എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ഒരു കൊടുങ്കാറ്റിന്‍റെ തീര്‍ഥാടനം



പ്രിയ വായനക്കാരെ....

ഈ നോവല്‍ ഞാനെഴുതിത്തുടങ്ങിയത് ഡിഗ്രി പഠന കാലത്താണ്. ഇന്നും ഞാനിതിന്‍റെ പണിപ്പുരയിലാണ്. ഡിഗ്രീ പഠനം കഴിഞ്ഞിട്ട് ഇപ്പോള്‍ പതിനാലു വര്‍ഷം.

കാലവും ദേശവും സമയസൂചികയും ഒക്കെ എന്നെ എന്തൊക്കെയോ കാട്ടിത്തന്നു, അതിപ്പോഴും എന്തൊക്കെയോ എന്നെ ഓര്‍മ്മിപ്പിക്കുകയും ശക്തമായ സൂചനകള്‍ നല്‍കി കൊണ്ടുമിരിക്കുന്നു. ഘടികാരമണികള്‍ ഓരോ തവണയും എന്നെ ഓര്‍മിപ്പിക്കുന്നു നിന്‍റെ ഹൃദയമിടിപ്പിന്‍റെ എണ്ണം കുറയുന്നുവെന്ന്. കാലവും എന്നെ ഓര്‍മ്മിപ്പിക്കുന്നു ചിലതൊക്കെ...എന്‍റെ കൂടെയുള്ള നിന്‍റെ സഞ്ചാരം അപ്പുറത്തുള്ളോരതിരില്‍ തീരുന്നുവെന്ന്. ദേശങ്ങളും എന്നെ ഓര്‍മ്മിപ്പിക്കുന്നു ഇവിടെ ഈ മണ്ണിലേക്ക് വരൂ....നിനക്കിനിയുറങ്ങാം.....

പക്ഷെ...ആന്‍ഡ്‌ മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്‌ ..... ആന്‍ഡ്‌ മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്‌.... അത് കൊണ്ട് ഞാന്‍ കാലത്തിന്‍റെയും, ദേശത്തിന്‍റെയും,
ഘടികാരമണികളുടെയും ഓര്‍മ്മപ്പെടുത്തലുകളെയും സൂചനകളെയും, സ്നേഹത്തിന്‍റെ വിശുദ്ധിയിലും പ്രണയത്തിന്‍റെ ഊഷ്മളതയിലും കത്തുന്ന കാമത്തിന്‍റെ ചൂടിലും മറക്കുന്നു. അതിനൊക്കെ അപ്പുറത്ത് എന്‍റെ കാലുകളെ പിന്തുടരുന്ന രണ്ടു കുഞ്ഞിക്കാലുകളുടെ താളം എനിക്ക് കേള്‍ക്കാം..... ഘകടികാരമണികളെ....ഞാനീ സ്നേഹത്തിന്‍റെ അമൃത് ആവോളം പാനം ചെയ്യ്ത് മൃത്യുഞ്ജയനായിരിക്കുന്നു....എനിക്ക് മടുക്കുമ്പോള്‍ ...അപ്പോള്‍ മാത്രം...നിനക്ക് വേണ്ടി ഞാന്‍ കാതോര്‍ക്കാം...അപ്പോഴേക്കും ശുഷ്ക്കിച്ച നിന്‍റെ ഹൃദയതാളം നിലക്കാതിരുന്നെങ്കില്‍ ...

ഇത്രയും പറഞ്ഞത്....ഈ കഥയുടെ പണി ഇനിയും നീളുമെന്ന് പറയുവാന്‍ തന്നെയാണ്...

ഇനി കഥയിലേക്ക് കടക്കാം... എഴുതുവാന്‍ വീണ്ടും പ്രേരണയായത് ശ്രീ റെജി നന്തിക്കാടും, ശ്രീ മുരളി മുകുന്ദനുമായുള്ള ചങ്ങാത്തമാണ്‌.

ഒരു കൊടുങ്കാറ്റിന്‍റെ തീര്‍ഥാടനം

ഏതൊക്കെയോ നിഗൂഡതകളും പേറി നിധി കാക്കുന്ന ഭൂതത്തിനെ പോലെ.....
ഇപ്പോഴും അയാള്‍ ജീവിച്ചിരിക്കുന്നുണ്ടാകാം....അയാള്‍....ആ വൃദ്ധന്‍. എന്‍റെ മനസ്സിലുണ്ട് വൃദ്ധനായ ആന്‍റോണിയോസ്....

"ദൈവത്തിന്‍റെ പരിചാകരും
സത്യത്തിന്‍റെ കാവല്‍ക്കാരും ഇതിലെ കടന്നു വരരുത്.
പിശാചിന്‍റെ സന്തതികള്‍ക്കും
അസത്യത്തിന്‍റെ പോരാളികള്‍ക്കും സ്വാഗതം"

ആന്‍റോണിയോസ്.

വിലക്കുകളില്ലാതെ സ്വതന്ത്രമായി നടന്നപ്പോള്‍ ഞാനറിഞ്ഞിരുന്നില്ല പക്ഷെ ഇപ്പോള്‍ ഈ അവസാന യാമത്തില്‍ ഞാനറിയുന്നു അതിന്‍റെ വില. അതിന്‍റെ അര്‍ഥം. യൌവ്വനത്തില്‍ മുഖമുദ്രയായിരുന്ന നിഷേധമായിരുന്നു സ്വതന്ത്ര്യമെന്ന് ഞാന്‍ വിശ്വസിച്ചു. ഞാനറിയാതെ എനിക്ക് നഷ്ട്ടപ്പെട്ട ബാല്യവും കൌമാരവും യൌവനവും. വര്‍ണ്ണങ്ങളില്ലാത്ത ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത്. കൌമാരത്തിന്‍റെ തുടിപ്പുകളില്ലാതിരുന്ന കൌമാരവും ഒടുവില്‍ യൌവനത്തില്‍ എത്തിയപ്പോഴേക്കും ശ്രുതി ഭംഗം നേരിട്ടൊരു ശോകഗാനത്തിന്‍റെ പരിസമാപ്തിയും. ഇപ്പോള്‍ ജീവിതത്തിന്‍റെ സുന്ദരമെന്നു പറയാവുന്ന ഈ സായഹ്നത്തിലും പുതിയതെന്തിനോ വേണ്ടി പരതുന്ന ഈ വൃദ്ധന്‍റെ ഭ്രാന്തത്തരങ്ങളും അലകളില്ലാത്ത ആവേശവും കാണുമ്പോള്‍ നിനക്ക്മടുപ്പ് തോന്നുണ്ടാകുമല്ലേ?

എന്‍റെ മനസ്സിലെ ഉറവ വറ്റാത്ത നീര്‍ച്ചാലുകളും ഹരിതാഭമായ കാടുകളും കിളികളുടെ കൂജനവുമൊക്കെ എന്നില്‍ നിന്നും അകന്നിരുന്നു. മറ്റൊരജ്ഞാത ലോകത്തില്‍ ഞാന്‍ തികച്ചും ഏകനായി. ഇപ്പോള്‍ എന്നില്‍ അവശേഷിക്കുന്ന ജീവന്‍റെ അവസാന തുടിപ്പും നിലക്കുന്നതും കാത്ത് കാലമാം ഘടികാരത്തില്‍ ഉറ്റു നോക്കുന്ന ശവം തീനികളുടെ അസ്വസ്ഥമായ ചിറകടിയൊച്ചയും കുറുനരികളുടെ മുരള്‍ച്ചയും കേള്‍ക്കാതിരിക്കുവാന്‍ കാതുകള്‍ പൊത്തണമെന്നുണ്ടായിരുന്നു പക്ഷെ കൈകള്‍ പൊങ്ങിയില്ല വിരലുകള്‍ ചലിച്ചില്ല.

കാലുകളില്‍ അല്‍പ്പം ബലം ശേഷിച്ചിരുന്നു. അല്‍പം കൂടി മുന്നോട്ടു നടക്കണമായിരുന്നു നാശത്തിന്‍റെ പൂര്‍ണ്ണതയിലെത്താന്‍ അപ്പോഴേക്കും....അവസാനമായി ഒന്ന് കൂടി തിരിഞ്ഞു നോക്കണമെന്ന് തോന്നി തടയാനാകാത്ത ആഗ്രഹം. കടന്നു വന്ന പാതയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണമെന്ന് ആദ്യമായി എനിക്ക് തോന്നി എന്തിനെന്നറിയില്ല. ആ മരുഭൂമിയുടെ അങ്ങേത്തലക്കല്‍ തീഗോളം താഴ്ന്നിരുന്നു ശേഷിച്ച ബലം സംഭരിച്ച് വിറയ്ക്കുന്ന കാലുകളില്‍ നിന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ജഡത്തിന്‍റെ
അവകാശികളായ....അല്ല! ഒരു നേരത്തെ വിശപ്പിന്‍റെ വകയ്ക്കു വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം പക്ഷികള്‍. അവയുടെ കണ്ണുകളില്‍ കത്തിജ്വലിക്കുന്ന
ക്രൂരതയില്ലായിരുന്നു പക്ഷെ എന്‍റെ കണ്ണുകളിലേതിനേക്കാള്‍ ദൈന്യത അവറ്റകളുടെ കണ്ണുകളില്‍. എന്‍റെ മനസ്സ് മന്ത്രിച്ചു...പ്രീയപെട്ട പക്ഷികളെ എന്‍റെ അസ്ഥികൂടം പൊതിഞ്ഞിരിക്കുന്ന ഈ ശുഷ്കിച്ച മാംസം നിങ്ങളുടെ വിശപ്പടക്കില്ല മറിച്ച്‌ കൂട്ടുകയേയുള്ളൂ....

മരുഭൂമി നിതാന്തമായ ഇരുട്ടില്‍ മുങ്ങിയപ്പോള്‍ ഞാന്‍ കേട്ടു ഇരുട്ടിന്‍റെ ക്ഷീണിതമായ പാദപതന ശബ്ദം. ഒടുവില്‍ എന്‍റെ ജീവിതം കാലത്തിന് പണയപ്പെടുത്തി മരണമാം ശകടം വരുന്നതും കാത്ത് ആ മരുഭൂമിയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ താഴ്ന്നു പറക്കുന്ന ശവംതീനികളുടെ ചിറക്കുകള്‍ക്കിടയിലൂടെ കറുത്ത ആകാശത്തിന്‍റെ കിഴക്കേ കോണില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു നക്ഷത്രത്തെ ഞാന്‍ കണ്ടു. എന്‍റെ മെറിന്‍..അവള്‍ എന്നെ മാടി വിളിക്കുന്നു. എനിക്കങ്ങോട്ട് പോകുവാന്‍ പറ്റുമായിരുന്നില്ല. അതിന്‍റെ സൂചനയെന്നോണം ശവംതീനികളുടെ കറുത്ത വിശാലമായ ചിറകുകള്‍ ആ നക്ഷത്രത്തെ നോക്കുന്നതില്‍ നിന്നും എന്നെ വിലക്കിയിരുന്നു.

കാലമാം ഘടികാരത്തിന്‍റെ ഹൃദയം അതിവേഗം മിടിച്ചു. ശവംതീനികളുടെ ഹൃദയത്തില്‍ രുദ്രതാളവും. എന്‍റെയോ?...ശുഷ്കിച്ച നെഞ്ചിന്‍ കൂടിനുള്ളില്‍ മൃതപ്രായനായ എന്‍റെ ഹൃദയത്തിന്‍റെ നിശബ്ദമായ തേങ്ങലുകള്‍. പിന്നെ ഉദ്വേഗപൂര്‍ണ്ണമായ നിമിഷങ്ങള്‍. നിതാന്തമായ നിശബ്ദത. കറുത്ത മേഘങ്ങള്‍ നക്ഷത്രത്തെ എന്നില്‍ നിന്നും പൂര്‍ണ്ണമായും മറച്ചു. ചിറകടിയൊച്ചകള്‍ നിലച്ചു. ഏന്തിയും നിരങ്ങിയും എന്‍റെയടുക്കലേക്ക് വരുന്ന തൂവലുകള്‍ കൊഴിഞ്ഞ ഒറ്റചിറകുള്ള ഒരു വയസ്സന്‍ ശവംതീനിയുടെ അവ്യക്ത രൂപം ഞാന്‍ കണ്ടു. എന്‍റെ കൊടും ക്രൂതകള്‍ ഏറ്റവും കൂടുതലനുഭവിച്ച കാസിയന്‍റെ രൂപം! അതെ കാസിയന്‍! എന്‍റെ ഹൃദയം ശക്തിയായി മിടിച്ചു.

അവസാനമായി ഞാന്‍ മൂര്‍നുവിന്‍റെ താരാട്ടിന് വേണ്ടി കൊതിച്ചു. പക്ഷെ അപ്പോഴേക്കും ഒറ്റചിറകുള്ള കാസിയന്‍റെ ചോരക്കറ പുരണ്ട നീണ്ട കൊക്ക് എന്‍റെ കണ്ണുകള്‍ക്കുള്ളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. എല്ലാം തീര്‍ന്നുവെന്നു കരുതിയെങ്കിലും തെറ്റി. എത്ര വലിയ തണുപ്പിനെയും അകറ്റാന്‍ എനിക്കന്യ മൃഗത്തിന്‍റെ തോല് വേണ്ട....എന്‍റെ ... എന്‍റെ നെഞ്ചിന്‍ക്കൂടിനുള്ളില്‍ അതിനു തക്ക വണ്ണം അണയാത്ത ആഴിയുടെ സങ്കേതമുണ്ട്.....എത്ര വലിയ അഗ്നിയും അണയ്ക്കുവാന്‍ എന്‍റെ മനസ്സില്‍ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന വര്‍ഷങ്ങളോളം ദേശാടനം ഉപേക്ഷിച്ച മഴ മേഘങ്ങളുണ്ട്....പാപത്തിന്‍റെ ഭാണ്ഡം പേറിയ മഴ മേഘങ്ങള്‍....

പ്രീയപ്പെട്ട ചെറുപ്പക്കാരാ, ഒന്ന് ചോദിച്ചോട്ടെ....ജീവിതത്തിന്‍റെ ഈ അശാന്തമായ സായാഹ്നത്തില്‍ ഒരു കൂട്ടം യുദാസുകളുടെയും കുറെ നല്ല സ്വപങ്ങളുടെയും ജീര്‍ണ്ണിച്ച ശവമാടങ്ങള്‍ക്ക് കാവലിരിക്കുന്ന വൃദ്ധനായ ഈ ഭ്രാന്തന്‍ ആന്‍റോണിയോസിന്‍റെ അവസാന സ്പന്ദനങ്ങള്‍ക്ക് വേണ്ടിയാണോ നീ നിന്‍റെ കാതുകള്‍ വട്ടം പിടിക്കുന്നത്‌. എന്നേ നിലച്ചു എന്‍റെ സ്പന്ദനം.

എന്‍റെ കാതുകളില്‍ ഇന്ന് മൂര്‍നുവിന്‍റെ നിലക്കാത്ത സംഗീതമില്ല പക്ഷികളുടെ സംഗീതമില്ല മറിച്ച്‌ മരണ വെപ്രാളത്തോടെ കൈകാലിട്ടടിക്കുന്ന കുറെ മനുഷ്യരുടെ ഹൃദയം തകര്‍ക്കുന്ന ദീനരോദനങ്ങള്‍ മാത്രം. എന്‍റെ കണ്ണുകളില്‍ സ്വപ്നങ്ങളുടെ തിളക്കമോ, വര്‍ണ്ണമോ ഇല്ല...വായുവില്‍ അഹങ്കാരത്തോടെ വീശിയ കൈകളിലും ഭൂമിയില്‍ ഊക്കോടെ പതിച്ച കാലുകളിലും കാലം അടിച്ചേല്‍പ്പിച്ച പരാജയങ്ങളുടെ വിറയല്‍. മനസ്സില്‍ പെയ്യാന്‍ കൊതിക്കുന്ന പാപത്തിന്‍റെ നീരാവിയിലുണ്ടായ മഴ മേഘങ്ങള്‍...അവയ്ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇടിമിന്നലുകള്‍. ആമാശയത്തില്‍ കത്തിക്കാളുന്ന വിശപ്പില്ല...ഇന്ദ്രിയങ്ങള്‍ മരവിച്ചു..തോളിലും മുതുകിലും പാപഭാരത്തിന്‍റെ കനത്ത ഭാണ്ഡങ്ങള്‍...ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് ആന്‍റോണിയോസ്

തുടരും


മെറിന്‍റെ സുന്ദരമായ മുടിയിഴകള്‍ക്കുള്ളിലെ മാസ്മര ഗന്ധം ഇന്നതിനു പകരം പഴകിയ മൃതദേഹങ്ങളുടെയും രക്തത്തിന്‍റെയും ദുര്‍ഘന്ധം.

ചില സമയങ്ങളില്‍ എന്‍റെ മനസ് പ്രകൃതിയുടെ എനിക്കേറ്റവും സുന്ദരമെന്നു തോന്നുന്ന സന്ധ്യയുടെ ഇരുണ്ട കോണുകളിലേക്കും തെളിമയുള്ള സായന്തനങ്ങളിലേക്കും അജ്ഞാതമായ ശാന്തമായ താഴ്വരകളിലേക്കും മല നിരകള്‍ക്കിടയിലേക്കും വന്യമായ കാടിന്‍റെ ഇരുണ്ട ഉള്ളറകളിലെ മരം കോച്ചുന്ന തണുപ്പിലേക്കും അതിനുമപ്പുറം എനിക്ക് പോലുമറിയാത്ത അജ്ഞാതമായ എന്നാല്‍ എന്‍റെ മനസ്സിന് എത്താന്‍ കഴിയുന്നതും എന്നാല്‍ വര്‍ണ്ണിക്കുവാന്‍ കഴിയാത്തതുമായ ഏതൊക്കെയോ ലോകങ്ങളിലേക്ക് എന്നെ കൂട്ടികൊണ്ട് പോകാറുണ്ട്....ഞാനൊരു സ്വപ്ന ജീവിയാണെടോ....

ദൂരെ ആകാശ ചെരുവിലൂടെ പാറി നീങ്ങുന്ന മേഘപാളികളിലെവിടെയോ ആന്‍റോണിയോസിന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു. ആന്‍റോണിയോസ്...ഒരു സൂപര്‍ ഹ്യുമന്‍ ബീയിംഗ്. ആലോചിക്കുന്തോറും ഒന്നും പിടികിട്ടാത്ത ഒരവസ്ഥയിലേക്ക് നീങ്ങുകയാണ്. ഒരു പക്ഷെ ഞാനെന്‍റെ ദൌത്യം തന്നെ മറന്നു പോയ പോലെ.

ആന്‍റോണിയോസ് പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അര്‍ത്ഥമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍. രാവേറെ ചെന്നപ്പോള്‍ ഞാന്‍ ബോധത്തില്‍ നിന്നും അബോധത്തിലേക്ക് വഴുതി മാറിയ ഏതോ നിമിഷത്തില്‍ എന്‍റെ മുന്നില്‍ നിന്നും അയാള്‍ എഴുന്നേറ്റു പോയിരിക്കാം. കണ്ണ് തുറക്കുമ്പോള്‍ മുന്നില്‍ ആന്‍റോണിയോസില്ലായിരുന്നു. നെരിപ്പോടില്‍ തീയുണ്ടായിരുന്നെങ്കിലും തണുപ്പിന്‍റെ കാഠിന്യം കുറക്കുവാനും മാത്രം ഇല്ലായിരുന്നു. രാത്രി കറുപ്പിന്‍റെ മുഖം കാട്ടി മഴയത്ത്.....

ആ വലിയ മുറിയുടെ അങ്ങേയറ്റത്ത് ആടിയുലഞ്ഞൊരു മെഴുകുതിരി..നീണ്ടു ഞാന്നു കിടക്കുന്ന ചുവന്ന ജാലക വിരികള്‍ക്ക് പിന്നില്‍ ആരോ പതിയിരിക്കുന്ന പോലെ...എത്ര ഭയാനകമാണ് ഈ ബംഗ്ലാവ്.

നീണ്ട കറുത്ത കോട്ടിനുള്ളിലെ ചുക്കി ചുളിഞ്ഞ രൂപം. കണ്ടാല്‍ അറപ്പ് തോന്നുന്ന മുഖം. ഇനിയും ചുളിവുകള്‍ വീഴുവാന്‍ ആ മുഖത്ത് ഇടമില്ലായിരുന്നു. കരുത്തിരുണ്ട ശരീരം. ഉയര്‍ന്ന നാസിക, വീതിയേറിയ നെറ്റിത്തടം. കണ്ണുകള്‍ ഉള്ളിലേക്കാഴ്ന്നിറങ്ങി പുരികങ്ങള്‍ ഉയര്‍ന്നു പൊങ്ങി വളഞ്ഞിരിക്കുന്നു.പുരികത്തിലെ രോമങ്ങള്‍ താഴോട്ടു വളര്‍ന്നു തൂങ്ങിയിരുന്നു. രോമാവൃതമായ ശരീരം ചെറുപാമ്പുകളെ ഓര്‍മ്മിപ്പിക്കും വിധമുള്ള വിരലുകള്‍ നഖം വെട്ടിയിട്ട് വര്‍ഷങ്ങള്‍ തന്നെയായി എന്ന് തോന്നുന്നു.

ഏന്തിവലിഞ്ഞതെങ്കിലും ദൃഡമായ നടത്തം. ആ കണ്ണുകളിലേക്കധികം നോക്കാന്‍ പറ്റുമായിരുന്നില്ല അത്ര മാത്രം തീക്ഷണതയുണ്ടായിരുന്നു ആ കണ്ണുകള്‍ക്ക്‌.നിഘൂഡമായ മുഖഭാവമായിരുന്നു അയാളുടേത് മൊത്തത്തില്‍ ഭീതി തോന്നും വിധമുള്ള ഒരു രൂപം. ഭീമാകാരമായ ആ കോവണിപ്പടി കയറി ഞാന്‍ മുറിയിലേക്ക് പോകുമ്പോള്‍ നെരിപ്പോടിലെ ചാരത്തിനടിയിലെ തീക്കനല്‍ ചുവപ്പ് കണ്ണുരുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു.

പുറത്ത് ചാറ്റല്‍ മഴ. വെറുതെ നനയാന്‍ കൊതിപ്പിക്കുന്ന അലസയായ മഴ പെയ്യ്തുകൊണ്ടെയിരുന്നു. തുറന്നു കിടക്കുന്ന ജനാലകളും വാതിലുകളും....തണുപ്പിന്‍റെ കൈകള്‍ക്ക് കരുത്തേറികൊണ്ടിരുന്നു. പുറത്ത് പെയ്യുന്ന മഴയുടെ താളം.... ബംഗ്ലാവിനു മുന്നിലെ അരുവിക്ക്‌ കുറുകെയുള്ള മരപ്പാലത്തിന്‍റെ ഗേറ്റ് തുറന്നു കിടക്കുന്നു. ബംഗ്ലാവിന്‍റെ പ്രധാന വാതിലിനരികില്‍ വള്ളിച്ചെടികള്‍ പടര്‍ന്നു കയറിയ ഒരു കുറ്റിയില്‍ തൂക്കിയിട്ടിരുന്ന പലകയില്‍ എഴുതിയിരുന്ന വിചിത്രമായ വാക്യങ്ങള്‍...കാലത്തിന്‍റെ കൈകള്‍ അതിലെ അക്ഷരങ്ങളെ വികൃതമാക്കിയിരുന്നു എങ്കിലും വായിക്കുവാന്‍ പറ്റുമായിരുന്നു.

"ദൈവത്തിന്‍റെ പരിചാരകരും സത്യത്തിന്‍റെ കാവല്‍ക്കാരും ഇതിലെ കടന്നു വരരുത്.
പിശാചിന്‍റെ സന്തതികള്‍ക്കും അസത്യത്തിന്‍റെ പോരാളികള്‍ക്കും സ്വാഗതം"

എബേല്‍ എന്തൊക്കെയോ ആലോചിച്ചവിടെ നിന്നതിനു ശേഷം മരപ്പാലത്തിലൂടെ വെറുതെ നടന്നു. അതിമനോഹരമായ ഈ കാട്ടുചോലക്കരികില്‍ മരം കൊണ്ട് നിര്‍മ്മിച്ച ഒരു പാഴ്സണ്‍ ഷാതോ പോലെ മനോഹരമായ ഈ ബംഗ്ലാവിനു മുന്നില്‍ ഒരിക്കലും പാടില്ലാത്ത വാക്കുകള്‍. എന്തായിരിക്കും ആന്‍റോണിയോ എന്ന ഈ വിചിത്ര മനുഷ്യന്‍ ഇത് പോലെയൊക്കെ എഴുതി വെക്കുവാന്‍ കാരണം. പാലത്തിന് താഴെ അരയന്നങ്ങള്‍ പോലെ നീണ്ട കഴുത്തുള്ള പക്ഷികള്‍ നീന്തിത്തുടിക്കുന്നു. അരുവിയെന്നു പറയാമെങ്കിലും നല്ല വീതിയുള്ള ഒരു പുഴ തന്നെയാണ്. ഉദിച്ചുയരുന്ന സൂര്യ കിരണങ്ങള്‍ തട്ടി ജലം വെള്ളി പോലെ തിളങ്ങി...ചിറകടിച്ചുയരുന്ന പക്ഷികളുടെ ചിറകില്‍ നിന്നും തെറിക്കുന്ന വെള്ളത്തുള്ളികള്‍ പൂത്തിരികത്തിയ പോലെ തോന്നിപ്പിച്ചു. ഇരു കരകളിലും നില്‍ക്കുന്ന ഇരുണ്ട കാടിന്‍റെ അരുവിയോടോരം ചേര്‍ന്ന് നില്‍ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ പുഴയില്‍ മുത്തമിട്ടു നിന്ന്. തണുപ്പും, ചാറ്റല്‍ മഴയും പിന്നെ പിശറന്‍ കാറ്റും...നല്ല തണുപ്പ് തോന്നിയപ്പോള്‍ എബേല്‍ തിരികെ ബംഗ്ലാവിലേക്ക് നടന്നു.

പേരറിയാത്ത ഏതൊക്കെയോ പക്ഷികളുടെ സ്വരം. വെയിലും മഴയും തണുത്ത കാറ്റും.............
അന്നും പകല്‍ എങ്ങിനെയോ കടന്നു പോയി. എബേല്‍ എന്തൊക്കെയോ എഴുതിയും വെട്ടിക്കളഞ്ഞും ഒക്കെ കഴിച്ചുക്കൂട്ടി. പതിവ് പോലെ സന്ധ്യ വന്നു. മഴ അപ്പോഴും നിര്‍ത്താതെ പെയ്യ്തു കൊണ്ടിരുന്നു. ആന്‍റോണിയോസ് ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യന്‍. ഒരു തത്വജ്ഞാനിയെപോലെ അല്ലെങ്കില്‍ ഒരു ഭ്രാന്തനെ പോലെ...എന്തൊക്കെയോ പറയുന്നു. മുഖത്ത് കാര്യമായ ഭാവമാറ്റങ്ങളൊന്നും കൂടാതെ ഇരുന്ന ഇരുപ്പില്‍ മണിക്കൂറുകളോളം സംസാരിക്കും. ഇടയ്ക്കു നിര്‍ത്തും. പിന്നെ ഇരുട്ടിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇമ വെട്ടാതെ നോക്കിയിരിക്കും. നീണ്ട നിശബ്ദത.....പിന്നെ അങ്ങ് ഗുഹക്കുള്ളിലെവിടെയോ നിന്നോ അല്ലെങ്കില്‍ യുഗാന്തരങ്ങല്‍ക്കപ്പുറത്ത് നിന്നോ മറ്റോ ഒഴുകി വരുന്ന ശബ്ദം പോലെ ഒരു ചിലമ്പിച്ച സ്വരം.

പുറത്തെ ഇരുട്ടിനു ഖനം കൂടിയിരുന്നു. എന്തോ ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. ആന്‍റോണിയോസ്സെന്ന മനുഷ്യന്‍റെ ജീവിതത്തിലേക്ക് അനാവശ്യമായി ഞാന്‍ കടന്നു വന്നത് പോലെ തോന്നുന്നു. മനസ്സിന്‍റെ അജ്ഞാതമായ ആഴങ്ങളിലെവിടെയോ വേദനയുടെ ഒരു തണുത്ത ചീള്. ഇത് വരെ നനയാത്ത കണ്ണുകളില്‍ വെറുതെ രണ്ടു കണ്ണുനീര്‍ തുള്ളികള്‍. വിശാലമായ് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പെഷ്രൂ മരത്തിന്‍റെ തൂവല്‍ പോലുള്ള ഇലകളില്‍ നിന്നുമടരുന്ന മഞ്ഞു തുള്ളികള്‍ ചെറിയ പുല്‍നാമ്പുകള്‍ ഏറ്റുവാങ്ങുന്നു. ആ ദുഃഖം ഭൂമിയുടെ നെഞ്ചിലേക്കും അത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്. വലിയവനായ ആന്‍റോണിയോയുടെ ദുഃഖം പുല്‍ക്കൊടിയോളം ചെറുതായ
ഞാന്‍ ഏറ്റു വാങ്ങുന്നു എന്‍റെ ദുഃഖം ഏറ്റുവാങ്ങുവാന്‍ കാല്‍ക്കീഴില്‍ ഭൂമിയുണ്ടായിരുന്നു?

പകലുകളെ എന്തു കൊണ്ടോ എനിക്ക് വെറുപ്പായി തുടങ്ങിയിരിക്കുന്നു. അനര്‍ത്ഥങ്ങള്‍ ഏറെയും നടക്കുക ഇരുട്ടിലാണല്ലോ? ആന്‍റോണിയോയുടെ കഥാബീജം എന്‍റെ മനസ്സില്‍ സംഘര്‍ഷമുണ്ടാക്കിയിരിക്കുന്നു. ആന്‍റോണിയോയുടെ പടുക്കൂറ്റന്‍ ബംഗ്ലാവിന്‍റെ മുകളിലത്തെ മുറിയില്‍ ഞാന്‍ ഒതുങ്ങിക്കൂടി പേനയും പേപ്പറുമായി യുദ്ധം ചെയ്യ്തു, വെട്ടിയും തിരുത്തിയും പിന്നെയും വെട്ടിയും തിരുത്തിയും. കാലത്തിന്‍റെ നിയോഗം പോലെ എങ്ങിനെയോ ഇവിടെ എത്തിച്ചേര്‍ന്നു. ഒരു പാട് ആലോചിക്കണ്ട
കാരണം കുറെയധികം ആലോചിച്ചാല്‍ കുറെയേറെ മനസ്സിലാകും, കുറെയധികം മനസ്സിലാക്കിയാല്‍ ഒന്നും മനസ്സിലാവില്ല ആ ഒരവസ്ഥയില്‍ ഒന്നിനും
ജീവനില്ലാതെയിരിക്കുകയാണ് വേണ്ടത്. അത് കൊണ്ട് ഞാനീ കഥാപാത്രത്തോട് നീതിപുലര്‍ത്തേണ്ടിയിരിക്കുന്നു. ഒരു സാധാരണക്കാരന്‍റെ മനസ്സോടെ ആന്‍റോണിയോസിന് ഞാന്‍ പുതിയൊരു മുഖച്ഛായ നല്‍കും.

പകലുകളില്‍ ആന്‍റോണിയോസ് എന്തു ചെയ്യുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. എന്തിനധികം ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും എനിക്കിപ്പോഴും ആ ബംഗ്ലാവും
പൈശാചിക പരിവേഷമുള്ള ആ വൃദ്ധനും എല്ലാം ഒരു സ്വപ്നദൃശ്യം പോലെ തന്നെ. ആളും അനക്കവും ഒന്നുമില്ലാത്തോരിടം. സമയാസമയങ്ങളില്‍ ഭക്ഷണ പാത്രങ്ങള്‍ എന്‍റെ മുന്നില്‍ നിരന്നിരുന്നു. ഒരു തരം നിഗൂഡ ഭാവക്കാരനായിരുന്നു കുശിനിക്കാരന്‍. കണ്ടാല്‍ നമുക്കയാളോട് സംസാരിക്കുവാന്‍ തോന്നുമായിരുന്നില്ല. എങ്കിലും ഒരിക്കല്‍ ഞാന്‍ അയാളോട് ചോദിച്ചു.

"എന്താ പേര്"

ഒന്നുമുരിയാടാതെ കേട്ടഭാവം പോലും നടിക്കാതെ അയാള്‍ ഭക്ഷണ പാത്രങ്ങള്‍ നിരത്തുന്നതില്‍ മുഴുകി കൊണ്ടിരുന്നു. ധൃതി പിടിക്കാതെ ചിട്ടയോടെ അയാള്‍ ഓരോന്നും ചെയ്യ്തു കഴിഞ്ഞപ്പോള്‍ കുറച്ചു നിമിഷങ്ങളെടുത്തു. അതിനു ശേഷം മുഖത്ത് നോക്കാതെ അയാള്‍ സാവധാനം പറഞ്ഞു

"സ്കാറ്റ്മാന്‍" വല്ലാതെ പതിഞ്ഞ ഒരു സ്വരമായിരുന്നു അയാളുടേത്.

ഉച്ച നേരമായിട്ടും മുറിയില്‍ കാര്യമായ വെളിച്ചമില്ലായിരുന്നു. പുറത്തും അങ്ങിനെ തന്നെയായിരുന്നു. നിറയെ ജനലുകളുണ്ടായിരുന്നെങ്കിലും പുറത്ത് നില്‍ക്കുന്ന വന്‍ വൃക്ഷം ഉള്ളിലേക്ക് സൂര്യപ്രകാശം കടത്തി വിടുമായിരുന്നില്ല. പഴകിയ നിറം മങ്ങിയ ജാലക വിരികള്‍ക്കിടയിലൂടെ വെളിച്ചം അരിച്ചു വീഴുന്നുണ്ടായിരുന്നു. ആ ഇത്തിരി വെട്ടത്തില്‍ ആ മനുഷ്യന്‍റെ മുഖം ചെറുതായിട്ട് കാണാം. ഉയരം കുറഞ്ഞ് കുറിയനായ ഒരു മനുഷ്യന്‍.നല്ല വണ്ണമുണ്ട്. ഏകദേശം അറുപത്തിയഞ്ചിനോടടുത്ത പ്രായം. തലയില്‍ നീളന്‍ തൊപ്പി. ആന്‍റോണിയോസിനെ പോലെതന്നെ ഒരു നീളന്‍ ഗൌണായിരുന്നു അയാളുടെയും വേഷം. കാലുകളില്‍ പഴകിയതെങ്കിലും തണുപ്പിനെ വെല്ലാന്‍ തക്ക
ശേഷിയുള്ള ഉറപ്പുള്ള ഷൂസുകള്‍ ധരിച്ചിരിന്നു. മുഖത്തൊരു തരം നിര്‍ജ്ജീവഭാവം. അയാള്‍ വിളമ്പിയ ഭക്ഷണങ്ങളുടെ മനം നാസാരന്ധ്രങ്ങളിലേക്ക് തുളഞ്ഞു കയറി. പാത്രങ്ങളില്‍ നിന്നും ആവി പൊങ്ങുന്നുണ്ടായിരുന്നു.
ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്കാറ്റ്മാന്‍ എന്‍റെ പിന്നില്ലൂടെ സാവധാനം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. മരം കൊണ്ടുണ്ടാക്കിയ തറയില്‍ അയാളുടെ ഷൂസുകള്‍ പതിക്കുന്ന ശബ്ദം ഞാനളന്നു. ഭക്ഷണത്തിനിടയില്‍ ഞാനത് എണ്ണുന്നുണ്ടായിരുന്നു.. ഒരു തവണ ആ മുറിയുടെ ഇങ്ങേത്തലക്കല്‍ നിന്നും മറ്റേ അറ്റം വരെ നടക്കുവാന്‍ അയാള്‍ക്ക്‌ നാല്‍പ്പത്തിരണ്ടു പാദങ്ങള്‍ വേണ്ടിയിരുന്നു. സ്കാറ്റ്മാന്‍റെ ഷൂസിന്‍റെ ശബ്ദവും എന്‍റെ കത്തിയുടെയും ഫോര്‍ക്കിന്‍റെ ശബ്ദവും ഒരു പ്രത്യേക താളത്തില്‍ ആ മുറിയില്‍ കേള്‍ക്കാമായിരുന്നു.

"എന്‍റെ പേര് എബേല്‍" ഞാന്‍ സാവധാനം പറഞ്ഞു. അയാള്‍ യാതൊന്നും പ്രതികരിക്കാതെ നടത്തം തുടര്‍ന്നു. ഇടയ്ക്ക് അയാള്‍ വന്നു കുറച്ചു വറുത്ത ഇറച്ചി കഷണങ്ങള്‍ എന്‍റെ പ്ലേറ്റിലേക്ക് നീക്കിയിട്ട്‌ തന്നു. വീണ്ടും നടത്തം തുടര്‍ന്നു.

"ഒരു എഴുത്തുകാരനാണ്..........കുറച്ചു നാള്‍ ഇവിടുണ്ടാകും" അപ്പോള്‍ ഷൂസിന്‍റെ ശബ്ദം കേള്‍ക്കാതെയായി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ നടത്തം നിര്‍ത്തി ജാലകവിരികള്‍ക്കിടയിലൂടെ ഉച്ചയുറക്കത്തിന്‍റെ ആലസ്യത്തില്‍ നില്‍ക്കുന്ന താഴ്വാരത്തെക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു. ഞാന്‍ വീണ്ടും ഭക്ഷണത്തിലേക്കു തിരിഞ്ഞു. പിന്നെ കുറെ നേരത്തേക്ക് ഫോര്‍ക്കും കത്തിയും പിഞ്ഞാന്‍ പാത്രവും തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദം മാത്രം. ഞാന്‍ കൈ വൃത്തിയാക്കുവാന്‍ നീങ്ങുമ്പോള്‍ അയാള്‍ തിടുക്കത്തില്‍ പാത്രങ്ങളെടുക്കുകയായിരുന്നു. പിന്നെ ഇടനാഴിയുടെ അറ്റത്തുള്ള ഗോവണിപ്പടികളില്‍ അയാളുടെ ഷൂസിന്‍റെ ശബ്ദം ഇല്ലാതെയായി. ടേബിളിന്‍റെ അറ്റത്തു ടവ്വല്‍ ഇട്ടിട്ടുണ്ടായിരുന്നു അതിനു നല്ല സുഘന്ധമുണ്ടായിരുന്നു.

പുറത്തുള്ള വടവൃക്ഷത്തിന്‍റെ ചില്ലകള്‍ ചെറുകാറ്റത്ത് മെല്ലെ ഇളകുന്നു. കൊത്തുപനികളോട് കൂടിയ കട്ടിലില്‍ മലര്‍ന്നു കിടന്നു ഞാന മുറിയാകെ ഒന്ന് നിരീക്ഷിച്ചു. മച്ചില്‍ നിറയെ ചിത്രപ്പണികളായിരുന്നു. കാലപ്പഴക്കത്തില്‍ പലതിന്‍റെയും ശോഭ മങ്ങിയെങ്കിലും അതിന്‍റെയൊക്കെ ഗാംഭീര്യം ത്രസിച്ചു നിന്ന്. മുറിയുടെ നാല് മൂലകളിലും ഒരാള്‍പ്പൊക്കത്തിലുള്ള പൂര്‍ണ്ണ നഗ്നരായ സ്ത്രീകളുടെ അംഗലാവണ്യം ത്രസിച്ചു നില്‍ക്കുന്ന ദാരുശില്‍പ്പങ്ങള്‍. ദന്തത്തില്‍ തീര്‍ത്ത മറ്റനേകം കരകൌശല വസ്തുക്കള്‍ ചുവരിനോട് ചേര്‍ന്നുള്ള അലമാരിയില്‍ പൊടി പിടിച്ചു കിടക്കുന്നു. കിഴക്ക് വശത്തെ ചുവരില്‍ നിറം മങ്ങിയതെങ്കിലും മനോഹരമായ ചിത്രകല. അതിനൊക്കെ വിപരീതമായി കയറിവരുന്ന വാതിലിനു മുകളില്‍ ഒരു കാട്ടുപ്പോത്തിന്‍റെ തല സ്റ്റാഫ്‌ ചെയ്യ്തു വച്ചിരിക്കുന്നു. മനസ്സിലേക്ക് വീണ്ടു സ്കാറ്റ്മാന്‍ കടന്നു വന്നു. ഒരു പക്ഷെ
ആന്‍റോണിയോസ് ഇയാളെ ഇത്തരത്തിലാക്കിയതാകുമോ? ആന്‍റോണിയോസിനെ പോലെ മറ്റൊരു കടങ്കഥ. ഒരു വേള ആന്‍റോണിയോസിന്‍റെ ജീവിത കഥ മുഴുവന്‍
ഇയാള്‍ക്കറിയുമായിരിക്കും. ഒരുന്നും ആലോചിച്ചു കിടക്കവേ എബേല്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. വൈകുന്നേരമുണരുമ്പോള്‍ മേശപ്പുറത്തു ആവിപറക്കുന്ന ചായയും അതിനടുത്ത് ഒരു കുറിപ്പും ഉണ്ടായിരുന്നു.ഞാന്‍ കപ്പിലേക്ക് ചായ പകര്‍ത്തുന്നതിനിടയില്‍ ആ കുറിപ്പ് വായിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു. "അത്താഴത്തിനു ശേഷം ഹാളില്‍ തമ്മില്‍ കാണാം" അക്ഷരങ്ങള്‍ക്ക് തീര്‍ത്തും വടിവില്ലായിരിന്നു. വിറയാര്‍ന്ന വിരലുകള്‍ കൊണ്ടെഴുതിയ പോലെ. നല്ല രുചിയുള്ള ചായ ഞാന്‍ സാവധാനം മൊത്തി കുടിച്ചു. അതിനുശേഷം മെല്ലെ പടികളിറങ്ങി താഴെ വന്നു. പാലത്തിനപ്പുറം അരുവിയോടോരം ചേര്‍ന്നുള്ള വലിയ വൃക്ഷത്തിന്‍റെ ചുവട്ടില്‍ എന്‍റെ സ്റ്റേഷന്‍ വാഗണ്‍ കിടപ്പുണ്ടായിരുന്നു.

5 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അന്റോണിയോസും,ഏബേലുമൊക്കെ ഇനി ബുലോഗത്തിലെ ശക്തമായ കഥാപാത്രങ്ങളായി തീരട്ടേ....
“ദൈവത്തിന്‍റെ പരിചാരകരും സത്യത്തിന്‍റെ കാവല്‍ക്കാരും ഇതിലെ കടന്നു വരരുത്.
പിശാചിന്‍റെ സന്തതികള്‍ക്കും അസത്യത്തിന്‍റെ പോരാളികള്‍ക്കും സ്വാഗതം"

പിന്നെ ഓരൊ തവണയും ഒരു ഗ്യാപ് വിട്ട് ഖണ്ഡങ്ങളായി പോസ്റ്റ് ചെയ്താൽ ധാരാളം പേർക്ക് വായിക്കുവാനും സാധിക്കുമല്ലൊ...
അതിന് മുമ്പ് ബൂലോഗം മുഴുവൻ ഒന്ന് മേഞ്ഞ് നടന്ന് കുറച്ച് വായനക്കാരെ ആകർഷിപ്പിക്കണം.... കേട്ടൊ അശോക്

Unknown പറഞ്ഞു...

ബ്ലോഗിമോന്‍റെ ബ്ലോഗിലൂടെ
എത്തിപ്പെട്ടതാണ്.
വായിച്ചു തുടങ്ങിയിട്ടേയുള്ളു.
മുഴുവന്‍ വായിച്ചിട്ട് അഭിപ്രായം
പറയാം.

അജ്ഞാതന്‍ പറഞ്ഞു...

Pls change your theme and background,it is very difficult to read.So I am not reading now, really paining...

Asok Sadan പറഞ്ഞു...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന് പ്രവാസിനിയോടും അജ്ഞാതയോടും നന്ദി പറയുന്നു. തീര്‍ച്ചയായിട്ടും ബാക്ക് ഡ്രോപ്പ് മാറ്റുന്നതാണ്.

സാബിബാവ പറഞ്ഞു...

njaan vaayichilla muzhuvan iniyum varaam