ കൂടി മുകളിലേക്ക് കയറി. ഇപ്പോള്‍ ഭംഗിയേറിയ അവളുടെ കാലുകളുടെ മുഴുവന്‍ എനിക്ക് കാണാം.
ഞാന്‍ ജനാലയില്‍ ചാരി നിന്ന്

"ഹലോ"

അങ്ങേത്തലക്കല്‍ ഇരിനയുടെ സ്വരം.

സംസാരിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ അവള്‍ ചോദിച്ചു..... "ഹു ഈസ്‌ ഇരിന.."

അവളുടെ കണ്ണുകള്‍ വല്ലാതെ ഇടുങ്ങി

"വെല്‍ ഷി ഈസ്‌ മൈ ഫ്രണ്ട്". ഒരു കാല്‍ ഉയര്‍ത്തി മറ്റേ കാലിനു മുകളിലിട്ടു കൊണ്ടവള്‍ ചോദിച്ചു...

"ഫ്രണ്ട്? യുവര്‍ ഗേള്‍ ഫ്രണ്ട്?"

"യാ യു കാന്‍ സെ സൊ..." എന്‍റെ നോട്ടം അവളുടെ തുടയുടെ മുകളില്‍ കയറി നില്‍ക്കുന്ന പാവാടയുടെ വിടവിലെക്കാണെന്ന് മനസ്സിലാക്കിയിട്ടാവണം അവള്‍ കുറെകൂടി വിശാലമായിട്ടിരിന്നു. വീണ്ടും കോളിംഗ് ബെല്‍ കരഞ്ഞു. പഴയ സിനിമയിലെ പോലെ. എന്തെങ്കിലും നടക്കാന്‍ പോകുമ്പോള്‍.... ച്ചെ!!! അവള്‍ പെട്ടെന്ന് ഓടിച്ചെന്നു വാതില്‍ തുറന്നു. ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നതൊരു മാരണം...


"നന്ദു മെയ്‌ ഐ..." അവള്‍ അടുക്കളയിലേക്കു പോകുവാന്‍ അനുവാദം ചോദിച്ചു. ഞാന്‍ മെല്ലെ തലയാട്ടികൊണ്ട് വാതില്‍ക്കലേക്ക്‌ നോക്കി. സ്വത്തസിദ്ധമായ ചിരിയോടെ അവറാന്‍ അകത്തേക്ക് കയറി വന്നു.

"ഹലോ നന്ദു..ഗുഡ് മോര്‍ണിംഗ് ...."

"ഹായ് മിസ്ടര്‍ അവറാന്‍ ഗുഡ് മോര്‍ണിംഗ്.."
"ഇതാരാ ഈ പുതിയ കക്ഷി ...."

അവറാന്‍ തെല്ലു കൌതുകത്തോടെ ചോദിച്ചു

"പുതിയതൊന്നുമല്ല അവരാനെ...നാലഞ്ചു മാസമായി..."

"എന്നിട്ടിപ്പോ അവക്കെത്രമാത്തെ മാസമ? ഹഹഹ്..ഹഹ..."

അയാള്‍ അങ്ങിനെയാ എന്നെ പോലെത്തന്നെ വഷളത്തരങ്ങള്‍ വിളിച്ചു കൂവാന്‍ യാതൊരു മടിയും കാണിക്കാറില്ല . ഞാന്‍ വെറുതെ ചിരിച്ചു ഒരു സിഗരറ്റ് നീട്ടി കൊണ്ട്. സിഗരറ്റ് ചുണ്ടില്‍ തിരുകിയ ശേഷം പാന്‍റ്സിന്‍റെ പോകെറ്റിലൂടെ കയ്യോടിച്ചതിനു ശേഷം ലൈടര്‍ എടുക്കാന്‍ മറന്നു എന്ന ഭാവത്തില്‍ എന്നെ ഒന്ന് നോക്കിയ ശേഷം നേരെ അടുക്കളയിലേക്കു നടന്നു.

"ഹ... അവരാനെ.. എന്തുവാ ഈ കാണിക്കുന്നേ... ദേ പണ്ടത്തെ അമ്മാവന്‍മാരുടെ ആ പഴയ നമ്പര്‍ ഇറക്കരുത്... ഏത്?... ബീഡി കത്തിക്കാന്‍ അടുക്കളയിലേക്കു പോകുന്ന..."

അവറാന്‍ വെറുതെ ചമ്മി നിന്ന് ചിരിച്ചു..ഞാന്‍ അവരാന്‍റെ തോളത്തൂടെ കയ്യ് ചുറ്റിപ്പിടിച്ചു നേരെ ബാല്‍ക്കണിയിലേക്ക് നടന്നു... അവിടെ നിന്നാല്‍ തെഇംസ് നദി ഒക്കെ കാണാം.

"എന്താ അവരാനെ ഈ പ്രായത്തിലും നന്നാകാത്തെ..."

"ഹ.. അതെന്ത്‌വാട നീ അങ്ങനെ ചോദിച്ചേ.." വീണ്ടും എന്തോ പറയാന്‍ തുടങ്ങുമ്പോഴേക്ക് ഞാന്‍ ലൈടെര്‍ കത്തിച്ചു കൊടുത്തു... പറയാന്‍ തുടങ്ങിയത് വിഴുങ്ങിയതിന്‍റെ കൂടെ കുറെ പുകയും വിഴുങ്ങി അവറാന്‍ വെറുതെ എന്നെ നോക്കി ബ്ലുങ്ങസ്യന്നു നിന്ന്.

"അവരാനെ...തനിക്കെന്നെക്കാള്‍ ഒരു പതിനഞ്ചു വയസു മൂപ്പ് കൂടുതലില്ലേ? വയസ്സിന്‍റെ കാര്യം പറഞ്ഞാല്‍ ആള് ചൂടാവും..

മുഖത്തു ദേഷ്യഭാവം വരുത്തികൊണ്ട് നെറ്റി ചുളുക്കി അവറാന്‍ "..... ആഹ... ഒണ്ടേല് ....പതിനഞ്ചു വയസ്സല്ലേ കൂടുതലുല്ല്.. അതിനു നീ എന്തിനാ ഒരാക്കി ചിരി."

"ഹായ്..അതിനിയാള്‍ എന്തിനാ ചൂടാവുന്നെ...ഒരു കാപ്പി എടുക്കട്ടെ.. അവളുടെ കാപ്പി നല്ല അസ്സല് കാപ്പിയാ. ഒരെണ്ണം പിടിപ്പിക്കൂന്നെ..." അവരാന്‍റെ മുഖത്തു ഒരു ചിരി മിന്നിമറഞ്ഞു.. ഞാന്‍ നീട്ടി വിളിച്ചു "....ജാനെറ്റ് ..."

"എടാ നിനക്കെവിടുന്നു കിട്ടുന്നെട ഇതുപോലുള്ള ഐടംസിനെ.." അവറാന്‍ അത്ഭുദം കൂറി. "അതും നല്ല വെടിച്ചില്ല് പോലുള്ള ഫിലിപീനി.."

ജാനെറ്റ് ബാല്‍ക്കണിയിലേക്ക് കടന്നു വന്നു..

"എസ് മിസ്ടര്‍ നന്ദു.."

"കാന്‍ യു ഗെറ്റ് സം കോഫി ഫോര്‍ അസ്‌"

"ഓ ഷുവര്‍..." അവള്‍ അവരാനെ നോക്കി മന്ദഹസിക്കുവാന്‍ മറന്നില്ല. അവറാന്‍ അവളെ നോക്കി തിരിച്ചു ചിരിച്ച ചിരി ഒന്ന് കാണേണ്ടത് തന്നെയായിരുന്നു..ഒരു മാതിരി പൊട്ടന്മാരുടെത് പോലെ.
ഞാന്‍ അറിയാതെ ചിരിച്ചു പോയി..
ജാനെറ്റ് തിരികെ പോയി

"... ഹ..വിടെന്‍റെ അവരാനെ..." ജാനെറ്റിന്‍റെ താളാത്മകമായ നിതംബ ചലനത്തിലേക്ക് കണ്ണും തള്ളി നോക്കി നിന്ന അവരാനോട് ഞാന്‍ പറഞ്ഞു.
"തനിക്കരെടോ ഈ അവറാന്‍ എന്ന് പേരിട്ടത്..."

ഒരു വിഡ്ഢി ചിരി ചിരിച്ചതിനു ശേഷം "എന്‍റെ അപ്പന.."

പുക ഉള്ളിലെക്കൊന്നാഞ്ഞു വലിച്ചതിന് ശേഷം....

"ആ എടാ ഞാന്‍ നമ്മുടെ ജുവല്ലര്‍ തരകനെ കണ്ടിരുന്നു..അയാള്‍ പറഞ്ഞു...."

ഞാന്‍ ഇടയ്ക്കു കേറി തടസ്സപ്പെടുത്തി. "

ഉം കേട്ടത് സത്യമാ". അത് പറയുമ്പോള്‍ അയാളുടെ മുഖം ശാന്തമായിരുന്നു. അവറാന്‍ നെറ്റി ചുളുക്കി വിശ്വാസം വരാത്ത പോലെ അയാളെ നോക്കി നിന്ന്..അല്‍പ്പം മുന്‍പ് കണ്ട ശ്രിംഗാരിയായ അവരാനെ കാണാനേയില്ല...മനുഷ്യന്‍റെ ഓരോ അവസ്ഥയെ..

"നിനക്കിതെന്ദു പറ്റി. ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാന എടുക്കാന്‍ എന്താ കാരണം.. അതും ബിസ്സിനാസ്സൊക്കെ ഇത്ര നല്ല രീതിയില്‍ പോകുമ്പോള്‍.."

ഞാന്‍ ഒന്നും മിണ്ടിയില്ല....ദൂരെ ദൂരേക്ക് കണ്ണയച്ചു ഞാന്‍ മിണ്ടാതെ നിന്ന്..അവറാന്‍ സിഗരറ്റും കൊണ്ട് ബാല്‍ക്കണിയുടെ മറ്റേ തലക്കല്‍ പോയി നിന്നു....രംഗം പതിയെ ഗൌരവമായി... ജാനെറ്റ് കാപ്പിയുമായി വന്നു സെര്‍വ് ചെയ്തു.
"മെക്ക് ഇറ്റ്‌ സ്ട്രോങ്ങ്‌" ....അവറാന്‍ ഗൌരവം വിടാതെ ജനെടിനോട് പറഞ്ഞു...അവള്‍ പുരികമുയര്‍ത്തി നോക്കിയിട്ട് മെല്ലെ തലയാട്ടി..
അവള്‍ പോയ ശേഷം കപ്പുമെടുത്ത് എന്‍റെ അരികില്‍ വന്നു നിന്നതിനു ശേഷം..വീണ്ടും ചോദിച്ചു

"...എന്താടാ. എന്ത് പറ്റി നിനക്ക്...കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എല്ലാത്തിനും നിന്‍റെ കൂടെ ഞാനുണ്ടായിരുന്നില്ലേ ....എന്നിട്ടും നീ എന്നോടൊന്നും പറഞ്ഞില്ല.."

ഞാന്‍ മെല്ലെ കാപ്പി മൊത്തി കുടിച്ചു കൊണ്ട് നിന്നു...

"അത്....ഞാന്‍..." അവറാന്‍ പെട്ടെന്ന് ചോദിച്ചപ്പോള്‍ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍.

"കുറെ നാളായി അവരാനെ..ഇങ്ങനെ ഒരാലോചന..പിന്നെ അന്ന് വൃഗ്ലീസ് ബാറില്‍ വച്ച് അടിച്ചു കോണ്‍ തിരിഞ്ഞപ്പോള്‍ മുന്നിലിരുന്നത് തരകനാണോ അവരാനാണോ എന്ന് അറിയാതെ പരമ രഹസ്യമായി വച്ചിരുന്നത് അങ്ങനെ പരസ്യമായി.... ഞാന്‍ പോകുവാ അവരാനെ....മതിയായി..."

അവറാന്‍ അന്തം വിട്ടു നില്‍ക്കുവാ അപ്പോഴും..

"മതിയായി ഈ പ്രവാസ ജീവിതം... ഞാന്‍ തിരിച്ചു പോകുവാ....നാട്ടിലേക്ക്..."

ഞാന്‍ അവരാനെ നോക്കി.. അയാള്‍ സ്വപ്നം കണ്ട പോലെ...."നീ ഇതെന്തിനുള്ള പുറപ്പാടിലാ പൊന്നുമോനെ...നീ പോകരുത്..."

"തനിക്കെന്താടോ...വട്ടായോ...ഹല്ലാ ഒരുമാതിരി...പോകാതിരുന്നാല്‍ തന്‍റെ മേഴ്സിയെ എനിക്ക് കെട്ടിച്ചു തരുമോ...."ഞാന്‍ ദേഷ്യപ്പെട്ടു...

"എടാ ഞാന്‍ പറയുന്നത് കേള്‍ക്കു...നീ പോകരുത്...നിന്നെ ഞാന്‍ വിടില്ല..മേഴ്സിയെ ഞാന്‍ കെട്ടിപ്പോയില്ലേ....അവളുടെ ഒരു മോളുണ്ട്‌....അതിനെ വേണോങ്കി...."

"ഉം....അപ്പോള്‍ അതാണ്‌ തന്‍റെ ഉള്ളിലിരിപ്പ്..."

"മതിയായി അവരാനെ. പണം മാത്രമല്ലല്ലോ ജീവിതം. മനസ്സമാധാനം കിട്ടുന്നില്ല. ഈ ജീവിത ചൂടിനിയും താങ്ങാനാവില്ല. പൊള്ളയായ വ്യക്തി ബന്ധങ്ങളില്‍ ഇനിയും കപടതയോടെ നില്‍ക്കുവാന്‍ കഴിയില്ല"

"എന്‍റെ നന്ദു...നീ ഇങ്ങനെ ഓരോ മണ്ടത്തരം വിളിച്ചു പറയാതെ...നീ എങ്ങോട്ടും പോകുന്നില്ല... വാ പറയട്ടെ....അല്ലെങ്കില്‍ വേണ്ട നമുക്കൊന്ന് പുറത്തേക്ക് പോകാം...നീ വേഗം പോയി ബ്രേക്ക്‌ഫാസ്റ്റ് കഴിക്കു..."

എന്നിട്ട് ധിറുതിയില്‍ എനിക്ക് തടുക്കാന്‍ കഴിയും മുന്‍പേ അവറാന്‍ അടുക്കളയിലേക്കോടി...

"എടൊ...അവരാനെ...അവരാനെ...തന്‍റെ മോള്‍ടെ പ്രായമേയുള്ളൂ വൃത്തികേടൊന്നും കാണിചേക്കരുത് ....."

പോകുന്നതിനിടയില്‍ അവറാന്‍ വിളിച്ചു പറഞ്ഞു.

"...അ...ഇല്ലെടാ വൃത്തിഉള്ളതെ കാണിക്കു...നീ പോയി പല്ലും തേച്ചു അപ്പിയൊക്കെ ഇട്ടു വേഗം ..... അല്ലെങ്കില്‍ വേണ്ട.. പതുക്കെ വാ. ഞാന്‍ ഇവള്‍ക്ക് മെക്സിക്കന്‍ ലാംബ് സ്റ്റാഫ്‌ ഉണ്ടാകാന്‍ പഠിപ്പിച്ചു കൊടുക്കാം...നീ വെറുതെ ഇരിക്കുമ്പോള്‍. നിനക്കും ഇവള്‍ക്കും കൂടി ഉണ്ടാക്കി തിന്നാലോ".

ഇയാള്‍ ഒരു ഇന്നസെന്‍റെ കഥാപാത്രം തന്നെ....ഞാന്‍ മെല്ലെ വാഷ്റൂമിലേക്ക്‌ പോയി...

മനോഹരമായി ഒരുക്കിയ ഓഫീസ് മുറിക്കുള്ളില്‍ തണുപ്പത്ത് ഒട്ടും മനോഹരമല്ലാത്ത, തീയുടെയും പുകയുടെയും വാട്ടം തട്ടി ചുവന്നുപോയ ഓര്‍മകളുമായി എത്ര നേരം ഇരുന്നു....? ഞാന്‍ പടിയിറക്കിവിട്ട എന്നിലെ എന്‍റെ സത്യങ്ങള്‍. വേദനയിലും അവ എന്നെ നോക്കി പുഞ്ചിരിച്ചു...ഞാന്‍ നെഞ്ചോടു ചേര്‍ത്ത്പിടിക്കുന്നതും കാത്തു കണ്ണ് നനച്ചു അവ കാത്തു നിന്ന്. ഞാന്‍ ഒന്നും അറിഞ്ഞില്ല...അറിയുവാന്‍ ശ്രമിച്ചില്ല...അന്ധകാരത്തെ പ്രകാശം എന്ന് തെറ്റിദ്ധരിച്ചു...വിഷത്തെ അമൃതെന്ന് കരുതിയ നാളുകള്‍. എല്ലാം ഒടുങ്ങുമ്പോള്‍...എന്തോ ഒന്ന് ഞാന്‍ കേട്ട്....ഒരു തേങ്ങല്‍....ഞാന്‍ കേട്ട് മറന്ന ഒരു സ്വരം പോലെ..അതെ .പണ്ടെങ്ങോ ഞാന്‍ പടിയിറക്കിവിട്ട എന്നിലെ എന്‍റെ സത്യങ്ങള്‍.....അവ ഇന്നും.. എന്‍റെ കൂടെ?...കണ്ണ് നിറഞ്ഞു അവരെന്നെ നോക്കി...ഉപേക്ഷിക്കരുതെയെന്ന ഒരു യാചന പോലെ....ഒന്നും പറയുവാന്‍ കഴിയുന്നില്ല....പക്ഷെ ഒന്നേ പറഞ്ഞുള്ളൂ ... എന്‍റെ തെറ്റുകളുടെ കണക്കെടുത്ത് ശിക്ഷ വിധിച്ചു, അത് അനുഭവിച്ചു തീര്‍ത്തു പിന്നെയും ആയുസ്സ് എന്നിലുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ എന്‍റെ ഹൃദയത്തിലേക്ക് വിളിക്കാം...ഈ പടു പാപിയുടെ രഥ ചക്രങ്ങള്‍ മണ്ണിന്‍റെ മാറില്‍ പൂണ്ടു പോകുന്ന നിമിഷം.... സത്യത്തിന്‍റെ അസ്ത്രങ്ങളെന്‍റെ ജീവനെടുക്കും അങ്ങിനെ വന്നാല്‍...നിങ്ങള്‍ക്ക് ഞാന്‍ തന്ന വാക്കുകളെ തിരിച്ചു വിളിക്കുകയെ എനിക്ക് വഴിയുള്ളൂ..

മരണമെന്ന മോഹിപ്പിക്കുന്ന വശ്യതക്ക് നേരെ നിസ്സങ്കമായ ഒരു നോട്ടമെറിഞ്ഞു പുറം തിരിഞ്ഞു നടന്നപ്പോള്‍ കേട്ടത് ആരുടെയോ നാവില്‍ നിന്നും തെറിച്ചു വീണ വാക്കുകളിലെ തണുത്ത നൊമ്പരം....ഘടികാര സൂചിക്ക് മുകളില്‍ കത്തുന്ന സൂര്യന്‍റെ പതറിയ മുഖം...സൂര്യ ഹൃദയവും തേങ്ങിയോ?....ഞാനൊന്നുമറിഞ്ഞില്ല...ഞാനറിയാതെ പോയ നിമിഷങ്ങള്‍...ഞാന്‍ ജീവിച്ചു തീര്‍ത്ത നിമിഷങ്ങള്‍..നിമിഷങ്ങല്‍ക്കിടയിലെ ദൂരം....അതിനിടയില്‍ ഏതോ കാമുകിയുടെ മാറിടത്തില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍..അതിന്‍റെ ഉപ്പു രസം...നിമിഷത്തിനും നിമിഷത്തിനും ഇടയില്‍ രതിയുടെ മദ ജലത്തില്‍ വെട്ടിപ്പുളഞ്ഞ കരിനാഗങ്ങളുടെ സീല്‍ക്കാരങ്ങള്‍...നിമിഷങ്ങള്‍ ഉടഞ്ഞു വീണു തകര്‍ന്ന അവളുടെ നെഞ്ചില്‍ ചെവി ചേര്‍ത്ത് വച്ചപ്പോള്‍...പാവാട കീറലുകളില്‍ വിരലോടിച്ചു തേങ്ങിയ ആ പഴയ പിഞ്ചു പെണ്ണിന്‍റെ അമര്‍ത്തിയ തേങ്ങലുകള്‍ ഞാന്‍ വീണ്ടും കേട്ട് വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നെന്ന പോലെ. രതിമൂര്‍ച്ചയില്‍ കണ്ണുകള്‍ കൂമ്പി അടച്ചു പാതിമയക്കത്തില്‍ അവള്‍ മൃദുവായി മന്ദഹസ്സിച്ചു....അപ്പോഴും അവളുടെ നെഞ്ഞിലുറങ്ങിയ ആ കുട്ടി പാവാടക്കാരി...എന്തിനായിരിക്കും പതിയെ കരഞ്ഞത്...ഞാന്നൊന്നും അറിഞ്ഞില്ല..ഒന്നും...എന്നിലെ എന്‍റെ സത്യങ്ങളെ....എനിക്ക് മാപ്പ് തരു..

എന്തിനാണവള്‍ ആ വളപ്പൊട്ടുകള്‍ ഇന്നും സൂക്ഷിച്ചത്?. പായലോടിയ ആ നടവരമ്പില്‍ നിന്ന് അന്നവള്‍ പറഞ്ഞത്....നിഷ്കളങ്കമായിരുന്നു..പിടഞ്ഞ കണ്ണിണകളില്‍ ഞാന്‍ കണ്ടത് ഭയമായിരുന്നുവോ? കൌതുകമായിരുന്നുവോ? പക്ഷെ അവള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നില്ല എന്തോ പറഞ്ഞു...ഇന്ന് ചലനമറ്റവള്‍ ശാന്തമായ് ഉറങ്ങുമ്പോള്‍ അവള്‍ പറയാതെ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു.....ഹൃദയത്തില്‍ പെയ്യ്തിറങ്ങിയ ഓരോ വാക്കും എന്നെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുകയായിരിന്നു. ഒടുവില്‍...ദീര്‍ഘമായ വഴിത്താരകള്‍ പിന്നിട്ടു അവള്‍ക്കരികില്‍ എത്തിയപ്പോള്‍.....

തുടരും....

19 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വളരെ സുഖം തോന്നിക്കുന്ന പ്രണയ സഞ്ചാരങ്ങൾ...!

ലണ്ടനിലേയും,നാട്ടിലേയും ഇണപിരിയിച്ച് അസ്സലായി അവതരിപ്പിച്ചിരിക്കുന്നൂ...
ഒരോ ഭാഗങ്ങളായി കുറച്ചുകൂടി ചെറുതാക്കി പോസ്റ്റിയിട്ടുണ്ടായിരുന്നുവെങ്കിൽ , ഈ വായന കൂടി ഒന്നുകൂടി സുഗമമായിരിക്കും കേട്ടൊ അശോക്

Vayady പറഞ്ഞു...

അശോക്, എന്റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം. അതുകൊണ്ട് നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞു. കഥയ്ക്കൊരു M.T. ടച്ച്‌ ഉണ്ട്. മുരളിയേട്ടന്‍ പറഞ്ഞതു പല പല പോസ്റ്റുകളായി ഇട്ടിരുന്നെങ്കില്‍ വായന കുറച്ചും കൂടി എളുപ്പമായേനെ.
അടുത്ത ഭാഗം പോസ്റ്റ് ചെയ്താല്‍ എങ്ങിനെ അറിയും? ഫോളോ ചെയ്യാനുള്ള ഓപ്‌ഷന്‍ കാണുന്നില്ലല്ലോ? പോസ്റ്റിട്ട വിവരത്തിന്‌ മെയില്‍ അയച്ചാലും മതി.

റാണിപ്രിയ പറഞ്ഞു...

മഴ പെയ്യ്തു വീണ പടികളില്‍ കരിയിലകളും പച്ച പായലും മെല്ലെ വകഞ്ഞു മാറ്റിയാല്‍ കാണാം നിന്നെ തേടിയലഞ്ഞ എന്‍റെ കാല്‍പ്പാടുകള്‍.

നല്ല വരികള്‍ ...ഒരുവട്ടം ഓടിച്ചു വായിച്ചു ... ഇനിയും വായിക്കണം ...സമയക്കുറവ് .......

ദിവാരേട്ടN പറഞ്ഞു...

അശോക്‌,
പലയിടത്തും ഒരുതരം dragging, feel ചെയ്യുന്നുണ്ട്. Be sharp & specific. All the best

joshy pulikkootil പറഞ്ഞു...

ഓര്‍മകള്‍ക്ക് എന്ത് സുഖം. ബാല്യകാലത്തിന്‍റെ നിഷ്കളങ്കമായ സ്വപ്‌നങ്ങള്‍

but it is too long make it short .

anyway it is truth .

ramanika പറഞ്ഞു...

എന്റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം
നല്ലൊരു കഥ
ഓര്‍മ്മകള്‍ മരിക്കുമോ ??????

Abdulkader kodungallur പറഞ്ഞു...

എഴുത്തും ഭാഷയും ശൈലിയും അതിമനോഹരം .അല്‍പ്പം നീണ്ടുപോയി എന്നതൊഴിച്ചാല്‍ വളരേ നല്ല പോസ്റ്റ്‌ .ആശംസകള്‍

Asok Sadan പറഞ്ഞു...

പ്രിയ മുരളി, തുടര്‍ന്നങ്ങോട്ടുള്ള ഭാഗങ്ങള്‍ വായിക്കുവാന്‍ സൌകര്യത്തിനു ചെറിയ കഷണങ്ങളായി പോസ്റ്റ്‌ ചെയ്യാം. തുടര്‍ന്ന് വായിക്കുകയും അഭിപ്രായം പറയുകയും വേണം.

വായാടി, കഥ വായിച്ചതില്‍ സന്തോഷം. M . T . ടച് ഉണ്ടെന്നു പറഞ്ഞതില്‍ അതിലേറെ സന്തോഷം. ബാക്കി ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ?

റാണി പ്രിയ, ആ വരികളെ ഞാനും സ്നേഹിക്കുന്നു അത് പോലെ എന്‍റെ ജീവിത സഖിക്കും ആ വരികള്‍ വളരെ ഇഷ്ടമാണ്. ചില പ്രണയ സഞ്ചാരങ്ങള്‍ കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കുന്നു മറ്റുള്ളവരെ ഒര്‍മ്മപ്പെടുത്തുവാന്‍ വേണ്ടി.... പ്രണയ വിശുദ്ധിയെപ്പറ്റി.... അത്തരത്തിലൊന്നായിരുന്നു എന്‍റെ പ്രണയവും. വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം.

ദിവാരേട്ട, പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം.... ആ ഡ്രാഗിംഗ് അനുഭവപ്പെട്ട സ്ഥലങ്ങള്‍ ഒന്ന് ചൂണ്ടിക്കാണിച്ചു തരുമോ? നേരെയാക്കാന്‍ ശ്രദ്ധിക്കാം.

ജോഷി, ബാല്യകാലം ആര്‍ക്കും മറക്കുവാന്‍ കഴിയില്ല. എങ്കിലും കഥയില്‍ ഉള്ള പോലെ ഒരു ബാല്യ കാലം എനിക്കില്ലായിരുന്നു. കൊച്ചി നഗരത്തിന്‍റെ പ്രൊടകറ്റ് ആണ് ഞാന്‍. അവിടെ എവിടെ ചിക്കി നടക്കുന്ന കോഴിയും, വിശാലമായ പറമ്പും തോടും ഒക്കെ.

രമണിക, വീണ്ടും വരിക....കഥ തുടരുന്നു......

Pranavam Ravikumar പറഞ്ഞു...

നല്ല പോസ്റ്റ്‌ .ആശംസകള്‍!!!

സ്വപ്നസഖി പറഞ്ഞു...

നന്നായിരിക്കുന്നു. നീളമുളളതെങ്കിലും വായനാസുഖം ലഭിക്കുന്നു.

ദിവാരേട്ടN പറഞ്ഞു...

See the paragraphs starting with:

“റോഡില്‍ നിന്നും അല്പ്പംങ താഴെയായിട്ടായിരുന്നു എപ്പ മാമന്റെ. കട “

“എപ്പ മാമന്റെ കടയുടെ അപ്പുറത്തെ മാടക്കടയുടെ മുന്നില്‍ നിറുത്തിയ ബസ്സില്‍ നിന്നും ഒന്നോ രണ്ടോ യാത്രക്കാര്‍ ഇറങ്ങി.”

Iva randum combine cheythal [sequence & narration] kurachukoodi bhangi undaayirikkum ennu thonni.

“മനോഹരമായി ഒരുക്കിയ ഓഫീസ് മുറിക്കുള്ളില്‍ തണുപ്പത്ത് ഒട്ടും മനോഹരമല്ലാത്ത, തീയുടെയും പുകയുടെയും വാട്ടം”

“മരണമെന്ന മോഹിപ്പിക്കുന്ന വശ്യതക്ക് നേരെ നിസ്സങ്കമായ ഒരു നോട്ടമെറിഞ്ഞു”

“എന്തിനാണവള്‍ ആ വളപ്പൊട്ടുകള്‍ ഇന്നും സൂക്ഷിച്ചത്?.”
Ivayil oru clarity kuravu anubhavappettu.

ഇത് ദിവാരേട്ടന്റെ “വേവ് ലെങ്ങ്ത്” കുറഞ്ഞതുകൊണ്ട് ആകാം. മാത്രമല്ല, ഒരു ചെറുകഥ അല്ലല്ലോ ഉദ്ദ്യേശിക്കുന്നത്.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

pranayardramaya ormmakaliloode .... ashamsakal.....

പട്ടേപ്പാടം റാംജി പറഞ്ഞു...

നേരിയ തണുപ്പുള്ള ഒരു വെളുപ്പാന്‍ കാലത്ത്‌ ഉറവകള്‍ ഉറഞ്ഞുകൂടിയ പാറക്കുളത്തിലെ ചെറിയ ചൂടില്‍ മുങ്ങിയുയര്‍ന്ന സുഖം,വായിച്ച് കഴിഞ്ഞപ്പോള്‍. ഒരേ ഇരുപ്പില്‍ വായിച്ച് തീരത്തു. സത്യത്തില്‍ ഇത്രയും നീണ്ട ഒരു പോസ്റ്റ്‌ ഒറ്റ ഇരുപ്പില്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അഥവാ വായിച്ചാലും ശ്രദ്ധ മാറിപ്പോകാറുണ്ട്. അതായിരുന്നു എഴുത്തിന്റെ ആകര്‍ഷണം.
എന്തായാലും ഇത്രയും വലിയ പോസ്റ്റ്‌ ഈ സാധനത്തില്‍ (കംബ്യൂട്ടരില്‍)വായിക്കുക എന്നാല്‍ വലിയ പ്രയാസമാണ് അശോക്‌.

ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ പലര്‍ക്കും അനുഭവം എന്നതിനാല്‍ വായനയില്‍ വായിക്കുന്നവര്‍ കൂടി പന്കാളികളാകുന്നുണ്ട്. ചുവന്ന മൊത്തിയുള്ള ഗള്‍ഫ്‌ ടോര്‍ച്ച്ചുകള്‍ നല്ല ഇരുട്ടത്ത് മൊത്തി ഊരാതെ താടിക്കടിയില്‍ നിന്ന് മുകളിലേക്ക് അടിച്ചാല്‍ ഏതു പേടിക്കാത്തവനും പേടിക്കും.
അതുപോലെ ഇറയത്ത്‌ വന്നു ചുമരിനോട് ചേര്‍ന്ന് നിന്ന് ഏറ്റവും ദൂരേക്ക്‌ മൂത്രം ഒഴിക്കുന്നതും എല്ലാം.
പിന്നീടങ്ങോട്ട് യവ്വനത്തിലെ നേരുകള്‍ നേരെ പറയുന്നതും പലരും പറയാന്‍ മടിക്കുന്നത് പറഞ്ഞത് കൂടുതല്‍ ഇഷ്ടപ്പെട്ടു.പൊതുവില്‍ നീളക്കൂടുതല്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

രമേശ്‌ അരൂര്‍ പറഞ്ഞു...

അശോക്‌, സമയക്കുറവു മൂലം ഇന്നാണ് പോസ്റ്റിലൂടെ കണ്ണോടിക്കാന്‍ എങ്കിലും കഴിഞ്ഞത്
നന്നായി എഴുതുന്നതില്‍ സന്തോഷം ..ബ്ലോഗില്‍ അഗ്രിഗേറ്ററുകള്‍ (ജാലകം പോലുള്ളവ )സ്ഥാപിച്ചാല്‍ വായനക്കാര്‍ക്ക് ബ്ലോഗുകള്‍ എളുപ്പം കണ്ടെത്താന്‍ കഴിയും ..ബ്ലോഗിന്റെ പശ്ചാത്തല വര്‍ണം അല്പം ദുര്‍ഗ്രാഹ്യത ഉണ്ടാക്കുന്നു. ലൈറ്റ് കളറുകളാണ് വായനയ്ക്ക് എളുപ്പം .ഭംഗിയും അതുതന്നെ .അല്ലേ?:)

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അശോക് എന്‍റവഴിയേ വന്നതുകൊണ്ട് വഴിചോദിക്കാതിവിടെ വന്നു. കൊള്ളാം കഥ.ഇവിടെ ഭൂരിപക്ഷം അഭിപ്രായം മാനിയ്ക്കണം. അല്പം കൂടി ചെറുതാക്കി മുറിച്ചിടണം.പിന്നെ പുറകിലുള്ള കളറും.
ശരി.വീണ്ടും വരാം. പോസ്റ്റുമ്പോള്‍ മെയിലിടാന്‍ മറക്കരുത്.

Asok Sadan പറഞ്ഞു...

പ്രണവം രവികുമാര്‍, ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. വീണ്ടും തുടര്‍ന്ന് വായിക്കുക.

സ്വപ്ന സഖി, ഇനിയും വരണം............ബാക്കിക്കൂടി വായിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ?

ദിവാരേട്ട, തെറ്റുകള്‍ തിരുത്തുവാന്‍ കഴിവതും ശ്രമിക്കും.... ഇനിയങ്ങോട്ടുള്ള യാത്രയില്‍ വേണ്ട നിര്‍ദേശങ്ങള്‍ തുടര്‍ന്നും തരുമെന്ന് പ്രതീക്ഷിക്കട്ടെ...

ജയരാജ് മുരുക്കുംപുഴ, നന്ദി.

റാംജി, വളരെ പ്രചോദനകാരമാണ് താങ്കളുടെ അഭിപ്രായം. ഈ കഥയുടെ ആമുഖത്തില്‍ ഞാന്‍ എഴുതിയിരുന്നു. ഇത് എന്‍റെ അനുഭവമൊന്നുമല്ല എന്ന്. ഇത്ര മനോഹരമായ അനുഭവങ്ങള്‍ ഒന്നും ജീവിതത്തില്‍ കിട്ടുവാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു. അസ്വസ്ഥമായ ചുറ്റുപാടുകളായിരുന്നു കുട്ടിക്കാലത്തുണ്ടായിരുന്നത്. അതെല്ലാം തീക്ഷണവും വേദനിപ്പിക്കുന്നതുമായിരുന്നു. കഥയില്‍ പറഞ്ഞിരിക്കുന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും എല്ലാം എനിക്കെവിടെ നിന്നോ കിട്ടിയതാണ്.

നീളം കൂടുവാന്‍ കാരണം ഇത് ഒരു ചെറു കഥയായിട്ടല്ല എഴുതുന്നത്‌. ഒരു നീണ്ട കഥയാണ്. വായിക്കുവാന്‍ പാകത്തില്‍ ചെറിയ അദ്ധ്യായങ്ങളാക്കി തുടര്‍ന്നുള്ള ഭാഗങ്ങള്‍ പോസ്റ്റ്‌ ചെയ്യാം.

നന്ദി.

രമേശ്‌, താങ്കള്‍ പറഞ്ഞത് പോലെ ചെയ്യാന്‍ ശ്രദ്ധിക്കാം. അഗ്രിഗേറ്റുകള്‍ സ്ഥാപിക്കുവാന്‍ താങ്കളുടെ സഹായം വേണ്ടി വരും.

കുസുമം, തീര്‍ച്ചയായും ബാക്ക് ഡ്രോപ്പ് കളര്‍ മാറ്റുന്നതാണ്.

ചാണ്ടിച്ചൻ പറഞ്ഞു...

നല്ല സുഖകരമായ ഒരു ഓര്‍മ്മക്കുറിപ്പ്‌...
നന്നായി എഴുതി അശോക്‌...അഭിനന്ദനങ്ങള്‍....

പ്രവാസം..ഷാജി രഘുവരന്‍ പറഞ്ഞു...

ഒരു നല്ല വായന