
രൂപ്കുണ്ട് തടാകം
റീജിയണ്‍: ഗഡ്വാള്‍ & കുമയോണ്‍ ഹിമാലായാസ്
ആള്‍റ്റിറ്റ്യൂദ്: 4650 മി. മാക്സിമം

രൂപ്കുണ്ടിന്‍റെ മാപ്
ടീം: ചിത്രാംഗ് ശ്രീ വാസ്തവ (ടീം ലീഡര്‍), ഞാന്‍, വരുണ്‍, രൂപേഷ്, സൌരഭ് ഷാണ്ടില്യ, ക്ഷിതിഷ്

പുറകില്‍ ഇടത്തെയറ്റം ക്ഷിതിഷ്, ടീം ലീഡര്‍ ചിത്രംഗ് ശ്രീവാസ്തവ, തരുണ്‍ ഗോയല്‍, മുന്നിലെ നിരയില്‍ ഞാന്‍, ശാണ്ടില്യ, ഗൈഡ് ഗണേഷ് ബിസ്റ്റ്.
ടീമിനെ പരിചയപ്പെടാം - ചിത്രാംഗ് ശ്രീ വാസ്തവ
ഹിമാലയം തുടങ്ങി ഉത്തരാഞ്ചല്‍ ഭാഗത്തുള്ള ഒട്ടുമിക്ക ട്രെക്ക് പാതകളും സഞ്ചരിച്ചു കഴിഞ്ഞു. ഏകദേശം 18 ഓളം ട്രെക്കിംഗ് നടത്തിയതിന്‍റെ കരുത്തുമായാണ് ചിത്രാംഗ് ടീം ലീഡര്‍ സ്ഥാനം ഏറ്റെടുത്തത്.
അശോക് സദന്‍: ദുര്‍:ഘടമായ ഹിമാലയന്‍ റേഞ്ചില്‍ എത്ര ബുദ്ധിമുട്ടേറിയ പാതകളിലും വണ്ടിയോടിക്കുവാന്‍ എനിക്ക് കഴിയും. മഞ്ഞിലോ പാറയിലോ അപകടരഹിതമായി വണ്ടിയോടിക്കുന്നതിന്‍റെ ട്രാക്ക് റെക്കോട്. ഒപ്പം കേരളത്തിലെയും നോര്‍ത്തിലെയും ട്രെക്ക് പാതകളില്‍ സഞ്ചരിച്ച പരിചയം. വന്യമായ കാടിന്‍റെ എളുപ്പം പിടിതരാത്ത നിഘൂഡ സ്വഭാവം എളുപ്പത്തില്‍ വായിച്ചെടുക്കുവാന്‍ കഴിയുമെന്ന മികവ്. രാജസ്ഥാനിലെ ഒരു മാതിരിപ്പെട്ട എല്ലാ മരുഭൂമികളും താണ്ടിയിട്ടുണ്ട്.

ഹിമാലയന്‍ റേഞ്ചുകളില്‍ സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിച്ചിരുന്ന എന്‍റെ പ്രിയ വാഹനം.
വരുണ്‍: കാഴ്ചക്ക് തടിയനെങ്കിലും ചിത്രംഗിനെ പോലെ ഹിമാലയ സാനുക്കളിലെ മഞ്ഞ് വഴികള്‍ നല്ല പോലെ തിട്ടമാണ്. ഏകദേശം 18 ഓളം ട്രെക്കിംഗ് വരുണും നടത്തിയിട്ടുണ്ട്.
രൂപേഷ് കീപ്പട്ടു: സംഘത്തിലെ രണ്ടാമത്തെ മലയാളി. ഹിമാലയന്‍ എക്സ്പ്രെസ്സ് എന്ന വിളിപ്പേര്. ഏതു വലിയ കയറ്റവും വഴിയുണ്ടെങ്കിലും ഇല്ലെങ്കിലം അനായാസം കയറി പോകുവാനുള്ള മിടുക്ക്. ക്ഷീണം കൂടാതെ കിലോമീറ്ററുകള്‍ നടക്കുവാന്‍ കഴിയ്മെന്നത് പ്ലെസ് പോയിന്‍റ്.
സൌരഭ് ഷാണ്ടില്യ: ഏറ്റവും കൂടുതല്‍ ദൂരം താണ്ടി ബാങ്ങ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ ഞങ്ങളുടെ സംഘത്തില്‍ ചേര്‍ന്ന വ്യക്തി. നല്ല ഒരു ഫോടോഗ്രഫെര്‍ കൂടിയാണ് സൌരഭ്. ട്രെക്കിംഗ് ഒരു ലഹരിയായി കൊണ്ട് നടക്കുന്നയാള്‍.
ക്ഷിതിഷ്: സംഘത്തിലെ മൂന്നാമത്തെ മലയാളി. വിടുവായന്‍. ചെയ്യ്തതിനെക്കാള്‍ ചെയ്യാത്ത കാര്യങ്ങളെപറ്റി പറഞ്ഞു ഫലിപ്പിക്കുന്നത് കൊണ്ട്. അദ്ദേഹത്തെക്കുറിച്ച് ആധികാരികമായി എഴുതുന്നില്ല.
രൂപ്കുണ്ടിന്‍റെ ചരിത്രം: രൂപ്കുണ്ട് നിഘൂടതകളുടെ തടാകം. ലോകത്തിലെ ദുര്‍ഘടമായ ട്രെക്ക് പാത്തുകളില്‍ ഒന്ന്. സമുദ്ര നിരപ്പില്‍ നിന്നും 5029 മീറ്റര്‍ ഉയരത്തില്‍ മഞ്ഞ് മൂടിയ കൊടിമുടികളുടെ മുകളില്‍ ഒട്ടേറെ നിഘൂടതകളും പേറി 600 -ല്‍ അധികം പേരുടെ കൂട്ട മഞ്ഞ് ശ്മാശാനമായ് മാറിയ രൂപ്കുണ്ട് തടാകം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹിമാലയ സാനുക്കളില്‍ അരങ്ങേറിയ ഏതോ ദുരൂഹമായ നാടകത്തിന്‍റെ രംഗവേദി. മനുഷ്യന്‍റെ തലയോട്ടികള്‍ക്കൊപ്പം നൂറ്റാണ്ടുകളായ് യാതൊരു കെടും കൂടാതെ കിടന്ന മനുഷ്യ മാംസവും ഇവിടെയുണ്ട്. ഒപ്പം കുതിരകളുടെ അസ്ഥികൂടവും കണ്ടെടുത്തതായി പറയപ്പെടുന്നു. ശാസ്ത്ര ലോകത്തിനു ഇന്നും ഈ കൂട്ട മരണത്തിനു ഉത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ബണ്‍ ടെസ്റ്റുകള്‍ സൂചിപ്പിക്കുന്നത് തലയില്‍ ശകതിയിലെറ്റ പ്രഹരമാണ് മരണകാരണമെന്ന്.

രൂപ്കുണ്ടില്‍ നിന്നും കണ്ടെടുത്ത 600 വര്‍ഷം പഴക്കമുള്ള തലയോട്ടികള്‍.

എല്ലിന്‍ കഷണങ്ങള്‍

തുടരും....
കൊടും മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ട് മേഘ നെഞ്ചകം കീറി അതിനും മുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന തൃശൂല്‍ എന്ന പര്‍വ്വത പ്രമുഖന്‍റെ ഏറെ അകലെയല്ലാതെയാണ് രൂപ്കുണ്ട് സ്ഥിതി ചെയ്യുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ അസ്ഥി തുളച്ചു കയറുന്ന ഹിമക്കാറ്റാഞ്ഞു വീശുന്ന പ്രവചനാതീതമായ ഒരു പ്രത്യേക കാലാവസ്ഥ വിശേഷമുള്ള സ്ഥലമാണ് രൂപ്കുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 5029 മീറ്റര്‍ മുകളില്‍ 600 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ ഭീകരമായ നരഹത്യ നടന്ന ആ ഹിമ ഭൂമി പൊതുവേ ട്രെക്കെഴ്സ് ഒഴിവാക്കുന്ന പാതയാണ്. കാരണം മറ്റൊന്നല്ല, ജീവന് വല്ലാതെ ഭീഷണിയുയര്‍ത്തുന്ന ചതികളേറെ ഒളിഞ്ഞിരിക്കുന്നു അവിടെ. ഹിമ താപമോ മഞ്ഞു കാറ്റോ അങ്ങനെ എന്തുമാകാം. അല്ലെങ്കില്‍ പൊതുവേ ട്രെക്കെഴ്സിനു തോന്നാറുള്ള 'ഹാലൂസിനേഷന്‍' (ഇല്ലാത്ത ഒന്നിനെ കണ്ടെന്നോ അല്ലെങ്കില്‍ ഏതോ മഹാ വിപത്ത് എവിടെയോ നിന്നോ വരുന്നുവെന്ന വിഭ്രാന്തിയില്‍ നിന്നുളവാകുന്ന ഒരു തരം തോന്നല്‍. കൂടെ ശക്തരായ എത്ര പേരുണ്ടെങ്കിലും ഭയം എന്ന വികാരം നമ്മളെ കീഴ്പെടുത്തുന്ന അവസ്ഥ.) ഇവിടെ ഹാലൂസിനേഷന് കാരണമായി മാറിയത് ചില കേട്ടറിവുകളാണ് 'എതി' എന്ന മഞ്ഞു മനുഷ്യന്‍. മഞ്ഞു മലകളില്‍ പ്രത്യേകിച്ച് ഗദ്വാള്‍-കുമായോണ്‍ മലനിരകളില്‍ പലരും കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന എതി. പിന്നെ ഹിമക്കരടികള്‍. അങ്ങനെ പലതും. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടുള്ള ആ പ്രയാണത്തിന്‍റെ ഭീകരത വാക്കുകളാല്‍ പറഞ്ഞൊപ്പിക്കുക പ്രയാസം. ഹൃദയസ്പന്ദനം നിലച്ചു പോകുന്ന മായകാഴ്ചകള്‍. മഞ്ഞിന്‍റെ കനത്ത പാളികള്‍ കാഴ്ച മറക്കുന്നു എങ്കിലും തെല്ലിട നില്‍ക്കാന്‍ കഴിയില്ലല്ലോ. ഒപ്പം ശക്തിയില്‍ ആഞ്ഞു വീശുന്ന ഹിമ കാറ്റ്. പ്രാണവായു പോലും ദുര്‍ലഭം. കനത്ത മഞ്ഞ് അല്‍പ്പം ശമിക്കുമ്പോള്‍ തൊട്ടുമുന്നില്‍ അതാ ഉയര്‍ന്നു നില്‍ക്കുന്നു മറ്റൊരു കൂറ്റന്‍ ഹിമ ശിഖരം. പിന്നെ തളര്‍ന്ന ശരീരവും മനസ്സും ഉത്തേജിപ്പിച്ച് ഹിമവാന് മുന്നില്‍ അല്‍പനേരം തല കുമ്പിട്ട് വിനയാന്വിതനായ് ഞാന്‍ എനിക്കും പര്‍വ്വത ശ്രേഷ്ടനും മാത്രം മനസ്സിലാകുന്ന ഒരു പ്രത്യേക ആശയകൈമാറ്റത്തിലൂടെ അനുവാദം ചോദിക്കുന്നു. "ഹേ പര്‍വ്വത ശ്രേഷ്ഠ, ഞാന്‍ അറിയുന്നു എത്രയോ ചെറുതായ മനുഷ്യന്‍റെ അഹന്തക്കും മേഘ ഗര്‍ജ്ജനങ്ങളുടെ അഹങ്കാരത്തിനും മേലെ തലയുയര്‍ത്തി നില്‍ക്കുന്ന നിന്നെ വെല്ലുവിളിക്കുക അസാധ്യമെന്ന്. എങ്കിലും ഞാനും ഈ സംഘവും കാട്ടിയ കരുത്തും ധൈര്യവും നീയും ഉയരത്തില്‍ നിന്ന് നോക്കി കണ്ടതല്ലേ? കാതങ്ങളിനിയും താണ്ടേണ്ടതുണ്ട് നിന്‍റെ നെറുകയിലേക്ക് കയറുവാന്‍ അനുവാദം തന്നാലും".
തെല്ലു മൌനത്തിനു ശേഷം കാറ്റൊന്നടങ്ങിയ നേരം മഹാ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നെവിടെനിന്നോ കേള്‍ക്കുമാറായി വന്യമായ ഒരു മുരള്‍ച്ച പോലെ....അത് മാറ്റൊലി കൊണ്ടെന്‍റെ കാതില്‍ തടഞ്ഞു നിന്നു. "സ്വാഗതം...പവിത്രമായ ഈ ഭൂമി മലിനമാക്കാതെ കടന്നു പോവുക...മംഗളങ്ങള്‍ നേരുന്നു..." ഹിമവാന്‍റെ സ്വഗാതം. തൊട്ടടുത്ത നേരം ആഞ്ഞു വീശിയ ഹിമാക്കാറ്റില്‍ മുഖം മറച്ചപ്രത്യക്ഷനാവുകയും ചെയ്യ്തു. പിന്നെ കാണുന്നത് ആ മഹാ മേരുവിന്‍റെ പാദങ്ങള്‍ മാത്രം. ഹിമാവാന്‍റെ കുസൃതി. തന്‍റെ നെറുകയിലേക്ക് കയറുന്നവന്‍റെ ധൈര്യവും, സ്തൈര്യവും, ശാരീരിക ക്ഷമതയും പരീക്ഷിച്ച് തന്‍റെ നെറുകയില്‍ കയറുവാന്‍ അവന്‍ യോഗ്യനാണോ എന്നുറപ്പ് വരുത്തുവാനെന്നവണ്ണം കഠിനമായ പരീക്ഷണങ്ങളാണ് പിന്നെ.
യാത്രാവിവരണം തുടങ്ങുന്നതിനു മുന്‍പ് രൂപ്കുണ്ടിനെ ചുറ്റിപ്പറ്റിയുള്ള ചില കേട്ടറിവുകള്‍...ചരിത്രത്തിലതിന് എത്ര മാത്രം പ്രാധാന്യം ഉണ്ടെന്നറിഞ്ഞു കൂടാ. എങ്കിലും ആ മേഖലകളെ നമുക്ക് രണ്ടായി തരം തിരിക്കാം. ദേവ് പ്രധാന്‍ - ദേവി പ്രധാന്‍. കുമായോണ്‍ പര്‍വ്വത നിരകളെ ഇങ്ങനെ തരം തിരിക്കുവാനാണെളുപ്പം.
കുമായോണ്‍ പര്‍വ്വതനിരകള്‍
(കുമായോണ്‍ ഹിമാലയ പര്‍വ്വത ശിഖരങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. നിബിഡ വനങ്ങളാലും മഞ്ഞുറഞ്ഞ് കിടക്കുന്ന പര്‍വ്വതങ്ങളാലും സമൃദ്ധമായൊരിടം. മനുഷ്യ ഗന്ധമേല്‍ക്കാത്ത കാടുകള്‍ ഘോര മൃഗങ്ങളാല്‍ സമ്പന്നമാണ്. അവിടങ്ങളില്‍ മാത്രം കിട്ടുന്ന ചിലയിനം അപൂര്‍വ്വ മരുന്ന് ചെടികള്‍ മാരകമായ പല അസുഖങ്ങള്‍ക്കും ഫലപ്രദമാണ്. മുപ്പതിലധികം കൊടുമുടികളും, അതില്‍ ചിലത് 5550 മീറ്റര്‍ വരെ ഉയരമുള്ളവ, ഗോരി, ധൌളി, കാളി എന്നിങ്ങനെ ചില നദികളുടെ ഉല്‍ത്ഭവ സ്ഥാനവുമായ കുമായോണ്‍ ഏകദേശം 225 കി. മീ. നീളത്തിലും 65 കി. മീ. വീതിയിലുമാണ് സ്ഥിതി ചെയ്യുന്നത്. കൂര്‍മാജ്ഞല്‍ അഥവാ കൂര്‍മാവതാരത്തിന്‍റെ ദേശം എന്നാണ് പുരാണങ്ങളിലുള്ള പേര്. കൃഷ്ണാവതാരമായ കൂര്‍മവുമായി ബന്ധപ്പെട്ടു കിടക്കുന്നു ഐതീഹ്യം.)
ചരിത്രത്തിലെ ഏതോ മഹാ നിഘൂഡമായ ദൌത്യവുമായി ഏതോ അജ്ഞാതമായ ലക്ഷ്യത്തിലേക്ക് പോയ അഞ്ഞൂറിലധികം വരുന്ന സംഘമാണ് തണുത്തുറഞ്ഞ ആ ഹിമ ഭൂമിയില്‍ കൊല്ലപ്പെട്ടത്. രണ്ടു മീറ്റര്‍ ആഴമുള്ള ഈ രഹസ്യങ്ങളുടെ തടാകത്തിന്‍റെ വശങ്ങള്‍ എപ്പോഴും മഞ്ഞുറഞ്ഞ് കിടക്കും. പില്‍ക്കാലത്ത് നടന്ന പല പരീക്ഷണങ്ങള്‍ക്കും വ്യക്തമായ ഒരുത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ഈ സ്നോ ഗ്രേവ്‌യാടിനെക്കുറിച്ച്. അല്ലെങ്കില്‍ അവിടെ കൊല്ലപ്പെട്ട ആളുകളുടെ യാത്ര ലക്ഷ്യമെതെന്നോ അവര്‍ എവിടെ നിന്നു വന്നുവെന്നോ, എങ്ങനെ കൊല്ലപ്പെട്ടുവെന്നോ ഒന്നും ആര്‍ക്കുമറിയില്ല ചില ഊഹാപോഹങ്ങളാണ് ഉള്ളത്. മറ്റൊരു കേട്ടുകേള്‍വി അവിടെ നിന്നും കണ്ടെടുത്ത മനുഷ്യ അസ്ഥികള്‍ക്ക് പത്തടിയിലധികം ഉയരമുണ്ടെന്നതാണ്. അത് പോലെ കുതിരകളുടെ സ്കെലിട്ടനും സാധാരണ കുതിരകളെക്കാള്‍ വലുപ്പമുള്ളവയെന്നും. ലോകത്തൊരിടത്തും ഇത്ര ഉയരമുള്ള ഒരു ജനവിഭാഖം ഉണ്ടായിരുന്നതായി ചരിത്രത്തില്‍ പറയപ്പെടുന്നില്ല. മറ്റൊന്ന്, ടിബറ്റിലെ യുദ്ധം കഴിഞ്ഞു മടങ്ങി വരികയായിരുന്ന കാശ്മീരിലെ ജെനറല്‍ സോരാവര്‍ സിങ്ങും പടയാളികളും ഹിമാപാതത്തിലകപ്പെട്ടു മരിച്ചതാണെന്നും പറയപ്പെടുന്നു. ഏതായാലും ഒരു പാട് രഹസ്യങ്ങളും പേറി ആ അസ്ഥികൂടങ്ങള്‍ കാലത്തിനോ സയന്‍സിനോ വായിച്ചെടുക്കുവാന്‍ പറ്റാതെ തണുത്തുറഞ്ഞ ആ ഹിമ ഭൂമിയില്‍ അജ്ഞാതമായ ഏതോ ലക്ഷ്യത്തിലേക്ക് പൂര്‍ത്തിയാക്കുവാന്‍ പറ്റാത്ത ഏതോ മിഷന്‍റെ നഷ്ട ദു:ഖവും പേറി ശൂന്യമായ കണ്ണുകളുമായി.....
പ്രേരണ - തയ്യാറെടുപ്പുകള്‍.
എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് ഇന്‍റെര്‍നെറ്റില്‍ കണ്ട, രൂപ്കുണ്ടില്‍ നിന്നും 1924 ല്‍ നന്താ ദേവി ഗെയിം റിസേര്‍വ് - റെയിഞ്ചര്‍ എച്. കെ. മധ്വാള്‍ കണ്ടെടുത്ത തലയോട്ടികളുടെ ചിത്രമാണ്. ശൂന്യമായ ആ തലയോട്ടിയുടെ നേത്രദ്വാരത്തിലേക്ക് നോക്കിയപ്പോള്‍ അജ്ഞാതമായ എന്തോ ഒന്ന് അവക്കെന്നോട് പറയുവാനുള്ളത് പോലെ തോന്നി. എ.ഡി. 850 ല്‍ നടന്നുവെന്ന് അനുമാനിക്കപ്പെടുന്ന ഭീകര നര ഹത്യയുടെ ബാക്കിപത്രമായ ആ അസ്ഥിക്കൂടങ്ങള്‍ എന്നെ എന്തിനോ വേണ്ടി അങ്ങോട്ട് ക്ഷണിക്കുന്ന പോലെ....കടമ്പകളേറെയുണ്ടെന്നറിയാമായിരുന്നിട്ടും അങ്ങോട്ട് പോകുവാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ നടത്തിയ ട്രെക്കുകളില്‍ ഏറ്റവും ദുര്‍ഘടം എന്ന് പറയാവുന്ന ഈ യാത്രക്ക് ആദ്യാനുമതി വേണ്ടത് എന്‍റെ ഭാര്യയുടെതായിരുന്നു. എനിക്കറിയാമായിരുന്നു അവളതിനു സമ്മതം തരുമെന്ന്. ഞങ്ങളൊന്നിച്ചായതിനു ശേഷം നാളിതുവരെ എന്നിലെ കലാകാരനെ, അന്വേഷിയെ, നിരീക്ഷകനെ നിരുല്‍ത്സാഹപ്പെടുത്തുന്ന ഒരു തീരുമാനവും അവളെടുത്തിട്ടില്ല അതിന്‍റെ തിക്തഫലം എത്രയെന്നറിയാമായിരുന്നിട്ടും. അതെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്‍റെ മടക്കവരവിനുള്ള സാധ്യത ചോദ്യരൂപത്തില്‍ രൂപ്കുണ്ടിനോളം വലുപ്പത്തില്‍ ഭീഷണമായി നിന്നപ്പോളും അവളുടെ പെണ്മനസ്സു പതറാതെ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. പിന്നീടങ്ങോട്ട് രൂപ്കുണ്ട് യാത്രക്ക് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുകയെന്നതായിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് തന്നെ വേണ്ടിവന്നു. ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്കില്‍ കാലത്തെ തന്നെ എന്‍റെ പ്രീയപ്പെട്ട സ്കോര്‍പ്പിയോ ഓടിച്ചു പോയി വ്യായാമങ്ങള്‍ ആരംഭിക്കും. ചിലപ്പോള്‍ മയൂര്‍ വിഹാറിലെ ക്ഷിതീഷിന്‍റെ വീടിനു തൊട്ടടുത്തുള്ള പാര്‍ക്കിലും അവനോടൊപ്പം വ്യായാമത്തിലേര്‍പ്പെടും. പിന്നെ രൂപ്കുണ്ട് യാത്രയെപറ്റിയും മറ്റും കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ചു. സാധാരണ ട്രെക്കുകള്‍ക്ക് വേണ്ട സന്നാഹങ്ങള്‍ മതിയാകില്ലായിരുന്നു 5029 മീറ്റര്‍ ഉയരത്തിലുള്ള രൂപ്കുണ്ടെന്ന നിഘൂഡ ഹിമഭൂവിലെത്താന്‍. ഗ്ലൌസ്, ഷൂസ്, മഞ്ഞിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങള്‍, ഗൂഗിള്‍സ്, പാടുകള്‍, മെഡിസിന്‍, ഭക്ഷണം അങ്ങനെ എല്ലാം ഒരുക്കി ഞങ്ങള്‍ ആറു പേര്‍ സന്നദ്ധരായി രൂപ്കുണ്ടിന്‍റെ അതീവ ഗുപ്തമായ മഞ്ഞുറഞ്ഞ രഹസ്യങ്ങളില്‍ എ.ഡി. 850 ല്‍ അരങ്ങേറിയ ദുരന്ത നാടകത്തിന്‍റെ കാരണങ്ങള്‍ മനസ്സുകൊണ്ട് അളക്കുവാന്‍ വേണ്ടി.
തുടരും...
അങ്ങിനെ ആ ദിവസം വന്നെത്തി. 28.Spet.2007. മുന്‍ക്കൂട്ടി നിശ്ചയിച്ച പ്രകാരം എല്ലാവരും നിസാമുദീന്‍ റയില്‍വേ സ്റ്റേഷനില്‍ കൃത്യ സമയത്ത് തന്നെ എത്തിയെങ്കിലും. ഞാനും ക്ഷിതീഷും ഡല്‍ഹിയിലെ റോഡുകളിലെ വൈകുന്നേരത്തെ അഴിയാത്ത കുരുക്കില്‍ പെട്ടു. പോരാത്തതിന് തുള്ളിക്കൊരുകുടം മാതിരി പെയ്യുന്ന മഴയും. പൊതുവേ മഴയെ വല്ലാതെ സ്നേഹിക്കുന്ന ഞാന്‍ മഴയെ കുറച്ചു നേരത്തേക്കെങ്കിലും ദേഷ്യത്തോടെ നോക്കി. സമയവും ഞങ്ങളും തമ്മില്‍ അതി ഭയങ്കര പോരാട്ടം തന്നെ നടന്നു. ഒടുവില്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും നീങ്ങി തുടങ്ങിയ സമയത്ത് ഞങ്ങള്‍ സ്റ്റേഷനില്‍ എത്തുകയും ഒരു വിധത്തത്തില്‍ വണ്ടിയില്‍ കയറി പറ്റുകയും ചെയ്യ്തു. ഡല്‍ഹിയില്‍ നിന്നും ഞങ്ങളുടെ ആദ്യ ലക്‌ഷ്യം കധ്ഗോധാം എന്ന സ്ഥലമായിരുന്നു. റാണികേത് എക്സ്പ്രെസ്സിലായിരുന്നു യാത്ര. ഏകദേശം 350 കി.മി യോളം വരുന്ന യാത്രയായിരുന്നു അത്. പിറ്റേന്ന് വെളുപ്പിന് ആര് മണിക്കാണ് ഞങ്ങള്‍ കധ്ഗോധാം എത്തിയത്. ഇനിയങ്ങോട്ടുള്ള കുറെ നാളുകള്‍ മരണത്തെ മുഖാമുഖം കണ്ടുള്ള യാത്രയാണെന്ന് ഉത്തമ ബോധമുള്ളത് കൊണ്ട് ടീം ലീഡര്‍ ചിത്രാംഗ് രാത്രി യാത്രയിലുടനീളം സ്വീകരിക്കേണ്ട സേഫ്ടി മേശേഴ്സിനെ കുറിച്ച് ഞങ്ങളോട് ഡിസ്ക്കസ് ചെയ്യുകയായിരുന്നു. ടീമിന്‍റെ മൊത്തം യാത്രയുടെ വീഡിയോ കവറേജ് ഞാനാണ് എടുക്കേണ്ടത്. ദുര്‍ഘടമായ വഴികളില്‍ അതെങ്ങനെ ചെയ്യുമെന്ന ആശങ്കയും എനിക്കുണ്ടായിരുന്നു. അത്യാവശ്യം ബാക്കപ്പുള്ള ബാറ്ററി കയ്യില്‍ കരുതിയിരുന്നു പിന്നെ വീഡിയോ ടേപും. അത് കൊണ്ട് വളരെ സൂക്ഷിചായിരുന്നു ക്യാമറയുടെ ഉപയോഗം. സംസാരത്തിനിടയില്‍ ഓരോരുത്തരായി മയങ്ങുവാന്‍ തുടങ്ങി. എല്ലാവരും ഉറങ്ങിയപ്പോഴും എനിക്കുരങ്ങുവാന്‍ കഴിഞ്ഞില്ല. ഇരുട്ടില്‍ തകര്‍ത്തു പെയ്യുന്ന മഴ....പുറം കാഴ്ചകള്‍ ഒന്നും തന്നെയില്ലെങ്കിലും ഞാന്‍ വെറുതെ ജാലക ചില്ലില്‍ വന്നു പതിച്ചു കാറ്റ് പിടിച്ചു വലിഞ്ഞു മാറുന്ന മഴ വെള്ളത്തെ നോക്കി വെറുതെ കിടന്നു.......... ഡല്‍ഹിയിലെ ഫ്ലാറ്റില്‍ മഞ്ജുവിനെ ഒറ്റയ്ക്ക് വിട്ടു വരുവാന്‍ മനസ്സനുവദിച്ചില്ല അത് കൊണ്ട് മഞ്ജുവിന്‍റെ കൂട്ടുകാരി ബംഗാളിയായ ശിബാനിയുടെ വീട്ടിലാക്കിയിട്ടാണ് ഞാന്‍ പോന്നത്. രണ്ടു പേരും യു. കെ യിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയുടെ സൌത്ത് ഏഷ്യ റീജിയണല്‍ ഓഫീസില്‍ മാനേജര്‍മാരാണ്. മാത്രമല്ല ശിബാനിയുടെ വീട് ഒഫീസിന്‍റെ കുറേക്കൂടി അടുത്തുമാണ്. ആദ്യമായാണ് ഞാന്‍ എനിക്കേറെ പ്രീയപെട്ട എന്‍റെ സ്കോര്‍പിയോ ഇല്ലാതെ ഒരു ട്രെക്കിംഗ് നടത്തുന്നത്. അതിനൊരു കാരണവും ഉണ്ടായിരുന്നു. വാണ്‍ എന്ന സ്ഥലത്ത് മൊടോറബിള്‍ റോഡ് അവസാനിക്കും പിന്നെ അവിടുന്നങ്ങോട്ട് നടത്തമാണ്. രൂപ്കുണ്ട് ക്രോസ് ചെയ്യ്ത് അതിനുമപ്പുറം ശില സമുദ്രവും കടന്നു മറ്റൊരു സ്ഥലത്താണ് ഞങ്ങള്‍ എത്തി ചേരുന്നത്. അപ്പോള്‍ എന്‍റെ വണ്ടിയില്‍ വന്നാല്‍ അതിനെ വാണില്‍ നിര്‍ത്തിയിട്ടു പിന്നെ ട്രെക്കിംഗ് കഴിഞ്ഞു വീണ്ടു രണ്ടു ദിവസം വേറെ ജീപ്പില്‍ കയറി വാണില്‍ വരണം അത് കൊണ്ടാണ് ആ പദ്ധതി വേണ്ടെന്നു വെച്ചത്. അങ്ങനെ ഓരോന്നും ആലോചിച്ചു കിടന്നു എപ്പോഴോ ഞാന്‍ നിദ്രയുടെ പീലിതുമ്പില്‍ പറ്റിപിടിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് പുലരുമ്പോള്‍ ഞങ്ങള്‍ ഏകദേശം കധ്ഗോധാം എത്തിയിരുന്നു.
തുടരും.....
സമയം രാവിലെ 6.30. കധ്ഗോധം റെയില്‍വെ സ്റ്റേഷന്‍.
എമര്‍ജെന്‍സി വിന്‍ഡോയുടെ വശത്തായിരുന്നു രൂപേഷ് ഇരുന്നിരുന്നത് അത് കൊണ്ട് വിന്‍ഡോയുടെ കമ്പികള്‍ മുഴുവനും ഉയര്‍ത്തി വെച്ച് ലഗേജ്ജുകള്‍ പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറക്കുവാന്‍ സാധിച്ചു.


മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു ഞാന്‍ മഴ കൊള്ളാതെ എന്‍റെ ബാഗുമെടുത്ത് പുറത്തേക്ക് നടന്നു. ചുവപ്പ് ഷര്‍ട്ടിട്ട ചില കൂലികള്‍ ഞങ്ങളുടെ അടുത്തേക്ക് വന്ന് ടാക്സിയോ മറ്റോ വേണമോയെന്നന്വേ ഷിച്ച് തിരികെ പോയി. ഞങ്ങള്‍ മുന്‍ക്കൂട്ടി ഏര്‍പ്പാടാക്കിയ സുമോ എത്തുവാന്‍ കുറച്ചു നേരമെടുത്തു. ഞാന്‍ വീഡിയോ എടുക്കുവാന്‍ വേണ്ടി ക്യാമറയും എടുത്ത് പ്ലാട്ഫോമിലൂടെ നടന്നു. പഴമ തോന്നുന്ന ഒരു തീവണ്ടി സ്റ്റേഷന്‍.
മുന്നിലെ തൂണിന്‍റെ ചുവട്ടില്‍ നേപാളിയെന്നു തോന്നുന്ന ഒരു കൂലി കയ്യിലിട്ടു എന്തോ തിരുമ്മുന്നു. എന്നെ കണ്ടപ്പോള്‍ പരിചയ ഭാവത്തില്‍ നോക്കി മെല്ലെ ചിരിച്ചു.

തൊട്ടരുകില്‍ നിറയെ രോമമുള്ള ഒരു നായ കിടക്കുന്നു. അതിനുപിന്നില്‍ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ട്രെക്കിങ്ങിനുപയോഗിക്കുന്ന കുറെ വസ്തുക്കളുടെ അരുകില്‍ ഒരു സായ്പ്പ് കിടന്നുറങ്ങുന്നു. കധ്ഗോധാം മുതല്‍ പിന്നീടങ്ങോട്ട് ട്രെക്കുകള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. വിദേശികളും സ്വദേശികളും ഒക്കെ ട്രെക്കിങ്ങിനായി അവിടെ വന്ന് പോകുന്നു. ഒരു ചായ കുടിക്കുവാന്‍ വല്ല വഴിയുമുണ്ടോ എന്ന് നോക്കുമ്പോള്‍ ക്ഷിതീഷും രൂപേഷും ചിത്രാഗും സ്റ്റേഷന് പുറത്തേക്ക് പോകുന്നത് കണ്ടു. നേപ്പാളി കൂലി ഒരു ബീടിയെടുത്ത് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി കയ്യില്‍ വെച്ചു. അയാള്‍ പിന്നെയും ഹൂക്കയെടുത്ത് കയ്യിലിട്ടു തിരുമ്മുന്നതിനിടയില്‍ ചോദിച്ചു..."കാ ജാരെ സാബ്" ഞാന്‍ മറുപടി നല്‍കി.
"അഛാ! വാപേ മോസം ബഹുത് ഖരാബെ സാബ്ജി.....കിന്നി ലോക് ഹേ ആപ് കെ സാത്"
"ഛെ ലോക് ഹേ"... അയാള്‍ തലയാട്ടിയ ശേഷം പറഞ്ഞു..
"രൂപ്കുണ്ട് കെ ബാരെ മേ ഹംനെ ബഹുത് സുന..മഗര്‍ വാപേ കൈസേ ജാ സക്തെ സാബ്......ആപ് ബീഡി പീയോ ജി... സംസാരത്തിനിടയില്‍ അയാള്‍ എന്നെ ഓര്‍മ്മപ്പെടുത്തി വീണ്ടും തുടര്‍ന്ന്. അഭി ഹാം ബൂട ഹോഗയാ... ഞാന്‍ അയാള്‍ തന്ന ബീഡി കത്തിച്ചു പുകച്ചു...ഹോ...കടുകട്ടി...കഞ്ചാവിനു തുല്യമായ എന്തോ ഒന്ന്....അയാള്‍ എന്നെ നോക്കി ചിരിച്ചു.
ദേഖോ...സാബ് യെ ഫിരങ്കി ഭി ട്രെക്ക് കേലിയെ ആയ..വോ അകേല ഹേ മേരെ ക്യാല്‍ സെ...ഫിരങ്കി ലോക് ഐസ ഹേ...പൂര ദുനിയെ വോ അകേലേ ധൂന്ദ് രേതെ"..ഇന്‍ ലോകോം..അവിടെ കിടന്നുറങ്ങുന്ന സായിപ്പിനെ പറ്റിയാണയാള്‍ പറഞ്ഞത്.
അയാളുമായി സംസാരിക്കുന്നതിനിടയില്‍ സ്റ്റേഷന് പുറത്തേക്ക് പോയവര്‍ തിരികെയെത്തി. രൂപേഷ് എന്നെ അങ്ങോട്ട് ചെല്ലുവാന്‍ വിളിച്ചു.
തുടരും...
നേരത്തെ ബുക്ക് ചെയ്യ്തിരുന്ന സുമോ ജീപ്പ് അല്‍പം വൈകിയാണ് സ്റ്റേഷനിലെത്തിയത്. കിട്ടിയ നേരം ഞാന്‍ ക്യാമറയുമെടുത്ത് പരിസരമൊക്കെ ഒന്ന് പകര്‍ത്തുവാന്‍ വേണ്ടി നടന്നു. മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു. കുറെ ബാലന്മാര്‍ ഒരു അലൂമിനിയ പാത്രത്തില്‍ എണ്ണ നിറച്ച് അതില്‍ ഒരു തകിടും മനുഷ്യ രൂപത്തില്‍ വെട്ടിയിട്ട് അതില്‍ നാരങ്ങ പച്ചമുളക് തുടങ്ങിയവ കൊണ്ട് മാലയും ചാര്‍ത്തി "ശനി മഹാരാജ് " എന്നും പറഞ്ഞ് പൈസക്കു വേണ്ടി

നടക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ബന്യ വംശക്കാരനായ മാസം ഒരു ലക്ഷത്തിനു മേല്‍ ശമ്പളം വാങ്ങിക്കുന്ന തരുണ്‍ ഗോയല്‍ ഒരു ബാലനെ പിടിച്ചു നിര്‍ത്തി ചോദിച്ചു .."ഒയെ!! യെ ശനി മഹാരാജ് കോനെ ബായ്...". ശനി മഹാരാജ് എന്ന് പറയുവാനല്ലാതെ അതാരാണെന്നു പറയുവാന്‍ അവനറിയില്ലായിരുന്നു. സംഭവം പന്തിയല്ലെന്ന് കണ്ടു അവന്‍ വേഗം സ്ഥലം വിടാനൊരുങ്ങി. ബന്യകള്‍ പണത്തിന്‍റെ കാര്യത്തില്‍ വളരെ ഉറച്ച നിലപാടുള്ളവരാണ്. തരുണും അങ്ങനെ തന്നെ. പോകാനൊരുങ്ങിയ ബാലനെ പിടിച്ചു നിര്‍ത്തി തൊലി പൊളിച്ചു വിട്ടു. തരുണിനു സന്തോഷം...എന്നിട്ടെന്തോ മഹാ കാര്യം ചെയ്യ്ത പോലെ തെല്ലകലെ നിന്നിരുന്ന എന്നെ നോക്കിയൊരു ചിരി...
തണുപ്പും .... മഴയും.... എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടു കാര്യങ്ങള്‍...അതാസ്വദിച്ച് മെല്ലെ നടന്നു...അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകുവാനുള്ള വണ്ടി സ്റ്റെഷനിലേക്ക് എന്നെ കടന്നു പോയി. ഡല്‍ഹിയില്‍ വെച്ച് എനിക്ക് പരിചയമുള്ള ഡ്രൈവര്‍ ആയിരുന്നു അത്. ക്ഷീതിശായിരുന്നു ട്രാന്‍സ്പോര്‍ട്ടേഷന്‍ ചുമതല. ഇയാളാണ് കത്ഗോധാമില്‍ നിന്നും ഞങ്ങളുടെ ഡ്രൈവര്‍ എന്നൊന്നും അവന്‍ എന്നോട് പറഞ്ഞിരുന്നില്ല...അത് കൊണ്ട് തന്നെ അയാള്‍ വണ്ടിയുമായി പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി...ഇയാളെങ്ങിനെ കത്ഗോധം എത്തിയെന്ന് വിചാരിച്ച്. അയാള്‍ ഡല്‍ഹി വിട്ടിപ്പോള്‍ ഇവിടെയാണ് ഓട്ടം.
കത്ഗോധാമില്‍ നിന്നും ചെറുതായി ഭക്ഷണം കഴിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി...ഞാന്‍ ക്യാമറമാനായത് കാരണം എപ്പോഴും ഒരു കംഫര്‍ടബിള്‍ സീറ്റ് കിട്ടും യാത്രയില്‍. ഗൊവാല്‍ധാമായിരുന്നു അടുത്ത ലക്‌ഷ്യം. വഴിയില്‍ പലയിടത്തും മണ്ണിടിച്ചിലും മഴയും മൂലം യാത്ര പലയിടത്തും തടസ്സപ്പെട്ടു. ഈ യാത്രയുടെ ഒരു രസവും ഇത് പോലുള്ള അണ്ഫോര്‍സീനായ തടസ്സങ്ങള്‍ തന്നെയാണ്. അതിനെ എങ്ങിനെ തരണം ചെയ്യാം എന്ന ചിന്തയാണ് എന്നെ ഇപ്പോഴും ആവേശം കൊള്ളിക്കാറുള്ളത്. ഉദ്ദേശിച്ചതിലും ഒത്തിരി വൈകിയാണ് ഗൊവല്‍ധാമിലെത്തിയത്. കുത്തി നിറച്ച ഇരുട്ടിലൂടെ മലമടക്കുകളിലൂടെ ആടിയും കുലുങ്ങിയും ഏറെ പ്രയാസപ്പെട്ടാണ് ലക്ഷ്യത്തിലെത്തിയത്. മലമുകളില്‍ നിന്നും കനത്ത മഴയത്ത് ഒരു വലിയ പാറ വന്നു വണ്ടിക്കു മുകളില്‍ വീണാല്‍ എല്ലാം തീര്‍ന്നു. ആ ഭയം ഉള്ളിലുണ്ടെങ്കിലും എവിടെ നിന്നോ ഒരു ധൈര്യം...അത് ധൈര്യമാണോ എന്ന് ഇപ്പോഴും തീര്‍ത്ത് പറയുവാന്‍ കഴിയുന്നില്ല....
ഗൊവല്‍ധാമില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു ഹോട്ടലിലായിരുന്നു ഭക്ഷണം.
അവിടെ വൈദ്യുതി ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കുകളായിരുന്നു പിന്നെ അതിന്‍റെ പുകയും.

മദ്യവും വിളമ്പിയിരുന്നു. ചില ഗ്രാമ വാസികള്‍ അടിച്ചു കോണ്‍ തിരിഞ്ഞു നക്ഷത്രമെണ്ണി അവിടവിടെ ബീഡിയും വലിചിരിപ്പുണ്ടായിരുന്നു. ആ ഗ്രാമത്തിലാകെ ആയിരത്തില്‍ താഴെ ആളുകളെ ഉള്ളൂ. ഞാന്‍ അകത്തു കയറി ക്യാമറ ചലിപ്പിച്ചു തുടങ്ങിയതും ഒരുത്തന്‍ കുടിച്ചു ലക്ക് കേട്ട് കസേരയും മറിച്ച് ദേ കിടക്കുന്നു ധരണിയില്‍.... അവിടത്തെ ഭക്ഷണം...ആഹാ...പറയാതെ വയ്യ....അപാരമായ സ്വാദായിരുന്നു....ചപ്പാത്തിയും കോഴിക്കറിയും...
അവിടെ അടുത്ത് തന്നെയായിരുന്നു ഞങ്ങളുടെ താമസ സ്ഥലം. സമയം രാത്രി പന്ത്രണ്ടരയോടടുത്തിരുന്നു. ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി... ഇരുട്ടിനും ചീവീടുകളുടെ സ്വരത്തിനും ഒക്കെ അപ്പുറത്ത് അകലെ നീല വെട്ടത്തിന്‍റെ ഒരു നേര്‍ രേഖയില്‍ പര്‍വതങ്ങള്‍ കാണാം.... ഞാന്‍ മൊബൈലെടുത്ത് മഞ്ജുവിനെ വിളിച്ചു...ഇവിടെ തണുത്തു വിറച്ചു ഇരുട്ടില്‍ മുങ്ങി മൂടി നില്‍ക്കുന്ന മനുഷ്യനും മൃഗങ്ങളും ഒക്കെ ഉറങ്ങിയ ഈ നാട്ടില്‍ നിന്നും ഒക്കെ അകലെ ഡല്‍ഹിയുടെ ചടുലതയില്‍ നിന്ന് ഒട്ടും ഉറക്കച്ചടവില്ലാതെ മഞ്ജു ഫോണെടുത്തു.... ആഹ! മലകയറ്റക്കാരന്‍ ഇതുവരെ ഉറങ്ങിയില്ലേ? എന്നായിരുന്നു ആദ്യ ചോദ്യം..പിന്നെ പതിവ് പോലെ ഓഫീസ് വിശേഷങ്ങള്‍....ശിബാനി അങ്ങനെ പറഞ്ഞു....ഗോവിന്ദ് ഇങ്ങനെ പറഞ്ഞു.....അപ്പൊ സോണിയ ഇങ്ങനെ പറഞ്ഞു...എന്നൊക്കെ... ചുമ്മാ മൂളി കൊടുത്താല്‍ മതി...അവള്‍ക്കു സന്തോഷം... "അച്ചു ഭക്ഷണം കഴിച്ചോ? ഇനി നാളെയെങ്ങോട്ടാ...സൂക്ഷിക്കണേ അച്ചു.." അങ്ങനെ ചില ഉപദേശങ്ങളും.
പിറ്റേന്ന് വീണ്ടും മനോഹരമായ പ്രഭാതം. സാധനങ്ങളെല്ലാം വണ്ടിയില്‍ കയറ്റി കൂടുതല്‍ ഉയരങ്ങളിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. പതിവ് പോലെ ലാന്‍ഡ് സ്ലയിടുകളും മഴയുമൊക്കെയായി ഞങ്ങള്‍......ഒരു സ്ഥലത്ത് മണിക്കൂറുകള്‍ തന്നെ കുടുങ്ങിപ്പോയി.

പക്ഷെ ഘോനി എന്ന സ്ഥലത്ത് ഞങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയി. മൊബയിലുകളൊന്നിലും റെയിഞ്ചില്ല.... ഒരു പടുക്കൂറ്റന്‍ പറയും പിന്നെ കുറെ മണ്ണും ഇടിഞ്ഞു റോഡില്‍ കിടക്കുന്നു..അവിടെ നില്‍ക്കുന്നതും അപകടമാണ്. കാരണം വലതു വശത്ത് അഗാധമായ കൊക്കയും ഇടതു വശത്ത് സ്ലയിടിംഗ് റോക്സ് ഉള്ള മലയും. ഒരു വണ്ടിയുടെ എഞ്ചിന്‍ മുരള്‍ച്ചയോ ഹോണിന്‍റെ പ്രതിദ്വനിയോ ധാരാളം മതി പാറകള്‍ ഇളകാന്‍. ഞങ്ങളവിടെ നില്‍ക്കുമ്പോഴും തലയുടെ അത്ര വലുപ്പമുള്ള പാറകഷണങ്ങള്‍ താഴേക്കു വീഴുന്നുണ്ടായിരുന്നു.

വിവേഴ്സ് എടുക്കുവാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥ. ഒരു വിധം റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഒരു വലിയ പാറയുടെ അടിയില്‍ വണ്ടി പാര്‍ക്ക് ചെയ്യ്തു. അതും സുരക്ഷിതമല്ല എന്ന് കണ്ടപ്പോള്‍ കുറെയധികം പുറകോട്ടു വന്നു കൊക്കയോട് ചേര്‍ത്ത് വണ്ടി പാര്‍ക്ക് ചെയ്യ്തു.

ഇനി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഏതെങ്കിലും ഗ്രാമത്തില്‍ നിന്നും അപ്പുറത്തെ വശത്ത് വല്ല വണ്ടിയും വരുന്നതുവരെ കാത്തിരിക്കണം. മൂന്ന് നാല് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ജീപ്പ് നിറയെ ആള്‍ക്കാരും സാധനങ്ങളുമായി അപ്പുറത്ത് വന്നു നിന്നു. രണ്ടു വണ്ടികളിലുള്ളവര്‍ക്കും ഒറ്റ വഴിയെയുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വണ്ടി മറ്റേ വാഹനത്തിലെ യാത്രക്കാരുമായി തിരിച്ചു ഗൊവാല്‍ധാമിലേക്ക് പോവുക പകരം ഞങ്ങള്‍ അപ്പുറത്ത് നിന്നും വന്ന ജീപ്പില്‍ കയറി മുന്നോട്ടു പോവുക....പക്ഷെ അതൊരു സുമോ പോലെ അടച്ചുപ്പൂട്ടുള്ള വാഹനമായിരുന്നില്ല. മഹീന്ദ്രയുടെ ഒരു ജീപായിരുന്നു....
തുടരും...
അത്യധികം സാഹസികമായ ഓഫ് റോഡ് യാത്രയായിരുന്നു അത്. ഗോവാല്‍ധാമില്‍ നിന്ന് ഞങ്ങളുടെ കൂടെ കൂടിയ മൂന്ന് ഷെര്‍പ്പകളും കൂടിയായപ്പോള്‍ വണ്ടിക്കകത്ത് ആകെ ഞെരുക്കമായി. ഞാനും ഷെര്‍പ്പകളും വണ്ടിക്ക് മുകളിലായി പിന്നീടുള്ള യാത്ര. ഉച്ചയോടെ ഞങ്ങള്‍ ഒരു വിധത്തില്‍ ലോഹര്‍ഗഞ്ച് എത്തി. അത്യാവശ്യം ചില കടകളും പിന്നെ മനോഹരമായ ചെറിയ ഒരു റിസോര്‍ട്ടും അവിടെ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ഒരു ചെറിയ കുന്നിന്‍റെ മുകളില്‍ ഒരു പെണ്‍കുട്ടിയും യുവാവും കൈകോര്‍ത്ത് നടക്കുനത് എന്‍റെ ദൃഷ്ടിയില്‍ പെട്ടു. ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.
സുന്ദരിയായിരുന്നു മനാല്‍ എന്ന് പേരുള്ള ആ ഗദ്വാളി പെണ്‍കുട്ടി. അവളുടെ അമ്മാവനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. പട്ടാളത്തില്‍ സുബെദാറായിരുന്നു ആ യുവാവ്. ലീവിന് വന്നപ്പോള്‍ അനന്തിരവളെയും കൂട്ടി ഊര് ചുറ്റാനിറങ്ങിയാതാണവന്‍. അല്‍പ നേരം അവരോടു സംസാരിച്ചിരുന്നു. പിന്നെ ഞാന്‍ സംഘത്തോടൊപ്പം ചേര്‍ന്നു. അപ്പോഴേക്കും മുട്ട പുഴുങ്ങിയതും കട്ടന്‍ കാപ്പിയും തയ്യാര്‍.
അത്യധികം സാഹസികമായ ഓഫ് റോഡ് യാത്രയായിരുന്നു അത്. ഗോവാല്‍ധാമില്‍ നിന്ന് ഞങ്ങളുടെ കൂടെ കൂടിയ മൂന്ന് ഷെര്‍പ്പകളും കൂടിയായപ്പോള്‍ വണ്ടിക്കകത്ത് ആകെ ഞെരുക്കമായി. ഞാനും ഷെര്‍പ്പകളും വണ്ടിക്ക് മുകളിലായി പിന്നീടുള്ള യാത്ര. ഉച്ചയോടെ ഞങ്ങള്‍ ഒരു വിധത്തില്‍ ലോഹര്‍ഗഞ്ച് എത്തി. അത്യാവശ്യം ചില കടകളും പിന്നെ മനോഹരമായ ചെറിയ ഒരു റിസോര്‍ട്ടും അവിടെ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ഒരു ചെറിയ കുന്നിന്‍റെ മുകളില്‍ ഒരു പെണ്‍കുട്ടിയും യുവാവും കൈകോര്‍ത്ത് നടക്കുനത് എന്‍റെ ദൃഷ്ടിയില്‍ പെട്ടു. ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.
സുന്ദരിയായിരുന്നു മനാല്‍ എന്ന് പേരുള്ള ആ ഗദ്വാളി പെണ്‍കുട്ടി. അവളുടെ അമ്മാവനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. പട്ടാളത്തില്‍ സുബെദാറായിരുന്നു ആ യുവാവ്. ലീവിന് വന്നപ്പോള്‍ അനന്തിരവളെയും കൂട്ടി ഊര് ചുറ്റാനിറങ്ങിയാതാണവന്‍. അല്‍പ നേരം അവരോടു സംസാരിച്ചിരുന്നു. പിന്നെ ഞാന്‍ സംഘത്തോടൊപ്പം ചേര്‍ന്നു. അപ്പോഴേക്കും മുട്ട പുഴുങ്ങിയതും കട്ടന്‍ കാപ്പിയും തയ്യാര്‍.