എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2013, നവംബർ 1, വെള്ളിയാഴ്‌ച

എന്‍റെ പ്രീയപ്പെട്ട ബ്ലോഗ്‌ സുഹൃത്തുക്കളെ - ഇതാ എന്‍റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം - ഐ

ചിത്രങ്ങള്‍ വലുതായി കാണുവാന്‍ ക്ലിക്ക് ചെയ്യുക

പ്രീയപ്പെട്ടവരെ,


           ഒരു വലിയ വിപത്തിനെതിരെ നമുക്ക് ഒരു ചെറിയ കാല്‍വെപ്പ് നടത്താം. ഈ കാലഘട്ടത്തില്‍ വളരെ കരുതലോടെ നേരിടേണ്ട ഒരു സാമൂഹ്യ വിപത്തിനെക്കുറിച്ചാണ് ഈ ചിത്രത്തിന്‍റെ കഥാകൃത്തും സംവിധായകനും എന്ന നിലയില്‍ ഏറെ ആശങ്കയോടെ എനിക്ക് നിങ്ങളുമായി പങ്കുവെക്കുവാനുള്ളത്. ഒപ്പം ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എന്‍റെ രോഷമാണ്, വളര്‍ന്നു വരുന്ന ഒരു കുഞ്ഞിന്‍റെ അച്ഛനെന്ന നിലയില്‍ എന്‍റെ ആവലാതികളാണ്, ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ഈ സമൂഹത്തോട് പറയുവാനുള്ളതാണ് ഈ സിനിമയിലൂടെ ഞാന്‍ വ്യക്തമാക്കുന്നത്. 

         ഇന്ത്യ എന്ന വിശാലമായ ക്യാന്‍വാസിലേക്ക് എത്തി നോക്കുമ്പോള്‍ നമുക്കറിയാം അതിലെ വര്‍ണ്ണവൈവിദ്ധ്യങ്ങള്‍. പക്ഷെ വര്‍ണ്ണങ്ങളുടെ പുറം കാഴ്ച്ചകള്‍ക്കപ്പുറത്ത് അസഹനീയമായ ഇരുട്ടും, തീക്ഷ്ണമായ ഉഷ്ണക്കാറ്റും  നിറഞ്ഞ ഒരു ഇന്ത്യയുണ്ട്, നമ്മള്‍ ഓരോരുത്തരും എത്ര വെള്ളപൂശിയാലും ആ വെളുപ്പിനെയെല്ലാം വിഴുങ്ങുന്ന തമോഗര്‍ത്തങ്ങള്‍, അവിടെ ജീവിതം തളക്കപ്പെട്ട കുറെ മനുഷ്യ ജന്മങ്ങള്‍, ഉല്‍ത്സവങ്ങളും ആഘോഷങ്ങളുമില്ലാതെ ഇരുള്‍മൂടിയ വഴികളിലൂടെ ഒരു നല്ല നിമിഷം സ്വപ്നം പോലും കാണുവാന്‍ കെല്‍പ്പില്ലാതെ മുഖ്യധാരക്ക് അന്യരായി മണ്ണിലേക്ക് മടങ്ങുന്നവര്‍. ചന്ദനസുഗന്ധമുള്ള പട്ടടക്ക് അവകാശമില്ലാത്തവര്‍, പുണ്യ നദികള്‍ പോലും മടിക്കും ഇവരുടെ ചിതാഭസ്മം ഏറ്റു വാങ്ങുവാന്‍. ഇവരെല്ലാം തന്നെ ഞാനും നിങ്ങളുമടങ്ങുന്ന ശുഭ്രവസ്ത്രധാരികളുടെ കാമാന്ധതയില്‍ പൊലിഞ്ഞു പോയവര്‍. നമ്മളോ? അവരുടെ വിലാപങ്ങളും ഗദ്ഗദങ്ങളും പത്രത്താളുകളിലെ രണ്ടിഞ്ച് വലിപ്പമുള്ള കോളത്തില്‍ ഒതുക്കിയവര്‍. എന്തും വില്‍പനയ്ക്ക് വെക്കുന്ന രോഗാതുരമായ കേരള സമൂഹത്തിന്‍റെ മുന്നിലേക്ക്‌ ഒറ്റ ചോദ്യം മാത്രം. എത്ര മാത്രം സുരക്ഷിതരാണ് നിങ്ങളുടെ കുട്ടികള്‍. നാളത്തെ വാര്‍ത്തകളില്‍, ആ രണ്ടിഞ്ച് കോളത്തില്‍ നിങ്ങളുടെ മകന്‍റെ അല്ലെങ്കില്‍ മകളുടെ വാര്‍ത്ത. കഴിഞ്ഞു പോയ ഓരോ വാര്‍ത്തകളും നമ്മള്‍ വായിച്ചു തള്ളിക്കളയുമ്പോള്‍, ഓര്‍ക്കുക അടുത്തത് നിങ്ങളുടെ പ്രീയപ്പെട്ടവരുടെതാകാം. 

         എന്‍റെ സ്വന്തം പ്രൊഡക്ഷന്‍ ഹൌസായ ഫസ്റ്റ് സ്റ്റുഡിയോ എന്‍റര്‍ടെയ്നറിന്‍റെ ബാനറില്‍ ഒരുക്കുന്ന ഒരു കൊച്ചു സിനിമയാണിത്. വിരിയാന്‍ വിടാതെ കശക്കിയെറിഞ്ഞ തളിരുകളെ നോവിച്ച കൈകള്, ഈ കഥയിലെ കഥാപാത്രങ്ങളുടെ സങ്കടങ്ങള്‍ കണ്ട്, ചെയ്ത തെറ്റിനെയോര്‍ത്ത് സ്വന്തം കണ്ണ് തുടച്ചിരുന്നെങ്കില്‍.... എനിക്ക് ഉറപ്പുണ്ട് എന്‍റെ ശ്രമം ഒരു പരിധി വരെ വിജയിച്ചുവെന്ന്. നൈമിഷികമായ സുഖത്തിന് വേണ്ടി കടലോളം കണ്ണുനീര്‍ പകരം കൊടുക്കുന്ന നീചന്മാരോട് ഒരു വാക്ക്....അമ്മയുടെ കാല്‍ പാദങ്ങളുടെ ചുവട്ടിലാണ് സ്വര്‍ഗം. അമ്മ പ്രപഞ്ചമാണ്. അമ്മക്ക് പകരമാകില്ല ഒരു ഈശ്വരനും. ആ അമ്മയാണ് എന്‍റെയും നിന്‍റെയും നീ പിച്ചിച്ചീന്തിയ കുരുന്നു പൂവിന്‍റെയും അമ്മ. 

ഇവിടെ ആഘോഷങ്ങളില്ല. എങ്കിലും റിലീസിങ്ങിന് നിങ്ങളും  വരുമെന്ന് പ്രതീക്ഷിക്കുന്നു. 

സ്നേഹത്തോടെ

അശോക്‌ സദന്‍ (ഡയറക്ടര്‍)


ഇതിന്‍റെ പൂര്‍ണ്ണമായ തിരക്കഥ വരും ദിവസങ്ങളില്‍ ഇവിടെ പ്രസിദ്ധീകരിക്കും അഭിപ്രായങ്ങള്‍ അറിയിക്കണം




7 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

സന്തോഷം
വളരെ സന്തോഷം
ഏറെ നാളുകള്‍ക്ക് ശേഷം നല്ലൊരു വിശേഷവുമായി ബ്ലോഗില്‍ എത്തിയതില്‍ സന്തോഷം

ഫൈസല്‍ ബാബു പറഞ്ഞു...

അജിത്‌ ഏട്ടന്‍ വഴി വന്നതാണ് , വീണ്ടും തിരിച്ചു വന്നതില്‍ സന്തോഷം ,

ചന്തു നായർ പറഞ്ഞു...

എല്ലാ ആശംസകളും.....

© Mubi പറഞ്ഞു...

ആശംസകള്‍...

RAGHU MENON പറഞ്ഞു...

അജിത്‌ മുഖേന വന്നതാണ് - എഴുതുന്ന രീതി ഇഷ്ടപ്പെട്ടു - കൂടുതല്‍ വായിച്ചില്ല -
സമയം പോലെ നോക്കുന്നുണ്ട് -
ആശംസകള്‍ -

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അഭിനന്ദനങ്ങൾ ഭായ്
അവസാനം ആ ആഗ്രഹം
സാക്ഷാത്കരിച്ചു അല്ലേ
അന്നിവിടെവെച്ച് പറഞ്ഞ
സംഗതി തന്നെയാണോ കഥ ..!

Asok Sadan പറഞ്ഞു...

പ്രിയ അജിത്‌, കഴിഞ്ഞ കാലങ്ങളില്‍ എനിക്ക് തന്ന നിര്‍ലോഭമായ സഹകരണം ഇത്തവണയും പ്രതീക്ഷിക്കുന്നു.

ഫൈസല്‍ ബാബു, സ്വാഗതം.

ചന്തു നായര്‍. നന്ദി

മുബി, നന്ദി.

രഘു, സ്വാഗതം. മുഴുവന്‍ വായിക്കണം. അഭിപ്രായങ്ങള്‍ പറയണം.

ഹായ്....ഗഡി... എന്നെ മറന്നോ? കഠിന പ്രയത്നം ഫലം കണ്ടു. മുകുന്ദന്‍.